ലോക ജനസംഖ്യയുടെ പത്തിലൊന്നും താമസിക്കുന്നത് മരുഭൂമികളിലാണ്. കണ്ണെത്താദൂരത്തോളം ചുട്ടുപഴുത്ത മണൽ നിറഞ്ഞ വിജനമായ ഒരിടം മാത്രമല്ല മരുഭൂമികൾ. അവിടെ മരുഭൂമിക്കനുയോജ്യമായ ആവാസവ്യവസ്ഥയുണ്ട്. മനുഷ്യസംസ്കാരത്തിന്റെ കഥയിൽ മരുഭൂമികൾക്ക് പ്രധാന സ്ഥാനമുണ്ട്. ഈജിപ്ഷ്യൻ, മെസപ്പൊട്ടേമിയൻ, സുമേറിയൻ തുടങ്ങിയ സംസ്കാരങ്ങൾക്ക് പശ്ചാത്തലമൊരുക്കിയത് മരുഭൂമികളാണ്. മരുഭൂമി വിശേഷങ്ങളറിയാം.
വർഷത്തിൽ 25 സെന്റിമീറ്ററിൽ താഴെ മഴ പെയ്യുന്ന പ്രദേശങ്ങളെ പൊതുവിൽ മരുഭൂമി എന്നു വിളിക്കാം. മരുഭൂമിയുടെ ഇംഗ്ലീഷ് പദമായ Desert എന്ന പേരുണ്ടായത് desertum എന്ന ലാറ്റിൻ പദത്തിൽനിന്നാണ്. ഉപേക്ഷിക്കപ്പെട്ട സ്ഥലം എന്നാണ് അതിനർഥം.
സഹാറ
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയുടെ വിസ്തീർണം 90 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ബർബർ, ഡോഗൺ, വൊഡാബെ തുടങ്ങി നിരവധി ഗോത്രങ്ങൾ സഹാറയിൽ വസിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിലൂടെയാണ് സഹാറ പിറവിയെടുത്തതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.
തണുത്ത ഗോബി
മംഗോളിയയുടെ തെക്കുകിഴക്ക് ഭാഗം മുതൽ ചൈനയുടെ വടക്കു ഭാഗം വരെ 10 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്ററിലായി സ്ഥിതിചെയ്യുന്ന മരുഭൂമിയാണ് ഗോബി. തണുത്ത കാലാവസ്ഥയാണ് ഇവിടെ. മഞ്ഞുകാലത്ത് മൈനസ് 40 ഡിഗ്രി വരെെയത്തും. ഖൽഖ മംഗോൾസ് എന്ന ഗോത്രവിഭാഗമാണ് ഇവിടത്തെ ഏറ്റവും വലിയ ജനവിഭാഗം.
ഥാർ
ഇന്ത്യയിലെ ഏക മരുഭൂമിയാണിത്. ഗ്രേറ്റ് ഇന്ത്യൻ ഡെസേർട്ട് എന്നറിയപ്പെടുന്ന ഇവയുടെ ഏറിയ ഭാഗവും രാജസ്ഥാനിൽ സ്ഥിതിചെയ്യുന്നു.
കലഹാരി
ആഫ്രിക്കയുടെ തെക്കുഭാഗത്ത് പ്രധാനമായും ബൊട്സ്വാനയിൽ പരന്നുകിടക്കുന്ന മരുഭൂമിയാണിത്. 51,800 ചതുരശ്ര കിലോമീറ്ററാണ് ആകെ വിസ്തീർണം.
അറ്റക്കാമ
ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയാണിത്. തെക്കേ അമേരിക്കയിൽ സ്ഥിതിചെയ്യുന്നു. 1,81,300 ചതുരശ്ര കിലോമീറ്ററാണ് ആകെ വിസ്തീർണം.
നമീബ്
ആഫ്രിക്കയുടെ തീരദേശ മരുഭൂമിയാണിത്. ചരൽക്കല്ലുകളും മണലും നിറഞ്ഞതാണ് ഈ മരുഭൂമി.
ജർ വീട്
ഗോബി മരുഭൂമിയിലെ മംഗോൾസ് എന്ന നാടോടികളുടെ കൂടാരവീടാണിത്. ഒട്ടകത്തോലും കമ്പിളിയുംകൊണ്ടാണ് നിർമാണം. പുറത്തെ ചൂടും തണുപ്പുമൊന്നും അകത്തേക്ക് അറിയാൻ കഴിയില്ല.
സസ്യങ്ങൾ
മരുഭൂമിയിലെ സസ്യങ്ങളെ പൊതുവിൽ സക്യുലെൻറ്സ് എന്നു വിളിക്കുന്നു. നീരുള്ളവ എന്നാണ് ഈ വാക്കിനർഥം. വെള്ളം ശേഖരിച്ചുസൂക്ഷിക്കാൻ കഴിയുന്ന മാംസളവും കട്ടിയുള്ളതുമായ കോശങ്ങളോടുകൂടിയവയാണ് ഇവ. കള്ളിമുൾച്ചെടികൾ ഈ വിഭാഗമാണ്. തണ്ടുകളാണ് ഇവയുടെ ജലസംഭരണികൾ.
ഒട്ടകങ്ങൾ
മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഈ ചങ്ങാതിക്ക് മാസങ്ങളോളം വെള്ളം കുടിക്കാതെ ജീവിക്കാനുള്ള കഴിവുണ്ട്. പ്രധാന ആഹാരം കള്ളിമുൾച്ചെടികളാണ്. ഒറ്റയടിക്ക് 100 ലിറ്ററോളം വെള്ളം കുടിക്കാൻ ഒട്ടകത്തിനു കഴിയും.
മൊളോച്ച്
15 സെന്റിമീറ്റർ നീളമുള്ള ഇൗ പല്ലികളുടെ ശരീരം മുഴുവൻ മുള്ളുകളാണ്. മഞ്ഞയോ ചാരനിറമോയായ ഇവയുടെ ആഹാരം ഉറുമ്പുകളാണ്.
സ്കാരബ് വണ്ട്
കറുത്ത നിറത്തിൽ കട്ടികൂടിയ പുറന്തോടുള്ള വണ്ടുകളാണിവ. ചൂടിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഈ പുറന്തോട് സഹായിക്കുന്നു.
മണൽപ്പൂച്ച
വടക്കേ ആഫ്രിക്കയിലെയും മധ്യപൂർവ പ്രദേശത്തെയും മരുഭൂമികളിൽ കാണപ്പെടുന്നു. ശരീരം നിറയെയുള്ള രോമം ചൂടിൽനിന്നു സംരക്ഷണം നൽകുന്നു.
റാറ്റിൽ സ്നേക്കുകൾ
വടക്കേ അമേരിക്കയിലെ മരുഭൂമിയിൽ കാണപ്പെടുന്ന വിഷപ്പാമ്പുകളാണിവ. ശരീരത്തിന്റെ വശങ്ങൾ മണലിൽ ഉരസിയാണ് ഈ പാമ്പുകൾ ഇഴയുന്നത്.
ഒറിക്സ്
ആഫ്രിക്ക-അറേബ്യ മരുഭൂമികളിൽ കാണുന്ന മാൻ വർഗങ്ങളിൽ ഒന്നാണ് ഒറിക്സ്. നരച്ച തവിട്ട് നിറമോ വെള്ള കലർന്ന തവിട്ട് നിറമോയാണിവക്ക്. മുഖത്തും നെറ്റിയിലും ഇരുണ്ട പാടുകളും കണ്ണിനിരുവശത്തും കറുത്ത വരകളുമുണ്ട്.
ഖഫ് മരങ്ങൾ
അറേബ്യൻ മരുഭൂമികളിൽ കാണുന്ന മരങ്ങളാണിവ. 35 മീറ്റർ ആഴത്തിൽ വരെ വേരോടിക്കാൻ ഇവക്കു കഴിയും. മാർച്ച്, മേയ് മാസങ്ങളിൽ ചെറുപുഷ്പങ്ങൾ ഖഫ് മരങ്ങളിൽ നിറഞ്ഞുനിൽക്കും. ക്രീം നിറത്തിലുള്ളവയാണ് പൂക്കൾ. ഈ മരത്തിന്റെ കായയാകട്ടെ ആടിന്റെയും ഒട്ടകത്തിന്റെയും ആഹാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.