ആത്മകഥ ഒരു ജന്മത്തിന്റെ ഓർമകൾ

മലയാളത്തിലെ മുതിർന്ന കവിയും വിവർത്തകനും എഴുത്തുകാരനുമായ ദേശമംഗലം രാമകൃഷ്​ണ​ന്റെ ജീവിതമാണ്​ ഇത്​. കാവ്യത്തി​ന്റെ ചാരുതയിൽ അദ്ദേഹം അനുഭവങ്ങൾ നിരത്തുന്നു. ജീവിതപങ്കാളി ശ്രീ, മകൾ നിമിഷ എന്നിവർക്കൊപ്പം ദേശമംലം രാമകൃഷ്​ണൻഒന്ന്: ഒരു പുരാവൃത്തംഒന്നിച്ചും രണ്ടിച്ചും പിണങ്ങിയുമിണങ്ങിയുംകണക്കില്ലാക്കാലം കഴിഞ്ഞുപോയില്ലേ പറയാം പിന്നീടെന്നു പറഞ്ഞുവെച്ചതൊന്നും എന്നോടു പറഞ്ഞില്ലല്ലോ. എങ്കിലോ കേട്ടാലും നീ, ഒരു കഥയിൽ തുടങ്ങാമേ. ഏതോ കാലത്ത് ഏതോ ഒരാൾ ഏതോ കാക്കയുടെ ഉള്ളിലിരുന്ന് മന്ത്രിച്ചു, ഭൂമിയുണ്ടായി. മിന്നാമിനുങ്ങിന്റെ ഉള്ളിലിരുന്ന്...

മലയാളത്തിലെ മുതിർന്ന കവിയും വിവർത്തകനും എഴുത്തുകാരനുമായ ദേശമംഗലം രാമകൃഷ്​ണ​ന്റെ ജീവിതമാണ്​ ഇത്​. കാവ്യത്തി​ന്റെ ചാരുതയിൽ അദ്ദേഹം അനുഭവങ്ങൾ നിരത്തുന്നു. 

ജീവിതപങ്കാളി ശ്രീ, മകൾ നിമിഷ എന്നിവർക്കൊപ്പം ദേശമംലം രാമകൃഷ്​ണൻ

ഒന്ന്: ഒരു പുരാവൃത്തം

ഒന്നിച്ചും രണ്ടിച്ചും പിണങ്ങിയുമിണങ്ങിയും

കണക്കില്ലാക്കാലം കഴിഞ്ഞുപോയില്ലേ

പറയാം പിന്നീടെന്നു പറഞ്ഞുവെച്ചതൊന്നും

എന്നോടു പറഞ്ഞില്ലല്ലോ.

എങ്കിലോ കേട്ടാലും നീ,

ഒരു കഥയിൽ തുടങ്ങാമേ.

ഏതോ കാലത്ത് ഏതോ ഒരാൾ

ഏതോ കാക്കയുടെ ഉള്ളിലിരുന്ന് മന്ത്രിച്ചു,

ഭൂമിയുണ്ടായി.

മിന്നാമിനുങ്ങിന്റെ ഉള്ളിലിരുന്ന് മന്ത്രിച്ചു

സൂര്യചന്ദ്രതാരങ്ങളുണ്ടായി.

മറ്റാരുമില്ലല്ലോ കൂട്ടിനായ് - ആ സങ്കടം

പൊട്ടിമുളച്ചൂ

ചെടികളായ് വള്ളിപ്പടർപ്പായ്

സുന്ദരികളായ് സുന്ദരന്മാരായ്.

മിണ്ടുവാനാവുന്നില്ലല്ലോ - ആ സങ്കടം

കെന്തിക്കെന്തി പല ഭാഷകളായി

അവയിൽനിന്ന് ഒരു മൊഴിയെടുത്ത്

ഉള്ളം തളിർത്തു കുളിർത്തവൻ പാടി:

‘‘വെള്ളപ്പൻ നാട്ടിൽ

വെളുത്തേടത്തില്ലത്ത്

വെള്ളാട്ടി പെറ്റൊരു വേശിപ്പെണ്ണ്

കണ്ടാലഴകേറും കാമിനിമാർമണി

ഉണ്ടായേപ്പിന്നെ കുളിച്ചിട്ടില്ല

കാരിയത്തിയവൾ വീരിയത്തിയവൾ

ഏറെക്കുറഞ്ഞൊരു ചീരവിത്ത്

കൊച്ചിയിൽ തടംവെട്ടി

കൊടുങ്ങല്ലൂർ വേരൂന്നി

പട്ടാമ്പീല് ചെന്നു തല നീട്ടി.’’

കാക്കയുടെ ഉള്ളിലിരുന്നവൻ

കാക്ക പോകുന്നിടമെല്ലാം കണ്ടൂ

പണ്ടവൻ നൽകിയൊരപ്പത്തിൻ കടം

വീട്ടാൻ നോക്കുകയാണ് കാക്ക

അവള് തിന്നുന്നതവനും കിട്ടി

ഓളുടെ ഓങ്കാരം കേട്ടുകേട്ടേ,യവൻ

ഓത്തുപഠിച്ചു രസിച്ചു.

വല്ലപ്പോഴും പുറത്തുവന്നാൽ, അവനെ

കൂട്ടത്തിൽ കൂട്ടാതായ്

സുന്ദരിക്കോതകൾ സുന്ദരന്മാരും,

എന്നാലുമെന്നാലുമൊറ്റപ്പെട്ടില്ലവൻ.

കുയിലിന്റെയുള്ളിൽ കയറിയിരുന്നേ

കനവു കാണുന്നൊരുത്തിയുണ്ടേ, അവളെ

ദൈവം അവന് തുണയായി വിട്ടു.

ഇരുവരും മോഹിച്ചു മേളിച്ചപ്പോഴേ

പുതുകുലം പൊട്ടിമുളച്ചൂ

അതിലൊരുത്തിക്കൊരു പെൺതരിയുണ്ടായ്

അതിനെ നിറുകയിൽ പന്തവും കുത്തി

ആഴിയിലേയ്ക്കുന്തിവിട്ടതുമാരേ-

കാലമേറെക്കടന്നവാറേ

ആ അവനുതന്നെ

അവളെ വധുവാക്കിത്തീർത്തതുമാരേ-

അച്ഛനാണെന്നതറിയാത്ത

പുത്രിയാണെന്നതറിയാത്ത

അരുതാത്ത കെട്ടുമുറയിൽനിന്നേ

തെരുതെരെ മറ്റൊരു കുലവും വളർന്നൂ.

കാക്കയ്ക്കുള്ളിലൊളിച്ചവൻ

ഖേദിച്ചുഖേദിച്ചിരുന്നു:

എങ്ങനെ ചാടും പുറത്ത്, ചുറ്റും

തറവാടിക്കൈയന്മാരല്ലോ

എങ്ങനെ ചാടും പുറത്ത്, മുമ്പിൽ

നാടുവാഴുന്നോരല്ലോ.

എങ്കിലും ഭീരുവിൻ വേഷം

പൊളിച്ചുകളഞ്ഞവൻ

ഒറ്റക്കുതിപ്പിലേ എത്തീയരങ്ങിൽ.

എന്തിതു കാക്കക്കറുമ്പനല്ലല്ലോ

എത്ര വെളുത്തവൻ,

വിസ്മയംകൊണ്ടു നാടുവാഴുന്നോർ.

ഹാ, വെളുത്തേടാ വെളുത്തേടായെന്നു

പാതി ശകാരമായ് പാതിയാശ്ചര്യമായ്

വിളിച്ചുവിളിച്ച്

എറിഞ്ഞുകൊടുത്താനവന്റെ

മോന്തക്കുനേരേ വിഴുപ്പുകൾ-

കൊണ്ടോയലക്കി വെളുപ്പിച്ചുവായെടാ.

 

ദേശമംഗലം രാമകൃഷ്​ണൻ- പഴയചിത്രം

രണ്ട്: വർത്തമാനം

എങ്കിലോ

ഇക്കഥയിൽനിന്നൊരു

നൂലു നീളുന്നുണ്ടതു

നെയ്യുന്നുണ്ടെൻ വർത്തമാനം.

കേട്ടാലോ കവിതയായേക്കാം

കൺമുമ്പിലോ എൻ വംശനാടകം.

എങ്കലുള്ളൊരു ഭാണ്ഡമഴിച്ചുനോക്കി പലവട്ടം

ഇന്നിപ്പോളതിൽ ചില നിഴലുകളൊളിച്ചു കളിക്കുന്നു

മറക്കാത്തതെന്തേയെന്നവ

അന്യോന്യം ചോദിക്കുന്നു

പുലവരുടെ കൂത്തുമാടത്തിൽ

തോൽപാവക്കളിയാട്ടംപോലെ

കണ്ടുകൊണ്ടിരിക്കുമ്പോൾ

ഏതാണ്ടെന്തൊക്കെയോ

മനസ്സിൻ മണൽക്കൂനയിൽ

തെളിയുന്നൂ മറയുന്നൂ.

ഓർത്തെടുക്കുവതെങ്ങനെയെന്നെ:

തോർത്തിത്തരാനമ്മ

കരയിൽവന്നു ശാസിച്ചുനിൽക്കുന്നതുണ്ടോർമയിൽ

-അതൊരു വല്ലാത്ത വാത്സല്യകാലം.

അമ്മ പറഞ്ഞാണറിഞ്ഞൂ പൂക്കളെ ശലഭങ്ങളെ

അമ്മ പറഞ്ഞാണറിഞ്ഞൂ മണ്ണിനെ,

കൈക്കോട്ടിനാലന്തിയാവോളം

കിളയ്ക്കുമച്ഛനെ

അച്ഛന്റെയച്ഛൻ എരേച്ചനെ

-അതിനപ്പുറത്തേക്കില്ലോർമകൾ.

അന്നു കാടത്രെയെങ്ങും

പാടങ്ങളത്രെയെങ്ങും

പകലിലുമിരുട്ടായിരുന്നത്രെ

ഇരുട്ടായിരുന്നത്രെ പകൽ.

എരേച്ചൻ

പെറുക്കിക്കെട്ടിനടന്നു വന്നതെവിടെനിന്നോ

എരേച്ചൻ

മണ്ണുരുട്ടി വീടുവെച്ചതെവിടെയോ.

ഈ കാട്ടുമുക്കിലൊരു പായ കിട്ടീ എരേച്ചന്,

സമ്മന്തമായ്

എരേച്ചൻ പിറപ്പിച്ചിതെന്നച്ഛനെ,

പിന്നെ എരേച്ചൻ

ഏതോ കുളത്തിൽ

വീർത്തുപൊന്തിക്കിടന്നുവത്രെ.

അവന്റെ താളിയോലക്കെട്ടുകൾക്ക്

അവകാശിയായച്ഛൻ

അവന്റെ ദേശവിഴുപ്പിന്

അവകാശിയായച്ഛൻ.

മന്ത്രവാദം പഠിച്ച് കല്ലടിക്കോട്ടുനിന്നും

പറന്നുവന്നവനത്രെ എരേച്ചൻ

ചുട്ടകോഴിയെ പറപ്പിച്ചിട്ടുണ്ടത്രെ

എങ്കിലുമാവഴിക്കൊന്നും

അതിശയിപ്പിക്കാൻ നിന്നീലച്ഛൻ,

കുറച്ചു മന്ത്രവാദം കുറച്ചു പച്ചിലവൈദ്യം

കുറച്ചു മണ്ണിൽപണി

കുറച്ചു വെളുത്തേടപ്പണിയും-

എന്നിട്ടും ദേശത്തെ മാന്യനായ്.

മനക്കലെ കണക്കുകാരൻ

സെയ്ദാലി പറയാറുണ്ട്:

‘‘എൻ മകനെ

മരണപ്പൊതിച്ചിലിൽനിന്നെണീപ്പിച്ച

മൂത്താരേ സലാം സലാം.’’

കലി തുള്ളുവോരുടെ

ബാധയൊഴിപ്പിച്ചർധരാത്രിയിൽ

അകലത്തെയാൽമരത്തിൽ

ആണികളടിച്ചുതറച്ചവൻ

ഇളകിയൊരസ്തിവാരത്തിൻ

താലികളുറപ്പിച്ചു-

നാട്ടുകാർ പറയും, ശങ്കുണ്യാരേ

സുകൃതക്കാരൻ നിങ്ങൾ.

ചെറിയൊരോർമയേ ഉള്ളൂ അച്ഛനെ,

കിണ്ണത്തിലരിയിൽ പൂഴ്‌ന്നൊരു

കടുകുമണിപോലെ.

അരിയും കൊള്ളിക്കിഴങ്ങും

തോർത്തിൽ കെട്ടി തോളത്തിട്ടു

എൻവിരലും പിടിച്ചച്ഛനന്നേതോ മഴക്കാലത്ത്

കമ്പനിസ്‌കൂളിൽനിന്നെന്നെ

കൊണ്ടുപോന്നതോർക്കുന്നേൻ.

പിന്നെയൊരിക്കൽ

ബാധയൊഴിപ്പിക്കാൻ തീർത്ത കളത്തിൽ

ഭസ്മം വരയ്ക്കുന്നതുമേതോ

ഉറക്കം തൂങ്ങുമിരവിൽ

കണ്ടുവോ കണ്ടില്ലേ ഞാൻ.

അച്ഛൻ നട്ട ചെടികൾ-

നന്ത്യാർവട്ടം, വിഷുക്കൊന്ന, മന്ദാരം

കിഴാർനെല്ലി, ശതാവരി, മുക്കുറ്റി, വാതംകൊല്ലി

-ഓർക്കുന്നു ഓർക്കുന്നില്ലയോ.

അലക്കൊഴിഞ്ഞിട്ടുവേണം

കാശിക്കുപോകാ,നെന്നാൽ

അലക്കൊഴിയില്ല, അച്ഛൻ കാശിക്കും പോയിട്ടില്ല.

വീടു നോക്കിയാൽ കാശിക്കൊന്നും പോകണ്ട

വേർപ്പുപ്പുനീറ്റിൽ മുങ്ങിക്കുളിച്ചും

പുണ്യം നേടാം-

അച്ഛൻ പറയാറുണ്ടത്

ഓർക്കുന്നു ഓർക്കുന്നീലേ.

അച്ഛൻ വളർത്തിയ കമുകുകളിൽ

കുരുമുളകുവള്ളികൾ പടർന്നൂ

തിരിയിട്ടു തെരുതെരെ മൂത്തു,

കാരക്കാട്ടെ കുഞ്ഞിസ്സെയ്ത് വന്നു

കൊല്ലംതോറും കച്ചോടമാക്കി

മൂത്താർക്കു കൊടുത്തൂ നൂറുരൂപ.

അന്നത്തെ നൂറുരൂപയ്ക്കായുസ്സുകൂടും

എടുത്താലുമെടുത്താലും തീരില്ലെടോ.

ചൊമപ്പൻ കാച്ചിത്തുണിയുടുത്ത്

കൈത്തണ്ടയിലേലസ്സുമായ്

മുറുക്കിച്ചുമപ്പിച്ച സെയ്തിനെ ഞാൻ

ഓർക്കുന്നുവോ ഓർക്കുന്നീലേ.

അന്നത്തെയാ കിണർ തന്നെയിപ്പൊഴും

നമ്മളതു മൂന്നു പെങ്ങന്മാർക്കായ്

ഒത്തുതീർപ്പിന്നടയാളമായ്

ഒന്നിച്ചു കോരിക്കോളിൻ കുടിച്ചോളിൻ

അച്ഛന്റെ കൃപാജലമെന്നു തീർപ്പാക്കി,

കിടക്കപ്പൊറുതിയാക്കി.

- അവനവന്റെയടുപ്പിൽ തിളച്ചതേ

സ്വാദാവൂ, പരമാർഥമോ.

ജന്മത്തിൻ കിണറാണതിലെത്ര

പാതാളവരണ്ടികളിട്ടുവലിച്ചൂ

എത്ര സൂര്യചന്ദ്രന്മാരെ, ചെപ്പുകുടങ്ങളെ

ക്രോധത്താൽ വലിച്ചെറിഞ്ഞവയെ

പൊക്കിയെടുത്തിരിക്കുന്നൂ ഞങ്ങടെ താവഴി.

നിനക്കതോർക്കുവാനാവില്ല

നീയന്നെൻ കൂടെയുണ്ടായിരുന്നില്ല

കാലങ്ങൾ കടന്നല്ലോ എൻ കുലത്തിൻ

വാൽകണ്ണാടിയായ് നീ വിളങ്ങി, വിളങ്ങിയോ.

കിണറിനെ പറ്റി പറഞ്ഞാൽ തീരില്ല

ശാപങ്ങൾ കുഴിച്ചാണിക്കിണറു പണിഞ്ഞതും.

കുരുമുളകിനു തെങ്ങിൻതടത്തിനു നനയ്ക്കുവാൻ

ചാലുകൾ വെട്ടിയ വളപ്പിൽ

എത്ര തേക്കുകുട്ടകൾ മലക്കംമറിഞ്ഞൂ

അന്തിയാവുമ്പോൾ അച്ഛനൊരുന്മാദം,

ഞങ്ങൾ കുട്ടികൾക്കാ നീരോട്ടത്തിൽ

ചപ്പിളിപിളികളിക്കുവാനെന്തൊരാനന്ദം.

ഈ കിണർ എനിക്കനന്തത

ഈ കിണറിലൂടെ ഞാനൂളിയിട്ടെത്തി

കാണാക്കിനാക്കളിൽ,

പിന്നെപ്പലർക്കും

ആത്മഹത്യക്കു മാത്രമായീ കിണർ.

മക്കൾ കലഹിപ്പതുകണ്ടാണച്ഛൻ പിരിഞ്ഞു

അമ്മയെപ്പുൽകിനിന്നച്ഛൻ

നൊന്തുമറഞ്ഞുപോയ്.

തെക്കേ വളപ്പിലച്ഛൻ കിടപ്പുണ്ടത്രെ, പിന്നീടു

തെക്കേ വളപ്പിൽതന്നെയമ്മയ്ക്കും പൊറുതിയായ്.

ഒഴിമുറിയെഴുതി നിന്നോടൊപ്പം കൂടി ഞാൻ

ഒരേയൊരീശ്വരാജ്ഞ, നീ

എൻ മുറിവിനു പച്ചില.

 

ഡോ. എം. ലീലാവതിക്കൊപ്പം ദേശമംഗലം രാമകൃഷ്​ണൻ

മൂന്ന്: കഥയിൽനിന്നൊരു നൂല്

അച്ഛന്റെ കഥയിൽനിന്നൊരു നൂലു നീളുന്നൂ

അമ്മയ്ക്കു കണ്ണീരൊപ്പാനുള്ളൊരു ശീല നെയ്യുന്നു.

ചൊകന്ന കല്ലുവെച്ച മൂക്കുത്തിയാണമ്മയ്ക്ക്

തോടയിട്ട കാതുകളാണമ്മയ്ക്ക്

മൂക്കുത്തിയുടെ ശങ്കീരിയിളകും പലപ്പോഴും

അതു തിരുകിക്കേറ്റിത്തുമ്മിക്കൊണ്ടമ്മ പറയും-

ഓമനിച്ചൊരു നാളിലച്ഛൻ

വാങ്ങിത്തന്നതാണെനിക്കിത്.

അമ്മമ്മയെ കണ്ടിട്ടില്ല ഞാൻ, അവരുടെ

തോടയാണമ്മയുടെ കാതിൽ

കഴുത്തിലെ മുക്കുപണ്ടമല്ലാത്തതൊക്കെ

ഇടക്കിടെയച്ഛൻ

പണയംവെയ്ക്കുമെടുക്കുമണിയിക്കും.

നാലും കൂട്ടിയെപ്പൊഴും മുറുക്കുമമ്മ പറയും:

‘‘ഇത്തിരി നീയുമെടുത്തോ

മുറുക്കീട്ടല്ല ആരും ചാവണത്’’

മരണകാലത്തമ്മയ്‌ക്കൊന്നു

മുറുക്കിച്ചൊകക്കാനായിരുന്നൂ മോഹം.

അമ്മയുടെ കൈയിലെ

തഴമ്പു തലോടുമ്പോൾ പറയും:

കാരത്തിൻ പുളിയും

നീലത്തിന്നിഴുക്കവും കൊണ്ടാണുണ്ണീ

തഴമ്പിനിത്രയും കറുപ്പേറി

അലക്കിപ്പിഴിഞ്ഞുപിഴിഞ്ഞാണമ്മയുടെ

കൈത്തഴമ്പു കനത്തത്.

ഇടംകൈ ചൂണ്ടാണി വിരലിലെ നഖം

വിറങ്ങലിച്ചു കറുത്തുനിൽപ്പുണ്ട്

അമ്മയ്ക്കു പറയാനുണ്ടൊരു

മാട്ടും മാരണത്തിൻ കഥ:

അത്രയ്ക്കു പൊങ്ങേണ്ടെന്നു കരുതിക്കൂട്ടി ചിലർ

പിണച്ച ക്ഷുദ്രത്തിലത്രെയക്കൈവിരൽ പഴുത്തു.

മറുമാട്ടും ചെയ്തുവച്ഛൻ

എങ്കിലും പൊള്ളച്ചുവീർത്തതിന്റെ

വേദനയസാരം തിന്നുതീർത്തു

അച്ഛന്റെ വൈദ്യം തുണച്ചു

ഉണങ്ങിയ വിരലിപ്പോൾ

ഒരു കുഞ്ഞിക്കലമാൻ കുളമ്പുപോലായ്.

ആരോ ‘‘കള്ളാടി1 കേറ്റിയതാ’’ണെന്നമ്മ

പറയുമ്പോൾ

അന്തംവിട്ടിരിക്കും ഞാൻ.

അമ്മ പറയാറുണ്ട്:

അട്ടയുടെ കണ്ണും

ഭൂമിയുടെ പൊക്കിളും എനിക്കറിയാം.

മണ്ണുചുമന്നേൻ

കല്ലുചുമന്നേൻ

ചുമടായ ചുമടൊക്കെ കൊണ്ടുവന്നേൻ

പഴങ്കഞ്ഞിവെള്ളവും

മാളികയിലെ ഉമിക്കൂമ്പാരവും കൊണ്ടുവന്നേൻ

ചുണ്ണാമ്പും കൊണ്ടുവന്നേൻ

അച്ഛൻ കുഴയ്ക്കും വെച്ചുപൊത്തും മണ്ണട്ടികൾ

മേൽക്കുമേൽ

തിടംവെച്ചൊരടിത്തറയിൽനിന്ന്

ഒരു വീടു പൊന്തും-

നോക്കിനിൽക്കുംതോറും

ചുമരുകളെത്ര ഉയർന്നു

വിയർപ്പെത്ര കുടിച്ചു

കണ്ണീരൊക്കെച്ചിരിയാക്കി.

മനയ്ക്കലെ തമ്പ്രാക്കൾ

കണ്ണെത്താദൂരം ഭൂമിയെ തളച്ചൂ,

ദാനമായ് കിട്ടിയൊരിക്കഷണത്തിൽ

പൊങ്ങിയ വീടുനോക്കി

തൊട്ടപ്പുറത്തെ മാളികക്കാർ

മൂക്കത്തു വിരൽവെച്ചു

‘‘ഇതിങ്ങനെയുയർന്നു പോയാൽ

എവിടെയെത്തും ശങ്കുണ്യാരേ’’

-എത്തുന്നിടത്തെത്തട്ടെ.

മഴയും വെയിലുമേൽക്കാതെ

കെട്ട്യോളുടെ പൊക്കിൾക്കൊടിയിൽനിന്ന്

നൊന്തുവിളിച്ചു വളരേണ്ടുമെത്രയോ ജന്മങ്ങളെ

അച്ഛൻ സ്വപ്നം കണ്ടിരിക്കാം.

കരു കണ്ടൂ

മണ്ണിൻ ഞരമ്പുകൾ ത്രസിച്ചൂ,

കാട്ടുമരങ്ങളേറ്റിയെത്തിച്ചൂ

ആശാരി ചിന്തേരിട്ടു.

തട്ടുവാരം ചെന്നപ്പൊഴേ കടംകേറി,

‘‘ന്നാലും ഇവനിത് എന്തിന്റെ കേടാ -ഇങ്ങനെ

കെട്ടിപ്പൊക്കാൻ’’ ആളുകൾ ചോദിക്കയായ്.

വളപ്പിലെ പറക്കുട്ടിത്തേവരുടെ ധ്യാനത്താൽ

എങ്ങനെയോ വീടുപണി തീർന്നു,

തീർന്നു എന്നു വിശ്വസിച്ച് കുടിപാർപ്പായി.

രാവേറെച്ചെല്ലും മുമ്പേ

നിന്റെയച്ഛൻ കോട്ടുവായിടും

‘‘അതാ ശങ്കുണ്ണി കോട്ടുവായിട്ടു

ഉറങ്ങാൻ സമയമാ’’യെന്നു

കാറാത്തെ ലക്ഷ്വോമ പറയുന്നത്

വേലികടന്ന് വീട്ടിലെത്തിയിരുന്നു

ഒപ്പം അവരുടെ നായയും.

മനയ്ക്കൽ സന്ധ്യതൊട്ട് പുലർകാലംവരെയും

സമയമറിയിക്കാൻ

മണിമുഴക്കിക്കൊണ്ടിരിക്കും കോമൻനായർ,

കേൾക്കാമെട്ടു ദിക്കിലും

ആനക്കൊട്ടിലിൽനിന്നുയരും

ചിന്നംവിളികളും.

മണിയടിക്കുന്നതിലെണ്ണം പിഴച്ചാൽ

കോമനെ വിളിക്കും തമ്പ്രാൻ.

‘‘ആ ലേശം കൂടിപ്പോയത്

അട്യേൻ അപ്പഴേ മായ്ച്ചുകളഞ്ഞു’’വെന്നാകും

ഉറക്കപ്രാന്തിൽ കോമന്റെ മറുപടി.

കുറ്റാക്കുറ്റിരുട്ടിന്റെ കാലമായിരുന്നു അത്

മാറുമറയ്ക്കാത്ത കാലമായിരുന്നു അത്

ഒടിയനെന്ന് ശകാരിച്ച് പാണനെയും പറയനെയും

തല്ലുന്ന ധാർഷ്ട്യകാലമായിരുന്നു അത്

പൊതുവഴിയില്ലാത്ത കാലം

പൊതുജനമില്ലാത്ത കാലം.

ഒരിക്കൽ കുറച്ചു കാശു ചോദിച്ച്

മനയ്ക്കൽ ചെന്നപ്പോൾ

അച്ഛന്റെ മുഖത്തേയ്ക്ക്

ഉടുത്ത കോണകം വലിച്ചൂരിയെറിഞ്ഞൂ

ആ അമ്പിസ്വാമി

-പോ, കൊണ്ടുപോയ് അലക്കിക്കൊണ്ടു വാ.

കോണകം അലക്കിക്കൊണ്ടുപോയ്

കൊടുക്കുമ്പോൾ

അതിലിത്തിരി നായ്ക്കുരണപ്പൊടി

വിതറണമെന്നും

അതുടുത്തവന്റെ വെകിളിയൊന്നു

കാണേണ്ടതുതന്നെയെന്നും

നിന്റെയച്ഛൻ കരുതിയെങ്കിലും

അതോർത്തു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ

അതുകൊണ്ട് കുറച്ചുകാലം കൂടി ജീവിക്കാൻ പറ്റി.

ഉറക്കം വരുവോളം

ഉറക്കെച്ചൊല്ലീ രാമായണം

ഹനുമാനോടൊട്ടിനിന്നൂ മൂപ്പര്.

കുറ്റാക്കുറ്റിരുട്ടായിരുന്നൂ കാലം

ശബ്ദമായിരുന്നൂ വെളിച്ചം

തലയ്ക്കൽ ഗദവെച്ചു കിടന്നൂ മൂപ്പര്

നിന്നെ ഞാനന്നു പെറ്റിട്ടില്ല

നീയെന്നവസാനത്തെ പൂവൽ,

അടിച്ചും തളിച്ചും മാറാല നീക്കിയും

വീട്ടുപണികളസാരം ചെയ്തും

തളർന്നന്നേതോ വിഷുനാളിൽ,

കടമായും കൂലിയായും കിട്ടിയ

നെല്ലു കൂമ്പാരമിട്ട ഇടനാഴിയിൽ

നിന്നെ പെറ്റു ഞാൻ മകനേ.

ആദ്യം പെറ്റതമ്മയൊരു സ്വർണകുമാരനെ,

താലോലിച്ചുകൊണ്ടിരിക്കെയൊരുനാൾ കണ്ണടച്ചു

അവനെയേറ്റു വാങ്ങിയ

വളർത്തുകാടിൻ ചെരിവിലൂടെ പോകെ

അവൾ മുഖം താഴ്ത്തിത്തേങ്ങുകയായിരിക്കും.

പിന്നെയമ്മാളുവെ പെറ്റൂ

അവൾ കൈകൊട്ടിക്കളിച്ചൂ

തിണ്ടാടി നടന്നൂ

ചിലപ്പോൾ പൈത്യക്കാരിയായ്.

തങ്കമണിയെ പെറ്റൂ

അവൾ അടന്തയോ

പേശാമടന്തയോ,

അക്ഷരക്കുറവിനാൽ

അറച്ചുനിന്നൂ.

കുമാരനെ പെറ്റു

എൻ റൗക്കയിട്ടാണവൻ സ്‌കൂളിൽ പോയി

അവൻ നിനക്കേട്ടനായ്

അതിർത്തി കാക്കുവാൻ പോയി,

അവന്റെ തീയാലല്ലോ തിളച്ചൂ

നമുക്കായ് കട്ടൻചായ.

തങ്കത്തിനെയാണ് പിന്നെ പെറ്റത്

അവളെൻ തനിസ്വരൂപം.

ഓർമയൊരു തെങ്ങിൻപൂവായ് മച്ചിങ്ങയായ്

എൻ നെഞ്ചിൽ മയങ്ങുന്നു:

ഓർക്കുവാനാവുമോ

നിന്റെയച്ഛനന്നൊരന്തിയിൽ

വയറ്റിലെ മുഴപൊട്ടിക്കലങ്ങിയൊലിച്ചതും

നിത്യമാമിരുട്ടത്തേയ്ക്കു നാം തെറിച്ചതും.

അച്ഛന്റെ താളിയോലകൾ മറഞ്ഞുപോയ്

മരുന്നുചെടികൾ കരിഞ്ഞുപോയ്

കൈനീട്ടിവാങ്ങാനാരുമില്ലാത്തൊരാ

മന്ത്രങ്ങൾ മറഞ്ഞുപോയ്.

 

ദേശമംഗലം മന

നാല്: അറിഞ്ഞിരിക്കാം, ഇല്ലായിരിക്കാം

അവൻ പിറക്കും മുമ്പല്ലോ സ്വാമി2

കാളവണ്ടിയിൽ വന്നിറങ്ങി

ഭ്രാന്താലയത്തിൻ മുറ്റത്തുനിന്നതും

വെറുക്കൊലാ തമ്മിലെന്നു മന്ത്രിച്ചതും.

അവനറിഞ്ഞിരിക്കാം

കരുണയാൽ ലോകമെത്ര വലുതാവുന്നു

അവനറിഞ്ഞിരിക്കാം

അന്യനെ ചവിട്ടിത്താഴ്ത്തുമ്പോൾ

ലോകമെത്ര ഇടുങ്ങുന്നു.

മലനാട്ടിൻ ചെരിവിലെ വീട്ടിൽ

മലവെള്ളപ്പാച്ചിൽ കണ്ടു

മന്ത്രവാദിയവനറിഞ്ഞൂ

മരണത്തെക്കാൾ വലുതായ്

ഒന്നുമില്ല ഭൂമിയിൽ.

മൊല്ലാക്കയോടൊത്തിടനാഴിയിൽ

തുമ്പപ്പൂച്ചോറുണ്ണാനിരുന്നവൻ

അറിഞ്ഞിരിക്കില്ല

ദീവട്ടിക്കൊള്ളക്കാരുടെ വാർത്തകൾ.

മൂത്താരായിരുന്നൂ നാട്ടുകാർക്കെല്ലാം

എന്തൊരു കൈപ്പുണ്യമെന്നു പറഞ്ഞാരവർ.

ഒരു പച്ചിലച്ചാറാൽ ഒരു പൂവിതളിനാൽ

ഉണർത്തീയവനാത്മാക്കളെ.

കാളപ്പെട്ടിയിലോ മറ്റു വല്ല പെട്ടിയിലോ

വോട്ടുചെയ്തിരിക്കണമവൻ.

പ്രമാണിക്കു പ്രീതി,

ഒരു ചിറികോട്ടലിൽ കഴിച്ചിരിക്കാം.

കേട്ടിട്ടുണ്ടാമവൻ ഗാന്ധിയെ പതാകയെ,

വാവിട്ടു കരഞ്ഞിരിക്കാം

ഗാന്ധിയെ കൊന്നെന്നറിഞ്ഞപ്പോൾ.

അറിഞ്ഞിരിക്കാമവൻ

താനുമയിത്തക്കാരനെന്ന്

അറിഞ്ഞിരിക്കാമവൻ

താനുമന്യനെന്ന്.

മെടഞ്ഞുകൊടുത്തൊരു തിരുവാട

ആനപ്പുറത്തു തിടമ്പിനൊപ്പമെഴുന്നള്ളിക്കുമ്പോൾ

ഒരു മഴവില്ലങ്ങനെ വിടർന്നതവൻ കണ്ടിരിക്കാം.

ഓണത്തിനു തന്റേതായൊരു പൂവിളിയുണ്ട്

അതുകേട്ടാണുത്രാടശേഷം പുലർച്ചയിൽ

അയൽക്കാരുണരുന്നൂ.

ഓട്ടമുക്കാലുകളുടെ കാലമായിരുന്നു

വിഷുക്കൈനീട്ടമീട്ടംകൂട്ടി

അരയിൽ കെട്ടി കിലുക്കി നടക്കുവാൻ

പഠിപ്പിച്ചിതെന്നെയവന്റെ കുട്ടിക്കാലം.

പിന്നെപ്പിന്നെ

പുത്തൻകുളത്തിലെ

അലക്കുകല്ലിനോടായി പായ്യാരങ്ങൾ.

പാടത്തെ പണിക്കാരു തമ്മിൽ

പറയുന്നുണ്ടായിരുന്നു

ലഹളയെ പറ്റി, ഐക്യപ്പെടലിനെപ്പറ്റി.

ഒന്നാവണമൊറ്റക്കെട്ടാവണമെന്നല്ലാതെ

ഒന്നുമാ നാട്ടുവൈദ്യനറിഞ്ഞിരുന്നില്ല.

(തുടരും)

============

1. കള്ളാടികേറ്റൽ -ഒരുതരം ആഭിചാരം
2. സ്വാമി വിവേകാനന്ദൻ
Tags:    
News Summary - weekly culture biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.