അന്ന് പ്രവാസി, ഇന്ന് ചലനമറ്റ സന്ദര്‍ശകന്‍

ഇത്​ അപകടത്തിൽ ചലനശേഷി നഷ്​ടപ്പെട്ട ഒരു മുൻ പ്രവാസിയുടെ അനുഭവമാണ്​. യാത്രകളിലൂടെ ജീവിതം തിരിച്ചുപിടിക്കുന്ന കാട്ടുകണ്ടി കുഞ്ഞബ്​ദുല്ല വിവരിക്കുന്നത്​ ജീവിതമാണ്​, പരാജയപ്പെടാൻ കൂട്ടാക്കാത്ത സാഹസികന്റെ കഥകൂടിയാണിത്​.സഞ്ചരിച്ചിരുന്ന ജീപ്പിന് മീതെ മരം വീണ്, നട്ടെല്ലിന് ക്ഷതംപറ്റി കഴുത്തിന് കീഴെ ഒന്നനക്കാന്‍പോലും പറ്റാത്ത സ്ഥിതിയിലായി, 30 വര്‍ഷം കഴിഞ്ഞിരിക്കുന്നു. 48 മണിക്കൂറിനപ്പുറം ജീവിതമില്ലെന്ന് മെഡിക്കല്‍ രംഗം വിധിയെഴുതിയതാണ്. ഒരത്ഭുതമായി ഞാനിന്നും ജീവിച്ചിരിക്കുന്നു. സ്വാനുഭവങ്ങള്‍ എഴുതി (പ്രത്യാശയുടെ അത്ഭുതഗോപുരം, എഡിറ്റര്‍: എന്‍.പി. ഹാഫിസ് മുഹമ്മദ്, ഒലിവ് പബ്ലിക്കേഷന്‍സ്,...

ഇത്​ അപകടത്തിൽ ചലനശേഷി നഷ്​ടപ്പെട്ട ഒരു മുൻ പ്രവാസിയുടെ അനുഭവമാണ്​. യാത്രകളിലൂടെ ജീവിതം തിരിച്ചുപിടിക്കുന്ന കാട്ടുകണ്ടി കുഞ്ഞബ്​ദുല്ല വിവരിക്കുന്നത്​ ജീവിതമാണ്​, പരാജയപ്പെടാൻ കൂട്ടാക്കാത്ത സാഹസികന്റെ കഥകൂടിയാണിത്​.

സഞ്ചരിച്ചിരുന്ന ജീപ്പിന് മീതെ മരം വീണ്, നട്ടെല്ലിന് ക്ഷതംപറ്റി കഴുത്തിന് കീഴെ ഒന്നനക്കാന്‍പോലും പറ്റാത്ത സ്ഥിതിയിലായി, 30 വര്‍ഷം കഴിഞ്ഞിരിക്കുന്നു. 48 മണിക്കൂറിനപ്പുറം ജീവിതമില്ലെന്ന് മെഡിക്കല്‍ രംഗം വിധിയെഴുതിയതാണ്. ഒരത്ഭുതമായി ഞാനിന്നും ജീവിച്ചിരിക്കുന്നു. സ്വാനുഭവങ്ങള്‍ എഴുതി (പ്രത്യാശയുടെ അത്ഭുതഗോപുരം, എഡിറ്റര്‍: എന്‍.പി. ഹാഫിസ് മുഹമ്മദ്, ഒലിവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്. 2021) സമാന രോഗം ബാധിച്ചവര്‍ക്ക്, ആയിരക്കണക്കിനാളുകള്‍ക്ക് ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നു.

നിശ്ചലമായ ശരീരത്തില്‍ ഉറുമ്പരിക്കുന്നതറിഞ്ഞ്, നിസ്സഹായനായിക്കിടന്ന കാലം കടന്നുപോയിരിക്കുന്നു. കഴുത്തിന് താഴെ സാരമായ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. വീല്‍ചെയറില്‍ പരസഹായത്തോടെ വീട്ടിനകത്തും പുറത്തും പാറിനടക്കുന്നു. ഭാര്യ റുഖിയക്കൊപ്പം പലനാടുകളിലും യാത്രചെയ്തിരിക്കുന്നു. പരിശുദ്ധ മക്ക, മദീന സന്ദര്‍ശനം നടത്തി ഉംറ അനുഷ്ഠാനം നടത്തി. യു.എ.ഇയിലെ എമിറേറ്റുകളില്‍ എന്‍റെ അതിജീവനത്തിന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ച് രണ്ടുതവണ സഞ്ചരിച്ചു. ബംഗളൂരുവിലും ആഗ്രയിലും യാത്ര നടത്തി. റുഖിയയോടൊപ്പം താജ്മഹല്‍ കണ്ടു. ഇപ്പോഴിതാ ഇതെന്‍റെ രണ്ടാം ഖത്തര്‍ യാത്ര.

യാത്ര എനിക്ക് ജീവിതം തിരിച്ചുപിടിക്കലാണ്. ചലനമറ്റ ശരീരത്തോട് ഞാന്‍ നടത്തുന്ന പ്രതിരോധമോ പ്രതിഷേധമോ ആണ് യാത്ര. ഒന്നുമെനിക്ക് പരസഹായമില്ലാതെ ചെയ്യാനാവില്ല. അനക്കമില്ലായ്മയെ സജീവതയാക്കി, ഞാന്‍ ഉള്ളതില്‍ സന്തോഷത്തോടെ ജീവിച്ചിരിക്കുന്നു എന്നറിയിക്കുന്ന സാക്ഷ്യപത്രമാണ് സഞ്ചാരം.

ഖത്തറിലേക്ക് വീണ്ടും

ഖത്തര്‍ യാത്രയില്‍ ഇത്തവണ 48 ദിവസങ്ങള്‍ക്കിടയില്‍ 12 ഔപചാരിക ഒത്തുചേരലുകളില്‍ പങ്കെടുത്തിരിക്കുന്നു. ഞാന്‍ ഡോക്ടറല്ല, രോഗത്തെക്കുറിച്ച് പറയാന്‍, ഞാന്‍ ആരോഗ്യപ്രവര്‍ത്തകനല്ല, മറ്റുള്ളവര്‍ക്ക് മാർഗനിർദേശം നൽകാന്‍, ഞാന്‍ സാമൂഹികക്ഷേമ പ്രവര്‍ത്തകനല്ല, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍. ചലിപ്പിക്കാന്‍ കഴിയാത്ത ഒരു ശരീരംകൊണ്ട് അതിജീവനം നടത്തി, ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് എങ്ങനെ ജീവിച്ചെന്ന് സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് പലര്‍ക്കും ജീവിക്കാനുള്ള പ്രത്യാശ പകുത്തുകൊടുക്കുന്നു. എന്‍റെ കഥ കേള്‍ക്കുന്നവര്‍ അസംഭവ്യമായത് യാഥാർഥ്യമാക്കിയതിന്‍റെ നേര്‍മൊഴിയാണ് സ്വീകരിക്കുന്നത്. ചിലര്‍ക്ക് ഞാന്‍ കാഴ്ചവസ്തുവാണെന്ന് എനിക്കറിയാം.

അവരില്‍ പലരും എന്‍റെ കഥ കേട്ട് വിസ്മയത്തിന്‍റെ ഗോപുരം കയറുന്നത് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അവര്‍ ചോദിക്കുന്നു: ‘‘നാൽപത്തിയെട്ടു മണിക്കൂറിലധികം ജീവിക്കില്ലെന്ന് ആരാണ് വിധിച്ചത്?’’ എന്‍റെ ദേശത്തെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരില്‍ ചിലരെന്ന് ഞാന്‍ ഉത്തരം നല്‍കുന്നു. പിന്നെയെന്തുണ്ടായെന്ന് ചോദ്യം. അപകടം പറ്റിയ ദിവസം സ്വസമ്മതത്തോടെ ഡിസ്ചാര്‍ജ് ചെയ്ത് രാത്രിവണ്ടിക്കു തമിഴ്നാട്ടിലെ ഒരു ചികിത്സാകേന്ദ്രത്തിലേക്ക് ഭാഗ്യപരീക്ഷണം നടത്താന്‍ പോയ കാര്യം പറയുന്നു. വെല്ലൂരിലെ ആശുപത്രിയില്‍ വെച്ച് നഷ്ടമായത് ഒരിക്കലും വീണ്ടെടുക്കാനുള്ള സാധ്യതയില്ലെന്ന പാഠത്തില്‍നിന്ന് എന്‍റെ ചികിത്സ തുടങ്ങുന്നു. ശിഷ്ടഭാഗംകൊണ്ടും ജീവിക്കാന്‍ സാധിച്ചേക്കുമെന്ന് ഞാനറിയുന്നു. തലകൊണ്ടുമാത്രം ഒരു ജീവിതം. ഞാനതു തിരഞ്ഞെടുത്തു. സാന്ത്വന പരിചരണവും ഫിസിയോതെറപ്പിയുംകൊണ്ട് ജീവിതം വീണ്ടെടുക്കുകയായിരുന്നു. എന്‍റെ സഞ്ചാരത്തില്‍ ഭാര്യ റുഖിയ കൂടെയുണ്ടായിരുന്നു. മക്കളുമുണ്ടായിരുന്നു, ചില ഡോക്ടര്‍മാരുമുണ്ടായിരുന്നു. അനേകം പേരുടെ പ്രാർഥന കൂട്ടിനുണ്ടായിരുന്നു. അങ്ങനെ ഞാന്‍ വീണ്ടും ഖത്തറിലെത്തിയിരിക്കുന്നു. മക്കള്‍ രണ്ടുപേരും കുടുംബസമേതം ജോലി ചെയ്യുന്ന ഖത്തറില്‍.

ഇത്തവണത്തെ ഖത്തര്‍ യാത്രക്ക് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. ഒരു സാഹസം: ദോഹയില്‍നിന്ന് സൗദി അറേബ്യ വഴി ബഹ്റൈനില്‍ പോകുക. 1983-1985 വര്‍ഷങ്ങളില്‍ ഞാന്‍ ജോലിയെടുത്ത സ്ഥലത്തെത്തുക. ഞാന്‍ ജോലിയെടുത്ത കട ഇന്നില്ല എന്നത് മനസ്സിലാക്കിയിരുന്നു. എന്നാലും അവിടെയൊന്ന് കാണണം. 40 വര്‍ഷം മുമ്പുള്ള ഞാനല്ല ഇന്ന് ബാക്കിയായത്. 40 വര്‍ഷം മുമ്പുള്ള ബഹ്റൈനുമല്ല ഇന്നത്തേത്. രണ്ടിന്‍റെയും ഒരഭിമുഖീകരണമാണ് ഈ യാത്രയിലെന്‍റെ ഉദ്ദേശ്യം.

കഴിഞ്ഞ ചെറിയ പെരുന്നാളിന്‍റെ പിറ്റേന്നായിരുന്നു യാത്ര. നാല് ദിവസത്തെ യാത്ര. 400 കിലോമീറ്റര്‍ അങ്ങോട്ടും 400 കിലോമീറ്റര്‍ ഇങ്ങോട്ടും. രണ്ടു നാള്‍ ബഹ്റൈനില്‍. ജീവിതം തിരിച്ചുപിടിച്ച ശേഷം പലയിടങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും, 10 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യാത്രയുണ്ടായിട്ടില്ല. വെള്ളം നിറച്ച റിങ് എയര്‍ കുഷ്യനില്‍ ഇരിക്കണം. 30 വര്‍ഷമായി എന്‍റെ നിയന്ത്രണത്തിലല്ലാത്ത മൂത്രസഞ്ചി വെക്കാനും എടുത്തുമാറ്റാനും വൃത്തിയാക്കാനും ഇടത്താവളം വേണ്ടിവന്നേക്കും. അതിനിടയില്‍ അതിസാരം പിടിപെട്ടാല്‍ എല്ലാം കുഴപ്പത്തിലായി. ഒരു യാത്രയില്‍ അങ്ങനെയുണ്ടായി. ഉംറ മടക്കയാത്രയില്‍ സഞ്ചരിക്കേണ്ട വിമാനം നഷ്ടപ്പെട്ടതാണ്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ ഔദാര്യംകൊണ്ടാണ് മണിക്കൂറുകള്‍ കഴിഞ്ഞുള്ള വിമാനത്തില്‍ യാത്ര നടത്താനായത്.

