രണ്ടു രാജ്യങ്ങളുടെ അതിർത്തിയിൽ ഒരു ലൈബ്രറി. ലൈബ്രറിക്ക് നടുവിലൂടെ അതിർത്തി അടയാളപ്പെടുത്തുന്ന ഒരു കറുത്ത വര. വായനക്കാർക്കും സഞ്ചാരികൾക്കും ഒരുപോലെ കൗതുകം പകരുന്നതാണ് ഹാസ്കൽ ലൈബ്രറി.
അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലാണ് ഈ ലൈബ്രറി സ്ഥിതിചെയ്യുന്നത്. ഹാസ്കൽ ലൈബ്രറിയുടെ തറയിലൂടെ കറുത്ത നിറമുള്ള ഒരു വര പോകുന്നത് കാണാം. രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി രേഖയാണത്. ഹാസ്കൽ ലൈബ്രറിയുടെ മുൻവശം അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ആ വഴി ചെന്നെത്തുന്നത് കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ അടുത്തേക്കും. അവിടെനിന്നു മുന്നോട്ട് നടന്നാൽ മുതിർന്നവർക്കുള്ള പുസ്തകത്തിന്റെ ശേഖരത്തിനടുത്തെത്താം. അവ സ്ഥിതിചെയ്യുന്നതാകട്ടെ കാനഡയിലും.
അമേരിക്കയുടെയും കാനഡയുടെയും അതിർത്തി പ്രദേശമായ റോക്ക് ഐലൻഡിൽ സ്ഥിതിചെയ്യുന്ന ഈ ലൈബ്രറി അതിർത്തികൾ നിശ്ചയിച്ചപ്പോൾ രണ്ടു രാജ്യത്തായിപ്പോയതല്ല. മനഃപൂർവം അതിർത്തിയിൽത്തന്നെ നിർമിച്ചതാണ്. മാർത്താ സ്റ്റുവർട്ട് ഹാസ്കൽ എന്ന വനിതയും അവരുടെ മകനായ ഹൊറെസ് സ്റ്റുവർട്ട് ഹാസ്കലും ചേർന്ന് മാർത്തയുടെ ഭർത്താവും ഹൊറെസിന്റെ അച്ഛനുമായ കാർലോസ് ഫ്രീമാൻ ഹാസ്കലിന്റെയും, മാർത്തയുടെ മാതാപിതാക്കളായ കാതറീൻ, ഹൊറെസ് സ്റ്റുവർട്ട് എന്നിവരുടെയും ഓർമക്കായി ഒരു ലൈബ്രറി നിർമിക്കണമെന്ന് തീരുമാനിച്ചു. എന്നാൽ, ലൈബ്രറിയിൽ അമേരിക്കക്കാർക്കും കാനഡക്കാർക്കും തുല്യ അവകാശം ഉണ്ടായിരിക്കണമെന്നും അവർ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഈ ലൈബ്രറിയും ലൈബ്രറിയോട് ചേർന്നുള്ള ഓപറ ഹൗസും പണിതത്.
1901ലാണ് കെട്ടിടങ്ങളുടെ നിർമാണം ആരംഭിച്ചത്. 1904ൽ ഓപറ ഹൗസിന്റെ നിർമാണം പൂർത്തിയായി. 1905ൽ ലൈബ്രറിയുടെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഹാസ്കൽ ലൈബ്രറിയിൽ ഇന്ന് ഇരുപതിനായിരത്തിലേറെ പുസ്തകങ്ങളുണ്ട്. പൊതുജനങ്ങൾക്കായി ആഴ്ചയിൽ മുപ്പത്തിയാറ് മണിക്കൂർ തുറന്നുകൊടുക്കും. ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിക്ക് രണ്ടു മേൽവിലാസങ്ങളാണുള്ളത്. ഒന്ന് കാനഡയുടെതും മറ്റൊന്ന് അമേരിക്കയുടെതും. രണ്ടു രാജ്യങ്ങളുടെയും പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങളിലൊന്നാണ് ഹാസ്കൽ ലൈബ്രറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.