തമിഴിൽ ദേശീയ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ നേടിയ സംവിധായകൻ ബാലയുടെ ആത്മകഥ. മാധ്യമം വാർഷികപ്പതിപ്പ് 2023ൽ പ്രസിദ്ധീകരിച്ചതിന്റെ തുടർച്ച. സിനിമയിൽ എത്താനുള്ള ശ്രമങ്ങളും അതിനുശേഷം സിനിമയിൽ ചുവടുറപ്പിക്കുന്നതും വരെയുള്ള ഭാഗങ്ങളാണിത്.
അടുത്ത ദിവസം ഷൂട്ടിങ്ങിന് പോകണമെന്നാലോചിച്ചപ്പോൾ രാത്രി ഉറങ്ങാനായില്ല. ഞാൻ അതിരാവിലെ നാലു മണിക്ക് എണീറ്റ് ഇരുട്ടത്ത് തപ്പിത്തടഞ്ഞുചെന്ന് ലൈറ്റിട്ടു. ഉറക്കം നഷ്ടപ്പെട്ട ഭാരതിചന്ദർ ‘‘എടാ... ആദ്യം ആ ലൈറ്റ് ഓഫ് ചെയ്യടാ’’ എന്ന് ദേഷ്യത്തിൽ അലറി.
‘‘ഞാനും നാലുവർഷമായി നായയെപ്പോലെ അലഞ്ഞുകൊണ്ടിരിക്കുന്നു. നിന്നെയൊക്കെ ആരാടാ സഹായിയായി ചേർത്തത്?’’ എന്ന് തന്റെ അമർഷം ഭാരതിചന്ദർ പറഞ്ഞുതീർത്തു. പൊട്ടഭാഗ്യംകൊണ്ട് ഒരുപക്ഷേ, നാളെ ഇവൻ ഒരു വലിയ സംവിധായകനായാലോ എന്ന് കരുതിയിട്ടാണോ എന്തോ എന്നെ മുറ്റം വരെ കൊണ്ടുവന്നാക്കി. കൂടാതെ, എനിക്ക് ചില ഉപദേശങ്ങളും അനുഗ്രഹങ്ങളും നൽകിയാത്രയാക്കി.
ഞാൻ അറിവുമതി ചേട്ടന്റെ വീട്ടിലേക്ക് ഓടിച്ചെന്നു. ‘‘അൽപസമയത്തിനകം വണ്ടി എത്തും’’ എന്നദ്ദേഹം പറഞ്ഞു.
ഒരു വിദേശകാർ വന്ന് ഞങ്ങളെ കയറ്റിക്കൊണ്ടുപോകും എന്ന പ്രതീക്ഷയിൽ റോഡിലൂടെ കടന്നുപോകുന്ന ഓരോ കാറും ഞാൻ ആകാംക്ഷയോടെ നോക്കിനിന്നു. അൽപസമയത്തിന്റെ കാത്തിരിപ്പിനുശേഷം ഒരു മെറ്റഡോർ വാൻ ‘അറിവുമതി’ ഇഴഞ്ഞുവന്നു. അതായിരുന്നു ഞങ്ങളുടെ വാഹനം. എന്താ ഇത്! എന്ന് ആശ്ചര്യത്തോടെ അകത്ത് കയറി നോക്കിയപ്പോൾ അതാ ഇരിക്കുന്നു ഹീറോ സൊക്കലിംഗ ഭാഗവതർ. ഹീറോസാറിനുപോലും ഇതാണോ വണ്ടി; എന്നുകരുതി ഞാനദ്ദേഹത്തിന്റെ അരികിൽ ചെന്നിരുന്നു. പ്രച്ഛന്നവേഷം കെട്ടിയ ഗാന്ധിയെപ്പോലെ ഭാഗവതർ എന്നെ നോക്കി പുഞ്ചിരിച്ചു.
ഞങ്ങൾ ഷൂട്ടിങ് സെറ്റിലെത്തി! അൽപസമയത്തിനകം ചിത്രത്തിന്റെ സംവിധായകൻ ബാലു മഹേന്ദ്ര കാറിൽ വന്നിറങ്ങി. അരക്കൈ ഷർട്ട്, ജീൻസ് പാന്റ്സ്, തലയിൽതൊപ്പി, കട്ടിമീശ, ആ വേഷത്തിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഒരു പട്ടാളക്കാരനെപോലെ ഗംഭീരമായി തോന്നി. മാത്രമല്ല, കോലപ്പൂരി ചെരിപ്പിട്ട് അദ്ദേഹം നടന്നുവന്ന സ്റ്റൈൽതന്നെ ഒന്ന് വേറെയായിരുന്നു.
കാറിൽനിന്നും ഇറങ്ങിയ അദ്ദേഹം ഒരു കസേരയിൽ ചെന്നിരുന്നു. വിരലുകൾ മടക്കി താടിക്ക് കൈയും കൊടുത്ത് തലമുടി പിന്നിലേക്ക് ഒതുക്കി. ശാന്തമായ സംസാരം. ആ ശബ്ദത്തിൽ ഗാംഭീര്യമുണ്ടായിരുന്നു. എല്ലാവരുടെയും നോട്ടം അദ്ദേഹത്തിൽ മാത്രമായിരുന്നു. നോട്ടം കൊണ്ടുമാത്രം ഷൂട്ടിങ് ടീമിലുള്ള മുഴുവൻ അംഗങ്ങളെയും അദ്ദേഹം നിയന്ത്രിച്ചുകൊണ്ടിരുന്നു. ആ ക്യാപ്റ്റൻഷിപ് എന്നെ ഒരുപാട് ആകർഷിച്ചു. മാത്രമല്ല, ഷൂട്ടിങ് സെറ്റിൽ അദ്ദേഹം ഒരു സൂപ്പർസ്റ്റാറിനെപ്പോലെ തോന്നി.
