ആത്മകഥ ഒരു ജന്മത്തിന്റെ ഓർമകൾ

മലയാളത്തിലെ മുതിർന്ന കവിയും വിവർത്തകനും എഴുത്തുകാരനുമായ ദേശമംഗലം രാമകൃഷ്​ണ​ന്റെ ജീവിതമാണ്​ ഇത്​. കാവ്യത്തി​ന്റെ ചാരുതയിൽ അദ്ദേഹം അനുഭവങ്ങൾ നിരത്തുന്നു. ആത്മകഥയുടെ രണ്ടാം ഭാഗം.അഞ്ച്: മുരണ്ടൂ രാത്രികൾ അച്ഛന്റെയറയിൽഅച്ഛന്റെ മണം അച്ഛന്റെ നിഴൽ. പുളിമാവിനോടൊപ്പം കത്തിത്തീർന്നില്ലാ നിഴൽമണം, അരയിലൊറ്റത്തോർത്ത് കോണകവാൽനിഴൽ കൈയിലൊരു പച്ചില -വരച്ചൂ ഉണ്ണിയച്ചിത്രം. ഉണ്ണിക്കു കൊട്ടാൻ പാടാൻ തുടിയും തുടിക്കോലുമായ് വന്നൊരു കാലം പോയി. ഉണ്ണിയാറാം വയസ്സിലും മുലപ്പാലുണ്ടു, പള്ളിക്കൂടം വിട്ടുവന്നമ്മയുടെ മടിയിൽ കേറും ചെന്നിനായകക്കയ്പുമവനു മധുരിച്ചു. കൈയിൽ...

മലയാളത്തിലെ മുതിർന്ന കവിയും വിവർത്തകനും എഴുത്തുകാരനുമായ ദേശമംഗലം രാമകൃഷ്​ണ​ന്റെ ജീവിതമാണ്​ ഇത്​. കാവ്യത്തി​ന്റെ ചാരുതയിൽ അദ്ദേഹം അനുഭവങ്ങൾ നിരത്തുന്നു. ആത്മകഥയുടെ രണ്ടാം ഭാഗം.

അഞ്ച്: മുരണ്ടൂ രാത്രികൾ

അച്ഛന്റെയറയിൽ

അച്ഛന്റെ മണം അച്ഛന്റെ നിഴൽ.

പുളിമാവിനോടൊപ്പം

കത്തിത്തീർന്നില്ലാ നിഴൽമണം,

അരയിലൊറ്റത്തോർത്ത്

കോണകവാൽനിഴൽ

കൈയിലൊരു പച്ചില -വരച്ചൂ

ഉണ്ണിയച്ചിത്രം.

ഉണ്ണിക്കു കൊട്ടാൻ പാടാൻ

തുടിയും തുടിക്കോലുമായ്

വന്നൊരു കാലം പോയി.

ഉണ്ണിയാറാം വയസ്സിലും മുലപ്പാലുണ്ടു,

പള്ളിക്കൂടം വിട്ടുവന്നമ്മയുടെ മടിയിൽ കേറും

ചെന്നിനായകക്കയ്പുമവനു മധുരിച്ചു.

കൈയിൽ സോഡാപ്പൊടി

മണക്കുന്നുണ്ടുണ്ണീ

കുരുവിനീലം3 മണക്കുന്നുണ്ടുണ്ണീ

മേലാകെ നാറുന്നുണ്ടു വിഴുപ്പുകൾ

ആരൊക്കെയോ എൻ നെഞ്ചത്തു

കേറിമറിഞ്ഞതാണുണ്ണീ

മാറിപ്പോ, മാറിപ്പോ

ഞാനൊന്നു കോരിക്കുളിച്ചു വന്നോട്ടെ.

അമ്പലക്കുളമുണ്ടെങ്കിലും

നമുക്കു കുളിക്കാനാരും കടവു തരില്ലുണ്ണീ

തൊഴുവാൻ അമ്പലമുണ്ടെന്നാലും

നടയ്ക്കൽ ചെല്ലാൻപോലും

നമുക്കില്ലവകാശം.

തേക്കുകുട്ടകൾ മുങ്ങിപ്പൊന്തും കുഴിയിലേ

മൂവട്ടം മുങ്ങിനിവരാനത്രയ്ക്കു നീരുമില്ലല്ലോ.

പുഴയുണ്ടെന്നാലതു

പുഴുപോലിഴച്ചിലാണ്

മണലുകോരി കാശാക്കി കമ്പനിക്കാർ

നമുക്കു തന്നൂ കൊടുംദാഹം.

