അഡ്വ. എസ്​. അനീഷ്യ

അനീഷ്യയുടെ ആത്മഹത്യ ഒരു സത്യവാങ്​മൂലം

പരവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണത്തിന്​ ഉത്തരവാദികളായവർ ഇതുവരെ നിയമത്തിന്​ മുന്നിൽ എത്തിയിട്ടില്ല. അത്​ എന്തുകൊണ്ടാണ്​? അനീഷ്യയുടെ ആത്മഹത്യ എന്താണ്​ വിളിച്ചുപറയുന്നത്​? ജുഡീഷ്യറിയിൽ എന്താണ്​ സ്​ത്രീകളുടെ അവസ്​ഥ?

ഒരു കുറ്റവാളിയെ തൂക്കിലേറ്റാൻ വിധിക്കാൻ അധികാരമുള്ള ജില്ല ന്യായാധിപ​ന്റെ അഭിഭാഷകയായ ഭാര്യക്ക് തൊഴിൽ രംഗത്തെ പീഡനംമൂലം തൂങ്ങിമരിക്കേണ്ടിവന്നെങ്കിൽ ഈ ഭരണകൂടത്തിൽ ജുഡീഷ്യൽ രംഗത്ത് പ്രവർത്തിക്കുന്ന സാധാരണ വനിതാ അഭിഭാഷകരുടെ അവസ്ഥ എന്തായിരിക്കും?അവിടെയാണ് പരവൂർ മുൻസിഫ് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും, മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ. അജിത്കുമാറിന്റെ ഭാര്യയുമായ എസ്. അനീഷ്യയുടെ ആത്മഹത്യ അധികാരനിയുക്തമായ കൊലപാതകം (institutional murder) ആയി മാറുന്നത്.

ഡിസംബർ 21നാണ്, അനീഷ്യയെ നെടുങ്ങോലം പോസ്റ്റ് ഓഫിസിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ്, തന്റെ സഹപ്രവർത്തകരിൽനിന്നും മേലുദ്യോഗസ്ഥരിൽനിന്നും ക്രൂരമായ മാനസിക പീഡനം അനുഭവിച്ചതായി അനീഷ്യ ചില സുഹൃത്തുക്കൾക്കും വനിതാ അഭിഭാഷകർക്കും വോയ്‌സ്‌മെയിൽ അയച്ചിരുന്നു. അനീഷ്യയുടെ ഡയറിയിൽനിന്നും ഇതേ പരാമർശങ്ങളുള്ള 19 പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇതിന് പുറമെ പരവൂർ മജിസ്‌ട്രേറ്റിന് അനീഷ്യ ശബ്ദസന്ദേശവും അയച്ചിരുന്നു.

ഇതേത്തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽനിന്നും മുതിർന്ന ഉദ്യോഗസ്ഥരിൽനിന്നും അനുഭവിച്ചിരുന്ന ഭയാനകമായ മാനസിക പീഡനത്തിന്റെ തെളിവുകൾ ഒന്നൊന്നായി നിരത്തുന്ന അനീഷ്യയുടെ അഞ്ച് ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നു.

‘‘ജീവിതത്തിലെ പല പ്രതിബന്ധങ്ങളെ തരണംചെയ്തും കഠിനമായി പഠിച്ചുമാണ് ഞാനും ഭർത്താവും ഇന്നത്തെ നിലയിലെത്തിയത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, തെറ്റുകളോട് സഹകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മാനസിക പീഡനത്തിന് ഇരയായി. ഞാൻ ആത്മഹത്യയുടെ വക്കിലാണ്’’ -അവർ ത​ന്റെ അടുത്ത സുഹൃത്തുക്കൾക്ക് അയച്ച ഓഡിയോ റെക്കോഡിൽ പറയുന്നു.

എന്നാൽ, സംസാരിക്കുന്ന തെളിവുകൾ ഉണ്ടായിട്ടും ആത്മഹത്യാ കാരണമായ തെളിവിലേക്ക് എത്തിയിട്ടില്ല എന്നാണ് സിറ്റി ക്രൈംബ്രാഞ്ച് പറഞ്ഞത്. കേസിൽ ആദ്യം അനീഷ്യയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ജനകീയ സമ്മർദത്തിനു ശേഷമാണ് മറ്റ് നടപടികളിലേക്ക് പൊലീസ് പ്രവേശിച്ചത്. ജോലിചെയ്യാൻ അനുവദിക്കാത്ത വിധം മാനസിക പീഡനം അനുഭവിക്കുന്നുണ്ടെന്ന് പരവൂർ മജിസ്ട്രേറ്റിന് അനീഷ്യ മൊബൈൽ സന്ദേശം അയച്ചിരുന്നു.

തങ്ങൾ പിന്തുടരുന്ന പാർട്ടിയാണ് അധികാരത്തിലെന്നു പറഞ്ഞ് ചിലർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അനീഷ്യ വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തി​ന്റെ തലേദിവസംപോലും അനീഷ്യ മാനസികമായി വേട്ടയാടപ്പെട്ടതിന്റെ തെളിവുകളുണ്ട്. ഭരണകൂട രാഷ്ട്രീയ പാർട്ടിയിൽ സ്വാധീനശക്തിയുള്ള കുറ്റാരോപിതരായ അനീഷ്യയുടെ സഹപ്രവർത്തകർ കടുത്ത മദ്യപന്മാരായിരുന്നു എന്നും, അവരുടെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾ സുസംഘടിതമാകേണ്ട നീതിന്യായ വ്യവസ്ഥയിൽ വലിയ ആഘാതങ്ങൾ സൃഷ്ടിച്ചപ്പോൾ പുറംലോകം അറിയാതിരിക്കാൻ അനീഷ്യയെ നിശ്ശബ്ദമാക്കാനുള്ള പദ്ധതി മദ്യപ സംഘ ഗൂഢാലോചനയിൽ ഉണ്ടായതാണെന്നും മുൻ സൈനിക ഉദ്യോഗസ്ഥനായ അനീഷ്യയുടെ സഹോദരൻ അനൂപ് പറയുന്നു.

ഈ ലേഖകനുമായുള്ള ഒരു സംഭാഷണത്തിൽ അനൂപ് പറയുന്നത് അനീഷ്യ ഒരു കാർ വാങ്ങി അതിന്റെ വായ്പാ തവണ പകുതിപോലും അടച്ചുതീർത്തിട്ടില്ല എന്നാണ്. പലപ്പോഴും ഈ മേഖലയിൽ അഴിമതിയിലൂടെ ധനസമ്പാദനം നടത്തുന്ന സാഹചര്യങ്ങളുണ്ട്. എന്നാൽ, തന്റെ അനുജത്തി നീതിയും ന്യായവും ധാർമികതയും പരിരക്ഷിക്കപ്പെടാത്ത ഒരു പ്രവർത്തനവും ചെയ്യില്ല. അങ്ങനെയാണ് തങ്ങളെ മാതാപിതാക്കൾ വളർത്തിയത് എന്നും അദ്ദേഹം വികാരാധീനനായി പറയുന്നു. അനീഷ്യ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പ്രവേശന പരീക്ഷക്ക് പഠിക്കുമ്പോൾ തങ്ങളുടെ അമ്മ പൊതിച്ചോറ് കൊടുത്തിരുന്ന സഹപാഠിയായ പെൺസുഹൃത്തു പോലും ഈ പീഡകരുടെ പക്ഷംചേർന്ന് ജുഡീഷ്യൽ വ്യവസ്ഥയെ തകർക്കുന്ന അധാർമികതക്ക് ചൂട്ടുപിടിച്ചു കൊടുത്തു എന്ന് സഹോദരൻ അനൂപ് പറയുന്നു.

കോടതികളിൽ കേസില്ലാത്ത (നോൺ എ.പി.പി ഡെയ്സ്) ദിവസം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാർ ഓഫിസിലെത്തി കേസുകൾ പഠിക്കുകയും ഓഫിസ് ജോലികൾ നിർവഹിക്കുകയും ചെയ്യണമെന്നാണ് ചട്ടം. എന്നാൽ, ഇങ്ങനെ ഓഫിസിൽ എത്താതെ, മദ്യപാനവും വിനോദയാത്രകളുമായി നടക്കുകയും അടുത്തദിവസം വന്ന് ഹാജരായതായി കള്ള ഒപ്പിടുകയും തൊഴിൽ ഭാരം അനീഷ്യയുടെ മേൽ ചുമത്തുകയും ചെയ്യുന്നത് പതിവായിരുന്നുവത്രേ. ഈ അനീതി ഉൾ​െപ്പടെ പ്രോസിക്യൂഷൻ രംഗത്ത് നടക്കുന്ന അനഭിലഷണീയമായ പ്രവർത്തനങ്ങളോട് പ്രതികരിച്ചതത്രേ അനീഷ്യയെ മരണത്തിലേക്ക് തള്ളിവിടാൻ ഈ ലഹരി ക്രിമിനലുകളെ പ്രേരിപ്പിച്ചത്.

അവധിയെടുക്കാതെ ജോലിയിൽനിന്നു വിട്ടുനിൽക്കുന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ വിവരാവകാശ നിയമപ്രകാരം കൊല്ലത്തെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഓഫിസിൽ അപേക്ഷ സമർപ്പിക്കപ്പെട്ടത് ഈ നിഗൂഢസംഘങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചു. ‘‘വിവരാവകാശം പിൻവലിക്കണം ഞങ്ങളുടെ പാർട്ടിയാണ് ഭരിക്കുന്നത്’’ എന്നായിരുന്നുവത്രേ അവരുടെ ഭീഷണി. അനീഷ്യയുടെ ശിഷ്യന്മാരായ ജൂനിയർമാർ ഉൾപ്പെടെയുള്ള എ.പി.പിമാരുടെ യോഗത്തിൽ അവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് (CR) പരസ്യപ്പെടുത്താൻപോലും ഈ കുറ്റവാളിസംഘം മടിച്ചില്ല. അത് അനീഷ്യയെ തളർത്തിയിരുന്നു.

ഇതെല്ലാം സംസാരിക്കുന്ന തെളിവുകളായിട്ടും ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ (അഡ്മിനിസ്ട്രേഷൻ) ഗിരീഷ് പഞ്ചു ഉൾപ്പെടെയുള്ള അധമ പാതകങ്ങൾ ചെയ്യാൻ മടിക്കാത്തവർ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിട്ടും ആ ദിശയിൽ അന്വേഷണം ഉണ്ടായില്ല എന്നു മാത്രമല്ല പ്രതിചേർക്കപ്പെട്ട രണ്ടുപേർക്കും ജാമ്യം ലഭിക്കുന്ന അവസ്ഥയാണ് സംജാതമായത്. ജസ്റ്റിസ് കമാൽ പാഷ അനീഷ്യ സംഭവത്തിൽ പ്രതികരിച്ചത് ആത്മഹത്യാപ്രേരണ (Abetment of suicide) 306ാം വകുപ്പ് പ്രകാരം ആത്മഹത്യക്ക് കാരണക്കാരായ പ്രതികൾക്ക് ഒരിക്കലും ജാമ്യം അനുവദിക്കാൻ പാടില്ലാത്തതാണ് എന്നാണ്.

ജുഡീഷ്യൽ രംഗത്തെ സ്ത്രീ വിവേചനം

ലെജിസ്ലേറ്റിവ് ഭരണകൂടം സ്ത്രീ വിരുദ്ധതയുടെയും വിവേചനത്തിന്റെയും നിർമാണ കേന്ദ്രമാകുമ്പോൾ ജുഡീഷ്യൽ രംഗം അതിന്റെ നടുക്കുന്ന പ്രാക്ടിസിങ് കേന്ദ്രങ്ങളായി മാറുന്നതാണ് നാം കാണുന്നത്. ജുഡീഷ്യൽ രംഗത്തെ സ്ത്രീ വിവേചനം അനീഷ്യയിൽ തുടങ്ങുന്നതോ അവസാനിക്കുന്നതോ അല്ല. ഭരണകൂടത്തിന്റെ രാഷ്ട്രീയ സ്വാധീനങ്ങൾക്കു പുറമേ ജുഡീഷ്യറിയിൽ നിന്നുതന്നെ വേട്ടയാടലുകളും ക്ലേശങ്ങളും പരിഹാസങ്ങളും അവഗണനകളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളും നീതിക്കുവേണ്ടി കോടതിയെ സമീപിക്കുന്ന ഇരകളും ഒരുപോലെ നേരിടുന്നുണ്ട്.

2019ൽ മദ്രാസ് ഹൈകോടതിയിൽ ഒരു മുതിർന്ന വനിത അഭിഭാഷക തന്റെ വാദങ്ങളിൽ അൽപമൊന്ന് പതറിയപ്പോൾ, ‘‘ഇന്ന് അടുക്കളയിൽ തിരക്കേറിയ പ്രഭാതമായിരുന്നോ’’ എന്നാണ് പരിഹാസത്തോടെ ജഡ്ജി ചോദിച്ചത്. കോടതി ഹാൾ ഒന്നടങ്കം അതുകേട്ട് പൊട്ടിച്ചിരിച്ചുവത്രെ.

20 വർഷത്തെ അനുഭവ പരിചയമുള്ള ഒരു മനുഷ്യാവകാശ അഭിഭാഷക കർണാടക ഹൈകോടതിയിൽ സാരി ധരിച്ചാണ് ഹാജരായത്. ബാർ കൗൺസിൽ ചട്ടങ്ങൾ അനുസരിച്ച് അവർ ബാൻഡ് ധരിച്ചിരുന്നു. എന്തുകൊണ്ടാണ് ബാൻഡിനൊപ്പം കോളർ ധരിക്കാത്തതെന്ന് ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരിൽ ഒരാൾ അവളോട് ചോദിക്കുന്നു. നിയമങ്ങൾ കോളർ വ്യവസ്ഥ ചെയ്യുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ജഡ്ജി മറ്റൊരു ജഡ്ജിയുടെ നേരെ തിരിഞ്ഞ് തുറന്ന കോടതിയിൽ ചോദിക്കുന്നത് ‘‘യേ ക്യാ പെഹെൻ കെ ആ ജാതേ ഹേ, സബ് കുച്ച് ദിഖാതേ ഹെ.’’ (അവരുടെ എല്ലാം വെളിപ്പെടുത്തുന്ന വസ്ത്രധാരണം നോക്കൂ) എന്നാണ്. എന്റെ കഴുത്തിൽ അദ്ദേഹത്തിന് എന്താണ് കാര്യം എന്നാണ് ആ വനിതാ അഭിഭാഷക ചോദിക്കുന്നത്.

അന്താരാഷ്ട്ര വനിതാദിനത്തിൽ, ഇന്ത്യയിലെ ആദ്യ വനിതാ അഡീഷനൽ സോളിസിറ്റർ ജനറലായ ഇന്ദിര ജെയ്‌സിങ്, കോടതികളിലെ ലിംഗവിവേചനത്തെക്കുറിച്ച് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസിന് തുറന്ന കത്ത് എഴുതിയിരുന്നു. അതിനെതിരെ നിയമങ്ങൾ രൂപവത്കരിക്കണമെന്ന് അവർ എഴുത്തിൽ ആവശ്യപ്പെട്ടു. ഇന്ദിര ജയ്സിങ് ഹരജിക്കാരിയും അവരുടെ ഭർത്താവ് ആനന്ദ് ഗ്രോവർ അവർക്കുവേണ്ടി ഹാജരായ അഭിഭാഷകനുമായ ഒരു കേസി​ന്റെ നടപടിക്രമങ്ങൾക്കിടയിൽ ഒരു മുതിർന്ന പുരുഷ അഭിഭാഷകൻ പേരോ അഭിഭാഷകനോ എന്നതിലുപരി അവരെ ‘ഭാര്യ’ എന്ന് പരാമർശിച്ചിരുന്നു. ഇതുകൂടിയാണ് ഒരു തുറന്ന കത്ത് എഴുതാൻ കാരണമായത്.

ജുഡീഷ്യൽ രംഗത്ത് ലിംഗവിവേചനം, പ്രത്യക്ഷമായും പരോക്ഷമായും പ്രകടമാകുന്നുവെന്ന് വനിത അഭിഭാഷകർ പറയുന്നു. ലൈംഗികാതിക്രമം, സ്ത്രീവിരുദ്ധത, നീതിയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിവേചനങ്ങൾ എന്നിവ എല്ലാ രൂപത്തിലും കടന്നുവരുന്നു. അഭിഭാഷകർ, ജഡ്ജിമാർ, ജുഡീഷ്യൽ അഡ്മിനിസ്‌ട്രേറ്റിവ് സ്റ്റാഫ്, എന്തിന് ക്ലയന്റുകളിൽനിന്നു പോലും ആശയവിനിമയത്തിൽ, വനിതാ അഭിഭാഷകർ ലിംഗവിവേചനം നേരിടുന്നുണ്ടെന്ന് മദ്രാസ് ഹൈകോടതിയിലെ സെൽവി പളനി എന്ന അഭിഭാഷക പറയുന്നു.

വനിതാ അഭിഭാഷകരുടെ വൈവാഹിക നില, വസ്ത്രധാരണം, പ്രഫഷനൽ രംഗത്തെ വിജയപരാജയം എല്ലാംതന്നെ വിലയിരുത്തപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. അവരുടെ മുന്നിൽ സഭ്യമല്ലാത്ത ഫലിതങ്ങൾപോലും പറയാൻ മടിയില്ലാതാകുന്നു എന്നും അവർ പറയുന്നുണ്ട്. ജഡ്ജിമാരും പുരുഷ സഹപ്രവർത്തകരും തങ്ങളുടെ രക്ഷാധികാരികളായി സ്വയം ചമയുകയും പരിശീലകരായി സ്വയം അവതരിക്കുകയും ചെയ്യുന്നു എന്നാണ് ഡൽഹിയിലെ നാഷനൽ ലോ യൂനിവേഴ്‌സിറ്റിയിലെ പ്രോജക്ട് 39 Aയിലെ അഭിഭാഷകയായ നിന്നി സൂസൻ തോമസ് പറയുന്നത്. ബെഞ്ചിന് മുന്നിൽ വാദിക്കാൻ സ്ത്രീകൾക്ക് കഴിവ് കുറവാണെന്നത്രേ പൊതുവികാരം. വാദങ്ങൾ കേൾക്കുന്നതിന് മുമ്പുതന്നെ, ഒരു ജഡ്ജി അടുത്ത ഹിയറിങ്ങിനായി ഒരു പുരുഷനെയോ മുതിർന്ന സഹപ്രവർത്തകനെയോ കൂട്ടി വരാൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ജയ്പൂരിലെ അഭിഭാഷകയായ ദീപ മൂന്ദ്ര പറയുന്നു.

തുറന്ന കോടതികളിൽ വനിതാ അഭിഭാഷകരുടെ ഗൗരവമായ വാദത്തിനിടെ പുരുഷ അഭിഭാഷകർ പരിഹസിക്കുകയും ചിരിക്കുകയും ചെയ്താലും കുറ്റകരമായ ഈ പ്രവൃത്തിയെ ജഡ്ജിമാർ അംഗീകരിക്കുന്നതു പോലെയാണ് പെരുമാറുന്നതത്രേ. മറിച്ച് ഇത് സ്ത്രീ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടായാൽ വലിയ വിമർശനം ഉണ്ടാകുന്നു എന്ന് 20 വർഷം പ്രവൃത്തിപരിചയമുള്ള അഭിഭാഷക പറയുന്നു.

കോടതി അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരോടുപോലും പൊരുതിനിൽക്കേണ്ട സ്ഥിതിയാണ് സ്ത്രീ അഭിഭാഷകർ നേരിടുന്നത്. അതേസമയം, പുരുഷ അഭിഭാഷകർ എല്ലാ സ്വാധീനവും ഉപയോഗിച്ച് ഫയലിങ്, ഓർഡറിന്റെ പകർപ്പുകൾ നേടുക, ലൈബ്രറിയിൽ ഫോട്ടോകോപ്പി ചെയ്യുക തുടങ്ങിയ നടപടിക്രമങ്ങൾ നിഷ്പ്രയാസം നടത്തിയെടുക്കുന്നുവെന്നും ദീപ മൂന്ദ്ര പറയുന്നു. തങ്ങൾ എത്രമേൽ പഠിച്ച് കേസ് ഗവേഷണം ചെയ്ത് തയാറാക്കിയാലും അത് കോടതിയിൽ വാദിക്കാൻ പുരുഷ അഭിഭാഷകനെ അയക്കുന്നത് പതിവാണ് എന്നും ദീപാ മൂന്ദ്ര പറയുന്നുണ്ട്. പുരുഷന്മാരെപ്പോലെ ബാറിൽ യോഗ്യത നേടുന്നതിന് സ്ത്രീകൾ അർഹരാകുന്നില്ല എന്ന് പ്രശസ്ത അഭിഭാഷക പ്രിയം ലിസ് മേരി ചെറിയാൻ പറയുന്നു. സ്വവർഗരതി കുറ്റകരമല്ലാതാക്കിയ നവതേജ് സിങ് ജോഹർ കേസിലെ അഭിഭാഷകയാണ് അവർ.

