വാഹനപ്രേമികൾക്ക് വാഹനങ്ങൾ കഴിഞ്ഞാൽ ഏറ്റവും താല്പര്യമുള്ള വിഷയം റോഡാണ്. ഓഫ് റോഡാണെങ്കിൽ പ്രത്യേകിച്ചും. സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്ക് ഓഫ് റോഡ് തന്നെ വേണമെന്നില്ല. അതിനുദാഹരണമാണ് ലോകപ്രശസ്ത തുരങ്കപാതയായ ഗുവോലിയാങ് ടണൽ. മനോഹരമായ എന്നാൽ, അപകടങ്ങൾ പതിയിരിക്കുന്നവയാണ് ഇവ.
ചൈനയിലെ ഹനാൻ പ്രവിശ്യയിലെ സിൻസിയാങ്ങിലെ തൈഹാങ് പർവതനിരയിലാണ് ഗുവോലിയാങ് ടണൽ റോഡ്. 45 വർഷങ്ങൾക്ക് മുമ്പ് 1977, മേയ് മാസം ഒന്നാം തീയതിയാണ് ഈ പാത ജനങ്ങൾക്കായി തുറന്നു കൊടുത്തത്. മുന്നൂറോളം പേർ മാത്രം വസിക്കുന്ന ഈ പർവതപ്രദേശത്തേക്ക് കോടിക്കണക്കിന് രൂപ മുടക്കി തുരങ്കപാത നിർമിക്കാൻ ചൈനീസ് സർക്കാർ വലിയ താല്പര്യം കാണിച്ചിരുന്നില്ല. തുടർന്ന് ഇവിടത്തെ ഗ്രാമീണരായ പതിമൂന്നോളം മനുഷ്യരുടെ കഠിന പരിശ്രമത്താലാണ് ഈ തുരങ്കപാതയുണ്ടായത്.
നാലായിരത്തോളം ചുറ്റികകളും ഉളികളും പന്ത്രണ്ട് ടൺ ഉരുക്കും ഉപയോഗിച്ചാണ് അവർ ഈ പാത നിർമിച്ചത്. ഒരാൾ നിർമാണത്തിനിടെ മരിച്ചു. ഒരു മീറ്റർ റോഡുണ്ടാക്കാൻ മൂന്നു ദിവസമാണ് വേണ്ടിവന്നത്. അങ്ങനെ അഞ്ചു വർഷത്തെ പരിശ്രമം കൊണ്ടാണ് 1200 അടി നീളവും 12 അടി വീതിയുമുള്ള റോഡുണ്ടാക്കിയത്. 1972ൽ തുരങ്കപാതയുടെ നിർമാണം ആരംഭിക്കും മുമ്പ് സ്‌കൈ ലാഡർ എന്നുപേരുള്ള പ്രത്യേകതരം ഗോവണികൾ ഉപയോഗിച്ചാണ് ഇവിടത്തെ ഗ്രാമീണർ മറ്റു പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്. ഇതിലൂടെ ഊർന്നിറങ്ങിയുള്ള യാത്ര ഏറെ അപകടമായിരുന്നു. ഇതിനൊരു പരിഹാരം തേടിയാണ് ഗ്രാമീണർ സർക്കാറിനെ സമീപിച്ചത്. സർക്കാറിന്റെ ഭാഗത്തുനിന്നും ഫലമൊന്നും ഇല്ലാതായതോടെ ഗ്രാമീണർ തങ്ങളുടെ പ്രശ്നം പരിഹരിക്കാൻ സ്വയം ഇറങ്ങുകയായിരുന്നു.
ഗുവോലിയാങ്ങിലെ ഗ്രാമീണർ ഗതാഗതത്തിനായാണ് റോഡ് നിർമിച്ചതെങ്കിലും ഇന്ന് വിനോദസഞ്ചാരികളുടെയും സാഹസികരുടെയും ഇഷ്ടകേന്ദ്രമാണിവിടം. എപ്പോഴും ഈ പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.