പച്ചവിരിച്ച മൈതാനത്തിന് നടുവിൽ കല്ലുകൾ അടുക്കിവെച്ച ഒരുചിത്രം വിൻഡോസ് എക്സ് പി കമ്പ്യൂട്ടറുകളുടെ വാൾ പേപ്പറായി വെച്ചിട്ടുള്ളത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. ഇംഗ്ലണ്ടിന്റെ വടക്കു പടിഞ്ഞാറുള്ള വിൽറ്റ് ഷെയർ കൗണ്ടിയിലെ സാലിസ്ബറി പുൽപ്രദേശത്തിന് ഒത്ത നടുവിലുള്ള ആ കൂറ്റൻ കൽസ്മാരകത്തിന്റെ പേരാണ് സ്റ്റോൺ ഹെൻജ്. ദീർഘചതുരാകൃതിയിലുള്ള കൂറ്റൻ പാറക്കല്ലുകൾ വൃത്താകൃതിയിൽ കുത്തിനിർത്തി അതിനുമുകളിൽ വലിയ കല്ലുകൾ സ്ഥാപിച്ചാണ് സ്റ്റോൺ ഹെൻജ് നിർമിച്ചിരിക്കുന്നത്.
സ്റ്റോൺ ഹെൻജിൽ അടുക്കിവെച്ചിരിക്കുന്ന കല്ലുകളിൽ പലതും 250ലധികം കിലോമീറ്റർ അകലെ നിന്നാണ് കൊണ്ടുവന്നത്. ആയിരക്കണക്കിന് വർഷങ്ങളെടുത്ത ഇതിന്റെ നിർമാണത്തിന്റെ ആദ്യഘട്ടം ബി.സി 3100ലാണ് പൂർത്തിയായതെന്ന് കരുതപ്പെടുന്നു. പിന്നീട് ബി. സി 2600നോട് അടുത്ത കാലഘട്ടത്തിൽ രണ്ടാം ഘട്ടം പൂർത്തിയായി. പിന്നെയും വർഷങ്ങളെടുത്താണ് ഇന്ന് നാം കാണുന്ന രൂപത്തിൽ സ്റ്റോൺ ഹെൻജ് ഉണ്ടായത്. രസകരമായ വസ്തുതയെന്തെന്നാൽ ഇതാര് നിർമിച്ചെന്നോ, എന്തിനെന്നോ ഇന്നുവരെ ആർക്കുമറിയാൻ പാടില്ല. ലോകത്തിലെ ഏറ്റവും ദുരൂഹമായ ഇടങ്ങളിലൊന്നായി സ്റ്റോൺ ഹെൻജ് ഇന്നും നിലനിൽക്കുന്നു.
സ്റ്റോൺ ഹെൻജിലെ ഏറ്റവും വലിയ കല്ലിന് 50 ടണിലധികം ഭാരം വരും. മൂന്നാം ഉയരത്തിലുള്ള പുറത്തെ ചുറ്റുമുള്ള കല്ലുകൾക്ക് 25 ടണിലേറെ ഭാരമുണ്ട്. അവക്ക് നടുവിലെ കല്ലുകൾക്ക് ഏഴര മീറ്ററോളം ഉയരവും. സാർസെൻസ്, ബ്ലൂസ്റ്റോൺസ് എന്നിങ്ങനെ രണ്ടുതരം കല്ലുകൾ കൊണ്ടാണ് സ്റ്റോൺ ഹെൻജ് നിർമിച്ചിരിക്കുന്നത്.
പുരാതനകാലത്ത് തകർന്നുപോയൊരു വാനനിരീക്ഷണ കേന്ദ്രമായിരുന്നു ഇവിടമെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതല്ല ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പേ ഇതൊരു ഉത്സവകേന്ദ്രം ആയിരുന്നെന്നും ഇംഗ്ലണ്ടിന്റെ പലകോണുകളിൽനിന്നും നിരവധിയാളുകൾ ഇവിടെ ഒത്തുകൂടിയിരുന്നുവെന്നും പറയപ്പെടുന്നു. അതുമാത്രമല്ല സ്റ്റോൺ ഹെൻജ് ഒരു ശ്മശാന ഭൂമിയാണെന്നും ആശുപത്രിയാണെന്നും വാദിക്കുന്നവരുമുണ്ട്. ചക്രത്തിന്റെ കണ്ടുപിടിത്തത്തിനു മുമ്പേ അത്രയും ഭാരമുള്ള കല്ലുകൾ എങ്ങനെ ഇവിടെ എത്തിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും നിലനിൽക്കുന്നുണ്ട്. 1986ൽ സ്റ്റോൺ ഹെൻജിനെ ലോകപൈതൃക കേന്ദ്രമായി യുനെസ്കോ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.