സുപ്രീംകോടതി അഭിഭാഷകനും നിയമജ്ഞനും എഴുത്തുകാരനുമായ അഡ്വ. കാളീശ്വരം രാജിന്റെ ഒാർമക്കുറിപ്പുകളുടെ ആദ്യഭാഗം. കണ്ണൂർ ജില്ലയിലെ ബാല്യെത്തക്കുറിച്ചും അറിയാതെ പരിസ്ഥിതി ബോധത്തിലേക്ക് എത്തിയതിനെ കുറിച്ചുമാണ് ഒന്നാം അധ്യായം.1. ജീവിതം എന്ന പാഠശാല ജർമനിയിലെ പ്രസിദ്ധ അഭിഭാഷകൻ ഫെർഡിനന്റ് ഫൊൺ ഷീറ ജർമൻ ഭാഷയിൽ എഴുതിയ പുസ്തകം ‘ക്രൈം ആൻഡ് ഗിൽറ്റ്’ എന്നപേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ജിം ജാർമുഷിന്റെ വിഖ്യാതമായ അഭിപ്രായപ്രകടനത്തോടെയാണ് ഫെർഡിനന്റ് താൻ വാദിച്ച ചില പ്രധാന കേസുകളിലെ മനുഷ്യരെക്കുറിച്ച് വിവരിക്കുന്ന,...
സുപ്രീംകോടതി അഭിഭാഷകനും നിയമജ്ഞനും എഴുത്തുകാരനുമായ അഡ്വ. കാളീശ്വരം രാജിന്റെ ഒാർമക്കുറിപ്പുകളുടെ ആദ്യഭാഗം. കണ്ണൂർ ജില്ലയിലെ ബാല്യെത്തക്കുറിച്ചും അറിയാതെ പരിസ്ഥിതി ബോധത്തിലേക്ക് എത്തിയതിനെ കുറിച്ചുമാണ് ഒന്നാം അധ്യായം.
1. ജീവിതം എന്ന പാഠശാല
ജർമനിയിലെ പ്രസിദ്ധ അഭിഭാഷകൻ ഫെർഡിനന്റ് ഫൊൺ ഷീറ ജർമൻ ഭാഷയിൽ എഴുതിയ പുസ്തകം ‘ക്രൈം ആൻഡ് ഗിൽറ്റ്’ എന്നപേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ജിം ജാർമുഷിന്റെ വിഖ്യാതമായ അഭിപ്രായപ്രകടനത്തോടെയാണ് ഫെർഡിനന്റ് താൻ വാദിച്ച ചില പ്രധാന കേസുകളിലെ മനുഷ്യരെക്കുറിച്ച് വിവരിക്കുന്ന, കുറ്റങ്ങളെയും കുറ്റവാളികളെയും കുറ്റവാളികളായി ആരോപിക്കപ്പെട്ടവരെയും കുറിച്ചുള്ള തന്റെ രചന ആരംഭിക്കുന്നത്.
ജിം ജാർമുഷ് പറഞ്ഞത്, ചൈനയിലെ ചക്രവർത്തിയെക്കുറിച്ചായിരിക്കില്ല, സ്വന്തം നായെയുംകൊണ്ട് നടക്കാനിറങ്ങുന്ന ഒരു സാധാരണ മനുഷ്യനെക്കുറിച്ചായിരിക്കും താൻ സിനിമ നിർമിക്കുക എന്നായിരുന്നു. വലിയ മനുഷ്യർക്കുള്ളതുപോലെ ഒരുവേള അതിനെക്കാൾ ജീവിതാനുഭവം സാധാരണ മനുഷ്യർക്കുണ്ടായേക്കാമെന്നും അവരുടെ കഥകൾ കേൾക്കാൻ സമൂഹത്തിന് എന്നും താൽപര്യം കാണുമെന്നുമാണ് ഇതിന്റെ പൊരുൾ.
