വെ റാബോ; ഐസ്ക്രീം വീട്ടിലെ താമസക്കാർ

ണ്ണിന്റെ മക്കളായി വനങ്ങളിൽ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് ഇന്തോനേഷ്യയിലെ വെ റാബോ (wae rabo) എന്ന കർഷക ഗോത്രസമൂഹം. ഐസ്ക്രീം കോണുകൾ പോലുള്ള കുടിലുകൾ അവരുടെ താമസസ്ഥലങ്ങളെ മനോഹരമാക്കുന്നു. മൊബൈൽ കവറേജോ വൈദ്യുതിയോ ഇല്ലാത്ത കാടിനുള്ളിൽ ഒറ്റപ്പെട്ടുകിടക്കുന്ന വെ റാബോ സമൂഹത്തെ നൂറുവർഷം മുമ്പ്, എമ്പു മാരോ എന്ന ഗോത്ര നേതാവാണ് പടുത്തുയർത്തിയത്. ഇവരുടെ പതിനെട്ടാം തലമുറയിൽപ്പെട്ട മനുഷ്യരാണ് ഇപ്പോഴുള്ളത്.

ഇന്തോനേഷ്യയിലെ ജകാർത്തയിൽനിന്ന് ഒന്നര മണിക്കൂർ വിമാനത്തിൽ യാത്ര ചെയ്‌താൽ ലാബുവൻ ബേജോ വിമാനത്താവളത്തിലെത്താം. അവിടെ നിന്ന് റോഡുമാർഗം റാബോ മനുഷ്യരുടെ താമസസ്ഥലത്തെത്താം.

സമുദ്രനിരപ്പിൽനിന്ന് 1,100 മീറ്റർ ഉയരത്തിൽ ടോടോ എന്ന വലിയ കാടിന് നടുവിലാണ് വെ റാബോ മനുഷ്യരുടെ ഗ്രാമം. വന്യജീവികൾ അധികമില്ലാത്ത എന്നാൽ, മരങ്ങളും ചെടികളും നിറഞ്ഞ കാടാണ് ടോടോ. മബ്രൂ നിയങ് എന്നാണ് ഇവർ താമസിക്കുന്ന കുടിലുകളുടെ പേര്. പ്രത്യേക മരങ്ങളുടെ തടികളും പുല്ലും മുളയുമുപയോഗിച്ചാണ് മബ്രൂ നിയങ് നിർമിച്ചിരിക്കുന്നത്.

ഈ കുടിലുകൾക്ക് അഞ്ചു ഭാഗങ്ങളുണ്ട്. ലുറ്റ്ർ എന്ന ഭാഗത്താണ് ആ വീട്ടിലെ കുടുംബാംഗങ്ങൾ താമസിക്കുന്നത്. ലോബോ എന്ന ഭാഗത്ത് ആഹാര സാധനങ്ങൾ സൂക്ഷിക്കുന്നു. ലിൻറ്റെർ എന്ന ഭാഗം വിത്തുകൾ സൂക്ഷിക്കാനായി നീക്കിവെച്ചിരിക്കുന്നു. ദീർഘനാളത്തേക്കു വേണ്ടി ആഹാരവും വിത്തുകളും സൂക്ഷിക്കാനായി നിർമിച്ച ഇടമാണ് ലേംപ എന്ന ഭാഗം. ഹെകാങ് കൊടെ എന്ന ഭാഗമാവട്ടെ വളരെയധികം പവിത്രമായി കാണുന്ന ഇടമാണ്. വെ റാബോ മനുഷ്യരുടെ പൂർവികർ കുടികൊള്ളുന്ന ഇടമായി ഇവിടം കരുതുന്നു. അത്തരത്തിൽ ഏഴു കുടിലുകളിലായി അമ്പതോളം മനുഷ്യർ ഇപ്പോൾ ഇവിടെ താമസിക്കുന്നു.

2012ലെ യുനെസ്‌കോ ഏഷ്യ-പസിഫിക് അവാർഡ് വെ റാബോ മനുഷ്യരുടെ ഗ്രാമത്തിനായിരുന്നു. വാഴയും ചേനയും പ്രധാന കൃഷിയാക്കിയ ഈ പ്രദേശം കാമറയിൽ പകർത്തണമെങ്കിൽ ഊരുമൂപ്പന്റെ അനുവാദം വേണം.

Tags:    
News Summary - Traditional Village of Wae Rebo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.