വയനാട്ടിലെ പണിയ വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന ഗോത്രകവി സിന്ധു മാങ്ങണിയൻ തന്റെ ജീവിതം എഴുതുന്നു. ആത്മകഥയുടെ ചില ഭാഗങ്ങളാണിത്. അടുത്ത് പ്രസിദ്ധീകരിക്കുന്ന ആത്മകഥക്ക് കവിയും എഴുത്തുകാരനുമായ അജിത് എം. പച്ചനാടൻ എഴുതിയ ദീർഘപഠനത്തിന്റെ ചില ഭാഗങ്ങളാണ് തുടർന്നുള്ളത്.ഒന്നാം ക്ലാസു മുതല്‍ ഞാന്‍ നന്നായി പഠിക്കുമായിരുന്നു. ഡാന്‍സും പാട്ടും മറ്റു പരിപാടികളും അന്നുതൊട്ടേ ഉണ്ട്. രണ്ടിലോ മൂന്നിലോ പഠിക്കുമ്പോള്‍ ഒരു സംഭവം നടന്നു. ഹോസ്റ്റലിന്റെ തൊട്ടപ്പുറത്തെ പറമ്പില്‍ മൂടുങ്ങ എന്ന പഴമുണ്ട്....
വയനാട്ടിലെ പണിയ വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന ഗോത്രകവി സിന്ധു മാങ്ങണിയൻ തന്റെ ജീവിതം എഴുതുന്നു. ആത്മകഥയുടെ ചില ഭാഗങ്ങളാണിത്. അടുത്ത് പ്രസിദ്ധീകരിക്കുന്ന ആത്മകഥക്ക് കവിയും എഴുത്തുകാരനുമായ അജിത് എം. പച്ചനാടൻ എഴുതിയ ദീർഘപഠനത്തിന്റെ ചില ഭാഗങ്ങളാണ് തുടർന്നുള്ളത്.
ഒന്നാം ക്ലാസു മുതല്‍ ഞാന്‍ നന്നായി പഠിക്കുമായിരുന്നു. ഡാന്‍സും പാട്ടും മറ്റു പരിപാടികളും അന്നുതൊട്ടേ ഉണ്ട്. രണ്ടിലോ മൂന്നിലോ പഠിക്കുമ്പോള്‍ ഒരു സംഭവം നടന്നു. ഹോസ്റ്റലിന്റെ തൊട്ടപ്പുറത്തെ പറമ്പില്‍ മൂടുങ്ങ എന്ന പഴമുണ്ട്. അതിങ്ങനെ പഴുത്തുനിൽക്കുന്നുണ്ടായിരുന്നു. അത് പറിച്ചുകൊടുക്കാന്‍ മിനി എന്നൊരു കുട്ടി എന്നോട് പറഞ്ഞു. ഞങ്ങളോടു റോഡ് മുറിച്ചുകടക്കരുതെന്ന് സിസ്റ്റര്മാര് പറഞ്ഞിട്ടുണ്ട്. റോഡിന് അപ്പുറത്താണ് പറമ്പ്. ആരെങ്കിലും റോഡ് മുറിച്ചുകടന്നാല്‍ സിസ്റ്റര്‍മാരോട് പറയണമെന്നും ചട്ടംകെട്ടിയിരുന്നു. ഞങ്ങള്‍ക്ക് അപകടം ഉണ്ടാകാതിരിക്കാനാണ് പറയുന്നത്. പഴം പറിച്ചുകൊടുക്കാന്‍ മിനിയും കൂട്ടുകാരും പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ല എന്നുപറഞ്ഞു. ഹോസ്റ്റലില്‍ അറിഞ്ഞാല്‍ അടികിട്ടുമെന്നും പറഞ്ഞു.
ഞങ്ങള്‍ സിസ്റ്റര്‍മാരെ ചേച്ചി എന്നാണ് വിളിക്കുക. ചേച്ചി എന്നുവിളിച്ചാല് മതിയെന്ന് പറഞ്ഞിട്ടുണ്ട്. ചേച്ചിമാര് അടിക്കും, ഞാന്‍ പോകില്ല എന്നുതന്നെ പറഞ്ഞു. മിനിയുടെ കൂടെ ചീരു, കുഞ്ഞമ്മ എന്നീ രണ്ടു കുട്ടികള്‍കൂടി ഉണ്ടായിരുന്നു. അവര്‍ നല്ല വില്ലത്തികളാണ്. അവര്‍ക്ക് ഞങ്ങളെക്കാള്‍ പ്രായമുണ്ട്. പക്ഷേ, ഞങ്ങളുടെ ക്ലാസിലാണ് പഠിക്കുന്നത്. ഞാന്‍ റോഡ് മുറിച്ചുകടന്നു പഴം പറിക്കാന്‍ പോയെന്ന് അവര്‍ ചേച്ചിമാരോട് കള്ളം പറഞ്ഞുകൊടുത്തു. പോയില്ല എന്ന് എത്ര പറഞ്ഞിട്ടും സിസ്റ്റര്‍ വിശ്വസിച്ചില്ല. ആനി എന്ന സിസ്റ്റര്‍ ഇലക്ട്രിക് വയര്‍കൊണ്ട് എന്നെ അടിച്ചു. ചെയ്തിട്ടില്ല എന്ന് ഞാന്‍ കരഞ്ഞു പറയുന്നുണ്ട്. പക്ഷേ, വിശ്വസിക്കാതെ വയര്‍കൊണ്ട് ദേഹത്ത് മുഴുവന്‍ അടിച്ചു. ദേഹം മുഴുവന്‍ പൊട്ടി പഴുത്തു. വീട്ടില്‍നിന്നും ആരെങ്കിലും വരുമ്പോള്‍ ഇതൊക്കെ പറയാനും പറ്റില്ല പറയാതിരിക്കാനും പറ്റില്ല എന്ന അവസ്ഥ. സങ്കടം ഉള്ളില്‍ കിടന്നു തിളക്കും. വീട്ടില്‍നിന്നും ആരെങ്കിലും വരുമ്പോള്‍ ഭയങ്കര കരച്ചിലായിരിക്കും. പക്ഷേ, ഞങ്ങളുടെ ഉള്ളില്‍ ഇങ്ങനെ ഒരു സങ്കടം ഉണ്ടെന്ന് അവര്‍ അറിയുന്നുമില്ല. അമ്മ വരുമ്പോള്‍ ഞാന്‍ കരഞ്ഞു ബഹളംവെക്കുന്നു എന്നുപറഞ്ഞ് അമ്മയുടെ വരവും കുറഞ്ഞു. ബാക്കിയുള്ള കുട്ടികളുടെ അമ്മയും അച്ഛനുമൊക്കെ എപ്പോഴും വരും. എന്റെ അമ്മ വരുന്നത് വല്ലപ്പോഴുമൊക്കെയായി. ഭയങ്കര സങ്കടമായെങ്കിലും ഞാന്‍ അതിനോടു പൊരുത്തപ്പെട്ട് തുടങ്ങി. വ്യക്തിപരമായ കാര്യങ്ങളില്‍ ഞാന്‍ വളരെ നിശ്ശബ്ദയായിരുന്നു. സങ്കടങ്ങള്‍ സ്വയം സഹിക്കുക എന്ന സ്വഭാവത്തിലേക്ക് ഞാന്‍ വളര്‍ന്നത് ഹോസ്റ്റലില്‍നിന്നായിരുന്നു.
അന്ന് ചുള്ളിയോടുനിന്ന് ആണുങ്ങളും പെണ്ണുങ്ങളും കുടകിലെ ഇഞ്ചിപ്പാടങ്ങളില്‍ ജോലിക്ക് പോകുമായിരുന്നു. മുതലാളിമാര്‍ അഡ്വാന്‍സ് കൊടുക്കും. ജീപ്പ് വരും. ആള്ക്കാര് ആ ജീപ്പില്‍ കയറി കുടകിലേക്ക് പോകും. എന്റെ ചേച്ചിയും ചേട്ടനുമൊക്കെ കുടകില്‍ ജോലിക്ക് പോയിട്ടുണ്ട്; ഒരു പതിനാല് പതിനഞ്ചു വയസ്സുവരെ. പിന്നീട് പോയില്ല. പതിനഞ്ചു വയസ്സായപ്പോഴേക്കും ചേച്ചിയുടെ കല്യാണം കഴിഞ്ഞു. മുത്തങ്ങയിലെ കൂലിപ്പണിക്കാരനായ ബാലന് എന്നൊരാളെയാണ് ചേച്ചി കല്യാണം കഴിച്ചത്. അത് കല്യാണമായി നടന്നതായിരുന്നില്ല. ഒരു ഒളിച്ചോട്ടം. ചേച്ചി മുത്തങ്ങയില്‍ താമസം തുടങ്ങി. അവര്‍ക്ക് ഒരു മകള്‍ ജനിച്ചു. അയാള്‍ കള്ളുകുടിയും പ്രശ്നങ്ങളും ഒക്കെയുള്ള മനുഷ്യനായിരുന്നു. ചേച്ചിയും അയാളും കുട്ടിയുടെ ചോറൂണിന് ഞങ്ങളുടെ വീട്ടില്‍ വന്നു. ചേച്ചിയെ വീട്ടിലാക്കി അയാള്‍ മുത്തങ്ങയിലേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ല. അമ്മയാണ് പിന്നീട് കുട്ടിയെ വളര്‍ത്തിയത്. അതോടെ എന്റെ കഷ്ടകാലം പിന്നെയും തുടങ്ങി.
അന്ന് ഞാനും ഏഴോ എട്ടോ വയസ്സുള്ള കുട്ടിയായിരുന്നു. ചേച്ചിക്കു കുട്ടി ജനിച്ചതോടെ അമ്മയുടെ ഒരു പരിഗണനയും എനിക്ക് കിട്ടാതെയായി. അമ്മയുടെ അടുത്തു ഞാന്‍ കിടക്കുന്ന സ്ഥലത്താണ് പിന്നീട് ചേച്ചിയുടെ മകള്‍ കിടക്കുന്നത്. അപ്പോള്‍ അമ്മ എന്നെ കൂടെ കിടത്തില്ല. അതോടെ, ഞാന്‍ വീണ്ടും ഒറ്റക്കായി. എല്ലാ കാര്യങ്ങളിലും അവള്‍ക്കാണ് മുന്‍ഗണന. അമ്മ പണിക്കുപോകുമ്പോള്‍ കുട്ടിയെ നോക്കലായി എന്റെ പണി. എനിക്ക് കൂട്ടുകാരുടെ കൂടെ കളിക്കാന്‍ പോകാന്‍ പറ്റാതെയായി. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിക്കഴിഞ്ഞാല് വൈകുന്നേരം ചേച്ചിയുടെ കൈയില്‍നിന്നും അമ്മയുടെ കൈയില്‍നിന്നും അടി കിട്ടും. അതുകൊണ്ടുതന്നെ എനിക്ക് കുട്ടിയെ ഇഷ്ടമല്ലായിരുന്നു. പക്ഷേ, ഇഷ്ടക്കേട് പുറത്തു കാണിക്കാന്‍ പറ്റില്ല. അവള്‍ക്ക് എല്ലാം വാങ്ങിച്ചുകൊടുക്കും. പാല് വാങ്ങിച്ചുകൊടുക്കേണ്ട പണി എന്റേതാണ്. ആ സമയത്ത് അമ്മക്ക് പഞ്ചായത്തിന്റെ വക വേറെ വീട് കിട്ടിയിരുന്നു. അവളെ നോക്കാന്‍ തുടങ്ങിയതോടെ ആ വീട്ടിലെ എല്ലാ ആഘോഷങ്ങളും അവസാനിച്ചു.
അതോടെ ഞാന്‍ മടിച്ചുമടിച്ച് ഹോസ്റ്റലിലേക്ക് വരാന്‍ തുടങ്ങി. വീട്ടില്‍ വന്നാല്‍ എത്രയും പെട്ടെന്ന് തിരിച്ച് ഹോസ്റ്റലിലേക്ക് പോയാല്‍ മതിയെന്നായി. ചേച്ചിയുടെ മകളെ മൂന്നര വയസ്സില്‍ ഹോസ്റ്റലില്‍ ചേര്‍ത്തു. ചേച്ചി പണിക്കുപോകും. അവളെ കാണാന്‍വേണ്ടി ചേച്ചി എല്ലാ ആഴ്ചയിലും ഹോസ്റ്റലിലേക്ക് വരും. അവള്‍ക്ക് ആവശ്യമുള്ള ഭക്ഷണം, വസ്ത്രം എല്ലാം വാങ്ങിച്ചാണ് വരവ്. പക്ഷേ, ചേച്ചിയും അമ്മയും ഹോസ്റ്റലില്‍ വരുമ്പോള്‍ എന്നെ മൈന്‍ഡ് ചെയ്യില്ല. അവള്‍ക്കുവേണ്ടി ഇത് ചെയ്യണം, അത് ചെയ്യണം എന്നൊക്കെ പറഞ്ഞേൽപിച്ച് അവര്‍ പോകും. അതുകൊണ്ടുതന്നെ കുഞ്ഞുനാള് മുതലേ എനിക്ക് അവളോടു ഭയങ്കര ദേഷ്യമായിരുന്നു. അവള് വളര്‍ന്നു കഴിഞ്ഞതിനുശേഷവും അതുതന്നെയായിരുന്നു അവസ്ഥ. അവള്‍ക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ അപ്പോള്‍ത്തന്നെ നടത്തിക്കൊടുക്കും. അവള്‍ക്ക് ഒരു ചെരുപ്പ് വേണം എന്നു പറയേണ്ട കാര്യമില്ല. ഒന്ന് പൊട്ടിയാല്‍ അപ്പോള്‍ത്തന്നെ വേറെ വാങ്ങിച്ചുകൊടുക്കും. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ബാഗ് വേണമെന്ന് ഞാന്‍ കരഞ്ഞുപറഞ്ഞു. ഒരു ടെക്സ്റ്റൈല്‍ ഷോപ്പില്‍നിന്നു കിട്ടിയ സഞ്ചിയില്‍ പുസ്തകമിട്ടാണ് ഞാന്‍ സ്കൂളില്‍ പോയിരുന്നത്. അത് കാണുമ്പോള്‍ എല്ലാരും കളിയാക്കി ചിരിക്കും. ഭയങ്കര സങ്കടമായിരുന്നു. ബാഗ് വാങ്ങിച്ചുതരാന്‍ പറഞ്ഞപ്പോള്‍ അമ്മ എന്നോട് പൈസയില്ല എന്നാണ് പറഞ്ഞത്. ഇപ്പോള്‍ പോകുന്നപോലെ പോയാല്‍ മതിയെന്നും പറഞ്ഞു.
ooo
ഹോസ്റ്റലില്‍ ഞാന്‍ നല്ല ആക്ടിവ് ആയിരുന്നു. നന്നായിട്ട് പഠിക്കുമായിരുന്നു. ഡാന്‍സ്, പാട്ട്, അഭിനയം, മോണോ ആക്ട് അങ്ങനെ എല്ലാകാര്യങ്ങളിലും ഉഷാറായിരുന്നു. എല്ലാ വര്‍ഷവും ഓര്‍ഫനേജ് മത്സരങ്ങള്‍ ഉണ്ടാകും. വയനാട്ടിലെ ഓര്‍ഫനേജുകളാണ് പങ്കെടുക്കുന്നത്. എല്ലാ കൊല്ലവും ഞാന്‍ പങ്കെടുക്കുമായിരുന്നു. നാടോടി നൃത്തം, മിമിക്രി... പിന്നെ ഞാന്‍ വരക്കുമായിരുന്നു. ഒരുവിധം എല്ലാത്തിനും സമ്മാനങ്ങളും കിട്ടും. നന്നായിട്ട് പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം സമ്മാനങ്ങള്‍ ഉണ്ടാകും. എട്ടാം ക്ലാസ് വരെ ഹോസ്റ്റലില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കുന്നവര്‍ക്കുള്ള സമ്മാനം എനിക്കായിരുന്നു.
ഹോസ്റ്റലില്‍ മെര്ലിന് എന്നൊരു സിസ്റ്റര്‍ ഉണ്ട്. സിസ്റ്റര്‍ക്ക് എന്നെ ഇഷ്ടമല്ലായിരുന്നു. അവിടെ ആതിര എന്ന കുട്ടിയുണ്ട്. ആ കുട്ടി നല്ലോണം വെളുത്തിട്ടാണ്. നല്ല സുന്ദരിയാണ്. അങ്ങനെയുള്ള കുട്ടികളോടായിരുന്നു സിസ്റ്റര്‍ക്ക് താൽപര്യം. അവരെ ഒക്കെ എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ട് ചെയ്യും. നോ പറയേണ്ട കാര്യങ്ങള്‍ക്ക് ഞാന്‍ നോ പറയും. ഞാന്‍ ഭയങ്കര സ്ട്രോങ്ങായ പെണ്‍കുട്ടിയായിരുന്നു. അതൊന്നും അവര്‍ക്കത്ര ഇഷ്ടമായിരുന്നില്ല. ആ പ്രാവശ്യം ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള മുഴുവന്‍ ക്ലാസുകളെയും ചേര്‍ത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്കുനേടിയ കുട്ടിക്കു മാത്രമായി സമ്മാനം നല്കാന് തീരുമാനിച്ചു. അങ്ങനെ നോക്കിയപ്പോള്‍ എന്നേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നാലില്‍ പഠിക്കുന്ന ആതിരക്ക് ആയിരുന്നു. ഒന്നാം സ്ഥാനം എനിക്ക് തരാതിരിക്കാന്‍ അവര്‍ ചെയ്ത പരിപാടി ആയിരുന്നു അത്. അങ്ങനെ എല്ലാ വര്‍ഷവും സമ്മാനം വാങ്ങിച്ചുകൊണ്ടിരുന്ന എന്റെ സ്ഥാനം അവര്‍ കളഞ്ഞു.
ഹോസ്റ്റലിലെ ക്ലോസറ്റില്‍ സോപ്പോ മറ്റോ പോയാല്‍ കൈയിട്ട് എടുക്കാന്‍ എന്നെയാണ് വിളിക്കുക. ഞാന്‍ നല്ലോണം മെലിഞ്ഞിട്ടായിരുന്നു. അവര്‍ക്ക് എന്നോട് എന്തോ ഇഷ്ടക്കേടുണ്ട്. ഞാന്‍ ഇങ്ങനെ തുറന്നു സംസാരിക്കുന്നതുകൊണ്ടായിരിക്കാം. സോപ്പ് എടുക്കാന്‍ എന്നെ വിളിക്കുമ്പോള്‍ എനിക്ക് പറ്റില്ല എന്നുപറയാന്‍ പറ്റില്ല. ഒരിക്കല്‍ ബാത്ത് റൂമില്‍ മഞ്ചാടിക്കുരുക്കള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അത് പെറുക്കാന്‍ വേണ്ടി വിളിച്ചുകൊണ്ടുപോയ കൂട്ടത്തിലും ഞാനുണ്ട്. അവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യാനൊക്കെ എന്നെ കൊണ്ടുപോകും. എന്തോ കാരണംകൊണ്ട് ആ കൂട്ടത്തിലൊക്കെ ഞാനും പെട്ടിട്ടുണ്ട്. മെര്ലിന് സിസ്റ്റര്‍ എന്നെ ഭയങ്കരമായി കളിയാക്കുമായിരുന്നു. മറ്റ് കുട്ടികളുമായി താരതമ്യപ്പെടുത്തിയാണ് കളിയാക്കുക.
അന്നു ഞാന്‍ കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. രണ്ടു വരി കവിതകള്‍, നാലുവരി കവിതകള്‍ അങ്ങനെ. അതെല്ലാം ഞാന്‍ നോട്ട് പുസ്തകത്തില്‍ കുറിച്ചിടും. പഠിക്കാനിരിക്കുന്ന ഡെസ്കിലെ ഡ്രോയില്‍ ആണ് നോട്ട് പുസ്തകങ്ങള്‍ വെക്കുക. ഞങ്ങള്‍ സ്കൂളില്‍ പോയാല്‍ മെര്ലിന് സിസ്റ്റര്‍ അതൊക്കെ എടുത്തു വായിച്ച് ഞാന്‍ ആരോടോ പ്രേമത്തിലാണെന്ന രീതിയില്‍ വ്യാഖ്യാനിക്കും. ഭയങ്കര പ്രണയം ഉള്ളിലുള്ളതുകൊണ്ടാണ് ഞാന്‍ ഇത്തരം വരികള്‍ എഴുതുന്നെതന്ന് അവര്‍ പറഞ്ഞുണ്ടാക്കും. എല്ലാ കുട്ടികളുടെയും മുന്നില്‍വെച്ച് കളിയാക്കും. അങ്ങനെ പതുക്കെ പതുക്കെ എഴുത്ത് എന്ന കാര്യം എനിക്ക് മടിയായിത്തുടങ്ങി. എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോള്‍ അടുത്തുള്ള ഒരു ചെക്കന് എന്നെ ഇഷ്ടമാണെന്ന് വേറെ ഒരു ചെക്കന്റെ അടുത്ത് പറഞ്ഞുവിട്ടു. നേരിട്ട് പറയാന്‍ പറ്റാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞുവിട്ടത്. ആരെങ്കിലും കണ്ടാല്‍ ഹോസ്റ്റലില്‍ അറിയിക്കും. അവനോട് എനിക്ക് പ്രേമിക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് എഴുതിയ ഒരു കത്ത് എന്റെ ഒരു ബുക്കിന്റെ അടിയില്‍ വെച്ചിരുന്നു. ഞാനതവന് കൊടുക്കാന്‍ വിട്ടുപോയി. മെര്ലിന് സിസ്റ്റര്‍ അത് കണ്ടുപിടിച്ചു. അതും പറഞ്ഞ് എന്നെ അപമാനിച്ചു.
ഹോസ്റ്റലില്‍ ഞാന്‍ കവിതകള്‍ എഴുതി ട്യൂണ്‍ ചെയ്ത് അവതരിപ്പിച്ച് സമ്മാനങ്ങള്‍ വാങ്ങിക്കാറുണ്ട്. പതുക്കെ പതുക്കെ എഴുത്തിനോടുള്ള കമ്പം കുറയാന്‍ തുടങ്ങി. കാരണം, എന്തെഴുതിയാലും അവര്‍ കളിയാക്കും. ജീന്‍സ് ഇടുമ്പോഴും അവര്‍ കളിയാക്കും. ആണായിട്ടും പെണ്ണായിട്ടും ഒരാളുണ്ടല്ലോ നമുക്ക് എന്നു പറഞ്ഞാണ് കളിയാക്കുക. ജീന്‍സ് ഒക്കെ ഇടുന്നത് ഒരു ആണ്‍കുട്ടി ആകാനുള്ള ശ്രമമാണെന്നാണ് പറയുക. അതോടെ ഞാന്‍ മുഴുവനായും ഉള്‍വലിയുന്ന ഒരു അവസ്ഥയിലേക്ക് എത്തിത്തുടങ്ങി. ഒരുതരത്തിലും പൊന്താന്‍ പറ്റാത്ത പാകത്തില്‍ അവര്‍ ഇങ്ങനെ കളിയാക്കിക്കൊണ്ടേ ഇരുന്നു. ആ സമയത്ത് ഏച്ചോം എന്ന സ്ഥലത്തുനിന്നു രണ്ടു ആദിവാസി കുട്ടികള്‍ ഹോസ്റ്റലില്‍ ചേര്‍ന്നു. അവര്‍ വന്നതോടുകൂടി എന്റെ ജീവിതം വീണ്ടും മാറി. അതോടെ മിണ്ടാതെ, പറയാതെ ഇരുന്ന ഞങ്ങള്‍ കുറച്ചുകൂടി ഉഷാറായി. അവര്‍ രണ്ടാളും ഭയങ്കര കില്ലാടികളായിരുന്നു. എനിക്കുള്ള ധൈര്യമൊക്കെ തന്ന് അവരെന്റെ കൂടെനിന്നു. അതോടെ, ഞങ്ങള്‍ കുറച്ചുകൂടി സ്ട്രോങ് ആയി. പിന്നെ സിസ്റ്റര്മാര് എന്തെങ്കിലും പറയുമ്പോള്‍ ഞങ്ങള്‍ തിരിച്ച് അങ്ങോട്ടും പറയാന്‍തുടങ്ങി. അവര്‍ അറിയാതെ ഹോസ്റ്റല്‍ ഫോണില്‍നിന്ന് വീട്ടിലേക്ക് ഫോണ്‍ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് മിഠായി ഒന്നും വാങ്ങിച്ചുതിന്നാന് പാടില്ലായിരുന്നു. ആ നിയമമൊക്കെ തിരുത്തി കുറേക്കൂടി സ്ട്രോങ് ആയ തരികിടകളായി.
ooo
2020ല്‍ വിനുവും ഞാനും വേര്‍പിരിഞ്ഞുനില്‍ക്കുന്ന സമയത്താണ് കുറുകുറെ ബ്രോസ് എന്ന മ്യൂസിക് വിഡിയോയില്‍ ഞാന്‍ അഭിനയിക്കുന്നത്. ജോലി ഒന്നുമില്ലാതെ വീട്ടില്‍ ഇരിക്കുന്ന കോവിഡ് കാലമായിരുന്നു. അതേസമയത്താണ് ഞാന്‍ എന്റെ എഴുത്തു തുടങ്ങുന്നതും. 2020 ആയിരുന്നു ജീവിതത്തില്‍ കുറച്ചുകൂടി മാറ്റങ്ങള്‍ ഉണ്ടാക്കിയ വര്‍ഷം. ഒരു ഗോത്രകവി എന്ന രീതിയില്‍ ഞാന്‍ അല്പസ്വല്പം അറിഞ്ഞുതുടങ്ങിയത് അന്നേരമാണ്.
ഞങ്ങളുടെ നാട്ടില്‍ ഒരു മ്യൂസിക് വിഡിയോ ചെയ്യുന്നുണ്ട് എന്ന് ആരോ പറഞ്ഞറിഞ്ഞു. ഷൂട്ടിങ് എവിടെയാണ് എന്നൊന്നും അറിയില്ലായിരുന്നു. വിനു ആണ് അതിന്റെ നേതൃത്വത്തില്‍ എന്നു ഞാന്‍ അറിഞ്ഞു. ഞങ്ങള്‍ വേര്‍പിരിഞ്ഞു ജീവിക്കുന്നതുകൊണ്ട് ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. റോബിന് ചേട്ടായി ഈ മ്യൂസിക് വിഡിയോയുടെ കൂടെയുണ്ട് എന്നു ഞാന്‍ പിന്നീട് അറിഞ്ഞു. റോബിന് ചേട്ടായിയാണ് അഭിനയിക്കാന്‍ വിളിക്കുന്നത്. അതില്‍ അഭിനയിക്കുക എന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം ഞങ്ങള്‍ വേര്‍പിരിഞ്ഞു ജീവിക്കുകയാണ്. അപ്പോള്‍ എങ്ങനെയാണ് വിനുവിന്റെ കൂടെ അഭിനയിക്കുക എന്നു ചിന്തിച്ചു. ഞാന്‍ മാനസികമായി ഒട്ടും ശരിയല്ലാത്ത സാഹചര്യത്തിലും ആയിരുന്നു. മുഖത്ത് കൃത്രിമമായ ഒരു ചിരി വരുത്തുക മാത്രമേ ഞാന്‍ അതില്‍ ചെയ്തിട്ടുള്ളൂ. മനസ്സറിഞ്ഞ് ഒന്നും ചെയ്തിട്ടില്ല. കാരണം ഉള്ളു മുഴുവനും ദേഷ്യവും ഇഷ്ടക്കേടുമുള്ള ഒരു മനുഷ്യന്റെ കൂടെ അഭിനയിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. റോബിന് ചേട്ടായി എന്ന ഏറ്റവും അടുത്തുനില്ക്കുന്ന വ്യക്തി പറഞ്ഞതുകൊണ്ടു മാത്രമാണ് ഞാനത് ചെയ്തത്.
ആദിവാസികളായ കുട്ടികളുടെ കൂടെ ഡാന്‍സും പാട്ടുമൊക്കെ ചെയ്യുന്ന വിഡിയോ ആയിരുന്നു അത്. അവരുടെ കൂടെ ഡാന്‍സ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതുമയല്ല. കുഞ്ഞുന്നാള് തൊട്ടേ എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളായിരുന്നു. അവരോടാരും അടക്കത്തോടെയും ഒതുക്കത്തോടെയും ജീവിക്കണമെന്ന് പറയില്ല. അടങ്ങി ഒതുങ്ങി ജീവിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം നടക്കുന്ന കാര്യമല്ല. അതിനാല്‍ എപ്പോഴും എന്റെ കൂട്ടുകാര്‍ ആണ്‍കുട്ടികള്‍ ആയിരുന്നു. സിനിമ കുറെ കണ്ടു കഴിഞ്ഞ് ഒരു മ്യൂസിക് വിഡിയോയില്‍ അഭിനയിക്കുന്ന രസം അതില്‍ ഉണ്ടായിരുന്നു.
ചുള്ളിയോട് ഒരു ടാക്കീസ് ഉണ്ടായിരുന്നു. പ്രീത എന്നു പേരുള്ള ഓലമേഞ്ഞ ഒരു ഷെഡ്. പ്രണയിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പ്രധാനമായും ഞാന്‍ അവിടെ സിനിമക്ക് പോയത്. സിനിമ എന്താണെന്നോ ആരാണ് അഭിനയിക്കുന്നതെന്നോ ഒന്നും ഞങ്ങള്‍ക്ക് വിഷയമല്ല. എല്ലാവരും ആഘോഷമായിട്ട് പോകുമ്പോള്‍ ടാക്കീസിന്റെ ഉള്ളില്‍ ഒരു ഭയങ്കര വൈബ് ആണ്. ഇടവേള സമയത്ത് കടലയൊക്കെ വാങ്ങിച്ച് ആണ്‍കുട്ടികള്‍ കൊണ്ടുതരും. വീട്ടുകാര്‍ അറിയാതെ കണ്‍വെട്ടിച്ച് സീറ്റിന്റെ ഇടയിലൂടെയൊക്കെയാണ് തരുക. വീട്ടുകാര്‍ തൊട്ടടുത്തുണ്ടെങ്കിലും ആരുമറിയാതെ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പ്രണയം കൈമാറും, കടലയുടെ കോണ്‍ പാക്കറ്റുകളിലൂടെ. അവര്‍ മിഠായിയും വാങ്ങിത്തരും. ഞങ്ങള്‍ എവിടെയാണ് ഇരിക്കുന്നതെന്ന് ആണ്‍കുട്ടികള്‍ കണ്ടുപിടിച്ചുവെക്കും. മിക്കവാറും ഫസ്റ്റ് ഷോക്കാണ് പോവുക. അപ്പോഴാണ് ആണ്‍കുട്ടികളെ കാണാന്‍ പറ്റുക. സിനിമ കഴിയുമ്പോള്‍ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ ടിക്കറ്റ് കൗണ്ടറിന്റെ അപ്പുറത്ത് പോയി ആണ്‍കുട്ടികളോട് സംസാരിക്കും. ഞാനും ചന്ദ്രുവും പ്രേമിക്കുന്ന കാലമായിരുന്നു. ഞങ്ങളുടെ പ്രണയം കൈമാറിയതും ഈ ടാക്കീസില്വെച്ചായിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ മാടമ്പി എന്ന സിനിമ കാണാന്‍ മാറ്റിനിക്ക് പോയി. അന്ന് വൈകുന്നേരം ഫസ്റ്റ് ഷോ കളിക്കുന്നതിന്റെ ഇടവേളയില്‍ ടാക്കീസിന് തീ പിടിച്ചു. എല്ലാവരും ഇറങ്ങി ഓടി.
ഇടവേള ആയതുകൊണ്ട് അപകടമൊന്നും ഉണ്ടായില്ല. ഒരിക്കല്‍ സിനിമ കാണാന്‍ പോയപ്പോള്‍ ടാക്കീസിന്റെ വെളിയില്‍ കുറെ മുല്ല പൂത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആ മുല്ലപ്പൂ പറിച്ച് ഒരു കൈക്കുടന്ന നിറയെ മുല്ലപ്പൂ ഞാന്‍ അവന് കൊടുത്തു. ടാക്കീസ് കത്തിനശിച്ചതോടെ പിന്നീട് സിനിമക്ക് പോയിട്ടില്ല. പിന്നീട് ടാക്കീസ് പുതുക്കിപ്പണിഞ്ഞതുമില്ല.
വര്‍ഷങ്ങള്‍ക്കുശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ ഞാന്‍ ഒറ്റക്ക് ഒരു സിനിമ കാണാന്‍ പോയി – സൂപ്പര്‍ ശരണ്യ. കാലത്ത് വിനുവുമായി ഒരു അടി നടന്നിരുന്നു. വിനു മുഖത്താണ് അടിക്കുക. മുഖംപൊത്തി അടിക്കുമ്പോള്‍ കണ്ണിനാണ് ഏറ്റവും അധികം പ്രശ്നം. എനിക്ക് എപ്പോഴും തലവേദനയായിരുന്നു. അപ്പോള്‍ ഞാന്‍ ഡോക്ടറുടെ അടുത്തുപോയി പരിശോധിച്ച് മരുന്നൊക്കെ വാങ്ങിച്ചു. ആ സമയത്ത് പപ്പൂസും അമ്മയും വിരുന്നുപോയിരിക്കുകയായിരുന്നു. വീട്ടില്‍ എത്തിയിട്ടും വലിയ കാര്യമില്ല. അപ്പോള്‍ പിന്നെ ഒരു സിനിമക്ക് പോകാമെന്നു കരുതി. സുല്‍ത്താന്‍ ബത്തേരി ഐശ്വര്യ പ്ലസിലാണ് പോയത്. ഏതാണ് നല്ല സിനിമ എന്നൊന്നും എനിക്കറിയില്ലായിരുന്നു. സുഹൃത്തായ വിശാഖിനോട് ഏതാ നല്ല സിനിമ എന്നു ചോദിച്ചു. ‘സൂപ്പര്‍ ശരണ്യ’യും ‘ഹൃദയ’വും ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ‘സൂപ്പര്‍ ശരണ്യ’ക്ക് ടിക്കറ്റെടുത്തു. ടിക്കറ്റ് എടുക്കുമ്പോള്‍ എന്റെ കൈയും കാലും വിറക്കുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.