ദക്ഷിണാഫ്രിക്കയിലെ ബാഷീ നദിയുടെ തീരത്തുള്ള വെസോ എന്ന ഗ്രാമത്തിലാണ് നെൽസൺ മണ്ടേലയുടെ ജനനം. 1918 ജൂലൈ 18ന്. അച്ഛന്റെ പേര് ഹെൻഡ്രി മണ്ടേല. അമ്മ നോസ്കേനി ഫാനി. റോവില്ലായ എന്നായിരുന്നു മണ്ടേലയുടെ ബാല്യകാലത്തെ പേര്.
ഹൊസാ വിഭാഗത്തിലെ ഗോത്രാധികാരം വഹിച്ചിരുന്ന തെമ്പു ഗോത്രത്തിൽ പിറന്ന മണ്ടേലയുടെ കുടുംബപ്പേരാണ് ‘മാഡിബ’. ‘നെൽസൺ’ എന്നത് സ്കൂൾ അധികാരികൾ നൽകിയ പേരും. ആദ്യമായി സ്കൂളിലെത്തുന്ന ആഫ്രിക്കക്കാരന് ഒരു ഇംഗ്ലീഷ് പേര് നൽകുന്ന രീതി അവിടെ നിലനിന്നിരുന്നു. അങ്ങനെ മണ്ടേലക്ക് മിഡിംഗാനെ എന്ന ക്ലാസ് ടീച്ചർ കൊടുത്ത പേരാണ് നെൽസൺ. സ്കൂൾ അധ്യാപകർ തന്നെയാണ് നെൽസൺ എന്ന പേരിനൊപ്പം പിതാവിന്റെ പേരിലെ മണ്ടേല ചേർത്ത് നൽകിയത്. മണ്ടേലയുടെ ചെറുപ്രായത്തിൽ തന്നെ പിതാവ് മരിച്ചു. മരിക്കുന്നതിനുമുമ്പ് നെൽസന്റെ പഠനചുമതല അടുത്ത സുഹൃത്തിനെ അച്ഛൻ ഏൽപിച്ചിരുന്നു. ഒരു നാട്ടുരാജാവിെൻറ പദവിയുണ്ടായിരുന്നു വളർത്തച്ഛനായ ജോംഗിൻറാബക്ക്. ഇദ്ദേഹത്തിെൻറ സംരക്ഷണത്തിലും മാർഗനിർദേശത്തിലുമാണ് മണ്ടേല വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളജ് വിദ്യാഭ്യാസ കാലത്തുതന്നെ രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചു. ദീർഘദൂര ഓട്ടം, ഗുസ്തി, സംഗീതം, നൃത്തം, നാടകം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചു.
ക്ലാസ്ബറി സ്കൂൾ, ഫീൽഡ് ടൗൺ കോളജ് എന്നിവിടങ്ങളിൽ പഠിച്ച ശേഷം മണ്ടേല ഫോർട്ട് ഹാരേ സർവകലാശാലയിൽ ബിരുദപഠനത്തിനെത്തി. ജീവിതത്തിെൻറ കറുത്ത യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. മനുഷ്യനെ നിറത്തിെൻറ പേരിൽ വേർതിരിച്ചിരുന്ന അപ്പാർത്തീഡ് അഥവാ വർണവിവേചനം എന്ന തിന്മ സമൂഹത്തിൽ നിലവിലുണ്ടായിരുന്നു. മണ്ടേലയിൽ രാഷ്ട്രീയ താൽപര്യവും അപ്പാർത്തീഡിനെതിരെ പോരാടാനുള്ള ആർജവവും കിട്ടിയത് ഇക്കാലത്താണ്. ഇടക്ക് പഠനം ഉപേക്ഷിച്ച് ജൊഹാനസ്ബർഗിലെത്തി ചെറിയ ജോലികൾ ചെയ്ത് ജീവിച്ചവേളയിൽ തൊഴിലാളി സംഘടനാരംഗത്ത് പ്രവർത്തിച്ചിരുന്ന വാൾട്ടർ സിസുലുവിനെ പരിചയപ്പെട്ടത് ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് ബിരുദപഠനം പൂർത്തിയാക്കി, വിറ്റ്വാട്ടർസ്രാൻറ് സർവകലാശാലയിൽ നിയമപഠനവും പൂർത്തിയാക്കി.
