കുതിരപ്പാവകളുടെ കളിക്കൂട്ടുകാരി

കളിപ്പാട്ടങ്ങളുടെ ലോകത്തിൽ കുഞ്ഞുങ്ങൾക്ക് ഏറെ പ്രിയമുള്ള ഒന്നാണ് കുതിരപ്പാവകൾ. ആടുന്ന കുതിരയിൽ കയറി താളത്തിലങ്ങനെ ആടി ഉല്ലസിക്കാൻ കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്​ടമാണ്. മാന്ത്രികക്കുതിരകളിലേറി ഏഴു കടലും കടന്ന് പറന്നുപോവുന്ന ചങ്ങാതിമാരുടെ കഥകൾ നമ്മൾ വായിച്ചിട്ടുമുണ്ട്. കുതിരകളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഒത്തിരി ചങ്ങാതിമാർ നമുക്കിടയിലുണ്ട്. അവരിലൊരാളാണ്​ ബ്രിട്ടീഷ് വംശജയായ സ്​റ്റെഫാനി നസെല്ലോ.

സ്​റ്റെഫാനിക്ക് മൂന്നു വയസ്സുള്ളപ്പോൾ ഭംഗിയുള്ള ഒരു കുതിരയുടെ പാവ സമ്മാനമായി കിട്ടിയിരുന്നു. അന്നുമുതൽ അവളുടെ ജീവിതം കുതിരപ്പാവയുടെ ലോകത്തായി. പഠനകാര്യങ്ങളിൽ ഇത്തിരി മടിയുള്ള അവളെ കൂട്ടുകാർ എന്നും കളിയാക്കിയിരുന്നു. അതോടെ സ്​റ്റെഫാനി പാവക്കുതിരയുമായി കൂടുതൽ അടുത്തുതുടങ്ങി. അങ്ങനെ വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള കുതിരപ്പാവകളെ അവൾ ശേഖരിച്ചു വെച്ചു. ഊണിലും ഉറക്കത്തിലുമെല്ലാം കുതിരപ്പാവകളെ കുറിച്ചുള്ള ചിന്തകൾ മാത്രമായി അവൾക്ക്​.


ഏകദേശം നാലായിരത്തോളം കുതിരപ്പാവകൾ ഇന്ന് അവളുടെ ശേഖരത്തിലുണ്ട്. ഇവയിൽ പലതും 1980 കാലഘട്ടത്തിലുള്ളവയാണ്. അവയിൽ ഏറെയും ഭംഗിയുള്ള അവയുടെ പെട്ടികളിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്​റ്റെഫാനിയുടെ വീടിന്റെ ഒരു മുറിതന്നെ പാവ ശേഖരത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. 30,000 പൗണ്ട് വിലമതിക്കുന്ന പാവകളാണ് ഈ മിടുക്കിയുടെ കൈയിലുള്ളത്. അതായത് 22 ലക്ഷം രൂപ വരും ആ പാവകൾക്ക്. ഇന്നത്തെ കാലത്ത് വിപണികളിൽ പോലും ലഭ്യമല്ലാത്ത പാവകൾ അവളുടെ കൈയിലുണ്ട്.

പതിമൂന്ന് അലമാരകളിലായി സൂക്ഷിച്ചുവെച്ച പാവശേഖരം സ്​റ്റെഫാനിയെ കൂട്ടുകാർക്കിടയിൽ പ്രിയമുള്ളവളാക്കി മാറ്റി. എല്ലാ പാവകളെയും അവൾ ഒരുപോലെ ഇഷ്​ടപ്പെടുന്നുണ്ടെങ്കിലും ഡയമണ്ട് ഡ്രീംസ്, പെപ്പർമിന്റ് ക്രഞ്ച് തുടങ്ങിയ പാവകളോടാണ് അവൾക്കേറെ പ്രിയം. ദ പോണി റൂം എന്ന പേരിൽ ഇൻസ്​റ്റഗ്രാമിലും ഫേസ്ബുക്കിലും സ്​റ്റെഫാനി അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്. അവളുടെയും കുതിരപ്പാവകളുടെയും വിശേഷങ്ങളറിയാൻ നിരവധി പേർ അക്കൗണ്ടുകളിലെത്താറുണ്ട്. തനിക്കേറെ പ്രിയമുള്ള കുതിരപ്പാവകളുടെ ശേഖരം ഇനിയും വർധിപ്പിക്കാനാണ് അവളുടെ തീരുമാനം. അതിനായി പാവക്കടകൾ, ഓൺലൈൻ ഷോപ്പുകൾ എന്നിവിടങ്ങളിൽ കുതിരപ്പാവകളെ കണ്ടെത്തുന്ന തിരക്കിലാണവൾ.

Tags:    
News Summary - stephanie and her dolls house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.