പിന്നീട് അന്നെടുക്കുന്ന രംഗം എന്താണെന്ന് മറ്റുള്ളവർക്ക് അദ്ദേഹം വിവരിച്ചുകൊടുത്തു.
‘സന്ധ്യാരാഗം’ തിരക്കഥ പുസ്തകമായപ്പോൾ
ഒരു മിഡിൽക്ലാസ് കുടുംബം; വളരെ ബുദ്ധിമുട്ടുകൾക്കിടയിൽ ഒരു വീട് കെട്ടാൻ ആഗ്രഹിക്കുന്നു. അസ്തിവാരം ഇടാനായി കുഴിയെടുത്തുെവച്ചിരിക്കുന്നു. അടുത്തദിവസം നല്ല മഴവന്ന് കുഴിയിലെല്ലാം വെള്ളം നിറയുന്നു. അതുകണ്ട് അർച്ചനയും ഭാനുചന്ദറും ഇപ്പോൾ ഇരട്ടി ചെലവായിപ്പോയല്ലോ എന്ന് പുലമ്പുന്നതാണ് രംഗം. അവരെങ്ങനെ അഭിനയിക്കണമെന്ന് അദ്ദേഹം അഭിനയിച്ച് കാണിച്ചുകൊടുത്തു. ആ കാഴ്ച ഞാൻ കൗതുകത്തോടെ നോക്കിനിന്നു. അന്ന് മുഴുവൻ സമയവും ഞാനദ്ദേഹത്തെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ആ നേതൃത്വം എന്നെ വല്ലാതെ ആകർഷിച്ചു. ഒരുദിവസം എനിക്കും ഇതുപോലെ ആവണമെന്ന് മനസ്സിൽ കുറിച്ചിട്ടു. ഞാൻ ആരാണെന്നുപോലും സംവിധായകന് അറിയില്ല. എന്നിട്ടും ഞാനൊരു ഏകലവ്യനായി കളത്തിലിറങ്ങി. ഷൂട്ടിങ് സെറ്റിൽ ചാണകം വാരും, സിമന്റ് ചാക്ക് തൂക്കും, ചെങ്കല്ല് ചുമക്കും, പ്ലാസ്റ്റിക് കവറുകൾ പെറുക്കും. എന്നിങ്ങനെ പമ്പരംപോലെ കറങ്ങി എല്ലാ ജോലികളും ചെയ്താലും ഞാനവിടെ അസിസ്റ്റന്റ് ഡയറക്ടർ അല്ല. മറിച്ച്, അസിസ്റ്റന്റ് ഡയറക്ടറുടെ ഒരു ബിനാമി മാത്രം.
ഞാൻ ഷൂട്ടിങ് സെറ്റിൽ പമ്പരംപോലെ ചുറ്റിക്കറങ്ങി പണിയെടുത്തു. മാത്രമല്ല ആ ഷൂട്ടിങ് ടീമിലുണ്ടായിരുന്ന എല്ലാവരുടെയും സ്േനഹം പിടിച്ചുപറ്റി. പ്രധാനമായും എസ്.എസ്. രാമന്റെ. അദ്ദേഹമായിരുന്നു ആ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ. ഞാൻ സംവിധാനം ചെയ്ത ‘സേതു’ എന്ന ചിത്രത്തിലെ നായിക അബിതഗുജലാംബാളിന്റെ അച്ഛനായി പിന്നീട് അദ്ദേഹം അഭിനയിച്ചു.
എല്ലാം ശരി. പക്ഷേ, സംവിധായകന്റെ ശ്രദ്ധ പിടിച്ചുപറ്റണമല്ലോ. അതിനുവേണ്ടി ബാക്കിയുണ്ടായിരുന്ന 60 ദിവസവും ഷൂട്ടിങ് സെറ്റിൽ ഞാൻ ഓടിച്ചാടി പണിയെടുത്തുകൊണ്ടിരുന്നു. സെറ്റിൽ എന്തോ ക്രമക്കേട് നടക്കുന്നുണ്ടെന്ന് സംവിധായകന് തോന്നിയെങ്കിലും അത് കാണാത്തവിധം വിട്ടുകളഞ്ഞു.
ഷൂട്ടിങ് എല്ലാം കഴിഞ്ഞ് സൊക്കലിംഗ ഭാഗവതർ ഡബിങ് ചെയ്യാനായി വന്നു. അദ്ദേഹത്തിനാണെങ്കിൽ കാഴ്ചശക്തി അൽപം കുറവാണ്. അതുകൊണ്ട് സ്ക്രീനിൽ നോക്കി ഡയലോഗ് പറയാനാവുന്നില്ലാ. സംവിധായകൻ ഒരുതവണ ആ രംഗം സ്ക്രീനിൽ പ്ലേ ചെയ്ത്; ആ ഡയലോഗ് എങ്ങനെ പറയണമെന്ന് അദ്ദേഹംതന്നെ പറഞ്ഞുകാണിച്ചു കൊടുത്തു. ‘‘മുത്തശ്ശാ ഞാൻ പറയുന്നത് നിങ്ങൾ അതേപടി തിരിച്ചുപറഞ്ഞാൽ മതി’’ എന്ന് വീണ്ടും വീണ്ടും ഡയലോഗ് പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു സംവിധായകൻ. ഭാഗവതർ ആ ഡയലോഗ് കൃത്യമായി പറയാൻവേണ്ടി തുടർന്ന് ശ്രമിച്ചുകൊണ്ടിരുന്നു.
ഞാൻ കൗതുകപൂർവം അത് വളരെ അടുത്തുചെന്ന് വീക്ഷിച്ചുകൊണ്ടിരുന്നു. ഭാഗവതരുടെ ലിപ് മൂവ്മെന്റ് ശരിയാകാത്തതിന്റെ ദേഷ്യത്തിൽ സംവിധായകൻ തിരിഞ്ഞുനോക്കിയപ്പോൾ പെട്ടെന്ന് എന്റെ നിഴൽ കണ്ടു. പുരികം ചുളിച്ചുകൊണ്ട് ‘‘ആരാ നീ?’’ എന്ന് ചോദിച്ചു. ഞാനാകെ സ്തംഭിച്ചുപോയി. അറിവുമതി... ചേട്ടന്റെ... എന്ന് പറഞ്ഞ് ഞാൻ പൂർത്തിയാക്കിയില്ല. അപ്പോഴേക്കും ‘‘ഡബിങ് തിയറ്ററിനകത്ത് നിന്നെ ആരാ കടത്തിവിട്ടത്?’’ എന്ന് ശബ്ദം ഉയർത്തി അടുത്ത ചോദ്യം ഉയർന്നു.
‘‘ചുമ്മാവന്നതാ...’’ എന്നുമാത്രം പറഞ്ഞതായി ഒരോർമ. പിന്നെ എനിക്ക് വാക്കുകൾ പുറത്തുവന്നില്ല.
‘‘പ്ലീസ് ഗെറ്റ് ഔട്ട്...’’ എന്ന് ഗർജിച്ചു. ഞാനാകെ പതറിപ്പോയി. എന്നെ ആരാണെന്ന് അറിയില്ലേ ഇയാൾക്ക്? 60 ദിവസം ഞാൻ ഇയാളുടെ കൺമുന്നിൽ തന്നെയല്ലേ നിന്നിരുന്നത്. എല്ലാ ജോലികളും ഞാനല്ലേ ചെയ്തുകൊടുത്തത്. എന്നിട്ട് ഇപ്പോൾ എന്നോട് പുറത്തുപോകാൻ പറഞ്ഞല്ലോ എന്ന ദുഃഖം സഹിക്കാനായില്ല.
സംവിധായകൻ ടെൻഷനിലായിരിക്കുമെടാ... എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചവരെ മറികടന്ന് ദുഃഖഭാരം കടിച്ചമർത്തിഞാൻ അവിടെനിന്നും പുറത്തേക്ക് വന്നു. അതിനുശേഷം ഞാൻ ആ ഭാഗത്തേക്ക് ചെന്നില്ല. മനസ്സ് പോകുന്ന വഴിക്ക് അലഞ്ഞുനടന്നു. ഇലക്ട്രിക് െട്രയിൻ, പല്ലവൻ ബസ്, കടൽതീരം, മൗണ്ട് റോഡ് എന്നിങ്ങനെ ലക്ഷ്യമില്ലാതെ കറങ്ങിക്കൊണ്ടിരുന്നു.
അങ്ങനെ ഒരു ദിവസം ഉദയം തിയറ്ററിനരികെ പ്ലാറ്റ്ഫോമിൽ കിടക്കുകയായിരുന്ന ഒരാൾ എന്നെ അടുത്തേക്ക് വിളിച്ച് ‘‘അനിയാ... നീ ആ വള്ളിയമ്മയുടെ പേരനല്ലേ?’’ എന്ന് ചോദിച്ചു. ഞാൻ ആശ്ചര്യത്തോടെ ‘‘അതേ’’ എന്ന് മറുപടി പറഞ്ഞു. അയാൾ നാട്ടുകാരനായിരുന്നു.
‘‘അനിയാ.., നീ എങ്ങനെ ഇവിടെ എത്തിപ്പെട്ടു?’’ എന്ന് അന്വേക്ഷിക്കാൻ തുടങ്ങി. തിരിച്ച് ഞാനയാളോട് ‘‘നിങ്ങളെന്താ ഇവിടെ?’’ എന്നന്വേഷിച്ചു.
‘‘എന്ത് ചെയ്യാനാ അനിയാ... ദൈവം എന്റെ തലയിൽ അങ്ങനെ എഴുതിപ്പോയി. ദാരിദ്യ്രത്തോടെ അലയാനായിരിക്കും എെൻറയൊക്കെ വിധി.’’
‘‘ഞാൻ കുട്ടിയും കുടുംബവുമായി ഇവിടെ റോഡ് പണിയെടുത്ത് ജീവിക്കുകയാണ്. റോഡരികിൽ ഭക്ഷണംെവച്ച് കഴിച്ചും, വഴിയോരത്ത് കിടന്നുറങ്ങിയും, മക്കളെ പെറ്റുവളർത്തിയും ഒരു തെരുവുപട്ടിയെപ്പോലെ തെണ്ടിത്തിരിഞ്ഞ് തെരുവോരത്ത് ജീവിക്കുകയാണ്. അങ്ങനെയായിരിക്കും ബ്രഹ്മൻ എന്റെ തലയിൽ എഴുതിയിട്ടുണ്ടാവുക’’ എന്നയാൾ പുലമ്പി തീർത്തു.
എനിക്കാണെങ്കിൽ നല്ല വിശപ്പ്. ഞാൻ അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. വഴുതനങ്ങ കറിയുടെ മണം വിശപ്പിന്റെആക്കം കൂട്ടി.
‘‘അനിയാ നിനക്കിതെന്തുപറ്റി? നല്ലൊരു കുടുംബത്തിൽ ജനിച്ച നീ ഇങ്ങനെ മദ്രാസ് തെരുവോരത്തുവന്ന് കിടന്ന് അലയേണ്ട വല്ല കാര്യവും ഉണ്ടോ? നീ ആദ്യം വണ്ടികയറി നേരെ നാട്ടിലേക്ക് ചെല്ല്. വീട്ടുകാരോടൊപ്പം ചേർന്ന് നീയെങ്കിലും നന്നായി ജീവിക്ക്’’ എന്ന് ഭക്ഷണം വിളമ്പത്തന്ന അയാളുടെ ഭാര്യ എന്നെ ഉപദേശിച്ചു.
‘‘സിനിമയിൽ ചേരാൻ വന്നതാണ് ചേച്ചി!’’
അതുകേട്ട് പ്ലേറ്റിലും തറയിലും ചോറ് വിതറിക്കൊണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അവരുടെ കുട്ടികൾ ചിരിച്ചു.
‘‘അനിയാ..., നിനക്കൊരു കാര്യം അറിയാമോ? ഇവിടെ റോഡ് പണിയെടുക്കുന്നവർ, ഹോട്ടലിൽ ടേബിൾ ക്ലീൻ ചെയ്യുന്നവർ, കെട്ടിടംപണിക്ക് പോകുന്നവർ ഇവരിൽ ഭൂരിഭാഗം പേരും സിനിമയിൽ ചേരാനായി നാട്ടിൽനിന്നും വന്നവരാണ്.’’
‘‘ഇതൊന്നും നിനക്ക് വേണ്ട അനിയാ. നീ എത്രയും പെട്ടെന്ന് വീടെത്താനുള്ള വഴി നോക്ക്’’ എന്നുപറഞ്ഞ് അവരെന്നെ യാത്രയാക്കി. അന്നത്തെ രാത്രി എനിക്ക് വളരെ ആത്മസംഘർഷം നിറഞ്ഞതായിരുന്നു.
അപ്പോഴാണ് സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചു ‘വീട്’ എന്ന സിനിമ റിലീസാകുന്നത്. ഞാൻ ആ സിനിമ ആകാംക്ഷയോടെ 37 തവണ കണ്ടു. എങ്ങനെ ചിത്രീകരിച്ചിരിക്കുന്നുവെന്നറിയാൻ ഒരു തവണ, ഓരോ രംഗവും എങ്ങനെയൊക്കെ യോജിപ്പിച്ചിരിക്കുന്നുവെന്നറിയാൻ ഒരു തവണ, കാമറ എവിടന്ന് ചലിച്ച് തുടങ്ങുന്നുവെന്നറിയാൻ ഒരു തവണ, ആംഗിളുകളെ കുറിച്ച് മനസ്സിലാക്കാൻ ഒരു തവണ എന്നിങ്ങനെ ചിത്രത്തിന്റെ ഓരോ ടെക്നിക്കൽ വശങ്ങളെ കുറിച്ചും ഒരു പാഠപുസ്തകംപോലെ നിരീക്ഷിച്ച് പഠിച്ചുകൊണ്ടിരുന്നു. എന്നോട് ഇപ്പോൾ ചോദിച്ചാലും ആ സിനിമയുടെ ഓർഡർ പ്രകാരം രംഗങ്ങളെ കുറിച്ച് പറയാനാകും. ആ ചിത്രം ഇപ്പോഴും മനസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
നാൻകടവുൾ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി പ്രതിഭ പാട്ടീലിൽ നിന്നും സ്വീകരിക്കുന്നു
ആ ചിത്രത്തിന്റെ ക്ലൈമാക്സിൽ ആ സ്ഥലം മെേട്രാ വാട്ടറിന്റേറതാണെന്ന് പറഞ്ഞ് സർക്കാർ ഏറ്റെടുക്കും. വീടിന്റെ പണി മുക്കാൽ ഭാഗം പൂർത്തിയായ നിലയിൽ അതേപടി നിന്നുപോകും. അതോടെ, പടം അവസാനിക്കും. ആ സിനിമക്കുവേണ്ടി സംവിധായകൻ ഒറിജിനലായി ഒരു വീട് കെട്ടിപ്പൊക്കി. ആ സമയങ്ങളിൽ എന്റെ കൈയിലാണെങ്കിൽ തീരെ പണമില്ല. ഇടക്ക് നാട്ടിൽനിന്നും ചേട്ടൻ മുന്നൂറ് രൂപ മണി ഓർഡർ അയച്ചുതരും. പിന്നെ, ഇടയ്ക്കൊക്കെ സുഹൃത്തുക്കൾ കുറച്ച് പൈസ അയച്ചുതരും. പക്ഷേ, ഇങ്ങനെയൊക്കെ ആണെങ്കിലും സിനിമയാണ് ഇനി എന്റെ ജീവിതമെന്ന് ഞാൻ തീരുമാനിച്ചു.
ദിവസവും ഒരായിരം സ്വപ്നങ്ങളുമായി അതിരാവിലെ പുറപ്പെടും. അലഞ്ഞുതിരിഞ്ഞ് രാത്രി ചിറകറ്റ പക്ഷിയെപ്പോലെ വന്ന് കൂട്ടിൽ വീഴും. മെലിഞ്ഞ് ഉണങ്ങിയ ഞാൻ ആഹാരവും വെള്ളവുമൊന്നുമില്ലാതെ ഇങ്ങനെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ട് കരുണ തോന്നിയിട്ടാവണം ഹൗസ്ഓണറായ മല്ലികാംബാൾ കുറച്ച് ചോറും കറിയും തോരനുമൊക്കെ എടുത്ത് നാലഞ്ചു പ്ലേറ്റുകളിലാക്കി മുകളിലേക്ക് കൊടുത്തുവിടും.
ഞാൻ ചെന്ന് കഴിക്കാൻ ഇരുന്നാൽ ‘‘മധുരൈ മാപ്പിളൈക്ക് മാത്രം എന്തോ സ്പെഷലൊക്കെ വരുന്നുണ്ടല്ലോ?’’ എന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കും.
‘‘അത് മറ്റൊന്നുമല്ല. ബാക്കിവരുന്ന കറിയും ചോറുമൊക്കെ ഇവന് കഴിക്കാൻ കൊടുത്താൽ ആ പാത്രങ്ങളെല്ലാം കഴുകി കിട്ടുമല്ലോ എന്നുകരുതി വല്ല്യമ്മച്ചി കൊടുത്തുവിട്ടതാവണം.’’ എന്നുപറഞ്ഞ് കൂട്ടുകാർ കളിയാക്കി ചിരിക്കും. ഞാൻ അതൊന്നും ചെവിക്കൊള്ളാറില്ല.
ഒരുദിവസം സംവിധായകൻ എന്നെ പെട്ടെന്ന് ചെന്ന് കാണാനായി ഒരാളോട് പറഞ്ഞയച്ചിരുന്നു. അതുകേട്ടപാടെ ഞാൻ ധിറുതിയിൽ ഓടിച്ചെന്നു. ന്യൂ വുഡ് ലാൻഡ്സ് ഹോട്ടലിൽ ഒരു ഡിസ്കഷനിലായിരുന്നു സംവിധായകൻ. ഞാൻ പരുങ്ങിക്കൊണ്ട് അകത്തുചെന്നു. അദ്ദേഹം മടിയിൽ ഒരു തലയണവെച്ച് ഇരിക്കുന്നു. എന്നെ കണ്ടതും അദ്ദേഹം തലയുയർത്തിനോക്കി.
‘‘ഓ... നീയാണോ, വാ... വാ’’ എന്ന് എന്നെ മനസ്സിലായതുപോലെ അകത്തേക്ക് ക്ഷണിച്ചു.
അന്ന് ഞാൻ വേദനിച്ചത് സംവിധായകൻ മനസ്സിലാക്കിക്കൊണ്ടുള്ള ക്ഷണമാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ചെന്ന് ശാന്തനായിനിന്നു.
‘‘ശരി..., നീ അടുത്തപടം മുതൽ എന്റെ കൂടെ വർക്ക് ചെയ്തോ; നാളെ രാവിലെ നീ ഓഫീസിലേക്ക് വാ’’ എന്നുമാത്രം പറഞ്ഞുഎന്നോട് യാത്രപറഞ്ഞതുപോലെ തലയാട്ടി. സന്തോഷം കൊണ്ട് ചിറക് മുളച്ചതുപോലെ തോന്നി.
അന്ന് നല്ല മഴയായിരുന്നു. ഞാൻ വുഡ് ലാൻഡ്സ് ഹോട്ടലിൽനിന്നും മഴ നനഞ്ഞുകൊണ്ടുതന്നെ നടന്ന് മുറിയിലെത്തി.
‘‘ബാലു മഹേന്ദ്ര സാർ എന്നെ അസിസ്റ്റന്റായി ചേർത്തു’’ എന്ന വാർത്ത മുറിയിൽ ഉണ്ടായിരുന്ന എല്ലാവരോടും പറഞ്ഞ് ആഹ്ലാദം പങ്കുവെച്ചു.
അടുത്തദിവസം രാവിലെ ഞാൻ ബാലു മഹേന്ദ്രസാറിന്റെ ഓഫീസിലേക്ക് ചെന്നു. അന്നദ്ദേഹം എനിക്കുമുമ്പ് തന്നെ അവിടെ എത്തിയിരുന്നു. ഞാൻ അദ്ദേഹത്തെക്കണ്ട് ‘‘സാർ ഗുഡ്മോണിങ്’’ എന്ന് പറഞ്ഞപ്പോൾ, ‘‘ഇപ്പോൾ സമയമെത്രയായി?’’ എന്ന് ചോദിച്ചു അദ്ദേഹം വാച്ചിൽ സമയം നോക്കി.
‘‘ഒമ്പതു മുതൽ അഞ്ചു വരെ ഓഫീസ് ഡ്യൂട്ടിക്ക് വരുന്നവരെ പോലെയാണോ വരുന്നത്? ഏഴു മണിക്ക് ഇവിടെ ഉണ്ടാവണം, മനസ്സിലായോ? മാത്രമല്ല, ഓഫിസ് വൃത്തിയായി സൂക്ഷിക്കുകയും വേണം’’ എന്നുപറഞ്ഞു അദ്ദേഹം പുറത്തേക്കുപോയി. അടുത്തദിവസം ഞാൻ അതിരാവിലെതന്നെ ഓഫിസിലേക്ക് ഓടിച്ചെന്നു. ഓഫിസിലെ മാറാലയടിച്ച്, തറമുഴുവനും തൂത്തുവാരി, വെള്ളംകൊണ്ടു കഴുകിവൃത്തിയാക്കി രണ്ട് ചന്ദനത്തിരിയും കത്തിച്ചുവെച്ചു. അന്ന് അകത്തേക്ക് വന്ന ബാലുമഹേന്ദ്രസാർ പെട്ടെന്നുള്ള ആ മുറിയുടെ മാറ്റം ശ്രദ്ധിച്ച് എന്റെ നേർക്കുതിരിഞ്ഞ് ഒന്ന് പുഞ്ചിരിച്ച് കടന്നുപോയി.
രണ്ടാമത്തെ ദിവസം ഞാൻ താക്കോൽ വാങ്ങാനായി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് വാതിലിൽ മുട്ടിവിളിച്ചു. ‘‘ആരാ അത്..?’’ എന്ന് ചോദിച്ച് ഒരു മഹാലക്ഷ്മി പുറത്തേക്കുവന്നു. അവരാണ് അഖിലാമ്മ. അഖിലാ മഹേന്ദ്ര. അവരുടെ കാൽച്ചുവട്ടിൽ രണ്ട് നായ്ക്കുട്ടികൾ കളിച്ചുകൊണ്ടിരുന്നു. അവരുടെ തലയിലും തോളത്തും അണ്ണാൻമാർ കയറിയിറങ്ങിക്കൊണ്ടിരുന്നു. ഒരു വെളുത്ത എലി അവരുടെ ഉള്ളംകൈയിൽ ഒരു കൊച്ചുകുട്ടിയെ പോലെ സ്ഥാനംപിടിച്ചിരുന്നു. ‘‘തമ്പി എന്താ വേണ്ടത്?’’ എന്ന് ശ്രീലങ്കൻ തമിഴിൽ ചോദിച്ചു.
‘‘താക്കോൽ വേണം അമ്മ!’’ ഞാൻ ‘അമ്മ’ എന്ന വാക്ക് കൊച്ചുകുട്ടിയായിരിക്കുമ്പോൾ മാത്രമാണ് പറഞ്ഞിട്ടുള്ളത്. അതിനുശേഷം ഓർമവെച്ചനാൾ മുതൽ ‘‘ദേ... ചോറ് എടുത്തുവെക്ക് ’’എന്ന് ബഹുമാനമില്ലാതെയാണ് അമ്മയെ വിളിക്കാറ്. പക്ഷേ, ഇന്ന് ‘അമ്മ’ എന്ന വാക്ക് എന്റെ നാവിൽ എങ്ങനെവന്നു?
മനുഷ്യർക്ക് മാത്രമല്ല... അവർ വളർത്തിയിരുന്ന പൂച്ചെടികൾക്കും മൃഗാദികൾക്കും അഖിലാമ്മയായിരുന്നു അമ്മ! താക്കോൽ എടുത്തുകൊണ്ടുവരാൻ അവർ അകത്തുപോയപ്പോൾ അവരുടെ പുറകെ നായ്ക്കുട്ടികളും ഓടിച്ചെന്നു. താക്കോൽ കൊണ്ടുവന്ന് കൈയിൽവെച്ച് തന്നിട്ട് ‘‘നിന്റെ പേര് എന്താണെന്ന് പറഞ്ഞില്ലല്ലോ?’’ എന്ന് വാത്സല്യത്തോടെ ചോദിച്ചു.
‘‘ബാലാ’’ എന്ന് പറഞ്ഞപ്പോൾ അവർ ചിരിച്ചു.
‘‘ദൈവം മനുഷ്യരൂപത്തിലാണ്’’ എന്നൊരു ചൊല്ലുണ്ട്. അങ്ങനെ ഒരു ദൈവമായിരുന്നു എനിക്ക് അഖിലാമ്മ.
03
വൈകാതെ ‘സന്ധ്യാരാഗം’ എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. എന്റെ കലാജീവിതത്തിൽ ഒരു ചെറിയ ചുവടുവെപ്പ്. ക്ലാപ്പ് ബോർഡ് കൈയിൽ തന്നു.
സീൻ 26 -ഷോട്ട് -4 ടേക്ക് -1 എന്നൊരു പുതിയ ഭാഷ പഠിക്കാൻ ആരംഭിച്ച കാലമായിരുന്നു അത്. ഒരു ദിവസം നൂറുതവണയെങ്കിലും സംവിധായകനിൽനിന്നും ചീത്തകേൾക്കും. ‘ട്വന്റിസിക്സ് -ബൈ ഫോർ -ടേക് വൺ’ ഇത് മുഴുവനായി പറഞ്ഞുതീരും മുമ്പുതന്നെ ഞാൻ മൂന്നുതവണ തെറ്റിക്കും. ഏതാണ് ക്ലോസപ്പ്, ഏതാണ് മിഡ് ഷോട്ട്, എന്നതിനെ കുറിച്ചൊന്നും എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. മാത്രമല്ല, എവിടെനിന്ന് ക്ലാപ്പടിക്കണമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ചില സന്ദർഭങ്ങളിൽ കാമറക്ക് വളരെ അടുത്തുചെന്ന് ക്ലാപ്പടിക്കേണ്ടിവരും. ചിലപ്പോൾ അരക്കിലോ മീറ്ററിനപ്പുറത്തുള്ള ആൾക്ക് സൂം ചെയ്തിട്ടുണ്ടാകും. അത് മനസ്സിലാവാതെ ഞാൻ ക്ലാപ്പ് ബോർഡുമായി ആശയക്കുഴപ്പത്തിൽ മിഴിച്ചുനിൽക്കും. അപ്പോഴൊക്കെ സംവിധായകനിൽനിന്നും ഇഷ്ടംപോലെ ചീത്തകേൾക്കേണ്ടിവരും. ആ സന്ദർഭങ്ങളിൽ എനിക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന മധുരൈ വിരുമാണ്ടി മൃഗം അസ്വസ്ഥനാകും. പക്ഷേ, പുറത്തുകാണിക്കാൻ പറ്റില്ലല്ലോ!
ഒരു സീനിൽ കുഞ്ഞിനെ ഉറക്കിയശേഷം ഭർത്താവും, ഭാര്യയും കൂടി സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു രംഗം ബാലു മഹേന്ദ്രസാർ ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാമറ ഓടിക്കൊണ്ടിരുന്നു. നായിക അർച്ചനയും നായകൻ വീരസന്താനവും സംസാരിച്ചുകൊണ്ടിരുന്നു. ഞാൻ കുഞ്ഞിന്റെ മുഖം മാത്രം നോക്കിക്കൊണ്ടിരുന്നു. ഉറങ്ങുന്നതുപോലെ അഭിനയിച്ച് കിടന്നുറങ്ങിക്കൊണ്ടിരുന്ന ആ കുട്ടി പതുക്കെ ഇടക്കണ്ണിട്ട് നോക്കി. ഞാനത് കണ്ടപാടെ ഒന്നും ആലോചിക്കാതെ കട്ട്... കട്ട്... കട്ട് എന്ന് നിലവിളിച്ചു. അത് കേട്ട് യൂനിറ്റാകെ സ്തംഭിച്ചുനിന്നു. എല്ലാവരും എന്നെ ദുരൂഹതയോടെ നോക്കി. ഒരു കഠിനകുറ്റം ചെയ്ത കുറ്റവാളിയെ പ്രതിക്കൂട്ടിൽ കൊണ്ടുനിർത്തിയതുപോലെയായിരുന്നു അവരുടെ നോട്ടം!
‘‘ഇപ്പോൾ നീ എന്തിനാ കട്ട് പറഞ്ഞത്?’’ എന്ന് ബാലു മഹേന്ദ്രസാർ എന്റെ നേർക്ക് തിരിഞ്ഞു.
‘‘സാർ, ആ കുട്ടി കണ്ണ് തുറന്നു നോക്കി. അതാണ്’’ എന്ന് ഞാൻ ദയനീയമായി മറുപടി പറഞ്ഞുകൊണ്ടുനിന്നു. അദ്ദേഹം എന്നെ ദീർഘമായൊന്ന് നോക്കിയശേഷം ‘‘ഓക്കേ... ഒരു ടേക്ക് കൂടി പോകാം’’ എന്ന് വീണ്ടും ഷൂട്ടിങ്ങിൽ വ്യാപൃതനായി. അദ്ദേഹത്തിന്റെ മനസ്സിൽ ഞാൻ സ്ഥലം പിടിച്ചത് അന്നു മുതലാണ്. ‘സന്ധ്യാരാഗം’ ചിത്രത്തിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആ ചിത്രത്തിലെ നായകൻ ‘ചൊക്കലിംഗ ഭാഗവതൻ’ എനിക്ക് നല്ലൊരു സുഹൃത്തായിമാറി. ഗ്രാമത്തിലെ പുഴയിലും, കുളത്തിലും കിണറ്റിലുമൊക്കെ മുങ്ങിക്കുളിച്ച ശരീരം ഈ പട്ടണത്തിൽ വന്ന് ബക്കറ്റ് വെള്ളത്തിൽ കുളിക്കേണ്ടിവരുന്ന ദയനീയ അവസ്ഥയെക്കുറിച്ച് പുലമ്പുന്ന ഒരു ഡയലോഗ് രംഗമായിരുന്നു അത്. ആ ഡയലോഗ് പറയാൻ ഭാഗവതർക്ക് ഒരു പാട് ടേക്കുകൾ വേണ്ടിവന്നു. അതിന്റെ പരിണിതഫലം; വെള്ളത്തിൽ കുതിർന്ന് ആ മനുഷ്യന്റെ ശരീരമാകെ തണുത്ത് വിറയ്ക്കാൻ തുടങ്ങി. അന്ന് ഷൂട്ടിങ് കഴിഞ്ഞിട്ടും ഭാഗവതർ മാറ്റഡോർ വാനിൽ കയറാതെ അവിടെതന്നെ നിൽക്കുകയായിരുന്നു.
അത് കണ്ടപ്പോൾ ഞാനദ്ദേഹത്തോട് ചെന്ന് ‘‘എന്താ മുത്തശ്ശാ... വണ്ടി പുറപ്പെടാറായി; നിങ്ങൾ വരുന്നില്ലേ?’’ എന്ന് ചോദിച്ചു.
‘‘ഇവിടെ വാടാ... എന്ന് എന്നെ വാത്സല്യത്തോടെ അടുത്തേക്ക് വിളിച്ചു.’’
‘‘എടാ.., ആ തണുത്ത വെള്ളത്തിൽ കുതിർന്ന് എന്റെ ശരീരമാകെ വിറയ്ക്കുകയാണ്. ആ തണുപ്പിനെ അതിജീവിക്കാൻ മറ്റെ വെള്ളം അടിച്ചാലെ ശരിയാവത്തുള്ളൂ.’’ എന്ന് തന്റെ തള്ളവിരൽ ഉയർത്തി കാണിച്ചുചിരിച്ചു.
‘വീട്’ സിനിമയുടെ പോസ്റ്റർ
‘വെള്ളം’ എന്നാൽ എന്താണെന്നുപോലും അറിയാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ നിന്നപ്പോൾ ‘‘മുയലിനെ പിടിക്കുന്ന നായയുടെ മുഖം കണ്ടാൽ അറിയാടോ’’ എന്ന് ഭാഗവതർ സ്നേഹത്തോടെ മുതുകത്ത് തട്ടി. ഞങ്ങളുടെ തീർഥയാത്ര ആരംഭിച്ചു. അന്ന് മുത്തശ്ശനെ എന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി സൽക്കരിച്ചു. മധുരമായ പഴയ ഓർമകളും, പാട്ടും ഡാൻസുമായി ഭാഗവതർ എന്നെ വിസ്മയിപ്പിച്ചു. പക്ഷേ പരമശിവനായാൽപോലും പാർവതിയെ പേടിച്ചല്ലേ പറ്റൂ!
‘‘എടാ ബാലു.., എന്റെ ജീവിതം കഴിഞ്ഞു. ഇനി എപ്പോൾ വേണമെങ്കിലും കാലൻ എന്റെ വീട്ടുമുറ്റത്ത് വന്ന് നിൽക്കാം. ജീവിതത്തിൽ ഞാൻ ഒരുപാട് നന്മ-തിന്മകളൊക്കെ അനുഭവിച്ചുകഴിഞ്ഞു. നിന്നോട് ഞാൻ ഒരു കാര്യം പറയാം. ഓർത്ത് െവച്ചോ. നമ്മൾ എവിടെയും, എപ്പോഴും, ആരെയും ആശ്രയിച്ച് ജീവിക്കരുത്. അങ്ങനെ ഒരവസ്ഥയുണ്ടായാൽ നമ്മുടെ അന്തസ്സും അഭിമാനവുമെല്ലാം നഷ്ടപ്പെടും. അതിനുശേഷം മനുഷ്യൻ വെറും ജഡത്തിന് സമമാണ്.’’
അന്നുരാത്രി ഞാൻ സൈക്കിളിൽ ഭാഗവതരോടൊപ്പം ഡബിൾസിൽ ചെല്ലുമ്പോൾ വഴിയിലുടനീളം അദ്ദേഹം പാട്ടുപാടി ആസ്വദിച്ചുകൊണ്ടേവന്നു. അതിനിടക്ക് ‘‘ബാലു.., നിന്നെ എനിക്ക് വളരെ ഇഷ്ടമാടാ... നീ ജയിക്കും. അതിൽ തർക്കമില്ല. പക്ഷേ, സിനിമയിൽമാത്രം എത്രയും പെട്ടെന്ന് വിജയിച്ച് കാണിക്കണം! ദേ... എന്റെ അവസ്ഥ കണ്ടില്ലേ? 85ാം വയസ്സിൽ ഞാൻ ഹീറോ ആയി. എന്നാൽ, ഇത് എന്റെ ഭാര്യക്കുപോലും അഭിമാനത്തോടെ പറയാനാവില്ല. അതത് കാലങ്ങളിൽ നമുക്ക് കിട്ടേണ്ടത് കിട്ടിയാൽ മാത്രമേ അതിനൊക്കെ ഒരു മഹത്ത്വമുള്ളൂ’’ എന്നു പരിഭവപ്പെട്ടു. അതിനുശേഷം അദ്ദേഹം ഒന്നും മിണ്ടിയില്ല.
85ാം വയസ്സിലാണ് ഭാഗവതർ നായകനായത്. പക്ഷേ, എനിക്ക് 26 വയസ്സല്ലേ ആയിട്ടുള്ളൂ. അപ്പോൾ എനിക്ക് നായകനാവാൻ കഴിയില്ലേ?
കഴിയും. അങ്ങനെ ഞാനും നായകനായി!
‘ഞാൻ ബാല’ എന്ന പേരിൽ ബാലയുടെ ആത്മകഥ മാവേലിക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫേബിയൻ ബുക്സ് വൈകാതെ പുറത്തിറക്കും. നന്ദി: ഹരി, ഫേബിയൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.