ആവിയിൽ പുഴുകിയ വിഴുപ്പുഭാണ്ഡങ്ങൾ

ചിനയ്ക്കുന്നൂ രാത്രിയിൽ

തമ്പ്രാന്റെ തലേൽക്കെട്ടും വേഷ്ടിയുണ്ടതിൽ

തമ്പ്രാട്ടിച്ചേലകളുണ്ടതിൽ

കുയ്യുകുയ്യായി

മേടിച്ചുകൂട്ടിയൊരെത്രയോ

ചോരക്കറക്കൂട്ടങ്ങളുണ്ടതിൽ.

തിരികെ കൊടുക്കുമ്പോൾ

ഇനം മാറാതെ നോക്കണം

തുണിമാറിയാൽ

ആൾക്കാരുടെ മട്ടുമാറും.

ഓരോ വീട്ടുവിഴുപ്പിൻ തുമ്പിലും

ചേരിൻ കുരുവിൻ ചറത്താൽ

ഓർമയെ പുള്ളികുത്തണം.

ചേരിൻ പകയാലെത്ര വട്ടം

തിണർത്തു വീർത്തു

താന്നി4യെ കെട്ടിപ്പിടിച്ചെത്ര നാളുകൾ പോക്കി.

പിന്നെപ്പിന്നെ

ചേരിനും സ്‌നേഹം തോന്നി

പകയ്ക്കാതായിന്നോളവും.

എങ്കിലും മായാത്ത മറയാത്തൊരാ ചേരിൻ

കറയാലടയാളപ്പെട്ടു ജീവിതം.

അവൾക്കുറക്കമില്ല

വെറുതെ നിനച്ചോരോ കാലങ്ങളെ

കെട്ടഴിച്ചുവിടുമവൾ,

അവ പൊതിരെത്തല്ലുമവളെ

കണ്ണുരുട്ടിക്കാട്ടും

‘‘പിന്നോട്ടുപാഞ്ഞോ’’

എന്നാർത്തുവിളിക്കുമ്പോൾ

മുന്നോട്ടുതന്നെയെന്നാണവൾ.

മുരണ്ടൂ രാത്രികൾ

പായയിൽകിടന്നേങ്ങിവലിച്ചൂ

ഞെട്ടിയുണർന്നൂ പലവട്ടം.

ജീവിച്ചിരുന്നപ്പോൾ

തൊട്ടു തലോടിയോർ പിന്നെ

മണ്ണുമൂടിപ്പുതച്ചു വികൃതജന്മങ്ങളായ്

പരുന്തുകളായ് ചിലപ്പോൾ

കാട്ടുമാക്കാന്മാരായ്

ചിലപ്പോൾ തീരാത്ത മോഹങ്ങളുടെ

പ്രേതരൂപരായ്

വീടിനുചുറ്റും മണ്ടിപ്പാറുകയാവാം.

ഒച്ചകളായി കറുത്ത രാത്രികൾ

കാലിൽ ചുറ്റിവരിയുമ്പോൾ

കാമങ്ങളാടിത്തിമിർക്കുവോർ

ആശകളൊടുങ്ങാതെ

കതകുകൾ തട്ടിവിളിക്കെ

ഉറങ്ങുവതെങ്ങനെ.

അഴികൾക്കിടയിലൂടെ

തെക്കേ വളപ്പിലേയ്ക്കു നോക്കുമ്പോൾ

വാഴക്കൈയാകിലുമവ

മാടിവിളിക്കയാണെന്നൊരേ തോന്നൽ,

കുട്ടികളെയകിട്ടിൽ ചേർത്ത്

ഉറക്കമിളച്ചവളിരിക്കും.

കൈത്തണ്ടിലെ രോമങ്ങൾ

കാണാൻ പാകം പരൽവെട്ടം

വന്നു തട്ടുമ്പോൾ

മിറ്റത്തെ പുൽനാമ്പുകൾ

കാണാൻ പാകം പകൽവെട്ടം

വന്നുതട്ടുമ്പോൾ

ചൂലെടുത്തകായയിൽ

കോലായയിൽ കുപ്പനീക്കി

മിറ്റത്തെ പൂഴിമണ്ണിൽ

കുട്ടിക്കാല പദശിൽപങ്ങളായ്

കിടക്കുമോർമകൾ തൂത്തുവാരി

ഒറ്റയ്ക്കവളിരിക്കും.

 

ദേശമംഗലം രാമകൃഷ്ണൻ യുവാവായിരുന്നപ്പോൾ

ആദിത്യഭഗവാനെ തൊഴുതവൾ

എഴുന്നേൽക്കും

പുഴുക്കിയ തുണിക്കെട്ടവൾ പരതും

കാരത്തിൻ കെട്ട നാറ്റത്തിൽ

ജന്മത്തെയുണർത്തും

ജീവിക്കാനുള്ള കൊതിയെ

ആകാശത്തോളം പൊക്കിവെയ്ക്കും.

രക്തത്തിൻ ദാഹാർത്തി തീർക്കുവാൻ

കാലത്തേ പഴഞ്ചുമർമണ്ണിളക്കി

ഒരു കട്ട നുണയും

ഇത്തിരി മടിശ്ശീലയിലും കരുതും.

പിന്നെയത്തുണിക്കെട്ടുമേറ്റി

പുത്തൻകുളത്തിലേയ്ക്ക്-

തന്റെ കല്ലവിടെ കാത്തിരിപ്പൂ.

തേഞ്ഞാലും തേഞ്ഞാലും

പിന്നെയും വളരുന്ന കല്ലിൻമേൽ

ആഞ്ഞുതല്ലിയലക്കുമ്പോൾ

കാത്തിരിക്കും കൂടെവന്ന ചിത്തിരകൾ

കൂടെ വന്ന കാക്കകളും,

കൂട്ടത്തിൽകൂടാതൊറ്റയ്ക്കു

കാത്തിരിക്കുമുണ്ണിക്കുട്ടൻ.

തലമോളിൽ സൂര്യൻ വന്നു

തർപ്പണം ചെയ്താലും, അവൾ

തല തല്ലി, നെഞ്ചുപിളർന്നാലും,

പണിതീർക്കും.

തിരിച്ചെത്തി

നീലക്കഞ്ഞിവെള്ളത്തിൽ

മുക്കിയൊലുമ്പിപ്പിഴിഞ്ഞ്

വരിവരിയായി നീർത്തി

തോരിയിട്ടുണക്കുമ്പോൾ

കൊടുംപിരിയാവും മനം.

ആൾക്കാർ വന്നു

വട്ടംചുറ്റും മഴക്കാലം

വീട്ടിലേയ്ക്കു കയറിയാൽ

ഈറ വരുമീറൻകാലം.

ഒരു വെയിലിനുവേണ്ടി

പ്രാർഥിക്കുമവളപ്പോൾ

ഒരു വെയിൽ

ഒരുമയിൽ ചിലപ്പോൾ വന്നുകേറും.

പാതി കുതിർന്നവ

പാതിയുണങ്ങിയവ

കൊണ്ടുപോയിക്കൊടുക്കുമ്പോൾ

കരിമ്പൻപുള്ളികൾ കുത്തീ ചിലത്,

പൊറുക്കണേ, ഇരന്നവൾ.

ആടിനെ മേയ്ച്ചു നടന്നകാലത്തെ ശീലുകൾ

ചോടുകൾ വച്ചാടിയ കാലം നട്ടുവൻ ചൊല്ലിത്തന്ന

ചിന്തുകൾ മൂളിമൂളി

അവളിരിക്കും ചിലപ്പോൾ,

ഇരിക്കാൻ നേരമില്ല

ധൃതിയിലെഴുന്നേൽക്കും

കാവിലെ പൂരമാണ്

കൊടിയേറ്റമായ്

ദേവിക്കു തിരുവസ്ത്രം ഞൊറിയണം

എത്ര ശുദ്ധിവരുത്തിയാലും

ശുദ്ധിയായില്ലെന്ന തോന്നൽ

എങ്കിലും തിരുവാട

മെടഞ്ഞവളർപ്പിക്കുമ്പോൾ

തന്നെത്തന്നെ തിരതിരയായ്

തെറുത്ത്

തങ്കലർപ്പിക്കയാണെന്നൊരു

തോന്നലേ ധന്യം ധന്യം

തന്നെത്തന്നെയിതളിതളായ്

മെനഞ്ഞ്

തങ്കലർപ്പിക്കയാണെന്നൊരു

തോന്നലേ ധന്യം ധന്യം.

എന്നാലുമെന്നാലുമൊരു

വ്രണമുള്ളിൽ കനക്കുന്നു

എന്തിതു ഭഗവതിയേ.

വഴിതെറ്റി മുറതെറ്റിയകന്നുപോയ്

എനിക്കുള്ളോർ

എന്തിതു ഭഗവതിയേ.

===========

3. നീലത്തിന്റെ പെട്ടി - കുരുവിയുടെ ചിത്രമുള്ളത്

4. ചേരിന്റെ പക മാറാൻ താന്നിമരത്തെ കെട്ടിപ്പിടിച്ചാൽ മതി

എന്നു വിശ്വാസം.

ആറ് : ഉണ്ണി

സമ്മന്തക്കാർ, പെങ്ങന്മാർ, ശൈശവങ്ങൾ

നിറഞ്ഞൂ ഇടനാഴിയിൽ

ഈറ്റുനിലമായ്

മഞ്ഞൾക്കിണ്ണമായ് പേറ്റുതുണിയായ്

മണങ്ങൾ പെരുത്തൂ.

പെൺകുഞ്ഞുങ്ങളെ നിറയെത്തന്നൂ ദൈവം

ചിലവ ചാപിള്ളയായ്.

അടുക്കളയടുപ്പു പുകയാതായ്

അരിയില്ലാതായ്

അഹമ്മതിക്കു കുറവില്ലാതായ്.

ഇന്നലത്തെ കഞ്ഞിവെള്ളം

ബാക്കി വല്ലതുമുണ്ടോ, തിരഞ്ഞൂ നീ.

ആർക്കില്ലെങ്കിലും നിനക്കിത്തിരി

വറ്റും വെള്ളവും നീക്കിവെച്ചിരിക്കും ഞാൻ.

പൊടിമീശക്കാരനായ്

പുറത്തുപോയി കൊടിപിടിച്ചു നീ

കലങ്ങിമറിഞ്ഞു വരുന്നേരം

തരുവാനില്ലിറ്റു നിനക്കായ്

അങ്ങനെ കഴിഞ്ഞൊരക്കാലങ്ങൾ

ഓർക്കുന്നു ഞാൻ.

മണ്ണെണ്ണവിളക്കിന്റെ പുക കുടിച്ചു

രാവുകൾ വെളുപ്പിച്ചു വായിച്ചുകൂട്ടി

ചുമരിലെഴുതിവെച്ചു നീ

‘നീ ശ്രമിച്ചില്ലെങ്കിൽ നിനക്കു നഷ്ടപ്പെടും’

അറിഞ്ഞീല ഞാനന്നതിൻ പൊരുൾ.

മുകളിലേയ്‌ക്കൊരു

കോണിയുണ്ടവിടെ നിൻ ഏറുമാടം.

മുത്തച്ഛനെ കുടിയിരുത്തിയ മച്ചകം

മുത്തച്ഛന്റെ പീഠമുണ്ടവിടെ

മുത്തച്ഛന്റെ ഗദയുണ്ടവിടെ

മുത്തച്ഛൻ വായിച്ചിട്ട രാമായണമുണ്ടവിടെ.

താഴത്തെ നരകം ചവിട്ടിക്കേറി

വേവുന്ന മനസ്സിന്റെ നാറുന്ന കുലത്തിന്റെ

വേദന കുറിച്ചൂ നീ.

കവിയാവുകയാണു നീയെന്നു ഞാൻ കരുതീല

ഇടക്കിടെ പട്ടിണി കിടക്കിലും പാടിത്തന്ന

ശീലുകൾക്കു താളം പിടിച്ചു നീ.

രാമൻ പോയിട്ടും പിന്നെയും ജീവിക്കുന്ന

സീതയെപ്പറ്റി കേട്ടിട്ടുണ്ടോ നീ

വല്ല പാട്ടിലും.

എത്ര ദുർഘടങ്ങൾ ചവിട്ടിക്കടന്നൂ നീ

പത്താംക്ലാസ് ജയിക്കുവാൻ.

പള്ളത്തെ നമ്പ്യാരുടെ കട

നീയോർക്കാതിരിക്കില്ല

അവിടത്തെയലക്കു കാശുമവരുടെ സൗജന്യവും

നിനക്കു ദോശയായ്

എന്തൊരു രുചിയാണതിനെന്നു

പറയാറുണ്ടു നീ പലപ്പോഴും,

അതാണു മകനേ കാരുണ്യം

അതൊക്കെ മറന്നാകിൽ

മനുഷ്യരാകില്ല നമ്മൾ.

പട്ടിണി കിടക്കിലും ചിരിക്കാൻ മറക്കായ്ക

പട്ടിണിയറിയുവോരെ മാനിക്കാൻ മറക്കായ്ക.

ഇന്നില്ല നമ്പ്യാർപള്ളം,

ഇന്നില്ല ഭാരതപ്പുഴ-

എന്നെങ്കിലുമതു പൊന്തിവന്നേയ്ക്കാം.

നിന്നെയുമൊക്കത്തേറ്റി

നിലനോക്കി നിലയുറപ്പിച്ച്

അക്കരെ മുണ്ടായക്കു പോയതുമോർക്കുന്നു

തീവണ്ടിപ്പാച്ചിലിൻ പാലം കണ്ടു നീ

അന്തംവിട്ടു നിന്നതുമോർക്കുന്നേൻ.

ദാഹിക്കുമ്പോൾ ചെന്ന വീട്ടുകാരൊക്കെയും

തന്നൂ സംഭാരവെള്ളം.

