ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാൻ ശീതീകരിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പതിവ്. പഴങ്ങളും പച്ചക്കറികളുമാണെങ്കിൽ കൂടിപ്പോയാൽ രണ്ടാഴ്ചയിലധികം എടുത്തുവെക്കാനും കഴിയില്ല. ഇനി സീസണൽ പഴങ്ങളോ പച്ചക്കറികളോ ആണെങ്കിൽ സൂക്ഷിച്ചുവെക്കാൻ മറ്റു മാർഗങ്ങൾ തേടും. ഉപ്പിലിട്ടുവെക്കുന്നതോ ഉണക്കിസൂക്ഷിക്കുന്നതോ ആണ് അതിൽ പ്രധാന മാർഗങ്ങൾ. എന്നാൽ, ഒരു വർഷത്തിലധികം ഒരു മാറ്റവും വരുത്താതെ ഫലവർഗങ്ങൾ സൂക്ഷിച്ചുവെക്കുന്നവരാണ് അഫ്ഗാൻകാർ.
അഫ്ഗാനിസ്താനിലെ പ്രധാന ഫലവർഗം മുന്തിരിയാണ്. ഒരു പ്രത്യേകരീതിയിൽ തയാറാക്കിയെടുത്ത കളിമണ്ണിൽ പൊതിഞ്ഞാണ് മുന്തിരി ഇവിടുത്തകാർ സൂക്ഷിക്കുക. ഒരുവർഷംവരെ കേടാകാതെ അവ ഇരിക്കുകയും ചെയ്യും. പുരാതനകാലം മുതൽക്കുതന്നെ ഈ രീതി അവർ പിന്തുടർന്നുപോന്നിരുന്നു. ഇങ്ങനെ സൂക്ഷിക്കുന്നതിനെ കങ്കിന (Kangina) എന്നാണ് വിളിക്കുക.
ആദ്യ കാഴ്ചയിൽ രണ്ട് അപ്പങ്ങൾ ചേർത്തുവെച്ചപോലെയാണ് കങ്കിന കാണുക. കളിമണ്ണ് അപ്പങ്ങൾ പോലെയുണ്ടാക്കിയെടുക്കും. ശേഷം അവയൊന്നിൽ മുന്തിരികൾ നിറച്ചുവെച്ചശേഷം അവ രണ്ടും ചേർത്തുവെച്ച് ഒരു ബൗൾ രൂപത്തിലാക്കിയെടുത്ത് വെയിലത്തുണക്കാൻ വെക്കും. ഇങ്ങനെ ഏകദേശം ഒരു കിലോയോളം വരുന്ന മുന്തിരി ഓരോ ബൗളിലും സൂക്ഷിച്ചുവെക്കാൻ സാധിക്കും.
മുന്തിരിത്തോട്ടങ്ങളും ഫലവൃക്ഷങ്ങളും മഞ്ഞുമൂടിയ പർവതങ്ങളും കൊണ്ട് ചുറ്റപ്പെട്ട അഫ്ഗാനിസ്താനിൽ ബി.സി 2000 മുതൽ മുന്തിരി കൃഷി ചെയ്തുവരുന്നുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. ഹുസൈനി, ത്വായിഫി, കസേന്ദ്ര, റെഡ് കാണ്ഡഹാരി, ലാൽ, മെഹ്ർ അമാൽഡി തുടങ്ങിയ വ്യത്യസ്ത വർഗത്തിലുള്ള മുന്തിരിച്ചെടികൾ കാലങ്ങൾ കൊണ്ട് അഫ്ഗാനിസ്താനിൽ വികസിപ്പിച്ചെടുത്തവയാണ്. ഇവയെല്ലാം ഇവിടത്തെ മികച്ച ഉഷ്ണകാല വിളയാണ്. അവ ശൈത്യകാലത്തും ഉപകാരപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താനായി അഫ്ഗാൻ ജനത കണ്ടെത്തിയ മാർഗമായിരുന്നു കങ്കിന. വേനൽക്കാലത്ത് നിർമിച്ചെടുത്ത കങ്കിനയെല്ലാം വെയിലേൽക്കാത്ത തണുത്ത അന്തരീക്ഷമുള്ളയിടത്താണ് സൂക്ഷിച്ചുവെക്കുക. ചിലർ കുഴിച്ചിട്ടും സൂക്ഷിക്കും. ശൈത്യകാലത്ത് അഫ്ഗാൻ ജനത മാധുര്യമുള്ള മുന്തിരിയുടെ രുചിയറിയുന്നത് കങ്കിനയിലൂടെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.