മരിച്ചുമരവിച്ച അനേകം പക്ഷിമൃഗാദികളുടെ ജഡങ്ങൾ അടിഞ്ഞുകൂടിയ ഒരു തടാകതീരം. സങ്കൽപിക്കാനാകുമോ? കിഴക്കൻ ആഫ്രിക്കയിലെ താൻസനിയയിലുള്ള നട്രോൺ തടാകത്തിലാണ് ആരെയും ഭയപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ. മരിച്ചു മരവിച്ച അനേകം പക്ഷിമൃഗാദികളുടെ ജഡങ്ങൾ സ്വയം ശിൽപ്പങ്ങളായി ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
നട്രോൺ തടാകത്തിൽ ഉയർന്ന അളവിലുള്ള സോഡിയം ബൈകാർബണേറ്റിന്‍റെ സാന്നിധ്യമുണ്ട്. അതിനാൽ ജലത്തിൽ ചത്തു വീഴുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങൾ ജീർണിക്കുകയോ കേടുപാടുകൾ ഏൽക്കുകയോ ചെയ്യാതെ ശിലാരൂപങ്ങളായി മാറും. ഇവ തടാകത്തിലൂടെ ഒഴുകിനടക്കുകയോ ചിലത് കരക്കടിയുകയോ ചെയ്യും.
സോഡിയം ബൈകാർബണേറ്റും സോഡിയം കാർബണേറ്റും ചേർന്നുണ്ടാകുന്ന നട്രോൺ എന്ന സംയുക്തത്തിന്‍റെ പേരു തന്നെയാണ് തടാകത്തിന് ഇട്ടിരിക്കുന്നത്.140 ഡിഗ്രി ഫാരൻഹീറ്റ് വരെ താപനില ഉയരുന്ന നട്രോൺ തടാകത്തിലെ ജലം പക്ഷിമൃഗാദികൾക്ക് ജീവഹാനി സംഭവിക്കത്തക്കവിധം ലവണത്വം നിറഞ്ഞതാണ്. വേനൽക്കാലത്ത് ജലത്തിന്‍റെ അളവ് കുറയുന്നതോടെ തടാകത്തിൽ ചെറുദ്വീപുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഈ സമയം ഫ്ലെമിഗോ പക്ഷികൾ ഇണചേരാൻ ഇവിടെ കൂടൊരുക്കാറുണ്ട്. അടുത്തുള്ള ലവണജല തടാകങ്ങളിൽ ധാരാളമായി കാണപ്പെടുന്ന സ്പൈറുലിന എന്ന നീലകലർന്ന പച്ചനിറമുള്ള ആൽഗകളെ ഫ്ലെമിംഗോകൾ ആഹാരമാക്കുന്നു. അതിനാൽ നട്രോൺ തടാകം ഫ്ലെമിംഗോ പക്ഷികളെ സംബന്ധിച്ചിടത്തോളം ഏറെ സുരക്ഷിതമായ ഒരു പ്രജനന കേന്ദ്രമാണ്.
തടാകത്തിലെ ജലത്തിൽ വസിക്കുന്ന സൂക്ഷ്മാണുക്കൾ കാരണം കടുംചുവപ്പുനിറത്തിലാണ് ജലം കാണപ്പെടുന്നത്. ഇവിടെയെത്തുന്ന പക്ഷികളും മറ്റും ഇവിടെ ചത്തൊടുങ്ങാറാണ് പതിവ്. തുടർന്ന് അവയുടെ ശരീരത്തിലെ തൂവലുകളും രോമങ്ങളും ഒന്നും തന്നെ നഷ്ടപ്പെടാതെ അവയുടെ അതേ രൂപത്തിൽ തന്നെ ഉറഞ്ഞുപോകും. ചൂടു നീരുറവകളും ചെറുനദികളും ജലമെത്തിക്കുന്ന നട്രോൺ തടാകപ്രദേശത്ത് വർഷത്തിൽ 800 മില്ലീ മീറ്റർ മഴ ലഭിക്കാറുണ്ട്. അമോണിയയുടേതുപോലുള്ള ഉയർന്ന ക്ഷാരഗുണമാണ് നട്രോൺ തടാകത്തിലെ വെള്ളത്തിന്. പക്ഷിമൃഗാദികളെ കല്ലായി മാറ്റാനുള്ള കഴിവുള്ളതിനാൽ നട്രോൺ തടാകത്തെ പെട്രിഫൈയിങ് തടാകം എന്നും വിളിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.