ഫെർഡിനന്റ് തന്റെ രചനയിലെ മനുഷ്യരെക്കുറിച്ചു പറഞ്ഞത് പക്ഷേ, ഈ ഓർമക്കുറിപ്പുകളുടെ രചയിതാവിന് ബാധകമാക്കിക്കൊണ്ട് തുടർന്നുള്ള ഭാഗങ്ങൾ വായിക്കണമെന്നതാണ് വായനക്കാരോടുള്ള അപേക്ഷ. ജീവിതത്തിലെ ആദ്യകാലാനുഭവങ്ങൾ എങ്ങനെയൊക്കെയോക്കൂടി എന്നെ ഈ തൊഴിലിൽ എത്തിക്കുകയായിരുന്നു. ദൈവത്തിന്റെ അപാരമായ ആസൂത്രണത്തിന്റെയും ദുരൂഹമായ പദ്ധതികളുടെയും ഉൗഷ്മളമായ പരിസമാപ്തിയായിരുന്നു അത്.
പതിനെട്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ടു; അതോടെ പഠിത്തം ഉപേക്ഷിച്ച് എസ്.എസ്.എൽ.സിക്കു കിട്ടിയ ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ടെലിഫോൺ എക്സ്ചേഞ്ചിൽ ഓപറേറ്ററായി ദിവസവേതനാടിസ്ഥാനത്തിൽ ജോലിക്കു പോയി. പിന്നീട് സ്വകാര്യമായി പഠിച്ചിട്ടാണ് ബിരുദം നേടിയത്. തുടർന്ന് കോഴിക്കോട് ലോ കോളജിൽനിന്ന് നിയമബിരുദം നേടി. തലശ്ശേരിയിലും പയ്യന്നൂരിലുമായി അഭിഭാഷകവൃത്തി തുടങ്ങിയതും അൽപം കഴിഞ്ഞിട്ടായിരുന്നു. പിന്നീട് കേരള ഹൈകോടതിയിലും തുടർന്ന് ഇപ്പോൾ കഴിഞ്ഞ പത്തു വർഷമായി സുപ്രീംകോടതിയിലും എത്തി. കുറെ കേസുകളിൽ ഹാജരായി വാദിക്കാനായി.
ഒപ്പം മലയാളത്തിലും ഇംഗ്ലീഷിലുമായി കുറെയൊക്കെ എഴുതാനും കഴിഞ്ഞു. എന്തെങ്കിലും അസാധാരണമായ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന ഒരു അവകാശവാദത്തിന്റെയും ബലത്തിലല്ല ഈ കുറിപ്പുകളെഴുതുന്നത്. തുടക്കത്തിൽ വിവരിച്ച, സാധാരണ മനുഷ്യനും ഉണ്ടായേക്കാവുന്ന അസാധാരണമോ കുറഞ്ഞപക്ഷം ശ്രദ്ധേയമോ ആയ അനുഭവങ്ങൾ പങ്കിടാൻ വേണ്ടിയാണിവിടെ ശ്രമിക്കുന്നത്. എന്തെങ്കിലും മഹാവിജയത്തിന്റെ ആഘോഷമല്ല, മറിച്ച് ഇങ്ങനെയും ഒരു യാത്ര സാധ്യമായിരുന്നു എന്നു പറയാൻ മാത്രമാണ് ഇവിടെ തുനിയുന്നത്.
അഭിഭാഷകവൃത്തിയിലേക്ക് എത്തിപ്പെടാനുള്ള സ്വാഭാവിക ഭൗതികസാഹചര്യങ്ങൾ ഒന്നുംതന്നെ വീട്ടിലോ നാട്ടിലോ ഉണ്ടായിരുന്നില്ല. ഈയിടെ കേരള ഹൈകോടതിയിൽ മകൾ വാദിച്ച് പകുതിയാക്കിയ ഒരു കേസിൽ ഞാൻ വാദിക്കാനൊരുങ്ങിയപ്പോൾ സൗഹൃദഭാവത്തിൽ അൽപം തമാശ കലർത്തി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ചിരിച്ചുകൊണ്ട് എന്നോടു പറഞ്ഞു– ‘‘അവൾ (അതായത് മകൾ തുളസി) തന്നെ ബാക്കി വാദവും പറയട്ടെ. നിങ്ങളെക്കാൾ നന്നായി അവൾ വാദിക്കുന്നുണ്ട്.’’ ഈ അവസാനം പറഞ്ഞതിന് എനിക്കു പെട്ടെന്നു തോന്നിയ മറുപടി ചിരിച്ചുകൊണ്ടുതന്നെ ഞാനും പറഞ്ഞു: ‘‘അവൾ ഒരു അഭിഭാഷകന്റെ മകളാണ്. ഞാനാകട്ടെ പ്രൈമറി അധ്യാപകരുടെ മകനും. ആ വ്യത്യാസം വാദത്തിലും കണ്ടേക്കാം!’’ ന്യായാധിപനും കോടതിയിലുള്ള അഭിഭാഷകരും ചിരിച്ചുകൊണ്ട് തലകുലുക്കി.
ശരിയാണ്. പ്രൈമറി അധ്യാപകരുടെ മകനെന്ന നിലയിൽ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപ്രദേശത്ത് നിയമപഠനം ഒരു ബാല്യകാല പരിഗണനാവിഷയംപോലുമായിരുന്നില്ല. ശരാശരി വരുമാനമുള്ള സാധാരണ കുടുംബങ്ങളിൽപോലും ഇന്ന് കാണുന്ന വിധത്തിൽ കുട്ടികളെ സംബന്ധിച്ച ആസൂത്രണങ്ങൾ അത്രയേറെയൊന്നും രക്ഷാകർതൃതലത്തിൽ നടക്കാറില്ലായിരുന്നു. എന്നാൽ, അറുപതുകളിലും മറ്റും ജനിച്ച കുട്ടികൾ കുറേക്കൂടി സ്വതന്ത്രരായിരുന്നു. സ്വച്ഛമായ വികാസം സാധ്യമാക്കുന്നതായിരുന്നു, ആ സ്വാതന്ത്ര്യം. പുതിയ കാലത്തിന്റെ പാരന്റിങ് തത്ത്വങ്ങളെക്കുറിച്ച് സ്വപ്നത്തിൽപോലും ചിന്തിക്കാതിരുന്ന ഒരു രക്ഷാകർതൃ തലമുറയായിരുന്നു അത്.
എന്നാൽ, അറിഞ്ഞോ അറിയാതെയോ കുട്ടികളെ കുറച്ചൊക്കെ അവരുടെ പാട്ടിനുവിടാനുള്ള സന്നദ്ധത അവരിൽ പലരും കാണിച്ചു. ഇന്ത്യയിൽ മോണ്ടിസോറി സ്കൂളുകൾ ആവിഷ്‍കരിച്ച മറിയ മോണ്ടിസോറി ചെറിയ കുട്ടികളെ സംബന്ധിച്ച് നടത്തിയ ഒരു പ്രസിദ്ധമായ നിരീക്ഷണമുണ്ട്: അവർ യാതൊരു ജോലിയും ചെയ്യാതെ വെറുതെ തിന്നും കുടിച്ചും കളിച്ചും ഉറങ്ങിയും സമയം കളയുകയാണ് ചെയ്യുന്നതെന്നതാണ് പൊതുധാരണ. ഇത് ശരിയല്ല. അവർ നാം മുതിർന്നവർ ചെയ്യുന്നതിനേക്കാൾ വലിയൊരു ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. മനുഷ്യരെ സൃഷ്ടിക്കുന്ന ജോലി!
ഒരു കുട്ടി വളരുമ്പോൾ സംഭവിക്കുന്ന അത്ഭുതകരമായ പരിവർത്തനത്തെക്കുറിച്ചുള്ളതാണ് മോണ്ടിസോറിയുടെ മുകളിൽ പറഞ്ഞ വാചകങ്ങൾ. കുട്ടികളെ സ്വതന്ത്രരായി വിടുമ്പോഴായിരിക്കും ഈ ‘ജോലി’ അവർക്ക് സ്വച്ഛന്ദമായും കാര്യക്ഷമമായും ചെയ്യാൻ കഴിയുക എന്നുതോന്നുന്നു. ഈ തത്ത്വം മനസ്സിലാക്കിയിട്ടൊന്നുമല്ലെങ്കിലും പഴയകാല മധ്യവർഗ രക്ഷാകർത്താക്കൾ കുട്ടികളെ സ്വന്തം മോഹവലയങ്ങളുടെ ബാന്ധവങ്ങളിൽനിന്ന് മോചിപ്പിച്ചു. ‘‘നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല’’ എന്ന് തുടങ്ങുന്ന ഖലീൽ ജിബ്രാന്റെ പ്രസിദ്ധമായ വരികൾ അവരിൽ അവർപോലും അറിയാതെ പാരന്റിങ്ങിന്റെ ബാലപാഠങ്ങൾ നിക്ഷേപിച്ചിട്ടുണ്ടാകാം. മുതിർന്നവരുടെ ചിന്തകളും ശാഠ്യങ്ങളും അഭിലാഷങ്ങളും കുട്ടികളിൽ കുത്തിനിറക്കുന്നതിനെതിരെ ജിബ്രാൻ പാടി. അതിനുള്ള കാരണവും കവിതന്നെ പറഞ്ഞു –അവർക്ക് അവരുടേതായ ചിന്തകളുണ്ടാകും.
ഈ സ്വാതന്ത്ര്യത്തിനാണ് രക്ഷാകർത്താക്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നത്. പ്രൈമറി സ്കൂൾകാലത്തും ചെറുതായി –വളരെ ചെറുതായി– എഴുതാനും പ്രസംഗിക്കാനും കഴിഞ്ഞത് ആ നിലക്കുള്ള എന്തെങ്കിലും ശിക്ഷണത്തിന്റേയോ പരിശീലനത്തിന്റേയോ ബലത്തിലായിരുന്നില്ല. കാണാപ്പാഠം പഠിക്കാതെ പ്രസംഗിക്കുമ്പോൾ മാത്രമാണ് പ്രഭാഷണത്തിന്റെയും പ്രഭാഷകന്റെയും ഗുണനിലവാരം ശരിയായി വിലയിരുത്തപ്പെടുക. ഇന്ദിര ഗാന്ധി നടത്തിയ ആണവപരീക്ഷണത്തെക്കുറിച്ച് (1974) പത്രവാർത്തയിൽനിന്ന് അറിഞ്ഞ് ശാസ്ത്രപുരോഗതിയെക്കുറിച്ചുള്ള പ്രഭാഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞപ്പോൾ ഒരു പ്ലാസ്റ്റിക് മഗ് സമ്മാനമായി കിട്ടി.
അപ്പർ പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർഥിക്ക് മൗലികമായി വിഷയത്തെ കൈകാര്യം ചെയ്യാൻ കഴിഞ്ഞുവെന്ന് വിധികർത്താക്കൾ വിലയിരുത്തി. പിന്നീട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ, സ്കൂൾ നിലനിൽക്കുന്ന മാത്തിൽ എന്ന പ്രദേശത്ത് ഒരു അനുശോചന യോഗം നടന്നു. പ്രദേശത്തെ പ്രമുഖർ അനുശോചനപ്രസംഗം നടത്തി. ഒരു പ്രാദേശിക ഇടതുപക്ഷ നേതാവ് കേശവമേനോൻ തൊഴിലാളിവർഗ-കർഷക പ്രസ്ഥാനങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ല എന്ന് പ്രസംഗിച്ചതു കേട്ടപ്പോൾ രണ്ടും കൽപിച്ച് വേദിയിൽ കയറി കേശവമേനോനെ അനുസ്മരിച്ചു.
ഒപ്പം, ഇടതു നേതാവിന്റെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞു: ‘‘കേശവമേനോന്റെ പ്രവർത്തനമേഖല ഏതെന്ന് തിരിച്ചറിഞ്ഞുകൊണ്ടുവേണം അദ്ദേഹത്തിന്റെ സംഭാവനകളെ വിലയിരുത്തുവാൻ. അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളിൽനിന്നുകൊണ്ട് അദ്ദേഹം രാജ്യത്തിനും സമൂഹത്തിനുംവേണ്ടി നല്ല കാര്യങ്ങൾ ചെയ്തു എന്നതാണ് കാണേണ്ടത്. അദ്ദേഹം തൊഴിലാളി നേതാവോ കർഷക നേതാവോ അല്ലാത്ത സ്ഥിതിക്ക് അത്തരം മേഖലകളിൽ അദ്ദേഹം ഒന്നും ചെയ്തില്ല എന്നുപറയുന്നതിൽ അർഥമില്ല.’’ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ നടത്തിയ ഈ ഇടപെടലായിരിക്കണം ജീവിതത്തിൽ ആദ്യമായി നടത്തിയ ‘പബ്ലിക് സ്പീച്ച്.’ ഇതിനെല്ലാം സഹായിച്ചത് വീട്ടുകാരും അധ്യാപകരും തന്ന സ്വാതന്ത്ര്യം തന്നെയായിരുന്നു.
ഈ സ്വാതന്ത്ര്യം വിലപ്പെട്ടതായിരുന്നു. ദ്രവ്യത്തിന്റെ മൂന്ന് അവസ്ഥകൾ ഖരം, ദ്രാവകം, വാതകം എന്ന് കേട്ടുപഠിച്ച ഒരു തലമുറയാണ് എന്റേത്. ഇതൊന്നുമല്ലാത്ത എന്തെങ്കിലുമൊന്ന് ഈ ഭൂമുഖത്തോ ആകാശത്തോ ഉണ്ടോ എന്ന് പരതിനോക്കി ദിവസങ്ങളോളം കഴിച്ചുകൂട്ടിയത് ശിശുസഹജമായ ജിജ്ഞാസയോടെയായിരുന്നു. ഒടുവിൽ വീട്ടിലെ അടുപ്പിൽ കണ്ട തീജ്വാലകൾ ഇവയിൽ ഏതിൽപെടുമെന്ന ചോദ്യം ഉത്ഭവിച്ചു. ഉടനെതന്നെ ഹൈസ്കൂളിലെ ഊർജതന്ത്രം അധ്യാപകനോട് ഈ ചോദ്യം ഉന്നയിച്ചപ്പോൾ ഏറെ വഴക്ക് കേട്ടു. അധ്യാപകന്റെ വിവരം പരീക്ഷിക്കാൻ ആരോ എന്നെ ഏർപ്പാടാക്കിവിട്ടതാണെന്ന തെറ്റിദ്ധാരണയായിരുന്നു, ആ ശകാരത്തിനു പിന്നിൽ. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയായ ‘പ്ലാസ്മ’യിൽ പെടുന്നതാണ് തീജ്വാല എന്നും ഈ അവസ്ഥ കണ്ടുപിടിക്കപ്പെട്ടിട്ട് ഏറെ കാലമായിരുന്നില്ല എന്നും പിന്നീട് അധ്യാപകൻ പറഞ്ഞുതന്നു. ‘ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ’ എന്ന പേരിൽ ഈ അനുഭവത്തെക്കുറിച്ച് ഞാൻ പിന്നീടെഴുതുകയുണ്ടായി.
മലയാളം മാധ്യമമാക്കിയ സ്കൂളുകളിൽ മാത്രം പഠിച്ച എനിക്ക് മികച്ച അധ്യാപകരെയാണ് ഇംഗ്ലീഷ് വിഷയത്തിന് ലഭിച്ചത്. ഇന്ന് ‘ഹിന്ദു’വിലും ‘ഇന്ത്യൻ എക്സ്പ്രസി’ലും ‘ന്യൂ ഇന്ത്യൻ എക്സ്പ്രസി’ലും ‘ഹിന്ദുസ്ഥാൻ ടൈംസി’ലുമെല്ലാം ലേഖനങ്ങളെഴുതാൻ എന്നെ പ്രാപ്തനാക്കിയത് ഈ പഴയകാല അധ്യാപകരുടെ ബോധനരീതികൂടി ആയിരുന്നുവെന്നാണെന്റെ എളിയ വിശ്വാസം. കോക്കനറ്റ് ട്രീ എന്ന് ക്ലാസിൽ പറഞ്ഞാൽ അതിന്റെ ചിത്രം ബോർഡിൽ വരക്കുന്നതിനപ്പുറം അതിന്റെ മലയാളം തെങ്ങ് എന്ന് പറയാതിരിക്കാൻ ആലക്കാട്ടെ കൃഷ്ണൻ മാസ്റ്റർ എന്ന അനൂർ യു.പി സ്കൂളിലെ ഇംഗ്ലീഷ് പഠിപ്പിച്ച അധ്യാപകൻ ശ്രദ്ധിക്കുമായിരുന്നു.
ഒരു ഭാഷയെന്ന നിലയിൽ ഇംഗ്ലീഷിനെ ഇംഗ്ലീഷ് ഭാഷയിൽതന്നെ മാത്രമേ പഠിപ്പിക്കാവൂ എന്ന് കൃഷ്ണൻ മാസ്റ്റർക്ക് നിർബന്ധമായിരുന്നു. ഭാഷാധ്യയനത്തിലെ ആധുനിക രീതികൾ പഠിച്ചശേഷമായിരുന്നോ അദ്ദേഹം ആ ‘നയം’ സ്വീകരിച്ചതെന്നറിഞ്ഞുകൂടാ. ഒരുപക്ഷേ, തന്റെ പരിചയസമ്പന്നതയിലൂടെ നേടിയെടുത്ത അറിവും സിദ്ധിയും ആയിരിക്കാം അത്. ഏതാണ്ടിതേ നിലയിൽതന്നെയായിരുന്നു, മാത്തിൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിച്ച മാത്യു മാഷും. അദ്ദേഹവും ഇംഗ്ലീഷിനെ ഇംഗ്ലീഷിൽതന്നെ പഠിപ്പിച്ചു. ഒരു അധ്യാപകന്റെ പ്രഭാവം അനശ്വരതയിലാണെന്നും അത് അവസാനിക്കുന്നതെപ്പോഴാണെന്ന് ആർക്കും പറയാനാവില്ലെന്നും ഹെന്റി ആദംസ് പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യമെന്നത് തുറന്ന വാതിലുകളിലൂടെ മാത്രം കൈവരുന്ന ഒന്നാണ്. തന്റെ വീടിന്റെ ജനാലകളും വാതിലുകളും എല്ലാതരം ചിന്തകൾക്കും ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്ന് ഗാന്ധിജി പലപ്പോഴും സൂചിപ്പിച്ചതോർക്കുക.
എന്നാൽ, ഈ സ്വാതന്ത്ര്യബോധത്തെ ശരിയായവിധത്തിൽ വഴിതിരിച്ചുവിടാൻ മികച്ച അധ്യാപകർ മാത്രം പോരാ. മഹാന്മാരായ അധ്യാപകർതന്നെ വേണം. അത്തരമൊരു അധ്യാപകനായിരുന്നു പയ്യന്നൂർ കോളജിലെ ജോൺസി. ജേക്കബ്. കേരളത്തിലെ പരിസ്ഥിതി ചിന്തകളുടെ അമരക്കാരനായ ഈ അധ്യാപകന്റെ പ്രവർത്തനമേഖല പയ്യന്നൂർ ആയിരുന്നു. പയ്യന്നൂർ കോളജിലെ ജന്തുശാസ്ത്ര അധ്യാപകനായിരുന്നു ജോൺസി. എസ്.എസ്.എൽ.സിക്ക് ലഭിച്ച മെച്ചപ്പെട്ട മാർക്കിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലും തുടർന്ന് കോളജ് മാറി പയ്യന്നൂർ കോളജിലുമായായിരുന്നു എന്റെ പ്രീഡിഗ്രി വിദ്യാഭ്യാസം. അങ്ങനെയാണ് ജോൺസി എന്ന മഹാനായ അധ്യാപകന്റെ ശിഷ്യനാകാൻ കഴിഞ്ഞത്.
കേരളത്തിലെ മന്ത്രിമാർപോലും പരിസ്ഥിതിക്ക് പകരം തെറ്റായി പരിതസ്ഥിതി എന്ന് പ്രസംഗിച്ച എഴുപതുകൾ. എന്നാൽ, അതേ എഴുപതുകളിലാണ് മലയാളത്തിലെ ആദ്യ പരിസ്ഥിതി മാസിക –മൈന– ജോൺസി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്. അച്ചടിച്ച മാസികയല്ല സൈക്ലോസ്റ്റൈൽ ചെയ്ത് കോപ്പികൾ തയാറാക്കി വിതരണം ചെയ്യപ്പെട്ട പ്രസിദ്ധീകരണമായിരുന്നു, മൈന.
ജോൺസി നേതൃത്വം നൽകിയ സംഘടനയുടെ പേരിൽതന്നെ ഒരു ദാർശനികധ്വനി ഉണ്ടായിരുന്നു –സൊസൈറ്റി ഫോർ എൻവയൺമെന്റൽ എജുക്കേഷൻ ഇൻ കേരള– ‘സീക്ക്’ (SEEK) എന്ന സംഘടനയാണത്. എഴുപതുകളിലും എൺപതുകളിലുമായി ജോൺസി പരിസ്ഥിതിയെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും മസനോബു ഫുക്കുവോക്കയുടെ ‘ഒറ്റവൈക്കോൽ വിപ്ലവ’ത്തെക്കുറിച്ചും പറഞ്ഞു. ആസിഡ് മഴയെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും പറഞ്ഞു. പരിസ്ഥിതിക്കായുള്ള സ്റ്റോക്ഹോം പ്രമേയത്തിന്റെ ആകുലതകൾ കൊച്ചു കേരളത്തിന്റെകൂടി ആകുലതകളായി.
‘മൈന’ക്കുശേഷം സീക്ക് അച്ചടിച്ച മാസികയുടെ പ്രസിദ്ധീകരണം തുടങ്ങി. ‘സൂചീമുഖി’ എന്നായിരുന്നു മാസികയുടെ പേര്. പിന്നീട് സംഘടനയിൽനിന്നുതന്നെയും വഴിമാറി നടന്ന ജോൺസി പക്ഷേ തന്റെ ജീവിതദൗത്യം മറ്റു പല പ്രസിദ്ധീകരണങ്ങളിലൂടെയും തുടർന്നു –‘ആൻഖ്’, ‘ഒരേ ഭൂമി ഒരേ ജീവൻ’ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ മലയാളിയെ പാരിസ്ഥിതികമായി സാക്ഷരരാക്കി. വേറിട്ടൊരു ജീവിതരീതിയും വേറിട്ടൊരു ചിന്തയും ജോൺസി മുന്നോട്ടുവെച്ചു. ഒരുതരം ഡീപ് ഇക്കോളജി എന്നു വേണമെങ്കിൽ പറയാം. യഥാർഥത്തിൽ ഇക്കോളജിയുടെ രൂപത്തിൽ ജോൺസി ഒരു സമൂഹത്തെ തത്ത്വചിന്ത പഠിപ്പിക്കുകയായിരുന്നു. ലളിതജീവിതവും ഉയർന്ന ചിന്തയുമായി ജീവിച്ച ഇങ്ങനെയൊരാൾ ലോകം മുഴുക്കെ അറിയപ്പെടാൻ അർഹതയുള്ളയാളായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, വടക്കേ മലബാറിന്റെ പരിമിതികൾ അത്തരമൊരു ആഗോളതലത്തിലുള്ള പ്രശസ്തി സാധ്യമാക്കാൻ പോന്നവയായിരുന്നില്ല.
ജോൺസി, ക്ലാസ് മുറിക്ക് പുറത്തെ ലോകമെന്തെന്ന് പഠിപ്പിച്ച അധ്യാപകനായിരുന്നു. ആദ്യമായി എന്റെ ഒരു ലേഖനം അച്ചടിച്ചുവന്നത് ‘സൂചീമുഖി’യിൽ. ഗ്രാമത്തിലെ പ്രകൃതിയെക്കുറിച്ചും കാഴ്ചകളെക്കുറിച്ചുമുള്ള ഒരു കൗമാരനിരീക്ഷണം. ഒരു അതിസാധാരണമായ ലേഖനം. എന്നാൽ, എഴുതിയത് അച്ചടിച്ചുവരുമ്പോഴുണ്ടാകുന്ന സവിശേഷമായ ചാരിതാർഥ്യത്തെ അത് അനുഭവവേദ്യമാക്കി. പിന്നീടും പലതും എഴുതി, ‘സൂചീമുഖി’യിൽ. പരിസ്ഥിതി രാഷ്ട്രീയത്തെ സംബന്ധിച്ച ചിന്തകൾ അവതരിപ്പിക്കപ്പെട്ടു.
ഗഹനമായ സൈദ്ധാന്തിക-ദാർശനിക ചർച്ചകൾ അരങ്ങേറി. ഒരു പ്രകൃതിസഹവാസ ക്യാമ്പ് ജോൺസിയുടെ നേതൃത്വത്തിൽ തന്നെ സംഘടിപ്പിക്കപ്പെട്ടപ്പോൾ വ്യക്തിതലത്തിലെ പരിശുദ്ധിയും ലളിതജീവിതവുംകൊണ്ടു മാത്രം പരിസ്ഥിതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനാവില്ല; അതിന് വ്യവസ്ഥാപരമായ മാറ്റംവേണമെന്ന് ജോൺ സിയോടുപോലും തർക്കിച്ചു. ജോൺ സിയോടുപോലും തർക്കിക്കാനുള്ള പ്രാപ്തി തന്നതും ജോൺസി; ആ തർക്കങ്ങളിൽ പലതും അടിസ്ഥാനരഹിതമായിരുന്നുവെന്ന് ബോധ്യപ്പെടുത്തിയതും ജോൺസി. പരിസ്ഥിതിപ്രവർത്തനം മറ്റുള്ളവരിൽ ചിലർക്കെങ്കിലും കേവലം അലങ്കാരം മാത്രമായിരുന്നപ്പോൾ ജോൺസിക്ക് അത് സ്വന്തം ജീവിതവും ജീവിതസന്ദേശവുമായിരുന്നു.
ജോൺസിയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടു തുടങ്ങിയതായിരുന്നു, പരിസരവേദി എന്ന സംഘടനയും പരിസരവേദി ബുള്ളറ്റിൻ എന്ന ചെറുമാസികയും. അതുപക്ഷേ കുറെ വർഷങ്ങൾക്ക് ശേഷമായിരുന്നു. സച്ചിദാനന്ദൻ മുതൽ സിവിക് ചന്ദ്രൻ വരെ പലരും അതിൽ എഴുതിയിരുന്നു. പക്ഷേ, ഈ തുടർച്ചക്കിടയിൽ വ്യക്തിജീവിതത്തിൽ വലിയ നഷ്ടങ്ങൾ വന്നിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.