ഫലസ്​തീൻ നമ്മൾതന്നെയാണ്​

‘‘ചോരയിലും കണ്ണീരിലും പ്രത്യാശയിലും കിനാവിലും പോരാട്ടത്തിലും പടര്‍ന്നുകിടക്കുന്ന രാജ്യമുണ്ടായിട്ടും, രാജ്യമില്ലാതെ ജീവിക്കേണ്ടിവരുന്ന, ഒരു ജനതയുടെ മേല്‍, അവശിഷ്ടങ്ങള്‍പോലും അവശേഷിക്കാതെ തുടച്ചുനീക്കും വിധമുള്ള ഒരു വംശഹത്യ നടക്കുമോ എന്ന ആശങ്കകള്‍ നിലനില്‍ക്കുന്നു’’വെന്ന്​ ചിന്തകനും സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ. ഫലസ്​തീൻ വിഷയം എങ്ങനെയൊക്കെയാണ്​ നമ്മളിൽ ഇടപെടുന്നതെന്നും എഴുതുന്നു.സാമ്രാജ്യത്വശക്തികള്‍ സ്വന്തം സാമ്പത്തികവും സാമ്പത്തികേതരവുമായ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ‘ഒരു ഭീകരരാഷ്ട്രം’ കൃത്രിമമായി സൃഷ്ടിച്ചത് പ്രശ്നമല്ല. ഭീകരതയിലൂടെ നിലവില്‍ വന്ന...

‘‘ചോരയിലും കണ്ണീരിലും പ്രത്യാശയിലും കിനാവിലും പോരാട്ടത്തിലും പടര്‍ന്നുകിടക്കുന്ന രാജ്യമുണ്ടായിട്ടും, രാജ്യമില്ലാതെ ജീവിക്കേണ്ടിവരുന്ന, ഒരു ജനതയുടെ മേല്‍, അവശിഷ്ടങ്ങള്‍പോലും അവശേഷിക്കാതെ തുടച്ചുനീക്കും വിധമുള്ള ഒരു വംശഹത്യ നടക്കുമോ എന്ന ആശങ്കകള്‍ നിലനില്‍ക്കുന്നു’’വെന്ന്​ ചിന്തകനും സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ. ഫലസ്​തീൻ വിഷയം എങ്ങനെയൊക്കെയാണ്​ നമ്മളിൽ ഇടപെടുന്നതെന്നും എഴുതുന്നു.

സാമ്രാജ്യത്വശക്തികള്‍ സ്വന്തം സാമ്പത്തികവും സാമ്പത്തികേതരവുമായ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ‘ഒരു ഭീകരരാഷ്ട്രം’ കൃത്രിമമായി സൃഷ്ടിച്ചത് പ്രശ്നമല്ല. ഭീകരതയിലൂടെ നിലവില്‍ വന്ന ഇസ്രായേല്‍, തുടര്‍ച്ചയായ ഭീകരതകളിലൂടെ സ്വന്തം നീതിരഹിത നിലനില്‍പ് ഉറപ്പിക്കുന്നത് പ്രശ്നമല്ല. മാനുഷികത തള്ളി, ജൂതമതത്തെയും തള്ളി, ‘ഭീകരത’യെ സ്വന്തം ഔദ്യോഗിക മതമായി ഇസ്രായേല്‍ ആഘോഷിക്കുന്നതും പ്രശ്നമല്ല. തുറന്ന ജയിലായി മാറ്റപ്പെട്ട ഗസ്സയിലെയും ‘അവശിഷ്ട ഫലസ്​തീനി’ലെയും മനുഷ്യരുടെ കുടിവെള്ളം മുട്ടിക്കുന്നതും, അവരുടെ ജീവിതത്തിന്‍റെ ആധാരമായ ഒലീവ് തോട്ടങ്ങള്‍ ചുട്ടുകരിക്കുന്നതും പ്രശ്നമല്ല. അവരുടെ ഉപ്പമാരെ തടവിലിടുന്നതും അമ്മമാരെ ബലാല്‍ക്കാരം ചെയ്യുന്നതും തൊഴില്‍ തട്ടിപ്പറിക്കുന്നതും ആര്‍ക്കും പ്രശ്നമല്ല.

ബോംബിട്ടും പട്ടിണിക്കിട്ടും ഒരു ജനതയെയാകെ കൊല്ലുന്നതും അവഹേളിക്കുന്നതും ആര്‍ക്കും പ്രശ്നമല്ല. പക്ഷേ അവര്‍, ഫലസ്​തീന്‍കാര്‍, ഒരു കല്ല് തിരിച്ച് അങ്ങോട്ട് എറിയുമ്പോള്‍ അതൊരു വലിയ പ്രശ്നമാവുന്നു. എല്ലാവരും അവരാണ് കുറ്റവാളികള്‍ എന്നാര്‍ത്ത് വിളിക്കുന്നു. ഇത് പത്തുകൊല്ലം മുമ്പ് വന്ന ‘ഫ്രണ്ട് ലൈനി’ല്‍, അതിനും മുമ്പേ ഇസ്രായേല്‍ ഫലസ്​തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകളുടെ സംഗ്രഹമാണ്. കാലം മാറി സന്ദര്‍ഭവും മാറി, എന്നിട്ടും വലിയ മാറ്റങ്ങളൊന്നുമില്ലാതെ അതിലും വലിയ ക്രൂരതകള്‍ ആവര്‍ത്തിക്കുകയാണ്.

‘നീന്തൽക്കുളത്തിലേക്ക് പോവാന്‍പോലും പാസ്പോര്‍ട്ട് ആവശ്യമാവുന്നൊരു’ കാലത്തിലൂടെ കടന്നുപോവുന്നവര്‍, അവരുടെ നീതിക്കുവേണ്ടി ചിന്തിയ ചോരയാണ്, സാമ്രാജ്യത്വ സയണിസ്റ്റ് ഫാഷിസ്റ്റ് പ്രചാരകര്‍ ചരിത്രത്തില്‍നിന്നും മറച്ചുവെക്കുന്നത്. 1948ല്‍ ഇങ്ങനെയൊരു ഭീകരരാഷ്ട്രം നിലവില്‍വന്നപ്പോള്‍പോലും അതിനെ കൃത്യം മനസ്സിലാക്കാത്ത, എഡ്വേഡ് സൈദ് മുതല്‍ ഡോ. ആങ്സ്വിചായ് വരെയുള്ളവര്‍, കാലം കുറച്ച് കഴിഞ്ഞിട്ടാണെങ്കിലും കാര്യങ്ങളെ അതിന്‍റെ വേരിലോളം ആഴ്ന്നുചെന്ന് അടയാളപ്പെടുത്തുന്നതിലും, ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിലും ‘ധീരമായി’ വിജയിച്ചു. എന്നാല്‍, നമുക്കിടയിലെ പലര്‍ക്കും കാര്യങ്ങളേറെ വ്യക്തമായിട്ടും ഇനിയും തിരിച്ചറിവിന്‍റെ ‘നേരം വേണ്ടത്ര വെളുത്തിട്ടില്ല’.

‘ന്യൂയോര്‍ക് ടൈംസ്’, ‘വാഷിങ്ടണ്‍ പോസ്റ്റ്’, ഷികാഗോ ട്രിബ്യൂണല്‍’, ‘ലോസ്ആഞ്ജലസ് ടൈംസ്’ തുടങ്ങിയ പ്രമുഖ അമേരിക്കന്‍ പത്രങ്ങളില്‍ ഫലസ്തീന്‍കാര്‍ സ്ഥിരം ഭീകരരായിട്ടാണ് കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടുന്നത് (American perception of Islam: Fred. R. Von Der Mehden). നമ്മുടെ ചരിത്രഘട്ടത്തില്‍ നടക്കുന്ന അതിഗംഭീരമായ ഒരു ദേശീയ വിമോചന സമരമാണ് ഇങ്ങനെ തെറ്റായി പ്രതിനിധാനം ചെയ്യപ്പെടുന്നതെന്ന് പെട്ടെന്നുള്ള അലസവായനക്കിടയില്‍ തിരിച്ചറിയാതെ പോകുന്നു.

സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് അതിന്‍റെ പതനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫലസ്തീന്‍കാര്‍ പ്രകടനം നടത്തുന്നതിന്‍റെ ഒരു ദൃശ്യം സി.എന്‍.എന്‍ പ്രദര്‍ശിപ്പിച്ചത് സമീപകാല മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ നെറികേടുകളിലൊന്നായിരുന്നിട്ടും അതത്രമേല്‍ പൊള്ളുന്ന ഒരു സംഭവമായി അര്‍ഹിക്കുംവിധം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല (‘Mesmerised by the West’ എന്ന പേരില്‍ ‘ഹിന്ദു’ പത്രത്തില്‍ ഒരു വിശകലനം വന്നത് വിസ്മരിക്കുന്നില്ല) 1990കളിലെ ഗള്‍ഫ് യുദ്ധകാലത്ത് സദ്ദാം ഹുസൈന് പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീന്‍കാര്‍ നടത്തിയ പ്രകടനത്തിന്‍റെ ദൃശ്യങ്ങളാണ് രണ്ടായിരാമാണ്ടില്‍ സി.എന്‍.എന്‍ വേള്‍ഡ് ട്രേഡ്സെന്‍റര്‍ പതനത്തില്‍ ആഹ്ലാദിച്ചുകൊണ്ട് നടത്തുന്ന പ്രകടനമായി പരസ്യപ്പെടുത്തിയത്!

ഇപ്പോഴും അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ സയണിസ്റ്റ് ഭീകരതയെ പ്രതിനിധാനംചെയ്യുന്ന ‘ഇസ്രായേല്‍ സര്‍ക്കാറിനെ’ ആരാണ് കൂടുതല്‍ സഹായിക്കുക എന്നത് പ്രചാരണ വിഷയങ്ങളിലൊന്നാണ്. സാർവ ദേശീയ ഐക്യദാര്‍ഢ്യ പ്രസ്ഥാനത്തിന്‍റെ (ISM) യുവപ്രവര്‍ത്തകയായ റേച്ചല്‍ കോറിയെന്ന അമേരിക്കക്കാരിയെ നീതിക്കുവേണ്ടിയുള്ള ഫലസ്തീന്‍ സമരത്തെ പിന്തുണച്ചതിന്‍റെ പേരില്‍ ഇസ്രായേല്‍ ബുൾഡോസര്‍ കയറ്റി കൊന്നു. പ്രസ്തുത സംഭവം ഇസ്രായേലിനോടുള്ള അമേരിക്കന്‍ സമീപനത്തില്‍ ഉപരിപ്ലവമായ മാറ്റങ്ങള്‍പോലും ഉണ്ടാക്കിയില്ല!

ചോരയിലും കണ്ണീരിലും പ്രത്യാശയിലും കിനാവിലും പോരാട്ടത്തിലും പടര്‍ന്നുകിടക്കുന്ന രാജ്യമുണ്ടായിട്ടും രാജ്യമില്ലാതെ ജീവിക്കേണ്ടിവരുന്ന ഒരു ജനതയുടെ മേല്‍ അവശിഷ്ടങ്ങള്‍പോലും അവശേഷിക്കാതെ തുടച്ചുനീക്കംവിധമുള്ള ഒരു വംശഹത്യ നടക്കുമോ എന്ന ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് ‘ഹമാസ് കൊലമാസ്’ മാതൃകയിലുള്ള മാധ്യമ ‘ഡാഷ്’ വര്‍ത്തമാനങ്ങള്‍, കേരളത്തില്‍നിന്നുപോലും കടന്നുവരുന്നത്! സാമ്രാജ്യത്വ മാധ്യമപ്പടക്കൊപ്പം തൊണ്ണൂറുകളുടെ അവസാനത്തിലാണ് ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത മാധ്യമ വിശകലന സംരംഭമായ ‘മെംറി’ (MEMRI) രൂപംകൊണ്ടത്.

മധ്യ പൗരസ്ത്യ ദേശത്തിലെ ‘ഇസ്രായേല്‍ അതിക്രമങ്ങളെ’ വെള്ളപൂശാനും ഫലസ്​തീന്‍ പ്രതിരോധങ്ങളെയാകെ ‘ഭീകരത’യായി മുദ്രചാര്‍ത്താനും വേണ്ടി പിറവിയെടുത്ത ആ മാധ്യമ ഗവേഷണ സ്ഥാപനം നല്‍കുന്ന വാര്‍ത്തകളാണ് പലപ്പോഴും മുന്‍ പിന്‍ നോക്കാതെ പല മാധ്യമങ്ങളിലും ആഘോഷിക്കപ്പെടുന്നത്. മാപ്പിന് ഔന്നത്യത്തിന്‍റെ മാതൃകയാവാനെന്നപോലെ, തികഞ്ഞ അശ്ലീലമാവാനാവുമെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ സ്വന്തം ജീര്‍ണ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ഫലസ്​തീന്‍ പോരാളികള്‍ക്കും അവരോട് ഐക്യദാര്‍ഢ്യം പങ്കുവെക്കുന്നവര്‍ക്കും ഇസ്രായേല്‍ ആയുധങ്ങള്‍ക്കൊപ്പം അതിലേറെ വിഷലിപ്തമായി, അവര്‍ പടച്ചുവിടുന്ന അസംബന്ധങ്ങള്‍ക്കെതിരെ കൂടി പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ട്. ഇസ്രായേലിന് പുറത്തുള്ള ലോകംകൂടി ഒരു പ്രക്ഷോഭവേദിയാവുന്നില്ലെങ്കില്‍, അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം ഒരു പൊതു ഫലസ്തീന്‍ ഐക്യ പ്രസ്ഥാനം രൂപപ്പെടുന്നില്ലെങ്കില്‍, മനുഷ്യജീവിതം കൂടുതല്‍ അശാന്തമാകും.

ഇസ്രായേല്‍ എന്ന സയണിസ്റ്റ് സ്റ്റേറ്റിനെ ‘ജൂതസ്റ്റേറ്റ്’ എന്നുമാത്രം പേര് നല്‍കുന്നതും, ഇസ്രായേല്‍ എന്ന കൃത്രിമ കൊളോണിയല്‍ ഭീകരരാഷ്ട്രം നിരന്തരം നടത്തുന്ന അധിനിവേശത്തിനെതിരായ ഫലസ്​തീന്‍ പ്രതിരോധത്തെ, ഇസ്രായേല്‍-ഫലസ്​തീന്‍ പ്രശ്നമെന്ന് അടയാളപ്പെടുത്തുന്നതും ‘രാഷ്ട്രീയ വിശകലനങ്ങള്‍ക്ക്’ പരിക്കേൽപിക്കും. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് അമര്‍ത്തിപ്പറയുന്നതിനു പകരം ‘യുദ്ധം’ അവസാനിപ്പിക്കുന്നതില്‍ മാത്രമായി ജനാധിപത്യ ഇടപെടലുകളെ ഒതുക്കുന്നതും, ലോകത്തിൽ എല്ലായിടത്തുമുണ്ടായ ദേശീയ വിമോചന പോരാട്ടങ്ങളില്‍, പരസ്പരം പൊരുത്തപ്പെടാത്ത നിരവധി തരത്തിലുള്ള പ്രതിരോധങ്ങള്‍ ഉണ്ടായിരുന്നു എന്ന ചരിത്രമോര്‍ക്കാതെ, ഫലസ്​തീനിലെ ഹമാസ് നടത്തുന്ന ദേശീയ വിമോചന പോരാട്ടത്തെ കേവല ‘ഭീകരത’യായി മുദ്രകുത്തുന്നതും ‘സാമ്രാജ്യത്വ-സയണിസ്റ്റ് ഫാഷിസ്റ്റ്’ സാമാന്യബോധത്തിന് ശക്തിപകരും.

ഇസ്രായേലിന്‍റെ ക്രൂരതകളെ വെളുപ്പിക്കാന്‍ പതിറ്റാണ്ടുകളായി സാമ്രാജ്യത്വ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയാതെ, അവര്‍ പടച്ചുവിടുന്ന നുണകളെ പരമാർഥങ്ങളായി ആദ്യം അവതരിപ്പിക്കുകയും പിന്നീട് ‘മാപ്പ് പറഞ്ഞ്’ ‘മാന്യത’ നടിക്കുകയും, ചെയ്യുന്ന അപഹാസ്യമായ പ്രചാരണയുദ്ധത്തിന് സ്വന്തം ചെലവില്‍ മുഖ്യധാരാ മാധ്യമങ്ങൾ ഊര്‍ജം നല്‍കുന്നത് മാനവികതയെ തളര്‍ത്തും. എഴുനൂറ് കിലോമീറ്ററിലേറെ നീളമുള്ള, ഫലസ്​തീനിയന്‍ ഹൃദയം മുറിച്ച് ഉയര്‍ന്നു നില്‍ക്കുന്ന, ഇസ്രായേല്‍ കെട്ടിയുയര്‍ത്തിയ ലോകത്തിലെ ഭീകരമതില്‍ കാണാതിരിക്കുന്നത്​ മുൻകാല പ്രാബല്യത്തോടെ മാപ്പർഹിക്കാത്ത കുറ്റമായി ചരിത്രം അടയാളപ്പെടുത്തും.

