നഷ്ടങ്ങൾ മാത്രം ബാക്കിയാക്കുന്നവയാണ് യുദ്ധങ്ങൾ. ലോകചരിത്രത്തിൽ ഒട്ടനവധി യുദ്ധങ്ങളെക്കുറിച്ചും നമുക്കറിയാം. എന്നാൽ, എമു യുദ്ധത്തെക്കുറിച്ച് (The Great Emu War) നിങ്ങൾ കേട്ടിട്ടുണ്ടോ? 1932ൽ ആസ്ട്രേലിയയിൽ നടത്തിയ വന്യജീവിശല്യ നിവാരണ യജ്ഞമാണ് എമു യുദ്ധം എന്നറിയപ്പെടുന്നത്. 1932 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആസ്ട്രേലിയയിലെ കർഷകർക്ക് വലിയൊരു പ്രതിസന്ധി നേരിടേണ്ടിവന്നു. ഏക്കറുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളിലേക്ക് ഇരുപതിനായിരത്തോളം വരുന്ന എമു പക്ഷികൾ കൂട്ടത്തോടെ ഇറങ്ങുകയും വ്യാപകമായി കാർഷികവിളകൾ നശിപ്പിക്കുകയുമായിരുന്നു.
ഒന്നാം ലോകയുദ്ധം കഴിഞ്ഞ് തിരികെയെത്തിയ പട്ടാളക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ആസ്ട്രേലിയൻ സർക്കാർ പട്ടാളക്കാർക്ക് കൃഷിഭൂമി പതിച്ചുനൽകുകയും ആ കൃഷിയിടത്തിൽ ഗോതമ്പ് കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്ത സമയമായിരുന്നു അത്. ആഗോളസാമ്പത്തികമാന്ദ്യം വലിയ തിരിച്ചടിയായി ഗോതമ്പിന് വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന ആ സമയത്താണ് എമു പക്ഷികളുടെ ആക്രമണം.
സാധാരണഗതിയിൽ എമു പക്ഷികൾ ആസ്ട്രേലിയയുടെ ഉൾനാടൻ മേഖലയിൽനിന്ന് തീരപ്രദേശം ലക്ഷ്യമാക്കി ദേശാടനം നടത്താറുണ്ടെങ്കിലും മാറിയ സാഹചര്യത്തിൽ പുതുതായിവന്ന കൃഷിയിടങ്ങളും ശുദ്ധജലലഭ്യതയും എമു പക്ഷികളെ കൂടുതൽ ആകർഷിച്ചു. അതോടെ അവർ കൃഷിയിടങ്ങൾ കൈയേറി വിളകൾ തിന്നൊടുക്കാൻ തുടങ്ങി. ഈയൊരു പ്രതിസന്ധി ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെട്ടതോടെ അന്നത്തെ പ്രതിരോധ വകുപ്പിന്റെ തലവനായ ജോർജ് പിയേഴ്സ് എമു പക്ഷികളെ കൊന്ന് കർഷകരെ സഹായിക്കുന്നതിനായി സൈനികരെ അയക്കാമെന്ന് പ്രഖ്യാപിച്ചു.
1932 നവംബർ രണ്ടിന് മേജർ ജി.പി.ഡബ്ല്യൂ മെർഡിത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം കാമ്പ്യൻ എന്ന പ്രദേശത്തെത്തുകയും എതിരാളികളെ നേരിടാൻ തീരുമാനിക്കുകയും ചെയ്തു. അമ്പതോളം വരുന്ന പക്ഷിക്കളെ സൈനികർ പതിയിരിക്കുന്ന സ്ഥലത്തേക്ക് കൂട്ടത്തോടെ ഓടിച്ച് കൊന്നൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ, എമു പക്ഷികൾ ചെറുസംഘങ്ങളായി പല ദിക്കിലേക്കും പോയി. ആദ്യ ദിവസം അവസാനിച്ചപ്പോൾ ഏറിയാൽ ഒരു ഡസൻ എമുപക്ഷികളെ കൊന്നിട്ടുണ്ടാവും എന്ന റിപ്പോർട്ടാണ് വന്നത്. രണ്ട് ദിവസത്തിന് ശേഷം ഒരു അണക്കെട്ടിനു സമീപം ആയിരത്തിലധികം വരുന്ന എമു പക്ഷികളെ സൈന്യം കണ്ടെത്തി. അവക്കുനേരെ തുരുതുരാ വെടിയുതിർത്തെങ്കിലും പന്ത്രണ്ട് പക്ഷികളെ മാത്രമേ കൊല്ലാൻ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവയെല്ലാം പല ദിക്കുകളിലേക്കായി ചിതറിയോടി.
ട്രക്കുകളിൽ തോക്കുകൾ ഘടിപ്പിച്ച് എമുകളുടെ പിറകെ പാഞ്ഞ് വെടിവെക്കാൻ നോക്കിയെങ്കിലും ആ ശ്രമവും പരാജയപ്പെട്ടു. പക്ഷികളുടെ വേഗത്തിനൊത്ത് പിന്നാലെ പായാൻ ദുർഘടമായ റോഡിൽ ട്രക്കുകൾക്ക് സാധിച്ചില്ല. ഇങ്ങനെ എട്ടു ദിവസം നീണ്ട പരിശ്രമത്തിൽ അമ്പത് എമു പക്ഷികളെ മാത്രമാണ് സൈനികർക്ക് കൊല്ലാനായതെന്നാണ് പല റിപ്പോർട്ടുകളും പറയുന്നു. എമു പക്ഷികളുടെ മുന്നിൽ പരാജയപ്പെട്ട സൈനികരെ ഭരണകൂടം തിരിച്ചുവിളിച്ചു. സൈന്യവുമായുണ്ടായ യുദ്ധത്തിൽ അവസാനം എമു പക്ഷികൾ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.