ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിൽ ഒന്നാണ് '1921'. ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര പോരാളികൾ മാരക പ്രഹരങ്ങളേൽപിച്ചു. 'മാപ്പിള ലഹള'യെന്നും 'വർഗീയകലാപ'മെന്നുമൊക്കെ വിളിച്ച് ബ്രിട്ടീഷുകാർ മുതൽ ഇന്നത്തെ ഹിന്ദുത്വവാദികളായ ഭരണാധികാരികൾ വരെ അധിക്ഷേപിച്ചിട്ടും അതിലൊന്നും പ്രഭമങ്ങാതെ നൂറാം വർഷത്തിലും 1921 ആവേശകരമായ ഓർമയായി നിറയുന്നു.

1,43,852 ചതുരശ്ര മൈൽ വലുപ്പമുള്ള, 30 ജില്ലകളുള്ള മദ്രാസ് പ്രസിഡൻസിയിൽ വലുപ്പത്തിൽ എട്ടാം സ്ഥാനത്തുള്ള ജില്ലയായിരുന്നു 1921ൽ മലബാർ. 5792 ചതുരശ്ര മൈൽ വിസ്തീർണം. എട്ടു പട്ടണങ്ങളും 2201 ഗ്രാമങ്ങളുമുള്ള ജില്ല. അന്ന് ഏറ്റവും കൂടുതൽ ജനങ്ങളുള്ള ജില്ലയിലൊന്നായിരുന്നു മലബാർ. മൊത്തം ജനങ്ങൾ 30,98,871 പേർ. കൃഷിയായിരുന്നു മലബാർ ജില്ലയിലെ ഭൂരിപക്ഷം ജനങ്ങളുടെയും പ്രധാന വരുമാന മാർഗം. ജനസംഖ്യയുടെ 61.50 ശതമാനം കൃഷിയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്.


പിന്നീട് ബ്രിട്ടീഷുകാരും പല ചരിത്രകാരന്മാരും വാദിച്ചതുപോലെ മലബാറിലെ കേവലം രണ്ടു താലൂക്കുകളിലെ 'ലഹള'യായിരുന്നില്ല 1921ൽ നടന്നത്. മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട്, കോഴിക്കോട്, പൊന്നാനി താലൂക്കുകൾക്ക് പുറമേ, വയനാട്, കുറുമ്പ്രനാട് താലൂക്കുകളും ഗൂഡല്ലൂർ ഉൾപ്പെടുന്ന നീലഗിരി ജില്ലയും 1921ന്റെ ഭാഗമാകുകയോ, കലാപം ബാധിക്കുകയോ ചെയ്തു. 1921 ആഗസ്​റ്റ്​​ ​ 20 മുതൽ 1922 ജനുവരി അവസാനം വരൊണ് മലബാർ കലാപം നടന്നത്. ആഗസ്​റ്റ്​ അവസാന ആഴ്ചകളിൽ ബ്രിട്ടീഷുകാർക്ക് മലബാറിലെ അധികാരം നഷ്​ടമായി എന്നു തന്നെപറയാം. പിന്നീട് വൻ സായുധസേനയെ അണിനിരത്തി കൂട്ടക്കൊല അഴിച്ചുവിട്ടാണ് മലബാറിന്റെ രോഷത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയത്. മലബാർ കലാപം, മലബാർ സമരം, മലബാർ വിപ്ലവം എന്ന പേരുകളിൽ ഇന്ന് അറിയപ്പെട്ടുന്ന മലബാറിലെ തിളച്ചുമറിഞ്ഞ പ്രക്ഷോഭം ബ്രിട്ടീഷുകാരെ അടിമുടി വിറപ്പിച്ചു.

1921ൽ 2339 പേർ രക്തസാക്ഷികളായി എന്ന് ബ്രിട്ടീഷ് രേഖകൾ തന്നെ സമ്മതിക്കുന്നു. കൊല്ലപ്പെട്ട പോരാളികളുടെ ഏറ്റവും കുറഞ്ഞ എണ്ണമാണ് അത്. ബ്രിട്ടീഷ് കണക്കുകൾ പ്രകാരം പട്ടാളത്തിലും പൊലീസിലുമായി 50 പേർ കൊല്ലപ്പെട്ടു (24 പൊലീസുകാരും 26 പട്ടാളക്കാരും). 29 പൊലീസുകാർക്കും 103 പട്ടാളക്കാർക്കും പരിക്കേറ്റു.


എത്ര പോരാളികൾ ശിക്ഷിക്കപ്പെട്ടുവെന്നതിനെപ്പറ്റിയും പലതരം അനുമാനങ്ങളും ഊഹാപോഹങ്ങളുമാണ് നിലനിൽക്കുന്നത്. 1922 ജനുവരി വരെ 22 പോരാളികൾക്ക് ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷവിധിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന സർ മാൽകം ഹെയ്‌ലി പറയുന്നത് 38 പേരെ വെടിവെച്ചും 308 പേരെ തൂക്കിയും കൊന്നുവെന്നാണ്. തടവറയിലടക്കപ്പെട്ടവരുടെ എണ്ണം 30,000-40,000 ഇടയിൽ വരും. 1921 മുതൽ 1924 വരെയുള്ള വർഷങ്ങളിൽ ജയിലിൽ മരിച്ച പോരാളികളുടെ മൊത്തം എണ്ണം ഏറ്റവും കുറഞ്ഞത് 1600 ആണ് എന്നും ഇന്ന് വ്യക്തമാണ്. 1921 ഡിസംബർ നാലിനാണ് കണ്ണൂർ ജയിലിൽ 10 മാപ്പിള തടവുകാരെ ഭരണകൂടം കൂട്ടക്കൊല നടത്തിയപോലുള്ള സംഭവങ്ങൾ വേറെയും നടന്നു. 1921ൽ പങ്കെടുത്തതിന് 1290 പേരെ ശിക്ഷിച്ച് അന്തമാനിലേക്ക് നാടുകടത്തി. ഈ കണക്കുകളിൽനിന്ന് മുന്നേറ്റത്തിന്റെ വ്യാപ്തി, തീവ്രത, പങ്കാളിത്തം എന്നിവയുടെ ഏകദേശ രൂപം വ്യക്തമാണ്. ഇന്ത്യയിൽ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം നടന്ന ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ-ജന്മിത്വവിരുദ്ധ സ്വാതന്ത്ര്യപോരാട്ടമാണ് 1921 എന്നു നിസ്സംശയം പറയാം.


നാൾവഴികൾ

  • 1918 നവംബർ 11: ഒന്നാം ലോകയുദ്ധം അവസാനിച്ചു. സഖ്യശക്തികൾ വിജയിച്ചു.
  • 1918 നവംബർ 12: തുർക്കി സംഖ്യശക്തികൾ പിടിച്ചെടുക്കാൻ തുടങ്ങി.
  • 1918 നവംബർ 13: ഇന്ത്യയിലെ അടക്കം മുസ്‌ലിംകൾക്ക് നൽകിയ വാഗ്ദാനം ലംഘിച്ച് ബ്രിട്ടൻ തുർക്കിക്കുനേരെ ആക്രമണം തുടങ്ങി
  • 1919 ഒക്‌ടോബർ 27: ഖിലാഫത്​ പ്രസ്ഥാനത്തിന് തുടക്കം. രാജ്യത്ത് ഖിലാഫത്​ ദിനം ആചരിച്ചു.
  • 1919 നവംബർ 23-24: ആദ്യ ഖിലാഫത്​ സമ്മേളനം. 24ാം തീയതി സമ്മേളനത്തിൽ ഗാന്ധി അധ്യക്ഷത വഹിച്ചു.
  • 1919 നവംബർ 22: ഡൽഹിയിൽ ഫസലുഹഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖിലാഫത്​ കോൺഗ്രസ് എന്ന സംഘടന സ്ഥാപിക്കപ്പെട്ടു.
  • 1920 ഏപ്രിൽ 28: മഞ്ചേരിയിൽ അഞ്ചാം മലബാർ ജില്ല കോൺഗ്രസ് സമ്മേളനം ചേർന്നു. ഖിലാഫത്​ പ്രശ്‌നം സജീവ ചർച്ചയായി.
  • 1920 മേയ്: കോഴിക്കോട് ചേർന്ന കുടിയാന്മാരുടെ യോഗം മലബാർ കുടിയാൻ സംഘം രൂപവത്​കരിച്ചു.
  • 1920 ജൂൺ 22: തുർക്കിയുടെ വിഷമങ്ങൾക്ക് ആഗസ്​റ്റ്​ 20 ന് മുമ്പ് പരിഹാരം കണ്ടില്ലെങ്കിൽ നിസ്സഹകരണം ആരംഭിക്കുമെന്ന് വൈസ്രോയിക്ക് ഖിലാഫത്​ കമ്മിറ്റി സന്ദേശം അയച്ചു.
  • 1920 ആഗസ്​റ്റ്​ 1: ഖിലാഫത്​ കമ്മിറ്റി നിസ്സഹകരണം തുടങ്ങി.
  • 1920 ആഗസ്​റ്റ്​ 18: നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്​ പ്രക്ഷോഭത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കാൻ ഗാന്ധിജി കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് സംസാരിച്ചു.
  • 1921 ഫെബ്രുവരി 5: ഏറനാട് താലൂക്കിൽ പൊതുയോഗങ്ങൾ മലബാർ ജില്ല മജിസ്‌ട്രേറ്റ് നിരോധിച്ചു.
  • 1921 ഫെബ്രുവരി 16: നിരോധനം ലംഘിച്ച് കോഴിക്കോട് പ്രസംഗിക്കാൻ തീരുമാനിച്ച ഖിലാഫത്​-കോൺഗ്രസ് നേതാവ് യാക്കൂബ് ഹസ്സനെയും മലബാറിലെ നേതാക്കളായ കെ. മാധവൻ നായർ, യു. ഗോപാല മേനോൻ, പൊന്മാടത്ത് മൊയ്തീൻ കോയ എന്നിവരെ അറസ്​റ്റ്​ ചെയ്ത് ആറുമാസത്തെ വെറും തടവിന് ശിക്ഷിച്ചു.
  • 1921 ഏപ്രിൽ 22-26: ഒറ്റപ്പാലത്ത് കോൺഗ്രസിന്റെ ആദ്യ അഖില കേരള സമ്മേളനം എന്നു വിശേഷിപ്പിക്കാവുന്ന സമ്മേളനം നടന്നു. ടി. പ്രകാശം അധ്യക്ഷതവഹിച്ചു. സമ്മേളനത്തിനൊപ്പം കുടിയാൻ സമ്മേളനം, ഖിലാഫത്​ സമ്മേളനം,കേരള ഉലാ സമ്മേളനം എന്നിവ നടന്നു.
  • 1921 ഏപ്രിൽ 26: ഒറ്റപ്പാലത്ത് കോൺഗ്രസ് സമ്മേളനത്തിന്റെ നാലാം ദിവസം ഖിലാഫത്​ വളൻറിയർ ചെങ്കളത്ത് മാധവമേനോനെ (കുഞ്ഞപ്പമേനോൻ) പൊലീസ് മർദിച്ചു. അന്വേഷിക്കാൻ ചെന്ന കോൺഗ്രസ് നേതാക്കളെയും പന്തലിലേക്ക് മടങ്ങിയ സ്വാഗതംസംഘം സെക്രട്ടറി പി. രാവുണ്ണി മേനോനെയും മർദിച്ചു. ഇതേ തുടർന്ന് ഒറ്റപ്പാലത്ത് പ്രതിഷേധ പ്രകടനം നടന്നു.
  • 1921 ജൂലൈ 29: പൂക്കോട്ടൂർ കോവിലകം കുത്തിത്തുറന്ന് ഒറ്റക്കുഴൽ തോക്കും 130 രൂപയും ആധാരങ്ങളും വടക്കേവീട്ടിൽ മമ്മദ് (മുഹമ്മദ്) തലേ ദിവസം കവർന്നതായി തിരുമുൽപ്പാടിന്റെ പരാതി മഞ്ചേരി സ്‌റ്റേഷനിൽ ലഭിച്ചു.
  • 1921 ജൂലൈ 31: സന്ധ്യക്ക് ഏതാനും ആൾക്കാർക്കൊപ്പം കോവിലകത്തു ചെന്ന് പാട്ടം പിരിവുകാരൻ എന്ന നിലയിൽ തനിക്ക് തരാൻ ബാക്കിയുള്ള പണം വേണമെന്ന് വടക്കേവീട്ടിൽ മമ്മദ് ആവശ്യപ്പെടുകയും കയർക്കുകയും ചെയ്തു. ഇതു വലിയ സംഘർഷമായി വികസിച്ചു.
  • 1921 ആഗസ്​റ്റ്​ 19: തിരൂരങ്ങാടിയിൽ നിന്ന് ഖിലാഫത്​ നേതാക്കളെ പിടികൂടാനും മാപ്പിളമാർക്കിടയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാനും വലിയ പൊലീസ് സംഘവും 79 പട്ടാളക്കാരടങ്ങുന്ന ലൈൻസ്​റ്റർ റെജിമൻറും കോഴിക്കോട് നിന്ന് ട്രെയിനിൽ പുറപ്പെട്ടു.
  • 1921 ആഗസ്​റ്റ്​ 20: പരപ്പനങ്ങാടിൽ ട്രെയിൻ ഇറങ്ങിയ ഭരണകൂട സേനകൾ തിരൂരങ്ങാടിയിലേക്ക് അറസ്​റ്റിനും ആയുധ തിരച്ചിലിനുമായി നീങ്ങി. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് സൈന്യത്തിന് കോഴിക്കോട്ടേക്ക് പിൻവാങ്ങേണ്ടിവന്നു. ബയണറ്റ് ചാർജ് ചെയ്ത പൊലീസ് സംഘത്തെ ജനം വടിയുമായി നേരിട്ടു. നാട്ടുകാർ ഭരണകൂട സേനയെ ആക്രമിച്ചു. ഔദ്യോഗിക കണക്കുപ്രകാരം പൊലീസ് വെടിവപ്പിൽ ഒമ്പതു പേർ മരിച്ചു. മൊത്തം കുറഞ്ഞത് 40 പേർ മരിച്ചു. ഇരുപതു പേർക്ക് പരിക്കേറ്റു.
  • 1921 ആഗസ്​റ്റ്​ 21: ആയുധ തിരച്ചിൽ സംഘം തിരൂരങ്ങാടി വിട്ട് മടങ്ങാൻ നിർബന്ധിതരായി. തിരൂരങ്ങാടിയിലെ സർക്കാർ ഓഫിസുകൾ ആക്രമിച്ചു. പൊലീസ് സ്‌റ്റേഷൻ, സബ് മജിസ്‌ട്രേറ്റ് കോടതി, സബ് രജിസ്​ട്രാറുടെ ഓഫിസ് എന്നിവക്ക് തീകൊടുത്തു. അന്നുതന്നെ മഞ്ചേരി പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചു. താലൂക്ക് ട്രഷറി രണ്ടുവട്ടം ആക്രമിച്ചു. കരുവാരക്കുണ്ട് പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ പിടിച്ചെടുത്തു.
  • 1921 ആഗസ്​റ്റ്​ 22: പാണ്ടിക്കാട് അങ്ങാടിയിൽ 4000 വരുന്ന ജനക്കൂട്ടത്തോട് സായുധ സമരം നടത്താൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പൂക്കുന്നുമ്മൽ ആലി ഹാജിയും ആഹ്വാനം നൽകി.
  • 1921 ആഗസ്​റ്റ്​ 24: മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ പട്ടാള നിയമം ഏർപ്പെടുത്തി. തൂവൂരിൽ 34 ഹിന്ദുക്കളെയും രണ്ടു മാപ്പിളമാരെയും കലാപകാരികൾ കൊലപ്പെടുത്തി കിണറ്റിലിട്ടു.
  • 1921 ആഗസ്​റ്റ്​ 25: പൂനൂർ,പുല്ലങ്കോട്, കേരള എസ്‌റ്റേറ്റുകൾ ആക്രമിച്ചു.
  • 1921 ആഗസ്​റ്റ്​ 26: പൂക്കോട്ടൂരിൽ മാപ്പിളപോരാളികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ അഞ്ചുമണിക്കുർ നീണ്ട യുദ്ധം നടന്നു. ഒളിപ്പോർമുറയിൽ നടന്ന പോരാട്ടത്തിന് വടക്കേ വീട്ടിൽ മുഹമ്മദ് നേതൃത്വം നൽകി. 400 നടുത്ത് പോരാളികൾ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. പട്ടാളത്തിലെ മൂന്നുപേരും, പൊലീസിലെ നാലു പേരും കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് രേഖകൾ പറയുന്നു. പട്ടാളത്തിലും പൊലീസിലുമായി ആറു പേർക്ക് പരിക്കേറ്റതായാണ് രേഖകൾ.
  • 1921 ആഗസ്​റ്റ്​ 30: തിരൂരങ്ങാടി വലിയ ജുമുഅത്ത് വലിയപള്ളി ബ്രിട്ടീഷ് സേന വളഞ്ഞു. പള്ളിക്കുള്ളിൽ ആലി മുസ്‌ലിയാരും നൂറോളം അനുയായികളുമുണ്ടായിരുന്നു. പന്തല്ലൂരിലെ മുടിക്കോട് പൊലീസ് ഔട്ട് പോസ്​റ്റ്​ ആക്രമിച്ചു. ആനക്കയത്ത് ബ്രിട്ടീഷ് സഹായിയായ റിട്ടയേർഡ് ഇൻസ്‌പെകടർ കെ.വി. ചേക്കൂട്ടിയെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സംഘം വധിച്ചു. ഹെഡ്‌കോൺസ്​റ്റബിൾ (നമ്പർ 921) ഹൈദ്രോസും വധിക്കപ്പെട്ടു.
  • 1921 ആഗസ്​റ്റ്​ 31: തിരൂരങ്ങാടിയിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ. തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിക്കുനേരെ ബ്രിട്ടീഷ് സേന വെടിയുതിർത്തു. തിരിച്ചും പ്രത്യാക്രമണം. പള്ളി പീരങ്കി ഉപയോഗിച്ച് തകർക്കുമെന്ന് അറിയിപ്പ് വന്നതോടെ കൂടുതൽ നാശം ഉണ്ടാകാതിരിക്കാൻ ആലി മുസ്‌ലിയാരും മറ്റു 37 പേരും കീഴടങ്ങി. 24 പേർ കൊല്ലപ്പെട്ടു.
  • 1921 സെപ്റ്റംബർ 16: നിലമ്പൂർ ആസ്ഥാനമാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 'സമാന്തര രാഷ്​ട്രം' പ്രഖ്യാപിച്ചു.
  • 1921 സെപ്റ്റംബർ 23: പാണ്ടിക്കാട് ഒളിയുദ്ധ മാതൃകയിൽ ആക്രമണം.
  • 1921 ഒക്‌ടോബർ 15: ബ്രിട്ടീഷ് സേനാ നീക്കം ശക്തമാകുന്നു. പുതിയ സേനാവിഭാഗങ്ങൾ മലബാറിൽ എത്തി.
  • 1920 ഒക്‌ടോബർ 20: മൊറയൂരിനടുത്തുള്ള പോത്തുവെട്ടിപ്പറായിൽ പതിയിരുന്ന മാപ്പിള പോരാളികൾ ബ്രിട്ടീഷ് പട്ടാളത്തെ ആക്രമിച്ചു. 16 പേർ രക്തസാക്ഷികളായി.
  • 1921 ഒക്‌ടോബർ 25: മലപ്പുറം മേൽമുറി അധികാരത്തൊടിയിൽ 11 വയസ്സുകാരി കീടക്കാട്ട് ഫാത്തിമ ഉൾ​െപ്പടെ 11 പേരെ ഡോർസെറ്റ് റെജിമെൻറ് വെടി​െവച്ചുകൊന്നു. മൊത്തം 246 പേർ രക്തസാക്ഷികളായി.
  • 1921 നവംബർ 14: പുലർച്ച 5.30ന് കലാപകാരികൾ പാണ്ടിക്കാട് ചന്തക്കടുത്തുള്ള ഗൂർഖാ റെജിമെൻറ് ക്യാമ്പ് ആക്രമിച്ചു. 234 പോരാളികൾ മരിച്ചു. ഒരു ബ്രിട്ടീഷ് ഓഫിസറും മൂന്ന് ഗൂർഖാ പട്ടാളക്കാരും കൊല്ലപ്പെട്ടു. 34 പട്ടാളക്കാർക്ക് പരിക്കേറ്റു.
  • 1921 നവംബർ 19: വാഗൺ ട്രെയിൻ കൂട്ടക്കൊല. 56 പേർ വാഗണിൽ മരിച്ചു. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും ആശുപത്രിയിൽ ​െവച്ചും 14 പേർ കൂടി മരിച്ചു. മൊത്തം മരണം 70.
  • 1921 ഡിസംബർ 9: മങ്കട കോവിലകത്തിന് സമീപം ഭരണകൂടം നടത്തിയ ആക്രമണത്തിൽ 14 മരണം. വേങ്ങര പൂച്ചോലമാടിൽ ഏറ്റുമുട്ടലിൽ 81 മാപ്പിളമാർ രക്തസാക്ഷികളായി.
  • 1922 ജനുവരി 6: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കാളികാവിനടുത്ത് കല്ലാമൂലയിൽ പിടിയിലായി. ഒപ്പം 27 പേരും.
  • 1922 ജനുവരി 9: ചെമ്പ്രശ്ശേരി തങ്ങളെയും കോഴിശ്ശേരി മമ്മദിനെയും മേലാറ്റൂരിലെ ഗൂർഖാ ക്യാമ്പിൽ പട്ടാളക്കോടതി വിചാരണക്കുശേഷം വെടി​െവച്ചുകൊന്നു.
  • 1922 ജനുവരി 20: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വധശിക്ഷ മലപ്പുറം കോട്ടക്കുന്നിൽ ​െവച്ച് ബ്രിട്ടീഷുകാർ രാവിലെ 10 മണിയോടെ നടപ്പാക്കി. മേലാറ്റൂരിൽ ഏറ്റുമുട്ടൽ. ചെമ്പകശ്ശേരി ഇമ്പിച്ചികോയ തങ്ങൾ കൊല്ലപ്പെട്ടു.
  • 1922 ഫെബ്രുവരി 22: ചൗരിചൗര സംഭവത്തിന്റെ പേരിൽ ഗാന്ധി നിസ്സഹകരണ സമരം പിൻവലിച്ചു.
  • 1922 ഫെബ്രുവരി 24: ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ ഏർപ്പെടുത്തിയിരുന്ന പട്ടാളനിയമം പിൻവലിച്ചു.
  • 1922 ഏപിൽ 18: 1921ന്റെ പേരിൽ ശിക്ഷിക്കപ്പെട്ടവരുമായി അന്തമാനിലേക്ക് ആദ്യ കപ്പൽ പുറപ്പെട്ടു.

1921​െൻറ  കാരണങ്ങൾ

സാർവദേശീയവും ദേശീയവും പ്രാദേശികവുമായ നിരവധി വിഷയങ്ങൾ കണ്ണിചേർന്നാണ് '1921' നടക്കുന്നത്.

  1. ബ്രിട്ടൻ ഇന്ത്യ വിടുക എന്ന ലക്ഷ്യത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യ പോരാട്ടം.
  2. സാമ്രാജ്യത്വ വിരുദ്ധ സമരത്തോട് കണ്ണിചേർന്ന നാടുവാഴിത്തവിരുദ്ധ പ്രക്ഷോഭം.
  3. ഖിലാഫത്​ പ്രശ്‌നം. തുർക്കിയെ ആക്രമിച്ചുകൊണ്ട് ബ്രിട്ടൻ ചെയ്ത അനീതി ഒരേസമയം മതവിശ്വാസത്തോടുള്ള ആക്രമണവും വിശ്വാസവഞ്ചനയുമായി മുസ്‌ലിം സമൂഹം കണക്കാക്കി.
  4. ജാലിയൻ വാലബാഗിലടക്കം രാജ്യത്താകെ ബ്രിട്ടീഷുകാർ നടത്തിയ നിഷ്ഠുര അടിച്ചമർത്തലുകൾ.
  5. മലബാറിലെ കുടിയാൻ പ്രശ്‌നം. കൂടാതെ, കർഷകരെ കുടിയൊഴിപ്പിക്കുകയും ഭൂമിയിൽനിന്ന് അന്യായമായി അകറ്റുകയും ചെയ്ത കാർഷിക മേഖലയിലെ നയങ്ങളും പ്രക്ഷോഭത്തിന് കാരണമായി.
  6. മാപ്പിള സമുദായത്തോട് ഒന്നേകാൽ നൂറ്റാണ്ട് ബ്രിട്ടീഷുകാർ ചെയ്ത അനീതികൾ. മാപ്പിളമാർക്ക് വേണ്ട പരിഗണന അധികാരത്തിലടക്കം ഒരു തലത്തിലും നൽകാതിരിക്കൽ.
  7. മാപ്പിള അതിക്രമ നിയമംമൂലം തുടർച്ചയായി മലബാറിൽ നടന്ന നാടുകടത്തലുകളും നാടിനാകെ പിഴ ചുമത്തലുകളും.
  8. 1896ലെ അടക്കം മാപ്പിള കലാപങ്ങളെ നിഷ്ഠുരമായി അടിച്ചമർത്തിയതിലെ രോഷം.
  9. ഏറനാട്ടിന്റെയും വള്ളുവനാട്ടിന്റെയും പൊന്നാനിയുടെയും സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ.
  10.  ഒന്നാം ലോകയുദ്ധത്തിനുശേഷം സൈന്യത്തിൽനിന്ന് പിരിച്ചുവിടപ്പെട്ട മാപ്പിളമാരടക്കമുള്ളവർ നേരിട്ട തൊഴിലില്ലായ്മയും അതു സൃഷ്​ടിച്ച പ്രതിസന്ധികളും.
  11.  അരി ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വില കുത്തനെ കുതിച്ചുകയറിയത്. മൂന്നിരട്ടിയാണ് വിലവർധന ഉയർന്നത്.
  12.  തദ്ദേശീയമായ വിഷയങ്ങളിൽ നാടുവാഴിത്തത്തിന് ഒപ്പംചേർന്ന് ബ്രിട്ടീഷ് ഭരണാധികാരികളും പൊലീസും അടിസ്ഥാന വർഗ-ജാതി വിഭാഗങ്ങൾക്കും സമുദായങ്ങൾക്കും നേരെ നടത്തിയ ഇടപെടലുകൾ.
  13.  ഖിലാഫത്​ പ്രവർത്തകരോട് മലബാറിൽ ബ്രിട്ടീഷ് പൊലീസ് നടത്തിയ അതിക്രമങ്ങളും അറസ്​റ്റും.
  14.  പൊതുസമ്മേളനം ചേരുന്നതിന് ഏർപ്പെടുത്തിയ വിലക്ക്. സഞ്ചാരസ്വാതന്ത്ര്യവും പ്രസംഗ സ്വാതന്ത്ര്യവും ഇല്ലാതാക്കിയ ബ്രിട്ടീഷ് നടപടി വലിയ രോഷം വിളിച്ചുവരുത്തി.
  15.  യാക്കൂബ് ഹസൻ അടക്കമുള്ള ദേശീയനേതാക്കളെയും മലബാറിലെ നേതാക്കളെയും അന്യായമായി അറസ്​റ്റ്​ ചെയ്ത് ശിക്ഷിച്ചത്.
  16.  ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിൽ നടത്തിയ പൊലീസ് അതിക്രമം.
  17.  ഖിലാഫത്​ പ്രവർത്തകരെ പരസ്യമായി അപമാനിച്ചും മറ്റും പൊലീസുകാർ നടത്തിയ അക്രമങ്ങൾ, അറസ്​റ്റുകൾ.
  18.  പൂക്കോട്ടൂരിൽ ഖിലാഫത്​ പ്രവർത്തകനെ കള്ളക്കേസിൽ അറസ്​റ്റ്​ ചെയ്യാൻ നടത്തിയ നീക്കം.
  19.  ആയുധ പരിശോധന എന്ന പേരിൽ ഭരണകൂടം നടത്തിയിരുന്ന മാപ്പിള വേട്ടകൾ.
  20.  മതം എന്ന നിലയിൽ ഇസ്‌ലാമിനോടും അതിന്റെ വിശ്വാസികളോടും ബ്രിട്ടീഷുകാർ പുലർത്തിയ അവജ്ഞയും എതിരായ നടപടികളും.


മാധ്യമത്തിൽ ചീഫ് സബ് എഡിറ്ററും ചരിത്രാന്വേഷകനും 'മലബാർ കലാപം: ചരിത്ര-രേഖകൾ' എന്ന കൃതിയുടെ രചയിതാവുമാണ് ലേഖകൻ




Tags:    
News Summary - Facts and Figures of Malabar rebellion 1921

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-10 10:03 GMT