കടല്‍പ്പാതയിലൂടെ ബഹ്റൈനിലേക്ക്

പ്രഭാത നമസ്കാരത്തിന്‍റെ ബാങ്ക് വിളികേട്ടു ഞാന്‍ ഉണര്‍ന്നു. മൂത്തമകന്‍ ഷഹീറിന്‍റെ ഫ്ലാറ്റിലായിരുന്നു താമസം. നമസ്കാരം കഴിഞ്ഞ് ഞാന്‍ പ്രാർഥിച്ചു: യാത്ര എളുപ്പമാക്കിത്തരണേ തമ്പുരാനേ, യാത്രയിലെ ബുദ്ധിമുട്ടുകള്‍ ദൂരീകരിച്ച് തരണേ രക്ഷിതാവേ. റുഖിയയുടെ സഹായത്തോടെ ഷഹീര്‍ വീല്‍ചെയറില്‍ ബാത്ത്റൂമിലേക്ക് കൊണ്ടുപോയി. സോപ്പ് തേച്ച് കുളിപ്പിച്ചു. തല തോര്‍ത്തി. യൂറിന്‍ ലെഗ്ബാഗ് കെട്ടിത്തന്നു. കഴിഞ്ഞ 30 വര്‍ഷമായി കുഞ്ഞിനെയെന്നതുപോലെ റുഖിയ ഇതൊക്കെ ചെയ്യുന്നു. കുപ്പായമണിയിക്കുന്നു. തുണി ഉടുപ്പിക്കുന്നു. സുഗന്ധം പൂശുന്നു. എന്‍റെ കാലും കൈയും ചലനവും അതിനപ്പുറം ജീവവായുവുമാണ് റുഖിയ. എന്‍റെ റൂഹ്...

അപ്പോഴേക്കും ഖത്തറിലെ വക്രയില്‍ താമസിക്കുന്ന രണ്ടാമത്തെ മകന്‍ ഷാജിറുമെത്തി. വീല്‍ചെയറില്‍ താഴേക്ക്. റിങ് എയര്‍കുഷ്യന്‍ വെച്ച് കാറിലിരുത്തി. നിസാന്‍റെ പട്രോള്‍ എന്ന കാറിലാണ് യാത്ര. വലുപ്പമുണ്ട്, ഞാന്‍ മുന്നിലെ സീറ്റിലിരുന്നു. ഷഹീറാണ് വണ്ടി വിടുന്നത്.

മൂന്നു മണിക്കൂര്‍കൊണ്ട് സൗദി അറേബ്യയുടെ അതിര്‍ത്തിയിലുള്ള ചെക്ക്പോസ്റ്റിലെത്തി, സാല്‍വയില്‍. ലോകകപ്പ് ഫുട്ബാള്‍ കാലത്ത് ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് വന്നുപോകാനുള്ള സൗകര്യങ്ങളുണ്ടാക്കിയിട്ടുണ്ട്. വീല്‍ചെയറില്‍ എന്നെ ഇമിഗ്രേഷന്‍ ഹാളിലെത്തിച്ചു. ഒരാഴ്ചമുമ്പ് വിസയും മറ്റ് രേഖകളും ശരിയാക്കിവെച്ചിട്ടുണ്ട്. ഞങ്ങള്‍ ക്യൂവില്‍ നിന്നു. ധാരാളം പേര്‍ ക്യൂവിലുണ്ടായിരുന്നു. അധികം വൈകാതെ പരിശോധന നടത്തി. രേഖകള്‍ കൈമാറുമ്പോള്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു, ‘‘ഇതിലെ രണ്ട് രേഖകള്‍ അടുത്ത ചെക്ക് പോസ്റ്റില്‍ കാണിക്കണം.’’ അടുത്ത ചെക്ക്പോസ്റ്റിലെത്തി പാസ്പോര്‍ട്ടും വിസയുമടങ്ങുന്ന രേഖകള്‍ ഏൽപിച്ചു. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ രണ്ട് രേഖകളില്‍ ഒന്നെവിടെയെന്ന് ചോദിച്ചു. മുന്‍ ഓഫിസില്‍നിന്ന് കിട്ടിയത് ഇതിലുണ്ടെന്ന് മകന്‍ പറഞ്ഞു.

ഞങ്ങള്‍ ആദ്യത്തെ ചെക്ക് പോസ്റ്റിലെത്തി മടങ്ങി. ഷഹീര്‍ കാര്യമറിയിച്ചു. ഉദ്യോഗസ്ഥന്‍ രണ്ട് രേഖകളും തന്നിട്ടുണ്ടെന്ന് പറഞ്ഞു. ഷഹീര്‍ കാറിനുള്ളിലും വഴിയിലുമൊക്കെ നഷ്ടപ്പെട്ട രേഖക്കുവേണ്ടി പരതി. അതില്ലാതെ ഞങ്ങള്‍ക്ക് സൗദി ബോര്‍ഡര്‍ കടക്കാനാവില്ലായിരുന്നു. ഞാന്‍ കാറിലിരുന്ന് പ്രാർഥിച്ചു.

അന്നേരം റുഖിയയും മക്കളും ചിരിക്കുന്ന മുഖവുമായി വരുന്നു. ആദ്യ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥന് മേശപ്പുറത്തുനിന്നും രേഖ കിട്ടി. അയാളത് കാറില്‍ മുക്കിലും മൂലയിലും തിരയുന്ന ഷഹീറിനെ ഏൽപിക്കുകയായിരുന്നു. രണ്ടാമത്തെ ഓഫിസിലെത്തി ഇമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തി. ബഹ്റൈനിലേക്കുള്ള യാത്ര തുടര്‍ന്നു.

മരുഭൂമിയും കടല്‍യാത്രയും

ആറുവരിപ്പാത, വീതികൂടിയ റോഡ്. കാര്‍ വേഗത്തില്‍ മുന്നോട്ട്. ഇരുഭാഗത്തും അറ്റമില്ലാതെ പരന്നുകിടക്കുന്ന മരുഭൂമി. മണ്‍കൂനകളില്‍ കാറ്റ് വരക്കുന്ന ചിത്രങ്ങള്‍. ആകാശംമുട്ടി കിടക്കുന്ന മണൽച്ചുളിവുകളുടെ ഭംഗി ഞാനേറെ ആസ്വദിച്ചു. ദൂരെ മരുപ്പറമ്പില്‍ അലയുന്ന ഒട്ടകങ്ങളെ കാണാം. മഴത്തുള്ളികള്‍ക്ക് കാത്തിരിക്കുന്ന മരുമരങ്ങള്‍. വീശിയടിക്കുന്ന കാറ്റ്. പൊരിയുന്ന വെയില്‍. മരുഭൂമി അതിജീവനത്തിന്‍റെ വലിയ പാഠങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കുന്നുണ്ടെന്ന് എനിക്ക് തോന്നി.

ഹുഫുഫ് ആണ് ഖത്തറിനും സൗദി അറേബ്യക്കും ഇടയിലുള്ള ഒരു കൊച്ചു പട്ടണം. നിറയെ ഈന്തപ്പനത്തോട്ടമാണ്. കാര്‍ നിര്‍ത്തി എന്നെ മക്കള്‍ വീല്‍ചെയറില്‍ ഈന്തപ്പന തോട്ടത്തിലേക്ക് കൊണ്ടുപോയി. റുഖിയ പച്ച ഈത്തപ്പഴം പറിച്ച് വായില്‍ വെച്ചുതന്നു. പഴയ ഗോത്രവർഗക്കാരുടെ മണ്ണുകൊണ്ടുണ്ടാക്കിയ ചെറിയ പാര്‍പ്പിടങ്ങള്‍ കണ്ടു. ലോകപ്രശസ്തമായ ഘവാര്‍ എണ്ണപ്പാടത്തിന് തൊട്ടടുത്തുള്ള പട്ടണമാണ് ഹുഫുഫ്. സൗദി അറേബ്യയിലെ സാംസ്കാരിക നഗരങ്ങളിലൊന്നാണീ കൊച്ചുനഗരം. കിങ് ഫൈസല്‍ യൂനിവേഴ്സിറ്റി നിലകൊള്ളുന്നതും ഇവിടെയാണ്. ജനപ്രിയ അറേബ്യന്‍ പ്രണയകഥയിലെ ലൈലയുടെയും മജ്നുവിന്‍റെയും ഖബറിടങ്ങള്‍ ഹുഫുഫിലാണെന്നാണ് ഐതിഹ്യം.

വഴിയിലൊരിടത്ത്, ഒരു പെട്രോള്‍പമ്പില്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി. ചായ കുടിച്ചും അല്‍പം വിശ്രമിച്ചും യാത്ര തുടര്‍ന്നു. ഉച്ചയോടെ സൗദി അറേബ്യയിലെ അല്‍ഖോബാറിലെത്തി. ഇനി ബഹ്റൈനിലേക്ക് 25 കിലോമീറ്റര്‍ ദൂരം. സൗദി അറേബ്യയിലെ മൂന്നാമത്തെ വന്‍നഗരമായ ദമ്മാമിലേക്ക് 20 കിലോമീറ്റര്‍ സഞ്ചരിക്കണം. ഞങ്ങള്‍ ബഹ്റൈനിലേക്കുള്ള പാത തിരഞ്ഞെടുത്തു.

ബഹ്റൈനിലേക്കുള്ള കടല്‍പ്പാലത്തിലേക്കു കയറി. ഇരുഭാഗത്തും പരന്നു കിടക്കുന്ന കടല്‍. കടുത്ത നീലനിറത്തില്‍ കടല്‍ വെയിലേറ്റു തിളങ്ങുന്നു. അതിശക്തമായ കാറ്റുണ്ട്. കാറിന്‍റെ ചില്ലു താഴ്ത്തിയപ്പോള്‍ ഞങ്ങളതറിഞ്ഞു. പാലത്തിനരികില്‍ വീൽച്ചെയറിലിരുന്ന് കടല്‍ കാണാനുള്ള മോഹമറിയിച്ചു. ഷഹീര്‍ പറഞ്ഞു: ‘‘വീല്‍ചെയറോടെ പറന്ന് കടലിലെത്തും.’’ ഞങ്ങള്‍ പാലത്തിലൂടെ യാത്ര തുടര്‍ന്നു. 28 കിലോമീറ്ററോളം കടലിലൂടെ യാത്ര ചെയ്യാനുണ്ടായിരുന്നു. വൈകുന്നേരത്തോടെ ഞങ്ങള്‍ ബഹ്റൈന്‍ ചെക്ക്പോസ്റ്റിലെത്തി. അവിടെയും നീണ്ട ക്യൂ. ഞങ്ങള്‍ രേഖകള്‍ കൈമാറി. ഞങ്ങള്‍ക്ക് ബഹ്റൈനിലേക്ക് പോകാനുള്ള അനുവാദം കിട്ടി.

ബഹ്റൈനിലെ രണ്ട് ദിനങ്ങള്‍

ബന്ധുവായ റസാഖ് മൂഴിക്കലിന്‍റെ ഫ്ലാറ്റിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ഗൂഗ്ള്‍മാപ് ഞങ്ങളെ റസാഖിന്‍റെ ഫ്ലാറ്റിന് താഴെയെത്തിച്ചു. അതിനിടക്ക് ഷാജിര്‍ റസാഖിനെ വിളിച്ചിരുന്നു. റസാഖ് താഴെ ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. ഞങ്ങള്‍ ഫ്ലാറ്റിന്‍റെ വാതില്‍ തുറന്നു അകത്തു കയറി.

മണിക്കൂറുകളായുള്ള റോഡ് യാത്രയാണ്. 30 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഈ വിധം ഒരു ദീര്‍ഘയാത്ര. റുഖിയ കിടക്കയില്‍ എന്നെ കമഴ്ത്തിക്കിടത്തി. മൂത്രസഞ്ചിയും ഉപകരണങ്ങളും എടുത്തുമാറ്റിയിരുന്നു. ക്ഷീണമകറ്റി. അന്ന് രാത്രി ഏഴു മണിക്കായിരുന്നു ബഹ്റൈനിലെ ആദ്യ പരിപാടി. എന്‍റെ നാട്ടുകാരുടെ, തുറശ്ശേരിക്കടവുകാരുടെ ഒത്തുചേരല്‍. മനാമയിലെ ഒരു ഹാളില്‍ വെച്ചായിരുന്നു പരിപാടി.

ബന്ധുവായ നൂറുദ്ദീനും കൂട്ടുകാരും അടുത്തെത്തി. കുശലാന്വേഷണം നടത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സദസ്സുണ്ടായിരുന്നു. വീല്‍ചെയറില്‍ എന്നെ സ്റ്റേജിലേക്ക് കയറ്റി. എന്‍റെ അനുഭവകഥയായ ‘പ്രത്യാശയുടെ അത്ഭുതഗോപുര’ത്തിന്‍റെ അറബിയിലും ഇംഗ്ലീഷിലുമുള്ള വിവര്‍ത്തന കൃതികള്‍ സ്റ്റേജില്‍ വെച്ച് പ്രകാശനം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ അധ്യാപകരായ ഡോ. കെ. അലി നൗഫല്‍, ഡോ. കെ.ടി. മുഹമ്മദ് അബ്ദുല്‍ കരീം എന്നിവരാണ് അറബിയിലേക്കുള്ള വിവര്‍ത്തനം നടത്തിയത്. ഡോ. യാസീന്‍ അശ്റഫ് ആണ് ഇംഗ്ലീഷ് വിവര്‍ത്തനത്തിന്‍റെ എഡിറ്റര്‍. ഫാറൂഖ് കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളുമാണ് വിവര്‍ത്തനംചെയ്തത്. വിവര്‍ത്തന ഗ്രന്ഥങ്ങള്‍ സ്വീകരിച്ചത് ബഹ്റൈന്‍ സ്വദേശികളായ അതിഥികളായിരുന്നു. എം.എം. അക്ബര്‍ സാറായിരുന്നു ഒരതിഥി. ‘പ്രത്യാശയുടെ അത്ഭുതഗോപുര’ത്തിന്‍റെ മൂന്നാം പതിപ്പടക്കം മൂന്ന് ഗ്രന്ഥങ്ങളും പ്രസാധനംചെയ്തത് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ സാമൂഹികക്ഷേമ വിഭാഗമാണ്.

പിറ്റേന്ന് രാവിലെയും വൈകീട്ടും പരിപാടികള്‍ ഉണ്ടായിരുന്നു. ബഹ്റൈന്‍ കെ.എം.സി.സി നടത്തുന്ന പരിപാടിയായിരുന്നു ആദ്യത്തേത്. മനാമ കെ.എം.സി.സി ഓഫിസില്‍ വെച്ചായിരുന്നു പരിപാടി. ബഷീര്‍ അലി ശിഹാബ് തങ്ങള്‍ക്ക് ‘പ്രത്യാശയുടെ ഗോപുരത്തി’ന്‍റെ മൂന്നാം പതിപ്പിന്‍റെ കോപ്പി കൈമാറി. 30 വര്‍ഷം മുമ്പുള്ള എന്നെക്കുറിച്ച് റസാഖ് വിശദീകരിച്ചു. ഇപ്പോഴത്തെ ഞാന്‍ എങ്ങനെയുണ്ടെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഞാന്‍ അത്ഭുതകഥ പറയുമ്പോള്‍ സദസ്സ് ശ്വാസമടക്കി കേട്ടിരിപ്പുണ്ടായിരുന്നു. രാത്രി വോയിസ് ഓഫ് കുന്നത്തുക്കര എന്ന സംഘടന നടത്തിയ മറ്റൊരു പരിപാടികൂടിയുണ്ടായിരുന്നു.

പ്രവാസിയും സന്ദര്‍ശകനും

ഞാന്‍ റസാഖിനോട് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലം കാണാനുള്ള ആഗ്രഹമറിയിച്ചു. റസാഖ് അറിയിച്ചു: ‘‘ഇപ്പോഴുള്ള സ്ഥലം കാണേണ്ടതുതന്നെ.’’

ഞങ്ങള്‍ മനാമയിലെ പഴയ ജോലിസ്ഥലത്തെത്തി. ഞാന്‍ ജോലിയെടുത്ത ഹലാബ് കോള്‍ഡ് സ്റ്റോറേജിന്‍റെ കെട്ടിടം എന്നോ പൊളിച്ചു മാറ്റിയിരുന്നു. റസാഖ് ചൂണ്ടിക്കാണിച്ചു: ‘‘അതാ, ആ സൂപ്പര്‍മാര്‍ക്കറ്റ് നില്‍ക്കുന്ന സ്ഥലത്തായിരുന്നു നമ്മുടെ ഹലാബ് ഷോപ്പ്.’’

റസാഖായിരുന്നു ഹലാബിന്‍റെ ഉടമസ്ഥന്‍. കച്ചവടം പൊളിഞ്ഞു. കടം വന്നുകയറി രണ്ടുകൊല്ലത്തെ പ്രവാസം അവസാനിപ്പിച്ച് എനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നതങ്ങനെ. റസാഖ് പാസ്പോര്‍ട്ട് പണയംവെച്ച് വാങ്ങിയ കാശുകൊണ്ടാണ് എനിക്ക് നാട്ടിലേക്കുള്ള ടിക്കറ്റെടുത്തത്. ഇന്ന് റസാഖ് ‘മെക്ഗ്രോ അല്‍സയാനി റെന്‍റ് എ കാര്‍’ എന്ന സ്ഥാപനം നടത്തുന്നു. മലയാളികൾക്കിടയില്‍ പൗരപ്രമുഖന്‍.

പഴയ മുതലാളിയും തൊഴിലാളിയും ഹലാബ് കോള്‍ഡ് സ്റ്റോറേജിന്‍റെ ഇടം നോക്കിനിന്നു. ഞാന്‍ എന്‍റെ പ്രവാസകാലത്തെ മണ്ടത്തങ്ങള്‍ ഓര്‍ത്തു. എനിക്ക് അറബിഭാഷ അറിയാത്തതിനാലുണ്ടായ അബദ്ധങ്ങള്‍. അന്നത്തെ ഇടം. ഇന്നത്തെ ടൗണ്‍ഷിപ്. ഞാനന്ന് ചുറുചുറുക്കുള്ള യുവാവ്. ഇന്ന് കഴുത്തിന് താഴെ അനക്കമറ്റ ജീവച്ഛവം. ഞാന്‍ മനസ്സില്‍പ്പറഞ്ഞു: ‘ഹലാബ്, നീയെന്നെ തിരിച്ച് പറഞ്ഞയച്ചില്ലായിരുന്നുവെങ്കില്‍ എന്‍റെ ജീവിതകഥ മറ്റൊന്നായേനേ. ഇന്ന് വീല്‍ചെയറിലാണെന്‍റെ വരവ്. കൈയിലിതാ ജീവിതകഥയെഴുതിയ പുസ്തകം. അറബിയും ഇംഗ്ലീഷുമറിയാത്ത എന്‍റെ കൈയില്‍ ആ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍. നന്ദി, ഹലാബ്. നീയെന്നെ തിരിച്ചയച്ചില്ലായിരുന്നെങ്കില്‍, എന്നും പ്രവാസിയായിരുന്നുവെങ്കില്‍, എനിക്ക് ആയിരക്കണക്കിനാളുകളെ പ്രത്യാശയുടെ ഗോപുരപ്പടികള്‍ കയറ്റിപ്പിക്കാന്‍ കഴിയുമായിരുന്നില്ലല്ലോ. നന്ദി.


Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 01:45 GMT
access_time 2024-11-25 02:15 GMT