ആറു വർഷം മുമ്പ് ഉരുൾപൊട്ടലിൽ മതിൽമൂല കോളനിയിൽനിന്ന് കുടിയൊഴിയേണ്ടിവന്ന ബാലകൃഷ്ണനും ഭാര്യ ശാന്തയും ഇപ്പോഴും താമസിക്കുന്ന പ്ലാസ്റ്റിക് ഷെഡിനു മുന്നിൽ-ചിത്രങ്ങൾ: മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

നിലമ്പൂരിലെ കോളനികളിൽ തീരാദുരിതം ഉരുൾപൊട്ടുന്നു

കോളനി എന്ന പദം ഒൗദ്യോഗിക രേഖകളിൽനിന്ന്​ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തി​ന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയിലെ ചില കോളനികളുടെ അവസ്ഥ പരിശോധിക്കുകയാണ്​ കവിയും എഴുത്തുകാരനുമായ ലേഖകൻ. പ്രളയവും കോവിഡും എങ്ങനെയാണ്​ ഇൗ കോളനികളെ ബാധിച്ചത്​? എന്താണ്​ ഇവി​ടത്തെ ജീവിതസാഹചര്യം?

‘വിത്തു വിതച്ചതും വെള പറിച്ചതും

ഞാനേ കീഴാളൻ

കന്നിമണ്ണി​ന്റെ ചേലാളൻ.

തേവി നനച്ചതും കൊയ്തു മെതിച്ചതും

മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്

കാടി കുടിച്ച് വരമ്പായ് കിടന്നതും

ഞാനേ കീഴാളൻ

പുതുനെല്ലി​ന്റെ കൂട്ടാളൻ’’

-‘കീഴാളൻ’, കുരീപ്പുഴ ശ്രീകുമാർ

2018 ആഗസ്റ്റ് എട്ടിലെ മഴക്കാല രാത്രി. ഭീതിദമായ ഇടിമുഴക്കത്തോടൊപ്പം പേമാരിയിൽ ചാലിയാർ പഞ്ചായത്തിലെ ചെട്ട്യാംപാറ മലയുടെ കിഴക്കേ ചരിവിൽ ഉരുൾപൊട്ടി. മണ്ണും കൂറ്റൻ പാറക്കല്ലുകളുമായി ആർത്തലച്ചെത്തിയ മലവെള്ളത്തിൽപെട്ട് മലഞ്ചരിവിൽ പാർത്തിരുന്ന എസ്​.സി/ എസ്​.ടി വിഭാഗക്കാരുടെ അഞ്ച് കുടിലുകൾ നാമാവശേഷമായി. ഇതിൽ ദലിത്​ വിഭാഗത്തിലെ ഒരു കുടുംബത്തിലുള്ള ആറുപേരുടെ ജീവനും മലവെള്ളപ്പാച്ചിലിൽ പൊലിഞ്ഞു. പറമ്പിൽ സുബ്രഹ്മണ്യൻ എന്ന കുട്ട​ന്റെ അമ്മ കുഞ്ഞി (50), ഭാര്യ ഗീത (24), മക്കൾ നവനീത് (9), നിവേദ് (3), ബന്ധു മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങൾ പിറ്റേന്നു മണ്ണിൽ പുതഞ്ഞനിലയിൽ കണ്ടെത്തി.

സുബ്രഹ്മണ്യ​ന്റെ മൃതദേഹം മൂന്നാം ദിനമാണ് കുത്തിയൊലിച്ച ഉരുളി​ന്റെ എക്കലുകൾക്കടിയിൽനിന്ന് കണ്ടെത്താനായത്. അടിയംപാറ മിനി ജലവൈദ്യുതി പദ്ധതിപ്രദേശത്തി​ന്റെ വടക്ക് ആനക്കുളം ഭാഗത്ത് ഒറ്റത്താന്നി മലയുടെ കിഴക്കേ ചരിവിലൂടെ മുക്കാൽ കിലോമീറ്റർ നീളത്തിൽ ഇടിഞ്ഞിറങ്ങിയ ഉരുൾപൊട്ടലിൽ ഇവരുടെ വീടുകൾ നിന്ന കോളനിസ്​ഥലം മുഴുവനും മണ്ണും പാറക്കല്ലുകളും വന്നടിഞ്ഞ് തിരിച്ചറിയാനാകാത്തവിധം മൂടിപ്പോയി.