അൽപം മുഖസൗന്ദര്യമുള്ള ഒരു സ്ത്രീ ത​ന്റെ സ്വന്തം പ്രയത്നത്താൽ അഭിഭാഷകവൃത്തിയിൽ മികവു പുലർത്തിയാൽ, അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ പിന്നെ ഗോസിപ്പുകളും കിംവദന്തികളും പരക്കാൻ തുടങ്ങും എന്നാണ് ജയ്പൂരിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക നൈന സറഫ് പറയുന്നത്. ഡൽഹി, മദ്രാസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീപക്ഷ വിഷയങ്ങൾ ഏറ്റവും ഗൗരവത്തോടെ നിരീക്ഷിക്കുന്ന പത്രപ്രവർത്തക പ്രഗതി കെ.ബി ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ആധികാരികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്രമാത്രം ചോരയും വിയർപ്പും കണ്ണുനീരും ഒഴുക്കിയാണ് അനീഷ്യയെ പോലെ ഒരു വനിതാ അഭിഭാഷക അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തലത്തിലേക്ക് എത്തുന്നതും അവിടെ അതിജീവിക്കുന്നതും എന്ന് ഇതിൽനിന്നെല്ലാം നമുക്ക് മനസ്സിലാക്കാവുന്നതാണ്.

കോടതിയിൽ കേസ് പുരോഗമിക്കുന്നതിനിടയിൽ സ്ത്രീകൾ അവധാനതയോടെ, നിശ്ചയദാർഢ്യത്തോടെ, ശക്തമായി തന്റെ നിലപാടിൽ ഉറച്ചുനിന്നാൽ ജഡ്ജിമാർ പിന്നോട്ടു തള്ളും; എന്നാൽ അതേ പ്രകടനം പുരുഷ അഭിഭാഷകർ നിർവഹിച്ചാൽ ധീരോദാത്തരായി പരിഗണിക്കും എന്നാണ് ഒരു സീനിയർ അഭിഭാഷക തൻവി അഭിപ്രായപ്പെട്ടത്. അതായത്, ശക്തമായ നിലപാടുകൾ ഉന്നയിക്കേണ്ട അഭിഭാഷകവൃത്തിയിൽ ഒരു സ്ത്രീ സൗമ്യതയുടെ സ്റ്റീരിയോടൈപ്പിൽനിന്ന് വ്യതിചലിച്ചാൽ, ഉടൻ അവൾ ആക്രമിക്കപ്പെടുന്നു. ഗൃഹഭരണവും മറ്റു മാതൃഭാരങ്ങളും പേറുന്ന സ്ത്രീകൾക്ക് സാമൂഹിക മണ്ഡലത്തിൽ വേണ്ടത്ര ദൃശ്യത ലഭിക്കാത്തതുകൊണ്ട് പുരുഷ അഭിഭാഷകർക്ക് ലഭിക്കാറുള്ള പ്രമാദമായ കേസുകൾ സ്ത്രീ അഭിഭാഷകരെ തേടിയെത്തുന്നതു വളരെ വിരളമാണ്.

വിപുലമായ അധികാരങ്ങളുള്ള സ്ഥാപനമാണ് ജുഡീഷ്യറി. എന്നാൽ, അത് വേരൂന്നിയിരിക്കുന്നത് ഏറ്റവും ശക്തമായ അധികാര ശ്രേണീബന്ധങ്ങളിലാണ്. കോടതി പരിസരങ്ങളിൽപോലും സ്ത്രീകൾ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. ‘ദ വീക്കി’ന് നൽകിയ അഭിമുഖത്തില്‍ ഇന്ദിര ജയ്‌സിങ്, തന്നെ കോടതിവരാന്തയിൽവെച്ച് ഒരു സീനിയർ അഭിഭാഷകൻ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചുവെന്ന് നിസ്സങ്കോചം തുറന്നടിച്ചു. അനുഭവവും പ്രായവുമുള്ള തന്നെപ്പോലൊരു സ്ത്രീക്ക് ഇതാണവസ്ഥയെങ്കിൽ മറ്റു സ്ത്രീകളുടെ സ്ഥിതി എത്ര പരിതാപകരമായിരിക്കുമെന്നാണ് ഇന്ദിര ജയ്സിങ് ചോദിക്കുന്നത്.

വനിതാ അഭിഭാഷകർ മുതൽ വനിതാ ജഡ്ജിമാർ വരെ പീഡനത്തിനിരകളാണ്. ഇന്ത്യയിലെ നിയമസംവിധാനങ്ങളിലെ പുരുഷമേധാവിത്വ പ്രവണതകൾ സ്ത്രീകളെ ഈ മേഖലയിൽനിന്നും അകന്നുനിൽക്കാൻ നിർബന്ധിതരാക്കുന്ന ഗുരുതരമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അവർ പറയുകയുണ്ടായി. ന്യായാധിപ നിയമനത്തിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകിയാൽ മാത്രമേ ഈ മേഖലയിലെ പുരുഷാധിപത്യം അവസാനിപ്പിക്കാൻ കഴിയൂവെന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്. 154 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള, ബോംബെ ഹൈകോടതിയിലെ ആദ്യ സീനിയർ വനിതാ അഭിഭാഷകയും ഏവരും ആദരവോടെയും ബഹുമാനത്തോടെയും സമീപിക്കുകയും ചെയ്യുന്ന ഇന്ദിര ജയ്‌സിങ്ങിനാണ് ഇത്രയും ഹീനമായ അനുഭവമുണ്ടായത്.

സ്ത്രീ പ്രാതിനിധ്യ രാഹിത്യവും ബഹുമുഖ വെല്ലുവിളികളും

നീതിയുടെ പ്രതീകമായി ഉപയോഗിച്ചുവരുന്നത് തുലാസ് ഏന്തിയ കണ്ണു മൂടിക്കെട്ടിയ സ്ത്രീരൂപമാണെങ്കിലും ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നത് സ്ത്രീകളാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു തൊഴിൽ എന്നനിലയിൽനിന്ന് നീതിന്യായ വ്യവസ്ഥ വളരെ അകലെയാണ്. നിയമരംഗത്തെ തൊഴിലിലെ ലിംഗവിവേചനം പലപ്പോഴും സൂക്ഷ്മമായ ആക്രമണങ്ങൾ (microaggressions) ആയതിനാൽ പ്രത്യക്ഷ തെളിവുകൾ ഇല്ലാത്തതിനാൽ ക്രൂരമായ മാനസിക പീഡനങ്ങൾ അദൃശ്യമാക്കപ്പെടുന്നു.

ഡോ. ബാബാസാ​േഹബ് അംബേദ്കറുടെ നിയമവ്യവഹാര ജീവിതത്തിന്റെ 100ാം വാർഷിക അനുസ്മരണ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡോ. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ഉയർന്ന ജുഡീഷ്യറിയിലെ സ്ത്രീകളുടെ പ്രതിനിധാനത്തി​ന്റെ അപര്യാപ്തതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ചില സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ജില്ലതലത്തിൽ, പുതിയ നിയമനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിട്ടുണ്ടെങ്കിലും, പലപ്പോഴും 70 ശതമാനം മുതൽ 80 ശതമാനം വരെ സ്ത്രീകൾക്ക് ജുഡീഷ്യറിയിൽ പ്രാതിനിധ്യം കുറവാണെന്നത് കടുത്ത വിവേചനമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നു.

ഈ കുറഞ്ഞ പ്രാതിനിധ്യവും തങ്ങളുടെ പ്രവർത്തനക്ഷമതയും മൂല്യവും തെളിയിക്കാനുള്ള നിരന്തരമായ പോരാട്ടവും സ്ത്രീകളിൽ ഒറ്റപ്പെടലും ബുദ്ധി, കഴിവുകൾ അല്ലെങ്കിൽ നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്വയം സംശയം ഉടലെടുക്കാനും ഇംപോസ്റ്റർ സിൻഡ്രം (Imposter syndrome -IS) പോലെയുള്ള പെരുമാറ്റ ആരോഗ്യ പ്രശ്നത്തിന് കാരണമാവുകയും സ്ത്രീത്വത്തി​ന്റെ പരമ്പരാഗത മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ സമ്മർദം സൃഷ്ടിക്കുകയുംചെയ്യുന്നു എന്ന് കരുണാ കൃഷ്ണൻ തരേജ പോലെ ഈ മേഖലയെക്കുറിച്ച് വിദഗ്ധമായി പഠിച്ചവർ അഭിപ്രായപ്പെടുന്നുണ്ട്.

2023 സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കപ്പെട്ട യു.എസിൽ നടത്തിയ ഒരു പഠനത്തിൽ അഭിഭാഷകരുടെ മാനസികാരോഗ്യം സംബന്ധിച്ച ഭയാനകമായ സ്ഥിതിവിവരക്കണക്കുകൾ അനാവരണം ചെയ്യുന്നുണ്ട്. അതിലെ കണ്ടെത്തലുകൾ അനുസരിച്ച്, സർവേയിൽ പങ്കെടുത്ത 71.1 ശതമാനം അഭിഭാഷകരും ഉത്കണ്ഠ അനുഭവിക്കുന്നു. അതേസമയം 38.2 ശതമാനം വിഷാദരോഗത്തി​ന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. കൂടാതെ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അഭിഭാഷകരുടെ എണ്ണം കഴിഞ്ഞ വർഷം 14.6 ശതമാനം ആയിരുന്നത് ഈ വർഷം 31.2 ശതമാനം ആയി ഉയർന്നു എന്നും അവരുടെ പഠനത്തിൽ കണ്ടെത്തുന്നുണ്ട്.

ഞെട്ടിപ്പിക്കുന്ന മറ്റൊരു റിപ്പോർട്ട് അഭിഭാഷകർക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യയാണ്. പ്രത്യേകിച്ച് വനിതാ അഭിഭാഷകരിൽ ഉണ്ടാകുന്ന മാനസികാഘാതം, ജോലിയും കുടുംബ ഉത്തരവാദിത്തങ്ങളും സന്തുലിതമാക്കാൻ പാടുപെടുന്നവർ തൊഴിൽരംഗത്തുനിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ, സമ്മർദം എന്നിവ കാരണം തൊഴിൽ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരുടെ എണ്ണം 4.6 മടങ്ങ് വർധിച്ചതായി ഈ പഠനത്തിൽ കണ്ടെത്തുന്നുണ്ട്.

 

ഇന്ദിര ജയ്​സിങ്​,ആ​ന​ന്ദ് ഗ്രോ​വ​ർ

പ്രസവാനുകൂല്യങ്ങളുടെ അഭാവവും കർക്കശമായ തൊഴിൽഘടനകളും പല വനിതാ അഭിഭാഷകരെയും മാതൃത്വത്തിനും അവരുടെ തൊഴിലിനും ഇടയിൽ നിരാശജനകമായ തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാക്കുന്നു. സാമ്പത്തിക സമ്മർദവും സഹപ്രവർത്തകരുടെയും മറ്റും പിന്തുണയുടെ അഭാവവും കൂടിയാകുമ്പോൾ ഇത് പലപ്പോഴും തൊഴിൽ ഉപേക്ഷിക്കുന്ന തീരുമാനത്തിലേക്ക് സ്ത്രീകൾ എത്തിച്ചേരുന്നു. 2022ൽ നടത്തിയ റോയിട്ടേഴ്‌സ് സർവേ കണ്ടെത്തിയത് ഇന്ത്യയിലെ 60 ശതമാനം വനിതാ അഭിഭാഷകരും 35നും 55നും ഇടയിലുള്ള പ്രായത്തിൽ തൊഴിൽ ഉപേക്ഷിക്കുന്നു എന്നാണ്.

ഒരാളുടെ കരിയറിലെ സുപ്രധാന വർഷങ്ങളെ പ്രതിനിധാനംചെയ്യുന്ന ഈ പ്രായത്തിൽ രംഗംവിടുന്നത് അവഗണനയുടെ ഏറ്റവും ക്രൂരമായ സൂചനയാണ്. നീതിന്യായ മേഖലയിൽനിന്നുള്ള പിന്തുണയുടെ അപര്യാപ്തതയും, സ്ഥാപനപരമായ അവഗണനയും (institutional neglect) ആണ് തൊഴിൽ-ജീവിത അസന്തുലിതാവസ്ഥക്ക് സ്ത്രീ അഭിഭാഷകർ വിധേയമാക്കപ്പെടുന്നത് എന്നാണ് ഈ പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത്.

നാഷനൽ ജുഡീഷ്യൽ ഡേറ്റാ ഗ്രിഡ് (National Judicial Data Grid) പഠനം അനുസരിച്ച് 2020 ഡിസംബർ വരെ, ജില്ല കോടതി തലത്തിലുള്ള മൊത്തം ജഡ്ജിമാരുടെ എണ്ണത്തിൽ ഏകദേശം 11 ശതമാനം മാത്രമാണ് സ്ത്രീകൾ ഉള്ളത്. ഹൈകോടതി തലത്തിൽ ഇത് ഏകദേശം 8 ശതമാനം മാത്രവും. സുപ്രീംകോടതിയിൽ 33 പേരിൽ നാല് വനിതാ ജഡ്ജിമാർ മാത്രമാണുള്ളത്. രജിസ്റ്റർ ചെയ്ത 1.7 ദശലക്ഷം അഭിഭാഷകരിൽ വെറും 15 ശതമാനം മാത്രമാണ് സ്ത്രീകൾ. ഇത് അതീവ ഗുരുതരമായ ലിംഗപരമായ അസന്തുലിതാവസ്ഥ ഉയർത്തിക്കാട്ടുന്നു.

ഹൈകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്ത 37 സ്ത്രീകളിൽ 17 പേർക്ക് മാത്രമാണ് ഇതുവരെ ജോലി നൽകിയത്. മറ്റ് പേരുകൾ ഇപ്പോഴും സർക്കാർ പ്രോസസ് ചെയ്യുന്നു എന്നാണ് വിവരം. കൊളീജിയം ഇതുവരെ 192 ഉദ്യോഗാർഥികളെ ഹൈകോടതിയിലേക്ക് ശിപാർശ ചെയ്തിട്ടുണ്ട്. അവരിൽ 37 പേർ, അതായത് 19 ശതമാനമാണ് സ്ത്രീകൾ. ഏകദേശം 30 ശതമാനം വനിതാ ജുഡീഷ്യൽ ഓഫിസർമാരാണ് കീഴ് കോടതികളിൽ നിയമിക്കപ്പെട്ടിട്ടുള്ളത്.

സംസ്ഥാന ബാർ കൗൺസിലി​ന്റെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരിൽ രണ്ട് ശതമാനം മാത്രമാണ് വനിതകൾ. ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ വനിതാ അംഗങ്ങൾ തന്നെ ഇല്ല. ജുഡീഷ്യറി വരേണ്യതയുടെയും പ്രത്യേകാവകാശത്തി​െന്റയും ആധിപത്യത്തിന്റെയും കോട്ടയായി വീക്ഷിക്കപ്പെടുകയാണെങ്കിൽ അത് ജുഡീഷ്യറിയിലുള്ള വിശ്വാസംതന്നെ കീഴാള ജനതക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും നഷ്ടപ്പെടും. അതുകൊണ്ട്, ജുഡീഷ്യറിയുടെ നിയമസാധുതക്ക് സ്ത്രീസാന്നിധ്യം അനിവാര്യമാണ്.

ജുഡീഷ്യറിയിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടാകേണ്ടത് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ കൂടുതൽ സന്തുലിതവും സഹാനുഭൂതിയുള്ളതുമായ സമീപനത്തിന് ഏറ്റവും അനിവാര്യമാണ്. ലിംഗ ബോധവത്കരണത്തി​ന്റെ പ്രശ്നം പലതവണ ഉന്നയിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. ഇരകളായ സ്ത്രീകളോട് സഹാനുഭൂതി കാണിക്കുന്നതിൽ പുരുഷ ജഡ്ജിമാർ പരാജയപ്പെട്ട കേസുകളിൽ പ്രത്യേകിച്ചും. ജുഡീഷ്യറിയിൽ കൂടുതൽ സ്ത്രീകൾ ഉള്ളത് മികച്ച തീരുമാനങ്ങളിലേക്കും മെച്ചപ്പെട്ട നിയമപരമായ യുക്തിയിലേക്കും നയിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടുതൽ വൈവിധ്യമാർന്ന ഗ്രൂപ്പുകൾ കൂടുതൽ ക്രിയാത്മകവും നൂതനവും ശക്തവുമായ തീരുമാനങ്ങളെടുക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഇന്നുവരെ ഒരു വനിതാ ചീഫ് ജസ്റ്റിസ് ഇന്ത്യൻ സുപ്രീംകോടതിയിൽ ഉണ്ടായിട്ടില്ല. 1989ൽ ജസ്റ്റിസ് ഫാത്തിമ ബീവിയായിരുന്നു സുപ്രീംകോടതി ബെഞ്ചിലെ ആദ്യ വനിതാ ജഡ്ജി. ഏകദേശം 40 വർഷത്തിനുശേഷമാണ് ഒരു ഫാത്തിമ ബീവിയെ സുപ്രീംകോടതി ജഡ്ജിയായി രാഷ്ട്രത്തിന് ലഭിക്കുന്നത്. ഏഴു പതിറ്റാണ്ടിനിപ്പുറം ഹൈകോടതികളിലും 16 വനിതാ ചീഫ് ജസ്റ്റിസുമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2027ൽ 40 ദിവസത്തെ ചുരുങ്ങിയ കാലയളവിലെങ്കിലും ഒരുപക്ഷേ ജസ്റ്റിസ് നാഗരത്‌ന ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ഉയർത്തപ്പെടും. അങ്ങനെയെങ്കിൽ അവർ ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകും. 2008ൽ ബാറിൽനിന്ന് കർണാടക ഹൈകോടതിയിൽ ചേരുന്ന ആദ്യ വനിത അഭിഭാഷകയായും അവർ ചരിത്രം സൃഷ്ടിച്ചിരുന്നു. അതിൽനിന്നുതന്നെ അവർ കടന്നുവന്നിട്ടുള്ള പോരാട്ടവഴികൾ നമുക്ക് ഊഹിക്കാവുന്നതാണ്.

2021 ഒക്‌ടോബർ 1ന് അവസാനം അപ്‌ഡേറ്റ് ചെയ്‌ത നീതിന്യായ വകുപ്പി​ന്റെ വെബ്‌സൈറ്റിൽനിന്നുള്ള ഡേറ്റ പ്രകാരം, എല്ലാ ഹൈകോടതികളിലെയും 627 ജഡ്ജിമാരിൽ 66 പേർ മാത്രമാണ് സ്ത്രീകൾ; മൊത്തം പ്രവർത്തനശേഷിയുടെ 11 ശതമാനം മാത്രം. ജുഡീഷ്യറിയിലെ ലിംഗപരമായ അസമത്വത്തി​ന്റെ മറ്റൊരു അലോസരപ്പെടുത്തുന്ന വശം, അധികം വനിത അഭിഭാഷകരെ ബെഞ്ചിലേക്ക് ഉയർത്തിയിട്ടില്ല എന്നതാണ്. ഹൈകോടതികളിൽ രണ്ട് തരത്തിലുള്ള നിയമനങ്ങൾ നടക്കുന്നുണ്ട്. ഒന്ന് ബാറിൽനിന്ന് നേരിട്ട് ബെഞ്ചിലേക്ക് ഉയർത്തൽ, മറ്റൊന്ന് വിചാരണ കോടതി ജഡ്ജിമാരുടെ സ്ഥാനക്കയറ്റം.

ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചറി​ന്റെ അഭാവമാണ് സ്ത്രീകളെ നിയമരംഗത്തേക്ക് കടക്കുന്നത് തടയുന്ന മറ്റൊരു തടസ്സം. ചെറിയ, തിരക്കേറിയ കോടതിമുറികൾ, വിശ്രമമുറികളുടെയും ശിശുസംരക്ഷണ സൗകര്യങ്ങളുടെയും അഭാവം എന്നിവ തടസ്സങ്ങളിൽ ഉൾപ്പെടുന്നു. ഹൈകോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരിൽ ഭൂരിഭാഗവും ബാറിൽനിന്ന് ബെഞ്ചിലേക്ക് ഉയർത്തപ്പെട്ട അഭിഭാഷകരാണ്. വനിതാ അഭിഭാഷകരുടെ എണ്ണം ഇപ്പോഴും ഗണ്യമായി കുറവാണെന്നതിനാൽ വനിതാ ജഡ്ജിമാരുടെ എണ്ണം പരിമിതപ്പെടുന്നു. സാമ്പത്തിക സ്രോതസ്സുകളിലേക്കും മറ്റ് നെറ്റ്‌വർക്കുകളിലേക്കും ഉള്ള പ്രവേശനം സ്ത്രീകൾക്ക് ദുഷ്പ്രാപ്യമായതിനാൽ ഒരു അഭിഭാഷക ഓഫിസ് നടത്തിക്കൊണ്ടുപോകൽപോലും സ്ത്രീകൾക്ക് അസാധ്യമായിത്തീരുന്നു.

 

ഹൈകോടതികളിലും സുപ്രീംകോടതികളിലും സ്ത്രീ സംവരണമില്ല. എന്നാൽ, പല സംസ്ഥാനങ്ങളിലും കീഴ് കോടതികളിൽ സ്ത്രീസംവരണം നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി അസം, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ കീഴ് കോടതികളിൽ ഇപ്പോൾ 40-50 ശതമാനം വനിതാ ജുഡീഷ്യൽ ഓഫിസർമാരുണ്ട്. കീഴ് കോടതികളിലെ എൻട്രി ലെവൽ സ്ഥാനങ്ങൾ പ്രവേശന പരീക്ഷകളിലൂടെ നികത്തപ്പെടുന്നതിനാൽ, സ്ത്രീകൾക്ക് കുറച്ചെങ്കിലും അവസരങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ, ഉന്നത ജുഡീഷ്യറി ഉപയോഗിക്കുന്ന കൊളീജിയം സമ്പ്രദായത്തിന്, കൂടുതൽ അതാര്യമായ ചരിത്രമുണ്ട്, ആയതിനാൽ പക്ഷപാതം പുറത്തു ചാടാനുള്ള സാധ്യത കൂടുതലാണ്.

പൊലീസ്, ജുഡീഷ്യറി, ജയിലുകൾ, നിയമസഹായം, മനുഷ്യാവകാശ കമീഷനുകൾ തുടങ്ങി നീതിന്യായ വിതരണ സംവിധാനം ഉൾക്കൊള്ളുന്ന ഓരോ ഉപസംവിധാനങ്ങളിലും ലിംഗവ്യത്യാസം വളരെ വലുതാണ് എന്ന് ഏറ്റവും പുതിയ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് (IJR) ചൂണ്ടിക്കാട്ടുന്നു. ലിംഗനീതി ഉൾപ്പെടെയുള്ള നീതിയുടെ മാതൃകയാകേണ്ട ദേശീയ മനുഷ്യാവകാശ കമീഷനിൽ (National Human Rights Commission - NHRC) ഇന്നുവരെ ഒരു വനിത കമീഷണർ ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല നാളിതുവരെ മൂന്ന് വനിതാ അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രണ്ടുപേർ ഒരേസമയം സേവനമനുഷ്ഠിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമീഷന്റെ സ്ഥിതി ഇതാണെങ്കിൽ സംസ്ഥാന കമീഷനുകളുടെ കാര്യത്തിലും ഇതിൽ വലിയ വ്യത്യാസമില്ല. രാജ്യത്തുടനീളം, ഈ സുപ്രധാനമായ സ്ഥാപനങ്ങൾ തങ്ങളുടെ ലിംഗവൈവിധ്യത്തി​ന്റെ അഭാവത്തെക്കുറിച്ച് ആശങ്കാകുലരല്ല. 2022ലെ കണക്കനുസരിച്ച് ആറ് കമീഷനുകളിൽ മാത്രമാണ് സ്ത്രീകൾ അംഗങ്ങളായോ സെക്രട്ടറിമാരായോ ഉണ്ടായിരുന്നുള്ളൂവെന്ന് ഐ.ജെ.ആർ കണ്ടെത്തുന്നുണ്ട്. കേരളം, മേഘാലയ, പഞ്ചാബ് എന്നിവിടങ്ങളിൽ മാത്രമാണ് ഓരോ വനിതാ അംഗമെങ്കിലും ഉണ്ടായിരുന്നത്.

പുറമേ തുല്യത പറയുന്ന നീതിയുടെ ഭരണാധികാരികൾ ഭരണഘടനാ സ്ഥാപനങ്ങളിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിൽ വിമുഖത പ്രകടിപ്പിക്കുന്നിടത്തോളം തുല്യതയും സമത്വവും ഒരു വിദൂരസ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ടിന്റെ ചീഫ് എഡിറ്റർ മാജ ദാരുവാല (Maja Daruwala) പറയുന്നു. ചുരുക്കത്തിൽ രാഷ്ട്രീയ-ഭരണ രംഗങ്ങളിൽനിന്നു തന്നെ സ്ത്രീകൾ പൂർണമായും അകറ്റിനിർത്തപ്പെടുകയാണ്. മാധ്യമങ്ങൾ മുതൽ വോട്ടിങ് ബൂത്ത് വരെയുള്ള രാഷ്ട്രീയപ്രക്രിയയിൽ സ്ത്രീകൾക്ക് പക്ഷപാതം നേരിടേണ്ടിവരുന്നുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് അവർ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതുപോലും അസാധ്യമാക്കുന്നുവത്രേ. കാണാനും പഠിക്കാനും വനിത രാഷ്ട്രീയ നേതാക്കളുടെ ആദർശ മാതൃകകൾ ഇല്ലാതാകുമ്പോൾ, യുവതികൾക്ക് രാഷ്ട്രീയരംഗത്ത് സ്വയം സങ്കൽപിക്കാൻ കഴിയാതെ വരുന്നു.

ഭരണഘടനാപരമായി സമത്വത്തിന്റെ കാവൽക്കാരെന്ന് സ്വയം നിർവചിക്കുന്ന ജുഡീഷ്യൽ രംഗം നിയമപരമായ തൊഴിൽ -ലിംഗ സമത്വത്തി​ന്റെ പ്രതീകമായിരിക്കണം. എന്നാൽ, ഏറ്റവും കുറഞ്ഞ സ്ത്രീ-പിന്നാക്ക-ന്യൂനപക്ഷ പ്രാതിനിധ്യമുള്ള മേഖലയായി ജുഡീഷ്യറി ഇന്നും തുടരുകയാണ്. ലോകമെമ്പാടും വൈവിധ്യം ഫലപ്രദമായ ഭരണഘടനാ സ്ഥാപനങ്ങളുടെ മുഖമുദ്രയാണ്. ഈ മൂല്യം പ്രവർത്തനക്ഷമമാക്കുന്നതിൽ സ്ത്രീകളുടെ പ്രാതിനിധ്യം നിർണായക ഘടകമാണ്. നീതി ലഭ്യമാക്കാൻ ചുമതലപ്പെടുത്തിയ സ്ഥാപനങ്ങൾ ലിംഗവൈവിധ്യം ഉൾപ്പെടെയുള്ള വൈവിധ്യങ്ങളോടും പ്രാതിനിധ്യത്തോടും പ്രതിബദ്ധത പ്രകടിപ്പിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ, കണക്കുകൾ അതി​ന്റെ ദുഃഖകരമായ സത്യസന്ധമായ കഥ പറയുന്നതാണ് നാം ഭഗ്നാശരായി കേൾക്കുന്നത്.

ചില സ്ത്രീകൾ തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ധീരതയിലൂടെയും സ്ത്രീവിരുദ്ധ പ്രതിബന്ധങ്ങളെ അതിജീവിച്ച് നിയമരംഗത്ത് വലിയ ഉയരങ്ങൾ കൈവരിച്ചാൽപ്പോലും, ‘‘ഒരു സ്ഥാനം ലഭിച്ച സ്ത്രീ’’ എന്നതിലുപരിയായി ന്യായാധിപ മണ്ഡലത്തിലും പുറത്തും ഒരു പരിഗണനയും അവർക്ക് കൽപിക്കാറില്ല. ‘ജഡ്ജ്’ എന്ന പദംതന്നെ ലിംഗഭേദമില്ലാത്തതാണ് എന്ന വസ്തുത കണക്കിലെടുത്താൽ പദാവലിയിൽ ‘ലേഡി ജഡ്ജ്’ പോലെയുള്ള ഒരു പദം ആവശ്യമില്ല. ഈ മേഖലയിലെ അടിസ്ഥാനപരമായ സ്ത്രീവിരുദ്ധതയും അപമാനവികതയും പ്രത്യക്ഷമായും പരോക്ഷമായും പ്രകടമാകുന്നത് ഇതിൽനിന്നെല്ലാം നമുക്ക് വായിച്ചെടുക്കാവുന്നതാണ്.

ജില്ല ജഡ്ജിയായി നിയമിക്കുന്നതിന് അഭിഭാഷകർക്ക് ഏഴു വർഷത്തെ തുടർച്ചയായ വക്കീൽ പ്രാക്ടിസ് വേണമെന്നതും 35-45 വയസ്സിനിടയിലുള്ളവരായിരിക്കണമെന്നതും വനിതാ പ്രാതിനിധ്യത്തിൽ വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രായത്തിൽ പലരും വിവാഹത്തിന് നിർബന്ധിതരാകുന്നതും, കൂടാതെ, ദൈർഘ്യമേറിയതും സങ്കീർണവുമായ ജോലിസമയവും, ഒരു സ്ത്രീയുടെ ‘ഒഴിവാക്കാനാവാത്ത’ കുടുംബപരമായ ഉത്തരവാദിത്തങ്ങളും പലരെയും പ്രാക്ടിസ് ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ ഒരു ജില്ല ജഡ്ജി എന്ന പദവിക്ക് അർഹത നേടുന്നതിന് തുടർച്ചയായ പരിശീലനത്തി​ന്റെ മുൻവ്യവസ്ഥ പാലിക്കുന്നതിൽ പരാജയപ്പെടുന്നു.

ഈ പ്രശ്‌നങ്ങളെ മറികടക്കാൻ, നിയമവിദ്യാലയങ്ങൾ ഫെമിനിസ്റ്റ് വീക്ഷണത്തോടെ നിയമപരമായ അറിവ് നൽകണം. ഫെമിനിസം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് മാത്രമല്ല സംസാരിക്കേണ്ടത്, മറിച്ച് ഒരു വ്യക്തിയുടെ ലിംഗഭേദമോ ലൈംഗികതയോ പരിഗണിക്കാതെ അവകാശങ്ങളുടെ തുല്യതക്കായി വാദിക്കുകയാണ് വേണ്ടത്. അഭിഭാഷകരും ജഡ്ജിമാരും കക്ഷികളും തമ്മിലുള്ള ആശയവിനിമയം, ഭാഷ എന്നിവപോലും പുരുഷാധിപത്യത്താൽ നിർമിക്കപ്പെട്ടവയാണ്. ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യം ലിംഗസമത്വത്തി​ന്റെ ശക്തമായ പ്രതീകമായി വർത്തിക്കുകയും നിയമവ്യവസ്ഥയിൽ നിലനിൽക്കുന്ന സ്റ്റീരിയോടൈപ്പുകളും പക്ഷപാതങ്ങളും തകർക്കാൻ സഹായിക്കുകയുംചെയ്യും. എന്നാൽ, ഇതൊന്നും പുരുഷാധിപത്യത്തിന്റെയും സവർണാധിപത്യ മൂല്യങ്ങളുടെയും യാഗശാലയായ ഇന്ത്യൻ ഭരണകൂടങ്ങൾക്ക് ചിന്താവിഷയംപോലുമല്ല.

പ്രോസിക്യൂഷൻ: നീതിക്ക് തുണയാകാത്ത ഒടിവിദ്യകളുടെ കേന്ദ്രം

കോടതികളിൽ കേസ് തീർപ്പാക്കാതെ പ്രോസിക്യൂഷന്റെ അനാസ്ഥ മൂലം അനന്തമായി നീണ്ടുപോകുന്ന അവസ്ഥ ദേശീയതലത്തിലും സംസ്ഥാനത്തും നിലനിൽക്കുകയാണ്. ലക്ഷക്കണക്കിന് അടിയന്തര പ്രാധാന്യമുള്ള കേസുകളാണ് വിചാരണ കാത്ത് വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത്. ദേശീയതലത്തിൽ വര്‍ഷം ശരാശരി 15 ശതമാനം കേസുകളിലെ വിചാരണ മാത്രമാണ് പൂര്‍ത്തിയാക്കുന്നത്. കേരളത്തിൽ ഇത് അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ്.

അപ്പോഴാണ് ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങി ഈ പബ്ലിക് പ്രോസിക്യൂട്ടർമാർ മദ്യപാനവും കൂത്താട്ടവുമായി നടക്കുന്നത്. അനീഷ്യയെപ്പോലെ ആത്മാർഥമായി പ്രവർത്തിക്കുന്നവരെ ഇല്ലാതാക്കേണ്ടത് അവരുടെ ആവശ്യമായിവരുന്നത്. സത്യത്തെ തന്നെ ആപേക്ഷികമാക്കിക്കൊണ്ടിരിക്കുന്ന, എല്ലാ മൂല്യവ്യവസ്ഥകളെയും കുടഞ്ഞുകളയുന്ന സമകാലിക ഇന്ത്യൻ അവസ്ഥയിൽ സ്ത്രീയുടെ സ്ഥാനവും പദവിയും അന്തസ്സും സുരക്ഷയും നിലനിർത്തണമെങ്കിൽ ധനകാര്യ ശക്തികളായ ഭീകര ഭരണകൂടം സൃഷ്ടിച്ച മൗലിക രാഷ്ട്രീയത്തിനും സദാചാരത്തിനും വിരുദ്ധമായ, വ്യവസ്ഥിതിക്കെതിരെയുള്ള രാഷ്ട്രീയ സമരം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്.

ആരോപണവിധേയരായ ഡി.ഡി.പി അബ്ദുൽ ജലീൽ, എ.പി.പി ശ്യാം കൃഷ്ണ എന്നിവരെ സസ്‌പെൻഡ് ചെയ്തതല്ലാതെ, കാര്യമായ ഒരു അന്വേഷണ പുരോഗതിയും ഉണ്ടായിട്ടില്ല. ഗിരീഷ് പഞ്ചുവാണ് ഗൂഢാലോചനയുടെ പ്രഭവകേന്ദ്രമെന്ന് സാക്ഷി സമാനമായി കുടുംബം ആവർത്തിച്ചു പറഞ്ഞിട്ടും ഭരണകൂട രാഷ്ട്രീയ സംഘടനയുടെ ഈ ‘പ്രോസിക്യൂഷൻ ക്ലബ്’ അയാളെ സംരക്ഷിക്കുന്നു എന്നാണ് ആരോപണം.

തെളിവുകൾ ഉണ്ടായിട്ടും മറ്റു പ്രതികളിലേക്കുംകൂടി അന്വേഷണം പോകാത്തതും ഭരണകൂട രാഷ്ട്രീയ സംഘടനയുടെ അധികാര കൽപനയിൽ പ്രവർത്തിക്കുന്ന കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷ​ന്റെ (KAPPA) നിഗൂഢ പിന്നണി പ്രവർത്തനത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. നിയമരംഗത്ത് ഉന്നതവിജയം നേടിയ ധിഷണാശാലിയായ അനീഷ്യയെ കേവലം രണ്ടുപേർ മാത്രം ചേർന്ന് ആത്മഹത്യയിലേക്ക് നയിച്ചുവെന്നു പറഞ്ഞാൽ അത് യുക്തിക്ക് നിരക്കുന്നതല്ല. ആസൂത്രിതമായി ഒരു സംഘംതന്നെ അവരെ ഇല്ലാതാക്കാൻ വേട്ടയാടിയിട്ടുണ്ട് എന്നുതന്നെ വേണം മനസ്സിലാക്കാൻ. പ്രോസിക്യൂഷൻ രംഗത്ത് നടമാടുന്ന അഴിമതിയും വഞ്ചനാപരമായ പ്രവർത്തനങ്ങളും നിഗൂഢ കർമക്രമങ്ങളും ഈ ഗൂഢാലോചനയുടെ ഭാഗമായി തന്നെയാണ് കാണേണ്ടത്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT