നാലു വർഷത്തോളം ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ഗോൾവലയിൽ കാവൽക്കാരനായി നിൽക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തോളം വലുതൊന്നും ജീവിതത്തിലില്ല. രണ്ടു തവണ ഫെഡറേഷൻ കപ്പ് നേടിയ പൊലീസ് സംഘത്തിന്റെ മുഖ്യ ഗോൾകീപ്പറെന്ന പരിഗണന എന്നെ ദേശീയ ക്യാമ്പിലെത്തിച്ചു. 1991ൽ തിരുവനന്തപുരത്ത് നടന്ന നെഹ്റു കപ്പ് അന്താരാഷ്ട്ര ടൂർണമെന്റിന്റെ ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ രണ്ടാം ഗോൾകീപ്പറായി കെ.ടി. ചാക്കോ എന്ന പേരുണ്ടാക്കിയിരുന്നു. ബംഗാളിൽനിന്നുള്ള ദേബാശിഷായിരുന്നു ഒന്നാം...
നാലു വർഷത്തോളം ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ഗോൾവലയിൽ കാവൽക്കാരനായി നിൽക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തോളം വലുതൊന്നും ജീവിതത്തിലില്ല. രണ്ടു തവണ ഫെഡറേഷൻ കപ്പ് നേടിയ പൊലീസ് സംഘത്തിന്റെ മുഖ്യ ഗോൾകീപ്പറെന്ന പരിഗണന എന്നെ ദേശീയ ക്യാമ്പിലെത്തിച്ചു. 1991ൽ തിരുവനന്തപുരത്ത് നടന്ന നെഹ്റു കപ്പ് അന്താരാഷ്ട്ര ടൂർണമെന്റിന്റെ ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ രണ്ടാം ഗോൾകീപ്പറായി കെ.ടി. ചാക്കോ എന്ന പേരുണ്ടാക്കിയിരുന്നു. ബംഗാളിൽനിന്നുള്ള ദേബാശിഷായിരുന്നു ഒന്നാം ഗോളി. സ്വന്തം കാണികൾക്കു മുന്നിൽതന്നെ ഇന്ത്യൻ ടീമിൽ എനിക്ക് അരങ്ങേറാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധ്യത കുറവായിരുന്നു. ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ വിശേഷിപ്പിക്കണമെന്നറിയില്ല. ദേബാശിഷിന് വയറിളക്കവും മറ്റ് ആരോഗ്യപ്രശ്നങ്ങളും വന്നു. ഫിറ്റ്നസില്ല എന്നായപ്പോൾ രണ്ടാം ഗോളിയായ എന്നെ ഇറക്കാൻ തീരുമാനിച്ചു.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽവെച്ച് തന്നെ കാക്കിക്കുപ്പായക്കാരനായ ഞാൻ ആദ്യമായി ഇന്ത്യൻ ജഴ്സിയണിഞ്ഞ് ഗോൾപോസ്റ്റിൽ നിന്നു. സാംബിയക്കെതിരായ മത്സരം ജയിച്ചു. റഷ്യ അന്ന് സോവിയറ്റ് യൂനിയനായിരുന്നു. അവർക്കെതിരെയൊക്കെ കളിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു. 1992െല സൂപ്പർ സോക്കർ സീരീസ്, 1993ലെ നെഹ്റു കപ്പ്, 1994 സാഫ് ഗെയിംസ് ഇന്ത്യൻ ടീമുകളിലും അംഗമാവാൻ കഴിഞ്ഞു. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഓരോ ക്യാമ്പും. ഇന്ത്യൻ ടീമിൽ മലയാളികൾ പ്രത്യേകിച്ച് പൊലീസുകാർ വാണ കാലം. 1994 ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി നടന്ന ക്യാമ്പ് രസകരമായ സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചു. വി.പി. സത്യൻ, ഐ.എം. വിജയൻ, യു. ഷറഫലി ഉൾപ്പെടെ ഒമ്പതു മലയാളികളുണ്ടായിരുന്നു. രണ്ടു മാസത്തെ ക്യാമ്പിലെത്തിയപ്പോൾ ഞങ്ങൾ ഒരു തീരുമാനമെടുത്തു. കേരളത്തിൽനിന്ന് വന്നവരെല്ലാം തല മൊട്ടയടിക്കുക. ഒരാഴ്ചക്കുശേഷം പക്ഷേ ക്യാമ്പ് പിരിച്ചുവിട്ടു. അത്തവണ ഇന്ത്യ ഏഷ്യൻ ഗെയിംസിൽനിന്ന് പിന്മാറിയിരുന്നു. ഇതോടെ, ഞങ്ങൾ ഒമ്പതു മൊട്ടകൾ ട്രെയിനിൽ നാട്ടിലേക്കു മടങ്ങി. അന്ന് അതൊരു കൗതുകക്കാഴ്ചയായിരുന്നു.
സന്തോഷക്കയറ്റങ്ങൾ; വിയോഗ നഷ്ടങ്ങൾ
1989 മുതൽ എട്ടു തവണ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചു. 1993ൽ കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. കേരളം തുടർച്ചയായി ഫൈനലുകൾ തോൽക്കുന്ന കാലത്താണ് ഞാനെത്തുന്നത്. രണ്ടു മൂന്നു തവണകൂടി അത് തുടർന്നു. കേരളത്തിനകത്തും പുറത്തും നിരവധി മത്സരങ്ങളിൽ സന്തോഷ് ട്രോഫി കളിച്ചു. ഇടക്ക് സന്തോഷ് ട്രോഫി ഏജ് ഗ്രൂപ്പാക്കി. കേരള സന്തോഷ് ട്രോഫിയുടെ ചരിത്രം പറയുമ്പോൾ തിളങ്ങിനിൽക്കുന്ന അധ്യായം 1992ലെ കോയമ്പത്തൂർ സന്തോഷ് ട്രോഫിയാണ്. വർഷങ്ങളുടെ കിരീടദാരിദ്ര്യത്തിന് അന്ത്യമിട്ട് കേരളം വി.പി. സത്യന്റെ നേതൃത്വത്തിൽ ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് ചരിത്രത്തിലേക്ക് പന്തടിച്ച ടൂർണമെന്റ്. ആ ടീമിൽ പക്ഷേ, ഞാനുണ്ടായിരുന്നില്ല. അത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളുടെ പട്ടികയിലേക്ക് ചേർത്തുവെക്കുന്നു. തൊട്ടുമുമ്പ് നടന്ന കൗമുദി ട്രോഫിയിൽ പരിക്കേൽക്കുകയായിരുന്നു എനിക്ക്. എയർബാൾ പിടിക്കാൻ വേണ്ടി ഉയർന്ന എന്റെ മേൽ സത്യൻ, സാജിത് തുടങ്ങിയവർ വന്നുപതിച്ചു. കാൽമുട്ടിന് പരിക്ക്.
ഡ്യൂട്ടിക്കിടെ സഹപ്രവർത്തകർക്കൊപ്പം
ശസ്ത്രക്രിയക്കു ശേഷം തിരിച്ചുവന്ന് പിറ്റേവർഷം കൊച്ചി സന്തോഷ് ട്രോഫിയിൽ കളിച്ചു. കുരികേശ് മാത്യുവിന് കീഴിലായിരുന്നു കേരളം. തുടർച്ചയായ രണ്ടാം തവണയും കപ്പ്. കോയമ്പത്തൂരിൽ കളിക്കാൻ കഴിയാത്തതിന്റെ സങ്കടം കുറച്ചൊക്കെ തീർക്കാനായി. ഫൈനലിൽ മഹാരാഷ്ട്രയെ 2-0ത്തിനാണ് തോൽപിച്ചത്. കേരള പൊലീസിൽനിന്ന് അഞ്ചുപേർ ആ ടീമിലുണ്ടായിരുന്നു. കുരികേശ്, ഷറഫലി, തോബിയാസ്, പാപ്പച്ചൻ പിന്നെ ഞാനും. കിരീടനേട്ടത്തിന്റെ ഫലമായി ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചു.
സത്യൻ, ലിസ്റ്റൻ, സി. ജാബിർ തുടങ്ങിയ സുഹൃത്തുക്കൾ ഇടക്ക് ഞങ്ങളെ വിട്ടുപിരിഞ്ഞു. ഇന്ത്യയുടെയും കേരളത്തിന്റെയും പൊലീസിന്റെയും ജഴ്സികളിലൊക്കെ ഞങ്ങൾക്കൊപ്പം കളംനിറഞ്ഞു കളിച്ച പലരുടെയും അനക്കമറ്റ ശരീരങ്ങൾ കാണാൻ വിധിയുണ്ടായി. 1985ൽ കേരളത്തിന്റെ ജൂനിയർ ക്യാമ്പിന് കണ്ണൂരിലെത്തുമ്പോൾ പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്നുണ്ട് സത്യൻ. അദ്ദേഹത്തിന്റെ പിതാവ് അവിടെ ഉദ്യോഗസ്ഥനായിരുന്നു. വൈകുന്നേരങ്ങളിൽ പ്രാക്ടിസ് സമയത്ത് സത്യൻ വന്ന് ഞങ്ങളെ സഹായിച്ചിരുന്നത് ഇപ്പോഴും മറക്കാനാവില്ല. പൊലീസിലെത്തിയപ്പോഴും ഊഷ്മള സൗഹൃദം തുടർന്നു. സത്യന്റെ ഷോട്ടുകൾ ഉഗ്രനായിരുന്നു. ഞാനുമായി ബെറ്റ് വെച്ച് പോസ്റ്റിലേക്കടിക്കും. പലപ്പോഴും സേവ് ചെയ്ത് ജയിക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. പാപ്പച്ചനും ഷോട്ടുകളുതിർത്ത് എന്നിലെ ഗോൾകീപ്പറെ ഏറെ സഹായിച്ചിട്ടുണ്ട്.
കഥ തുടരുന്നു
തിരുവനന്തപുരം പൊലീസ് ട്രെയ്നിങ് കോളജിലായിരുന്നു സർവിസ് തുടക്കം. ട്രെയിനിങ് കഴിഞ്ഞ് തിരുവനന്തപുരം സ്പെഷൽ ആംഡ് പൊലീസിലേക്ക്. പത്തനംതിട്ടയിൽ സബ്സിഡിയറി സെൻട്രൽ പൊലീസ് കാന്റീൻ മാനേജറായ കാലത്തെ പ്രവർത്തനങ്ങൾക്ക് മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സംതൃപ്തിയും അഭിനന്ദനവും കിട്ടി. മലപ്പുറം എം.എസ്.പി, തൃശൂർ പൊലീസ് അക്കാദമി, അഡൂർ കേരള ആംഡ് പൊലീസ് ബറ്റാലിയൻ 3 തുടങ്ങിയവയിലെ സേവനങ്ങൾക്കു ശേഷം കേരള ആംഡ് പൊലീസ് ബറ്റാലിയൻ 5 കുട്ടിക്കാനത്തുനിന്ന് െഡപ്യൂട്ടി കമാൻഡന്റായാണ് 2020 മേയ് 30ന് വിരമിക്കുന്നത്. 20 തവണയോളം സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമായി പരേഡ് കമാൻഡറുടെ ചുമതല വഹിച്ചു. സ്റ്റേറ്റ് പൊലീസ് ഫെയർവെൽ പരേഡിലും പരേഡ് കമാൻഡറായിട്ടുണ്ട്. 2011ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, 2017ൽ പ്രസിഡന്റ്സ് ഗോൾഡ് മെഡൽ, 2017ൽ മികച്ച സേവനങ്ങൾക്ക് ഡി.ജി.പിയുടെ കമൻഡേഷൻ ഡിസ്ക് തുടങ്ങിയവ ലഭിച്ചു. കേരളത്തിനും പൊലീസിനും വേണ്ടി കളിക്കുമ്പോൾ പലതവണ ദേശീയതലത്തിൽ മികച്ച ഗോൾകീപ്പറായി. മികച്ച ഫുട്ബാൾ താരത്തിന് കേരള ഫുട്ബാൾ അസോസിയേഷൻ നൽകുന്ന പുരസ്കാരത്തിനും ജി.വി. രാജ കായിക പുരസ്കാരത്തിനും അർഹനാവാൻ കഴിഞ്ഞു.
കെ.ടി. ചാക്കോ കുടുംബത്തോടൊപ്പം
2017ൽ ഇന്ത്യയിൽ അണ്ടർ 17 ലോകകപ്പ് നടന്നപ്പോൾ സ്പെയിൻ ടീമിന്റെ ലെയ്സൺ ഓഫിസറായി. സർവിസിലിരിക്കെ ക്രമസമാധാനപാലന ചുമതലയുമുണ്ടായിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ടു. 2006ൽ പമ്പ മെസ് ഓഫിസറായി സ്തുത്യർഹ സേവനം കാഴ്ചവെക്കാനും കഴിഞ്ഞു. സർവിസിലിരിക്കെത്തന്നെ യുവാക്കൾക്ക് ട്രാഫിക് ബോധവത്കരണ ക്ലാസുകൾ, കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം തുടങ്ങിയവ നൽകിവന്നിരുന്നു. വിരമിച്ചശേഷവും പരിശീലനരംഗത്ത് തുടരുന്നു. ഖത്തർ ലോകകപ്പ് പ്രമാണിച്ച് കേരളസർക്കാർ സംഘടിപ്പിക്കുന്ന 'വൺ മില്യൻ ഗോൾ' കാമ്പയിന്റെ അംബാഡസഡറാണിപ്പോൾ. കുടുംബത്തെക്കുറിച്ച് കൂടി പറഞ്ഞ് തൽക്കാലത്തേക്ക് നിർത്താമെന്ന് തോന്നുന്നു. ജീവിതസഖി റെജി അധ്യാപികയാണ്. മകൾ ശ്രേയ ആൻ ചാക്കോ ദന്തഡോക്ടറാണ്. ഇപ്പോൾ എം.ഡി.എസ് ചെയ്യുന്നു. മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ് മകൻ റോഹൻ ജിയോ ചാക്കോ. ഫുട്ബാൾ കമ്പക്കാരനും താരവുമായ റോഹൻ ഇപ്പോൾതന്നെ പരിശീലനത്തിലും റഫറിയിങ്ങിലും ഒരു കൈ നോക്കുന്നുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷവും അഭിമാനവുമാണ് തോന്നുന്നത്. ഒരുകാലത്ത് ഇന്ത്യൻ ഫുട്ബാൾ ടീമിൽ കേരളത്തിനും കേരള പൊലീസിനും വലിയ മേധാവിത്വം ഉണ്ടായിരുന്നു. ആ നാളുകളുടെ പ്രതിനിധിയായ എനിക്ക് വർത്തമാനകാലവുമായി ചേർത്തുവെക്കാൻ ശ്രമിക്കുമ്പോൾ ചെറിയ പ്രയാസം തോന്നുക സ്വാഭാവികം. സുവർണകാലത്തേക്ക് നമ്മൾ തിരികെ പറക്കട്ടെയെന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാർഥിക്കുന്നു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.