1942ൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിെൻറ യൂത്ത്ലീഗ് രൂപവത്കരിച്ചു. അതിെൻറ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി. പിന്നീട് സംഘടനയുടെ സെക്രട്ടറിയായി. അലക്സാൻഡ്രാ ബസ് ബഹിഷ്കരണ സമരത്തോടെ (1943) രാഷ്ട്രീയരംഗത്തെത്തിയ മണ്ടേല ആഫ്രിക്കൻ നാഷനൽ കോൺഗ്രസിെൻറ യുവജനവിഭാഗമായ യൂത്ത് ലീഗിെൻറ നേതാവായി സമരങ്ങൾ ഏറ്റെടുത്തു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിെൻറ പ്രചാരണ പ്രവർത്തനങ്ങളുടെ ആകർഷക കേന്ദ്രമായി മണ്ടേല വളർന്നു. 1952ൽ ഗവൺമെൻറ് നിരോധാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജയിൽ മോചിതനായി വക്കീലായി ജോലിയിൽ പ്രവേശിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായിരുന്നു അപ്പോഴും മുഖ്യപരിഗണന. സായുധസമരങ്ങൾക്ക് നേതൃത്വം നൽകാൻ രൂപവത്കരിച്ച സംഘടനയുടെ കമാൻഡർ ഇൻ ചീഫായി. പിന്നീട് ഒളിവു ജീവിതവും ആഫ്രിക്കയിലെ പോരാട്ടത്തിന് ഇതര രാജ്യങ്ങളുടെ പിന്തുണ തേടിയുള്ള വിദേശയാത്രകളും നടത്തി. പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിയവെ അറസ്റ്റ് ചെയ്ത് റോബൻ ദ്വീപിലെ ജയിലിൽ അടച്ചു. 1962 മുതൽ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നു. 10,000ത്തിലേറെ ദിവസത്തെ തടവിനുശേഷം 71ാം വയസ്സിൽ ജയിൽ മോചിതനായി. തുടർന്ന് ആഫ്രിക്കൽ നാഷനൽ കോൺഗ്രസിെൻറ പ്രസിഡൻറായി. 1994ൽ നടന്ന തെരഞ്ഞെടുപ്പിൽ ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറാവുന്നു. 1999ൽ കാലാവധി പൂർത്തിയാക്കി സാമൂഹിക സാംസ്കാരിക പരിപാടികളിലേക്ക് പ്രവർത്തന മേഖല ചുരുക്കി.
നെൽസൺ മണ്ടേലയുടെ ജന്മദിനമായ ജൂലൈ 18 മണ്ടേല ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയാണ് ലോകവ്യാപകമായ ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സ്വാതന്ത്ര്യവും സാമൂഹിക നീതിയും ഉറപ്പാക്കാൻ മണ്ടേല നടത്തിയ പോരാട്ട ജീവിതത്തെ ബഹുമാനിക്കുന്നതിനാണ് മണ്ടേല ദിനം.
