ഭൂമിയിലെ ചന്ദ്രന്റെ താഴ്വര

ഭൂമിക്കപ്പുറമുള്ള പ്രപഞ്ച വിസ്മയങ്ങൾ എല്ലാവർക്കും കൗതുകമുണർത്തുന്നതാണ്. അതിൽത​ന്നെ ചെറുപ്പം മുതൽ സ്വപ്നം കാണുന്നവയാണ് ചന്ദ്രനും നക്ഷ​ത്രങ്ങളും. എന്നാൽ, ചന്ദ്രനിലെപ്പോലെ ഒരു ഇടം ഭൂമിയിലുണ്ടെന്ന് അറിഞ്ഞാലോ? അതാണ്‌ അർജന്റീനയിലെ താഴ്‌വരയായ വല്ലെ ഡി ലാ ലൂണ. ചന്ദ്രന്റെ താഴ്‌വര എന്നാണ് ഈ പേരിനർഥം.

അർജന്റീനയിലെ പ്രധാന പട്ടണമായ സാൻ ജുവാന്റെ തലസ്ഥാനത്തുനിന്നും മൂന്നു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഇഷിഗുവലാസ്‌റ്റോ പ്രൊവിൻഷ്യൽ പാർക്കിനുള്ളിലാണ് ചന്ദ്രന്റെ താഴ്‌വര. വിവിധ നിറങ്ങളിലുള്ള കളിമൺരൂപങ്ങളും വ്യത്യസ്ത ധാതുക്കളുടെ വിവിധ രൂപങ്ങളിലെ പാളികളും നിറഞ്ഞ ഈ പ്രദേശം ആരെയും അതിശയിപ്പിക്കും. ശക്തമായ കാറ്റുമൂലം മണ്ണിന്റെ കിടപ്പിലുണ്ടായ വ്യത്യാസം കാരണം ഇവിടത്തെ പാറകളും ശിലകളും വിചിത്ര രൂപങ്ങളിലാണ് കാണപ്പെടുക. അതിനാൽ, സഞ്ചാരികൾക്ക് ചന്ദ്രനിൽ എത്തിയപോലെ തോന്നും.

പൂർണ ചന്ദ്രനുദിക്കുന്ന ദിവസങ്ങളിൽ ഈ താഴ്‌വരയിലെ രാത്രികൾക്ക് പ്രത്യേക ഭംഗിയായിരിക്കും. അത് ആസ്വദിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ ഇവിടേക്കെത്താറുണ്ട്. മാത്രമല്ല, ഭൂമിയിലെ ജീവന്റെ പരിണാമത്തെ സംബന്ധിച്ച് പഠിക്കാൻ താൽപര്യമുള്ള ഗവേഷകരും ഇവിടേക്കെത്തും. ആദ്യകാലങ്ങളിൽ ഫലഭൂയിഷ്ഠമായ മണ്ണും വിവിധങ്ങളായ സസ്യങ്ങളും ജന്തുക്കളും ഉണ്ടായിരുന്ന പ്രദേശമായിരുന്നു ഇവിടം.

ചന്ദ്രന്റെ താഴ്വരയിൽനിന്ന് വ്യത്യസ്തങ്ങളായ സസ്യങ്ങളുടെയും ജന്തുക്കളുടെയും ഫോസിലുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന മണ്ണിന്റെ ഘടനയിലുണ്ടാവുന്ന മാറ്റം ഫോസിലുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായകകരമാകും. ഇവിടെയുള്ള വിവിധതരം ശിലകൾക്ക് വ്യത്യസ്തങ്ങളായ പേരുകളും ഗവേഷകർ നൽകിയിട്ടുണ്ട്. പെയിന്റഡ് വാലി, മഷ്‌റൂം, ദി പാരറ്റ്, അലാദീൻസ് ലാമ്പ് എന്നിവ അവയിൽ ചിലതാണ്. എല്ലാ വർഷവും ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഇവിടം സന്ദർശിക്കാനാകും. ഡിസംബർ മുതൽ മാർച്ചു വരെയുള്ള മാസങ്ങളിൽ മഴയുള്ളതിനാൽ അവിടേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെടും.

Tags:    
News Summary - Valle de la Luna Valley of the Moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.