കണ്ണിൽനിന്ന് ചോരവരുത്തി ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷതേടുന്ന ഒരു ജീവിയെ അറിയാമോ? അതാണ് വടക്കേ അമേരിക്കയിലെയും മെക്സികോയിലെയും മരുപ്രദേശങ്ങളിൽ കാണപ്പെടുന്ന ഹോൺ ലിസാർഡ് (Horn Lizard) എന്നു വിളിക്കുന്ന പല്ലികൾ.
ശത്രുക്കൾ ആക്രമിക്കാൻ ശ്രമിച്ചാൽ ഇവ കണ്ണിൽനിന്ന് രക്തം തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കും. പല്ലി വർഗത്തിൽപെട്ടതാണെങ്കിലും രൂപവും ഭാവവും കണ്ടാൽ ആളൊരു തവളയാണെന്നേ തോന്നൂ. ഇവയുടെ ശരീരവും മൂക്കും പരന്നതാണ്. കൂടാതെ, തലയുടെ പല ഭാഗങ്ങളിലും കുഞ്ഞു കൊമ്പുകളും കാണാം. അതുകൊണ്ടാവാം ഇവയെ കൊമ്പുള്ള പല്ലി അഥവാ Horn Lizard എന്നു വിളിക്കുന്നത്.
ശത്രുക്കൾ ആക്രമിക്കാനൊരുങ്ങുമ്പോൾ ഇത്തരം പല്ലികളുടെ കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾ ചുരുങ്ങാൻ തുടങ്ങും. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തും. അതോടെ രക്തം കണ്ണിന്റെ ഭാഗത്തേക്ക് ഒഴുകാൻ തുടങ്ങും. കണ്ണിന്റെ ഭാഗത്ത് രക്തം നിറയുന്നതോടെ പേശികൾ അതിവേഗം സങ്കോചിക്കുകയും കണ്ണുകളിലെ രക്തക്കുഴലുകളുടെ നേരിയ പാളികൾ പൊട്ടുകയും ചെയ്യും. ഇതാണ് കണ്ണുകളിൽനിന്ന് രക്തം പുറത്തേക്ക് വരാൻ കാരണമാകുന്നത്.
ഏകദേശം മൂന്നടി അകലത്തിൽ വരെ ഇങ്ങനെ രക്തം ചീറ്റാൻ ഇവക്കു കഴിയും. ഒരേ സമയം പലതവണ ഈ രീതിയിൽ ഇവക്ക് രക്തം ചീറ്റാൻ സാധിക്കാറുണ്ട്. അതോടൊപ്പംതന്നെ ഇവ കരണംമറിയുകയും ചെയ്യും. പാമ്പുപോലുള്ള ഇഴജന്തുക്കളിൽനിന്ന് രക്ഷനേടാനാണ് ഈ കരണംമറിച്ചിൽ.
രാത്രിയാവുമ്പോൾ ഇളംചൂടുള്ള മണലിൽ പൂഴ്ന്നു കിടക്കുന്ന പല്ലികളുടെ മുഖ്യ ആഹാരം ചെറുപ്രാണികളാണ്. അവയുടെ പിറകിലെയും വശങ്ങളിലെയും മുള്ളുകൾ ചർമത്തിലൂടെയുള്ള ജലനഷ്ടം തടയാൻ സഹായിക്കും. ഏകദേശം 21 ഇനം കൊമ്പുള്ള പല്ലികളുണ്ടെന്ന് ഗവേഷകർ പറയുന്നു. അവയിൽ ഏറ്റവും വലുതാണ് അമേരിക്കയിൽ കാണപ്പെടുന്ന ടെക്സസ് ഹോൺ ലിസാഡ്. വികസനം, ആവാസവ്യവസ്ഥയുടെ നശീകരണം തുടങ്ങിയ കാരണത്താൽ കൊമ്പുള്ള പല്ലികളുടെ എണ്ണത്തിൽ വലിയ കുറവ് വന്നതായി ടെക്സസ് യൂനിവേഴ്സിറ്റി പ്രസിദ്ധീകരണങ്ങൾ പറയുന്നു. 1993ൽ കൊമ്പുള്ള പല്ലിയെ സംസ്ഥാന ഉരഗമായി ടെക്സസ് തിരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.