ഉള്ളവരായിരുന്നൂ പല വീട്ടുകാരും

ഉള്ളു തുറക്കുവോരായിരുന്നു

ഇല്ലാത്തോരായിരുന്നൂ പല വീട്ടുകാരും

എങ്കിലുമവർക്കും

വെളുപ്പിച്ചുകൊടുക്കാതിരിക്കൊലാ.

‘മാൻമാർക്കു കുട’5യെന്നു

വായിക്കാൻ പഠിപ്പിച്ചോൾ പാർക്കുന്നിടം

നിൻകൂടെ പഠിക്കുവോരുണ്ടായിരുന്നു,

അകറ്റീലവർ നിന്നെ

അവരോടൊത്തു കളിച്ചുനടന്നു നീ.

അലക്കാൻ തുണികിട്ടുമ്പോൾ

തിരയും നീ,

നിനക്കു പാകമായതിൽ

വല്ലതുമുണ്ടോ.

അങ്ങനെ പാടില്ലെന്നു പറയാനെനിക്കും

തോന്നീലുണ്ണീ,

എങ്കിലുമൊരു നാളിൽ

ആരുടെയോ ഷർട്ടിട്ടാണു നീ

സ്‌കൂളിൽ പോയി,

വഴിക്കുവെച്ചുതന്നെ

ഉടമസ്ഥനതഴിച്ചെടുത്തൂ

നിനക്കു തല്ലും കിട്ടി, പിന്നെ

ആ പടിവാതിലുമടഞ്ഞൂ.

ആരിതിൽ ചോദിക്കുവാൻ

ആർക്കുണ്ട് സമാധാനം

കരിന്തേളിൻ കുത്തലാണതോർക്കുമ്പോൾ.

എൻ നെഞ്ചിലൂടെ കയറിപ്പോയ്

ഷൊർണൂരിലെ തീവണ്ടികൾ

എന്നിട്ടും ജീവിച്ചു ഞാൻ മകനേ നിനക്കായി,

എൻ നെഞ്ചുകേറിമറിഞ്ഞൂ

അത്യാർത്തിക്കാർ

എനിക്കാവില്ല

മറുത്തൊന്നും പറയുവാൻ.

എങ്കിലുമെന്നുണ്ണിയെ

ഒരു കുപ്പായത്തിൻ പേരിൽ

തല്ലുകൊള്ളിച്ചൊരു കാലം

മറക്കാനാവില്ലെടോ.

കോളേജിൻ പടികേറുവാൻ

മോഹിച്ചപ്പോൾ-

‘‘ഹോ, നീയാണിനി

കലക്ടറുദ്യോഗക്കാരൻ!

നീയൊക്കെപ്പഠിച്ചിട്ടെന്തിന്?

കുലത്തൊഴിൽ നോക്കെടാ,

എൻ വടക്കോറത്തു വന്നാൽകിട്ടും

പഴങ്കഞ്ഞിയല്ലേ നിനക്കുള്ളൂ’’

പറഞ്ഞൂ പലരുമിങ്ങനെ,

നാലുകാതൻ എട്ടുകാതൻ

ചരക്കുള്ള വീട്ടുകാർ.

എങ്കിലും ‘നിനക്കു ഞാൻ തരാം കാശ്

നാളെ വാ’ എന്നു പറഞ്ഞോരകത്തമ്മ

വാക്കു മാറ്റിയിട്ടും

നിനക്കെങ്ങനെ കഴിഞ്ഞൂ മകനേ

അകലെ ചിറ്റൂരിലെ

കോളേജിൽ പഠിക്കുവാൻ.

കനവായിരുന്നത്

കനിവാൽ വളർത്തിത്തന്ന

ദൈവാനുഗ്രഹമോർത്തെൻ

മനസ്സു നടുങ്ങുന്നു.

അക്കരെ പട്ടാമ്പിയുണ്ടെന്നറിഞ്ഞൂ പിന്നെ

അക്കരയ്ക്കു നടന്നൂ നീ ചോറ്റുപാത്രവുമായി

തുണ്ടുപുസ്തകവുമായി

ഒരേ വസ്ത്രമോടിയിൽ.

ശിവന്റെ ഇല്ലത്തുനിന്നും

വയർനിറച്ചുണ്ടൊരു കാലം

ശിവന്റെ ചങ്ങാത്തത്തിൽ

മനം നിറഞ്ഞൊരു കാലം

പറയാറുണ്ടു നീ മകനേ,

ബില്ലു വന്നതിനാൽ മിച്ചഭൂമി പോയ്

പഠിപ്പുനിർത്തി

ഇല്ലത്തുപണിക്കാരനായൊരക്കുട്ടി

തന്നൊരു കനിവിനായ് - ഇതെൻ തോറ്റം.

അവനോളം ബുദ്ധിമാനല്ല നീ

അവനെക്കണ്ടേ പഠിച്ചൂ നീ,

നനയില്ലാതെ നിലാവേൽക്കാതെ

ചൊട്ടപൊട്ടാത്ത

തെങ്ങായ് നിന്നൊരവനായ്

ഇതെൻ സങ്കടത്തോറ്റം.

‘അരുണന്റെ ശോഭ പരന്നതിനാൽ

ഇരുളിന്റെ കർട്ടൻ കരിഞ്ഞുപോയി’

- എനിക്കു വായിക്കാനറിയില്ലെങ്കിലും

നീയെഴുതിച്ചൊല്ലിക്കേൾപ്പിച്ചപ്പോൾ

മുന്നിൽ വെളിച്ചം പരക്കുന്നതായ്

എനിക്കും തോന്നി,യെങ്കിലും

എന്തൊരെഴുത്താണിത്?

സ്‌കൂളിലെ നാടകത്തിന്

കർട്ടൻ കണ്ടിട്ടുണ്ട്

ഒന്നിനും മറ്റൊന്നിനുമിടയ്‌ക്കൊരു

മറയാണതെന്നുമറികയാൽ

എനിക്കും ബോധ്യം വന്നു,

എങ്കിലും ചുറ്റുമിരുട്ടായിരുന്നു

ആശിക്കയായിരുന്നു നീ

വെളിച്ച,മെന്നറിഞ്ഞൂ ഞാൻ.

തൊള്ള തുറന്നുറക്കെപ്പാടണമെന്നു

കൈകൊട്ടിക്കളി പഠിച്ചപ്പോളെനിക്കറിയാം

നീയോ പതിഞ്ഞ താളത്തിൽ പരുങ്ങുന്നു

നിനക്കൊരീഷലുണ്ടെന്തിലും

മൗനമുണ്ടെന്തിലും

നീയൊഴിഞ്ഞുനിൽക്കുന്നൂ

നീയൊറ്റയ്ക്കാകുന്നു

തിക്കിലും തിരക്കിലും.

ഇങ്ങനെയായാൽ

എന്തുനേടും നീയെന്നു ഞാൻ ശങ്കിച്ചാലും

ഇങ്ങനെയാവുന്നതേ

ശാന്തിയെന്നറിഞ്ഞൂ നീ.

കൂട്ടുകാരില്ലാതെ നീ വളർന്നൂ

കൂട്ടിനു ഞാൻ മാത്രമായ്

മരം കേറാനറിഞ്ഞില്ല

നീന്താൻ പഠിച്ചീല നീ

രണ്ടു കൊട്ടത്തേങ്ങയും കെട്ടി

നീന്താൻ പലവട്ടം പാടുപെട്ടെങ്കിലും

നീയെത്ര വെള്ളം കുടിച്ചൂ, പിന്നെ

അകം നൊന്തു

നിന്നെ വെള്ളത്തിലേക്കിറക്കാതായ്.

പുറശ്ശേരിക്കടവിലെ

കയത്തിൽ മുങ്ങിപ്പോയ നിന്നെ

പുറത്തേയ്‌ക്കെടുത്തു

ജീവൻവെപ്പിച്ചു തന്ന ദൈവമേ നന്ദി.

എന്നിട്ടും പിൻവാങ്ങാതെയാ

കൊടിയേന്തി നീ കുതിച്ചതും

തിരുവായ്കളെ എതിർത്തതും

എനിക്കിന്നുമത്ഭുതം.

വായനശാല നിനക്കമ്പലം

ഒഴിവുകാല സ്‌കൂൾ വരാന്ത നിനക്കു

വായനത്താവളം.

ഇടയ്ക്കു നീ വന്നുകേറും

നരകക്കരച്ചിൽ കേട്ടു

ചെവിപൊട്ടി നീ ഏറുമാടത്തിലെത്തും

ഇടയ്ക്കു നീയിറങ്ങിപ്പോകും

കേൾക്കാം പിന്നെ നിന്നൊച്ച

പിന്നാമ്പുറപ്പാതയിൽ നീങ്ങും ജാഥയിൽ.

റങ്ക്‌ള്ളോളെന്ന് റംല പറയുന്നതു കേട്ടിട്ടുണ്ട്

നിനക്ക് റാങ്കുണ്ടെന്ന് നടാടെ കേട്ടൂ

അതിൻ പോട്ടം നീ കാട്ടിത്തന്നൂ,

പിന്നീടെപ്പൊഴോ

പൂച്ചെടി6യുടെ പോട്ടവും കാട്ടിത്തന്നൂ

അതിശയപ്പെട്ടൂ ഞാനെല്ലാറ്റിലും.

ഇടയ്ക്കു നീയേതോ കുട്ടേട്ടന്റെ

കാർഡുകൾ കാട്ടിത്തന്നൂ,

നീയയച്ചിരിക്കാം നിൻ കൈക്കുറ്റപ്പാടുകൾ

ചിലപ്പോൾ ആഴ്ചപ്പതിപ്പ് വിടർത്തി നീ

കാട്ടിത്തന്നൂ നിന്റെ മോഹങ്ങൾ

ചൊല്ലിക്കേൾപ്പിച്ചൂ നീ.

വെട്ടിത്തിരുത്തി മടക്കിയയച്ചതൊക്കെയും

കാട്ടിത്തന്നൂ, ഇടക്കിടെ വരും നിൻ കവിതകൾ

ചില മാസം വരും മണിയോർഡർ പത്തുരൂപ.

ആരായിരിക്കാം നിന്നെയറിയാതറിയുമാ കുട്ടേട്ടൻ

ആരാകിലും തുണച്ചൂ ദുരിതത്തിൽ.

ഡോക്ടറായെന്നു നീ പറഞ്ഞപ്പോൾ

എന്തുപറയേണ്ടൂ, നടുങ്ങീ ഞാൻ

പദവും പാട്ടും കഥയും വക്കാണിച്ച

വിരുതക്കാരൻ പേറെടുക്കുമോ.

അത്യാസന്ന നിലയിൽ പെട്ടൊരാൾക്കു

നിന്നെക്കൊണ്ടെന്തു കാര്യം മകനേ.

ചിരിപൊട്ടുന്നുണ്ടിപ്പൊഴും

ഓർക്കുന്നു ഞാൻ-

മുണ്ടത്തെ രാധമ്മ

വായിലെ കുരുപ്പും പുണ്ണും കാട്ടി

നിൻവഴി തടഞ്ഞുനിന്നത്,

കുഴൽവെച്ചു നോക്കിക്കാൻ പലരും

നിന്നെത്തേടി വന്നത്.

ഓർമയൊന്നും

വഴിക്കുവഴിയല്ല വരുന്നതു മകനേ

വെറുതെയന്തിയിലിരുന്ന്

ഓരോന്നു നിനയ്ക്കയാം.

ഒലിച്ചിയണക്കെട്ട് കെട്ടിയ

സായ്പിനെയോർക്കുന്നു ഞാൻ

ഒലിച്ചിക്കടവിലെ

കൃഷ്ണനെയോർക്കുന്നേൻ.

കൃഷ്ണന്റെ മകൻ കുമാരൻ നിനക്കു ചങ്ങാതി

വിശന്നു നീ ചെല്ലുമ്പോൾ

കുമാരൻ പെട്ടിയിൽനിന്നും

ചില്ലറയെടുത്തു നിൻ കീശയിൽ വെയ്ക്കും.

പുട്ടും കടലയും തരും കൃഷ്‌ണേട്ടൻ,

കൃഷ്‌ണേട്ടന്റെ കാശുതന്നെ

കൃഷ്‌ണേട്ടനു നീ കൊടുക്കുമ്പോൾ

ഒരു കള്ളച്ചിരിയോടെ നിൽക്കും കുമാരൻ.

അതുമൊരു കുറ്റാക്കുറ്റിരുട്ടിലെ വെളിച്ചം

അതോർക്കാതിരുന്നാൽ നീ മനുഷ്യനാവുമോ.

തന്ന കാശിനും തിന്ന ചോറിനും

നന്ദിയുണ്ടാവണം

അതൊരു വാക്കിലൊതുങ്ങില്ല മകനേ.

അതു വീട്ടാനാവില്ല, തിളയ്ക്കണം

മധുരിക്കും വേദനയായതുള്ളിൽ.

അച്ഛനില്ലാത്തതിന്റെ

കുറവു നികത്തി,

അച്ഛന്റെ തൽസ്വരൂപം നീ.

ദേശത്തെ പൂരത്തിനും

പാനയ്ക്കും കാവിൽ പാമ്പുംതുള്ളലിനും

തിരുവാട മെടഞ്ഞൂ നീ

നെൽപറയിൽ വിടർത്തിവെച്ചൂ

തെങ്ങിൻപൂക്കുലയാൽ നിറം ചാർത്തി

തുള്ളും പെൺകിടാങ്ങൾക്കുത്സാഹം പെരുക്കി നീ.

കൂടെപ്പഠിക്കും കുമാരിമാർ

പകച്ചുനോക്കിനിൽക്കും

മാറ്റു7വെച്ചു നീ വണങ്ങിനില്ക്കുമ്പോൾ

ഇരുണ്ടുപോയിരിക്കാമവരുടെ വിചാരം

അവരത്രയ്ക്കും നിരീച്ചിരിക്കില്ലെടോ.

നീയതു പറയാറുണ്ടിടയ്ക്കു,

‘തറ്റുടുത്തു നിൽക്കുന്നൂ നാണംകെട്ടോൻ’

സ്‌കൂളിലോ കോളേജിലോ നീ മുഷിഞ്ഞിരുന്നത്രെ.

എങ്കിലും

നാഗത്താന്മാർ നിനക്കു തുണയായി

പുള്ളോർക്കുടപ്പാട്ടുകൾ നിനക്കു തുണയായി.

കേട്ടൂ പിന്നെയും നിൻ കവിത

വാക്കറിയില്ലെങ്കിലും രസിച്ചൂ

നീയെഴുതിയ ‘യാനം’8 അറിയില്ലെനിക്കെടോ

നിൻ ‘പിതൃയാന’9വും അറിയില്ലെനിക്കെടോ

വരുംകാലത്തിന്റെ പാഷയും കോലവുമറിഞ്ഞില്ല

ഇരുകാലിലും പ്രാരബ്ധക്കെട്ടായിരുന്നെടോ.

ഈറ്ററയുണ്ട് പേറ്റുനോവുണ്ട് നിൻകവിതയിൽ

മാറ്റുണ്ട് മാറ്റിത്തമുണ്ട് നിൻകവിതയിൽ

അറിവതെനിക്കതുമാത്രം

അമ്മയക്ഷരം പഠിച്ചില്ല, മകനേ.

കുറ്റാക്കുറ്റിരുട്ടു പിളർന്നു

ചുരുട്ടിയ മുഷ്ടികളുയരുന്ന കണ്ടു, പിന്നെ

‘ജനഗണമന’ കേട്ടേൻ

‘ബലികുടീരങ്ങളേ’ കേട്ടേൻ

അറിയുമായിരുന്നില്ലതിന്നർഥമൊന്നും

എങ്കിലുമറിഞ്ഞൂ കടന്നുവരുന്നെന്ന്,

ഇത്തിരി വെളിച്ചം.

ജന്മിമാർ തുലഞ്ഞെന്നും

വാരിക്കൂട്ടിയ ഭൂമി

പണിക്കാർക്കുള്ളതെന്നും കേട്ടിരുന്നു.

ജാതിപോയെന്നു കേട്ടിരുന്നു

ആരെയും സ്‌നേഹിക്കാമെന്നു കേട്ടിരുന്നു

പോയോ അയിത്തം പോവുകില്ലേ

പാണനാർ കടുംതുടി കൊട്ടിപ്പാടി

സോപാനം കയറില്ലേ.

 

ദേശമംഗലം രാമകൃഷ്ണൻ

അറിയപ്പെടാത്തതല്ലെൻ നാളുകൾ

അരിയും പൂവും നേദിക്കാതെ

ഉണർത്തീ ഞാൻ ദൈവങ്ങളെ

ഒരമ്പലനടയിലും പോവില്ലിനി.

എൻ ദൈവം മൺമറഞ്ഞൂ

അവന്റെ രൂപങ്ങളാണേ

എന്നുള്ളിൽ കുടികൊള്ളുന്നു.

ചവിട്ടാൻ വന്ന തിരുമേനിയെ

തിരിച്ചുചവിട്ടീല

അവനെന്നെത്തള്ളിമറിക്കിലും

ഒരു കൈയവിടെയെത്തി

എഴുന്നേൽപ്പിച്ചിതെന്നെ.

പണിയെടുത്തു നടുവൊടിഞ്ഞിരിക്കുമ്പോൾ

കസവുടുത്തു കരനാഥൻ വിളിക്കുമ്പോൾ

അന്നന്നത്തെയന്നത്തിനായ്

കൊള്ളിക്കിഴങ്ങു നുറുക്കുമ്പോൾ

എവിടെ സ്സമയം ദേവാ

നിന്നെപ്പിടിച്ചുകെട്ടിയ കോവിലിൽ

വന്നെത്തുവാൻ.

തുറന്നോട്ടെയമ്പലങ്ങൾ

പൂജകൾ വഴിപാടുകൾ നടന്നോട്ടെ

എനിക്കു വേണ്ടാ തേവരേ പുറംമോടി

എന്നുള്ളിൽ നീ വാഴുവോളം.

==============

5. വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥയിൽ

6. പിഎച്ച്.ഡി

7. ഏതെങ്കിലും ചടങ്ങിൽ വെളുത്തേടൻ കൊടുക്കുന്ന ശുദ്ധിവസ്ത്രം

8, 9. ഉണ്ണിയുടെ ആദ്യകാല കവിതകൾ

(തുടരും)

Tags:    
News Summary - weekly culture biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.