എന്താണ് ഡിെസബിലിറ്റി? അത് ഭിന്നശേഷി അല്ലേ? സര്‍ക്കാര്‍ അംഗീകൃത പ്രയോഗമല്ലേ ശരി? ഒരു നിഘണ്ടു ഡിസെബിലിറ്റി എന്ന വാക്കിനു നല്കുന്ന നിര്‍വചനമല്ല സാമൂഹിക-രാഷ്ട്രീയതലങ്ങളില്‍ ആ വാക്കിനുള്ളതെന്ന് സമർഥിക്കുകയാണ് ലേഖകൻ. ആഴ്ചപ്പതിപ്പിൽ തുടങ്ങിയ (ലക്കം: 1397) ഡിസെബലിറ്റി ചർച്ച തുടരുന്നു.
അന്താരാഷ്ട്രതലത്തില്‍ ഡിെസബിലിറ്റി രാഷ്ട്രീയത്തിന് കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്ത് ഉണ്ടായ മുന്നേറ്റം വളരെ ശ്രദ്ധേയമാണ്. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പുറമ്പോക്കുകളിൽപോലും ശ്രദ്ധ കിട്ടാതിരുന്ന ഒരു സമൂഹത്തെ, ചിന്തകളും ആശയങ്ങളും വ്യക്തതയോടെ ആവിഷ്കരിക്കാന്‍ കെല്പുള്ള ഒരു തലത്തിലേക്ക് ഡിസേബ്ള്‍ഡ് വ്യക്തികള്‍ കൂട്ടായി ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നു. വംശീയ, ജാതീയ, ലിംഗ-ലിംഗത്വ രാഷ്ട്രീയ പലമകള്ക്കൊപ്പം ഡിെസബിലിറ്റി രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ കൂട്ടായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ നേട്ടംതന്നെയാണ്.
എന്നാല്‍ ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും ഡിെസബിലിറ്റി രാഷ്ട്രീയത്തിനെ ഡിസേബ്ള്‍ഡ് വ്യക്തികളോടും പൊതുസമൂഹത്തിനോടും തെളിമയോടെ മനസ്സിലാക്കിപ്പിക്കാനുള്ള തടസ്സങ്ങള്‍ ഏറെയാണ്. ഈ തടസ്സങ്ങളിലൂടെ തുഴഞ്ഞും ഈ തടസ്സങ്ങളെ കവിഞ്ഞും നടക്കേണ്ട മനസ്സിലാക്കലുകള്‍ക്ക് മാത്രമേ സമൂഹത്തില്‍ ഡിസേബ്ള്‍ഡ് വ്യക്തികള്‍ക്ക് സ്വാഭിമാനവും സമത്വവും തുല്യനീതിയും ഉറപ്പുവരുത്താന്‍ കഴിയൂ.
എന്താണ് ഡിെസബിലിറ്റി? ഭിന്നശേഷി അല്ലേ ശരിയായ സര്‍ക്കാര്‍ അംഗീകൃത പ്രയോഗം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നിങ്ങൾക്കുണ്ടാകാം. ഒരു നിഘണ്ടു ഡിസെബിലിറ്റി എന്ന വാക്കിനു നല്കുന്ന നിര്‍വചനമല്ല സാമൂഹിക-രാഷ്ട്രീയതലങ്ങളില്‍ ആ വാക്കിനുള്ളത്. ഡിസേബ്ൾഡ് വ്യക്തികള്‍ നേരിടുന്നത് നൂറ്റാണ്ടുകളായി സമൂഹത്തിനകത്തു നിര്‍മിക്കപ്പെട്ട ഒരു സാമൂഹിക/സാംസ്കാരിക വിവേചന ബോധത്തെയാണ് എന്നതാണ് ആദ്യമേ മനസ്സിലാക്കേണ്ട ഒരു കാര്യം. അത് സമൂഹത്തിന്റെ ബോധമായും അബോധമായും പ്രവര്‍ത്തിക്കുന്നുണ്ട്. അറിഞ്ഞും അറിയാതെയും വിവേചനം നടക്കുന്നുണ്ട്.
ശാരീരികമായ/മാനസികമായ ന്യൂനതയെയോ ശേഷിക്കുറവിനെയോ ഇല്ലായ്മയെയോ അല്ല സാമൂഹിക-രാഷ്ട്രീയപരമായി ഡിസെബിലിറ്റി എന്ന വാക്ക് സൂചിപ്പിക്കുന്നത്. ഒരു വ്യക്തിക്ക് ശാരീരികമോ മാനസികമോ ബൗദ്ധികമോ സംവേദനപരമോ ആയ സവിശേഷതകള്‍ (impairments) മൂലം സമൂഹത്തിനോട് പൂര്‍ണമായി സംവദിക്കാനോ ഇടപഴകാനോ ഫലപ്രദമായി സമൂഹവൃത്തികളില് പങ്കെടുക്കാനോ പറ്റാതെ തടസ്സങ്ങള്‍ ഏര്‍പ്പെടുന്നു (barriers). ഈ തടസ്സങ്ങളുടെ ഫലമായി സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് തുല്യമായി പങ്കാളിത്തം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഡിസെബിലിറ്റി.
ഒരു വീല്‍ചെയര്‍ ഉപയോഗിക്കുന്ന വ്യക്തിയെ ആലോചിച്ചു നോക്കൂ. ആ വ്യക്തി പടിക്കെട്ടുകള്‍ക്ക് മുന്നിലെത്തുന്നു എന്ന് കരുതുക. ഈ പടിക്കെട്ടുകള്‍ ആ വ്യക്തിയുടെ സഞ്ചാരത്തിന് തടസ്സമായി നില്ക്കുന്ന barrier ആണ്. ഈ പടിക്കെട്ടുകള്മൂലം ആ വീല്‍ചെയര്‍ യൂസറിന് നേരിടേണ്ടിവരുന്ന പങ്കാളിത്തനിഷേധവും വിവേചനവുമാണ് ableism. അതിന്റെ പരിണിതഫലമാണ് ഡിസെബിലിറ്റി എന്നു വേണമെങ്കില്‍ ലളിതമായി പറയാം.
‘പടിക്കെട്ടുകളില്‍ എവിടെയാണ് വിവേചനം?’ എന്നതാണ് നിങ്ങളുടെ സംശയമെങ്കില്‍, വീല്‍ചെയര്‍ യൂസര്‍മാര്‍ക്കും അന്ധ-കാഴ്ച പരിമിതരായ വ്യക്തികള്‍ക്കും സമൂഹത്തിലെ മറ്റു വ്യക്തികളെപ്പോലെ സ്വതന്ത്രമായി ഉപയോഗിക്കാന്‍ പറ്റുന്ന പാതകള്‍ ഇല്ലാത്തിടത്തോളം, അത് സമൂഹം അവരോടു കാണിക്കുന്ന വിവേചനം തന്നെയല്ലേ എന്ന് ആലോചിച്ചുനോക്കൂ.
ഈ ഒരു ധാരണ മനസ്സില്‍വെച്ചുകൊണ്ടുതന്നെ നമുക്ക് കേരളത്തില്‍, മലയാള ഭാഷയില്‍, ഡിസേബ്ള്‍ഡ് സമൂഹത്തെ പ്രതിനിധാനംചെയ്യാനായി പൊതുവെ ഉപയോഗിക്കുന്ന വാക്കുകളിലൂടെ വെറുതെ ഒന്ന് പോയി നോക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ‘വികലാംഗര്‍’ ആണ്. ഒരുപക്ഷേ, ഒരു സമൂഹമെന്ന നിലയില്‍ ഡിസേബ്ള്‍ഡ് വ്യക്തികളെ കൂട്ടിച്ചേര്‍ത്ത് അഭിസംബോധനചെയ്ത മലയാളം വാക്ക് ആയിരിക്കാം ‘വികലാംഗര്‍’ എന്നത്. നവോത്ഥാന പ്രസ്ഥാനം (renaissance movement) വേരിട്ടുറപ്പിച്ച ചിന്തയാണ് പൂര്ണശരീരനായ മനുഷ്യന് എന്നുള്ളത്. ‘പൂർണമായ ശരീരം’ എന്ന മിഥ്യാധാരണയില്‍നിന്നാണ് അപൂർണമായ വികലമായ അംഗങ്ങളുള്ള ശരീരം എന്ന അബദ്ധങ്ങളൊക്കെ ഉണ്ടാകുന്നത്.
വ്യക്തിയുടെ ശാരീരിക-മാനസിക നിലകളെ കുറിച്ച് വളരെ നികൃഷ്ടമായി പറയുന്ന ഒരു വാക്ക് മാത്രമായി ഇന്ന് ഒതുങ്ങിയെങ്കിലും ഇപ്പോഴും പ്രയോഗത്തിലുള്ള ഒരു വാക്ക് തന്നെയാണ് ‘വികലാംഗര്‍’. ശരീരാവയവങ്ങള്‍ വികലമായിരിക്കുക എന്ന അടയാളംകൊണ്ടു മാത്രം അടയാളപ്പെടുത്തേണ്ട ഒരു സമൂഹമാണോ ഡിസേബ്ള്‍ഡ് വ്യക്തികള്‍? ജന്മനാലോ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ അപകടത്താലോ ആകസ്മികമായോ ശരീരാവസ്ഥകളില് വരുന്ന വ്യതിയാനങ്ങള്‍ ആ വ്യക്തികളുടെ/ശരീരത്തിന്റെ കുറ്റമോ കുറവോ ആണെന്ന് കരുതുന്ന ധാരണ തീര്‍ത്തും അബദ്ധമാണ്, വിവേചനപരമാണ്. medical model അഥവാ ആതുര മാതൃക എന്നുപറയാവുന്ന ഒരു ചിന്തയുടെ ഫലമാണ് ഈ വാക്ക്.
‘അംഗപരിമിതി’ എന്നൊരു വാക്കാണ് അടുത്തതായി ഉള്ളത്. ഡിസേബ്ൾഡ് വ്യക്തികള്‍ക്ക് അംഗ‘പരിമിതി’കളും ശേഷീ‘പരിമിതി’കളും ഉണ്ടെങ്കിലും ഈ വാക്ക് മുഴുവന്‍ ഡിസേബ്ൾഡ് സമൂഹത്തെയും അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നത് അബദ്ധമാണ്. അങ്ങനെ ഉപയോഗിക്കുന്നപക്ഷം അത് വിവേചനപരമായ ഒരു ableist വാക്കാണ് എന്നു പറയേണ്ടിയിരിക്കുന്നു. കാരണം ‘ശേഷി (ability) ശരീരത്തിന്റെ പൂർണതയെ ആശ്രയിച്ചിരിക്കുന്നു’ എന്ന ableist ധാരണ വീണ്ടും ഉയര്‍ന്നുവരുന്നു. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ‘അംഗങ്ങൾക്കുള്ള (parts/organs/limbs) പരിമിതി (കുറവ്)’ മാത്രമായാണ് അത് ഡിസെബിലിറ്റിയെ കാണുന്നത്. പൂര്‍ണതയുള്ള ശരീരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പാളിച്ച/കുറവുള്ള ശരീരങ്ങളാണ് ഡിസേബ്ൾഡ് വ്യക്തികളുടെ ശരീരങ്ങള്‍ എന്നുള്ള ableist ധാരണ ഊട്ടിയുറപ്പിക്കുന്ന പ്രയോഗമായി അത് മാറുന്നു.
മാത്രമല്ല, അംഗപരിമിതര്‍, വികലാംഗര്‍ മുതലായ വാക്കുകള്‍ അദൃശ്യ ഡിസെബിലിറ്റികളെ (invisible disability) കണക്കിലെടുക്കുന്നില്ല. പുറമേ വെളിപ്പെടാത്ത അനേകം ഡിസെബിലിറ്റികളുണ്ട്. അവ ‘അംഗ’ത്തിന്റെയോ ‘പരിമിതി’യുടെയോ ‘വൈകല്യ’ത്തിന്റെയോ പരിധികളില്പെടുന്നവയല്ല. ഡിസേബ്ൾഡ് വ്യക്തികള്‍ക്ക് ശാരീരികമോ മാനസികമോ ബൗദ്ധികമോ സംവേദനപരമോ ആയ വ്യത്യസ്തതകളെ പരിമിതികള്‍ മാത്രമായി കാണുന്നത് വിവേചനപരമാണ്.
ഡിസേബ്ൾഡ് വ്യക്തികളെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ നിര്‍മിതികളോ സേവനങ്ങളോ രൂപപ്പെടുത്താന്‍ പുരോഗമനപരമായിത്തന്നെ ഈ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. അത്തരം ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറിനില്ക്കാന് പാടില്ല എന്നിരിക്കെ, സമൂഹത്തില്‍ നടക്കുന്ന പുറന്തള്ളലുകള്‍ക്ക് കാരണമായി ഡിസേബ്ൾഡ് വ്യക്തികളുടെ ശരീര ‘പരിമിതി’കളെ കാണിക്കുകയാണ് ഇത്തരം വാക്കുകള്‍ ചെയ്യുന്നത്.
മലയാളത്തില്‍ പ്രബലമായി ഉപയോഗിക്കപ്പെട്ടിരുന്നതും കുറച്ചുകാലം മുമ്പുവരെ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതുമായ ഒരു വാക്കാണ് ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്ന പ്രയോഗം. നേരത്തേ പറഞ്ഞ പടിക്കെട്ടുകള്‍ക്കു മുന്നില്‍ വന്നുനില്ക്കുന്ന വീല്‍ചെയര്‍ യൂസറുടെ കാര്യം ഒന്നുകൂടി ഓര്‍ത്തുകൊണ്ട് ഈ വാക്കിന്റെ സാധുത ഒന്ന് ആലോചിച്ചുനോക്കൂ. പടിക്കെട്ടുകള്‍ക്ക് മുന്നില്‍ ഒരു വ്യക്തി നിസ്സഹായമായി വന്നുപെടുന്നത് യഥാർഥത്തില്‍ ആ വ്യക്തിക്കു നേരെയുള്ള വെല്ലുവിളിയാണോ അതോ ആ വ്യക്തി നേരിടുന്ന വിവേചനമാണോ? പടിക്കെട്ടുകള്‍ക്ക് പകരം വീല്‍ചെയര്‍ എളുപ്പം പോകാവുന്ന ഒരു കയറ്റപ്പാത (ramp) അവിടെ ഉണ്ടാവേണ്ടതായിരുന്നു.
അപ്പോള്‍ സഞ്ചാരസംബന്ധിയായ വിവേചനം ഇല്ലാതാവുമായിരുന്നു. ബ്രെയില്‍ പുസ്തകങ്ങള്‍/ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാകുന്ന പക്ഷത്തില്‍ അന്ധവ്യക്തികള്ക്ക് അക്കാദമിക് സ്ഥലങ്ങളില്‍ സ്വതന്ത്രമായ ഒരു തുറവി (accessibility) ലഭിക്കുമായിരുന്നു. ഇത്തരം ഗഹനമായ നിഷേധങ്ങളിലൂടെ കടന്നുപോകുന്ന ഒരു സമൂഹത്തെ, ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവര്‍ (physically/ mentally challenged) എന്ന ചെല്ലപ്പേരിട്ടുകൊണ്ട് വിവേചനങ്ങളെ മറച്ചുവെക്കുന്നതും നീതിനിഷേധമാണ്.
പടിക്കെട്ട് എന്ന നിർമിതി സ്വാഭാവികവും (normal) വീല്‍ചെയര്‍ എളുപ്പം പോകാവുന്ന ഒരു കയറ്റപ്പാത (ramp) അധികനിർമിതിയും (additional structure) ആകുന്നയിടത്ത് വിവേചനമുണ്ട്. പടിക്കെട്ടിനെപ്പോലെത്തന്നെ റാംപും അച്ചടിക്കപ്പെട്ട പുസ്തകങ്ങളെപ്പോലെത്തന്നെ ബ്രെയില്‍/ഓഡിയോ പുസ്തകങ്ങളും മറ്റും സാധാരണമായി കണക്കാക്കപ്പെടുകയും ലഭ്യമാക്കപ്പെടുകയും ചെയ്യുന്നിടത്തേ തുല്യതയുള്ളൂ.
മലയാളത്തില്‍ അടുത്തകാലത്ത് പ്രചാരംകൂടിയതും സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതുമായ വാക്കാണ് ഭിന്നശേഷി. ശാരീരിക/മാനസിക ശേഷിയില്ലായ്മയെയോ ശേഷീപരിമിതിയെയോ ആണ് ഡിസെബിലിറ്റി എന്ന വാക്ക് സൂചിപ്പിക്കുന്നത് എന്ന ചിന്തയില്‍നിന്നു വന്ന യൂഫെമിസം ആണ് differently abled അഥവാ ഭിന്നശേഷി വ്യക്തികള്‍ എന്നത്. എന്നാല്‍, ഡിസേബ്ൾഡ് വ്യക്തികളുടെ രാഷ്ട്രീയാവശ്യങ്ങളെ ‘ശേഷി’ സംബന്ധമായ നരേറ്റിവുകളിലേക്ക് തിരിച്ചുകൊണ്ടുവന്നു കെട്ടുകയാണ് ഈ വാക്കും ചെയ്യുന്നത്.
നിങ്ങള്‍ക്ക് ഒരു കഴിവ് ഇല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങള്‍ സുശക്ത വ്യക്തിയായിരിക്കും എന്നതാണ് ചുരുക്കം. വിവേചനപരമായ സാമൂഹിക നിർമിതികളെക്കുറിച്ച് ഈ വാക്കും ഒന്നുംതന്നെ പറയുന്നില്ല എന്നതാണ് ശ്രദ്ധേയം. ക്വിയര്‍ ഡിസേബ്ൾഡ് വ്യക്തി ആയ ചാരിസ് ഹില്‍ പറഞ്ഞ ഒരു വാചകം ഈ വാക്കിന്റെ ഇരട്ടത്താപ്പിനെ വെളിപ്പെടുത്തുന്ന ഒന്നാണ്:
‘‘ഉദാഹരണത്തിനു പറയുകയാണെങ്കിൽ, ഒരു ഗേ (gay) വ്യക്തിയോട് നിങ്ങൾ ഗേ അല്ല differently straight ആണെന്ന് പറയുംപോലെ, ദരിദ്രരോടു നിങ്ങൾ ദരിദ്രർ അല്ല differently rich ആണെന്ന് പറയുംപോലെ, സ്ത്രീകളോട് നിങ്ങൾക്ക് കൂലിയിൽ കുറവൊന്നും ഇല്ല നിങ്ങൾ differently paid ആണെന്ന് പറയുംപോലെയാണ് നിങ്ങൾ disabled അല്ല differently abled ആണെന്ന് പറയുന്നത്’’ എന്നാണ് ചാരിസ് ഹില്‍ അവരുടെ ട്വീറ്റില്‍ പറഞ്ഞത്.
2015 ഡിസംബർ മൂന്നിലെ ‘മൻ കി ബാത്തി’ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസേബ്ൾഡ് വ്യക്തികളെ വിശേഷിപ്പിക്കാൻ മുന്നോട്ടുവെച്ച പദമാണ് ‘ദിവ്യാംഗ്’/‘ദിവ്യാംഗ്ജൻ’. ‘ദിവ്യശക്തിയുള്ള അവയവങ്ങളുള്ളവർ’ എന്നു സാമാന്യമായി അർഥം പറയാം.
‘‘നമ്മൾ ഡിസെബിലിറ്റിയുള്ള വ്യക്തികളെ എന്നും കാണുന്നു. പക്ഷേ അവരുമായി ഇടപഴകുമ്പോൾ നമുക്ക് അറിയാവുന്ന ഒരു കാര്യം ആ വ്യക്തികൾക്ക് അതീത ശക്തികളുണ്ടെന്നുള്ളതാണ്. ഇത്തരത്തില്‍ അവയവങ്ങള്‍ക്ക് ദൈവികശക്തികളുള്ളവരെ ‘ദിവ്യാംഗ്’ എന്ന് വിളിക്കുന്നതാണ് ഉചിതം എന്നു ഞാൻ കരുതുന്നു’’ –Accessible India പദ്ധതി ഉദ്ഘാടനംചെയ്തുകൊണ്ടുള്ള വേദിയിലും അദ്ദേഹം ആവർത്തിച്ചു. ഒരു അവയവം നഷ്ടപ്പെട്ട/പരിമിതികളുള്ള വ്യക്തിയുടെ മറ്റു അവയവങ്ങൾക്ക് ദൈവികശക്തികളുണ്ടാകും എന്നത് ഒരു മിത്ത് (myth) ആണ്.
അഥവാ, അതിൽ വസ്തുത ഇല്ല. ‘ഹരിജൻ’, ‘സ്ത്രീ = ദേവി’ തുടങ്ങിയ അതിഹിന്ദുത്വ/ ബ്രാഹ്മണിക്കല്‍ സങ്കൽപങ്ങളെപ്പോലെ തന്നെ ‘ദിവ്യാംഗ്’ ഒരു ഹിന്ദുത്വ/ ദൈവികവത്കരണ പദപ്രയോഗമാണ്. സാമൂഹികമായി ഒരു ജനതക്കുനേരെ നടക്കുന്ന വ്യവസ്ഥാപിതമായ വിവേചനത്തെ മറച്ചുവെക്കുന്ന, അവരുടെ സ്വത്വവും കർത്തൃത്വവും നിഷേധിക്കുന്ന അപമാനവീകരണ ഉപകരണങ്ങളാണ് ഈ ദൈവികവത്കരണ പദപ്രയോഗങ്ങള്‍.
2019ൽ ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ Committee on the Rights of Persons with Disabilities (CRPD) ‘ദിവ്യാംഗ്’ എന്ന പദത്തെ വിവേചനപരമായ/ആക്ഷേപകരമായ പദപ്രയോഗം (derogatory terminology) എന്നുതന്നെ മനസ്സിലാക്കുന്നു. കൂടാതെ, Rights of Persons with Disabilities Act of 2016, the Mental Health Act 2017, the National Trust Act 1999 എന്നിവ എത്രയും പെെട്ടന്ന് പൂർണാർഥത്തിൽ നടപ്പാക്കണം എന്നും പ്രസ്തുത നിയമങ്ങളെ മുൻനിർത്തി ഇന്ത്യയുടെ നിയമ നിർമാണ പ്രക്രിയയിൽനിന്നും പോളിസികളിൽനിന്നും സർക്കാർ ഔദ്യോഗിക ഭേദഗതികളിൽനിന്നും സർക്കാർ വെബ്സൈറ്റുകളിൽനിന്നും പൊതു ഇടങ്ങളിലെ സംവാദങ്ങളിൽനിന്നും ‘ദിവ്യാംഗ്’ പോലുള്ള ആക്ഷേപകരമായ പദപ്രയോഗങ്ങള്‍ പൂർണമായും ഒഴിവാക്കണം എന്നും എടുത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരേക്കും യൂനിയന്‍ ഗവണ്മെന്റ് അങ്ങനെ ചെയ്തിട്ടില്ല എന്നു മാത്രമല്ല, ആ വാക്കിനു കൂടുതല്‍ പ്രചാരം നല്‍കുകയാണ് ചെയ്യുന്നത്.
കേരളത്തിലെ സാഹചര്യം കണക്കിലെടുക്കുക. ജാതി-മത-വംശ-ലിംഗ നിലകളുടെ കുത്തനെയുള്ള/തട്ടായുള്ള (vertical/ hierarchical discrimination) വിവേചനക്രമം ഇവിടെ യാഥാർഥ്യമാണ്. അതിനകത്ത് മറ്റൊരു സങ്കീർണമായ വിവേചന നിലയാണ് ഡിസെബിലിറ്റി. ഡിസേബ്ൾഡ് വ്യക്തികള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അടിസ്ഥാനപരമാണ്.
ഡിസേബ്ൾഡ് വ്യക്തികളുടെ വ്യക്തിത്വത്തിനെയും സ്വത്വത്തിനെയും ശരീരസവിശേഷതകളെയും അംഗീകരിക്കുക, അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവിനെയും മാനിക്കുക, ഘടനാപരമായും സ്ഥാപനവത്കൃതമായുമുള്ള വിവേചനങ്ങളെ ഇല്ലാതാക്കുക, പൂർണ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക, മനുഷ്യര്‍ക്കിടയിലുള്ള പലമകളുടെയും വൈവിധ്യങ്ങളുടെയും ഭാഗംതന്നെയാണ് ഡിസേബ്ൾഡ് വ്യക്തികളും എന്ന് അംഗീകരിക്കുക, അവസരസമത്വം ഉറപ്പുവരുത്തുക, വിവര-സാധന-സേവന-സഞ്ചാര-ഉപയോഗ സ്വാതന്ത്ര്യം (accessibility) ഡിജിറ്റല്‍ സ്പേസ് അടക്കമുള്ള എല്ലായിടത്തും എല്ലാ സമയങ്ങളിലും തുല്യതയോടെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ജാതി-മത-വര്‍ഗ-ലിംഗ സമത്വം ഉറപ്പുവരുത്തുക, വ്യത്യസ്ത വ്യക്തികള്‍ക്ക് വ്യത്യസ്ത ശേഷികള്‍ വ്യത്യസ്ത സമയമെടുത്തു വളര്ന്നുവരുന്നതാണെന്ന കാര്യം അംഗീകരിച്ചുകൊണ്ട് ഡിസേബ്ൾഡ് വ്യക്തികളോടും കുട്ടികളോടും ഇടപഴകുക എന്നിവ അടിസ്ഥാനപരമാണ്.
Accessibilityയെ മൗലിക അവകാശമായി ഉറപ്പുവരുത്തിക്കൊണ്ടുള്ള നിയമനിര്‍മാണങ്ങള്‍ നടത്താന്‍ സുപ്രീംകോടതി സര്‍ക്കാറിനോട് സ്വൽപം കടുപ്പത്തിൽതന്നെ ഊന്നിപ്പറഞ്ഞത് കഴിഞ്ഞയാഴ്ചയാണ് എന്നുള്ളത് നീതി എത്ര വൈകുന്നു എന്നതിന്റെ ഉദാഹരണം മാത്രമാണ്. ഡിസേബ്ൾഡ് വ്യക്തികൾക്കുള്ള ജാതി, മത, വര്‍ഗ, ലിംഗ പലമകളെ ഉള്‍ക്കൊണ്ടുകൊണ്ട് ഒരുമിച്ചുനിന്നാല്‍ മാത്രമേ സ്വാഭിമാനവും സമത്വവും തുല്യനീതിയും മുന്നോട്ടുവെച്ചുകൊണ്ടുള്ള പോരാട്ടങ്ങള്‍ രൂപവത്കരിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. അതിനായി ഒരുമയുടെയും സ്വാഭിമാനത്തിന്റെയും ഭാഷയും പ്രയോഗങ്ങളും സ്വത്വബോധവും നമ്മള് രൂപവത്കരിേക്കണ്ടിയിരിക്കുന്നു. ഈ ഭാഷയുടെയും സ്വത്വത്തിന്റെയും പ്രചാരണത്തിനായി മാധ്യമങ്ങളും മുന്നോട്ടുവരേണ്ടതാണ്.
തമിഴ്നാട്ടിൽ ‘തിരുനമ്പി’, ‘തിരുനങ്കൈ’ തുടങ്ങിയ വാക്കുകൾക്ക് പ്രചാരം കൊടുത്തവരിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രിവിലേജ്ഡ് വ്യക്തിത്വങ്ങൾ കരുണാനിധിയും മകൾ കനിമൊഴിയുമാണ്. അവർ തങ്ങളുടെ മാധ്യമങ്ങളെയും അതിനായി ഉപയോഗിച്ചിട്ടുണ്ട്.
അതിന്റെ തുടർച്ചയായി തമിഴ് മാധ്യമങ്ങള്‍ ആ വാക്കുകള്‍ ഏറ്റെടുത്തു. തങ്ങളുടെ സംവാദങ്ങളില്‍ ഉപയോഗിച്ച വാക്കുകൾ മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ട്രാൻസ് വ്യക്തിത്വങ്ങളുടെ/ ട്രാൻസ് ഡിസ്കോഴ്സുകളുടെ സ്വീകാര്യതയെ ഗണ്യമായി സ്വാധീനിക്കാൻ ഇതിനു കഴിഞ്ഞിട്ടുണ്ട് എന്ന് ട്രാന്‍സ് വ്യക്തിയും ആക്ടിവിസ്റ്റുമായ കനഗവരദന് നിരീക്ഷിക്കുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഏകീകരിച്ച, പൊതുവായ ഒരു ഭാഷാനിഘണ്ടുവോ, അരികുസമൂഹങ്ങളെക്കുറിച്ചുള്ള വാക്പ്രയോഗങ്ങളുടെ ചരിത്ര-സാമൂഹിക-രാഷ്ട്രീയ തലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളോ ഇല്ലാത്തത് ഒരു പ്രധാന പ്രശ്നംതന്നെയാണ്.
അങ്ങനെയുണ്ടായിരുന്നെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ അല്ലെങ്കില്‍പോലും മാധ്യമങ്ങളില്‍ ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട വാക്കുകളിലെ കളങ്കസങ്കല്പങ്ങള് (stigma) ഇല്ലാതായേനെ. പലമകളെ ഉള്‍ക്കൊള്ളുകയും ആഘോഷിക്കുകയുംചെയ്യുന്ന ഒരുമയുടെ ഭാഷക്കു മാത്രമേ സ്വത്വ സങ്കൽപങ്ങള്ക്ക് മേലെയും അവകാശങ്ങൾക്കു മേലെയുമുള്ള അപമാനബോധങ്ങളെ തകര്‍ത്തു മുന്നേറാന്‍ ശേഷിയുണ്ടാകൂ.
ഡിസെബിലിറ്റിയുടെ മലയാളം അറിഞ്ഞാല്‍ മാത്രമേ ഡിസേബ്ൾഡ് വ്യക്തികളുടെ രാഷ്ട്രീയ ആവശ്യങ്ങളെ അഭിമുഖീകരിക്കാനാകൂ, അല്ലെങ്കില്‍ അംഗീകരിക്കാനാകൂ എന്നതും വരട്ടുവാദംതന്നെയാണ്. ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വങ്ങളെ സംബന്ധിച്ച മലയാളം വാക്കുകള്‍ക്കായി ദശാബ്ദങ്ങളോളം നടന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാധ്യമങ്ങളും സര്‍ക്കാറും ‘ട്രാന്‍സ്ജെന്‍ഡര്‍’ എന്ന വാക്ക് രാഷ്ട്രീയനീതിയുടെ ഭാഗമായി സ്വീകരിച്ചത് ഒരു ഉദാഹരണമായി കാണിക്കാവുന്നതാണ്. എന്നാലും ഡിസെബിലിറ്റിയുടെ മലയാളം അറിയണമെന്നു വാശിപിടിക്കുന്നവര്‍ ‘non-disabled’ന്റെ മലയാളം എന്താണ് എന്ന്/ ‘non- disabled’ന് എന്തുകൊണ്ട് ഇല്ല എന്നതിന് രാഷ്ട്രീയപരമായി വിശദീകരണം തരാന്‍ ബാധ്യസ്ഥരാണ്.
Non-disabled വ്യക്തികളെ സമൂഹം അടിസ്ഥാന നിലയായി കാണുന്നിടത്തോളം ഡിസേബ്ൾഡ് വ്യക്തികള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ തുടരുകതന്നെ ചെയ്യും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഡിസേബ്ൾഡ് വ്യക്തികള്‍ എതിര്‍ത്ത് പോരാടുന്നത് പ്രത്യയശാസ്ത്രപരമോ സാംസ്കാരികമോ ആയ മാർഗങ്ങളിലൂടെ നിലനിർത്തപ്പെടുന്ന, ‘പൂര്‍ണതയുള്ള (non-disabled) ശരീര/മാനസിക സ്വത്വ’ങ്ങളുടെ ‘സാധാരണത്വത്തിന്റെ സാംസ്കാരിക മേധാവിത്വ’ത്തിന് (hegemony of the normality) എതിരായാണ് എന്ന് അനിതാ ഘായ് സൂചിപ്പിക്കുന്നു. സിമി ലിന്ടന്റെ (Simi linton) വാക്കുകള്‍ കടമെടുത്താല്‍ ‘‘നമ്മള് (ഡിസേബ്ൾഡ് വ്യക്തികള്‍) ഒരുമിച്ചുനില്ക്കുന്നത് നമ്മുടെ രോഗലക്ഷണങ്ങള്‍ ഒന്നായതുകൊണ്ടോ, ശാരീരിക/ മാനസിക അവസ്ഥകള്‍ ഒരുപോലെയായതുകൊണ്ടോ അല്ല, സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ നമ്മളെ ഒരു പോരാട്ടനിലത്തില് ഒരുമിച്ചുകൂട്ടിയതാണ്.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.