കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, പത്രാധിപർ എന്നിങ്ങനെ തൊട്ട മേഖലയിലെല്ലാം അതുല്യത സാധ്യമാക്കിയ എം.ടിക്ക് ഇത് നവതിയുടെ ധന്യത. എം.ടിയുമായി അടുത്തബന്ധം പുലർത്തുന്ന കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ലേഖകൻ മലയാളത്തിന് എം.ടി നൽകിയ സംഭാവനകെളക്കുറിച്ചും എം.ടിയുടെ പ്രതിഭാശേഷിയെയും കുറിച്ച് എഴുതുന്നു.എം.ടി. വാസുദേവൻ നായരെപ്പോലെ ഇത്രയേറെ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത മറ്റൊരു എഴുത്തുകാരൻ നമുക്കുേണ്ടാ എന്ന് സംശയം. എന്തെഴുതിയാലും അതൊരു സംഭവമാവുക, അത് ചർച്ചചെയ്യപ്പെടുക,...
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, പത്രാധിപർ എന്നിങ്ങനെ തൊട്ട മേഖലയിലെല്ലാം അതുല്യത സാധ്യമാക്കിയ എം.ടിക്ക് ഇത് നവതിയുടെ ധന്യത. എം.ടിയുമായി അടുത്തബന്ധം പുലർത്തുന്ന കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ലേഖകൻ മലയാളത്തിന് എം.ടി നൽകിയ സംഭാവനകെളക്കുറിച്ചും എം.ടിയുടെ പ്രതിഭാശേഷിയെയും കുറിച്ച് എഴുതുന്നു.
എം.ടി. വാസുദേവൻ നായരെപ്പോലെ ഇത്രയേറെ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത മറ്റൊരു എഴുത്തുകാരൻ നമുക്കുേണ്ടാ എന്ന് സംശയം. എന്തെഴുതിയാലും അതൊരു സംഭവമാവുക, അത് ചർച്ചചെയ്യപ്പെടുക, സാഹിത്യചരിത്രത്തിന്റെ ഭാഗമാവുക... ഇതൊക്കെ ഒരെഴുത്തുകാരന്റെ ജീവിതത്തിലെ അസുലഭ വിഭൂതികളാണ്. അമ്പതുകളിലും അറുപതുകളിലും എം.ടി എഴുതിയ ചെറുകഥകൾ ഇന്നും സജീവമായി ചർച്ചചെയ്യപ്പെടുന്നു. അവയിൽ ചിലതിന്റെയൊക്കെ ചലച്ചിത്ര ഭാഷ്യങ്ങൾ വിദ്യാർഥികൾ പഠനവിഷയമാക്കുന്നു. കഥയിലും നോവലിലും നേടിയ അതേ ഇരിപ്പിടം ചലച്ചിത്ര മേഖലയിൽ തന്റെ അന്യൂനമായ തിരക്കഥകൾകൊണ്ട് നേടാനും എം.ടിക്ക് സാധിച്ചു. ചലച്ചിത്ര മേഖലയിൽ കൈവന്ന പ്രശസ്തി, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്ന നിലക്കുള്ള സ്ഥാനത്തിന് മാറ്റ് കൂട്ടിയതല്ലാതെ മങ്ങലേൽപിച്ചില്ല. ഓർമകൾ, ചലച്ചിത്ര സ്മരണകൾ, യാത്രാക്കുറിപ്പുകൾ, ലേഖനങ്ങൾ, സാഹിത്യരചനയെക്കുറിച്ചുള്ള പുസ്തകങ്ങൾ, അസംഖ്യം അഭിമുഖങ്ങൾ എന്നിങ്ങനെ വിസ്തൃതമാണ് ഈ എഴുത്തുകാരന്റെ ലോകം.
തുഞ്ചൻ സ്മാരകത്തിന്റെ അധ്യക്ഷൻ എന്ന നിലക്കുള്ള അഭൂതപൂർവമായ പ്രവർത്തനങ്ങൾ ചരിത്രത്തിൽ സ്ഥാനപ്പെട്ടു കഴിഞ്ഞു. മികച്ച എഡിറ്റർ എന്ന നിലയിലും ഏറെയുണ്ട് എം.ടിക്ക് അഭിമാനിക്കാനും മലയാളത്തിന് ഓർമിക്കാനും. ‘നാലുകെട്ട്’ എന്ന ആദ്യ നോവലിനുതന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, പിന്നെ ‘കാലം’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ‘രണ്ടാമൂഴ’ത്തിനു ജ്ഞാനപീഠം എന്നിങ്ങനെ ഗരിമയാർന്ന പുരസ്കാരശതങ്ങളാൽ അലംകൃതനാണ് എം.ടി എന്ന രണ്ടക്ഷരത്തിലൂടെ മലയാളികൾ തിരിച്ചറിയുന്ന പ്രതിഭാശാലിയും അനുഗൃഹീതനുമായ ഈ എഴുത്തുകാരൻ. എം.ടിയുടെ നവതി ആഘോഷിക്കാൻ മലയാളികൾ കാണിക്കുന്ന ഉത്സാഹവും ശുഷ്കാന്തിയും ദീർഘകാലത്തെ വിസ്മയത്തിന്റെ ഫലശ്രുതിയായി വേണം കരുതാൻ.
എം.ടിയുടെ നേട്ടങ്ങളെ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ സമീപിക്കാനാവും. മലയാള ചെറുകഥയും നോവലും സമൂഹത്തിലെ അകലങ്ങളെയും ചൂഷണങ്ങളെയും കുറിച്ചു വാചാലമാവുകയും അരികുവത്കരിക്കപ്പെട്ടിരുന്ന മനുഷ്യരെ സാഹിത്യത്തിന്റെ നടുമുറ്റത്തേക്കു ആനയിക്കുകയും ചെയ്തപ്പോഴാണല്ലോ പുരോഗമന സാഹിത്യം ഇവിടെ കൊടിയുയർത്തിയത്. അതൊരു അസാമാന്യമായ നേട്ടംതന്നെയായിരുന്നു. അതിഭാവുകത്വം അസഹനീയമാക്കിയിരുന്ന ആഖ്യായികകളും അനുകരണങ്ങളുംകൊണ്ട് ജീർണിച്ചുപോയ കഥാമന്ദിരത്തിലേക്കു തകഴിയും കേശവദേവും പൊൻകുന്നം വർക്കിയും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം ചേർന്ന് മുക്കുവപ്പെണ്ണിനെയും തോട്ടിയുടെ മകനെയും വേശ്യകളെയും ഭൂരഹിതനായ കർഷകത്തൊഴിലാളിയെയും പോക്കറ്റടിക്കാരനെയും റിക്ഷാക്കാരനെയും മുച്ചീട്ടുകളിക്കാരനെയും സാമൂഹികമായി അയിത്തം കൽപിച്ചകറ്റി നിർത്തിയിരുന്നവരെയുമെല്ലാം കൂട്ടിക്കൊണ്ടു വന്നു. അവർക്കും കണ്ണീരും പുഞ്ചിരിയുമുണ്ടെന്നു കാണിച്ചു തന്നു.
