ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ

മ​ഹാ​ത്മാ​ഗാ​ന്ധി​യും ഡെ​ൻ​മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യ്റി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.15. പുതിയ തീരുമാനങ്ങൾ ശരീരത്തെയും മനസ്സിനെയും തളർത്തിയ സബർമതി ആശ്രമത്തിലെ മൂന്നര മാസക്കാലം എസ്തറെ ചില വീണ്ടുവിചാരങ്ങളിലേക്ക് നയിച്ചു. ചില തീരുമാനങ്ങളിലേക്കും. അവയിലേറ്റവും മുഖ്യം ഡോ. മേനോനുമായുള്ള വിവാഹം ഉറപ്പിക്കുക ആയിരുന്നു. ഡെന്മാർക്കിലേക്ക് തിരിക്കും മുമ്പുതന്നെ അത് ചെയ്തില്ലെങ്കിൽ വലിയ തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് അവൾക്ക് അറിയാമായിരുന്നു. ആശ്രമത്തിലായിരുന്ന ദിവസങ്ങളിലൊന്നും അവർ പരസ്പരം കണ്ടില്ലെങ്കിലും എല്ലാ...

മ​ഹാ​ത്മാ​ഗാ​ന്ധി​യും ഡെ​ൻ​മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യ്റി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.

15. പുതിയ തീരുമാനങ്ങൾ

ശരീരത്തെയും മനസ്സിനെയും തളർത്തിയ സബർമതി ആശ്രമത്തിലെ മൂന്നര മാസക്കാലം എസ്തറെ ചില വീണ്ടുവിചാരങ്ങളിലേക്ക് നയിച്ചു. ചില തീരുമാനങ്ങളിലേക്കും. അവയിലേറ്റവും മുഖ്യം ഡോ. മേനോനുമായുള്ള വിവാഹം ഉറപ്പിക്കുക ആയിരുന്നു. ഡെന്മാർക്കിലേക്ക് തിരിക്കും മുമ്പുതന്നെ അത് ചെയ്തില്ലെങ്കിൽ വലിയ തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് അവൾക്ക് അറിയാമായിരുന്നു. ആശ്രമത്തിലായിരുന്ന ദിവസങ്ങളിലൊന്നും അവർ പരസ്പരം കണ്ടില്ലെങ്കിലും എല്ലാ കാര്യങ്ങളും അവൾ കൃത്യമായി മേനോന് കത്തുകളിലൂടെ അറിയിച്ചുകൊണ്ടിരുന്നു. എസ്തറോട് പൂർണമായ സഹാനുഭൂതി പ്രകടിപ്പിച്ച മേനോൻ എപ്പോഴും വിവാഹത്തിന് തയാറായിരുന്നു.

മദിരാശിയിലെത്തിയ ഉടൻ എസ്തറും മേനോനും വിവാഹം പ്രഖ്യാപിച്ചു. പക്ഷേ, അവർ പ്രതീക്ഷിച്ചതിലും കനത്തതായിരുന്നു എല്ലായിടത്തുനിന്നുമുള്ള പ്രതികരണം. മുമ്പുതന്നെ എസ്തർ രാജി വെച്ചിരുന്നെങ്കിലും ഡാനിഷ് മിഷൻ അധികൃതരും മറ്റ് മിഷനറിമാരും മാത്രമല്ല, ഇന്ത്യയിൽ അപ്പോഴുണ്ടായിരുന്ന യൂറോപ്യൻ സമൂഹം ഏറക്കുറെ ആകെത്തന്നെയും ഇതിൽ പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചു. മേനോനെ ചുരുങ്ങിയപക്ഷം മതം മാറ്റുകയെങ്കിലും വേണമായിരുന്നുവെന്നാണ് അവരിൽ പലരും അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിലും എസ്തറിന് ഒപ്പമായിരുന്ന ആൻ മേരിയാകട്ടെ ആ ദിവസങ്ങളിൽ വീണ്ടും ഡെന്മാർക്കിൽ പോയിരിക്കുകയായിരുന്നു. യൂറോപ്യന്മാർ മാത്രമല്ല മേനോന്റെ കുടുംബവും ചില ഹിന്ദു സംഘടനകളും ഈ ബന്ധത്തെ കഠിനമായി എതിർത്തു.

പക്ഷേ, എസ്തറിന് ഏറ്റവും വിഷമമായത് ബാപ്പുവിന്റെ വിസമ്മതം ആയിരുന്നു. ബന്ധം തുടങ്ങിയപ്പോൾതന്നെ എസ്തർ ബാപ്പുവിനോട് സൂചിപ്പിച്ചിരുന്നെങ്കിലും ക്രമേണ തന്നോടുള്ള സ്നേഹംമൂലം അദ്ദേഹത്തിന്റെ എതിർപ്പ് കുറയുമെന്നായിരുന്നു അവളുടെ വിശ്വാസം. ഇഷ്ടമുള്ള ആളെ വരിക്കാനുള്ള തന്റെ മൗലികാവകാശത്തെപ്പറ്റി എസ്തറിനു സംശയമില്ലായിരുന്നു. എന്നാൽ, മതവും വംശവും മാറിയുള്ള വിവാഹങ്ങളോട് ഒരിക്കലും അക്കാലത്ത് യോജിച്ചിരുന്നില്ല ബാപ്പു. തനിക്ക് സ്വന്തമായവർ അകന്നുപോകുന്നതും ബാപ്പുവിന് അപ്രിയകരമായിരുന്നു. പക്ഷേ ആശ്രമം വിട്ടതിനുശേഷം ബാപ്പുവുമായുള്ള എസ്തറുടെ ദൈനംദിന കത്തെഴുത്ത് ഏതാണ്ട് അവസാനിച്ചിരുന്നു.

എന്നാൽ, ബാപ്പു തന്റെ പ്രിയപ്പെട്ട കുഞ്ഞിന് എഴുതിക്കൊണ്ടിരുന്നു. പക്ഷേ, അവയിൽ കാർക്കശ്യമോ കുറ്റപ്പെടുത്തലുകളോ ഒന്നുമുണ്ടായില്ല. പകരം സ്നേഹവും കവിതയും നിറഞ്ഞു. എസ്തറിന്റെ തളർന്ന ശരീരത്തിനും മനസ്സിനും ശാന്തിക്കായി ആ മാർച്ചു മാസം മുഴുവൻ എല്ലാ ദിവസവും വൈകാരികവും ആത്മീയവുമായ പാശ്ചാത്യ കാവ്യശകലങ്ങൾ ബാപ്പു നിരന്തരം എഴുതി അയച്ചു. സ്നേഹത്തെയും ദൈവ ചൈതന്യത്തെയും ധാർമികബോധത്തെയും ഒക്കെ പ്രകീർത്തിക്കുന്നവ. റോബർട്ട് ലോവൽ, ടെന്നിസൻ, ജോർജ് ഹെർബർട്ട്, റിച്ചാഡ് ബാക്സ്റ്റർ, ജെ. ബനിയൻ തുടങ്ങിയവരുടെയൊക്കെ കവിതകൾ അവയിൽ ഉൾപ്പെട്ടു.

ഖിലാഫത്ത് സമരങ്ങൾക്കുള്ള വലിയ ഒരുക്കങ്ങൾക്കായി സരളാദേവിയുമായി ബോംബെയിൽ കഴിയുന്ന വേളയിലാണിത്. ഗാന്ധിയുടെ സുഹൃത്ത് ഡോ. എം.എ. അൻസാരിയുടെ നേതൃത്വത്തിൽ ഒരു ഖിലാഫത്ത് നിവേദകസംഘത്തെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് അയച്ചിരുന്നു. മാർച്ച് 19ന് ഉപവാസവും പണിമുടക്കവുമായി ഖിലാഫത്ത് ദിനമാചരിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തിരുന്നു. രാഷ്ട്രം ഇളകിമറിഞ്ഞ ആ ആഴ്ചയിൽ എല്ലാ ദിവസവും ബോംബെയിൽനിന്ന് ബാപ്പു എസ്തറിന് കവിതകൾ അയച്ചുകൊണ്ടിരുന്നു. കവിതകൾക്ക് പുറമെ ഒന്നോ രണ്ടോ വരികൾ മാത്രമേ ആ കത്തുകളിൽ ഉണ്ടായിരുന്നുള്ളൂ.

ഖിലാഫത്ത് ദിനത്തിൽ ബാപ്പു എസ്തറിന് ഇങ്ങനെ എഴുതി; “എനിക്ക് തന്ന വാഗ്ദാനം നീ മറന്നിരിക്കുന്നു. ഇത്രയധികം ദിവസങ്ങൾ എനിക്ക് എഴുതാതിരിക്കരുത്.’’ അന്ന് ബാപ്പു അവൾക്ക് തിരഞ്ഞെടുത്തയച്ചത് ഫ്രെഡറിക് ഫേബർ എന്ന ആംഗലേയ സഭാ പുരോഹിതൻ രചിച്ച വരികളായിരുന്നു.

“കീർത്തനത്താൽ ദുരിതങ്ങളൊക്കെ കടന്നുപോകാം

ഘോരരാവുകളെയെല്ലാം നറും പകലാക്കിമാറ്റാം

സ്വാർഥൻ ഞാൻ അതിനശക്തൻ

എൻ ചിന്തകളെല്ലാം ഹാ, സ്വാർഥഭരിതം

ആകാശമന്ദിരങ്ങളും വ്യർഥം

അപരസ്നേഹം സ്വയം സുന്ദരമാകാൻ മാത്രം.

ദൈവമേ, മറ്റുള്ളവർക്കായി

സ്വയം കത്തിയെരിയാനായെങ്കിൽ,

സ്വാർഥരഹിതം!

സഹോദരരിലേക്ക് ഒഴുകി

അവർക്കായി മാത്രം

ജീവിക്കാനായെങ്കിൽ

എന്റെ ജീവിതം പൂർണഭരിതം..!”

എന്തായാലും എസ്തർ മേനോനുമായുള്ള വിവാഹനിശ്ചയത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് ബാപ്പുവിന് ഉറപ്പായി. അതോടെ, അതുമായി പൊരുത്തപ്പെടാനും അദ്ദേഹം തീരുമാനിച്ചു. മാർച്ച് 25ന് ഡൽഹിയിൽനിന്ന് എസ്തറിനയച്ച കത്തിൽ ബാപ്പു എഴുതി, “മി. മേനോനെ കാണണമെന്നാണ് നിന്റെ തീരുമാനമെങ്കിൽ ആകട്ടെ. എത്രയും വേഗം ഡെന്മാർക്കിലേക്കുള്ള യാത്ര ശരിയാകട്ടെ എന്ന് ഞാൻ ആശിക്കുന്നു. നീ ആശിക്കുന്ന സ്വകാര്യത ആ യാത്രയിലുണ്ടാകും. നിന്റെ അച്ഛനും മറ്റ് കുടുംബാംഗങ്ങളും നീ ആഗ്രഹിക്കുന്ന സൗഹൃദവും നൽകട്ടെ.’’

ഏപ്രിൽ 15ന് ഗാന്ധി ആശ്രമത്തിൽ മടങ്ങിയെത്തി. സരളാദേവി ലാഹോറിലേക്ക് തിരികെപ്പോയി. അവർക്ക് തന്റെ ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള മകൻ ജഗദീഷിന്റെ വിവാഹ തയാറെടുപ്പുകൾ ചെയ്യേണ്ടിയിരുന്നു. ആശ്രമത്തിലെത്തിയശേഷം ബാപ്പു എസ്തറിന് എഴുതി. ഒരാഴ്ച ബോംബെയിൽ പ്രാർഥനയും ഉപവാസവുമായിരുന്നതിനാൽ തനിക്ക് എഴുതാൻ പറ്റിയില്ലെന്ന് അദ്ദേഹം എസ്തറിനെ അറിയിച്ചു. പക്ഷേ, അതിനർഥം നിന്നെ പറ്റി ഞാൻ ആലോചിച്ചില്ലെന്നോ പ്രാർഥിച്ചില്ലെന്നോ അല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മാത്രമല്ല എസ്തറിന്റെ വിവാഹതീരുമാനത്തോട് താൻ പൊരുത്തപ്പെട്ടുവെന്നും അദ്ദേഹം എഴുതി. “ഞാൻ ഇനി എതിരഭിപ്രായം പറയുന്നില്ല. ദൈവം നിന്നെ നയിക്കുന്ന വഴിയിലൂടെ പോവുക. തീർച്ചയായും എനിക്ക് മി. മേനോനെ കാണാൻ ആഗ്രഹമുണ്ട്. സർവവും സമർപ്പിക്കാൻ നീ തിരഞ്ഞെടുത്ത ആൾ വെറും ഒരു സാധാരണ യുവാവ് ആകാനിടയില്ലല്ലോ.’’

ആയിടെ ഗാന്ധിജിയുടെ നെഞ്ചിലെ നീർക്കെട്ട് (പ്ലൂറസി) വീണ്ടും വഷളായി. തുടർന്ന് നെഞ്ചിലും കൈകാലുകളിലും വേദനയും മറ്റും ശല്യമായി. അതോടെ, ഡോക്ടറുടെ നിർദേശപ്രകാരം ഒരാഴ്ചത്തെ വിശ്രമത്തിനായി പുണെക്കടുത്ത് മലനിരകളിലുള്ള സിൻഹഗഡ് എന്ന ഒരു പൗരാണിക കോട്ടയിലേക്ക് ഗാന്ധി വന്നു. മറാത്ത ചരിത്രത്തിൽ പ്രധാനമായ ഈ കോട്ട പതിനേഴാം നൂറ്റാണ്ടിൽ ഛത്രപതി ശിവജി മുഗളരിൽനിന്ന് പിടിച്ചെടുത്തതാണ്. ശിവജിയുടെ ആരാധകനായിരുന്ന ബാലഗംഗാധര തിലകന്റെ പ്രിയങ്കരമായ വേനൽക്കാല വിശ്രമസങ്കേതമായിരുന്നു ഈ കോട്ട. തെക്കേ ആഫ്രിക്കയിൽനിന്ന് മടങ്ങിയ കാലത്ത് ഒരുദിവസം ഈ കോട്ടയിലെ ബംഗ്ലാവിലായിരുന്നു ഗാന്ധിയും തിലകനുമായി നടന്ന കൂടിക്കാഴ്ച. ഗാന്ധിക്കും വളരെ ഇഷ്ടമായ ഇടം.

എസ്തർ ബോംബെയിൽനിന്ന് ഡെന്മാർക്കിലേക്ക് കപ്പലിൽ യാത്ര തിരിക്കാനുള്ള തയാറെടുപ്പുകളിലായിരുന്നു. താൻ അവിടെ എത്തി കുറച്ച് ദിവസങ്ങൾക്കു ശേഷം ഡെന്മാർക്കിലേക്ക് വരാനാണ് ഡോ. മേനോന് എസ്തർ നൽകിയ നിർദേശം. ബോംബെയിൽ എത്തിയ എസ്തറോട് ഡെന്മാർക്കിലേക്ക് തിരിക്കും മുമ്പ് ഏതാനും ദിവസം തനിക്കൊപ്പം താമസിക്കാൻ സിൻഹഗഡിലേക്ക് ബാപ്പു എസ്തറെ ക്ഷണിച്ചു. മനസ്സിനും ശരീരത്തിനും വളരെ ആരോഗ്യകരമാകും അതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മേയ് 2, 1920, ഞായർ

എന്റെ പ്രിയപ്പെട്ട കുഞ്ഞേ,

നീ ബോംബെയിലെത്തിയോ എന്ന് എനിക്ക് അറിയില്ല. എത്തിയിട്ടുണ്ടെങ്കിൽ സിൻഹഗഡിലേക്ക് വരിക. ഇത് ഒരു മനോഹരമായ സ്ഥലമാണ്. പുണെയിലെത്തി ടോംഗ (കുതിരവണ്ടി) പിടിച്ചാൽ മതി. വേണമെങ്കിൽ അതൊക്കെ ഞാൻ ഏർപ്പാട് ചെയ്യാം. പക്ഷേ അതൊക്കെ നിനക്ക് തന്നെ ചെയ്യാനാവുമെന്നെനിക്കറിയാം. പുണെയിൽനിന്ന് 13ഓളം മൈലുണ്ട്. അഞ്ച് രൂപയാണ് ടോംഗക്കൂലി. ചിലപ്പോൾ കുറച്ചുകൂടി ആയേക്കും.

സ്നേഹപൂർവം, ബാപ്പു

പിറ്റേന്ന് കത്ത് കിട്ടിയ ഉടൻതന്നെ എസ്തർ ബോംബേയിൽ നിന്ന് വൈകുന്നേരത്തോടെ സിൻഹഗഡിലെത്തി. ബാപ്പുവിനൊപ്പം ചേരാനുള്ള അതിതീവ്രമായ മോഹം സാക്ഷാത്കരിക്കാനായി എല്ലാ പ്രതിബന്ധങ്ങളെയും നേരിടുകയും അതുവരെയുള്ള തന്റെ ജീവിതരീതികളും വിശ്വാസങ്ങളും എല്ലാം ത്യജിക്കുകയും ചെയ്തവളായിരുന്നു എസ്തർ. എന്നാൽ, സബർമതി ആശ്രമത്തിലെത്തിയ തന്റെ ലക്ഷ്യപ്രാപ്തിക്ക് ഏറ്റവും അടുത്തശേഷവും അവളിൽനിന്ന് അകന്നുപോകുകയായിരുന്നു. മാത്രമല്ല, ബാപ്പുവിന്റെ അസാന്നിധ്യത്തിൽ അവൾ അനുഭവിച്ച ഏകാന്തതയെ പലമടങ്ങ് തീവ്രതരമാക്കുന്ന അനുഭവങ്ങളിലൂടെയും അവൾ കടന്നുപോയി. ഇവക്കെല്ലാം ശേഷമുള്ള ഇരുവരുടെയും പരസ്പര സമാഗമവേളയിൽ വികാരങ്ങളുടെ അണ പൊട്ടുക സ്വാഭാവികം.

പക്ഷേ, ഒന്നും ഉണ്ടായില്ല. വളരെ പക്വതയോടെയും ശാന്തതയോടെയുമായിരുന്നു ആ കൂടിക്കാഴ്ച. എസ്തറെ കണ്ട ഉടൻ ബാപ്പു അവളുടെ കരങ്ങൾ ഗ്രഹിച്ചു. അടുത്തേക്ക് ചേർത്ത് നിർത്തി അവളുടെ ശിരസ്സിൽ കരുണയോടെയും സ്നേഹത്തോടെയും തഴുകി. കണ്ണടച്ചുനിന്ന എസ്തറുടെ മനസ്സും വികാരങ്ങളടങ്ങിയ കടൽപോലെ ശാന്തമായിരുന്നു. തീക്ഷ്ണവികാരങ്ങളുടെ പ്രാഥമികഘട്ടം കഴിഞ്ഞ് പരസ്പരം കൂടുതൽ അറിഞ്ഞ സുഹൃത്തുക്കളെപ്പോലെയായിരുന്നു അവർ. ഒരുപക്ഷേ, തങ്ങൾ ആരും ദൈവങ്ങളല്ല, കുറ്റവും കുറവുമൊക്കെ സഹജമായ മനുഷ്യരാണ് എന്ന് പരസ്പരം തിരിച്ചറിഞ്ഞതുമാകാം.

ആശ്രമത്തിലെത്തിയശേഷം ബാപ്പു എസ്തറിന് വീണ്ടും എഴുതി. സിൻഹഗഡിൽനിന്നും എസ്തർ യാത്ര പറയുമ്പോൾ തനിക്ക് വലിയ വിഷമം തോന്നിയതും അദ്ദേഹം അറിയിച്ചു. അഹ്മദാബാദിൽ തന്റെ നേതൃത്വത്തിൽ വീണ്ടും തുണിമിൽ സമരം പ്രഖ്യാപിച്ചതുകൊണ്ട് എസ്തർ ഡെന്മാർക്കിലേക്ക് തിരിക്കും മുമ്പ് കാണാനുള്ള പരിപാടി നടക്കില്ലെന്നും ബാപ്പു എഴുതി. ഖിലാഫത്ത് സമരം സംബന്ധിച്ച തിരക്കുകൾമൂലം സുദീർഘമായ ഒരു ‘പ്രേമലേഖനം’ എഴുതാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ട് യാത്രക്ക് എല്ലാ ശുഭാശംസകളും അദ്ദേഹം നേർന്നു. “നമ്മുടെ എല്ലാവരുടെയും ജീവിതം ദൈവത്തിന്റെ കൈകളിലാണ്. നിനക്ക് വിശ്രമവും സമാധാനവും നേരുന്നു. ഇന്ത്യയിലും ആശ്രമത്തിലും ഉള്ള ജീവിതത്തിനിടെ നീ കൂടുതൽ പരിപൂർണയായ ക്രിസ്ത്യാനി ആയിത്തീർന്നെന്ന് നിന്റെ അച്ഛൻ മനസ്സിലാക്കട്ടെ. ഒപ്പം വിശ്രമത്തിലൂടെ മനസ്സിനും ശരീരത്തിനും ആത്മാവിനും കൂടുതൽ ശക്തി നേടി മടങ്ങിവരുക.’’

ഒരുപക്ഷേ, എസ്തർ ഇനി ഡെന്മാർക്കിൽനിന്ന് മടങ്ങുകയോ അവർ പരസ്പരം കാണുകയോ ചെയ്യാനിടയില്ലെന്നും ഗാന്ധി കരുതിയിരിക്കണം. അതുകൊണ്ടാകാം യാത്രാമൊഴിപോലെ ഒരു കവിതയും അദ്ദേഹം എസ്തറിനയച്ചു.

“കീഴടങ്ങാം നമുക്ക് ആ വലിയ വഴികാട്ടിക്ക് മുന്നിൽ

ഈ ഇരുണ്ട, വിരസപാതകൾപോലും

ആനന്ദസ്വർഗത്തിലേക്കുള്ള വഴികളാകാം

ഈ വ്യത്യസ്ത തീരവും ദുരിതയാത്രയും

താണ്ടി ആ താത സവിധം

എത്തും നാം ഒടുക്കം.’’

മറ്റൊരു ആംഗലേയ സഭാ പുരോഹിതനായ അയർലൻഡുകാരൻ റിച്ചാഡ് ട്രെഞ്ചിന്റെ ‘ദൈവരാജ്യം’ എന്ന കവിതയിലെ വരികളായിരുന്നു അവ.

മേയ് 19ന് എസ്തർ ബോംബെയിൽനിന്ന് കോപ്പൻഹേഗനിലേക്ക് ‘ബെർലിൻ’ എന്ന കപ്പലിൽ യാത്ര തിരിച്ചു.

16. ചൗധരാണി

എസ്തറിനെന്നപോലെ സരളാദേവിക്കും ആ ദിവസങ്ങളിൽ എന്നും ഗാന്ധി കത്തെഴുതിക്കൊണ്ടിരുന്നു. ബോംബെയിൽനിന്ന് സരളാദേവി ലാഹോറിലേക്കും ബാപ്പു ആശ്രമത്തിലേക്കും തുടർന്ന് സിൻഹഗഡിലേക്കും തിരിച്ചശേഷം ഒരുദിവസംപോലും ഗാന്ധി കത്ത് മുടക്കിയില്ല. വാസ്തവത്തിൽ ദിവസം നൂറു കത്തുകളെങ്കിലും ബാപ്പു എത്ര കടുത്ത തിരക്കിലും ഇന്ത്യക്കകത്തും പുറത്തുമുള്ളവർക്കായി എഴുതിയിരുന്നു.

സരളാദേവിയെപ്പറ്റി ഗാന്ധി ‘യങ് ഇന്ത്യ’യിൽ എഴുതി. അവരുടെ ത്യാഗമനോഭാവവും വിവിധ സിദ്ധികളും ദേശീയബോധവും ഒക്കെ അദ്ദേഹത്തിന്റെ പ്രശംസക്ക് വിധേയമായി. ഗാന്ധിയുടെ പര്യടനങ്ങളിൽ പരുക്കൻ ഖദർസാരി ധരിക്കാൻ തയാറായ ആദ്യ വനിതാ സുഹൃത്തായതും സരളാദേവി. മറ്റൊരു ഉറ്റ സുഹൃത്തായിരുന്ന അനസൂയയോട് ബാപ്പു എത്ര പറഞ്ഞിട്ടും അക്കാര്യം അവർ അനുസരിച്ചിരുന്നില്ലത്രേ. സുന്ദരിയും പ്രൗഢയുമായ ചൗധരാണി വലിയ കര വെച്ച ഖദർ സാരി ധരിച്ചു പൊതു ഇടങ്ങളിൽ ബാപ്പുവിനൊപ്പം പ്രഭാഷണങ്ങൾ നടത്തി. അദ്ദേഹത്തിന്റെ ഹൃദയത്തിനോട് ഏറ്റവും അടുത്ത ഖാദിപ്രചാരണത്തിന് അത് വലിയ പിന്തുണയായി.

സിൻഹഗഡിൽനിന്ന് ബാപ്പു സരളാദേവിക്ക് എഴുതി; “രണ്ട് സ്വപ്നങ്ങളിൽനിന്ന് ഞാൻ ഉണർന്നതേ ഉള്ളൂ. ഒന്ന് നിന്നെപ്പറ്റിയും മറ്റൊന്ന് ഖിലാഫത്തിനെപ്പറ്റിയും. പോയി രണ്ട് ദിവസങ്ങൾക്കകം നീ എന്റെ അടുത്ത് മടങ്ങിവന്നിരിക്കുന്നു. സന്തോഷഭരിതനായി ഞാൻ ‘ഇത്രവേഗം വന്നല്ലോ’ എന്നു പറയുന്നു. ‘ഓ, എന്നെ തന്റെ അടുത്തു എത്തിക്കാനായി പണ്ഡിറ്റ്ജിയുടെ (അവരുടെ ഭർത്താവ്) ഒരു തന്ത്രമായിരുന്നു ജഗദീഷിന്റെ വിവാഹക്കാര്യം. വിവാഹം അടുത്തൊന്നുമില്ല. അതുകൊണ്ട് ഞാൻ അപ്പോൾ തന്നെ മടങ്ങി’ എന്നായിരുന്നു നിന്റെ മറുപടി. പക്ഷേ ഇത്രയുമായപ്പോൾ ഞാൻ ഉണർന്നുപോയി. അത് ഒരു സ്വപ്നം മാത്രമായിരുന്നു എന്നു മനസ്സിലാക്കി നിരാശയോടെ ഉറക്കത്തിലേക്ക് മടങ്ങി.’’

 തന്നെപ്പറ്റി ആലോചിച്ച് വിഷമിക്കേണ്ടയെന്ന മുഖവുരയോടെയാണെങ്കിലും തന്റെ കടുത്ത തലവേദനയുടെയും കാലുവേദനയുടെയുമൊക്കെ കാര്യങ്ങൾ വിവരിച്ചുകൊണ്ട് ഗാന്ധി സരളാദേവിയോട് ആശ്രമത്തിലേക്ക് വരാൻ ക്ഷണിച്ചു. പണ്ഡിറ്റ്ജിയെയും നിർബന്ധിച്ച് കൊണ്ടുവരണമെന്നും അദ്ദേഹം ആശ്രമം കാണണമെന്നും അദ്ദേഹം എഴുതി. മറ്റൊരു കത്തിൽ ഗാന്ധി ആകെ വികാരപരവശനായി.

“എന്റെ ഉറക്കത്തിൽപോലും നീ തുടർച്ചയായി കടന്നുവരുന്നു. വെറുതെയല്ല ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി എന്ന് പണ്ഡിറ്റ്ജി നിന്നെ വിളിക്കുന്നത്. നീ അദ്ദേഹത്തിൽ അത്രക്ക് വലിയ ഒരു മാന്ത്രികവലയം സൃഷ്ടിച്ചിരിക്കുന്നു. നിന്റെ ആ മാന്ത്രിക ശക്തിക്ക് ഞാനും അടിമപ്പെട്ടിരിക്കുന്നു. ഇന്നലെയെങ്കിലും നിന്റെ കത്ത് വരുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. പക്ഷേ വിഫലം. ഇന്നും ശൂന്യം. നീ എന്നെ ഇങ്ങനെ വിഷമിപ്പിക്കില്ലെന്ന് എനിക്ക് അറിയാം. ഈ നശിച്ച തപാൽ സംവിധാനമാകും കാരണം.’’

എസ്തറിനോടെന്നപോലെ ഈ തീക്ഷ്ണമായ സ്നേഹബന്ധത്തിനിടയിലും ഗാന്ധിയിലെ യാഥാസ്ഥിതിക പുരുഷൻ അദ്ദേഹത്തിന്റെ ഉള്ളിൽനിന്നും ഒളിഞ്ഞുനോക്കി. അൽപം ആത്മ പരിഹാസത്തോടെ നിന്റെ ‘നിയമസൃഷ്ടാവ്’ എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടാണെങ്കിലും സരളാദേവിയെപ്പോലെ ഒരു മഹാപ്രതിഭയോടും അദ്ദേഹം ഉപദേശിക്കുന്നത് വീട്ടുജോലികൾ ചെയ്യാതെ ഒരു സ്ത്രീ പൂർണത്വം കൈവരിക്കില്ലെന്നായിരുന്നു.

പക്ഷേ, സരളാദേവിയുടെ സാമീപ്യത്തിനായുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഉൽക്കടമായിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് അക്കാര്യം അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. തെക്കേ ആഫ്രിക്കയിൽനിന്നുള്ള ഗാന്ധിയുടെ ഏറ്റവും അടുത്ത ചങ്ങാതിയും സമരസഖാവുമായിരുന്നു ഹെർമൻ കലൻബാക്. ലിത്വേനിയക്കാരനായ ജൂതനും അതിസമ്പന്നനായ വാസ്തുശിൽപിയുമായിരുന്നു ഗാന്ധിയേക്കാൾ രണ്ട് വയസ്സ് മാത്രം താഴെയായിരുന്ന ഇദ്ദേഹം. റഷ്യൻ സാഹിത്യകാരനും ദാർശനികനുമായ ലിയോ ടോൾസ്റ്റോയിയുടെ ആശയങ്ങളും മറ്റും ഗാന്ധിക്ക് പരിചയപ്പെടുത്തുന്നത് അദ്ദേഹമാണ്. ജൊഹാനസ്ബർഗിൽ കലൻബാക്കിന്റെ സ്വന്തമായ, ആയിരത്തിലേറെ ഏക്കറുള്ള ഫാമിന് അദ്ദേഹം ടോൾസ്റ്റോയിയുടെ പേരിട്ടു. ആ ഫാം ആണ് അദ്ദേഹം ഗാന്ധിക്ക് ആശ്രമം സ്ഥാപിക്കാൻ ദാനം നൽകിയത്.

1914ൽ ഗാന്ധിക്കൊപ്പം ഇന്ത്യയിലെത്തിയശേഷം ഒന്നാം ലോകയുദ്ധത്തോടെ അദ്ദേഹം മടങ്ങിപ്പോയി. പിന്നീട് ഇന്ത്യയിൽ വരാൻ ബ്രിട്ടീഷ് അധികൃതർ അദ്ദേഹത്തെ ഗാന്ധിയുടെ സുഹൃത്തായതിനാൽ അനുവദിച്ചില്ല. പക്ഷേ, അഞ്ച് വർഷത്തെ ഇടവേളക്കു ശേഷം മേൽവിലാസം തേടിപ്പിടിച്ച് കലൻബാക്കിന് ഗാന്ധി കത്തെഴുതി. രാഷ്ട്രീയ കാര്യങ്ങളും കുടുംബകാര്യങ്ങളുമൊക്കെ വിവരിച്ച ശേഷം ഗാന്ധി തന്റെ പുതിയ സുഹൃത്തിനെപ്പറ്റി എഴുതി;

“മിക്കപ്പോഴും എന്റെ ഒപ്പം സഞ്ചരിക്കുന്ന ഒരു വനിതയുമായി ഞാൻ അടുത്ത ബന്ധത്തിലായിരിക്കുന്നു. ഞങ്ങളുടെ ബന്ധം നിർവചിക്കാൻ വിഷമമായ ഒന്നാണ്. ഞാൻ അവരെ എന്റെ ആത്മീയവധു എന്നു വിളിക്കുന്നു. ഒരു സുഹൃത്ത് ഈ ബന്ധത്തെ ബൗദ്ധികവിവാഹമെന്നാണ് വിശേഷിപ്പിച്ചത്. താങ്കൾ അവരെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലാഹോറിൽ അവരുടെ വീട്ടിലാണ് ഞാൻ കുറെ ദിവസങ്ങൾ തങ്ങിയത്.’’

 

കലൻബാക്കിന് പുറമെ മദിരാശിയിലെ തന്റെ പ്രിയസുഹൃത്തും സഹപ്രവർത്തകനുമായ സി. രാജഗോപാലാചാരിക്കും ഗാന്ധി ഇക്കാര്യം എഴുതി. സരളാദേവിയുമായുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെയും പരസ്യപ്പെടുത്തുന്നതിനെയും കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. പക്ഷേ അപ്രതീക്ഷിതമായിരുന്നു രാജാജിയുടെ പ്രതികരണം. പതിവുപോലെ “എന്റെ ഗുരുനാഥാ” എന്ന അഭിസംബോധനയുമായി എഴുതിയ കത്തിൽ അദ്ദേഹം ആ ബന്ധത്തോട് ശക്തിയായി വിയോജിച്ചു. ആ ബന്ധം അങ്ങേക്ക് വിവരിക്കാനാവാത്ത വിധം നാണക്കേടും നാശവും സൃഷ്ടിക്കുമെന്ന് സ്വന്തം കണ്ണുകൾ നിറയുന്നെന്ന് പറഞ്ഞുകൊണ്ട് രാജാജി മുന്നറിയിപ്പ് നൽകി. “എല്ലാ സാത്വികതയും സംശുദ്ധിയും സന്യസ്തതയും ഇന്ത്യയുടെ പ്രത്യാശയും അതോടെ തകരുമെന്നും” ഗാന്ധിയെക്കാൾ ഒമ്പത് വയസ്സ് ഇളപ്പമായ അദ്ദേഹം ഓർമിപ്പിച്ചു.

അതിനിടയിൽ എസ്തറുടെ കാര്യംപോലും രാജാജി സൂചിപ്പിച്ചു. “ആ സ്ത്രീക്ക് മിസ് ഫെയറിങ്ങിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതപോലുമില്ല ആ ബന്ധനത്തിൽനിന്ന് സ്വതന്ത്രമാകാൻ ഇത് പറ്റിയ വഴിയല്ല. മിസിസ് ഗാന്ധിയുമായി താരതമ്യം ചെയ്താലാകട്ടെ, മണ്ണെണ്ണവിളക്കും ഉദയസൂര്യനുമായുള്ള താരതമ്യം പോലെയാകും.’’ സരളാദേവിയെ രാജാജിക്ക് ഒട്ടും പിടിച്ചിരുന്നില്ല. “ഭവിഷ്യത്തിനെക്കുറിച്ച് തെല്ലും കൂസാതെ അശ്രദ്ധമായി പെരുമാറിയ” സരളാദേവിയെ അദ്ദേഹം കഠിനമായി വിമർശിച്ചു. “യാതൊരു മഹത്ത്വവും ഞാൻ അവരിൽ കാണുന്നില്ല. ഇവരെപ്പോലെ നൂറുകണക്കിന് സ്ത്രീകളെ കാണാം. കുറച്ച് വിദ്യാഭ്യാസംകൂടി ലഭിക്കുമ്പോൾ അവർക്ക് വളരെ ആകർഷണമുള്ളതായി തോന്നും. ഇവരിലും എത്രയോ വിശാലമായ ഹൃദയവും ആത്മാവുമുള്ള എത്രയോ പേരെ എനിക്ക് അറിയാം.’’

വിയോജിപ്പ് ശക്തിയായി പ്രകടിപ്പിച്ചുവെന്നു മാത്രമല്ല ഗാന്ധിയെ ഒരു മയവുമില്ലാതെ തന്നെ വിമർശിക്കാനും രാജാജി തെല്ലും മടിച്ചില്ല. അതിസാധാരണക്കാരായ ലക്ഷങ്ങളുടെ വിശ്വാസവും വിധിയും താങ്കളാകുന്ന തോണിയിൽ അർപ്പിക്കപ്പെട്ടിരിക്കുമ്പോൾ എങ്ങനെയാണ് ഇങ്ങനെയൊരു യാത്രക്ക് പുറപ്പെടാനായത്? ആ തോണി മറിഞ്ഞാൽ അവശേഷിക്കുക സൗന്ദര്യമോ സ്നേഹമോ ഗാംഭീര്യമോ ഒന്നുമായിരിക്കില്ല. പകരം വിവരിക്കാനാവാത്ത നാണക്കേടും മരണവും മാത്രമായിരിക്കും”, രാജാജി തീവ്രമായി എഴുതി. “എത്രയും വേഗം ആ ബന്ധം അവസാനിപ്പിക്കുക. ഇത്രയധികം പേരുടെ വിശ്വാസം അർപ്പിതമായിരിക്കുന്ന ആളായതിനാൽ ഒരു നിമിഷംപോലും ഇനി വൈകാനുള്ള അനുവാദം അങ്ങേക്കില്ല.’’

ഇങ്ങനെ സംസാരിക്കാൻ ഗാന്ധിയെ ദൈവതുല്യനായി കാണുന്ന പരശ്ശതം അനുയായികളിലൊരാളും ധൈര്യപ്പെട്ടിരുന്നില്ല. സ്വാഭാവികമായും ഗാന്ധിയെ തന്നെ ഇത് അമ്പരപ്പിച്ചു. എന്നാൽ, രാജാജിയുടെ കർശനമായ ഉപദേശം സ്വീകരിക്കാൻ തൽക്കാലം അദ്ദേഹം തയാറായില്ലെന്നുമാത്രം.

* * *

എസ്തർ കപ്പലിലായിരുന്ന ദിവസങ്ങളിലും ബാപ്പു അവൾക്ക് എഴുതിയിരുന്നു. അവൾ യാത്ര തിരിക്കുന്നതിനുമുമ്പ് ബോംബെയിൽ എത്താൻ ബാപ്പു ആലോചിച്ചെങ്കിലും നടന്നില്ല. തന്നെ കാണാനാകുമെന്ന് അവൾ പ്രതീക്ഷിച്ച കാര്യം മറ്റുള്ളവർ പറഞ്ഞ് താൻ അറിഞ്ഞതും അദ്ദേഹം എഴുതി. പക്ഷേ, കപ്പലിൽ ആയതിനാലാകാം എസ്തറുടെ മറുപടി ലഭിച്ചില്ല. സരളാദേവിയെക്കുറിച്ചുള്ള രാജാജിയുടെ കടുത്ത ഭാഷയിലുള്ള കത്ത് ലഭിച്ച ആ ദിവസങ്ങളിലൊന്നിലാണ് ബാപ്പു വീണ്ടും എസ്തറിന് എഴുതുന്നത്.

ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് തന്റെ കത്ത് വൈകിയതെന്നും തനിക്ക് പകരം അവൾക്ക് എഴുതാൻ മഹാദേവ് ദേശായിയോട് ആവശ്യപ്പെട്ടതായും ബാപ്പു അറിയിച്ചു. “കപ്പലിൽനിന്ന് നിന്റെ കത്ത് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ വന്നില്ല. ഞാൻ നിനക്ക് കപ്പലിലേക്കും മറ്റൊന്ന് തോമസ് കുക്കിന്റെ ലണ്ടനിലെ വിലാസത്തിലേക്കും അയച്ചിരുന്നു. രണ്ട് കത്തും കിട്ടിയെന്ന് ഞാൻ വിശ്വസിക്കുന്നു. അച്ഛനുമായുള്ള നിന്റെ കൂടിക്കാഴ്ചയെപ്പറ്റിയും നിന്റെ ആരോഗ്യത്തെക്കുറിച്ചും അറിയാനാഗ്രഹമുണ്ട്. പതിവായി എഴുതുക”, ബോംബെയിൽനിന്ന് ബാപ്പു എഴുതി.

ആ ആഗസ്റ്റിൽ ഡോ. മേനോൻ ബാപ്പുവിന്റെ ആശ്രമത്തിലെത്തി. വളരെ സ്നേഹത്തോടെ ആയിരുന്നു ബാപ്പുവിന്റെ സ്വീകരണം. “ബാപ്പു, എത്രനാളായി ഞാൻ അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ഡോ. മേനോൻ അദ്ദേഹത്തെ നമസ്കരിച്ചു. വളരെ വേഗം അവർ പരസ്പരം അടുത്തു. നാലു ദിവസം ആശ്രമത്തിൽ തങ്ങിയ മേനോൻ ഏറെനേരം ബാപ്പുവുമായി സംസാരിച്ചിരുന്നു. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളും അതിൽ വിഷയമായി. പക്ഷേ ഏറ്റവും പ്രധാന സംഭാഷണ വിഷയം ഒന്നായിരുന്നു. എസ്തറെ വിവാഹം ചെയ്യാനായി താൻ ക്രിസ്തുമതത്തിലേക്ക് മാറണമെന്ന് സമ്മർദമുണ്ടെന്ന് ഡോക്ടർ ബാപ്പുവിനെ അറിയിച്ചു. അത് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. അതൊരിക്കലും പാടില്ലെന്നായിരുന്നു ഗാന്ധിയുടെ നിലപാട്. അപ്പോൾ തങ്ങൾക്ക് ജനിക്കുന്ന കുട്ടികൾ ഏത് മതത്തിൽപെടുമെന്നായിരുന്നു ഡോ. മേനോന്റെ സംശയം.

അതിനുള്ള ബാപ്പുവിന്റെ പ്രതികരണം ഡോ. മേനോനെ ഞെട്ടിച്ചു. കുട്ടികൾ വേണ്ടെന്ന് വെക്കുക, അതിനായി ശാരീരിക ബന്ധത്തിൽനിന്ന് വിട്ടുനിന്ന് ബ്രഹ്മചര്യം പിന്തുടരുക. ഇതായിരുന്നു ആശ്രമത്തിലെ ദമ്പതികളടക്കം എല്ലാ അന്തേവാസികൾക്കും ബ്രഹ്മചര്യം നിർബന്ധമാക്കിയിരുന്ന ബാപ്പുവിന്റെ ഉപദേശം. ബാപ്പു ആകട്ടെ, അതിനു പതിനഞ്ച് വർഷമെങ്കിലും മുമ്പ്, തന്റെ മുപ്പത്തേഴാം വയസ്സിൽതന്നെ ബ്രഹ്മചര്യം സ്വീകരിച്ചിരുന്നു. ഇത് കേട്ട മേനോൻ അമ്പരന്നുപോയെങ്കിലും അത് പുറത്ത് കാണിച്ചില്ല. “എസ്തറോട് സംസാരിക്കാം, ബാപ്പു” –അദ്ദേഹം പറഞ്ഞു.

ഡോ. മേനോൻ മടങ്ങിയശേഷം ബാപ്പു എസ്തറിന് വിശദമായി എഴുതി. അപ്പോഴേക്കും ഡെന്മാർക്കിലെത്തിയ ശേഷം എസ്തറുടെ ആദ്യത്തെ സുദീർഘമായ കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഡോ. മേനോനുമായി സന്തോഷകരമായ നാലു ദിവസം ചെലവിട്ട കാര്യം ബാപ്പു അറിയിച്ചു. “തുറന്ന മനഃസ്ഥിതിക്കാരനും സത്യസന്ധനും നല്ല വൃത്തിയും വെടിപ്പും ഒക്കെയുള്ള ആളുമാണ്. വളരെ എളിമയുമുണ്ട്. ഇഷ്ടമുള്ളപ്പോഴൊക്കെ ആശ്രമത്തിൽ വരാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ ഇരുവരും കൂടി വന്ന് ഇവിടെ താമസിക്കണം.’’

പിന്നീട് അദ്ദേഹം ആ സങ്കീർണ വിഷയത്തിലേക്ക് കടന്നു. ‘‘അയാൾക്ക് ഏറെ വിഷമങ്ങളുണ്ട്. നിനക്കുവേണ്ടി മതം മാറാൻ അയാളിൽ കനത്ത സമ്മർദമുണ്ട്. അത് നിങ്ങൾ ഇരുവർക്കും ചേരുന്ന കാര്യമായിരിക്കില്ല. ഒരാളുടെ മതം ആ ആളിന് മറ്റെല്ലാറ്റിനും മുകളിലാണ്. അതിനാൽ നിങ്ങൾ ഇരുവരും സ്വന്തം മതങ്ങളിൽതന്നെ ഉറച്ചു നിൽക്കണം.”

 

അപ്പോൾ കുട്ടികളുടെ മതം എന്താകുമെന്ന ചോദ്യവും മേനോനും താനും വിശദമായി ചർച്ചചെയ്തെന്ന് ബാപ്പു എഴുതി. “ഇത് വളരെ ഗുരുതരമായ പ്രശ്നംതന്നെയാണ്. പ്രത്യേകിച്ചും നിങ്ങൾ ദൈവവിശ്വാസിയാണെങ്കിൽ. അതിനു ഞാൻ നിർദേശിക്കുന്ന പോംവഴി നിങ്ങൾ വിവാഹിതരായാലും ശാരീരികബന്ധം ഒഴിവാക്കുക എന്നതാണ്. പക്ഷേ, ദൈവം നിങ്ങളെ എന്ത് തോന്നിക്കുന്നുവോ അത് ചെയ്താൽ മതി. ഞങ്ങൾ ചർച്ചചെയ്ത ഇക്കാര്യം നിനക്ക് എഴുതണമെന്ന് മേനോൻ നിർദേശിച്ചതുകൊണ്ട് പറഞ്ഞുവെന്നേ ഉള്ളൂ. അപ്പോൾ അതിനോട് മേനോൻ യോജിക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിൽ ഒന്നും വലിയ കാര്യമില്ല. മറ്റാരും ഇടപെടേണ്ടാത്ത വിധം പവിത്രമാണല്ലോ ദൈവവുമായി നിന്റെ പരസ്പര വിനിമയം.’’

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.