അന്താരാഷ്ട്ര കോടതി 2004ല്‍തന്നെ ആ ഭീകര വംശീയ മതില്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവ് നല്‍കിയത് ഇസ്രായേല്‍ സര്‍ക്കാര്‍ കണ്ടതായിപോലും നടിച്ചില്ല. ഫലസ്​തീന് നീതി ഉറപ്പിക്കാന്‍ ആവശ്യമായ ഐക്യരാഷ്ട്രസഭയുടെ അസംഖ്യം പ്രമേയങ്ങള്‍ക്ക് കടലാസ് വിലപോലും കൽപിക്കാതെ സയണിസ്റ്റ്​ സർക്കാർ കടലിലെറിയുകയും ചെയ്​തു.

ലോകത്തിലെ ഏറ്റവും സുസജ്ജമായ സൈനിക ഭീകര അധിനിവേശ രാഷ്ട്രമായ ഇസ്രായേല്‍, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള സമസ്ത സാമ്രാജ്യത്വ രാജ്യങ്ങളുടെയും സഹായത്തോടെ, സർവ അന്താരാഷ്ട്ര യുദ്ധനിയമങ്ങളെപ്പോലും കാറ്റിൽ പറത്തി, ഒരു ജനസമൂഹത്തെയാകെ വംശീയമായി ഉന്മൂലനം ചെയ്യുന്നത് കണ്ടിട്ടും, ‘ചുണ്ടങ്ങ വഴുതനങ്ങ’ സിദ്ധാന്തത്തിലും ‘സമവാക്യ’ അസംബന്ധങ്ങളിലും കേവല മതേതര-മതാത്മക പ്രതിരോധതല തര്‍ക്കത്തിലും അഭിരമിക്കുന്നവരുടെ മുന്നില്‍, എത്ര മടുപ്പിക്കുന്നതാണെങ്കിലും പഴയ ചരിത്രങ്ങള്‍ ആവര്‍ത്തിച്ച് ഓർമിപ്പിക്കേണ്ടതുണ്ട്.

രണ്ട്

‘രാഷ്ട്രീയ സയണിസ’ത്തിന്‍റെ പെട്ടെന്നുള്ള വളര്‍ച്ചക്ക് നിമിത്തമായത് ‘ആല്‍ഫ്രഡ് ഡ്രൈഫസ്’ സംഭവമാണ്. സാമ്രാജ്യത്വത്തിന്‍റെ ഒരു രാഷ്ട്രീയ അജണ്ടയാണ് അതുവഴി നടപ്പാക്കപ്പെട്ടത്. ഫ്രാന്‍സിലെ പട്ടാള ഓഫിസറായിരുന്ന ആല്‍ഫ്രഡ് ഡ്രൈഫസ്, ഫ്രാന്‍സിന്‍റെ രഹസ്യം ജര്‍മനിക്ക് ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരിലാണ്, 1893ല്‍ ‘കുറ്റാരോപണം’ നേരിട്ടത്. ‘ചോറ് ഫ്രാന്‍സിലും കൂറ് ജര്‍മനിയിലും’, എന്നതിനപ്പുറം ‘ജൂതരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന’ ന്യൂനപക്ഷവിരുദ്ധ വര്‍ഗീയതയാണ്, അന്ന് പ്രബുദ്ധ ഫ്രാന്‍സില്‍ കത്തിപ്പടര്‍ന്നത്.

1894ല്‍ ഡ്രൈഫസിനെ കോര്‍ട്ട്മാര്‍ഷല്‍ ചെയ്തു. സൈനിക കോടതിയുടെ വിധി നടപ്പാക്കിയത്, ഫ്രഞ്ച് മിലിട്ടറി അക്കാദമിയുടെ മുറ്റത്ത് സൈന്യത്തോടൊപ്പം ആയിരങ്ങളെ സാക്ഷിനിര്‍ത്തി അത്യന്തം നാടകീയമായിട്ടായിരുന്നു. ഡ്രൈഫസിന്‍റെ യൂനിഫോം വലിച്ചുകീറിയും മെഡലുകള്‍ പൊട്ടിച്ചെറിഞ്ഞും വാള്‍ മുറിച്ചും, ചാട്ടകൊണ്ടടിച്ചുമാണ്, ശിക്ഷ നടപ്പാക്കിയത്. ഓരോ അടിയേല്‍ക്കുമ്പോഴും ഫ്രാന്‍സ് വിജയിക്കട്ടെ എന്നാവര്‍ത്തിക്കുകയായിരുന്നു ‘നിരപരാധിയായ’ ഡ്രൈഫസ്! രാജ്യതാൽപര്യമായിരുന്നില്ല, വംശീയ വൈരമായിരുന്നു അന്ന് ഫ്രാന്‍സിലെ ഭരണവര്‍ഗത്തെ നയിച്ചത്.

1896ല്‍ തന്നെ ഫ്രഞ്ച് സൈനിക ഇന്‍റലിജന്‍സിന്‍റെ പുതിയ മേധാവി കേണല്‍ പിക്കാര്‍ട്ട് ഡ്രൈഫസ് നിരപരാധിയാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തെങ്കിലും, ഡ്രൈഫസിനെ തിരിച്ചെടുക്കുന്നതിനു പകരം, പിക്കാര്‍ട്ടിനെ തുനീഷ്യയിലേക്ക് സ്ഥലംമാറ്റം നല്‍കി ശിക്ഷിക്കുകയാണുണ്ടായത്! എന്നാല്‍, ഇക്കാര്യം ‘മാധ്യമങ്ങള്‍’ വഴി പുറംലോകം അറിയുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തപ്പോള്‍, സര്‍ക്കാറിന് സ്വന്തം നിലപാടില്‍ മാറ്റം വരുത്തേണ്ടിവന്നു. യഥാര്‍ഥ പ്രതികളായ കേണല്‍ ഹെന്‍റി കുറ്റംസമ്മതിക്കുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും, അദ്ദേഹത്തിന്‍റെ കൂട്ടാളി മേജര്‍ എസ്റ്റര്‍ഹാസി ഇംഗ്ലണ്ടിലേക്ക് ഒളിച്ചോടുകയും ചെയ്തു.

എമിലി സോളയും വാള്‍ട്ടർ പേറ്ററും ഭരണകൂടത്തിന്‍റെ വംശവെറിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്നു. 1898ല്‍, ‘ഞാന്‍ കുറ്റപ്പെടുത്തുന്നു’ എന്ന പേരില്‍ വംശവെറിക്കെതിരെ എമിലി സോള എഴുതിയ പ്രബന്ധം അധികാരശക്തികളെ പ്രകോപിപ്പിച്ചു. ജയില്‍ശിക്ഷയില്‍നിന്നും രക്ഷപ്പെടാന്‍ എമിലിസോളക്ക് ഇംഗ്ലണ്ടിലേക്ക് ഒളിച്ചോടേണ്ടിവന്നു. എങ്കിലും, ആ പ്രബന്ധം എഴുതിക്കഴിഞ്ഞ് നൂറു കൊല്ലം പിന്നിട്ടപ്പോള്‍ ‘ലാകോറിക്സ്’ (Lacorix) എന്ന കത്തോലിക്കാ പത്രം, അന്ന് ആല്‍ഫ്രഡ് ഡ്രൈഫസിനെ എതിര്‍ത്ത് എഡിറ്റോറിയൽ എഴുതിയതിന് മാപ്പു പറഞ്ഞു!

ഡ്രൈഫസിന്‍റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന തിയോഡര്‍ ഹെര്‍സല്‍ എന്ന ഓസ്ട്രിയൻ പത്രപ്രവര്‍ത്തകനാണ്, ആ വിചാരണയിലെ വംശവെറിയില്‍ സങ്കടപ്പെട്ടും, അതേസമയം ‘അധിനിവേശ’യുക്തിയില്‍ ഉന്മത്തനായും ജൂതര്‍ക്ക് രക്ഷവേണമെങ്കില്‍ അവര്‍ക്കൊരു രാഷ്ട്രം സ്വന്തമായി വേണമെന്ന ആശയം അവതരിപ്പിക്കുന്നത്. അങ്ങനെയാണ് 1896ല്‍ അദ്ദേഹം ‘ജൂതരാഷ്ട്രം’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതിന്‍റെ തുടര്‍ച്ചയിലാണ്, 1897ല്‍ ലോക സയണിസ്റ്റ് കോണ്‍ഫറന്‍സ് സ്വിറ്റ്സര്‍ലൻഡിലെ ബാസലില്‍ ചേരുന്നതും ജൂതര്‍ക്കൊരു രാജ്യം എന്ന ആശയം ആവിഷ്കരിക്കുന്നതും!

യൂറോപ്പിന്‍റെ ജൂത പീഡനത്തോടുള്ള ശരിയായ പ്രതിഷേധവും യൂറോപ്പിന്‍റെതന്നെ അധിനിവേശ യുക്തിയുടെ തെറ്റായ പ്രയോഗവുമാണ്, ഒടുവില്‍ ഇസ്രായേല്‍ എന്ന രാഷ്ട്രപിറവിയിലേക്ക് വളര്‍ന്നെത്തുന്നത്! 1903ല്‍ ബ്രിട്ടന്‍ ‘യുഗാണ്ട’ ചൂണ്ടിക്കാട്ടുമ്പോഴും, 1917ല്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ ഫലസ്തീന്‍ നിർദേശിക്കുമ്പോഴും, 1947 നവംബറില്‍ ഐക്യരാഷ്ട്ര സഭ ‘വിഭജന പദ്ധതി’ ആവിഷ്കരിക്കുമ്പോഴും, 1948 മേയ് 15ന് ഇസ്രായേല്‍ നിലവില്‍ വരുമ്പോഴും, അധിനിവേശശക്തികള്‍ കാണാതിരുന്നത്, യുഗാണ്ടയിലും ഫലസ്തീനിലും എത്രയോ സഹസ്രാബ്ദങ്ങളായി മനുഷ്യര്‍ താമസിക്കുന്നുണ്ടെന്ന സത്യമാണ്.

ലോകത്തിലെ ഭീകരമായ കൂട്ടക്കൊലകളില്‍ ഒന്നായി ചരിത്രം തിരിച്ചറിഞ്ഞ ‘ദയര്‍യാസീന്‍ കൂട്ടക്കൊല’യിലൊഴുക്കിയ ചോരയിലാണ് ഇസ്രായേല്‍ നിലവില്‍ വന്നത്. അന്നതിന് നേതൃത്വം നല്‍കിയ മെനാച്ചിൻ ബെഗിനാണ്, 1978ല്‍ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. ഇത്രയേറെ മനുഷ്യരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബെഗിന്‍ പറഞ്ഞത്, അന്നത് ചെയ്തില്ലെങ്കില്‍, ഇസ്രായേല്‍ രാഷ്ട്രം നിലവില്‍ വരില്ലായിരുന്നുവെന്നാണ്! ഇന്നവര്‍ ‘ഗസ്സ’യില്‍ ഈ വിധം കൂട്ടക്കുരുതികള്‍ തുടരുന്നതും ഇസ്രായേല്‍മാത്രം നിലനില്‍ക്കാനാണ്. നൊബേലിനും മുകളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് കൊടുക്കാനുണ്ടാവുമോ വേറെ വല്ല അവാര്‍ഡുകള്‍!

ഗസ്സയില്‍ ഇസ്രായേല്‍ നിർവഹിക്കുന്നത് മനുഷ്യക്കുരുതിയാണ്. നീതിയുടെ നെഞ്ചിലേക്കാണവര്‍ നിറയൊഴിക്കുന്നത്. ഒരധിനിവേശ ശക്തി സാധാരണ മനുഷ്യര്‍ക്കുനേരെ അഴിച്ചുവിട്ട സായുധാക്രമണങ്ങള്‍ക്കു മുന്നില്‍ ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും സ്തംഭിച്ചുനില്‍ക്കുകയാണ്. സാമ്രാജ്യത്വത്തിന്‍റെ കാര്യപരിപാടികളുടെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ ഗസ്സയിലെ കൂട്ടക്കുരുതിയെ വെറുമൊരു ‘ഇസ്രായേല്‍-ഫലസ്തീന്‍’ പ്രശ്നമായി വെട്ടിച്ചുരുക്കുകയാണ്. സത്യത്തില്‍, 1948 മേയ് 15 മുതല്‍ ജനാധിപത്യശക്തികള്‍ നേരിടുന്നത് ‘ഇസ്രായേല്‍’ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്.

അതിനെ ‘ഫലസ്തീന്‍പ്രശ്ന’മെന്നും, ‘ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്ന’മെന്നും വിളിക്കുന്നത്, ചരിത്രനിഷേധമായിരിക്കും. 1948 മേയ് 15 ഇസ്രായേൽ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുമ്പോള്‍ അന്നേദിവസം ഫലസ്തീന്‍കാര്‍ക്ക് ‘മഹാദുരന്തം’ എന്ന അർഥത്തില്‍ ‘നക്ബ’യാണ്. സ്വന്തം നാടും വീടും സ്വത്തും സംസ്കാരവും കവര്‍ന്നെടുക്കപ്പെട്ടതിന്‍റെ സങ്കടമാണവര്‍ക്ക് ജീവിച്ചു തീര്‍ക്കേണ്ടിവരുന്നത്. ആശുപത്രികള്‍, വീടുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി ഇസ്രായേല്‍ നടത്തുന്ന വംശീയ ആക്രമണം സര്‍വ അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെയും നിഷേധമാണ്.

‘ഞങ്ങള്‍തന്നെയാണ് ആക്രമികള്‍’ എന്ന് ലോകത്തോട്, തുറന്നുപറഞ്ഞുകൊണ്ടാണ് ഇസ്രായേലിന്‍റെ ഒന്നാമത്തെ പ്രധാനമന്ത്രിയായ ഡേവിഡ് ബെന്‍ഗൂറിയന്‍ അധികാരം ഏറ്റെടുത്തത്. ഈ രാജ്യം ഫലസ്തീന്‍കാരുടേതാണ്, അവരാണിവിടെ താമസിച്ചിരുന്നത്. ഇക്കാര്യം നമ്മള്‍ ഒരിക്കലും മറക്കരുത് എന്ന് ഇസ്രായേല്‍ ജനതയെ ഓർമിപ്പിച്ച ബെന്‍ഗൂറിയന്‍ കരുതിയത് ഇക്കാര്യം ഇപ്പോഴുള്ള ഫലസ്തീന്‍ തലമുറ മരിച്ച് തീരുന്നതോടെ എല്ലാവരും മറക്കുമെന്നായിരുന്നു. അങ്ങനെ ഫലസ്തീന്‍കാരുടെ ഭൂമിയും സമ്പത്തും പിടിച്ചെടുത്ത് സ്വന്തമാക്കിയ പോലെ അവരുടെ സ്മരണകളെയും പിടിച്ചെടുത്ത് സ്വന്തമാക്കാന്‍ തങ്ങള്‍ക്ക് എളുപ്പം കഴിയുമെന്നായിരുന്നു. എന്നാലിന്ന് ഫലസ്തീനില്‍ ‘സ്മരണകളാണ്’ സമരങ്ങള്‍ നയിക്കുന്നത്.

ഫലസ്തീന്‍കാര്‍ക്ക് മേയ് 15 മാത്രമല്ല, എല്ലാ ദിവസവും ‘നക്ബ’യാണ്. അവര്‍ക്കുള്ളില്‍ അവര്‍ കുഴിമാന്തി അടക്കം ചെയ്തിരിക്കുന്നത് ആയിരക്കണക്കിന് മുറിവുകളാണ്. അവര്‍ക്കു മുന്നില്‍ ഇന്ന് ഫലസ്തീന്‍ ‘ജീവനുള്ളൊരു മോര്‍ച്ചറി’യാണ്! മരണത്തെപ്പോലും ജീവിതമാക്കി തിരുത്തിയെഴുതുന്ന, ‘രക്തസാക്ഷിത്വത്തിന്‍റെ ഭാഷ’യാണിന്ന് അവരുടെ ‘മാതൃഭാഷ’. ജീവിതത്തിന്‍റെ കയ്പുകള്‍ക്കിടയിലും അവര്‍ ജീവിതംകൊണ്ടാവിഷ്കരിക്കുന്നത്, രക്തസാക്ഷിത്വത്തിന്‍റെ മധുരമാണ്. സര്‍വ അഭയങ്ങളും നഷ്ടമാകുന്നവരുടെ അവസാനത്തെ അഭിമാനമായി രക്തസാക്ഷിത്വം മാറുകയാണോ?

‘‘കാറ്റു പറഞ്ഞു, അവന്‍ വരും/ മരിച്ചാലും/അവന്‍റേത് പിറവിയാണ്/ കൈകളില്‍ സൂര്യനുമായി/ കണ്ണുകളില്‍ അര്‍പ്പണവുമായി/ ഭൂമിയുടെ മുറിവുകളില്‍നിന്ന്/ കെടുതിയുടെ അനന്തദൂരങ്ങളില്‍നിന്ന്/ ചുടലച്ചാരത്തില്‍നിന്ന് അവര്‍ വരും/ കാരണം മരണം അവര്‍ക്ക് ജനനമാണ്/ അതിനാലവര്‍ തീര്‍ച്ചയായും വരും’’ (ഫദ്വ തുഖാന്‍).

ഒരു അന്താരാഷ്ട്ര പ്രമേയത്തിലുമല്ല, ‘ദയര്‍യാസീനിലൊഴുകിയ ചോര’യിലാണ് ഇസ്രായേല്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നത്! ‘‘ആയുധങ്ങളും വെടിക്കോപ്പുകളും കൈബോംബുമായി നടക്കുന്ന യുവാക്കളെയും കൗമാരപ്രായക്കാരെയും ഞാന്‍ കണ്ടു. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട് അക്കൂട്ടത്തില്‍. അധികംപേരും ചോരപുരണ്ടവരായിരുന്നു. അവരുടെ വലിയ കഠാരകള്‍ കൈകളില്‍തന്നെയുണ്ട്.

സയണിസ്റ്റ് സംഘത്തിൽപെട്ട ഒരു യുവതിയെ ഞാന്‍ കണ്ടു. അവളുടെ കണ്ണുകളില്‍ ക്രൗര്യം നിറഞ്ഞുനിന്നിരുന്നു. രക്തം ഉറ്റിറ്റുവീഴുന്ന കൈകള്‍ അവളെന്നെ കാണിച്ചു. യുദ്ധപ്പതക്കങ്ങളെന്ന മട്ടില്‍ അവളത് ഇളക്കിക്കൊണ്ടിരുന്നു’’ (ദയര്‍യാസീനിലെ കൂട്ടക്കൊലയില്‍ പങ്കെടുത്ത ജൂത തീവ്രവാദികളെക്കുറിച്ച് ഡീറെയ്ന പറഞ്ഞത്: ഫലസ്തീന്‍ സമ്പൂര്‍ണ ചരിത്രം: ഡോ. ത്വാരീഖ് സുവൈദാന്‍).

ദയർയാസീന്‍ കൂട്ടക്കൊലക്കു മുന്നില്‍ ലോകം സ്തംഭിച്ചുനിന്നു. പതിനായിരങ്ങളുടെ നിലവിളികള്‍ക്കൊപ്പമാണ്, ഇസ്രായേല്‍ രാഷ്ട്രം നിലവില്‍ വന്നത്. കുഴിച്ച് ചെന്നാല്‍, ഇസ്രായേല്‍ എന്ന രാഷ്ട്രം കൊലചെയ്യപ്പെട്ടവരുടെ അസ്ഥികളില്‍ചെന്ന് മുട്ടും. പിന്നെയും കുഴിച്ചാല്‍ ‘ശിരസ്സറ്റ’ നീതിയുടെ കബന്ധങ്ങള്‍ കാണും. എന്നിട്ടും, മെനാച്ചം ബെഗിന്‍ അടക്കമുള്ളവര്‍, ദയര്‍യാസീന്‍ കൂട്ടക്കൊലയെ ആദര്‍ശവത്കരിക്കുകയാണ് ചെയ്തത്! അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍, ഇസ്രായേല്‍തന്നെ ഉണ്ടാകുമായിരുന്നില്ലെന്നാണ്, അതിന് അദ്ദേഹം പറഞ്ഞ ന്യായം. എന്തൊരു നല്ല ന്യായം!

ദയർയാസീനിലെ കൂട്ടക്കൊലകള്‍ക്കുശേഷം സാദത്തും മെനാച്ചം ബെഗിനും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഒന്നിച്ചു പങ്കുവെച്ച് കഴിഞ്ഞതിനുശേഷമാണ്, മനുഷ്യരാശിയാകെ പകച്ചുപോയ സബ്ര-ശാത്തില കൂട്ടക്കൊലകള്‍ സംഭവിച്ചത്. ഇസ്രായേല്‍ അതിനു നല്‍കിയ പേര് ‘പീസ് ഫോര്‍ ഗലീലി’ എന്നായിരുന്നു. ഹിറ്റ്ലര്‍ കാലത്തെ ഓഷ് വിറ്റ്സിനോട് ചേര്‍ത്താണ് സബ്ര-ശാത്തില സംഭവങ്ങളെ കാണേണ്ടതെന്ന് ജനാധിപത്യവാദികള്‍ അപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. കടുത്ത ഫലസ്തീന്‍ വിരുദ്ധത പുലര്‍ത്തിയിരുന്ന ഡോ. ആങ്സി ചായി യെപ്പോലുള്ളവര്‍ വലിയ കുറ്റബോധത്തോടെ ഫലസ്​തീന്‍ വിമോചന സമരപക്ഷത്തേക്കു വരുന്നത് സബ്രയിലും ശാത്തിലയിലും സംഭവിച്ച ഭീകരതകള്‍ അവര്‍ നേരിട്ട് മനസ്സിലാക്കിയപ്പോഴാണ്. അതുവരെ ഫലസ്തീന്‍കാര്‍ അവര്‍ക്കും വെറും ഭീകരരായിരുന്നു.

‘‘പറഞ്ഞറിയിക്കാനാവാത്ത അനീതിയുടെ ഇരകള്‍ എങ്ങനെ പ്രതിനായകരാകും? മറ്റെല്ലാവരെയുംപോലെ നോവുന്ന ആ സത്യം ഞാനും അഭിമുഖീകരിക്കാന്‍ നിർബന്ധിതമായി. ഞാന്‍ ഏറ്റുപറയേണ്ടിയിരിക്കുന്നു. എന്‍റെ മുന്‍വിധികളും അറിവില്ലായ്മയും ഫലസ്തീന്‍ ദുരിതങ്ങള്‍ കാണാനാവാത്ത വിധത്തില്‍ എന്നെ ‘അന്ധയാക്കി’ക്കളഞ്ഞിരുന്നു’’ (ആങ്സി ചായി).

ഇസ്രായേലിന് ഫലസ്തീനെ ഓർമിപ്പിക്കുന്ന എന്തും ശിക്ഷാര്‍ഹമാണ്. സഹസ്രാബ്ദങ്ങളായി നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രത്തിനു മുകളില്‍ ഇപ്പോഴുള്ളത് കൃത്രിമമായുണ്ടാക്കിയ ഒരു കൊളോണിയല്‍ രാഷ്ട്രമാണ്. പ്രഫ. എഡ്വേഡ് സൈദിനെപ്പോലുള്ള ധൈഷണികര്‍ ഈയൊരു സത്യം തുറന്നു പറഞ്ഞതിന്‍റെ പേരിലാണ്, അവര്‍ ‘പ്രഫസര്‍ വഞ്ചകരും’ ‘പ്രഫസര്‍ ഭീകരരു’മായി മുദ്ര ചാര്‍ത്തപ്പെട്ടത്.

ഇസ്രായേല്‍ അധികാരി നെതന്യാഹു ഒരിക്കല്‍ എഡ്വേഡ് സൈദിനൊപ്പം സംവാദത്തില്‍ പങ്കെടുക്കാന്‍പോലും തയാറായില്ല. എന്തുകൊണ്ട് നിങ്ങള്‍ എഡ്വേഡ് സൈദുമായി ഒരു മുറിയിലിരുന്ന് സംവാദത്തിന് തയാറാകുന്നില്ലെന്ന മാധ്യമചോദ്യത്തിന് മറുപടിയായി നെതന്യാഹു അന്നു പറഞ്ഞത് അയാളെന്നെ കൊല്ലുമെന്നായിരുന്നത്രെ. ആ ബിന്യമിന്‍ നെതന്യാഹു ഇപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ്. അയാളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഗസ്സയില്‍ കൂട്ടക്കുരുതി ഇസ്രായേല്‍ ആഘോഷിക്കുന്നത്!

ഒരു ഫലസ്തീനിയന്‍ കുഞ്ഞ് പിറക്കുന്നതിനെക്കുറിച്ച് സങ്കൽപിക്കുമ്പോള്‍ എനിക്ക് ഉറങ്ങാനാവുന്നില്ലെന്ന് മുമ്പ് പറഞ്ഞത് ഗോള്‍ഡാമെയര്‍ ആണ്. സബ്രയിലും ശാത്തിലയിലും നിരവധി ഗര്‍ഭിണികളെ കൊന്നതിന്, ഇവര്‍ ഭീകരരെ മാത്രമേ പ്രസവിക്കൂ എന്നാണവര്‍ പറഞ്ഞ ന്യായം. റഫയില്‍ ഫലസ്തീന്‍കാരുടെ വീടുകള്‍ ബുള്‍ഡോസർ വെച്ച് ഇടിച്ചുനിരത്തുന്നതിനെതിരെ അരുതേ എന്ന് നിലവിളിച്ച് മുന്നില്‍നിന്നപ്പോഴാണ് അമേരിക്കക്കാരിയായ റെയ്ച്ചല്‍ ക്വാറിക്ക് ജീവിതം നഷ്ടപ്പെട്ടത്.

റഫയിലെ നജ്ജാര്‍ ആശുപത്രിയില്‍ ഒന്ന് ചുണ്ടിളക്കി പറയാനോര്‍ത്ത വാക്ക് അവസാനമായൊന്ന് പറയാനാവാതെ 2003 മാര്‍ച്ച് 16ന് ഒരു ഞായറാഴ്ച അവരും ഒരു ഫലസ്തീന്‍ രക്തസാക്ഷിയാവുകയായിരുന്നു. ഇന്‍റര്‍നാഷനല്‍ സോളിഡാരിറ്റി പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകയും എവര്‍ഗ്രീന്‍ കോളജ് വിദ്യാർഥിയുമായിരുന്ന റെയ്ച്ചൽ ക്വാറി സ്വന്തം ഡയറിയില്‍ എഴുതി: എനിക്ക് പിക്കാസോയോ ക്രിസ്തുവോ ആകാനാവില്ല. ഈ ഗ്രഹത്തെ ഒറ്റക്ക് രക്ഷിക്കാനുമാവില്ല. നമ്മള്‍ തിരിച്ചറിയണം, നമ്മുടെ സ്വപ്നങ്ങളാണവരും കാണുന്നത്. അവരുടെ സ്വപ്നങ്ങള്‍ നമ്മളും!

പാകിസ്താനിലെ സ്വാത് ജില്ലയിലെ താലിബാന്‍ വിരുദ്ധ പോരാളി മലാല യൂസഫ്സായിയെ ഓര്‍ക്കുന്ന നമ്മള്‍, പക്ഷേ എന്തുകൊണ്ടാണ് അതിനുമുമ്പേ ഇതിഹാസ സമാനമായ സമരം ചെയ്ത് രക്തസാക്ഷിയായ റെയ്ച്ചല്‍ ക്വാറിയെ മറക്കുന്നത്? മാധ്യമങ്ങള്‍ എത്ര മറച്ചുവെക്കാന്‍ ശ്രമിച്ചാലും റഫയിലെ ചുമരുകളിലൊന്നില്‍ ഇങ്ങനെ എഴുതിവെക്കപ്പെട്ടിരിക്കുന്നു. ‘‘ഫലസ്തീന്‍ ജനത അവരുടെ മഹത്തായ സുഹൃത്തുക്കളെ ഒരിക്കലും മറക്കാറില്ല.’’ മലാലക്കെന്നപോലെ നൊബേല്‍ സമ്മാനം നൽകപ്പെട്ടിട്ടില്ലെങ്കിലും ബി.ബി.സി അഭിമുഖം ഒരുക്കിയിട്ടില്ലെങ്കിലും റെയ്ച്ചല്‍ ക്വാറി അനാര്‍ഭാടമായ ആ ചുമരെഴുത്ത് ഒന്നുകൊണ്ടുമാത്രം അനശ്വരയായി നിലനില്‍ക്കും.

അമേരിക്കയിലുണ്ടായ സെപ്റ്റംബർ 11നെ ഓര്‍ത്ത് ഓരോ വര്‍ഷവും അന്നേദിവസം നമ്മള്‍ ഒരു നിമിഷം മൗനം ആചരിക്കുന്നു. വേണ്ടതുതന്നെ. പക്ഷേ, അങ്ങനെ നോക്കുമ്പോള്‍ ഫലസ്തീനെക്കുറിച്ചോര്‍ത്ത് നമ്മളെത്ര നൂറ്റാണ്ട് മൗനമാചരിക്കേണ്ടി വരും.

‘ഗസ്സ’ പറയുന്നതും സാമ്രാജ്യത്വ-സയണിസ്റ്റ്-ഫാഷിസ്റ്റ് സഖ്യശക്തികള്‍ കേള്‍ക്കാതിരിക്കുന്നതും മുറിവേറ്റ മനുഷ്യത്വത്തിന്‍റെ ഭാഷയാണ്. ആശുപത്രികളും വിദ്യാലയങ്ങളും വീടുകളും മാത്രമല്ല, ജന്തുതക്കുമേല്‍ മാനവരാശി നേടിയ മൂല്യസമുച്ചയങ്ങള്‍ മുഴുവനുമാണ് ഗസ്സയില്‍ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

സയണിസത്തിന്‍റെ കൊലവിളികള്‍ക്കും മനുഷ്യത്വത്തിന്‍റെ നിലവിളികള്‍ക്കുമിടയില്‍വെച്ച് ‘നീതി’ നിശ്ശബ്ദമാക്കപ്പെടുമ്പോള്‍, മനുഷ്യരാശിക്ക് നഷ്ടപ്പെടുന്നത് വര്‍ത്തമാനകാലം മാത്രമല്ല, സ്വന്തം സ്മരണകളെയും സ്വപ്നങ്ങളെയും ആര്‍ദ്രമാക്കുന്ന ഒരു ബൃഹദ്ചരിത്രം മുഴുവനുമാണ്. കൂട്ടക്കൊലകള്‍ക്കും കവര്‍ച്ചകള്‍ക്കും അസത്യഭാഷണങ്ങള്‍ക്കും ഇടയില്‍ ഒരു ചെറിയ ഭൂപ്രദേശം പിടയുമ്പോള്‍, ഐക്യരാഷ്ട്രസഭ മുതല്‍ ലോക മനസ്സാക്ഷിയാവേണ്ട പ്രതിഭാശാലികള്‍വരെ, ‘അറുകൊലമൗന’ത്തിന്‍റെ കാവലാളുകളാവുന്നതാണ് ഇന്ന് നാം കാണുന്നത്.

മൂന്ന്

പിറക്കുമെന്നുറപ്പുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്‍റെ ഹൃദയമിടിപ്പുകള്‍കൊണ്ട്, ഇന്ന് ‘എന്‍റെ ഏറ്റവും പുതിയ കവിത എന്‍റെ രാജ്യമാകുന്നു’ എന്ന മഹ്മൂദ് ദര്‍വീശിന്‍റെ ഒരൊറ്റ വരിക്കു മുന്നില്‍ ഒരു മഹാശില്‍പത്തിന്‍റെ മുന്നിലെന്നപോലെ നമ്മള്‍ നിശ്ശബ്ദരായി നിന്നുപോകും. അതിനെത്ര ടണ്‍ ഭാരം കാണുമെന്ന് പറയുക പ്രയാസമാണ്. അതിനകത്ത് തിരതല്ലുന്ന അന്തഃസംഘര്‍ഷങ്ങളുടെ സമുദ്രശക്തി എത്ര വരുമെന്നു പ്രവചിക്കുക അതിനേക്കാളും അസാധ്യമാണ്. ഒരിക്കല്‍ ഞങ്ങള്‍ ഒരു ജനതയായിരുന്നു ഇപ്പോള്‍ ഞങ്ങള്‍ കല്ലുകളാകുന്നു. ഒരിക്കല്‍ ഞങ്ങളൊരു രാജ്യമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പുകയാകുന്നു. കണ്ണീരും ചോരയും കുറുകിയ ആ വാക്കുകളെ സൂക്ഷിക്കണം. അത് കനല്‍ക്കട്ടപോലെ പൊള്ളിക്കും. ‘‘തിന്നാന്‍ ഗോതമ്പും കുടിക്കാന്‍ വെള്ളവും നമുക്ക് കിട്ടുന്നില്ലെങ്കില്‍ നമ്മള്‍ നമ്മുടെ സ്നേഹം തിന്നും, കണ്ണീര്‍ കുടിക്കും.’’ ഗസ്സയിപ്പോള്‍ സാക്ഷ്യം വഹിക്കുന്നതും ഈയൊരവസ്ഥയാണ്.

ഫലസ്​തീന്‍ പീഡിതമായ സ്വന്തം നിലനില്‍പിനെ തന്നെ പ്രക്ഷോഭമാക്കി മാറ്റാനുള്ള ഒരാഹ്വാനമായി സ്വയം പൊട്ടിത്തെറിക്കുകയാണ്. മുറിവുകളില്‍നിന്ന് ചോരവാര്‍ന്നൊഴുകുമ്പോഴും അധിനിവേശത്തിനെതിരെ അവര്‍ മുഷ്ടിചുരുട്ടുന്നു. കരയുമ്പോഴും അവര്‍ അനീതിക്കെതിരെ കലഹിക്കുന്നു. പട്ടം പറത്തിയും പമ്പരം കറക്കിയും കളിക്കേണ്ട കൊച്ചുകുട്ടികള്‍പോലും പറയുന്നത്, ‘‘ഉമ്മാ എനിക്കൊരു രക്തസാക്ഷിയാകണം’’ എന്നാണ്. അവര്‍ കുതിക്കുന്നത് കളിക്കളത്തിലേക്കല്ല, പടനിലങ്ങളിലേക്കാണ്.

ലോകത്തിലെ ‘സര്‍വശക്ത’മെന്ന് സ്വയം കരുതുന്ന ഒരു സാമ്രാജ്യത്വ ശക്തിക്കും അതിന്‍റെ ശിങ്കിടികള്‍ക്കുമെതിരെ കല്ലുകള്‍കൊണ്ടും കൊച്ചു റോക്കറ്റുകള്‍കൊണ്ടുമാണവര്‍ പ്രതിരോധത്തിന്‍റെ കോട്ടകള്‍ നിര്‍മിക്കുന്നത്! സ്വന്തം മുറിവ് തേടുന്ന ഒരു ചോരത്തുള്ളിയെക്കുറിച്ച് ദർവീശ് എഴുതിയത് അസ്വസ്ഥജനകമായി നമ്മെ പൊതിയുന്നു.

പെട്രോ ഡോളറിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നവരും ലോകമാസകലമുള്ള സാമ്രാജ്യത്വ സേവകരും ഭീകരതകളെക്കുറിച്ച് നിരന്തരം ഒച്ചവെക്കുന്ന ലിബറലുകളും ഇസ്രായേല്‍ ഭീകരതകളുടെ കോമ്പല്ലുകള്‍ മനുഷ്യത്വത്തിലാഴ്ന്നമരുമ്പോള്‍ ഞങ്ങളൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ നിശ്ശബ്ദരാണ്. ഫലസ്​തീന്‍ ഭരണകൂടത്തെ തന്നെ തടവിലിട്ടും കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല ചെയ്തും 1982ലെ ഭയാനകമായ ലബനാൻ അഭയാർഥി ക്യാമ്പ് ആക്രമണത്തെ അനുസ്മരിപ്പിക്കുംവിധം ബൈറൂതിനെ കടന്നാക്രമിച്ചും ഇപ്പോള്‍ അതിനൊക്കെയപ്പുറം ഗസ്സയെയും അതുവഴി ഫലസ്​തീനിനെ തന്നെയും ഇല്ലാതാക്കാനുള്ള അധിനിവേശത്തിന്‍റെ ‘ബുള്‍ഡോസര്‍’ കുതിക്കുമ്പോള്‍, ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പുലര്‍ത്തുന്നത് കുറ്റകരമായ മൗനമാണ്.

യു.എന്‍.ഒയുടെ ഉള്ളില്‍ ഇപ്പോള്‍ മിടിക്കുന്നത് ‘നാറ്റോ’യുടെ ഹൃദയമാണ്. നാടുകടത്തിയാലും ഞങ്ങളിവിടെനിന്ന് പോവില്ലെന്നും വെടിയുണ്ടകള്‍ക്ക് ഞങ്ങളുടെ വഴികളില്‍ തുളകള്‍ വീഴ്ത്താനാവില്ലെന്നും സ്വന്തപ്പെട്ടതെല്ലാം നഷ്ടപ്പെട്ട ഒരു വംശം വികാരവിവശമായി വിളിച്ചുപറയുകയാണ്, ‘‘നമ്മളീ ഭൂമിയുടെ മക്കളാണെങ്കില്‍ അവള്‍ നമ്മോട് കരുണ കാട്ടേണ്ടിയിരിക്കുന്നു.’’ സാമ്രാജ്യത്വം വിസർജിച്ച അസംബന്ധങ്ങളെ തള്ളിമാറ്റി ദര്‍വീശ് ചോദിക്കുന്നു: ‘‘അവസാനത്തെ അതിര്‍ത്തിയും മുറിച്ചുകടന്ന് ഞങ്ങളെവിടെ പോകാനാണ്? അവസാനത്തെ ആകാശത്തിനുമപ്പുറത്തേക്ക് പക്ഷികള്‍ എങ്ങോട്ട് പറക്കാനാണ്?’’

സംഘര്‍ഷകാലങ്ങളില്‍ കൂട്ടക്കൊലനടത്തിയും സാമ്പത്തികമായി ശ്വാസം മുട്ടിച്ചും, ഫലസ്​തീനില്‍ അപൂർവമായ സമാധാനകാലത്ത് അനാവശ്യ പരിശോധനകളും അസഹ്യമായ നിയന്ത്രണങ്ങളും അടിച്ചേൽപിച്ചും ഒരു ജനസമൂഹത്തിന്‍റെ ജന്മത്തെ തന്നെ വിചാരണവിധേയമാക്കുന്ന ഭരണസംവിധാനമാണ് ഇസ്രായേലിലുള്ളത്. എന്നിട്ടും മധ്യപൗരസ്ത്യദേശത്തെ ഈ ഭീകര സയണിസ്റ്റ് മതരാഷ്ട്രമാണ് സാമ്രാജ്യത്വത്തിന്‍റെ കാഴ്ചപ്പാടില്‍ മധ്യപൗരസ്ത്യദേശത്തെ ഏക ‘ജനാധിപത്യ രാജ്യം’!

ജനാധിപത്യരാഹിത്യത്തിന്‍റെ മാരകമാതൃകയായി മാറിക്കഴിഞ്ഞ ഇസ്രായേലിന്‍റെ കാപട്യമാണ്, ഫലസ്​തീന്‍റെ ദേശീയഗാനമെന്ന് ‘ദ ക്വസ്റ്റ്യന്‍ ഓഫ് ഫലസ്​തീനി’ല്‍ എഡ്വേഡ് സൈദ് വിശേഷിപ്പിക്കുന്ന മഹ്മൂദ് ദർവീശിന്‍റെ ‘ഐഡന്‍റിറ്റി കാര്‍ഡ്’ നിവര്‍ന്നുനിന്ന് ചോദ്യം ചെയ്യുന്നത്. ഏതൊരു രാജ്യത്തിനും നിലനില്‍ക്കുന്ന ‘പരിശോധന’കളെ പരമാവധി പീഡനമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞ ലോകത്തിലെ ഏക രാഷ്ട്രമാണ് ഇസ്രായേല്‍. ‘ചെക്ക് പോസ്റ്റുകളില്‍ കുഞ്ഞിന് ജീവന്‍ നല്‍കേണ്ടിവരുന്ന ഹതഭാഗ്യരായ ഉമ്മമാരുടെ നാട് ഫലസ്​തീന്‍ മാത്രമാണ്’, എന്നൊരൊറ്റ വസ്തുത മതി ഇസ്രായേല്‍ പരിശോധനകളുടെ മഹത്ത്വം മനസ്സിലാക്കാന്‍.

ആരുമറിയാതെ ചെക്ക്പോസ്റ്റുകള്‍ക്കിടയില്‍മാത്രം ചിതറിപ്പോവുന്ന എത്രയെത്ര ജീവിതങ്ങള്‍. പക്ഷേ, ഫലസ്​തീന്‍ അറബിക്ക് പേരും നാളും മേല്‍വിലാസവുമില്ല. അവര്‍ക്ക് അവരുടെ തിരോധാനത്തെക്കുറിച്ചോര്‍ത്ത് നെഞ്ചത്തടിച്ച് കരയുന്ന കുടുംബങ്ങളില്ല. അവര്‍ കാനേഷുമാരിയിലെ മരവിച്ച അക്കം മാത്രം.

 

അറബികള്‍ ഇസ്രായേല്‍ കാഴ്ചപ്പാടില്‍ ‘ഇരുകാലി മാടുകളാണ്’. ‘അപൂര്‍ണ മനുഷ്യരാണ്’. ‘‘ഒരു ഫലസ്​തീനിയന്‍ കുഞ്ഞ് പിറക്കുന്നതിനെക്കുറിച്ച് സങ്കൽപിക്കുമ്പോള്‍ എനിക്കുറങ്ങാനാവുന്നില്ലെ’’ന്ന് പറഞ്ഞത് ഗോള്‍ഡാമെയര്‍ ആയിരുന്നു. 1982ലെ കുപ്രസിദ്ധ സബ്ര-ശാത്തില കൂട്ടക്കൊലയില്‍, ഗര്‍ഭിണികളായ സ്ത്രീകളെ കൂട്ടത്തോടെ കൊന്നതിനെ ഇസ്രായേല്‍ ഭരണാധികാരികള്‍ പറഞ്ഞ ന്യായം, ഇവിടത്തെ ഗര്‍ഭിണികള്‍ ‘ഭീകരരെ’ മാത്രമേ പ്രസവിക്കുകയുള്ളൂ എന്നായിരുന്നു! ഇത്തരമൊരു പശ്ചാത്തലത്തില്‍ വായിക്കുമ്പോഴാണ് ദർവീശിന്‍റെ ‘ഐഡന്‍റിറ്റി കാര്‍ഡ്’ എഡ്വേഡ് സൈദ് വിശദമാക്കുന്നതുപോലെ ഫലസ്തീന്‍റെ ദേശീയഗാനമായി വികസിക്കുന്നതിന്‍റെ പൊരുള്‍ തെളിയുന്നത്.

‘എഴുതിയെടുത്തോ’ (Record) എന്ന പ്രസ്തുത കവിതയിലെ ഒരൊറ്റ പദംമതി, സത്യത്തില്‍ അതിന്‍റെ സ്ഫോടനശക്തി അറിഞ്ഞനുഭവിക്കുന്നതിന്! ‘‘ഞാനൊരറബി, കുട്ടികള്‍ എട്ട്. എഴുതിയെടുത്തോ. വെറുമൊരു സംജ്ഞാനാമം മാത്രം. മാറാപ്പേരും സ്ഥാനപ്പേരും ഒന്നും എനിക്കില്ല.’’ വ്യക്തതയുടെ ഉറപ്പുള്ള ഇടിക്കട്ടകള്‍കൊണ്ടാണ് സമ്പൂർണാർഥത്തില്‍, നിലവില്‍ വന്നിട്ടില്ലാത്ത ഒരു രാഷ്ട്രത്തിന്‍റെ ദേശീയഗാനം ദർവീശ് പൂരിപ്പിച്ചിരിക്കുന്നത്! കൊള്ളയടിക്കപ്പെട്ട മന്ദഹാസങ്ങളും കുരിശിലേറ്റപ്പെട്ട സ്വപ്നങ്ങളും ശിഥിലമാക്കപ്പെട്ട ജീവിതങ്ങളും ചോരപുരണ്ട ചുവരുകളും ഇന്ന് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നാളെ സയണിസവും സാമ്രാജ്യത്വവും ചരിത്രത്തിന്‍റെ കോടതിയില്‍ ഉത്തരം പറയേണ്ടിവരും.

ഫലസ്​തീന്‍ ഇന്ന് പങ്കുവെക്കുന്നത് പിറന്ന മണ്ണില്‍നിന്ന് ചവിട്ടി പുറത്താക്കപ്പെട്ട ജനതയുടെ പിടച്ചിലാണ്. വേരറുക്കപ്പെട്ട ഒരു ജനതയുടെ വേദനയുടെ വലിവുകളാണതിന്‍റെ ഹൃദയങ്ങളില്‍ ഇന്നും വിലങ്ങിനില്‍ക്കുന്നത്. സ്വന്തം രാഷ്ട്രത്തെ അവര്‍ സൂക്ഷിച്ചിരിക്കുന്നത് അവരുടെ സ്വന്തം ഹൃദയത്തിലും തലച്ചോറിലുമാണ്. ഇങ്ങനെയൊരു രാഷ്ട്രവും ഇങ്ങനെയൊരു ജനതയും ലോകത്ത് വേറെയില്ല.

സംഭവബഹുലമായ സ്വന്തം ചരിത്രമാണ് ഇന്നവരുടെ കണ്‍മുന്നില്‍ ഒരു ചാരക്കൂമ്പാരമായി പർവതസമാനം ഗസ്സയില്‍ ‘ശിരസ്സുയര്‍ത്തി’ കത്തിനില്‍ക്കുന്നത്. ഏത് പ്രതിസന്ധിയിലും പൊരുതുന്ന, കുഴിച്ചുമൂടുമ്പോഴും തഴച്ചുവളരുന്ന ഫലസ്​തീനിയന്‍ ആത്മവീര്യത്തിന് അന്ത്യം കുറിക്കാനുള്ള ആസൂത്രിത ശ്രമമാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ പിന്തുണയോടെ അത്യന്തം അക്രാമകമായി സര്‍വ അന്താരാഷ്ട്ര തത്ത്വങ്ങളെയും തകര്‍ത്തുകൊണ്ട് ഇപ്പോള്‍ ഗസ്സയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

പശ്ചിമേഷ്യയിലെ എണ്ണസമ്പത്ത് സ്വന്തമാക്കുകയും ജനാധിപത്യത്തിന്‍റെ വളര്‍ച്ച തടയുകയുമാണ് സാമ്രാജ്യത്വത്തിന്‍റെ ലക്ഷ്യം. അതിനുവേണ്ടിയാണവര്‍ മധ്യ-പൗരസ്ത്യ ദേശത്ത് ഇസ്രായേലിനെ വളര്‍ത്തുന്നത്. അറബ് രാഷ്ട്രങ്ങളിലെ പാവഭരണങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കുന്നത്. ഇന്ന് ഇസ്രായേലിന്‍റെ ഓരോ മണ്‍തരിയിലും അമേരിക്കന്‍ സാന്നിധ്യമുണ്ട്. അത് മധ്യപൗരസ്ത്യ ദേശത്ത് മറ്റൊരമേരിക്കയായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഇത്രയേറെ പ്രതികൂല പശ്ചാത്തലത്തിലും ‘സാമ്രാജ്യത്വ പിന്തുണയോടെ’ ഇസ്രായേല്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ അധിനിവേശ ആക്രമണങ്ങളെയും ഫലസ്​തീന്‍ മുമ്പും പ്രതിരോധിച്ചിട്ടുണ്ട്. കൊലചെയ്യപ്പെട്ട കുട്ടികള്‍ക്കു മാത്രമായി അവിടെ ശ്മശാനങ്ങളുണ്ട്. അധിനിവേശ ശക്തികളുടെ ആയുധങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നവര്‍ കളിക്കോപ്പുകളും പൂച്ചട്ടികളും ഉണ്ടാക്കിയിട്ടുണ്ട്.

നാസി കൊലയുടെ കേന്ദ്രങ്ങളിലൊന്നായ ഓഷ് വിറ്റ്സിനുശേഷം ഇനി കവിതയില്ലെന്ന നടുക്കമുണ്ടായെങ്കില്‍, ദയര്‍യാസീനും സബ്ര-ശാത്തിലക്കും ശേഷവും ‘ഞങ്ങള്‍തന്നെയാണ്’ കവിത എന്നവര്‍ക്ക് പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്തിന് ഇസ്രായേല്‍ പണിതുയര്‍ത്തിയ ആ ഭീകര അപാർതൈറ്റ് മതിലിനെപ്പോലുമവര്‍ പോരാട്ടചിത്രങ്ങളുടെ കാൻവാസാക്കി മാറ്റിയിട്ടുണ്ട്! അതെല്ലാം മർദകരെ അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്തമായി 2023 ഒക്ടോബര്‍ ഏഴ് സയണിസ്റ്റ് മർദകരെ സത്യമായും കീഴ്മേല്‍ മറിച്ചുകളഞ്ഞു.

‘‘എല്ലാ സംശയങ്ങളിലും വെച്ച്/ മനോഹരമായ ഒന്നുണ്ട്/ ചവിട്ടി താഴ്ത്തപ്പെട്ടവരും/ ആശയറ്റവരും തലയുയര്‍ത്തി/ മർദകരുടെ ശക്തിയില്‍ സംശയിക്കുന്നതാണത്’’ (ബ്രെഹ്ത്).

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT