ചിത്രീകരണം: തോലിൽ സുരേഷ്​

ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ

മ​ഹാ​ത്മാ​ ഗാ​ന്ധി​യും ഡെ​ന്മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യ്റി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.

19. സേവാമന്ദിറിലെ ക്രിസ്മസ്

1921 ജൂലൈ ഒന്നിന് കോപൻഹേഗനിൽ എസ്തറും മേനോനും വിവാഹിതരായി. ഡെന്മാർക്കിൽ മടങ്ങിയെത്തിയശേഷം എസ്തറുടെ പ്രധാന പ്രവർത്തനം ഗാന്ധിജിയെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും പ്രഭാഷണങ്ങൾ നടത്തുകയായിരുന്നു. റേഡിയോയിലും എസ്തർ ഈ വിഷയത്തിൽ സംസാരിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോൾ എസ്തറിന് മറ്റൊരു അപ്രതീക്ഷിത നിയോഗം ലഭിച്ചു. ലോവൻതാൽ മിഷൻ ആൻ മേരിയുടെ സ്കൂളിൽ പ്രവർത്തിക്കാൻ പോർട്ടോനോവോയിലേക്ക് തിരിക്കാനുള്ള നിയോഗം. എസ്തറിനും മേനോനും ഇതിൽപരം സന്തോഷവർത്തമാനമില്ലായിരുന്നു.

പക്ഷേ, യാത്രക്കുള്ള ഒരുക്കമായപ്പോൾ മറ്റൊരു തടസ്സമുയർന്നുവന്നു. ഗാന്ധിയുടെയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും ഉറച്ച അനുകൂലികളെന്ന് കരുതപ്പെട്ടിരുന്ന എസ്തറിനും ഭർത്താവിനും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നിഷേധിച്ചു. തന്റെ സ്വന്തം നാട്ടിലേക്ക് താനും ഭാര്യയും വരുന്നത് തടയാൻ വിദേശിസർക്കാറിന് എന്ത് അവകാശമെന്നായിരുന്നു മേനോന്റെ ചോദ്യം.

എന്തും നേരിടാനുള്ള പുതിയൊരു ഇച്ഛാശക്തിയുൾക്കൊണ്ട ആ ദമ്പതികൾ സർക്കാറിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് ഇന്ത്യയിലേക്ക് തിരിച്ചു. സ്വാതന്ത്ര്യത്തിനായുള്ള നിയമലംഘനത്തിൽ വിശ്വസിച്ചിരുന്ന ബാപ്പു വിലക്ക് വകവെക്കാതെ അവർ ഇന്ത്യയിലേക്ക് തിരിച്ചതിൽ ഒരു തെറ്റും കണ്ടില്ല. മാത്രമല്ല, ഭവിഷ്യത്ത് ഭയക്കാതെ അധികാരികളെ വെല്ലുവിളിച്ചുകൊണ്ട് ശരിയെന്ന് തോന്നുന്നത് ചെയ്തതിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ, തൽക്കാലം എസ്തർ എത്തിയ വിവരം പരസ്യമാക്കേണ്ടെന്നും ഗാന്ധി നിശ്ചയിച്ചു.

സേവാമന്ദിറിലെ ആദ്യത്തെ ക്രിസ്മസ് ആഘോഷിക്കാൻ ആൻ മേരിയും ചക്കരൈയും കുട്ടികളും ഒക്കെ ഒരുങ്ങി. തനി ഇന്ത്യൻ ശൈലിയിലാകണം ഇക്കുറി ആഘോഷം എന്നും അവർ തീരുമാനിച്ചു. ക്രിസ്മസിന് രണ്ടുദിവസം മുമ്പ് രാത്രി തന്റെ വീടിന് പുറത്തുനിന്ന് പരിചിതശബ്ദത്തിൽ ആരോ വിളിക്കുന്നതായി ആൻ മേരി കേട്ടു. “ആനി മോസി ആനി മോസി, ഇത് ഞാനാണ്. വാതിൽ തുറക്കൂ”. വാതിൽ തുറന്ന ആൻ മേരിക്ക് സന്തോഷം അടക്കാനായില്ല. അതാ നിൽക്കുന്നു ഡോ. മേനോൻ. ഒപ്പം തന്റെ പ്രിയപ്പെട്ട എസ്തറും. ‘‘ഇതിലും നല്ലൊരു ക്രിസ്മസ് സമ്മാനം എനിക്ക് കിട്ടാനില്ല”, ആൻ വിളിച്ചുപറഞ്ഞു. അങ്ങനെ പോർട്ടോനോവോയിലെ കൊച്ചുവീട്ടിൽ ആഘോഷിച്ച 1921ലെ ക്രിസ്മസ് എസ്തറിന്റെ ജീവിതത്തിൽ മറ്റൊരു പുതിയ അധ്യായം തുറന്നു.

1922. ഗാന്ധിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും വ്യക്തിപരമായും ഏറ്റവും സംഘർഷഭരിതമായ വർഷമായിരുന്നു അത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും തീവ്രമായ സ്നേഹബന്ധം 1920 അവസാനത്തോടെതന്നെ അദ്ദേഹം അവസാനിപ്പിച്ചിരുന്നു. ഏറ്റവും അടുത്തവരുടെ എതിർപ്പ് മാത്രമായിരുന്നില്ല സരളാദേവിയുമായുള്ള ബന്ധം മുറിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പരസ്പരം പലകാര്യങ്ങളിലും സാരമായ അഭിപ്രായഭിന്നതകളും ഉടലെടുത്തു. നിസ്സഹകരണസമരത്തോടും ഖിലാഫത്തിനോടും തന്റെ അമ്മാവനായ ടാഗോറിനെപ്പോലെ സരളാദേവിയും ഗാന്ധിയോട് പൂർണമായും യോജിച്ചില്ല. മാത്രമല്ല അദ്ദേഹം ഈ സമരങ്ങൾക്കായി ദീർഘമായ യാത്രകളിൽ മുഴുകിയതും അവർക്ക് വിഷമമുണ്ടാക്കിയിരുന്നു.

ഖിലാഫത്ത് നേതാവ് ഷൗക്കത്ത് അലിയുമായുള്ള ഗാന്ധിയുടെ അടുത്ത സൗഹൃദത്തോടും സരളാദേവിക്ക് വിയോജിപ്പായിരുന്നു. ഗാന്ധിക്ക് ഒപ്പം ചെലവിടാൻ സരളാദേവി 1920 ഒക്ടോബറിൽ അഹ്മദാബാദിലെ ആശ്രമത്തിൽ എത്തിയെങ്കിലും അദ്ദേഹം യാത്രയിലായിരുന്നു. മാത്രമല്ല, ദിവസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം എത്താതിരുന്നതോടെ സരളാദേവി ലാഹോറിലേക്ക് മടങ്ങുകയും ചെയ്തു. “എന്റെ സങ്കടങ്ങളെല്ലാം ഏറ്റുവാങ്ങാൻ ആശ്രമത്തിലെ ശുചിമുറി മാത്രമേ ഉള്ളൂ” അവർ എഴുതി.

ഇവക്കൊക്കെ പുറമെ തന്റെ നിലപാടുകളോടും വീക്ഷണങ്ങളോടും പൂർണമായും സമരസപ്പെടണമെന്ന ഗാന്ധിയുടെ ആവർത്തിച്ചുള്ള യാഥാസ്ഥിതിക നിലപാട് സ്ത്രീ-പുരുഷ സമത്വത്തിന്റെ വക്താവും അന്യാദൃശമായ സ്വന്തം കഴിവുകളിൽ അഭിമാനിയുമൊക്കെയായിരുന്ന അവർക്ക് ക്രമേണ അരോചകമായി. മാത്രമല്ല, താനുമായുള്ള ബന്ധത്തെക്കുറിച്ച് ഗാന്ധി ഉറച്ച നിലപാട് സ്വീകരിക്കാത്തതിൽ അവർക്ക് വലിയ വിഷമമായി. താൻ ആഡംബരപ്രിയയാണെന്നും അസൂയക്കാരിയാണെന്നുമൊക്കെ ഗാന്ധി സൂചിപ്പിച്ചതായിപ്പോലും അവർക്ക് തോന്നി.

സരളാദേവി ഗാന്ധിക്ക് തുറന്നെഴുതി: “അങ്ങേക്ക് എന്നോടുള്ള വികാരം സ്നേഹമാണെങ്കിൽ ദയവുചെയ്ത് അത് ലളിതമായ ഭാഷയിൽ എന്നോട് പറയുക. പരസ്പരം കാണാതിരിക്കുമ്പോൾ എനിക്കുള്ളതുപോലെ അ​േങ്ങക്കും വേദനയുണ്ടെങ്കിൽ, നമുക്ക് തമ്മിൽ കാണാനാവുന്ന ആ പുലരിക്കായി എന്നെപ്പോലെ തീവ്രമായി ദാഹിക്കുന്നുണ്ടെങ്കിൽ, അത് തുറന്നുപറയുക. ഇനി സ്നേഹം കൊലചെയ്യപ്പെട്ടു കഴിഞ്ഞെങ്കിൽ, ഇനി അതിനെ പുനരുജ്ജീവിപ്പിക്കാൻ ആവില്ലെങ്കിൽ, കറുത്തവരെ ഉദ്ധരിക്കാനുള്ള വെള്ളക്കാരന്റെ ഭാരം എന്നതുപോലെ അനാവശ്യമായി ബുദ്ധിമുട്ടാതെ പകരം അത് ഏറ്റുപറയുക.” അവസാനം ആ ഡിസംബറിൽ ഗാന്ധി ദീർഘമായ ഒരു കത്തിൽ വിശദമായിതന്നെ സരളാദേവിക്ക് തന്റെ നിലപാടുകൾ വിശദീകരിച്ചു.

“എനിക്ക് നിങ്ങളോടുള്ള സ്നേഹത്തെ ഞാൻ വിശകലനംചെയ്തു. ആത്മീയപത്നി എന്ന പദത്തിന്റെ കൃത്യമായ നിർവചനത്തിൽ ഞാൻ എത്തിച്ചേർന്നിട്ടുണ്ട്. രണ്ട് വ്യത്യസ്ത ലിംഗങ്ങളിൽപെട്ടവർ തമ്മിൽ ശാരീരികബന്ധം ഒട്ടുംതന്നെ ഇല്ലാത്ത പരസ്പര സഖ്യമാണത്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ബ്രഹ്മചര്യം പുലർത്തുന്ന രണ്ടുപേർ തമ്മിൽ മാത്രം കഴിയുന്ന ബന്ധം. എനിക്ക് നിന്നോടുള്ള ആകർഷണത്തിന്റെ പിന്നിൽ നിന്നിലെ ആദർശങ്ങളും അഭിലാഷങ്ങളും സമ്പൂർണമായ സ്വയംസമർപ്പണവുമാണ്.

തനിയെ കഴിയുന്നതിലേറെ നമ്മുടെ പൊതുവായ ആദർശങ്ങളുടെ സംപൂർത്തി നിന്നിലൂടെ ആകുമെന്ന തിരിച്ചറിവുമൂലമാണ് നീ എനിക്ക് ‘പത്നി’ ആകുന്നത്. ആത്മീയ സഖാക്കൾ തമ്മിൽ ഒരിക്കലും ഈ ജന്മത്തിലോ ഭാവിയിലോ ശാരീരികബന്ധം പുലർത്താനാവില്ല. പ്രത്യക്ഷമോ പരോക്ഷമോ ആയി കാമത്തിന് അതിൽ ഉൾപ്പെടാനാവില്ല. എന്റെ അങ്ങനെയുള്ള ആത്മീയപത്നിയാകാൻ നിനക്കാവുമോ? അങ്ങനെയുള്ള അലൗകികമായ പവിത്രത, തികവാർന്ന പരസ്പര ഐക്യം, ആദർശപരമായ താദാത്മ്യം, നിസ്വാർഥസൗഹൃദം, ലക്ഷ്യബോധം, വിശ്വാസം ഒക്കെ നമുക്ക് കഴിയുമോ? എന്നെ സംബന്ധിച്ചിടത്തോളം ആ ഉന്നത ലക്ഷ്യങ്ങളിലെത്താൻ ശ്രമിക്കുന്ന അവസ്ഥയിൽ മാത്രമേ ആയിട്ടുള്ളൂ. അങ്ങനെ പവിത്രമായ ഒരു പരസ്പര ബന്ധത്തിലെത്താനുള്ള ശേഷി എനിക്കായിട്ടില്ല.

ചിന്തകളിലെങ്കിലും ഈ ലക്ഷ്യത്തിനായുള്ള അനന്തമായ സംശുദ്ധി ഇനിയും എനിക്ക് ആവശ്യമാണ്. ആ വിശുദ്ധബന്ധത്തിലെത്താൻ കഴിയാത്ത വിധം ഞാൻ ഇന്നും മനസ്സിൽ നിന്നോട് ശാരീരികമായി അടുപ്പത്തിലാണ്. അതേസമയം നാം തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളുമുണ്ട്. ഞാൻ ആത്മീയപതിയാണെങ്കിൽ എനിക്ക് നിന്റെ വഴികാട്ടി ആകാനാവില്ല. നാം തമ്മിൽ പൂർണമായ സമവായം വേണം. ഇന്ന് സഹോദരനും സഹോദരിയുമായുള്ള ബന്ധമായി മാത്രമേ എനിക്ക് നമ്മുടെ ബന്ധത്തെ കാണാനാവൂ. അതിനാൽ ഞാൻ നിനക്ക് അനുസരിക്കാനുള്ള ചില നിയമങ്ങൾ മുന്നോട്ടുവെക്കും. അത് നിന്നെ അസ്വസ്ഥയാക്കാം. നല്ല വാക്ക് പറഞ്ഞ് ഒരു സഹോദരനെപ്പോലെ സ്നേഹത്തോടെ നിന്നെ നിർബന്ധിക്കും. എനിക്ക് ഒരിക്കലും ഒന്നിച്ച് നിന്റെ അച്ഛനും ഭർത്താവും സുഹൃത്തും അധ്യാപകനും എല്ലാമാകാനാവില്ല...

ഈ തുറന്ന കത്തോടെ ഹ്രസ്വമെങ്കിലും അതിതീവ്രമായിരുന്ന ആ സങ്കീർണബന്ധത്തിന് തിരശ്ശീല വീണു. പിന്നീട് പലതവണ ഈ ബന്ധത്തിന്റെ വേളയിൽ താൻ ലൈംഗികമായിത്തന്നെ ആകൃഷ്ടനായ കാര്യം ഗാന്ധി പരോക്ഷമായി വെളിപ്പെടുത്തുകയും ചെയ്തു. മറ്റ് പല കാര്യങ്ങളിലുമെന്നപ്പോലെ ഗാന്ധിക്ക് സ്ത്രീപുരുഷബന്ധങ്ങളും എന്നും അസാധാരണ പരീക്ഷണവിഷയമായിരുന്നു.

* * *

ഇളകിമറിയുന്ന ദേശീയ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ ഏതാണ്ട് പൂർണമായും കൈകളിൽ അർപ്പിക്കപ്പെട്ട ഗാന്ധിക്ക് ഒരു നിമിഷംപോലും വിശ്രമിക്കാനായിരുന്നില്ല. ജാലിയൻ വാലാ ബാഗ്, റൗലറ്റ് നിയമം എന്നിവക്കെതിരെ ഖിലാഫത്ത് പ്രക്ഷോഭത്തിനൊപ്പം നിസ്സഹകരണസമരം കൂടിയായപ്പോൾ രാജ്യമാകെ കൊടുങ്കാറ്റുതന്നെ വീശുകയായിരുന്നു. സ്വരാജ് ലക്ഷ്യമാക്കി മുന്നേറിയ ദേശീയപ്രസ്ഥാനത്തിന്റെ മുന്നിൽ ബ്രിട്ടീഷ് സാമ്രാജ്യം മുട്ടുമടക്കുമെന്ന പ്രതീതി തന്നെ വ്യാപകമായി. 1922 ജനുവരിയിൽ നിയമലംഘനപരിപാടികളുമായി ഗാന്ധി ഗുജറാത്തിലെ ബർദോലിയിലേക്ക് തിരിച്ചു. പക്ഷേ, ഫെബ്രുവരി നാലിന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിനടുത്ത് ചൗരിചൗര എന്ന ഗ്രാമത്തിൽ അരങ്ങേറിയ ഒരു ദുരന്തം ചരിത്രം മാറ്റിക്കുറിച്ചു.

നിസ്സഹകരണ സമരത്തിനെതിരെ പൊലീസ് വെടിവെച്ചു. രോഷാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ഇരുപത്തിരണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. അഹിംസയുടെ അപ്പോസ്തലനായ ഗാന്ധി സ്തബ്ധനായിപ്പോയി. ആരോടുമാലോചിക്കാതെ അദ്ദേഹം സമരം നിർത്തിവെച്ചു. ദേശീയസമരം വിജയസാധ്യതയുടെ മുന്നിലെത്തിയപ്പോൾ പ്രക്ഷോഭം നിർത്തിവെച്ചതിൽ കോൺഗ്രസ് നേതൃത്വത്തിലും അണികളിലുമുള്ള ഭൂരിപക്ഷം പേരും പ്രതിഷേധിച്ചു. പക്ഷേ, എന്ത് സംഭവിച്ചാലും താൻ വിശ്വസിക്കുന്ന അടിസ്ഥാനമൂല്യങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയാറാവുന്ന ആളല്ലല്ലോ ഗാന്ധി. എന്നാൽ, സമരം നിർത്തിവെച്ചിട്ടും ചൗരിചൗരാ കേസിൽ പ്രതികളായ 19 പേരെ ബ്രിട്ടീഷ് സർക്കാർ തൂക്കിക്കൊന്നു. എന്നിട്ടും ഗാന്ധി നിലപാട് മാറ്റിയില്ല. രാഷ്ട്രീയത്തിനു പകരം ഖാദിപ്രചാരണം, അയിത്തോച്ചാടനം തുടങ്ങിയ നിർമാണപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

രാഷ്ട്രീയവും വ്യക്തിപരവുമായ ആ കടുത്ത സംഘർഷങ്ങൾക്കിടയിലും എസ്തറിന് എഴുതാൻ ബാപ്പു സമയം കണ്ടെത്തി. അജ്മീറിൽനിന്ന് എഴുതിയ കത്തിൽ ദാമ്പത്യത്തെക്കുറിച്ചായിരുന്നു ബാപ്പുവിന്റെ പരാമർശങ്ങൾ. വിവാഹത്തോടെ തന്റെ “സ്വതന്ത്ര ജീവിതം” അവസാനിച്ചതായി എഴുതിയ എസ്തറിനെ ബാപ്പു ഓർമിപ്പിച്ചു; “ആ നഷ്ടത്തിലും എത്രയോ ഉയരെയാണ് മറ്റൊരാളുമായി സ്വന്തം ജീവിതം പങ്കുവെക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടം. വ്യത്യസ്തരായ രണ്ടുപേർ അന്യോന്യം സ്വയം സമർപ്പിക്കുന്നതിലൂടെ ലഭ്യമാകുന്ന കൂടുതൽ മഹത്തരമായ സ്വാതന്ത്ര്യം ഉന്നതമായ ഉത്തരവാദിത്തബോധത്തിൽനിന്നും ഉളവാകുന്നതാണ്. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതാണ് മഹത്തായ സ്വാതന്ത്ര്യം. ദൈവത്തിനോടുള്ള സമ്പൂർണമായ സമർപ്പണത്തിലൂടെ മാത്രമേ അത് സാധ്യമാവൂ.” തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കേൾക്കുന്നുണ്ടെന്നും ബാപ്പു ആ മാർച്ച് എട്ടിന് അയച്ച കത്തിൽ എസ്തറിനെ അറിയിച്ചു.

 

മാർച്ച് 12നു വൈകീട്ട് അഞ്ചുമണിയോടെ അഹ്മദാബാദ് പൊലീസ് സൂപ്രണ്ട് ഡാനിയൽ ഹീലി സബർമതി ആശ്രമത്തിലെത്തി. ഗാന്ധിജിക്കുള്ള അറസ്റ്റ് വാറന്റുമായാണ് അദ്ദേഹമെത്തിയത്. ‘യങ് ഇന്ത്യ’യിൽ അദ്ദേഹം എഴുതിയ മൂന്ന് ലേഖനങ്ങൾക്ക് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു. ‘യങ് ഇന്ത്യ’യുടെ പ്രസാധകനും ഗാന്ധിയുടെ സഖാവുമായ ശങ്കർ ലാൽ ബാങ്കറിനുമുണ്ടായിരുന്നു വാറന്റ്. ഇരുവരും സന്തോഷത്തോടെ അറസ്റ്റ് വരിച്ചു. ആശ്രമത്തിനടുത്തുള്ള സബർമതി ജയിലിലായിരുന്നു ഇരുവരെയും അടച്ചത്. ഏഴു വർഷം മുമ്പ് ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയശേഷം ആദ്യമായിരുന്നു ഗാന്ധിക്ക് ജയിൽവാസം.

സബർമതി ജയിലിൽനിന്നും എല്ലാ ദിവസവും പതിവുപോലെ എസ്തർ അടക്കം നൂറുകണക്കിന് പേർക്ക് ഗാന്ധിജി കത്ത് എഴുതി. മാർച്ച് 17ന് എസ്തറിനെഴുതിയ കത്തിൽ തടവിലായത് തനിക്ക് നൽകിയ അനൽപമായ ആനന്ദത്തെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. “ബർദോലിയിൽ ഞാൻ അനുഷ്ഠിച്ച ആത്മശുദ്ധീകരണത്തിന് തൊട്ടുപിന്നാലെയാണ് ഇതുണ്ടായതെന്നത് എന്നെ കൂടുതൽ സന്തുഷ്ടനാക്കുന്നു.” ചൗരിചൗരാ ആക്രമസംഭവത്തിൽ പശ്ചാത്തപിച്ചുകൊണ്ട് ബർദോലിയിൽ ഫെബ്രുവരിയിൽ അനുഷ്ഠിച്ച അഞ്ചു ദിവസത്തെ ഉപവാസത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മാർച്ച് 18നായിരുന്നു കേസ് വിചാരണ. മൂന്നുവർഷം മുമ്പ് പഞ്ചാബിലേക്ക് പോകുന്ന വഴി ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോൾ ഉണ്ടായപോലുള്ള ജനരോഷം ഭയന്ന് ഇക്കുറി കോടതിമുറിയിലായിരുന്നില്ല വിചാരണ. ഉച്ചക്ക് അഹ്മദാബാദ് സർക്യൂട്ട് ഹൗസിൽ ജില്ലാ മജിസ്ട്രേറ്റ് റോബർട്ട് ബ്രൂംഫീൽഡിന്റെ കോടതിമുറി ഒരുങ്ങി. കസ്തൂർബ, സരോജിനി നായിഡു, അനസൂയ സാരാഭായി, മദൻ മോഹൻ മാളവ്യ തുടങ്ങി ഗാന്ധിയുടെ ഉറ്റ സഹപ്രവർത്തകർ വിചാരണ കേൾക്കാനെത്തിയിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയുടെയും അധിപതിയായ ഇംഗ്ലണ്ട് ചക്രവർത്തിക്കെതിരെ ജനവികാരം ഇളക്കിവിട്ടുവെന്നായിരുന്നു അഡ്വക്കറ്റ് ജനറൽ തോമസ് സാംഗർ അവതരിപ്പിച്ച കുറ്റപത്രത്തിലെ പ്രധാന ആരോപണം. തങ്ങൾക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകരെ ഏർപ്പെടുത്താൻ വിസമ്മതിച്ച ഗാന്ധിയും ബാങ്കറും സ്വയം വാദിച്ചുകൊള്ളാമെന്ന് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഗാന്ധി എഴുതി വായിച്ച പ്രസ്താവന കോടതിയെ സ്തംഭിപ്പിച്ചു. തന്നിൽ ചുമത്തിയ കുറ്റം പൂർണമായും ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ ഗാന്ധി “ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ജനവികാരം ഉയർത്തുകയാണ് എന്റെ ജീവിതദൗത്യം. തീകൊണ്ട് കളിക്കുകയാണെന്നാണ് അഡ്വക്കറ്റ് ജനറൽ എന്റെ മേൽ ചുമത്തിയ കുറ്റം. വീണ്ടും ഞാൻ അതുതന്നെ ചെയ്യുമെന്ന് അറിയിച്ചുകൊള്ളട്ടെ.’’ അതുകൊണ്ട് തനിക്ക് ഏറ്റവും കനത്ത ശിക്ഷ നൽകാനും അദ്ദേഹം ജഡ്ജിയോട് അഭ്യർഥിച്ചു. ആഗോളതലത്തിൽതന്നെ ചരിത്രപ്രസിദ്ധമായി ഈ വിചാരണയും ഗാന്ധിയുടെ പ്രസ്താവനയും.

അമ്പരന്നുപോയ ജഡ്ജി ബ്രൂംഫീൽഡ് ഗാന്ധിയെ മഹാനായ ദേശസ്നേഹിയെന്നും ഉന്നതനായ നേതാവെന്നും വിശേഷിപ്പിച്ചുകൊണ്ട് നിലവിലുള്ള നിയമങ്ങളനുസരിച്ച് തനിക്ക് ശിക്ഷ വിധിക്കാതെ നിർവാഹമില്ല എന്നും പറഞ്ഞു. ആറു വർഷത്തെ തടവിനായിരുന്നു ഇരുവർക്കും ശിക്ഷ. 1922 മാർച്ചു മാസം 11നു ഗുജറാത്തിലെ സബർമതി ജയിലിൽ അടച്ച ഇരുവരെയും പത്തു ദിവസത്തിനു ശേഷം പുണെയിലെ യർവാദ ജയിലിലേക്ക് മാറ്റി.

രണ്ടു വർഷത്തോളം തടങ്കൽജീവിതം പൂർത്തിയാകാറായ വേളയിൽ ഗാന്ധിജിക്ക് ആന്ത്രവീക്കം (അപ്പെൻഡിസൈറ്റിസ്) മൂർച്ഛിച്ചു. കടുത്ത വേദനകൊണ്ട് പുളഞ്ഞ ഗാന്ധി പാശ്ചാത്യ ചികിത്സയുടെ എതിരാളിയായിരുന്നു. എങ്കിലും മനസ്സില്ലാമനസ്സോടെ അവസാനം ശസ്ത്രക്രിയക്ക് സമ്മതിച്ചു.

1924 ജനുവരി 12ന് പുണെയിലെ സാസൂൺ ആശുപത്രിയിൽ ഗാന്ധിയെ പ്രവേശിപ്പിച്ചു. 1867ൽ ബോംബെയിലെ ജീവകാരുണികനായ ജൂതവ്യവസായി ഡേവിഡ് സസൂണിന്റെ സാമ്പത്തികസഹായംകൊണ്ട് പണിത ആശുപത്രി. ബോംബെയിൽനിന്ന് ഇന്ത്യൻ ഡോക്ടർമാരെ വരുത്താൻ സർക്കാർ സമ്മതം നൽകിയെങ്കിലും രോഗം ഗുരുതരമായതിനാൽ അർധരാത്രിതന്നെ ശസ്ത്രക്രിയ വേണമെന്ന് ബ്രിട്ടീഷുകാരനായ സർജൻ കേണൽ മാഡക് അഭിപ്രായപ്പെട്ടു. ഗാന്ധി സമ്മതിച്ചു. ശസ്ത്രക്രിയയിലെന്ത് സംഭവിച്ചാലും ജനങ്ങൾ സംയമനം പാലിക്കണമെന്ന ഒരു അഭ്യർഥന ഗാന്ധി ഒപ്പിട്ടു നൽകിയത് പത്രങ്ങൾക്ക് നൽകിയിരുന്നു.

അന്ന് രാത്രിയിലെ പേമാരിയിൽ ആശുപത്രിയിലെ വൈദ്യുതി നിലച്ചു. ആ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഫ്ലാഷ് ലൈറ്റ് പ്രവർത്തിച്ചില്ല. പക്ഷേ, ശസ്ത്രക്രിയ മാറ്റാൻ ഡോ. മാഡക് ഒരുക്കമായിരുന്നില്ല. മണ്ണെണ്ണ വിളക്കിന്റെ അൽപവെളിച്ചത്തിലായിരുന്നു സമർഥനായ ഡോ. മാഡക്കിന്റെ പൂർണവിജയമായിരുന്ന ശസ്ത്രക്രിയ.

സസൂൺ ആശുപത്രിയിൽ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ദിവസങ്ങളിൽ രണ്ടുപേർ ബാപ്പുവിനെ കാണാനെത്തി. എസ്തറും കുഞ്ഞു നാനും. നാലു വർഷങ്ങൾക്കുശേഷമായിരുന്നു എസ്തറും ബാപ്പുവും തമ്മിലുള്ള ആ കൂടിക്കാഴ്ച. വികാരനിർഭരമായിരുന്നു ആ സമാഗമം. ഒരാഴ്ച അവർ പുണെയിൽ തങ്ങിക്കൊണ്ട് എല്ലാ ദിവസവും ബാപ്പുവിനെ സന്ദർശിച്ചു, ഏറെനേരം സംസാരിച്ചു. ഏതാനും ദിവസം കഴിഞ്ഞ് ആൻ മേരിയും ബാപ്പുവിനെ സന്ദർശിച്ചു.

ശസ്ത്രക്രിയയെത്തുടർന്നു ഗാന്ധിയുടെ ആറു വർഷത്തെ തടവ് ശിക്ഷ വെട്ടിക്കുറച്ച് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ വിട്ടയച്ചു. തടവിൽ കഴിയുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് എന്തെങ്കിലും സംഭവിച്ചാലോ എന്നായിരുന്നു സർക്കാറിന്റെ ഭയം.

20. മതം മാറ്റം

1923 ജൂണിൽ കോപൻഹേഗനിൽ ആയിരുന്നു എസ്തറുടെ ആദ്യമകളുടെ ജനനം. അവൾക്ക് ഒരു തനി ഇന്ത്യൻ പേര് എസ്തറും മേനോനും നേരത്തേ കണ്ടെത്തിയിരുന്നു. നാരായണി. അമ്മയെപ്പോലെ സ്വർണമുടിക്കാരിയായിരുന്ന ആ സുന്ദരിക്കുട്ടിയെ നാൻ എന്നു എല്ലാവരും വിളിച്ചു. ബാപ്പുവിന്റെ ബ്രഹ്മചര്യനിർദേശം തങ്ങൾ പാലിച്ചില്ലെന്നത് ഉടൻതന്നെ അദ്ദേഹത്തെ അറിയിക്കാൻ ഇരുവരും മടിച്ചു. പ്ര​േത്യകിച്ച് ബാപ്പു അക്കാര്യം നിർദേശിച്ചപ്പോൾ യോജിച്ച ആളായിരുന്നല്ലോ മേനോൻ.

പക്ഷേ, ഡിസംബറിൽ ഇന്ത്യയിലെത്തിയ ശേഷം ദേവദാസ് ഗാന്ധിക്ക് മകളുടെ കാര്യമൊക്കെ എസ്തർ എഴുതി അറിയിച്ചിരുന്നു. ബാപ്പുജിയുടെ ശസ്ത്രക്രിയയെപ്പറ്റി കേട്ട ഉടൻ ആദ്യത്തെ തീവണ്ടി പിടിച്ച് പുണെയിലെത്തി നീണ്ട നാലു വർഷത്തെ ഇടവേളക്കു ശേഷം അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചതും എസ്തർ ദേവദാസിനെ അറിയിച്ചു. “പക്ഷേ എനിക്ക് ഇപ്പോൾ ഒരു കുഞ്ഞുണ്ട്. അവൾക്ക് ആറുമാസം പ്രായമായി. നല്ല സുഖവുമില്ല. പത്തുദിവസമായി അവൾക്ക് വയറിന് അസുഖമാണ്. പക്ഷേ ഞാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നത് ബാപ്പു ആരോഗ്യവാനായി എന്നിലും എന്റെ കുഞ്ഞിലും അനുഗ്രഹം ചൊരിയുന്ന ആ ദിവസം എത്രയും വേഗം എത്തിച്ചേരണമെന്നു മാത്രമാണ്. ദേവദാസ്, തന്നെ കൈകളിലെടുത്ത് ഭാരതമാതാവിന്റെ സേവനത്തിനായി എന്നാണ് തന്നെ ബാപ്പുജി സമർപ്പിക്കുക എന്ന് ഒരു പിഞ്ചുകുഞ്ഞ് കൊതിക്കുകയാണെന്ന് അദ്ദേഹത്തോട് പറയണേ.”

സേവാമന്ദിറിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു എസ്തറും മേനോനും. സ്കൂളിനാവശ്യമായ കാര്യങ്ങൾക്കായി പലപ്പോഴും യാത്രയിലായിരുന്നു ആൻ മേരി. അപ്പോ​െഴാക്കെ പൂർണമായ ഉത്തരവാദിത്തം എസ്തർ ഏറ്റെടുത്തു. ആൻ മേരിയെ പെരിയമ്മയെന്നും എസ്തറെ ചിന്നമ്മയെന്നും കുട്ടികളും നാട്ടുകാരും വിളിച്ചു.

മേനോനാകട്ടെ, സ്കൂളിനും മിഷനും വേണ്ടിയുള്ള പുതിയ കെട്ടിട നിർമാണത്തിന്റെ ചുമതല വഹിച്ചു. ഡോക്ടർ എന്ന നിലക്കുള്ള ഒരു ജോലി കിട്ടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും വിജയമായില്ല. അതിനാൽ ദിവസം മുഴുവൻ കെട്ടിടനിർമാണത്തിന്റെ മേൽനോട്ടമായിരുന്നു ജോലി. മേനോന്റെ ആത്മാർഥസേവനത്തിൽ ആൻ മേരി മാത്രമല്ല കോപൻഹേഗനിലെ മിഷൻ അധികാരികളും വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തി. മാത്രമല്ല, അവർ ഡെന്മാർക്കിൽനിന്ന് വിലയേറിയ കുറെ മെഡിക്കൽ ഉപകരണങ്ങൾ അദ്ദേഹത്തിനെത്തിച്ചു കൊടുക്കുകയും ചെയ്തു. മേനോൻ വൈകാതെ ക്രിസ്തുമതം സ്വീകരിക്കുമെന്നും അവർ പ്രതീക്ഷിച്ചു.

പക്ഷേ, മറ്റൊരു വരുമാനം കണ്ടെത്താനാവാത്തതിനാൽ എസ്തറിന്റെ കുടുംബത്തിന്റെ ചെലവ് മുഴുവൻ ആൻ മേരിയുടെ ഉത്തരവാദിത്തമായി. എസ്തറിനെയും മേനോനെയും കുഞ്ഞ് നാനെയും ഒക്കെ ഏറ്റവും സ്നേഹത്തോടെയാണ് ആൻ മേരി നോക്കിയതെങ്കിലും എസ്തറിന് ഇത് വലിയ വിഷമമുണ്ടാക്കുകയും ചെയ്തു. “എന്റെ ആദ്യ പേരക്കുട്ടിയാണിവൾ” നാനെ താലോലിക്കുമ്പോൾ ആൻ മേരി പറഞ്ഞിരുന്നു.

പക്ഷേ ആൻ മേരിയുടെ ഏക സാമ്പത്തിക സ്രോതസ്സ് കോപൻഹേഗനിലെ ലോവൻതാൽ മിഷൻ അധികൃതരുടെ ധനസഹായമായിരുന്നു. കെട്ടിടനിർമാണ ചെലവ് തന്നെ നിസ്സാരമായിരുന്നില്ല. സേവാമന്ദിറിൽ താമസിച്ച് പഠിക്കുകയായിരുന്ന വിദ്യാർഥിനികളുടെ ജീവിതച്ചെലവും മേനോനും എസ്തറിനും അടക്കം ആറുപേരുടെ ശമ്പളവും വേറെ. ചെലവ് വർധിക്കുന്നതിനനുസരിച്ച് ഡെന്മാർക്കിൽനിന്നുള്ള സാമ്പത്തിക സഹായം ഉയർന്നില്ല. ശമ്പളം കുറക്കുക, കുട്ടികളുടെ ഒഴിവുകാലം നീട്ടുക തുടങ്ങി പലതരത്തിലും ചെലവു നിയന്ത്രിക്കാൻ ശ്രമങ്ങൾ നടത്തി.

പക്ഷേ, ഭാരം വർധിച്ചുവന്നപ്പോൾ പോർട്ടോനോവോ വിട്ട് കൽക്കത്തയിൽ പോയി മഹാകവി ടാഗോറിന്റെ ശാന്തിനികേതനത്തിൽ മേനോനും തനിക്കും ജോലി നേടാനും എസ്തർ ശ്രമിച്ചു. എന്നാൽ, തൽക്കാലം ഒഴിവില്ലെന്നായിരുന്നു മഹാകവി അറിയിച്ചത്. എപ്പോൾ വേണമെങ്കിലും രണ്ടുപേർക്കും സബർമതി ആശ്രമത്തിൽ സ്വാഗതമുണ്ടായിരിക്കുമെന്ന ബാപ്പുവിന്റെ വാഗ്ദാനത്തെക്കുറിച്ച് പലതവണ എസ്തർ ആലോചിക്കുകയും മേനോനുമായി ചർച്ചചെയ്യുകയും ചെയ്തു. “കുറച്ചുകൂടി നോക്കാം. എവിടെയെങ്കിലും ഒരവസരം കിട്ടുകയാണെങ്കിൽ നമുക്ക് ഇവിടെതന്നെ മതി” മേനോൻ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ, ദിവസങ്ങൾ പിന്നിട്ടിട്ടും ഫലമുണ്ടായില്ല.

ജനുവരിയോടെ പുതിയ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. ജനുവരി 20നു ദക്ഷിണേന്ത്യൻ വാസ്തു ശൈലിയിൽ പണിത പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ‘സേവാമന്ദിർ ദേശീയ ക്രിസ്ത്യൻ വിദ്യാലയ’ത്തിന്റെ ഉദ്ഘാടനം നടന്നു. ഗാന്ധിയുടെ ആശ്രമമന്ദിരത്തിന്റെ ചില അംശങ്ങളും ആൻ മേരി സേവാമന്ദിർ കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുത്തിയിരുന്നു. ചക്കരൈ, എസ്തർ, മറ്റ് ചില മിഷനറിമാർ എന്നിവർക്ക് പുറമെ ഗാന്ധിജിയുടെ സഹപ്രവർത്തകനായ വി.എ. സുന്ദരവും ചടങ്ങിൽ പങ്കെടുത്തു. തമിഴ്, ഡാനിഷ്, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിലെ കീർത്തനങ്ങളും ബൈബിളിലെയും ഭഗവദ്ഗീതയിലെയും തിരഞ്ഞെടുത്ത ഭാഗങ്ങളും അവതരിപ്പിക്കപ്പെട്ടു. എന്നാൽ, പ്രധാനപ്പെട്ട ഒരാൾമാത്രം ഉദ്ഘാടന ചടങ്ങിനുണ്ടായിരുന്നില്ല. ഡോ. മേനോൻ. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ബാപ്പുവിനെ കാണാൻ പുണെയിൽ പോയിരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, മേനോൻ ഇനിയും മാമോദീസ സ്വീകരിച്ച് ക്രിസ്തുമതം സ്വീകരിക്കാത്തതിൽ കോപൻഹേഗനിലെ മിഷൻ അധികാരികളുടെ അസന്തുഷ്ടി വർധിച്ചുവരുകയായിരുന്നു. മാത്രമല്ല സേവാമന്ദിർ ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ ഗാന്ധിയെ കാണാൻപോയതിലും മിഷൻ തലപ്പത്ത് മുറുമുറുപ്പുകൾ ഉണ്ടായി. മിഷന്റെ ഒരു പ്രസിദ്ധീകരണത്തിൽ മേനോനെതിരെ ചില ദുഃസൂചനകളും വന്നു. ഇതെല്ലാം അവഗണിക്കാനായിരുന്നു ആൻ മേരിയുടെയും എസ്തറിന്റെയും ഉപദേശം. പക്ഷേ, മേനോൻ വല്ലാതെ വിഷണ്ണനായി. അവസാനം അദ്ദേഹം ഒരു പ്രധാന തീരുമാനമെടുത്തു. ക്രിസ്തുമതം സ്വീകരിക്കുക. എസ്തർ അക്കാര്യത്തിൽ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല. കാര്യമായ സന്തോഷമോ എതിർപ്പോ അവൾ പ്രകടിപ്പിച്ചുമില്ല. എന്നാൽ സ്വയം അതാഗ്രഹിക്കുന്നുണ്ടോ എന്നു പലവട്ടം ആലോചിച്ചിട്ടു വേണം തീരുമാനമെന്ന് അവൾ ഭർത്താവിനോട് പറഞ്ഞു. ബ്രഹ്മചര്യവിഷയത്തിലെന്നപോലെ ഇക്കാര്യത്തിലും ബാപ്പുവിനെ അനുസരിക്കാനാകുന്നില്ലെന്നതിലും എസ്തറിനു വേവലാതി ഉണ്ടായിരുന്നു. അതുകൊണ്ട് ബാപ്പുവിന് എഴുതുന്നതുപോലും അവൾ നിർത്തിവെച്ചു.

വേനൽ കടുത്തതോടെ പറങ്കിപ്പേട്ടയിലെ ജീവിതം എസ്തറിന് അതീവദുസ്സഹമാവുകയായിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കടുത്ത ചൂടും ഈർപ്പാവസ്ഥയും നേരിടുന്ന കടലോരപ്രദേശമായിരുന്നു ആ മേഖല. കൊടും തണുപ്പ് ഉള്ള രാജ്യത്തുനിന്ന് വന്ന ആൻ മേരിക്കും എസ്തറിനും ഒക്കെ നരകതുല്യമായി ദിവസങ്ങൾ. ചൂട് കൂടുന്ന കാലമാകുമ്പോൾ മലമ്പനി ബാധിക്കുക എസ്തറിന് പതിവാകുകയായിരുന്നു. അതുകൊണ്ട് ഇക്കുറി അസുഖസൂചന കണ്ടപ്പോൾ തന്നെ ചൂട് കുറഞ്ഞ ഇടങ്ങളിലേക്ക് മാറാൻ ആൻ മേരി എസ്തറോട് പറഞ്ഞു. നാനും ചൂട് അസഹ്യമായിരുന്നു. പതിവായി ആൻ മേരിയും എസ്തറും ചൂടുകാലങ്ങളിൽ പോവുക നീലഗിരിമേഖലയിലെ ഊട്ടിയിലും കോത്തഗിരിയിലേക്കുമൊക്കെയാണ്.

പക്ഷേ ഇക്കുറി ബാംഗ്ലൂർ ആണ് എസ്തർ തിരഞ്ഞെടുത്തത്. അവിടത്തെ യുനൈറ്റഡ് തിയോളജിക്കൽ കോളജിന്റെ ഹോസ്റ്റലിൽ താമസ സൗകര്യം കിട്ടുമെന്ന് അവരറിയിച്ചു. ലണ്ടൻ മിഷനറി സൊസൈറ്റിയുടെ നേതൃത്വത്തിൽ 1910ൽ സ്ഥാപിച്ചിരുന്ന ഈ മതപഠന സെമിനാരിയുമായി ഡി.എം.എസ് അടക്കമുള്ള യൂറോപ്യൻ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ സഹകരണമുണ്ടായിരുന്നു. സെപ്റ്റംബർ അവസാന വാരം എസ്തർ നാനുമൊത്ത് ബാംഗ്ലൂരിലെത്തി. ചൂട് വലിയ പ്രശ്നമല്ലാത്തതിനാലും സേവാമന്ദിറിന്റെ ചുമതലകളുംകൊണ്ട് മേനോൻ പറങ്കിപ്പേട്ടയിൽ തന്നെ തങ്ങി.

സേവാമന്ദിറിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽനിന്ന് ഒട്ടൊന്ന് വിട്ടുനിന്ന ആ ദിവസങ്ങളിൽ അവൾക്ക് ആലോചനകൾക്കായും ബാംഗ്ലൂരിൽ കൂടുതൽ സമയം ലഭിച്ചു. ഏറെക്കാലമായി അവളുടെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നത് പുതിയ സംഭവവികാസങ്ങൾ ബാപ്പുവിനെ അറിയിച്ചില്ലെന്നതിന്റെ കുറ്റബോധമായിരുന്നു. പ്രത്യേകിച്ച് മേനോന്റെ മതംമാറ്റം.

ഒരിക്കലും ചെയ്യരുതെന്ന് ബാപ്പു നിർദേശിച്ച അക്കാര്യവും അനുസരിക്കാനാവാതെപോയത് അവളുടെ കുറ്റബോധത്തെ ഇരട്ടിച്ചു. ബാപ്പുവിന് മാസങ്ങളായി എഴുതാതിരുന്നതും ഇതിനാലായിരുന്നു. ബാംഗ്ലൂരിൽ കഴിഞ്ഞ ആ ദിവസങ്ങളിൽ കുറ്റബോധം കാരണം എസ്തറിന് പല രാത്രികളിലും ഉറങ്ങാൻതന്നെ കഴിഞ്ഞില്ല. ഉള്ളു നീറ്റിയ ദീർഘമായ ആലോചനകൾക്കുശേഷം ബാപ്പുവിന് ഇനി എല്ലാം തുറന്ന് എഴുതാതെ തനിക്ക് ഇനി മനഃശാന്തി അസാധ്യമാണെന്ന് എസ്തർ ഉറപ്പിച്ചു.

ഒടുക്കം പരമാവധി ശക്തി സംഭരിച്ച് എസ്തർ എഴുതി. ഫെബ്രുവരിയിൽ ജയിലിൽ ചെന്ന് ബാപ്പുവിനെ കണ്ടശേഷം ഒന്നും തുറന്നു പറയാതിരുന്നതിനു അകമഴിഞ്ഞ് മാപ്പ് അപേക്ഷിച്ചുകൊണ്ടായിരുന്നു കത്ത്. ശാന്തിനികേതനത്തിലും പ്രതീക്ഷിച്ച ജോലി കിട്ടാതെപോയപ്പോൾ ബാപ്പുവിന്റെ ആശ്രമത്തിലേക്ക് താമസം മാറാൻ ആഗ്രഹിച്ചതും പക്ഷേ കുറച്ചുകൂടി കാത്തിരിക്കാമെന്ന് മേനോൻ പറഞ്ഞപ്പോൾ എന്തെഴുതണമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അവൾ എഴുതി. തുടർന്ന് ആ വിഷമകരമായ വിഷയം അവതരിപ്പിച്ചു.

“കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ ഭർത്താവ് തനിക്ക് മാമോദീസ സ്വീകരിക്കണമെന്ന് എന്നോട് പറഞ്ഞു. നിങ്ങളെയൊക്കെപ്പോലെ ക്രിസ്തുവാണ് ഇന്ന് എന്റെയും ആദർശബിംബം. എന്തുകൊണ്ട് ആൻ മേരിയുടെ ദൗത്യത്തിൽ പൂർണ പങ്കാളിയായിക്കൂടാ? എന്തായാലും കഴിഞ്ഞ നാലു വർഷങ്ങളായി എല്ലാ സുഖദുഃഖങ്ങളിലും നാം അവരുടെ പങ്കാളികളാണല്ലോ, ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ. മാർച്ച് ആദ്യമായിരുന്നു ഇത്. ഞാൻ അന്നുതന്നെ അങ്ങേക്ക് എഴുതേണ്ടിയിരുന്നു. പക്ഷേ എന്നെ വല്ലാത്ത ഒരു വേദന നീറ്റിയിരുന്നു. അങ്ങയുടെ ആശ്രമത്തിൽ കഴിയണമെന്നായിരുന്നു മനസ്സിലെ ഒരു മോഹം. മറുവശത്താകട്ടെ ഇന്ത്യക്കുവേണ്ടിയുള്ള ആൻ മേരിയുടെ സേവനദൗത്യത്തിൽ അവർക്കൊപ്പം നിലകൊള്ളണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. എല്ലാ ദുരിതാനുഭവങ്ങളിലും കൈകോർത്തുനിന്നവരാണല്ലോ ഞങ്ങൾ.

എന്റെ ഭർത്താവ് പൊതുവേ ഒരന്തർമുഖനാണ്. അങ്ങേക്ക് കത്തെഴുതാൻ അദ്ദേഹത്തിന് വലിയ സങ്കോചമുണ്ടത്രേ. ഒരു മകന് അച്ഛനോടുള്ള സ്നേഹവും ശിഷ്യന് ഗുരുനാഥനോടുള്ള ഭയഭക്തിയുമാണ് അദ്ദേഹത്തിന് അങ്ങയോട്. പക്ഷേ ഒരച്ഛൻ സ്വന്തം കുട്ടിക്ക് ചെയ്യുന്നതിലുമെത്രയോ അധികം അങ്ങ് എനിക്ക് ചെയ്തുതന്നിരിക്കുന്നു! അതിനാൽ ഞാൻ മുമ്പ് തന്നെ അങ്ങേക്ക് എഴുതേണ്ടതായിരുന്നു. ഞങ്ങളുടെ കലണ്ടർ പ്രകാരം ഒക്ടോബർ രണ്ടിനാണ് അങ്ങയുടെ ജന്മദിനം. പൊള്ളയായ വാക്കുകളിലും നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങളിലും അങ്ങേക്ക് താൽപര്യമില്ലെന്ന് എനിക്ക് അറിയാം. ഇന്ത്യയെ സേവിക്കുകയാണ് ഞങ്ങളുടെ ആഗ്രഹം. താങ്കൾ ആഗ്രഹിക്കുന്നതുമതാണെന്നും ഞങ്ങൾക്കറിയാം. അത് നടന്നുകിട്ടാനുള്ള കരുത്തിനും ഇച്ഛാശക്തിക്കും വേണ്ടി ഞങ്ങൾ എന്നും ദൈവത്തോട് പ്രാർഥിക്കും.

ഭാരതമാതാവിന്റെ എല്ലാ മക്കളുടെയും ഐക്യത്തിനായുള്ള അങ്ങയുടെ സർവ അഭിലാഷങ്ങളും പ്രാർഥനകളും ഈ പുതുവർഷത്തിൽ സാക്ഷാത്കരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു. ഞങ്ങൾക്കൊക്കെ വേണ്ടിയുള്ള അങ്ങയുടെ സഹനവും പീഡാനുഭവങ്ങളും സ്നേഹവും ഉറപ്പായും ഫലപ്രാപ്തി കൈവരിക്കും. ഈ മഹാപീഡനകാലം കടന്നുപോകാൻ അത്ഭുതപ്രവർത്തകനായ ദൈവം അ​േങ്ങക്ക് ഒപ്പമുണ്ടാകുമെന്നുമെനിക്ക് അറിയാം.

ഞങ്ങളുടെ കൊച്ചു പെൺകുട്ടിക്ക് ഒരു വയസ്സായി. അവളുടെ മധുരതരമായ മൊഴിയിൽ ബാപ്പുജി എന്നവൾക്ക് പറയാനാവും. എല്ലാ പ്രഭാതത്തിലും അങ്ങയുടെ ചിത്രം നോക്കി അവൾ ബാപ്പുജി എന്ന് പറയാറുണ്ട്. അവൾക്ക് അരവയസ്സുള്ളപ്പോഴാണ് അങ്ങയുടെ അടുത്ത് കൊണ്ടുവന്നത്. അവളെ അന്ന് കൈകളിലെടുത്ത് അങ്ങ് അനുഗ്രഹിച്ച ആ നിമിഷം മുതൽ അവളും ഇന്ത്യക്കു വേണ്ടിയുള്ള സേവനദൗത്യത്തിൽ സ്വയം സമർപ്പിച്ചുകഴിഞ്ഞു.”

ഗാന്ധി തന്റെ ജീവിതത്തിൽ ഏറ്റവും ദീർഘമായ –21 ദിവസം– ഉപവാസസത്യഗ്രഹത്തിൽ ഏർപ്പെട്ടിരുന്ന സമയത്തായിരുന്നു ഈ കത്ത് കിട്ടുന്നത്. പിന്നീട് പാകിസ്താനിലായ വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ ഗ്രാമമായ കോഹട്ടിൽ അരങ്ങേറിയ ഭീകരമായ ഹിന്ദു-മുസ്‍ലിം വർഗീയ ലഹള അവസാനിപ്പിക്കാനായിരുന്നു ഗാന്ധിജിയുടെ ഉപവാസം. കോഹട്ടിൽ ന്യൂനപക്ഷമായിരുന്ന ഹിന്ദുക്കൾക്കായിരുന്നു ഏറെയും മരണവും നാശനഷ്ടങ്ങളും ഉണ്ടായത്. സെപ്റ്റംബർ 9 മുതൽ 11 വരെയുള്ള മൂന്നുദിവസങ്ങൾക്കുള്ളിൽ മരിച്ചവർ 415 ആയിരുന്നു. പ്രദേശത്തെ ഹിന്ദുക്കളെ മുഴുവൻ റാവൽപിണ്ടിയിലേക്ക് മാറ്റി താമസിപ്പിക്കേണ്ടിവന്നു.

കോഹട്ട് സന്ദർശിക്കാനുള്ള ഗാന്ധിയുടെ അപേക്ഷ സർക്കാർ നിരസിച്ചു. അതോടെ ആരോടും ആലോചിക്കാതെ ബാപ്പു 21 ദിവസത്തെ നിരാഹാരം പ്രഖ്യാപിച്ചു. ഖിലാഫത്ത് സമരത്തിൽ അദ്ദേഹത്തിന്റെ ഉറ്റ സഖാവായിരുന്ന മുഹമ്മദാലിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു സെപ്റ്റംബർ 17നു സത്യഗ്രഹം ആരംഭിച്ചത്. ഗാന്ധിജിയുടെ പ്രശസ്തമായ തന്ത്രജ്ഞതയും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. ഹിന്ദുക്കൾക്കുവേണ്ടിയാണ് ഗാന്ധി ഉപവാസമാരംഭിച്ചതെന്ന മുസ്‍ലിം മൗലികവാദികളുടെ പ്രചാരണത്തെ തടയുകയായിരുന്നു ലക്ഷ്യം. ഉപവാസം നീണ്ടുപോയപ്പോൾ മോത്തിലാൽ നെഹ്റു, ഷൗക്കത്ത് അലി, രാജാജി, സരോജിനി നായിഡു തുടങ്ങി കോൺഗ്രസ് നേതാക്കളെല്ലാം അവിടെയെത്തി അവസാനിപ്പിക്കണമെന്ന് ബാപ്പുവിനോട് അഭ്യർഥിച്ചു. “ഇത് ഞാനും എന്റെ ദൈവവും തമ്മിലുള്ള കാര്യമാണ്. ആരും ഇടപെടേണ്ട” എന്നായിരുന്നു മറുപടി.

 

ഉപവാസം ഒരാഴ്ച പിന്നിട്ടപ്പോൾ ആൻ മേരി ബാപ്പുവിന് ഒരു കത്തും താൻതന്നെ നൂറ്റിയെടുത്ത പഞ്ഞിനൂലും അയച്ചുകൊടുത്തു. “ബാപ്പുജി, എന്റെ സ്നേഹത്തിന്റെയും പ്രാർഥനയുടെയും പ്രതീകമായി ഞാനിത് അയക്കുന്നു.

ഈ പഞ്ഞിനൂലുകൾ എനിക്ക് വളരെ വിശിഷ്ടമാണ്. എന്റെ തോട്ടത്തിൽ വളർന്നതാണിത്. പുലർകാലത്ത് ഉന്നതങ്ങളിൽനിന്ന് നമുക്കായി ഉതിർന്ന അശ്രുകണങ്ങൾപോലുള്ള മഞ്ഞുതുള്ളികൾ വീണു കുതിർന്ന ഈ കുഞ്ഞു വെള്ളപ്പൂവുകൾ ദൈവാനുഗ്രഹംപോലെ ഞാൻ സ്വീകരിച്ചു. എന്നിട്ട് ഒരു യന്ത്രവും നോവിക്കാനും മലിനമാക്കാനുമനുവദിക്കാതെ വിത്തുകളിൽനിന്നും തന്നെ എടുത്ത് ഞാൻ പ്രാർഥനയോടെ നൂറ്റു.’’ തുടർന്ന് അങ്ങയുടെ ജീവൻ ലോകത്തിനാകെ തന്നെ എത്രയും വിലയേറിയതായതിനാൽ ഡോക്ടർമാർ നിർദേശിക്കുകയാണെങ്കിൽ ഉപവാസം അവസാനിപ്പിക്കണമെന്ന് പ്രാർഥനയും കണ്ണീരുമായി താൻ അഭ്യർഥിക്കുകയാണെന്നും ആൻ മേരി എഴുതി.

ഉപവാസം മൂന്നാം ആഴ്ചയിൽ പ്രവേശിച്ചപ്പോൾ എല്ലാവരും ഉത്കണ്ഠാഭരിതരായി. ഡോക്ടർമാരുടെ നിർദേശങ്ങൾ ഗാന്ധി അനുസരിച്ചില്ല. മാത്രമല്ല, ചർക്കയിലുള്ള പ്രവൃത്തിയടക്കം സ്വന്തം ദിനചര്യയിൽ ഒരു മാറ്റവും വരുത്താതെ സത്യഗ്രഹം തുടർന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ ദേഹപരിശോധന നടത്തിയ ഡോക്ടർതന്നെ അമ്പരന്നുപോയി. യാതൊരു കുഴപ്പവുമില്ല. അമ്പത്താറുകാരനായ ബാപ്പുവിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ ആരോഗ്യശാസ്ത്രംപോലും കീഴടങ്ങിയോ? ഹിന്ദു-മുസ്‍ലിം മതനേതാക്കൾ സംയുക്തയോഗം ചേർന്ന് ഉടൻ അക്രമം അവസാനിപ്പിക്കണമെന്ന് ആഹ്വാനംചെയ്തു.

ഒക്ടോബർ ഒമ്പതാം തീയതി ബാപ്പു ഉപവാസം അവസാനിപ്പിച്ചു. കോൺഗ്രസ് നേതാവും ഡോക്ടറുമായിരുന്ന ഡോ. അൻസാരിയിൽനിന്ന് നാരങ്ങാനീര് സ്വീകരിച്ചു. വിവിധ മതങ്ങളുടെ പ്രാർഥനകൾ ആലപിക്കപ്പെട്ടു. ഇന്ത്യ ആശ്വാസംകൊണ്ടു. ആൻ മേരി ഡെൻമാർക്കിൽ തന്റെ സുഹൃത്തുക്കൾക്ക് എഴുതി; “ഇന്ന് ഒക്ടോബർ എട്ടാണ്. ദൈവത്തിന്റെ സഹായത്തോടെ ഗാന്ധി ഉപവാസം അവസാനിപ്പിച്ചിരിക്കുന്നു. ഈ മനുഷ്യന്റെ സ്നേഹവും അന്യരോടുള്ള കാരുണ്യവും അതിരില്ലാത്തതാണ്.

ഇന്ത്യയുടെ ഏറ്റവും വിഷമമുള്ള ദിവസങ്ങളിൽ നമ്മുടെ മിഷൻ മാത്രമേ ഒപ്പംനിന്നുള്ളൂ എന്നദ്ദേഹം ഈയിടെ മേനോനോട് പറഞ്ഞു. പക്ഷേ, ക്രമേണയായി എല്ലാ മിഷനുകളും നിലപാട് മാറ്റുകയാണെന്ന് തോന്നുന്നു. എസ്തർ ഈയിടെ എന്നെ അറിയിച്ചത് ബാംഗ്ലൂരിൽ അവൾ കണ്ടുമുട്ടിയ മിഷനറിമാരൊക്കെ ഗാന്ധിയോടുള്ള നമ്മുടെ സൗഹൃദത്തിൽ അൽപം അസൂയാകുലരാണെന്നാണ്.”

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.