കൊളോണിയൽ കാലഘട്ടത്തിൽനിന്ന് പാരമ്പര്യമായി ലഭിച്ച നിയമ ചട്ടക്കൂടിനുള്ളിൽ സിവിൽ, ക്രിമിനൽ, പൊതുനിയമ, ആചാരങ്ങൾ, ധാർമികത അഥവാ മതനിയമങ്ങൾ ഉൾക്കൊണ്ടുള്ളതാണ് ഇന്ത്യയിലെ നിയമവ്യവസ്ഥ. 2022 വർഷം ഈ നിയമവ്യവസ്ഥയിൽ ചില വ്യക്തതകളും അവ്യക്തതയും സൃഷ്ടിച്ചാണ് കടന്നുപോയത്. നാഴികക്കല്ല് എന്ന് പറയാവുന്ന മാറ്റമൊന്നും കണ്ടില്ല. ഇന്ത്യയിൽ വ്യക്തിനിയമങ്ങൾ അതിസങ്കീർണമാണ്. ഓരോ മതവും അതിന്റേതായ പ്രത്യേക നിയമങ്ങൾ പാലിക്കുന്നു. ഇതിന് അപവാദം ഗോവ സംസ്ഥാനമാണ്. അവിടെ ഏകീകൃത സിവിൽകോഡ് ഉണ്ട്. എല്ലാ വ്യക്തിനിയമങ്ങൾക്കും ഏകീകൃത നിയമസംഹിത നൽകിയിരിക്കുന്നു. 2022ലെ കണക്കനുസരിച്ച് രാജ്യത്ത് 839 കേന്ദ്ര നിയമങ്ങളുണ്ട്. കൂടാതെ ഓരോ സംസ്ഥാനങ്ങളിലും പ്രോസസിങ് നിയമകാര്യം ഉണ്ട്.
സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിനെ നിയമിക്കുന്നതിനും അവരുടെ സ്ഥലംമാറ്റവും മറ്റും നിയന്ത്രിക്കാനും ദേശീയ ജുഡീഷ്യൽ കമീഷൻ പിന്തുടരേണ്ട നടപടിക്രമങ്ങളും എങ്ങനെയാകണമെന്നാണ് ബിൽ വ്യക്തമാക്കുന്നത്. നിലവിൽ ഈ കാര്യങ്ങൾ ചെയ്യുന്നത് സുപ്രീംകോടതിയിലെ കൊളീജിയം ആണ്. ഇതിൽ മാറ്റം വരുത്തി സർക്കാറിന് ജുഡീഷ്യൽ നിയമകാര്യങ്ങളിൽ അവസരമൊരുക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിൽ മതംമാറ്റം ഉൾപ്പെടുന്നില്ല എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയുടെ 25 അനുഭേദത്തിൽ പറയുന്ന പ്രൊപൊഗേറ്റ് എന്ന വാക്കിന് കൺവേർഷൻ എന്ന് അർഥമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്നതിൽ എന്തൊക്കെയാണ് നടപടിക്രമങ്ങൾ എന്നും ആ ആശയത്തിൽ സുതാര്യത ഉണ്ടാകണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. മുൻ ഐ.എ.എസ് ഓഫിസറായ അരുൺ ഗോപാലിനെ തെരഞ്ഞെടുപ്പ് കമീഷനായി നിയമിച്ചതിലെ നടപടിക്രമങ്ങളിലുണ്ടായ തിടുക്കമാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.
24 ആഴ്ചയിൽ താഴെ വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ വിവാഹിതയെന്നോ അവിവാഹിതയെന്നോ വ്യത്യാസം നോക്കാതെ അനുവദിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുമ്പ് അവിവാഹിതരായ ഗർഭിണികൾക്ക് മാത്രമെ ഈ അനുമതിയുണ്ടായിരുന്നുള്ളൂ.
ലൈംഗിക തൊഴിൽ മറ്റു തൊഴിൽ പോലെ തൊഴിലായി അംഗീകരിക്കണമെന്നും ലൈംഗിക തൊഴിലാളികളെ തൊഴിലാളികളായി കണക്കാക്കണമെന്നും മറ്റു തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ സംരക്ഷണവും ഇവർക്കും ലഭിക്കണമെന്നും സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിച്ചു കൊണ്ട് സുപ്രീംകോടതി നിലവിലുള്ള നിയമങ്ങൾക്ക് വ്യക്തമായ പരിഹാരം പറയാനാവാത്ത അവസരങ്ങളിൽ സുപ്രീംകോടതിക്ക് ഭരണഘടനയിലെ 142 ഉപയോഗിച്ച് പൂർണമായി നീതി നടപ്പാക്കാനുള്ള അധികാരമുണ്ടെന്ന് വ്യക്തമാക്കി. ജി.എസ്.ടി കൗൺസിലിന്റെ ശിപാർശകൾ അഭിപ്രായമായി കണക്കാക്കിയാൽ മതിയെന്നും അനുസരിക്കേണ്ട ബാധ്യത കേന്ദ്ര സർക്കാറിനോ സംസ്ഥാന സർക്കാറുകൾക്കോ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മുസ്‍ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം ആയാലും പോക്സോ (കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമം) പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈകോടതി വ്യക്തമാക്കി. പോക്സോ നിയമം നിലവിൽ വന്നശേഷം വിവാഹത്തിന്റെ പേരിലായാലും പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗികബന്ധം കുറ്റകരമാണ്. വിവാഹ പങ്കാളികളിൽ ഒരാൾ പ്രായപൂർത്തിയാവാത്ത ആളാണെങ്കിൽ പോക്സോ നിയമം ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി.
സുപ്രീംകോടതിയിലെ ഭരണഘടന ബെഞ്ചിന്റെ നടപടിക്രമങ്ങൾ ഇനിമുതൽ എല്ലാവർക്കും ഓൺലൈനിൽ ലൈവായി കാണാൻ കഴിയുന്ന രീതിയിൽ ലൈവ് സ്ക്രീനിങ് ആരംഭിച്ചു. ആർ. വെങ്കിട്ടരമണിയെ ഇന്ത്യയുടെ അറ്റോർണി ജനറലായി നിയമിച്ചു. മലയാളിയായ വേണുഗോപാലിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം. സുപ്രീംകോടതിയിലെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിയമിതനായി. കോടതി ഉത്തരവുകൾ വേഗത്തിൽ ലഭിക്കാനായി ആരംഭിച്ച ഫാസ്റ്റ് ആൻഡ് സെക്യൂർഡ് ട്രാൻസ്മിഷൻ ഓഫ് ഇലക്ട്രോണിക് റെക്കോഡ്സ് സോഫ്റ്റ്വെയർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.