വീടും സ്​ഥലവും നഷ്​ടപ്പെട്ടവർക്ക് സർക്കാർ ധനസഹായമായി നൽകിയ 10 ലക്ഷം രൂപകൊണ്ട് ചെട്ട്യാംപാറയിൽതന്നെ ഉരുൾപൊട്ടിയതി​ന്റെ കുറച്ചകലെ, ഏഴു കുടുംബങ്ങൾ സ്​ഥലം വാങ്ങി വീടുവെച്ച് താമസമായതോടെ പ്രളയാനന്തരമുള്ള ചെട്ട്യാംപാറ എസ്​.ടി കോളനി രൂപവത്കൃതമായി. എവിടെ വേണമെങ്കിലും സ്​ഥലം വാങ്ങാനുള്ള അനുമതിയോടെയാണ്​ സർക്കാർ ധനസഹായമനുവദിച്ചതെങ്കിലും പാറക്കെട്ടുകൾ നിറഞ്ഞ ഈ കുന്നിൻചരിവ് തന്നെ വീടുവെക്കാൻ തിരഞ്ഞെടുത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്, കോളനിയിലെ ഏക പട്ടികജാതി വിഭാഗക്കാരായ ചന്ദ്രൻ^ സുശീല ദമ്പതികളുടെ മറുപടി ഇങ്ങനെ: ‘‘സ്​ഥലം വാങ്ങലും 400 സ്​ക്വയർ ഫീറ്റിൽ കുറയാത്ത വീടുപണിയും ഈ തുകകൊണ്ട് നടക്കണം. അപ്പോൾ കുറഞ്ഞ വിലയ്ക്കുള്ള സ്​ഥലം വാങ്ങുകയേ നിർവാഹമുള്ളൂ. പിന്നെ, എത്ര പ്രയാസപ്പെട്ടാലും ഇവിടം വിട്ടുപോകാൻ തോന്നുന്നുമില്ല.’’

കുന്നിൻമുകളിലെ കോളനിസ്​ഥലത്ത് ഇവരുടെ വീടി​ന്റെ ഉമ്മറത്തുനിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ, അൽപമകലെ താഴ് ഭാഗത്ത് ഉരുൾ മണ്ണിട്ടുമൂടിയ നിലയിൽ, ഇവരുടെ പഴയ വാസസ്​ഥലം കാണാം. ഫണ്ടി​ന്റെ കുറവുകാരണം ഇപ്പോഴും പണി തീരാത്ത വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്കു പുറമെ, പിലാക്കലച്ചോല പണിയ കോളനിയിൽനിന്ന് വന്ന വട്ട്യേനും ഭാര്യ തങ്കയും ഇവിടെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഷെഡ് കെട്ടി താമസിക്കുന്നുണ്ട്. മധ്യവയസ്​കനായ വട്ട്യേൻ പലവിധ അസുഖങ്ങളാൽ വലയുകയാണ്. ഭാര്യ തങ്ക തൊഴിലുറപ്പ് പണിക്ക് പോയിക്കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് അതിജീവനം.

ചെട്ട്യാംപാറയിൽനിന്ന് മൂന്ന് കി.മീ. ദൂരെ മലമുകളിലുള്ള പിലാക്കലച്ചോല കോളനിയിൽ 20 പണിയ കുടുംബങ്ങളുണ്ട്. അടിസ്​ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഈ കോളനിയിൽ വട്ട്യേന് വീടില്ല. ചികിത്സക്കും ബുദ്ധിമുട്ട്. അതിനാൽ, ഒരു വീടെന്ന സ്വപ്നവുമായി മലയിറങ്ങി ചെട്ട്യാംപാറ കോളനിയിലെ ബന്ധുവിനടുത്തേക്ക് വന്നു. ലൈഫ് മിഷനിലും മറ്റുമായി വീടിന് അപേക്ഷ കൊടുത്ത് ഇനിയും സഫലമാകാതെ, വീടെന്ന ചിരകാല സ്വപ്നവുമായി അനന്തമായ കാത്തിരിപ്പിലാണ് വട്ട്യേനും ഭാര്യ തങ്കയും.

ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നറിയാൻ ചെട്ട്യാംപാറ കോളനിയിലെത്തിയത് ഉരുൾപൊട്ടലി​ന്റെ ആറാം വാർഷികം അടുത്തെത്താറായ 2024 മേയ് മധ്യത്തിലെ വേനലറുതിയിലായിരുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്നത്തിൽ വലയുകയായിരുന്നു കോളനിയിലെ കുടുംബങ്ങളപ്പോൾ. കിണറോ വാട്ടർ അ​തോറിറ്റി പൈപ്പ് ലൈനുകളോ ജലനിധി ടാങ്കുകളോ ജൽ ജീവൻ മിഷനോ ഒന്നുമില്ല. ഒരു കി.മീ. ദൂരെ കുന്നിൻമുകളിൽ കുഴിച്ച താൽക്കാലിക ഈറ്റുകുഴിയിലെ വെള്ളത്തിൽ ഓസിട്ട് താഴേക്ക് വെള്ളമെത്തിക്കുന്നതു മാത്രമാണ് കുടിവെള്ളത്തിന് ആശ്രയം.