സഹജീവികളുടെ നന്മക്കായുള്ള പ്രവർത്തനങ്ങൾ, എല്ലാവർക്കും മികച്ച ആരോഗ്യം ലഭ്യമാക്കുന്നതിന് സഹായകമായ ഇടപെടലുകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേർപ്പെടൽ, ദാരിദ്യ്രത്തിലും പട്ടിണിയിലും കഴിയുന്നവരെ സഹായിക്കൽ, കുട്ടികളെയും യുവജനങ്ങളെയും കരുതൽ, പ്രായമായ മനുഷ്യരെ സംരക്ഷിക്കൽ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള വിവിധ മേഖലകളിലായി വിവിധ പ്രവർത്തന സാധ്യതകൾ ദിനാചരണത്തിന് നേതൃത്വം നൽകുന്നവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരു രാഷ്ട്രത്തലവൻ തെൻറ രാജ്യത്തുള്ള കെട്ടിട നിർമാണ കമ്പനിയോട് ഒരു സ്കൂൾ കെട്ടിടം നിർമിക്കാൻ അഭ്യർഥന നടത്തി. അവർ ഈ പ്രവർത്തനം ഏറ്റെടുത്തു. നേതൃത്വംനൽകാൻ പീറ്റർ എന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. കെട്ടിട നിർമാണം ആരംഭിച്ചു. പുരോഗതി വിലയിരുത്തുന്നതിനായി ഒരു ദിവസം പീറ്ററെ തന്റെ വീട്ടിലേക്ക് പ്രസിഡൻറ് ക്ഷണിച്ചു. പ്രസിഡൻറിനൊപ്പം പ്രാതൽ കഴിക്കാനുള്ള ആ ക്ഷണം പീറ്ററെ ഏറെ സന്തോഷിപ്പിച്ചു. ക്ഷണിക്കപ്പെട്ട ദിവസം പീറ്റർ കമ്പനിയുടെ ൈഡ്രവറായ ഡൂമിയുമൊത്ത് രാഷ്ട്രത്തലവെൻറ വസതിയിലെത്തി. അവിടെ കണ്ട കാഴ്ച പീറ്ററിനെ അദ്ഭുതപ്പെടുത്തി. അതിഥിയെ കാത്ത് പ്രസിഡൻറ് വീടിനു മുന്നിൽ തന്നെ നിൽക്കുന്നു. ഇരുവരെയും ആതിഥേയൻ വീടിനുള്ളിലേക്ക് സ്നേഹപൂർവം ക്ഷണിച്ചു. കമ്പനി മര്യാദയും പെരുമാറ്റരീതികളുമനുസരിച്ച് ൈഡ്രവർ വീടിനുള്ളിൽ കടന്നില്ല. പുറത്തു കിടന്ന കാറിൽ തന്നെയിരുന്നു. പ്രാതൽ വിളമ്പാൻ ആരംഭിച്ചപ്പോൾ പ്രസിഡൻറ് ചോദിച്ചു. ‘രണ്ടുപേരല്ലേ വന്നത്. ഒരാളെവിടെ?’ ‘ഇല്ല, ഞാനൊറ്റക്കാണ് വന്നത്’. ൈഡ്രവറെ പരിഗണിക്കാതെ പീറ്റർ മറുപടി നൽകി. ‘ നിങ്ങൾ വരുമ്പോൾ ഒപ്പമൊരു മാന്യനുണ്ടായിരുന്നില്ലേ?’ ‘ഓ, അതു ൈഡ്രവറാ. അയാൾ കാറിലിരിക്കുന്നുണ്ട്.’ പീറ്ററിെൻറ മറുപടി കേട്ടയുടനെ ചെറു പുഞ്ചിരിയുമായി പ്രസിഡൻറ് വെളിയിലേക്ക് പോയി. തിരികെ വരുമ്പോൾ ൈഡ്രവറും ഒപ്പമുണ്ടായിരുന്നു. പീറ്ററിനും ഡൂമിക്കുമൊപ്പം അദ്ദേഹവും പ്രാതൽ കഴിച്ചു.
മനുഷ്യനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്ന പ്രാഥമികമായ കർത്തവ്യം മറന്ന കമ്പനി ഉദ്യോഗസ്ഥനായ പീറ്ററിനെ പുതു പാഠം പഠിപ്പിച്ചത് നെൽസൺ മണ്ടേല എന്ന ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡൻറാണ്. നിറത്തിെൻറയും വംശത്തിെൻറയും അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്നതിനെതിരെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പോരാട്ടത്തിന് നേതൃത്വം നൽകിയ മനുഷ്യസ്നേഹിയാണ് ജീവിതത്തിെൻറ വസന്തകാലത്തിലേറെയും ജയിൽവാസം അനുഭവിക്കേണ്ടി വന്ന മണ്ടേല. മനുഷ്യരുടെ അവകാശങ്ങൾക്കുവേണ്ടി വിസ്മയകരമായി തെൻറ ജീവിതത്തെ ഉപയോഗപ്പെടുത്തി.
