ലോക ചരിത്രത്തിലെ പല സംസ്‌കാരങ്ങളും രൂപപ്പെട്ടതും നാഗരികതയുടെ വിത്തുമുളച്ചതും മരുഭൂമികളിലായിരുന്നു. നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന മണൽക്കാടുകളും ഇടക്ക് തലയുയർത്തിനിൽക്കുന്ന ഈന്തപ്പനകൾ നിറഞ്ഞ മരുപ്പച്ചകളും മനുഷ്യനെ എന്നും ആകർഷിച്ചിരുന്നു. ഈജിപ്ഷ്യൻ, മെസപൊട്ടേമിയൻ, സുമേറിയൻ തുടങ്ങിയ സംസ്കാരങ്ങൾക്ക് വഴിയൊരുക്കിയത് മരുപ്രദേശങ്ങളാണ്. മരുഭൂമികളിലാണ് ലോകജനസംഖ്യയുടെ പത്തിലൊന്നും താമസിക്കുന്നത്. അത്തരത്തിലുള്ള ഒരു കൂട്ടം മനുഷ്യരാണ് അമേരിക്കൻ മരുവാസികളായ ഹോപികൾ.
മരുഭൂമിയിലെ ചെറുകുന്നുകളായിരുന്നു അവർ താമസത്തിനായി തെരഞ്ഞെടുത്തിരുന്നത്. കല്ലുകൾ അടുക്കിവെച്ചായിരുന്നു വീടുകളുടെ നിർമാണം. കല്ലുകളുറപ്പിച്ചുനിർത്താൻ കളിമണ്ണും ഉപയോഗിച്ചു. സാധാരണ വീടുകൾക്കുള്ളതുപോലെ വാതിലുകളില്ല എന്നതായിരുന്നു ഹോപികളുടെ വീടിെൻറ പ്രത്യേകത. മേൽക്കൂര വഴിയായിരുന്നു ഇവർ വീടിനുള്ളിലേക്ക് പ്രവേശിച്ചിരുന്നത്. അപരിചിതർ തങ്ങളുടെ വീടിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കാനായിരുന്നു അവർ ഇങ്ങനെ ചെയ്തിരുന്നത്. വീട്ടിലേക്ക് പ്രവേശിക്കാനായി ഹോപികൾ ഏണികൾ സ്ഥാപിച്ചിരുന്നു. ഈ ഏണി ഉപയോഗിച്ച് അവർ മേൽക്കൂരയിൽ കയറും, എന്നിട്ട് അതുവഴി മുറിയിലേക്ക് ഇറങ്ങുകയും ചെയ്യും.
കൃഷിയാണ് ഹോപികളുടെ പ്രധാന ഉപജീവനമാർഗം. ചോളം കൃഷിയായിരുന്നു അവർക്ക് ഏറെ പ്രിയം. 'ചോളം ഹോപികളുടെ ഹൃദയമാണ്' എന്ന പഴമൊഴിതന്നെ അവർക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇവയെക്കൂടാതെ മത്തൻ, പയർ, മറ്റു പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയും അവർ കൃഷി ചെയ്തുവരുന്നു.
കാലക്രമേണ ആടുവളർത്തലിലും അവർ താൽപര്യം കാണിച്ചുതുടങ്ങി. കൊയ്ത്തുകാലമാവുന്നതോടെ നിരവധി സാംസ്കാരിക നൃത്ത പരിപാടികൾ അവർ സംഘടിപ്പിച്ചിരുന്നു. സർപ്പനൃത്തം അവരുടെ പ്രധാന ആചാരാനുഷ്ഠാനമാണ്. ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ഈ ചടങ്ങിനുണ്ട്. ഇതിൽ പാമ്പിനെ പിടിച്ചശേഷം പരിശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കുന്നു. ചേരകളെപ്പോലെയുള്ള പാമ്പുകളെയാണ് ഇതിന് ഉപയോഗിക്കുന്നത്. ആഘോഷങ്ങൾക്കുശേഷം പാമ്പുകളെ നന്നായി കുളിപ്പിച്ച് അവയെ വായിൽെവച്ചുകൊണ്ട് നൃത്തം ചെയ്യുന്നു. പിന്നീട് അവയെ സ്വതന്ത്രമാക്കുന്നു. ഈ പാമ്പുകൾ ഹോപികളുടെ ദൂതന്മാരായിച്ചെന്ന് മഴക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കുമെന്നാണ് വിശ്വാസം. അതിലൂടെ ഇടി, മഴ, മിന്നൽ എന്നിവ ഉണ്ടായി കൃഷി മെച്ചപ്പെടുമെന്നും അവർ വിശ്വസിക്കുന്നു. ഒരുകാലത്ത് സ്പാനിഷ് കടന്നുകയറ്റക്കാരിൽനിന്ന് ഹോപികൾക്ക് നേരെ ആക്രമണമുണ്ടായപ്പോൾ അവരിൽ ചിലർ അവിടത്തെ മറ്റൊരു വംശജരായ നവാജോകളുടെ കൂട്ടത്തിൽ ചേർന്നതോടെ ഹോപികളുടെ ആചാരത്തിലും ജീവിതരീതികളിലും മാറ്റങ്ങൾ വന്നുതുടങ്ങി. നിലവിലെ ജനസംഖ്യാനിരക്ക് പ്രകാരം 15,000 ഹോപി വംശജർ നിലവിലുണ്ടെന്നാണ് രേഖകൾ ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.