ഇതിന് നയാപൈസ ചെലവുമില്ല. വേനൽ രൂക്ഷമാകുന്നതോടെ ആഴം കുറഞ്ഞ ഈ കുഴിയിലെ വെള്ളം വറ്റും. മൂന്നു ദിവസത്തിൽ ഒരിക്കൽ എന്ന തോതിൽ മാത്രമാകും ഈ കാലയളവിൽ കോളനിയിലെ ഏഴു കുടുംബങ്ങൾക്കും ജീവൻ നിലനിർത്താനുള്ള കുടിവെള്ളമെങ്കിലും ഈ കുഴിയിൽ ഊറിക്കൂടുന്നത്. മലമുകളിലുള്ള ചെട്ട്യാംപാറ എസ്​.ടി കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ഒരു കുഴൽക്കിണർ നിർമിക്കണമെന്ന കോളനിവാസികളുടെ വർഷങ്ങളായുള്ള അപേക്ഷ, വനരോദനമായി ഇന്നും അവശേഷിക്കുന്നു.

 

മതിൽമൂല കോളനിയെ മലവെള്ളപ്പാച്ചിലെടുത്തപ്പോൾ

നിലമ്പൂർ കാടുകളിൽ തുള്ളിക്കൊരു കുടം കണക്കെ തോരാമഴ കോരിച്ചൊരിഞ്ഞ 2018 ആഗസ്റ്റിലെ ആ മഴക്കാല രാത്രിയിൽ അവിചാരിതമായി ആർത്തലച്ചെത്തിയ നടുക്കുന്ന ഉരുളിരമ്പം കാഞ്ഞിരപ്പുഴയോരത്തെ മതിൽമൂല എസ്​.ടി കോളനി നിവാസികൾക്ക് മറക്കാനാവില്ല. കോളനിക്കു മുകൾഭാഗത്തെ അടിയംപാറ വെള്ളച്ചാട്ടത്തിനടുത്ത ജലവൈദ്യുതി പദ്ധതി പ്രദേശത്തിനു മീതെ മലമുകളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടലിൽ കാഞ്ഞിരപ്പുഴയിലൂടെ കുത്തിയൊലിച്ചെത്തിയ മലവെള്ളം പുഴയോരത്തെ കോളനിയിലെ 52 കുടുംബങ്ങളുടെയും ജീവിതസ്വപ്നങ്ങളെ അടിവേരോടെ പിഴുതെറിഞ്ഞു. വീടുകളും അതിജീവനവഴികളും നഷ്​ടമായ കോളനിക്കാർ ഒറ്റരാത്രികൊണ്ട് അക്ഷരാർഥത്തിൽ വഴിയാധാരമായി. സർക്കാർതലത്തിൽ നടപ്പാക്കിയ ദ്രുതഗതിയിലുള്ള പുനരധിവാസ പദ്ധതിയുടെ ഫലമായി, വിവിധ സ്​ഥലങ്ങളിലേക്ക് ഇവരെ മുഴുവനും മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും ആറു വർഷമായിട്ടും അതൊന്നും പൂർത്തിയായിട്ടില്ല.

ഇവരിൽ പട്ടികവർഗ വിഭാഗത്തിൽപെട്ട 35 കുടുംബങ്ങൾക്ക് ചാലിയാർ പഞ്ചായത്തിലെ കണ്ണംകുണ്ടിൽ 50 സെന്റ് വീതം ഭൂമിയും വീടു വെക്കാൻ 6 ലക്ഷം രൂപയും സർക്കാർ നൽകിയത് പ്രളയബാധിതർക്ക് വലിയ ആശ്വാസമായി. എന്നാൽ, കുടിവെള്ളമുൾപ്പെടെയുള്ള അടിസ്​ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ആറു വർഷമായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല. ജലസേചന സൗകര്യമില്ലായ്മയോടൊപ്പം ആനയടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യവും രൂക്ഷമായ ഈ വനാതിർത്തി പ്രദേശത്ത് കൃഷിചെയ്യുക അസാധ്യമായതിനാൽ അരയേക്കർ ഭൂമിയുടെ ഗുണഫലം ഇവർക്ക് ലഭ്യമാകുന്നില്ല.

പുതിയ വാസസ്​ഥലം കിട്ടിയിട്ടും പ്രകൃതിയുമായും മണ്ണി​ന്റെ സത്തയുമായും പിഴുതുമാറ്റാനാവാത്തവിധം ഇഴുകിച്ചേർന്നു നിൽക്കുന്ന ഗൃഹാതുരത്വം നിറഞ്ഞ ആത്മബന്ധംകൊണ്ടോ മറ്റോ മതിൽമൂല കോളനിയിലെ പൈതൃകമണ്ണ് വിട്ടുപോകാൻ കൂട്ടാക്കാത്ത പല കുടുംബങ്ങളും ഇപ്പോഴും അവിടെത്തന്നെ പ്ലാസ്റ്റിക് ഷെഡ് കെട്ടിയും മറ്റും തങ്ങുന്നുണ്ട്. ഇങ്ങനെ അടർത്തി മാറ്റാനാവാത്തവിധം ജീവിത പരിസരവുമായി ആത്മൈക്യഭാവത്തിൽ ലയിച്ചുചേർന്ന മണ്ണി​ന്റെ മക്കളെ പറിച്ചുനടുന്നതിലെ സർഗസന്ദിഗ്ധതകളെ എസ്​. ജോസഫ് ഭാവതീവ്രതയോടെ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നതിങ്ങനെ:

‘‘പുഴുവിൽനിന്ന് മരപ്പൊത്തുകൾ എടുക്കല്ലേ

മരപ്പൊത്തിൽനിന്ന് കിളി കാണും മാനം എടുക്കല്ലേ.’’

(ഇടം)

 

പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് ഇത്തരത്തിൽ ലഭ്യമായ ഭൂമിയൊന്നും പ്രളയബാധിതരായ പട്ടികജാതി വിഭാഗത്തിന് കിട്ടിയില്ല. ഉരുൾപൊട്ടലിൽ കുടിയൊഴിയേണ്ടിവന്ന മതിൽമൂല കോളനിയിലെ എസ്​.സി വിഭാഗക്കാരായ ഒമ്പത് കുടുംബങ്ങൾക്ക് അഞ്ച് സെന്റ് സ്​ഥലം വീതമാണ് നിലമ്പൂർ വെളിയംതോട്, ഐ.ടി.ഡി.പി ഓഫിസ്​ അടക്കമുള്ള സിവിൽ സ്റ്റേഷനടുത്ത് നൽകിയിട്ടുള്ളത്. കുടിവെള്ളം കിട്ടാക്കനിയായ ഇവിടത്തെ കോളനി വീടുകളാകട്ടെ, ഇപ്പോഴും പണിപൂർത്തീകരിച്ചിട്ടുമില്ല.

പട്ടിക ജാതിക്കാരനായ ബാലകൃഷ്ണന് മതിൽമൂല കോളനിയിൽ 10 സെന്റ് ഭൂമിയും വീടുമുണ്ടായിരുന്നു. എന്നാൽ, പുനരധിവാസ പദ്ധതിയിൽ ബാലകൃഷ്ണന് ഒരു സെന്റ് ഭൂമിപോലും കിട്ടിയില്ല. എസ്​.ടി വിഭാഗത്തിന് കൊടുത്തതുപോലെ ഏക്കറുകണക്കിന് ഭൂമിയൊന്നുമില്ലെങ്കിലും അച്ഛന് മതിൽമൂല കോളനിയിൽ നഷ്​ടപ്പെട്ടതിനു ബദലായി 20 സെന്റ് ഭൂമിയെങ്കിലും കിട്ടിയിരുന്നുവെങ്കിൽ, വീട്ടാവശ്യത്തിന് പച്ചക്കറിയുണ്ടാക്കാനെങ്കിലും കഴിയുമായിരുന്നുവെന്ന് ബാലകൃഷ്ണ​ന്റെ മകൾ നന്ദിനി പരിഭവം പറഞ്ഞു. എസ്​.ടി കുടുംബത്തിന് മാസംതോറും റേഷനായി സൗജന്യനിരക്കിൽ 30 കിലോയോളം അരി നൽകുന്നു. അതേസമയം, തങ്ങൾക്ക് കിട്ടുന്ന 10 കിലോ അരി ഒട്ടും പര്യാപ്തമല്ലെന്നും നന്ദിനി പരാതിപ്പെട്ടു.

ഒരേ കോളനിയിൽ ഇടകലർന്ന് ജീവിച്ച്, ഒരേ അളവിൽ പ്രളയദുരന്തത്തി​ന്റെ ഇരകളായിത്തീർന്നവരെങ്കിലും പുനരധിവാസ സഹായ വിതരണത്തിലെ ഇത്തരം വിവേചനത്തെക്കുറിച്ച് മറ്റുപല എസ്​.സി കുടുംബങ്ങളും പരാതിപ്പെടുകയുണ്ടായി. വല്ലപ്പോഴുമുണ്ടാകുന്ന തൊഴിലുറപ്പ് കൂലിപ്പണികളല്ലാതെ വീട്ടുചെലവിന് സ്​ഥിര വരുമാനമൊന്നും ഇവർക്കാർക്കുമില്ല. സ്​ഥലം വാങ്ങി വീടുവെക്കാൻ ബാലകൃഷ്ണ​ന്റെ ഭാര്യ ശാന്തയുടെ പേരിൽ സർക്കാർ 10 ലക്ഷം രൂപ നൽകിയതുകൊണ്ട് പെരുമ്പത്തൂർ വാരിക്കുന്നിൽ ഭാര്യയുടെ പേരിൽ ഏഴു സെന്റ് സ്​ഥലം വാങ്ങി. മതിൽമൂല കോളനിയിലെ തന്നെ വേറെയും ആറു കുടുംബങ്ങൾ പുനരധിവാസ പദ്ധതിയിൽ ഇവിടെ സ്​ഥലം വാങ്ങിയിട്ടുണ്ട്. റോഡ്, കുടിവെള്ള സൗകര്യങ്ങളൊന്നും വേണ്ടത്ര ഇല്ലാത്ത ഈ സ്​ഥലത്തിന് നാട്ടുനടപ്പുള്ളതിലും ഇരട്ടി വിലയാണ് ഓരോരുത്തർക്കും നൽകേണ്ടിവന്നതെന്ന് ശാന്ത പറഞ്ഞു.

റോഡ് സൗകര്യമൊരുക്കാനും കാശ് കൊടുക്കേണ്ടിവന്നു. ബാക്കിയുള്ള തുകകൊണ്ട് തുടങ്ങിവെച്ച വീടുപണി ആരുടേതും ഇപ്പോഴും പൂർത്തിയായിട്ടില്ല. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ വലിച്ചുകെട്ടിയ തുളവീണ് ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിനു കീഴെ, നിലയില്ലാത്ത സങ്കടക്കടലിൽ ബാലകൃഷ്ണനും കുടുംബവും നാളുകൾ തള്ളിനീക്കുന്നു.

ദുരിതത്തിലമർന്ന് പാലക്കയം കോളനി

ചാലിയാർ പഞ്ചായത്ത് 2ാം വാർഡിലെ പാലക്കയം എസ്​.ടി കോളനിയിൽ, പ്രാക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്ക മുതുവാൻ ഗണത്തിൽപെട്ട 27 വീടുകളുണ്ട്. ഇവിടേക്ക് സഞ്ചാരയോഗ്യമായ റോഡില്ല എന്നത് പതിറ്റാണ്ടുകളായി കോളനിവാസികൾ നേരിടുന്ന വലിയ പ്രശ്നമാണ്. 30 കിലോ റേഷൻ അരി സർക്കാർ സൗജന്യമായി നൽകും. എന്നാൽ ഏഴു കി.മീ. ദൂരെയുള്ള ഇടിവണ്ണയിലെ റേഷൻകടയിൽനിന്ന് ജീപ്പിൽ ആ അരി പാറക്കെട്ടുകൾ നിറഞ്ഞ ദുർഘടപാതയിലൂടെ പാലക്കയം എസ്​.ടി കോളനിയിലെ വീട്ടിൽ എത്തിക്കണമെങ്കിൽ 1200 രൂപ വണ്ടിവാടക വേണം എന്നതാണ് അവസ്ഥ!മൂലേപ്പാടത്തുനിന്ന് അഞ്ചു കി.മീ. ദൂരം കയറ്റമുള്ള മലമ്പാതയിൽ പരന്നും കൂർത്തും നിറഞ്ഞുകിടക്കുന്ന കറുത്ത കാട്ടുകല്ലുകളിലൂടെ ചാടിച്ചാടി വേണം പാലക്കയം കോളനിയിലെത്താൻ.

‘‘കറുത്ത കല്ലി​ന്റെ പുറത്തിരുന്ന് ചെറുപ്പകാലത്ത് കളിച്ചതോർക്കുന്നു’’

എന്നു തുടങ്ങുന്ന എസ്​. ജോസഫി​ന്റെ ‘കറുത്ത കല്ല്’ എന്ന കവിതയിലെ വരികളാണ് ഈ കരിങ്കൽപാത താണ്ടുമ്പോൾ ഓർമയിലെത്തിയത്. വികസനം ഇനിയും എത്തിനോക്കിയിട്ടില്ല ഈ പ്രദേശത്ത്​. കൂട്ടത്തോടെ വന്ന വാനരപ്പടയാണ് എ​ന്റെ ടൂവീലറിന് വഴിവിലങ്ങിയത്. ആൾപ്പെരുമാറ്റമില്ലാത്ത കാട്ടുവഴിയിൽ ആനപ്പേടിയും പതിയിരിക്കുന്നു. റെയ്ഞ്ച് കിട്ടാതെ സെൽഫോണും നിശ്ശബ്ദമായി.

നബാർഡ് പദ്ധതിയിൽ ചില ഭാഗത്ത് റോഡുപണി നടന്നതായി കാണാമെങ്കിലും ഒന്നും പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയിട്ടില്ലാത്തതിനാൽ യാത്രാദുരിതം ഇരട്ടിക്കുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട 40 ലക്ഷം രൂപകൊണ്ട് അരയാട് ഭാഗത്തുനിന്ന് പാലക്കയം പ്ലാന്റേഷൻ വരെ 736 മീറ്റർ നീളത്തിൽ പുതുക്കിപ്പണിത കോൺക്രീറ്റ് റോഡ് 2024 ജൂൺ 16ന് സ്​ഥലം എം.എൽ.എ പി.കെ. ബഷീറി​ന്റെ നേതൃത്വത്തിൽ തുറന്നുകൊടുത്തുവെങ്കിലും യാത്രാദുരിതത്തിന് ഇതുകൊണ്ടൊന്നും അറുതിയായില്ല.

പന്തീരായിരം വനമേഖലയിൽ കേരള പ്ലാേന്റഷൻ കോർപറേഷൻ വക റബർതോട്ടമായ പാലക്കയം പ്ലാന്റേഷനും പിന്നിട്ട് മല കയറിച്ചെല്ലുമ്പോൾ, കുറുവൻപുഴയുടെ കൈവഴിയായ കാട്ടാറിനരികെ നാണി എന്ന നാസറി​ന്റെ തൗതൽ (മുളപ്പലക) കൊണ്ട് മറച്ച ചെറിയൊരു ഓലപ്പുരക്കടയുണ്ട്. പാലക്കയം കോളനിക്കാർക്ക് ആശ്രയമാകുന്ന ഏക ‘ഹോട്ടൽ, കൂൾബാർ ആൻഡ് സൂപ്പർമാർക്കറ്റ്.’ കടയുടെ അടുത്തുള്ള വലിയ പാറക്കല്ലുകളിലൊന്നിൽ, യുവാവും യുവതിയും കുട്ടികളുമുൾപ്പെടെ, കടയിൽ പർച്ചേസിനെത്തിയവരെന്നു തോന്നിക്കുന്ന ഒരു കാട്ടുനായ്ക്ക കുടുംബം ചിരിച്ചും സംസാരിച്ചുമിരിക്കുന്നതു കണ്ട്, അടുത്തേക്ക് ചെന്നു. പാറമേലിരുന്ന് മുറുക്കാൻ ചവച്ച് നീട്ടിത്തുപ്പുന്ന യുവാവിനോട് കുശലം പറഞ്ഞു. കേട്ടു പരിചയമില്ലാത്തൊരു ഉച്ചാരണഭേദത്തോടെ എന്നോട് സംസാരിച്ച യുവാവ്, ഉടൻ ഭാഷ മാറ്റി അവരുടേതായ ഗോത്രമൊഴി വഴക്കത്തിൽ ചറപറാന്ന് കുടുംബത്തോട് സംസാരിക്കുകയും കൂട്ടത്തോടെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നതു കണ്ട്, എന്നെ കളിയാക്കി ചിരിക്കുകയാണോ എന്ന് ചോദിച്ചു. അതിനും പൊട്ടിച്ചിരി.

തൊട്ടടുത്ത് കാട്ടാറിനു കുറുകെ പാലക്കയം കോളനിയിലേക്കുള്ള മരപ്പാലം കാണാം. പഴകി ദ്രവിച്ച് മരക്കഷണങ്ങൾ പൊട്ടിവീണ് ഏതു നിമിഷവും തകർന്നു വീണേക്കാവുന്ന പരുവത്തിലുള്ള ഈ മരപ്പാലമാണ് വർഷകാലത്ത് പുറംലോകവുമായി ബന്ധപ്പെടാൻ കോളനിക്കാർക്കുള്ള ആശ്രയം. മുകളിലൂടെ ചുറ്റിവളഞ്ഞ് മറ്റൊരു റോഡ് ഉണ്ടെങ്കിലും മഴക്കാലമാകുന്നതോടെ അവിടെ ആനക്കൂട്ടം തമ്പടിക്കും. കാട്ടുചോല പിന്നിട്ട് പാലക്കയം അംഗൻവാടിക്കു സമീപം ഓടപ്പാറ തോടും കടന്നുവേണം കോളനി വീടുകളിലെത്താൻ. ഓടപ്പാറത്തോടിനു കുറുകെ ഈയിടെ കോൺക്രീറ്റ് കലുങ്ക് പണിതിട്ടുണ്ടെങ്കിലും അതിലേക്ക് ഇരുഭാഗത്തുനിന്നുമുള്ള റോഡ് നിർമാണം നടക്കാത്തതിനാൽ കോളനിക്കാർക്ക് അതുകൊണ്ട് പ്രയോജനമൊന്നുമില്ല.

ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കരാറുകാരൻ കൈയൊഴിഞ്ഞതോടെ അവഗണനയുടെ ബാക്കിപത്രമായി അതും അവശേഷിക്കുന്നു. കോളനി നിവാസികൾക്ക് പകർച്ചവ്യാധികളടക്കമുള്ള അസുഖങ്ങൾ പിടിപെട്ടാലും മതിയായ ചികിത്സാ സൗകര്യമില്ല. അതിദുർഘടമായ കാട്ടുവഴിയിലൂടെ എട്ടു കി.മീ. താണ്ടി അകമ്പാടത്ത് എത്തിയാലേ പി.എച്ച്.സി സേവനമെങ്കിലും കിട്ടുകയുള്ളൂ. മഴക്കാല രാത്രികളിൽ ആനപ്പേടിമൂലം ഈ വഴിക്ക് യാത്രതന്നെ അസാധ്യം. കോളനികളിലുള്ളവരുടെ മെഡിക്കൽ ഇൻഷുറൻസ്​ കാലഹരണപ്പെട്ടിട്ട് ഏറെക്കാലമായി. അത് പുതുക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പാലക്കയം കോളനിയിൽ നേരിട്ടെത്തി എല്ലാവരുടെയും മെഡിക്കൽ ഇൻഷുറൻസ്​ പുതുക്കി നൽകണമെന്ന് മുതുവാൻ കോളനിവാസികളായ മുൻ വാർഡ് മെംബർ കൃഷ്ണൻകുട്ടിയും പൊതുപ്രവർത്തകയായ ഭാര്യ കല്യാണി ടീച്ചറും ആവശ്യപ്പെട്ടു.

വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ് നടക്കാൻപോലുമാകാതെ വീൽചെയറിലായ കൃഷ്ണൻകുട്ടി ചികിത്സക്ക് പണമില്ലാതെ വീട്ടിൽ കഷ്​ടപ്പെടുകയാണ്. മുതുവാൻ കാട്ടുനായ്ക്ക കോളനി നിവാസികളെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടുവെക്കുന്ന മറ്റൊരാവശ്യമാണ് പാലക്കയം കോളനിയിൽ ഒരു റേഷൻകട തുടങ്ങുക എന്നത്. പാലക്കയത്തുനിന്ന് വീണ്ടും മൂന്നു കി.മീ. ദൂരെ മലമുകളിൽ ഒറ്റപ്പെട്ടു കിടക്കുന്ന വെറ്റിലക്കൊല്ലി എസ്​.ടി കോളനിയിലെ 27 കുടുംബങ്ങൾക്കും ഇത് ആശ്വാസമാകും.

വാതിൽപടി റേഷൻ വിതരണത്തെക്കുറിച്ചൊക്കെ വലിയ വായിൽ വാഗ്ദാനം ചൊരിയപ്പെട്ടുകൊണ്ടിരിക്കുമ്പോഴും, നിലവിൽ 1800ൽപരം രൂപ വണ്ടിവാടക കൊടുത്താണ് വെറ്റിലക്കൊല്ലി കോളനിക്കാർ എട്ടു കി.മീ. ദൂരെയുള്ള ഇടിവണ്ണ റേഷൻ കടയിൽനിന്ന് സൗജന്യ റേഷൻ കോളനി വീടുകളിലെത്തിക്കുന്നത്. കോളനി കുടുംബങ്ങൾക്ക് സർക്കാർ സൗജന്യമായി കൊടുത്ത ഭൂമിക്ക് സ്വന്തം പേരിൽ ആധാരവും പട്ടയവുമൊന്നും നൽകിയിട്ടില്ല. വനാവകാശ കൈവശരേഖ മാത്രമാണ് കൈമാറിയിട്ടുള്ളത്. രോഗചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീടുപണി തുടങ്ങിയ അത്യാവശ്യങ്ങൾക്കൊന്നും ഈ രേഖ ഈടുവെച്ച് ബാങ്കിൽനിന്ന് കടമെടുക്കാനാവില്ല.

Z420 സ്​ക്വയർ ഫീറ്റിൽ വീട് നിർമിക്കാൻ സർക്കാർ നൽകുന്ന 6 ലക്ഷം രൂപയിൽ പകുതിയിലധികം തുക, വീടുനിർമാണത്തി​ന്റെ അസംസ്​കൃത വസ്​തുക്കൾ മലമുകളിലെ കോളനി സ്​ഥലങ്ങളിലെത്തിക്കാൻ വണ്ടിവാടക, ചുമട്ടുകൂലി ഇനത്തിൽതന്നെ ചെലവാകുമെന്ന് കാട്ടുനായ്ക്ക കോളനിയിലെ അഭിലാഷ് സ്വന്തം അനുഭവത്തിൽനിന്ന് പറഞ്ഞു. അതിനാൽ താഴ് വാരങ്ങളിലെ അങ്ങാടിറോഡ് സൗകര്യങ്ങളുള്ള സമതലഭൂമിയിലെ കോളനികൾക്ക് വീടിന് ഫണ്ട് അനുവദിക്കുന്ന അതേ മാനദണ്ഡംതന്നെ കിലോമീറ്ററുകൾ ദൂരെ മലമുകളിലുള്ള കോളനികൾക്കും ബാധകമാക്കരുത്. സമാനമായ പ്രശ്നങ്ങൾ നേരിടുന്ന കക്കാടംപൊയിൽ ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപമുള്ള നായാടംപൊയിലിലെയും അമ്പുമലയിലെയും കോളനികളുടെ ശോച്യാവസ്​ഥയും ഏറെ പരിതാപകരം തന്നെ.

പോത്തുകല്ല് പഞ്ചായത്തിൽ തമ്പുരാട്ടിക്കല്ലിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, തണ്ടങ്കല്ല്, തരിപ്പപ്പൊട്ടി, മുണ്ടേരി ഭാഗങ്ങളിലെ കാട്ടുനായ്ക്ക പണിയ കോളനികളിലായി 160ൽപരം കുടുംബങ്ങൾ അടിസ്​ഥാന സൗകര്യങ്ങളൊന്നുമില്ലാതെ കഷ്​ടപ്പെടുന്നുണ്ട്. വനാവകാശ നിയമത്തി​ന്റെ പരിധിയിൽ വരുന്ന ഇവർക്കൊന്നുംതന്നെ ആ നിയമപ്രകാരമുള്ള പ്രത്യേക ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ലെന്ന് ആദിവാസി ഐക്യവേദി സംസ്​ഥാന പ്രസിഡന്റും ‘എന്ന മക്കക്കൂട്ടം’ സ്റ്റേറ്റ് കോഓഡിനേറ്ററുമായ ചിത്ര നിലമ്പൂർ പറഞ്ഞു.

 

കാട്ടുമൃഗശല്യവും ഇവിടെ രൂക്ഷമായിത്തുടരുന്നു. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് മുണ്ടേരി തണ്ടങ്കല്ല് കോളനിയിലെ രാജേഷ് എന്ന യുവാവിനെ കാട്ടാന ആക്രമിച്ച പരിക്കുകളോടെ കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത വരുന്നത്. അധികൃതരുടെ അനാസ്​ഥക്കു പുറമെ, പരിമിതമായെങ്കിലും അനുവദിക്കപ്പെടുന്ന ഫണ്ടുകളുടെ വിനിയോഗത്തിൽ ഇടനിലക്കാരുടെ വെട്ടിപ്പും മദ്യലോബിയുടെ ചൂഷണവുമെല്ലാം ആദിവാസി കോളനികളിലെ ജീവിതത്തെ നരകതുല്യമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT