‘‘കേരളത്തിൽ ചികിത്സാ സംവിധാനങ്ങളല്ല അടിയന്തരമായി ഇപ്പോൾ മെച്ചപ്പെടുത്തേണ്ടത്, ആദ്യം പൊതുജനാരോഗ്യത്തിനാവശ്യമായ സാമൂഹിക നിർണയ ഘടകങ്ങൾ കുറ്റമറ്റതാക്കുക, അതുവഴി രോഗാതുരത (disease burden) കുറക്കുക’’യാണ് വേണ്ടതെന്ന് വാദിക്കുന്ന ലേഖകൻ നമ്മുടെ ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ എടുത്തുപറയുന്നു.
എല്ലാ പ്രവർത്തനങ്ങളും വളരെ ചിട്ടയോടെ നടക്കുന്ന വിദേശരാജ്യങ്ങളിലെ ത്രിതല ആശുപത്രി സംവിധാനങ്ങൾ അതേപോലെ നടപ്പാക്കാൻ നാം വെമ്പുകയാണ് -ആശുപത്രി സംവിധാനങ്ങളുടെ ഇവിടത്തെ കുറ്റങ്ങളും കുറവുകളും ചർച്ചചെയ്യുന്നതും ആ പശ്ചാത്തലത്തിലാണ്. അവിടങ്ങളിൽ ശക്തമായ പ്രൈമറി ഹെൽത്ത് കെയറും റഫറൽ സംവിധാനവുമുണ്ട് എന്നത് നാം കാണുന്നുപോലുമില്ല.
വികസിത രാജ്യങ്ങളിലെ ആശുപത്രികളിൽ രോഗികളുടെ ബാഹുല്യമില്ല; ജനസംഖ്യയുടെ വളരെ കുറഞ്ഞ ഒരു ശതമാനം മാത്രമേ ആശുപത്രികളിലെത്തുന്നുള്ളൂ. എല്ലാ വിഭാഗം ജനങ്ങളും ആവുന്നത്ര കുടുംബ ഡോക്ടർമാരുടെ സഹായത്തോടെ ചികിത്സിക്കാനാണ് അവിടങ്ങളിൽ താൽപര്യപ്പെടുന്നത്.
അതും കൂടാതെ രോഗാതുരത (disease burden) ആണെങ്കിൽ വളരെ കുറവാണുതാനും, അതുകൊണ്ട് മാത്രമാണ് അവർക്കു വലിയ ആശുപത്രികൾ ചിട്ടയായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്. ഇവിടെ ആശുപത്രികൾ രോഗികളുടെ ബാഹുല്യംകൊണ്ട് വീർപ്പുമുട്ടുകയാണ്. ജനങ്ങളാണെങ്കിൽ നല്ല പ്രാഥമിക ആരോഗ്യസംവിധാനം ഇല്ലാത്തതിനാൽ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും വലിയ ആശുപത്രികളിലേക്കാണ് പോവുന്നതും. ഇവിടത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ജനസംഖ്യ വർധന ആണെന്ന തെറ്റിദ്ധാരണയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നത്. ജനസംഖ്യ വർധനയല്ല, മറിച്ച് രോഗാതുരത കൂടുന്നതും, പ്രാഥമിക ചികിത്സാ സംവിധാനം ശരിയാംവണ്ണം പ്രവർത്തിപ്പിക്കാത്തതും കുറ്റമറ്റതാക്കാത്തതും വൻകിട സ്വ
കാര്യ ആശുപത്രികളുടെ മാർക്കറ്റിങ് തന്ത്രങ്ങളും എല്ലാംകൂടി കുഴഞ്ഞുമറിഞ്ഞ ആരോഗ്യമേഖലയാണ് നമുക്കുള്ളത്. ഇവിടത്തെ ആരോഗ്യസംവിധാനം ആകപ്പാടെ മാറ്റിക്കൊണ്ട് മാത്രമേ ഇതിനു പരിഹാരമുള്ളൂ.
