പനിയാണെങ്കിൽ മൂന്നുമുതൽ അഞ്ചുവരെ ദിവസം സ്കൂളിൽ എത്തരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നുമുള്ള അറിയിപ്പ് കൂട്ടുകാർ ശ്രദ്ധിച്ചുകാണും. മഴക്കാലമായതോടെ പനി വ്യാപകമായി പടർന്നുപിടിച്ചതാണ് ഈ അറിയിപ്പിന്റെ പ്രധാന കാരണം. പകർച്ചപ്പനി ഒരാളിൽനിന്ന് മറ്റുള്ളവരിലേക്ക് പടരുന്നതും സ്ഥിതി ഗുരുതരമാക്കുന്നു. രോഗാണുവാഹകർ വിഹരിക്കുന്ന സമയമാണ് ഓരോ മഴക്കാലവും. കരുതലുണ്ടെങ്കിൽ ഈ രോഗങ്ങളെ നമുക്ക് ഒഴിവാക്കാനാകും. ഈ രോഗങ്ങളെയും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ചും രോഗങ്ങളുണ്ടാകുന്നതിന്റെ കാരണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം.
ജലജന്യ രോഗങ്ങൾ -വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ), കോളറ, ഛർദി, അതിസാരം
കൊതുക് പരത്തുന്ന രോഗങ്ങൾ -മലേറിയ, ഡെങ്കിപ്പനി, ചികുൻഗുനിയ, ജാപ്പനീസ് എൻസേഫലൈറ്റിസ്
മറ്റു പകർച്ചവ്യാധികൾ - മറ്റു വൈറൽ പനികൾ, എലിപ്പനി
ഡെങ്കിപ്പനി -ഈഡിസ് വിഭാഗത്തിൽപെട്ട കൊതുക് പരത്തുന്ന രോഗമാണിത്. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകളാണിവ. പനി, ശരീരത്തിലെ നിറംമാറ്റം, ശരീരവേദന, രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ നോക്കി ചികിത്സ നൽകുകയാണ് ഡെങ്കിപ്പനിക്ക് ചെയ്യുക.
ജപ്പാൻ ജ്വരം -പനിക്കൊപ്പം ശക്തമായ തലവേദന, ഓർമക്കുറവ്, കൈകാൽ തളർച്ച എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ക്യൂലക്സ് വിഭാഗത്തിൽപെട്ട കൊതുകുകൾ പരത്തുന്ന രോഗമാണിത്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകളാണ് ക്യൂലക്സ്.
മഞ്ഞപ്പിത്തം -മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗം. കണ്ണിന് മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ നഖങ്ങൾക്കിടയിൽ മഞ്ഞനിറം കാണപ്പെടാം.
ചികുൻഗുനിയ -ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗം. പനിക്കൊപ്പം സന്ധികളിൽ നീര്, വേദന ഇവ ഉണ്ടാകും. മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റും രോഗം ഗുരുതരമായേക്കാം.
കോളറ -വൃത്തിഹീനമായ ചുറ്റുപാടുകളിൽനിന്ന് ലഭിക്കുന്ന ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം. പനി, വയറിളക്കം, ഛർദി, ചർമത്തിന് തണുപ്പ്, ചുണ്ടും മുഖവും വിളറുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും. ബാക്ടീരിയകൾക്കൊപ്പം ഈച്ചകളും ഈ രോഗം പരത്തുന്നതിന് കാരണക്കാരാകുന്നു
വയറിളക്കം -റോട്ട വൈറസ് ഉണ്ടാക്കുന്ന സാധാരണ രോഗങ്ങളിൽ ഒന്നാണ് വയറിളക്കം. കഞ്ഞിവെള്ളത്തിന് സമാന രീതിയിലുള്ള മലമാണ് കോളറ വയറിളക്കത്തിൽ കാണപ്പെടുക. കൂടെ ഛർദിയുമുണ്ടാകും.
ടോൺസിലൈറ്റിസ് -തൊണ്ടവേദനക്കൊപ്പം പനി, ആഹാരമിറക്കാൻ പ്രയാസം, ചുമ എന്നിവയുണ്ടാവും. ശബ്ദത്തിന് കനംവെക്കുകയും വായ തുറക്കാൻതന്നെ പ്രയാസമനുഭവിക്കുകയും ചെയ്യുന്നു.
വൈറൽ പനി -മഴക്കാലത്ത് കൂടുതലായി ആളുകളിൽ കണ്ടുവരുന്നു. എളുപ്പം പടർന്നുപിടിക്കുന്ന പനി. ശരീരവേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷണങ്ങൾ.
എലിപ്പനി -ലെപ്ടോസ്പൈറ എന്ന ഒരിനം രോഗാണു ഉണ്ടാക്കുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്ടോസ്പൈറോസിസ്. എലിമൂത്രത്തിലൂടെ പുറത്തുവരുന്ന അണുക്കൾ ജലസ്രോതസ്സുകളിലൂടെ മനുഷ്യരിലെത്തുന്നു. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലത്തിൽ വേണ്ട മുൻകരുതൽ ഇല്ലാതെ ഇറങ്ങുമ്പോൾ തൊലിപ്പുറത്തുള്ള ചെറിയ മുറിവുകളിലൂടെയും കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയും ലെപ്‌ടോസ്‌പൈറ ഉണ്ടാവാം. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന പ്രത്യേകിച്ചും കാലിന്റെ മുട്ടിന് താഴെയുള്ള പേശികളുടെ വേദന, തലവേദന, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ.
ടൈഫോയ്ഡ് -രോഗികളുടെ വിസർജ്യവസ്തുക്കൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നീണ്ടുനിൽക്കുന്ന പനിയാണ് സാൽമൊണെല്ല എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയ്ഡ് രോഗത്തിന്റെ പ്രധാന ലക്ഷണം. ആദ്യ ദിവസങ്ങളിൽ സാധാരണ വൈറൽ പനി പോലെ തന്നെയാണ് ടൈഫോയ്ഡ് പനിയും. ടൈഫോയ്ഡ് പനി രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുന്നതോടെ കൂടുതൽ മാരകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.