പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രത്യാശകള്‍

മൂന്നാം മോദി സർക്കാറിന്റെ പ്രവർത്തനം എങ്ങനെയായിരിക്കും? പ്രതിപക്ഷത്തി​ന്റെ തെരഞ്ഞെടുപ്പ്​ നേട്ടത്തെ എങ്ങനെയാണ്​ കാണേണ്ടത്​? കോൺഗ്രസിന്‍റെയും പ്രതിപക്ഷത്തിന്റെയും പരിമിതമായ ഈ തിരിച്ചുവരവിലൂടെ രാഷ്ട്രം നേരിടുന്ന ദേശീയവിപത്തിന് പൂർണമായ പരിഹാരമാകുമോ? -ചിന്തകൻകൂടിയായ ലേഖക​ന്റെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.ഇല്ലിബറല്‍ ജനാധിപത്യത്തിന്റെ രാഷ്ട്രീയ സങ്കീർണതകള്‍ വെളിവാക്കുന്ന തെരഞ്ഞെടുപ്പാണ് ഇന്ത്യയില്‍ ഇപ്പോള്‍ കഴിഞ്ഞുപോയത്‌. സ്വത്വവും ഭൂരിപക്ഷവും എന്ന സമവാക്യത്തിന്റെ ആന്തരികമായ ദൗർബല്യങ്ങളും സമ്മർദങ്ങളും നിസ്സാരമല്ലെന്നു തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നു. ട്രംപിന്റെ...

മൂന്നാം മോദി സർക്കാറിന്റെ പ്രവർത്തനം എങ്ങനെയായിരിക്കും? പ്രതിപക്ഷത്തി​ന്റെ തെരഞ്ഞെടുപ്പ്​ നേട്ടത്തെ എങ്ങനെയാണ്​ കാണേണ്ടത്​? കോൺഗ്രസിന്‍റെയും പ്രതിപക്ഷത്തിന്റെയും പരിമിതമായ ഈ തിരിച്ചുവരവിലൂടെ രാഷ്ട്രം നേരിടുന്ന ദേശീയവിപത്തിന് പൂർണമായ പരിഹാരമാകുമോ? -ചിന്തകൻകൂടിയായ ലേഖക​ന്റെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.

ഇല്ലിബറല്‍ ജനാധിപത്യത്തിന്റെ രാഷ്ട്രീയ സങ്കീർണതകള്‍ വെളിവാക്കുന്ന തെരഞ്ഞെടുപ്പാണ് ഇന്ത്യയില്‍ ഇപ്പോള്‍ കഴിഞ്ഞുപോയത്‌. സ്വത്വവും ഭൂരിപക്ഷവും എന്ന സമവാക്യത്തിന്റെ ആന്തരികമായ ദൗർബല്യങ്ങളും സമ്മർദങ്ങളും നിസ്സാരമല്ലെന്നു തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പു പരാജയം ഒരർഥത്തില്‍ ഇത് ലോകജനതയെ ബോധ്യപ്പെടുത്തിയതാണ്. അതിനെക്കാള്‍ ശക്തമായ ഉള്‍ക്കാഴ്ചകളാണ് മോദിയുടെയും ബി.ജെ.പിയുടെയും നേരിയ ഭൂരിപക്ഷത്തിലുള്ള തിരിച്ചുവരവില്‍നിന്നു മനസ്സിലാക്കാനുള്ളത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ഇത്തരമൊരു വിധിയുടെ ചരിത്രസാധ്യതകള്‍ ഞാന്‍ ‘നാലാംകണ്ണ്’ എന്ന എന്റെ ‘മാധ്യമം പംക്തി’യില്‍ എഴുതാന്‍ തുടങ്ങിയിരുന്നു.

‘ഇൻഡ്യ സഖ്യത്തിന്റെ രാഷ്ട്രീയ സാധ്യതകൾ’ (സെപ്റ്റംബര്‍ 12, 2023), ‘പ്രതിപക്ഷ രാഷ്ട്രീയ ഉയിര്‍ത്തെഴുന്നെല്‍പ്’ (ഏപ്രില്‍ 9, 2024), ‘തകരുന്ന ബി.ജെ.പി, പൊരുതുന്ന ഇൻഡ്യ സഖ്യം’ (ഏപ്രില്‍ 25, 2024), ‘അന്തസ്സാര ശൂന്യതയുടെ ചരിത്രനിരാസങ്ങൾ’ (മേയ് 22, 2024) എന്നീ ‘നാലാംകണ്ണ്’ ലേഖനങ്ങളില്‍ക്കൂടി തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പുതന്നെ ഏതാണ്ട് കൃത്യമായി ബി.ജെ.പി പിന്‍പറ്റുന്ന ഇല്ലിബറല്‍-മതഭൂരിപക്ഷ പ്രത്യയശാസ്ത്രത്തിന്‍റെ മുനയൊടിയുന്ന യാഥാർഥ്യം കാര്യകാരണസഹിതം ഞാന്‍ വെളിവാക്കാന്‍ ശ്രമിച്ചിരുന്നു. അന്നത് പിന്തുടരുകയും വിശ്വസിക്കുകയും ചെയ്തവരുണ്ട്‌. എന്നാല്‍, അധികംപേരും സംശയാലുക്കളായിരുന്നു. പരിഹസിക്കാന്‍ ശ്രമിച്ചവരും കുറവല്ല. പ്രത്യക്ഷമായ സംഘി രാഷ്ട്രീയ ചായ്വുള്ള ഒരു പഴയ സുഹൃത്ത്‌ ‘തകരുന്ന ബി.ജെ.പി പൊരുതുന്ന ഇൻഡ്യ സഖ്യം’ എന്ന ലേഖനം സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍, തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ട്രോളാനുള്ള പോസ്റ്റ് ആണെന്ന് അഭിപ്രായം പറഞ്ഞത് ഓര്‍ക്കുന്നു.

എന്നാല്‍, തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ എനിക്കത് വീണ്ടും പോസ്റ്റ് ചെയ്യാം എന്ന സാഹചര്യമാണ് ഉണ്ടായത്. 400 സീറ്റെന്ന വമ്പന്‍ പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങിയ മോദിയുടെ ആത്മവിശ്വാസത്തിന്റെ നെറുകാംതലയില്‍ കൊട്ടിക്കൊണ്ട് സംഭവിക്കാന്‍ പോകുന്നത് കോൺഗ്ര സിന്റെ തിരിച്ചുവരവും ബി.ജെ.പിയുടെ ‘ആവേശരഹിതമായ വിജയ’വുമാണ് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ആളുകള്‍ അന്ന് കുറവായിരുന്നു എന്നതില്‍ അസ്വാഭാവികതയില്ല.

ജനസാമാന്യത്തില്‍നിന്ന് വിച്ഛേദിക്കപ്പെട്ട സാമ്പത്തികനയങ്ങള്‍ മതഭൂരിപക്ഷ രാഷ്ട്രീയത്തിന്‍റെ ആന്തരികമായ ദ്രവീകരണമാണ് സൃഷ്ടിക്കുക എന്നത് സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്. കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് ഇന്ത്യക്കുണ്ടായ പിന്നോട്ടടികള്‍ മോദിയുടെ ഹിംസാത്മക-കാൽപനികതയുടെ പ്രത്യയശാസ്ത്രത്തിനു മറച്ചു​െവക്കാന്‍ കഴിയുന്നതിലും ഏറെയായിരുന്നു. ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഇന്ത്യയുടെ തകര്‍ച്ച സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ദുസ്സഹമായ ജീവിതസാഹചര്യങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഈ ഭരണവിരുദ്ധ ജനവികാരം ഒരുതരത്തിലും ബി.ജെ.പിയെ ബാധിക്കാന്‍ ഇടയുണ്ടായിരുന്നില്ല, ഇൻഡ്യ സഖ്യം രൂപവത്കരിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍. ഈ സഖ്യത്തിന്‍റെ രൂപവത്കരണമാണ് എന്നെ സംബന്ധിച്ചിടത്തോളം ബി.ജെ.പി രാഷ്ട്രീയത്തിന്‍റെ ഇടര്‍ച്ചകള്‍ മുൻകൂട്ടി കാണാന്‍ സഹായിച്ചത്.

കാരണം, ജനവികാരം ചാനലൈസ് ചെയ്യാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോം ഉണ്ടാവുക എന്നത് ആഴത്തില്‍ വേരോട്ടമുള്ള ഇല്ലിബറല്‍ ശക്തികളെ പരാജയപ്പെടുത്തുന്നതിന് അനുപേക്ഷണീയമാണ്. ഇൻഡ്യ സഖ്യം രൂപവത്കരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ലേഖനത്തിൽതന്നെ ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നു. 1977ല്‍ കോൺഗ്രസ് തോറ്റത് അടിയന്തരാവസ്ഥകൊണ്ടല്ല എന്നും ഫലപ്രദമായ ഒരു പ്രതിപക്ഷ പ്ലാറ്റ്ഫോം ആർ.എസ്​.എസിന് ജനത മോര്‍ച്ച/ ജനതാപാര്‍ട്ടിയിലൂടെ ഉത്തരേന്ത്യയില്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്നും അന്നത്തെ തെരഞ്ഞെടുപ്പു ഫലങ്ങളെ മുന്‍നിര്‍ത്തി ഞാന്‍ എഴുതിയിരുന്നു. ആർ.എസ്​.എസിന് രാഷ്ട്രീയമായ അടിത്തറ ഇല്ലാതിരുന്ന തെക്കേ ഇന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അന്ന് കോൺഗ്രസിനെയും സഖ്യകക്ഷികളെയുമാണ് ജനങ്ങള്‍ വിജയിപ്പിച്ചത്. അടിയന്തരാവസ്ഥ കോൺഗ്രസിനു വോട്ടുചെയ്യാന്‍ അവര്‍ക്ക് തടസ്സമായിരുന്നില്ല.

എന്നാല്‍, ഉത്തരേന്ത്യയിലെ സ്ഥിതി അതായിരുന്നില്ല. അടിയന്തരാവസ്ഥക്കു തൊട്ട് മുന്പുനടന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് അസംബ്ലിയിലേക്ക് വിജയിച്ചത് ആർ.എസ്​.എസ് നേതൃത്വം കൊടുത്ത ജനതാ മോര്‍ച്ച ആയിരുന്നു. അതായത് ആർ.എസ്​.എസ് നേതൃത്വം നല്‍കുന്ന മുന്നണി രാഷ്ട്രീയം അടിയന്തരാവസ്ഥക്കു മുമ്പുതന്നെ ഉത്തരേന്ത്യയില്‍ ശക്തിപ്രാപിച്ചിരുന്നു എന്നർഥം. ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുകയും അടിയന്തരാവസ്ഥയിലെ അമിതാധികാരവും ദുര്‍ഭരണവും അഖിലേന്ത്യാതലത്തിൽതന്നെ ചർച്ചയാവുകയും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഷാ കമീഷന്‍ നിരവധി തെളിവുകള്‍ പുറത്തുവിടുകയും ചെയ്തതിനുശേഷവും ചിക്കമഗളൂരുവില്‍ ഇന്ദിര ഗാന്ധിയും കഴക്കൂട്ടത്ത് എ.കെ. ആന്റണിയും വന്‍ ഭൂരിപക്ഷത്തിനാണ് ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്.

അടിയന്തരാവസ്ഥയല്ല, ഫലപ്രദമായ രാഷ്ട്രീയ മുന്നണിയാണ് ആര്‍.എസ്.എസിനെ സഹായിച്ചത്. മോദിക്കെതിരെയുള്ള ഇൻഡ്യ സഖ്യ രൂപവത്കരണത്തില്‍ ഞാന്‍ വിശ്വാസം അര്‍പ്പിക്കാനുള്ള പ്രധാന കാരണം അതൊരു ഫലപ്രദമായ ബദല്‍ പ്ലാറ്റ്ഫോമായി അനുഭവപ്പെട്ടു എന്നതായിരുന്നു. എന്നാല്‍, കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നുറപ്പായിരുന്നതിനാലാണ് സമ്പൂര്‍ണമായ വിജയം പ്രതീക്ഷിക്കാതിരുന്നതും. മാത്രമല്ല, കോൺഗ്രസിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ ഏതാണ്ട് പൂർണമായും ബി.ജെ.പി സര്‍ക്കാര്‍ കൊട്ടിയടച്ചിരുന്നു.

മറ്റൊരു കാരണം നിയമസഭ തെരഞ്ഞെടുപ്പുകളായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ചിലതില്‍ വിജയിച്ചുകൊണ്ടും മറ്റു ചിലതില്‍ ശക്തമായ പ്രതിപക്ഷമായി മാറിക്കൊണ്ടും കോൺഗ്രസ് അതിന്റെ പ്രത്യയശാസ്ത്രപരമായ നിലനില്‍പുശേഷിയും പ്രതിരോധശക്തിയും തെളിയിക്കുന്നുണ്ടായിരുന്നു. കോൺഗ്രസ് പരാജയപ്പെടുമ്പോഴും പ്രതീക്ഷ അര്‍പ്പിക്കേണ്ടത്‌ കോൺഗ്രസിന്റെ ജനകീയ സാധ്യതകളിൽതന്നെയാണ് എന്ന് പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പുകളായിരുന്നു അവയെല്ലാംതന്നെ. ‘കോൺഗ്രസ് തോല്‍ക്കുന്നു’ എന്ന ഒറ്റ വ്യാഖ്യാനത്തില്‍ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വിലയിരുത്തിയവര്‍ കാണാതെപോയ യാഥാർഥ്യമായിരുന്നു ഇത്.

മാത്രമല്ല, ദേശീയ മാധ്യമങ്ങള്‍, ഭരണകൂടഭീതിയുടെയും അപ്രഖ്യാപിത സെന്‍സര്‍ഷിപ്പിന്റെയും ഭൂരിപക്ഷ മതരാഷ്ട്രീയത്തോടുള്ള ആഭിമുഖ്യത്തിന്റെയും ക്രോണി മുതലാളിത്തത്തിന്‍റെ ഭരണകൂടബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ ഏതാണ്ട് പൂർണമായുംതന്നെ ബി.ജെ.പി അനുകൂല നിലപാടുകളിലേക്ക്‌ നീങ്ങിയിരുന്നു. കേരളത്തിലും വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ട് ഇതു പ്രകടമായിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് പരാജയപ്പെടുന്നു, തകരുന്നു എന്നൊരു നരേറ്റിവ് പ്രചരിപ്പിക്കേണ്ടത് നിലനിൽപിന് ആവശ്യമാണ്‌ എന്നതിനാല്‍ അത്തരത്തില്‍ ഒരു കാഴ്ചപ്പാടാണ് ഇവിടെയും മുഖ്യധാരാ മാധ്യമങ്ങളും സ്വീകരിച്ചിരുന്നത്. കേരളത്തിന്‌ പുറത്തു പൊതുവെ സി.പി.എമ്മിന് അനുകൂലമായ നിലപാടാണ്‌ പക്ഷേ കോൺഗ്രസ് എടുത്തിരുന്നതെങ്കിലും കേരളത്തില്‍ കടുത്ത ശത്രുത പരസ്പരം രൂപംകൊണ്ടിരുന്നു.

കേരളത്തിന്‌ പുറത്ത് സ്ഥിതി വ്യത്യസ്തമായിരുന്നു. 2019ൽ സി.പി.എമ്മിനു മുപ്പതിനായിരത്തോളം വോട്ടുകൾ മാത്രം ലഭിച്ച രാജസ്ഥാനിലെ സിക്കർ മണ്ഡലം സി.പി.എമ്മിന് വിട്ടുനൽകി അവരെ വിജയിപ്പിക്കുകയും ബംഗാളില്‍ മമതയുടെ ക്ഷണം ഉണ്ടായിരുന്നിട്ടും, ആ സഖ്യത്തില്‍ സീറ്റുകള്‍ തൂത്തുവാരി വിജയിക്കാന്‍തന്നെ സാധ്യത ഉണ്ടായിരുന്നിട്ടും അവിടെ ഏതാണ്ട് നാമാവശേഷമായ സി.പി.എമ്മിനൊപ്പമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിഹാറില്‍ സി.പി.എമ്മിന് ഒരു സീറ്റും മാവോയിസ്റ്റ് സി.പി.ഐ എം.എല്ലിന് രണ്ട് സീറ്റും നല്‍കി ഇടതു പാര്‍ട്ടികളെ കോൺഗ്രസ് കൂടെനിര്‍ത്തുകയും വിജയിപ്പിക്കുകയുംചെയ്തിരുന്നു. വിശാലമായ ഒരു രാഷ്ട്രീയ മുന്നണിയുടെ അർഥം ഉള്‍ക്കൊണ്ടുകൊണ്ടാണ് കോൺഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഡി.എം.കെ തുടങ്ങിയ ദേശീയ-പ്രാദേശിക കക്ഷികള്‍ ബി.ജെ.പിയെ നേരിട്ടത്.

എന്നാല്‍, കോൺഗ്രസിന്‍റെയും പ്രതിപക്ഷത്തിന്റെയും പരിമിതമായ ഈ തിരിച്ചുവരവിലൂടെ രാഷ്ടം നേരിടുന്ന ദേശീയവിപത്തിന് പൂർണമായ പരിഹാരം ഉണ്ടാവുന്നില്ല. മോദിയുടെ വിപത് ഭരണത്തെ സംബന്ധിച്ചിടത്തോളം, പല്ലിനും നഖത്തിനും മൂര്‍ച്ച കുറഞ്ഞെങ്കിലും അതിന്റെ സ്ഥായിയായ വിഷസംഭരണികള്‍ നിറഞ്ഞുതന്നെയിരിക്കുകയാണ്. ഇൻഡ്യ മുന്നണി കൂടുതല്‍ വിപുലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാന്‍ അധികാരത്തില്‍ ഇരിക്കുന്ന മോദി അനുവദിക്കില്ലെന്നത് യാഥാർഥ്യമാണ്.

അവരുടെ ഭരണസംവിധാനങ്ങളെ പഴയതുപോലെ അല്ലെങ്കിലും ഇനിയും ഗൂഢമായും നേരിട്ടും ഉപയോഗിക്കാനുള്ള സാധ്യതകളുണ്ട്. കേരളത്തില്‍ സി.പി.എം അത്തരത്തില്‍ ഒരു ഭീഷണി നേരിടാന്‍ ഇടയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽതന്നെ ബി.ജെ.പി സി.പി.എമ്മിനെ ബ്ലാക്ക്മെയില്‍ ചെയ്യുന്നുണ്ടോ എന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴും കേന്ദ്ര കാബിനറ്റ്‌ മന്ത്രി കുമാരസ്വാമിയുടെ പാര്‍ട്ടി എൽ.ഡി.എഫില്‍ ഒരു ഘടകകക്ഷിയായി തുടരുന്നത് സി.പി.എമ്മിന്‍റെ ബി.ജെ.പി ഭീതിയുടെ പ്രകടിതരൂപമായി കാണുന്നവരുണ്ട്‌.

ഇതിനെല്ലാമപ്പുറത്ത് കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം കാണിക്കുന്ന ഗൗരവകരമായ കാര്യം ബി.ജെ.പിയുടെ വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് അവര്‍ പ്രവേശിക്കുന്നു എന്നതാണ്. അവരുടെ വോട്ടുകള്‍ കൂടിക്കൊണ്ടിരുന്നത് പ്രധാനമായും ജനാധിപത്യ ചേരിയില്‍നിന്നുള്ള വോട്ടുകള്‍ അടര്‍ത്തിയെടുത്തുകൊണ്ടായിരുന്നു. എന്നാല്‍, ഈ പുതിയ ഘട്ടത്തില്‍ സി.പി.എം വോട്ടുകള്‍ അടര്‍ത്തിമാറ്റുന്നതിന്റെ ഭാവിസാധ്യതകള്‍ അവര്‍ കണ്ടെത്തിയിരിക്കുന്നു എന്നത് വലിയൊരു ആപല്‍സൂചനയാണ്. കേരളത്തിന്‌ പുറത്ത്, കോൺഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഇൻഡ്യ സഖ്യം ശക്തമാക്കുക എന്നത് ബി.ജെ.പിയെ ഫലപ്രദമായി നേരിടുന്നതില്‍ അനിവാര്യമായ കാര്യമാണ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത ഇവിടെ ഉദാഹരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അവിടെ ഇന്ദോര്‍ നിയോജക മണ്ഡലത്തില്‍ നോമിനേഷന്‍ നല്‍കിയതിനു തൊട്ടു പിന്നാലെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തു ഭീഷണിപ്പെടുത്തി നോമിനേഷന്‍ പിന്‍വലിപ്പിച്ച് ബി.ജെ.പിയില്‍ ചേര്‍ത്ത കോൺഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് ബാം വാര്‍ത്തകളില്‍ സ്വാഭാവികമായും നിറഞ്ഞുനിന്നിരുന്നു. അവിടെ രണ്ടാം സ്ഥാനത്ത് എത്തിയത് 2,18,674 വോട്ടുകളോടെ NOTAയാണ്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് അമ്പതിനായിരം വോട്ടുകളേ ലഭിച്ചുള്ളൂ. മധ്യപ്രദേശിലെ കോൺഗ്രസിന്റെ സാധ്യതകള്‍ പാടേ ഉലച്ചുകളഞ്ഞ ഒരു സംഭവമായിരുന്നു ഇത്.

ഗുജറാത്തിലും സമാനമായ ഒരു സംഭവമുണ്ടായി. പ്രതിപക്ഷ വിജയം ഉണ്ടാവരുതെന്ന് ആഗ്രഹിച്ചവര്‍ പൊതുവെ ആഘോഷിച്ച സംഭവങ്ങളായിരുന്നു ഇവയെങ്കിലും അതതു സംസ്ഥാനങ്ങള്‍ക്ക് പുറത്തു വലിയ പ്രത്യാഘാതങ്ങള്‍ ഇവക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അതേസമയംതന്നെ, തികച്ചും ഉറപ്പുള്ള ഒരു കാര്യമുണ്ട്. ഇത്തരം ജനാധിപത്യവിരുദ്ധമായ നീക്കങ്ങളുടെ ഒഴുക്കിനെതിരെ ശക്തമായി നീന്തുക എന്നതാണ് ഇൻഡ്യ സഖ്യത്തിനും കോൺഗ്രസിനും മുന്നിലുള്ള വിജയമാർഗം എന്നതാണത്. അത് ഉയര്‍ത്തുന്ന പ്രത്യാശ നിസ്സാരമല്ല. ഇന്ത്യയിലെ ജനങ്ങള്‍ തീര്‍ച്ചയായും അത് അര്‍ഹിക്കുന്നുമുണ്ട്. 


Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-30 01:30 GMT
access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT