ഒക്ടോബർ 23ന് ബ്രസീലിലെ മിനാസ് ഗെറയ്സ് പ്രവിശ്യയിലെ ട്രെസ് കൊറാക്കോസിൽ ഫുട്ബാൾ കളിക്കാരനായിരുന്ന ഡോൻഡീന്യോയുടെയും (ജാവോ റാമോസ് ഡോ നാസിമെേൻറാ) സെലസ്റ്റെ അരാൻറസിെൻറയും മൂത്ത മകനായാണ് പെലെയുടെയുടെ ജനനം. പ്രശസ്ത ശാസ്ത്രജഞൻ തോമസ് ആൽവ എഡിസണിെൻറ ആരാധകനായ പിതാവ് കുഞ്ഞുപെലെക്ക് പേരിട്ടത് എഡ്സൺ എന്ന്. ബ്രസീലിൽ മിക്കവർക്കും വിളിപ്പേരുകളുണ്ടായിരുന്നു. ഡികോ എന്നായിരുന്നു എഡ്സണിന് കിട്ടിയ വിളിപ്പേര്. എന്നാൽ, കുട്ടിക്കാലത്ത് തന്നെ അത് പെലെയിലേക്ക് വഴിമാറി. വാസ്കോ ഡ ഗാമ ക്ലബിെൻറ ഗോൾ കീപ്പറായിരുന്ന ബില്ലെയെകുറിച്ച് എഡ്സൺ പറയുേമ്പാൾ കേൾക്കുന്നത് പെലെ എന്നായിരുന്നു. അങ്ങനെ എഡ്സൺ പെലെയായി. പെലെ എന്ന പേരിന് മറ്റൊരർഥവുമുള്ളതായി അറിയില്ലെന്ന് പെലെ തന്നെ തെൻറ ആത്മകഥയിൽ പറയുന്നുണ്ട്. ബ്രസീലിെൻറ ദേശീയ ഭാഷയായ പോർചുഗീസിലും പെലെ എന്ന വാക്കിനർഥമില്ല.
മറ്റേതൊരു ശരാശരി ബ്രസീൽ ബാലനെയും പോലെ ദാരിദ്ര്യത്തിലമർന്ന് തെരുവുകളിൽ കെട്ടിയുണ്ടാക്കിയ പന്ത് തട്ടിക്കളിച്ച ബാല്യം തന്നെയായിരുന്നു പെലെയുടേതും. അപ്പോഴേക്കും സാവോപോളോയിലെ ബൗറുവിലെത്തിയിരുന്നു പെലെയുടെ കുടുംബം. അവിടെ, സെറ്റെ ഡി സെറ്റെംബ്രോ, റാവോ പൗളീന്യോ, അമേരിക്വീന്യ തുടങ്ങിയ അമേച്വർ ക്ലബുകൾക്കായി കളിച്ചശേഷം വാൾഡെമർ ഡി ബ്രിട്ടോയുടെ ബൗറു അത്ലറ്റിക് ക്ലബിലെത്തിയതാണ് പെലെയുടെ കളിജീവിതത്തിലെ വഴിത്തിരിവായത്. ഈ ക്ലബിനുകീഴിൽ സവോപോളോ പ്രവിശ്യ യൂത്ത് ചാമ്പ്യൻഷിപ്പ് നേടിയതോടെ പെലെയുടെ തലവര തെളിഞ്ഞു.
പെലെയുടെ പ്രതിഭ തിരിച്ചറിഞ്ഞ ബ്രിട്ടോ 1956ൽ അവനെ സാവോപോളോയിലെ അറിയപ്പെടുന്ന ക്ലബായ സാേൻറാസിൽ കൊണ്ടുപോയി. ഈ 15കാരൻ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ കളിക്കാരനാവും എന്ന് പറഞ്ഞായിരുന്നു ബ്രിട്ടോ പെലെയെ സാവോപോേളാ ക്ലബ് ഡയറക്ടർമാർക്ക് പരിചയെപ്പടുത്തിയത്. ആദ്യ ട്രയൽസിൽ തന്നെ കോച്ച് ലുലയുടെ അംഗീകാരം നേടിയെടുത്ത പെലെ ആദ്യ കളിയിൽ തന്നെ ഗോളുമടിച്ചു. അതിവേഗം ക്ലബിെൻറ ആദ്യ ഇലവനിലെത്തിയ പെലെ 1957ലെ ആദ്യ സീസണിൽ തന്നെ ബ്രസീലിയൻ ലീഗിലെ ടോപ്സ്കോററായി. അതേവർഷം ദേശീയ ടീമിനായും അരങ്ങേറ്റം കുറിച്ച പെലെ അർജൻറീനക്കെതിരായ ആദ്യ കളിയിൽ തന്നെ ഗോളും കുറിച്ചു. 16 വയസ്സും ഒമ്പതു മാസവും പ്രായമുള്ളപ്പോൾ സ്കോർ ചെയ്ത പെലെയുടെ പേരിൽ തന്നെയാണ് പ്രായം കുറഞ്ഞ ബ്രസീൽ ഗോൾസ്കോററുടെ റെക്കോഡ് ഇപ്പോഴും. സാേൻറാസിനും ബ്രസീലിനുമൊപ്പമുള്ള കുതിപ്പുകളുടെ നാളുകളായിരുന്നു പിന്നീട്.
1958ൽ സ്വീഡനിലെ ലോകകപ്പിന് ബ്രസീൽ ടീമെത്തുേമ്പാൾ 17 വയസ്സുള്ള പയ്യനായിരുന്നു പെലെ. ലോകകപ്പിൽ പന്തുതട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ക്വാർട്ടറിൽ ഒരു ഗോളും സെമിയിൽ ഹാട്രിക്കും ഫൈനലിൽ രണ്ടു ഗോളുകളുമായി മിന്നിത്തിളങ്ങിയ പെലെക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സ്വീഡനെതിരെ പോസ്റ്റിന് പിൻതിരിഞ്ഞുനിൽക്കുകയായിരുന്ന പെലെ പന്ത് മുകളിലേക്ക് കോരിയിട്ട് വെട്ടിത്തിരിഞ്ഞുതിർത്ത വോളിയിലൂടെ നേടിയ ഗോൾ ലോകകപ്പിലെ തന്നെ മികച്ച ഗോളുകളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1962ലെ ലോകകപ്പിലും പെലെ തന്നെയായിരുന്നു ബ്രസീലിെൻറ സൂപ്പർ താരം. എന്നാൽ, ആദ്യ കളിയിൽ തന്നെ പരിക്കേറ്റ പെലെക്ക് ടീം കപ്പടിച്ചെങ്കിലും പിന്നീട് കാര്യമായ റോളുണ്ടായിരുന്നില്ല. 1966ലെ ലോകകപ്പ് പെലെ മറക്കാനാഗ്രഹിക്കുന്നതായിരുന്നു. ബൾഗേറിയക്കെതിരെ ഗേളാടിച്ചുതുടങ്ങിയ പെലെക്ക് പോർചുഗലിനെതിരെ കടുത്ത ഫൗളുകൾക്ക് വിധേയനാവേണ്ടിവന്നു. ആ കളി തോറ്റ ബ്രസീലിെൻറയും പെലെയുടെയും തുടർച്ചയായ മൂന്നാം കിരീടമെന്ന മോഹം പൂവണിഞ്ഞില്ല.
എന്നാൽ, 1970ൽ പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയ പെലെ നാലു ഗോളുകളുമായി ടീമിെൻറ കിരീടനേട്ടത്തിൽ അതുല്യമായ പങ്കുവഹിച്ചു. ടൂർണമെൻറിലെ മികച്ച താരത്തിനുള്ള സുവർണ പന്തും കരസ്ഥമാക്കി. അതേവർഷം റിയോ ഡെ ജനീറോയിൽ യുഗോസ്ലാവ്യക്കെതിരെ പന്തുതട്ടിയാണ് പെലെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. ദേശീയ ടീമിനായി പെലെ കളിച്ച 92 മത്സരങ്ങളിൽ 67ലും ജയം ഒപ്പംനിന്നു. 14 സമനിലകൾ. 11 എണ്ണത്തിൽ മാത്രം തോൽവി.
ക്ലബ് തലത്തിൽ പിന്നെയും കളിച്ച പെലെ 1974 വരെ സാേൻറാസ് ജഴ്സിയിലുണ്ടായിരുന്നു. കളി മതിയാക്കിയശേഷവും പെലെ ഇടക്ക് സാേൻറാസിനായി കളിക്കാനിറങ്ങിയിരുന്നു. എന്നാൽ, 1975ൽ അമേരിക്കൻ സോക്കർ ലീഗിൽ കളിക്കാൻ ന്യൂയോർക് കോസ്മോസുമായി കരാറൊപ്പിട്ടത് യു.എസ് ഫുട്ബാൾ ചരിത്രത്തിൽ നാഴികക്കല്ലായി. 1977ൽ തന്നെ താനാക്കിയ സാേൻറാസുമായി കോസ്മോസിനായി കളിച്ചാണ് പെലെ ഫുട്ബാൾ ജീവിതം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.