‘സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട യാത്രകൾ’ എന്ന പേരിലാണ് മണ്ടേല തന്റെ ആത്മകഥ രചിച്ചത്. 1994ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ജയിൽ ജീവിതകാലത്തുതന്നെ ഇതിെൻറ രചന ആരംഭിച്ചിരുന്നു. ആത്മകഥയിൽ പരാമർശ വിധേയമായിട്ടില്ലാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി, മണ്ടേല: ദി ഓതറൈസ്ഡ് ബയോഗ്രഫി എന്ന ജീവചരിത്ര ഗ്രന്ഥവും പുറത്തിറങ്ങിയിട്ടുണ്ട്. മണ്ടേലയുടെ സുഹൃത്തായ ആൻറണി സാംപ്സണാണ് ഇതിെൻറ രചന നിർവഹിച്ചിട്ടുള്ളത്.
നമുക്കിപ്പോൾ ആലോചിക്കാൻപോലും പ്രയാസം തോന്നുന്ന പ്രാകൃത നിയമം മണ്ടേലയുടെ രാജ്യമായ ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്നു. അവിടത്തെ കറുത്ത വർഗക്കാർക്ക് അടിമകളെ പോലെ ദശകങ്ങളോളം ജീവിക്കേണ്ടിവന്നു. കറുത്തവരുടെ ജന്മദേശമായ ആഫ്രിക്കയിലേക്ക് വൻതോതിലുള്ള കുടിയേറ്റം ഉണ്ടായി. കുടിയേറ്റക്കാരായി എത്തിയവർ കറുത്തവരുടെ കൈവശമുണ്ടായിരുന്ന ഭൂമി സ്വന്തമാക്കി. പ്രാഥമികമായ മനുഷ്യാവകാശങ്ങൾപോലും നിഷേധിച്ച് അവരുടെ മേൽ ആധിപത്യം സ്ഥാപിച്ചു. പൊതുവഴികൾ, പൊതുവാഹനങ്ങൾ, പൊതുസ്കൂളുകൾ എന്നിവയെല്ലാം കറുത്തവർക്ക് വിലക്കപ്പെട്ടു. പ്രത്യേകമായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ അവരെ താമസിക്കാൻ അനുവദിച്ചിരുന്നുള്ളൂ. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്രചെയ്യാൻ കുടിയേറ്റക്കാർക്ക് വെള്ളക്കാരുടെ അനുമതി വേണമായിരുന്നു. തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശം ജനസംഖ്യയുടെ 80 ശതമാനം വരുന്ന കറുത്തവർക്ക് നിഷേധിക്കപ്പെട്ടു. കറുത്തവനാണെന്നതിെൻറ പേരിൽ പല ദുരനുഭവങ്ങളും മണ്ടേലക്ക് ചെറുപ്പകാലത്ത് നേരിടേണ്ടിവന്നിട്ടുണ്ട്. ഈ അനുഭവങ്ങൾ മണ്ടേല എന്ന പോരാളിയുടെ ജീവിതത്തിന് കരുത്തുപകർന്നു.
1993ൽ നെൽസൺ മണ്ടേലക്ക് നൊബേൽ സമ്മാനം ലഭിച്ചു. അന്നത്തെ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ഡി ക്ലെർക്കിനൊപ്പമാണ് സമാധാനത്തിനുള്ള ഈ പുരസ്കാരം ലഭിച്ചത്. വർണവിവേചനം അവസാനിപ്പിക്കുന്നതിനും ജനാധിപത്യം പുനസ്ഥാപിക്കുന്നതിനും ഇരുവരും വഹിച്ച നേതൃപരമായ പങ്കിനെ അംഗീകരിച്ചാണ് സമ്മാനം നൽകിയത്. ദക്ഷിണാഫ്രിക്കയുടെ മോചനനായകനെ നമ്മുടെ രാജ്യവും രാഷ്ട്രത്തിെൻറ ഉന്നത പുരസ്കാരമായ ഭാരതരത്ന നൽകി ആദരിച്ചു. 1979ൽ നെഹ്റു അവാർഡും ഇന്ത്യ മണ്ടേലക്ക് നൽകിയിരുന്നു.
കറുത്തവരുടെയോ വെളുത്തവരുടെയോ ആധിപത്യമില്ലാത്ത ജനാധിപത്യ രാഷ്ട്രത്തിനുവേണ്ടി സമാനതകളില്ലാത്ത പോരാട്ടമാണ് മണ്ടേല നടത്തിയത്. തുല്യാവകാശത്തോടും സാഹോദര്യത്തോടും വസിക്കുന്ന ജനതയെ സൃഷ്ടിക്കാൻ തെൻറ ജീവിതം തന്നെ നൽകിയ നേതാവാണ് മണ്ടേല. ദുരിതങ്ങൾ തരണംചെയ്ത് ലോകത്തിെൻറ നായകപദവിയിലേക്ക് ഉയർന്ന ഈ ജീവിതം ഏതൊരാൾക്കും ആവേശം പകരുന്നതാണ്.
ദക്ഷിണാഫ്രിക്കയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും വോട്ട് രേഖപ്പെടുത്താനുള്ള നിയമ നിർമാണത്തിനു ശേഷം ആദ്യ തെരഞ്ഞെടുപ്പ് 1994 ഏപ്രിൽ 27ന് നടന്നു. മണ്ടേലയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് വൻ വിജയം നേടി. 1994 മേയ് 10ന് മണ്ടേല പ്രസിഡൻറ് പദവിയിലെത്തി. രാജ്യത്തിെൻറ ചരിത്രത്തിലെ ആദ്യത്തെ കറുത്തവർഗക്കാരനായ പ്രസിഡൻറ്. പ്രിട്ടോറിയയിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങൾ, സംഘടനകൾ എന്നിവയെ പ്രതിനിധാനം ചെയ്ത് നാലായിരത്തിലധികമാളുകൾ എത്തി. ലോകമെങ്ങുമുള്ള ടെലിവിഷൻ ചാനലുകൾ ആ ചരിത്രമുഹൂർത്തം തത്സമയം സംേപ്രഷണം ചെയ്തു.
വർണവിവേചനം അവസാനിപ്പിക്കുന്നതിനും രാജ്യത്തെ ഐക്യത്തിലേക്ക് നയിക്കുന്നതിനും മണ്ടേലയുടെ നേതൃത്വത്തിന് കഴിഞ്ഞു. ഒരു തവണ മാത്രമേ പ്രസിഡൻറ് സ്ഥാനം വഹിക്കൂ എന്ന മുൻ തീരുമാനത്തിൽ ഉറച്ചുനിന്നുകൊണ്ട് 1999 ജൂണിൽ സ്ഥാനമൊഴിഞ്ഞു. തെരുവിൽ ജീവിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി തന്റെ ശമ്പളത്തിെൻറ മൂന്നിലൊരു ഭാഗം നീക്കിവെച്ചു. സ്പോർട്സിനെ വർണവിവേചനം അവസാനിപ്പിക്കാനുള്ള മാർഗമായി ഉപയോഗപ്പെടുത്തി. പ്രസിഡൻറായിരിക്കെ വർണവിവേചന കാലത്തുനടന്ന ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങൾ കണ്ടെത്താൻ അന്വേഷണ കമീഷനെ നിയമിച്ചു. കമീഷന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ആർക്കെതിരെയും നടപടികൾ സ്വീകരിച്ചില്ല. ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
1990 ഫെബ്രുവരി 11, റോബൺ ജയിലിെൻറ വാതിൽ മലർക്കെ തുറന്നു. സമയം വൈകീട്ട് മൂന്നുമണി. കറുത്തവർഗക്കാരന്റെ അവകാശങ്ങൾ നേടിയെടുക്കാൻവേണ്ടി പോരാടിയ ഒരു മനുഷ്യൻ, ജയിലിൽനിന്ന് തന്റെ ഭാര്യയുടെ കൈപിടിച്ച് പുറത്തിറങ്ങി. നീണ്ട 27 വർഷത്തെ തടവിനുശേഷം അദ്ദേഹം സ്വാതന്ത്ര്യത്തിെൻറ ശുദ്ധവായു ശ്വസിച്ചു. ആ രംഗം ചിത്രീകരിക്കാൻ ലോകത്തിെൻറ വിവിധഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ദൃശ്യമാധ്യമപ്രവർത്തകർ തിക്കിത്തിരക്കി. ആ മനുഷ്യനെയും വഹിച്ചുള്ള കാർ കേപ്ടൗണിലെ സ്വീകരണസ്ഥലത്തേക്ക് കുതിച്ചു. ആരായിരുന്നു ആ മനുഷ്യനെന്നല്ലേ? ഗാന്ധിജിയുടെ ആത്മത്യാഗവും ചെഗുവേരയുടെ ഒളിപ്പോരാട്ടങ്ങളും നെഹ്റുവിെൻറ തന്ത്രജ്ഞതയും എബ്രഹാം ലിങ്കന്റെ സാമൂഹിക പ്രതിബന്ധതയും ഉൾച്ചേർന്നൊരു വ്യക്തി –നെൽസൺ മണ്ടേല.
ആദ്യകാലത്ത് ഗാന്ധിയൻ അഹിംസയിൽ വിശ്വസിച്ച് പ്രവർത്തിച്ചിരുന്ന മണ്ടേല ക്രമേണ സായുധ സമരങ്ങളെപ്പറ്റി ചിന്തിച്ചു (ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിലെ വിമോചനപ്പോരാട്ടങ്ങളുടെ ആദ്യ നായകൻ എന്നും മണ്ടേല വിളിച്ചിട്ടുണ്ട്). ഉംഖോേൻറാ വി സിസ്വേ (Umkhonto we Sizwe) അഥവാ എം.കെ എന്ന രഹസ്യസേനക്ക് തുടക്കം കുറിച്ച് മണ്ടേല അതിെൻറ ചീഫ് കമാൻഡൻറുമായി. ലോകത്തെ വിവിധ രാജ്യങ്ങളിൽ നടന്ന വിപ്ലവപ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവും ആഫ്രിക്കയിലെതന്നെ വിവിധ രാജ്യങ്ങളിലും ബ്രിട്ടനിലും നടത്തിയ രഹസ്യസന്ദർശനവും അദ്ദേഹത്തെ കൂടുതൽ വീര്യമുള്ള വിപ്ലവപ്പോരാളിയാക്കി. രാജ്യേദ്രാഹകുറ്റം ചെയ്തു എന്ന പേരിൽ പീറ്റർ മാരിസ് ബെർഗിൽവെച്ച് മണ്ടേലയെ അറസ്റ്റ് ചെയ്ത് ആദ്യം പ്രിട്ടോറിയയിലും പിന്നീട് റോബൺ ദ്വീപിലെ ജയിലിലും പാർപ്പിച്ചു. മണ്ടേല ഒളിച്ചു താമസിച്ചിരുന്ന ലില്ലീസ് ലീഫ് ഫാമിൽ നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകൾ മണ്ടേലയെ വീണ്ടും കോടതി കയറ്റി. റിവോണിയ ഗൂഢാലോചന എന്ന പേരിൽ നടന്ന വിചാരണയിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച മണ്ടേല റോബൺ ദ്വീപിലെ ജയിലിൽ 466/64 (1964ലെ 466ാം നമ്പർ തടവുകാരൻ) എന്ന നമ്പറിൽ ജയിൽ ശിക്ഷ അനുഭവിച്ചു തുടങ്ങി. ജയിലിൽ ചുറ്റികകൊണ്ട് പാറകൾ പൊട്ടിച്ചും, ചുണ്ണാമ്പുകല്ല് ക്വാറിയിൽ ജോലിചെയ്തും അദ്ദേഹം കഴിഞ്ഞു.
‘മണ്ടേല, അവർക്കു നീയൊരു
നമ്പർ മാത്രമാണേത്ര!
ദ്വീപിലെ നിലം കിളക്കുകയും
ഉഴുകയും ചെയ്യുന്ന 466/64
എന്ന നമ്പർ മാത്രമാണേത്ര.
മണ്ടേല, പക്ഷേ, നീ
ഞങ്ങൾക്കു കരുത്താണ്,
പ്രതിജ്ഞയും നിശ്ചയദാർഢ്യവുമാണ്.’
(ദക്ഷിണാഫ്രിക്കൻ കവയിത്രി ഇൽവ മക്കായ് രചിച്ച ‘മണ്ടേലയോടും തടവിലെ സുഹൃത്തുക്കളോടും’ എന്ന കവിതയിൽനിന്ന്. പരിഭാഷ: മുൻമന്ത്രി ബിനോയ് വിശ്വം)
അമ്മ മരിച്ചപ്പോഴും മകൻ കാറപകടത്തിൽ മരിച്ചപ്പോഴും തീവ്രദു$ഖത്തോടെ മണ്ടേല, ജയിലിൽ ഒരുജനതയുടെ മോചനത്തിനായി പ്രാർഥനയോടെ കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മണ്ടേലയെ വിട്ടയക്കാനുള്ള അഭ്യർഥന ചെവിക്കൊള്ളാൻ വെള്ളക്കാരന്റെ ഗവൺമെൻറ് തയാറായില്ല. ഈ വേളയിൽ ലോകമെമ്പാടും ‘ഫ്രീ മണ്ടേല കാമ്പയിനുകൾ’ തുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് റോബൺ ജയിലിൽനിന്ന് കൂടുതൽ സൗകര്യങ്ങളുള്ള പോൾസ്മൂർ ജയിലിലേക്ക്. കോമൺവെൽത്ത് രാഷ്ട്രപ്രതിനിധികൾ ദക്ഷിണാഫ്രിക്കൻ സർക്കാറുമായി മണ്ടേലയുടെ മോചനത്തെക്കുറിച്ച് ചർച്ചചെയ്തത് വഴിത്തിരിവായി. ബി.ബി.സി എഴുപതാം പിറന്നാളിന് ‘ഫ്രീഡം അറ്റ് സെവൻറി’ എന്ന സംഗീത പരിപാടി നടത്തിയത് മണ്ടേലയെ സന്തോഷിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലുണ്ടായ അധികാരമാറ്റത്തെ തുടർന്ന് നാഷനൽ പാർട്ടിയുടെ പ്രസിഡൻറായിവന്ന എഫ്.ഡബ്ല്യു.ഡി ക്ലാർക്ക് മണ്ടേല ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാൻ തീരുമാനിച്ചു.
ജയിൽമോചിതനായ (1990 ഫെബ്രുവരി 11) മണ്ടേലക്ക് ലോകജനത വൻവരവേൽപ് നൽകി. ‘ഭാരതരത്നം’ എന്ന പരമോന്നത ബഹുമതി നൽകി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു. ദക്ഷിണാഫ്രിക്കയിലെ കറുത്തവന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച മണ്ടേലയെത്തേടി സമാധാനത്തിനുള്ള നൊബേൽ സമ്മാനം (1993) എത്തി. സഖറോവ് പുരസ്കാരം, നെഹ്റു അവാർഡ്, ഓർഡർ ഓഫ് ലെനിൻ പുരസ്കാരം, അമേരിക്കൻ പ്രസിഡൻറിെൻറ ഫ്രീഡം മെഡൽ എന്നിവ അദ്ദേഹത്തെ തേടി എത്തിയിരുന്നു. തുടർന്ന് എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവർഗക്കാരനായ പ്രസിഡൻറായി (1994–99). അധികാരം ഒഴിഞ്ഞ ശേഷവും ദക്ഷിണാഫ്രിക്കയിലെ സാമൂഹികപ്രവർത്തനങ്ങളിൽ മുഴുകിയ മണ്ടേല 95ാം വയസ്സിൽ (ഡിസംബർ 5, 2013) ലോകത്തോട് വിടപറഞ്ഞു. മനുഷ്യമോചനത്തിനായി പോരാടിയ ആ ഇതിഹാസത്തെ ഓർമിക്കാൻ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അദ്ദേഹത്തിെൻറ ജന്മദിനമായ ജൂലൈ 18, ‘മണ്ടേല ദിന’മായി ആചരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.