പണ്ടുപണ്ട്, ഓന്തുകൾക്കും ദിനോസറുകൾക്കും മുമ്പ്...

സിനിമയിലല്ലാതെ ദിനോസറുകളെ കണ്ടിട്ടു​ണ്ടോ? പ്രാചീന ശിലായുഗത്തിലെ മനുഷ്യർ കുറിയവരാണെന്നും നിവർന്നുനടക്കുന്നവരാണെന്നും വലിയ തലയുള്ളവരാണെന്നും പറയുമ്പോൾ ഇതെല്ലാം എങ്ങനെ കണ്ടെത്തിയെന്ന് ചിന്തിച്ചിട്ടുണ്ടോ​? പണ്ടുകാലത്ത് ദിനോസറുകൾ ജീവി​ച്ചിരുന്നെന്നും മനുഷ്യൻ ഇങ്ങനെയായിരുന്നുവെന്നും നമുക്കറിയാം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയവയാണ് ഈ വിവരങ്ങളെല്ലാം. അവ ലഭിച്ചതാകട്ടെ ഫോസിലുകളിൽനിന്നും. ആദിമ യുഗത്തിൽ ജീവിച്ചിരുന്ന ജീവജാലങ്ങളുടെ അടയാളങ്ങളോ അവശിഷ്ടങ്ങളോ ആണ് ഫോസിലുകൾ.

ഫോസിൽ

ഫോസിലസ് എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ഫോസിൽ എന്ന വാക്കുണ്ടായത്. കുഴി​ച്ചെടുത്തത് എന്നാണ് ഫോസിലി​ന്റെ അർഥം. ചത്ത ജീവികളുടെ മാംസളമായ ഭാ​ഗങ്ങൾ അതിവേ​ഗം മണ്ണിനോട് അലിഞ്ഞുചേരുകയും അവശേഷിക്കുന്നവ ഭൗതിക-രാസ പ്രക്രിയക്ക് വിധേയമാകുകയും ചെയ്യും. ലക്ഷക്കണക്കിന് വർഷങ്ങളുടെ ഭാഗമായി മണ്ണിനടിയിലുള്ള അവശേഷിപ്പിക്കുന്ന ഭാഗങ്ങൾ കട്ടിയായിത്തീരും. ഇവ പിന്നീട് ഫോസിലുകളായി നമുക്ക് ലഭിക്കും. ജീവികളുടെ എല്ല്, പല്ല്, പുറംതോട് തുടങ്ങിയ കാഠിന്യമേറിയ ഭാഗങ്ങൾ നശിക്കാൻ പ്രയാസമായിരിക്കും. അവയാണ് ഫോസിലുകളായിത്തീരുക. ഫോസിലുകൾ രൂപപ്പെടുന്ന പ്രക്രിയക്ക് പറയുന്ന പേരാണ് ഫോസിലൈസേഷൻ.

ഏറ്റവും കാലപ്പഴക്കമുള്ള ഫോസിൽ പ്രോ​കാരിയോട്ടുകളുടെതാണ്. കോശത്തിന്റെ മർമമോ മറ്റു സ്തര പാളികളോ കൊണ്ടുള്ള ആവരണങ്ങളോ ഇല്ലാത്ത കോശങ്ങളാണ് പ്രോകാരിയോട്ടുകൾ. മിക്ക ആവാസ വ്യവസ്ഥയിലും കണ്ടുവരുന്നവയാണിവ. ആദ്യമായി ലഭിച്ച ഇവയുടെ ഫോസിലിന് ഏ​കദേശം 350 കോടി വർഷം പഴക്കം കാണും.

കാലപ്പഴക്കം അറിയണ്ടേ?

ഫോസിലുകൾ കുഴി​ച്ചെടുക്കുന്നവയാ​ണെന്ന് അറിയാം. എന്നാൽ മണ്ണ് കുഴിച്ചുനോക്കിയാൽ ഒരിക്കലും ​ഫോസിൽ ലഭിച്ചെന്നുവരില്ല. ഒരു​ പ്രത്യേക ഭാഗത്ത് കുടുങ്ങിക്കിടക്കുന്നവയായിരിക്കും ​പിന്നീട് ഫോസിലുകളായി മാറുക. മഞ്ഞുപാളികളിൽ കുരുങ്ങിപ്പോയവയോ മണ്ണിന്റെയോ പാറയുടെയോ അടരുകളിൽ കുരുങ്ങിപ്പോയവയോ ഇതിൽ ഉൾപ്പെടും. ഇതുകൂടാതെ മരക്കറകളിൽ കുരുങ്ങിപ്പോയ ജീവികളുടെയും അഗ്നിപർവത അവശിഷ്ടങ്ങിൽ കുരുങ്ങിപ്പോയവയുടെയും സമുദ്രത്തി​ന്റെ അടിത്തട്ടിലെ മണലുകളിൽ കുരുങ്ങിപ്പോയവയും ഫോസിലുകളായി ലഭിക്കാറുണ്ട്. ഇത്തരത്തിൽ ലഭിച്ച ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഫോസിൽ സാമ്പിളിൽ അടങ്ങിയ ഫ്ലൂറിന്റെ അളവ് പരിശോധനാവിധേയമാക്കിയാണ് പ്രായം നിർണയിക്കുക. എന്നാൽ, ചിലപ്പോൾ ഫോസിലുകൾ പരിശോധിച്ചാൽ അവയുടെ പ്രായം കണക്കാക്കാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ അവ ലഭിക്കുന്ന പാറയുടെ പ്രായം കണക്കാക്കുകയാണ് ശാസ്ത്രജ്ഞർ ചെയ്യുക.

പാലിയന്റോളജി

പാലിയന്റോളജി എന്നാൽ 'പുരാതന ജീവിതത്തെക്കുറിച്ചുള്ള പഠനം' എന്നാണർഥം. ഭൂതകാല ജീവികളുടെ ഉത്ഭവവും അവയുടെ പരിസ്ഥിതിയും പരിണാമവും കൂടാതെ ഭൂമിയുടെ ജൈവ, അജൈവ ഭൂതകാലത്തെക്കുറിച്ചുള്ള പഠനവും ഇതിൽ ഉൾപ്പെടും. പതിറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ജീവികളെ തരംതിരിക്കാനും അവയുടെ ഇടപെടലുകൾ മനസ്സിലാക്കാനുമുള്ള ഫോസിൽ പഠനം ഉൾപ്പെടുന്ന മേഖലയാണ് പാലിയൻോളജി. ഈ പദംതന്നെ പുരാതനം എന്ന അർഥം വരുന്ന ഗ്രീക്ക് വാക്കായ പാലിയോസ്, ജനനം എന്ന അർഥം വരുന്ന ഓൺ, സംസ്കാരം, പഠനം എന്നീ അർഥങ്ങളുള്ള ലോ​ഗോസ് എന്നിവയിൽനിന്നാണുണ്ടായത്. ബയോകെമിസ്ട്രി, മാത്തമാറ്റിക്സ്, എൻജിനീയറിങ് എന്നിവ സംയോജി​പ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചാണ് ഇതിന്റെ പ്രവർത്തനം.

ഉപവിഭാ​ഗങ്ങൾ

  • സൂക്ഷ്മ ഫോസിലുകളെക്കുറിച്ചുള്ള പഠനം -മൈക്രോപാലിയന്റോളജി
  • ഫോസിൽ സസ്യങ്ങളുടെ പഠനം -പാലിയോബോട്ടണി
  • ഭൂമിയിലെ സസ്യങ്ങളും പ്രോട്ടിസ്റ്റുകളും നിർമിക്കുന്ന പൂമ്പൊടിയുടെയും ബീജങ്ങളുടെയും പഠനം -പാലിനോളജി
  • നട്ടെല്ലില്ലാത്ത മൃഗങ്ങളുടെ ഫോസിലുകളെക്കുറിച്ചുള്ള പഠനം -ഇൻവെർട്ടിബ്രെറ്റ് പാലിയന്റോളജി
  • ചരിത്രാതീത കാലത്തെ മനുഷ്യരുടെയും ഫോസിലുകളുടെയും പഠനം -ഹ്യൂമൻ പാലിയന്റോളജി
  • ശോഷണം, സംരക്ഷണം, ഫോസിലുകളുടെ രൂപവത്കരണം എന്നിവയുടെ പ്രക്രിയകളെക്കുറിച്ചുള്ള പഠനം -ടഫോണമി
  • ഫോസിൽ ട്രാക്കുകൾ, പാതകൾ, കാൽപ്പാടുകൾ എന്നിവയുടെ പഠനം -ഐക്നോളജി
  • ഭൂതകാലത്തിലെ പരിസ്ഥിതിശാസ്ത്രത്തെയും കാലാവസ്ഥയെയും കുറിച്ചുള്ള പഠനം -പാലിയോകോളജി

ഫോസിൽ ഇന്ധനങ്ങൾ

പുരാതന ജീവജാലങ്ങളുടെ അവശിഷ്ടങ്ങളിൽനിന്ന് രൂപപ്പെടുന്ന ഇന്ധനങ്ങളാണ് ​ഫോസിൽ ഇന്ധനങ്ങൾ. ഭൂപ്രതലത്തിനടിയിലെ ഉയർന്ന താപനിലയും സമ്മർദവും മൂലം ജൈവാവശിഷ്ടങ്ങൾ ഫോസിൽ ഇന്ധനമായി മാറും. കൽക്കരി, പെട്രോളിയം തുടങ്ങിയവ​യാണ് ഇതിന് ഉദാഹരണം.

ദിനോസർ

ദിനോസൗറിയ വിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം ജീവികളാണ് ദിനോസറുകൾ. ഫോസിൽ തെളിവുകൾ ഉപയോഗിച്ച് 500 വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ദിനോസറുകളെ പാലിയന്റോളജിസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കാലഘട്ടങ്ങളിലായി ദിനോസറുകൾ ജീവിച്ചിരുന്നതായി കണക്കാക്കുന്നു. ട്രയാസിക്, ജുറാസിക്, കൃറ്റേഷ്യസ് കാലഘട്ടങ്ങളാണിവ. ഇവയിൽ സസ്യ-മാംസ-മിശ്ര ഭോജികൾ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. എല്ലാ വൻകരകളിൽനിന്നും ദിനോസറുകളുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. ഗ്രീക്ക് ഭാഷയിലെ ഭീകരനായ എന്ന അർഥം വരുന്ന ദെയ്നോസ്, പല്ലി (ഉരഗം) എന്ന അർഥം വരുന്ന സൗറോസ് എന്ന പദവും കൂട്ടിച്ചേർത്താണ് ദിനോസർ എന്ന പേരുണ്ടായത്.

മാമത്ത്

ആനകളുടെ വംശനാശം വന്ന വ​കഭേദമാണ് മാമത്തുകൾ. വളഞ്ഞ -നീണ്ട കൊമ്പുള്ള ജീവിയായാണ് ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വ​ടക്കേ അമേരിക്ക എന്നിവിടങ്ങളിൽനിന്ന് ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പിന്നീട് തണുപ്പുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കഴിയുന്ന സ്റ്റെപ്പി മാമോത്ത്, രോമാവൃതമായ ശരീരമുള്ള വൂളി മാമത്ത് തുടങ്ങിയവും ഇവിടെ ജീവിച്ചിരുന്നതായി പറയുന്നു. 

Tags:    
News Summary - fossil preserved remains of living thing from a past geological age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-10 10:03 GMT