പരമ്പരാഗത രീതിയിലുള്ള വ്യക്തിഗത ആരോഗ്യസംരക്ഷണ രീതികളുടെ വ്യാപനവും ആധുനിക ചികിത്സാ സംവിധാനങ്ങളുടെ വിപുലീകരണവുമല്ല പൊതുജനാരോഗ്യ പ്രവർത്തനമെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം. കേരളം ഇന്ന് നേരിടുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും പ്രധാന കാരണം ഇനി പറയുന്നതാണ്; പൊതുജനാരോഗ്യത്തെ അറിഞ്ഞോ അറിയാതെയോ പതിറ്റാണ്ടുകളോളം അവഗണിച്ചു, രോഗചികിത്സാ സംവിധാനങ്ങൾ വ്യാപിപ്പിക്കൽ മാത്രമാണ് പരമപ്രധാന ആരോഗ്യപ്രവർത്തനം എന്ന കാഴ്ചപ്പാട് വന്നുചേർന്നു.
രോഗങ്ങളെല്ലാം സ്വമേധയാ അല്ലെങ്കിൽ സ്വാഭാവികമായി ഉണ്ടാവുന്നതാണ് എന്ന ധാരണയാണ് എല്ലാവർക്കും –അതുകൊണ്ടുതന്നെ ചികിത്സ കേന്ദ്രീകരിച്ച ആരോഗ്യപ്രവർത്തനം മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. ചികിത്സയിൽതന്നെ ആശുപത്രി കേന്ദ്രീകൃത ത്രിതല ചികിത്സയും സൂപ്പർസ്പെഷാലിറ്റി ചികിത്സയും മാത്രം മതി എന്ന കാഴ്ചപ്പാടാണ്. യഥാർഥത്തിൽ പൊതുജനാരോഗ്യവും ചികിത്സയും തമ്മിൽ ഒരു ബന്ധവുമില്ല. പൊതുജനാരോഗ്യം തോൽക്കുന്നിടത്താണ് രോഗാതുരത കൂടുന്നതും, ചികിത്സാ സംവിധാനങ്ങൾ കൂടുതലായി വേണ്ടിവരുന്നതും.
കുറ്റമറ്റ പൊതുജനാരോഗ്യത്തിന്റെ അഭാവം കാരണമാണ് ചികിത്സാ സംവിധാനം മെച്ചപ്പെടുത്തണം, വിപുലീകരിക്കണം, കൂടുതൽ ആശുപത്രികൾ വേണം, കൂടുതൽ മെഡിക്കൽ കോളജുകൾ വേണം എന്ന വലിയ ചിന്തയും ഉറക്കെയുള്ള മുറവിളികളും ഉണ്ടാകുന്നതുതന്നെ. ബോധപൂർവമായ സാമൂഹിക ഇടപെടലുകളിലൂടെ, യഥാർഥ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ മെച്ചമാക്കി രോഗാതുരത കുറച്ചാൽ മാത്രമേ ചികിത്സാ സംവിധാനങ്ങൾക്കുപോലും നിലനിൽക്കാനാവൂ എന്നതാണ് യാഥാർഥ്യം.
എന്നാൽ, ആരോഗ്യമേഖല മെച്ചപ്പെടുത്തണം എന്ന് പറയുന്നവർ പൊതുജനാരോഗ്യവുംകൂടി അതിൽ ഉൾപ്പെടുന്നുണ്ട് എന്നുപോലും മറന്നതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. ആധുനിക ചികിത്സാ മേഖല മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ മെച്ചമായതുകൊണ്ട് വളരെ അഹങ്കാരത്തോടെയാണ് നാം ഇപ്പോൾ ആരോഗ്യകാര്യങ്ങളിൽ പെരുമാറുന്നത്.
എന്നാൽ, താരതമ്യേന ഭേദപ്പെട്ട കേരളമടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പൊതുജനാരോഗ്യം പൂർണമായും അവഗണിക്കപ്പെട്ട ഒരു അനാഥ ശിശുവിനെപ്പോലെയാണ് എന്നതാണ് സത്യം. പൊതുജനാരോഗ്യം മികവുറ്റതാക്കാൻ കെൽപുള്ള, മറ്റു സംസ്ഥാനങ്ങൾക്കുകൂടി മാതൃകയാവേണ്ട കേരളം, മറ്റു സംസ്ഥാനങ്ങളെപ്പോലെ തന്നെയാണ് ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നത്. മാറിമാറി വരുന്ന സർക്കാറുകളും കേന്ദ്ര ഗവണ്മെന്റുകളും പൊതുജനാരോഗ്യത്തെ വികലമായ കാഴ്ചപ്പാടോടെയാണ് കാണുന്നത് എന്നതാണ് യാഥാർഥ്യം. അതിനു പ്രധാന കാരണം സർക്കാറുകൾക്ക് ഉപദേശം കൊടുക്കുന്നവർ തന്നെയാണ്. സർക്കാർ മേഖലയിലെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ കേരള ഗവണ്മെന്റ് നടത്തിയ ഇടപെടലുകൾ നാം മറന്നുകൂടാ താനും.
എന്താണ് പൊതുജനാരോഗ്യം?
ആരോഗ്യത്തിന്റെ സാമൂഹിക നിർണയ ഘടകങ്ങളെ (social determinants of health) ഓരോന്നായി തിരിച്ചറിഞ്ഞ് അതിലുള്ള കുറ്റങ്ങളും കുറവുകളും പരിഹരിക്കലാണ് യഥാർഥ പൊതുജനാരോഗ്യ പ്രവർത്തനം. ഇവയുടെ അഭാവത്തിലാണ് അല്ലെങ്കിൽ അവയുടെ അപര്യാപ്തതകളാലാണ് രോഗങ്ങൾ ഉണ്ടാകുന്നത് എന്ന് നാം തിരിച്ചറിയണം. നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതൽ മുൻഗണനയോടെ താഴെ പറയുന്ന സാമൂഹിക വിഷയങ്ങളിൽ ആവേണ്ടിയിരിക്കുന്നു.
1. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ടാപ്പിലൂടെ എത്തിക്കുക (ഇന്ത്യയെപ്പോലെ സമ്പത്തുള്ള എല്ലാ രാജ്യങ്ങളും ഇത് എത്രയോ ദശാബ്ദങ്ങൾക്കു മുമ്പേ നടപ്പാക്കിക്കഴിഞ്ഞു) –ജലജന്യരോഗങ്ങളായ ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, കോളറ, ഡിസെന്ററി എന്നിവ മുഴുവനായും ഇതുവഴി തടയാം.
2. പരിസര ശുചിത്വം (environmental health), ഉറവിടത്തിൽതന്നെ മാലിന്യം വേർതിരിക്കൽ, ഉറവിടത്തിൽതന്നെ മാലിന്യ സംസ്കരണം, എല്ലാവർക്കും വൃത്തിയുള്ള ശൗചാലയങ്ങൾ, വെള്ളം കെട്ടിനിൽക്കാത്ത ഓവുചാലുകൾ എല്ലായിടങ്ങളിലും ഉണ്ടെന്നു ഉറപ്പുവരുത്തുക –മലേറിയ, ഡെങ്കിപ്പനി, മന്ത്, എലിപ്പനി, ജപ്പാൻ ജ്വരം തുടങ്ങിയ നിരവധി രോഗങ്ങൾ ഇതുവഴി തടയാൻ സാധിക്കും.
3. എല്ലാവർക്കും പാർപ്പിട സൗകര്യമുണ്ടെന്നു ഉറപ്പുവരുത്തുക (അതിനുവേണ്ട സാമ്പത്തിക നയങ്ങൾ രൂപവത്കരിക്കുക) –വിഷാദരോഗംപോലുള്ള മനോരോഗങ്ങൾക്ക് പ്രധാന കാരണംതന്നെ കിടക്കാൻ ഇടമില്ലാത്തതും പലതരം സാമ്പത്തിക പരാധീനതകളുമാണ്.
4. സമീകൃതാഹാരം എല്ലാവരും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, അതിനുവേണ്ട അവബോധം പ്രാഥമിക വിദ്യാഭ്യാസത്തിൽതന്നെ കൊടുക്കുക, സമീകൃതാഹാരത്തിന്റെ ഘടകങ്ങൾ സുലഭമാക്കാൻ വികേന്ദ്രീകൃതമായ ഇന്റഗ്രേറ്റഡ് കൃഷിസമ്പ്രദായം വിപുലീകരിക്കുക –ഇതുവഴി തടയാവുന്ന രോഗങ്ങൾ നിരവധിയാണ്.
5. ജനങ്ങൾ എല്ലാവരും തൊഴിലിന്റെ ഭാഗമായോ അല്ലാതെയോ അവർപോലും അറിയാതെ നിത്യവും ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. അതിനുവേണ്ടി റോഡുകളുടെ രണ്ട് വശവും നടപ്പാതകൾ നിർമിക്കുക, സൈക്കിൾ പാതകൾ, കൂടുതൽ കളിസ്ഥലങ്ങൾ, പൊതുസ്ഥലങ്ങൾ നിർമിക്കുക. ഇതും ഒരുപാടു രോഗങ്ങളെ തടയുകയും മാനസിക, ശാരീരിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.
6. നല്ല പ്രാഥമിക വിദ്യാഭ്യാസം –മനുഷ്യത്വമുള്ള സമൂഹത്തിലേ സാമൂഹികാരോഗ്യം എന്ന കാഴ്ചപ്പാട് വളരുകയും നിലനിൽക്കുകയുമുള്ളൂ –അതിനുതകുന്ന രീതിയിൽ പ്രാഥമിക വിദ്യാഭ്യാസം പരിഷ്കരിക്കണം, മതാധിഷ്ഠിതമല്ലാത്ത പ്രാഥമിക വിദ്യാഭ്യാസം നടപ്പാക്കുക എന്നത് പരമപ്രധാനമാണ്.
7. പ്രാഥമികാരോഗ്യ സംരക്ഷണവും പ്രാഥമിക ചികിത്സക്കുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്തുക –എല്ലാവർക്കും പ്രാപ്യമായ കുറ്റമറ്റ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണം –സാമൂഹികാരോഗ്യത്തിന്റെയും വ്യക്തിഗത ആരോഗ്യത്തിന്റെയും അടിസ്ഥാന പാഠങ്ങളും അതിലെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു ജനങ്ങളെ ആരോഗ്യമുള്ള വ്യക്തികളായി നിലനിർത്താനും രോഗങ്ങൾ നേരത്തേ കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിവുള്ള ഡോക്ടർമാരായിരിക്കണം പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഉണ്ടാവേണ്ടത്.
8. സാമ്പത്തിക പ്രതിസന്ധികളിൽനിന്ന് ജനങ്ങളെ കരകയറ്റാൻ ഉതകുന്ന കുറ്റമറ്റ സമ്പദ്വ്യവസ്ഥ ഉണ്ടാകണം. അഴിമതിയില്ലാത്ത രാഷ്ട്രീയപ്രവർത്തനം ഇതിന് അനിവാര്യമാണ്. രാഷ്ട്രീയവും ആരോഗ്യവും തമ്മിലുള്ള ബന്ധം എല്ലാവരും തിരിച്ചറിയുകയും സർക്കാറിന്റെ എല്ലാ ഭരണവിഭാഗത്തിനും ആരോഗ്യവുമായി ബന്ധമുണ്ടെന്നും മനസ്സിലാക്കണം.
9. അനിയന്ത്രിതമായ പരസ്യങ്ങളുടെ മായാവലയത്തിൽനിന്ന് ജനങ്ങളെ രക്ഷപ്പെടുത്തണം –ഉപഭോഗ സംസ്കാരം നിയന്ത്രിക്കപ്പെടണം.
ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ചികിത്സാ സംവിധാനങ്ങളല്ല അടിയന്തരമായി ഇപ്പോൾ മെച്ചപ്പെടുത്തേണ്ടത്, ആദ്യം പൊതുജനാരോഗ്യത്തിനാവശ്യമായ സാമൂഹിക നിർണയ ഘടകങ്ങൾ കുറ്റമറ്റതാക്കുക, അതുവഴി രോഗാതുരത കുറക്കുക. അതിനൊപ്പംതന്നെ പ്രാഥമിക ചികിത്സാ സംവിധാനം മെച്ചപ്പെടുത്തുക; തൊണ്ണൂറു ശതമാനം രോഗങ്ങളും നല്ല പ്രാഥമിക ചികിത്സ സംവിധാനം വഴി പെരിഫെറിയിൽ വെച്ചുതന്നെ ചികിത്സിക്കാം –കുടുംബാരോഗ്യത്തിൽ പരിശീലനം സിദ്ധിച്ച ഡോക്ടർമാർ എല്ലാ പി.എച്ച്.സികളിലും ഉണ്ടെങ്കിൽ അവർ രോഗങ്ങൾ വരാതെ നോക്കിയും, രോഗങ്ങൾ നേരത്തേ കണ്ടുപിടിച്ചും വലിയ ആശുപത്രികളിലെ രോഗികളുടെ ബാഹുല്യം ഒഴിവാക്കും.
അതുകൊണ്ട് കേരളം ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടത് പി.എച്ച്.സികൾ മെച്ചപ്പെടുത്താനാണ്, എന്നുവെച്ചാൽ അവിടങ്ങളിലിരിക്കുന്ന ഡോക്ടർമാർ അതിനുവേണ്ടി പ്രത്യേക പരിശീലനം കിട്ടിയവരും പി.എച്ച്.സികളിൽതന്നെ ജോലി തുടരാൻ താൽപര്യമുള്ളവരുമാവണം. മെഡിക്കൽ കോളജുകളുടെ എണ്ണവും എം.ബി.ബി.എസ് സീറ്റുകളും ഇനിയും വർധിപ്പിക്കരുത്. എല്ലാ മെഡിക്കൽ കോളജുകളിലും ജില്ല ആശുപത്രികളിലും പി.എച്ച്.സികളിൽ ജോലിചെയ്യാൻ താൽപര്യമുള്ള എം.ബി.ബി.എസ് ഡോക്ടർമാർക്കുവേണ്ടി രണ്ട് മുതൽ മൂന്നു കൊല്ലത്തെ പി.ജി പരിശീലനം നൽകണം. കൂട്ടത്തിൽ അതിന് ഒരു ഡിഗ്രിയും നൽകിയാൽ അവർക്ക് കൂടുതൽ താൽപര്യം ഉണ്ടാവും. അങ്ങനെ പരിശീലനം സിദ്ധിച്ച ഡോക്ടർമാരെ ഉപയോഗിച്ച് എല്ലാ കുടുംബത്തിനും എല്ലാ വ്യക്തികൾക്കും എല്ലാ ആവശ്യങ്ങൾക്കും സമീപിക്കാൻതരത്തിൽ കുടുംബ ഡോക്ടർ സംവിധാനം നടപ്പാക്കണം. അതോടൊപ്പംതന്നെ റഫറൽ സംവിധാനം നടപ്പാക്കണം. കുടുംബ ഡോക്ടർമാർ റഫർ ചെയ്യാതെ രോഗികൾ വലിയ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലുമെത്താതെ നോക്കേണ്ടത് അനിവാര്യതയാണ്.
പൊതുജനാരോഗ്യമാണ് പരമപ്രധാനമെന്നും സൂപ്പർ സ്പെഷാലിറ്റി ചികിത്സയെക്കാൾ പ്രധാനം അടിസ്ഥാന ചികിത്സാ സംവിധാനങ്ങളാണ് എന്ന തിരിച്ചറിവ് ജനങ്ങൾക്കും ഡോക്ടർമാർക്കും ഭരണകർത്താക്കൾക്കും ഉണ്ടാവണം. ഇവിടെ വേണ്ടതിലധികം ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഇപ്പോൾതന്നെയുണ്ട്. എന്നാൽ, എല്ലാവരും സ്പെഷലിസ്റ്റ് ആയതും രോഗികളെല്ലാം അവരെ നേരിട്ട് അന്വേഷിച്ചു തേടിപ്പോകുന്ന അവസ്ഥയാണ് (ഡോക്ടർ-ഷോപ്പിങ്) എല്ലാം തകിടംമറിച്ചത്. എം.ബി.ബി.എസ് കഴിഞ്ഞ എല്ലാവരും സ്പെഷലിസ്റ്റ് ഡോക്ടർമാരായതാണ് ഡോക്ടർമാരുടെ കുറവുണ്ട് എന്ന അവസ്ഥ ഉണ്ടാക്കാൻ കാരണം. ഡോക്ടർമാരുണ്ട് എന്നാൽ ഡോക്ടർമാരില്ല എന്ന നിലയിലാണ് കേരളം ഇപ്പോഴും. പി.എച്ച്.സികളും ചെറിയ സ്വകാര്യ ക്ലിനിക്കുകളും നടത്തേണ്ടത് സ്പെഷലിസ്റ്റ് ഡോക്ടർമാരല്ല, മറിച്ച് പരിശീലനം സിദ്ധിച്ച കുടുംബ ഡോക്ടർമാരാവണം എന്ന് തീരുമാനിക്കണം. എം.ബി.ബി.എസ് പാസായ ഉടനെ, പ്രത്യേക പരിശീലനം കിട്ടാതെ ഇത്തരം ക്ലിനിക്കുകൾ സ്വതന്ത്രമായി തുടങ്ങാൻ അനുവദിക്കാനും പാടില്ല.
ഡോക്ടർമാരുടെ കൂട്ടത്തിൽ ഏറ്റവും വൈദഗ്ധ്യംവേണ്ട മേഖലയാണ് ജനറൽ പ്രാക്ടിസ് അല്ലെങ്കിൽ ഫാമിലി പ്രാക്ടിസ് എന്നത്. ഇതൊരു ചില്ലറ ജോലിയല്ല എന്ന് തിരിച്ചറിയണം –ഒരു മൾട്ടിസ്പെഷലിസ്റ്റ് ജോലിയാണ്– അതുകൊണ്ട് തന്നെ നല്ല കഴിവും പരിചയവുമുള്ളവരാണ് ഈ ഫാമിലി പ്രാക്ടിസ് സ്പെഷാലിറ്റി തിരഞ്ഞെടുക്കേണ്ടത്.
സൂപ്പർ സ്പെഷാലിറ്റി മേഖല അനുഭവിക്കുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനം രോഗികളുടെ ബാഹുല്യമാണ് –അതാണെങ്കിൽ പൊതുജനാരോഗ്യം അവഗണിക്കുന്നതുകൊണ്ടും ആവശ്യത്തിന് കുടുംബ ഡോക്ടർമാർ ഇല്ലാത്തതുകൊണ്ടും മാത്രമാണ്. എല്ലാ പി.എച്ച്.സികളിലും ചെറിയ സ്വകാര്യ ക്ലിനിക്കുകളിലും പരിശീലനം ലഭിച്ച കഴിവുള്ള ജി.പി ഡോക്ടർമാർ (കുടുംബ ഡോക്ടർമാർ) ഉണ്ടായാൽ വയനാട് പോലുള്ള ജില്ലകളിൽപോലും 90 ശതമാനം ആരോഗ്യപ്രശ്നങ്ങളും രോഗചികിത്സയും പരിഹരിക്കാൻ കഴിയും. ആധുനിക സൗകര്യങ്ങളുടെ അഭാവമല്ല കേരളത്തിന്റെ യഥാർഥ പ്രശ്നം –പൊതുജനാരോഗ്യം, അടിസ്ഥാന ചികിത്സാ സംവിധാനം ഇവയിലെ പാകപ്പിഴകളാണ്.
പൊതുജനാരോഗ്യം അവഗണിച്ച്, പൊതുജനാരോഗ്യത്തിന്റെ പേരിൽ നാട് നീളെ ആധുനിക ഹെൽത്ത് ക്ലബുകളും യോഗകേന്ദ്രങ്ങളും സമീകൃതാഹാരത്തിനു പകരം ഒറ്റമൂലികളും നുട്രാസൂട്ടിക്കൽ ഉൽപാദനവും കുടിവെള്ളത്തിനായി കുപ്പിവെള്ളവും പ്രാഥമിക വിദ്യാഭ്യാസം കച്ചവടമാക്കുകയും പ്രാഥമിക ചികിത്സ ശാസ്ത്രീയമാക്കാതെ ത്രിതല ചികിത്സ വളർത്തുന്നതും ഒക്കെയാണ് നമ്മുടെ ആരോഗ്യമേഖലയെ തളർത്തുന്നത്. ആരോഗ്യ കേരളത്തിനായി നമുക്ക് ഒന്നിക്കാം, കൂട്ടായി പ്രവർത്തിക്കാം.
=======
(കാലിക്കറ്റ് സർവകലാശാലയിൽ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ മുൻ ഡീനും കോഴിക്കോട് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മുൻ മേധാവിയുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.