അന്തരീക്ഷത്തിന് ഭൂമിയുടെ നൂറിലൊന്നു മാത്രം സാന്ദ്രതയുള്ള ചൊവ്വയിൽ നാസയുടെ ഹെലികോപ്ടർ പറന്നതെങ്ങനെ? അത് സാധ്യമെന്ന് ശാസ്ത്രലോകം തെളിയിച്ചിരിക്കുന്നു. നാസയുടെ ഇൻജിന്യൂയിറ്റി എന്ന ലഘു ഹെലികോപ്ടർ ചൊവ്വയുടെ അന്തരീക്ഷത്തിൽ 2021 ഏപ്രിൽ-മേയ് മാസങ്ങളിലായി പറന്നത് അഞ്ചു തവണയാണ്. 2021 ഏപ്രിൽ 19നായിരുന്നു ആദ്യ പറക്കൽ. അവസാന പറക്കൽ മേയ് ഏഴിനും. ഈ പറക്കലുകളിൽ ആർജിക്കാനായ പരമാവധി ദൂരം 129 മീറ്ററും ഉയരം 10 മീറ്ററും സമയം 117 സെക്കൻഡുമാണ്.
ഹെലികോപ്ടറുകൾക്ക് പറക്കാൻ കട്ടിയുള്ള അന്തരീക്ഷം വേണം. അതുകൊണ്ടാണ് അവ എപ്പോഴും വിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഉയരത്തിൽ മാത്രം പറക്കുന്നത്. പരമാവധി നാലു കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമേ അവക്ക് ഭൂമിയിൽ പറക്കാനാവൂ. മുകളിലേക്കു പോകുംതോറും വായുവിെൻറ സാന്ദ്രത കുറഞ്ഞുവരുന്നതാണ് അതിനു കാരണം. ചൊവ്വയുടെ അന്തരീക്ഷത്തിെൻറ സാന്ദ്രത ഭൂമിയുടേതിെൻറ നൂറിലൊന്നു മാത്രമാണ്. അപ്പോൾ ചൊവ്വയിൽ എങ്ങനെ ഒരു ഹെലികോപ്ടർ പറത്തും? ഈ വെല്ലുവിളിയാണ് നാസ ഏറ്റെടുത്തത്. വായുവിെൻറ സാന്ദ്രതക്കുറവ് എന്ന പ്രതികൂല ഘടകം ഉള്ളപ്പോൾത്തന്നെ ചൊവ്വയുടെ ഗുരുത്വാകർഷണശേഷി ഭൂമിയുടെ മൂന്നിലൊന്നു മാത്രമാണെന്ന ഒരു അനുകൂല ഘടകവുമുണ്ട്.
പേരിൽ മാത്രമാണ് ഇൻജിന്യൂയിറ്റി ഒരു ഹെലികോപ്ടർ ആയിരിക്കുന്നത്. സത്യത്തിൽ ഇത് 1.8 കിലോഗ്രാം മാത്രം തൂക്കമുള്ള ഒരു കുഞ്ഞു ഡ്രോൺ ആണ്. ബാറ്ററിയും സോളാർപാനലും മോട്ടോറുകളും ഒരു മീറ്റർ വീതം നീളമുള്ള നാലു ദളങ്ങളുള്ള പങ്കയും രണ്ടു കാമറകളും എല്ലാംകൂടി 1.8 കിലോഗ്രാം മാത്രമാണ് ഭാരം. ഇത്രയും കുറഞ്ഞ ഭാരത്തിൽ ഒരു ഹെലികോപ്ടർ നിർമിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. നാസയിലെ ശാസ്ത്രജ്ഞന്മാർക്ക് ആ വെല്ലുവിളി ഭംഗിയായി ഏറ്റെടുക്കാൻ കഴിഞ്ഞു. ഈ ഒരു കുഞ്ഞൻ ഹെലികോപ്ടറിനെ നിർമിക്കാൻ നാസയിലെ എൻജിനീയർമാർക്ക് അധ്വാനിക്കേണ്ടിവന്നത് ആറു വർഷമാണ്. അന്തരീക്ഷത്തിന് ഭൂമിയുടെ നൂറിലൊന്നു മാത്രം സാന്ദ്രതയുള്ള ചൊവ്വയിൽ പറക്കൽ സാധ്യമാകണമെങ്കിൽ പങ്ക അത്ഭുതാവഹവേഗത്തിൽ കറങ്ങണം. മിനിറ്റിൽ 2400 തവണ കറങ്ങുന്നതായിരുന്നു അതിെൻറ പങ്ക.
1.8 കിലോഗ്രാം ഭാരമുള്ള ഇൻജിന്യൂയിറ്റിയെ ചൊവ്വയിലെത്തിച്ചത് 'പെഴ്സി' എന്ന ഓമനപ്പേരുള്ള പെർസിവിയറൻസ് എന്ന റോവറാണ്. അലക്സാണ്ടർ മാതെർ എന്ന ഒരു ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഈ പേര് നിർദേശിച്ചത്. നാസയുടെ മാർസ് 2020 മിഷെൻറ ഭാഗമായി വിക്ഷേപിക്കപ്പെട്ട ഒരു ചെറു കാറിെൻറ വലുപ്പമുള്ള വാഹനമാണ് പെർസിവിയറൻസ്. 1025 കിലോഗ്രാമാണ് ഇതിെൻറ ഭാരം. 2020 ജൂൈല 30ന് അറ്റ്ലസ്–5 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കപ്പെട്ട ഇത്, ആറര മാസങ്ങൾക്കുശേഷം 2021 ഫെബ്രുവരി 18നാണ് ചൊവ്വയിലിറങ്ങിയത്. സോഫ്റ്റ് ലാൻഡിങ്ങിന് സഹായിച്ചത് പാരച്യൂട്ടും എതിർദിശയിൽ തള്ളുന്ന ചെറുറോക്കറ്റുകളുമായിരുന്നു.
പെർസിവിയറൻസിെൻറ അടിഭാഗത്താണ് ഇൻജിന്യൂയിറ്റിയെ ഘടിപ്പിച്ചിരുന്നത്. ലാൻഡ് ചെയ്യുന്ന സമയത്ത് ഉയരുന്ന പൊടിയേറ്റ് കേടുവരാതിരിക്കാനായി ഇതിനെ ഒരു ഷെല്ലുകൊണ്ട് പൊതിഞ്ഞിരുന്നു. നീണ്ട ആറരമാസത്തെ യാത്രക്കിടയിൽ ഇതിെൻറ ബാറ്ററി ഡൗണായിപ്പോകാതിരിക്കാൻ മാതൃവാഹനമായ പെർസിവിയറൻസ് ഇതിനെ സ്വന്തം കുഞ്ഞിന് മുല കൊടുക്കുന്ന അമ്മയെപ്പോലെ ഇടക്കിടെ ചാർജ് ചെയ്തു. ഇൻജിന്യൂയിറ്റിയെ ചൊവ്വയുടെ മണ്ണിലിറക്കിയശേഷം പെർസിവിയറൻസ് 100 മീറ്റർ അപ്പുറത്തുള്ള ഒരു സുരക്ഷിത സ്ഥാനത്തേക്ക് ഉരുണ്ടുനീങ്ങിപ്പോയി. ശേഷം സോളാർ പാനലുകൾ നിവർന്നതോടെ ഇൻജിന്യൂയിറ്റി സ്വയം പ്രവർത്തനക്ഷമമായി.
റൈറ്റ് സഹോദരന്മാർ ചൊവ്വയിൽ
ആദ്യമായി വിമാനം പറപ്പിച്ച റൈറ്റ് സഹോദരന്മാരുടെ ഓർമയും പേറിയാണ് ഇൻജിന്യൂയിറ്റി ചൊവ്വയിൽ പറന്നത്. അവരുടെ ആദ്യ വിമാനത്തിെൻറ ചിറകിൽ ഉപയോഗിച്ചിരുന്ന ഒരു തരം തുണിയുടെ ഒരു ചെറുകഷണം ഇൻജിന്യൂയിറ്റിയുടെ സോളാർ പാനലിനടിയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇൻജിന്യൂയിറ്റിയുടെ ആദ്യ പറക്കലിനെ നാസ വിശേഷിപ്പിച്ചത് 'റൈറ്റ് ബ്രദേഴ്സ് മൊമെൻറ്' എന്നാണ്. അതു പോലെ ഇൻജിന്യൂയിറ്റി പറന്ന ചൊവ്വയിലെ ജെസെറോഗർത്ത പ്രദേശത്തിന് 'റൈറ്റ് ബ്രദേഴ്സ് ഫീൽഡ്' എന്ന പേരും നാസ നൽകിയിട്ടുണ്ട്.
ടെക്നോളജി ഡെമോൺസ്ട്രേഷൻ മാത്രമാണ് നാസ ഇൻജിന്യൂയിറ്റിയുടെ ലക്ഷ്യമായി കണ്ടത്. അതിനാൽ രണ്ടു കാമറകളല്ലാതെ പരീക്ഷണ ഉപകരണങ്ങളൊന്നും ഈ ഡ്രോണിൽ ഉണ്ടായിരുന്നില്ല. എന്നാൽ, നാളെ കൂടുതൽ വലിയ ലക്ഷ്യങ്ങളോടു കൂടിയ ദൗത്യങ്ങൾക്കും മനുഷ്യെൻറ ചൊവ്വായാത്രക്കും മുന്നോടിയായുള്ള ടെക്നോളജി ഡെമോൺസ്ട്രേഷൻ എന്ന നിലയിൽ ഇൻജിന്യൂയിറ്റിയുടെയും പെർസിവിയറൻസിെൻറയും നേട്ടങ്ങൾ വളരെ വലുതാണ്. ഒരാൾക്ക് 10 മിനിറ്റ് ശ്വസിക്കാൻ വേണ്ട ഓക്സിജൻ ചൊവ്വയിലെ കാർബൺഡൈ ഓക്സൈഡ് ഉപയോഗിച്ച് നിർമിക്കാൻ കഴിഞ്ഞു എന്നത് പെർസിവിയറൻസിെൻറ ഒരു വൻ നേട്ടമാണ് (ഇതിെൻറ വിശദാംശങ്ങൾ അടുത്ത ലക്കത്തിൽ എഴുതാം). ഒരു അന്യഗോളത്തിൽ ചെറുതെങ്കിലും ഒരു ഹെലികോപ്ടർ പറക്കുന്നത് ആദ്യമാണ്. ഇൻജിന്യൂയിറ്റി പറക്കുന്നതിെൻറ ശബ്ദം മാതൃവാഹനം പകർത്തുകയുണ്ടായി എന്നത് മറ്റൊരു നേട്ടമാണ്. ഈ ശബ്ദം അത് നിയന്ത്രണകേന്ദ്രത്തിലേക്കയച്ചു. ഒരു അന്യഗ്രഹത്തിൽ വെച്ച് ഒരു വാഹനം മറ്റൊരു വാഹനത്തിെൻറ ശബ്ദം പകർത്തുന്നത് ഇത് ആദ്യമായാണ്.
ഇന്ത്യയിൽ ജനിച്ചുവളർന്ന ഡോ. ജെ. ബോബ് ബാലാറാം എന്ന എൻജിനീയറുടെ നേതൃത്വത്തിലാണ് ഇൻജിന്യൂയിറ്റി എന്ന മാർസ് ഹെലികോപ്ടർ വികസിപ്പിച്ചത്. ചെന്നൈ ഐ.ഐ.ടിയിൽ 1975-80 ബാച്ചിൽ പഠിച്ച ഇദ്ദേഹം 20 വർഷമായി നാസയിൽ ജോലി ചെയ്യുന്നു. അമേരിക്കയുടെ അപ്പോളോ ദൗത്യങ്ങളാണ് ഇദ്ദേഹത്തെ ബഹിരാകാശരംഗത്തേക്ക് ആകർഷിച്ചത് എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.