ആഹാരവസ്തുക്കൾ കഴുകിയ ശേഷമാണ് നമ്മൾ പാകം ചെയ്യാറ്. ഫലങ്ങളും പച്ചക്കറികളും മത്സ്യ-മാംസാഹാര വസ്തുക്കളും ഇത്തരത്തിൽ വൃത്തിയാക്കും. എന്നാൽ, ഭക്ഷണം കഴുകിയശേഷം മാത്രം ഭക്ഷിക്കുന്ന ഒരു ജീവിയെ അറിയാമോ? അതാണ് സസ്തനിയായ റാക്കൂൺ. രോമാവൃതമായ ശരീരമുള്ള ഈ ചങ്ങാതിയുടെ ശാസ്ത്രനാമം Bocyonida എന്നാണ്. ദക്ഷിണ കാനഡ മുതൽ പനാമ വരെ നീണ്ടുകിടക്കുന്ന പ്രദേശത്താണ് റാക്കൂണുകളെ ധാരാളമായി കണ്ടുവരുന്നത്.
വെള്ളവും വൃക്ഷങ്ങളും സുലഭമായി ലഭിക്കുന്ന ദിക്കുകളിൽ ജീവിക്കാനിഷ്ടപ്പെടുന്ന റാക്കൂണുകൾ രാത്രിയിലാണ് ഇര തേടാനിറങ്ങുക. ഞണ്ടുകളെയും തവളകളെയും ആഹാരമാക്കാൻ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ അവയെ പിടിച്ചശേഷം ആഹാരമാക്കുന്നതിനു മുമ്പ് കഴുകിയെടുക്കും. എന്നാൽ, ഇതെന്തിനാണെന്ന് ആർക്കും ഒരു പിടിയുമില്ല. ഏതായാലും വൃത്തിയാക്കാനല്ല റാക്കൂണുകൾ ഇരയെ കഴുകുന്നത്. കാരണം അവ ചളിവെള്ളത്തിലും ഇരയെ കഴുകാറുണ്ട്. ആഹാരത്തെ കൂടുതൽ രുചികരമാക്കുന്നതിനാണ് ഇവ കഴുകിയെടുക്കുന്നതെന്ന് ഗവേഷകർ പറയുന്നു.
സാധാരണഗതിയിൽ ചാരനിറമാണ് റാക്കൂണുകൾക്കുള്ളത്. ചിലർക്കാകട്ടെ മഞ്ഞയും തവിട്ടും ഇടകലർന്നുള്ള ചാരനിറമായിരിക്കും. 25 സെന്റിമീറ്ററോളം നീളമുണ്ട് റാക്കൂണുകളുടെ വാലിന്. ഇരുണ്ട തവിട്ടുനിറത്തിൽ കാണുന്ന വാലിൽ മഞ്ഞനിറത്തിലുള്ള നാലോ ആറോ വലയങ്ങൾ കാണാൻ സാധിക്കും. ഉള്ളംകൈകൊണ്ട് ആഹാരം തേടിപ്പിടിക്കുന്ന ഇവക്ക് ശക്തിയുള്ളതും മൂർച്ചയേറിയതുമായ നഖങ്ങളുണ്ടായിരിക്കും. കണ്ണുകളാകട്ടെ കറുത്ത അടയാളങ്ങളാൽ ചുറ്റപ്പെട്ടിരിക്കും.
റാക്കൂണുകളെ പ്രധാനമായും രണ്ടായാണ് തരംതിരിച്ചിരിക്കുന്നത്. കാനഡ, യു.എസ്.എ എന്നിവിടങ്ങളിൽ കാണുന്നവയെ വടക്കൻ റാക്കൂണുകൾ എന്നും തെക്കേ അമേരിക്കയിൽ കാണുന്നവയെ ഞണ്ടുതീനി റാക്കൂണുകൾ എന്നും വിളിക്കുന്നു. വടക്കൻ റാക്കൂണുകൾക്ക് വാലുൾപ്പെടെ 76 മുതൽ 97 സെ.മീ. വരെ നീളവും പത്ത് കിലോഗ്രാം വരെ തൂക്കവുമുണ്ടാകും. ഞണ്ടുതീനികളായ റാക്കൂണുകൾക്ക് വടക്കൻ റാക്കൂണുകളുടേതിനേക്കാൾ ചെറിയ രോമങ്ങളും വലിയ കാലുകളുമാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.