പ്രണയവും പ്രതീക്ഷകളുമുണ്ടെന്ന് പറഞ്ഞു തന്നു. അതുവരെ മലയാള സാഹിത്യം കാണാതിരുന്ന മനുഷ്യരെയും അവരുടെ തീക്ഷ്ണ ജീവിതങ്ങളെയും പരിചയപ്പെടുത്തിത്തന്നു. അവർ സ്നേഹിക്കാൻ കൊള്ളാവുന്നവരാണെന്ന് ബോധ്യപ്പെടുത്തിത്തന്നു. പൊറ്റെക്കാട്ടും ഉറൂബും ബോധപൂർവം സാമൂഹികമായ പാർശ്വങ്ങളിലേക്ക് പോയില്ലെങ്കിലും സാധാരണ മനുഷ്യജീവിതങ്ങളും അവയുടെ ഗതികേടും വൈചിത്ര്യവും അവർ പകർത്തിെവച്ചു. ഈ മണ്ണിലേക്കാണ് എം.ടി നന്നേ ചെറുപ്പത്തിൽ കാല് കുത്തുന്നത്. ബാഹ്യലോകത്തല്ല, മനുഷ്യരുടെ ആന്തരിക ലോകത്തിന്റെ വൈചിത്ര്യത്തിലാണ് തുടക്കം മുതൽ ഈ കഥാകാരന്റെ കണ്ണ് പതിയുന്നത്. വൈകാരികമായി ഒറ്റപ്പെട്ടവർ, ജീവിതത്തെ മെരുക്കാൻ സാധിക്കാത്തവർ, സ്വാർഥമോഹത്താൽ നയിക്കപ്പെട്ട് വിലപ്പെട്ടതെല്ലാം നഷ്ടമാക്കിക്കളയുന്ന ദുരന്ത നായകന്മാർ, കുറ്റബോധത്തോടൊപ്പം ജീവിക്കുന്നവർ എന്നിങ്ങനെ ബാഹ്യമായ ഒറ്റപ്പെടലും ആന്തരികമായ സംഘർഷങ്ങളുംകൊണ്ട് പീഡിതമായ ജീവിതങ്ങളാണ് എം.ടിയുടെ ഇഷ്ട കഥാപാത്രങ്ങൾ. പലപ്പോഴും പുറമെ നടക്കുന്ന സംഭവങ്ങളല്ല ആന്തരികമായി നടക്കുന്ന തീക്ഷ്ണ സംഘർഷങ്ങളാണ് എം.ടി കഥകളെ മുന്നോട്ടു നയിക്കുന്നത്. പ്രമേയത്തിൽ മാനസികതലത്തിനു കൊടുത്ത സൂക്ഷ്മശ്രദ്ധയിൽ മലയാള കഥാസാഹിത്യത്തിലെ ആദ്യപഥികനാണ് എംടി. (സമകാലികയായ രാജലക്ഷ്മിയുടെ സ്വരത്തിലും ഈ ആന്തരികത ഒട്ടൊക്കെ കേൾക്കാം; പേക്ഷ ആ എഴുത്തുകാരി അകാലത്തിൽ പൊലിഞ്ഞുപോയല്ലോ.)
എം.ടിയുടെ കഥാപാത്രങ്ങൾ, പ്രത്യേകിച്ച് പുരുഷ നായകന്മാർ, ഉദാത്തതകൊണ്ട് നായകപരിവേഷം നേടുന്നവരല്ല. പ്രതിനായകന്റെ മുഖച്ഛായയാണ് അവരിൽ പലർക്കും ചേരുക. നോവലിലും ചെറുകഥകളിലും ഇത്തരത്തിലുള്ള നായകന്മാരെ ധാരാളമായി കാണാം. ‘നാലുകെട്ടി’ലെ അപ്പുണ്ണി, ‘കാല’ത്തിലെ സേതു, ചെറുകഥകളിലെ ആത്മവഞ്ചന നടത്തുന്ന നായകന്മാർ, ദാമ്പത്യബന്ധത്തിൽ കാപട്യത്തിന്റെ കാളിമ കലർത്തുന്നവർ, കടപ്പാടുകൾ മറക്കുന്നവർ, പകയിൽ ജീവിക്കുന്നവർ എന്നിങ്ങനെ മനുഷ്യമനസ്സിന്റെ നിഴലിടങ്ങളിൽനിന്നാണ് എം.ടിയുടെ കഥകളും കഥാപാത്രങ്ങളും പിറവിയെടുക്കുന്നത്. കഥാപാത്ര സൃഷ്ടിയിൽ അവലംബിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലും മനഃശാസ്ത്ര പരിപ്രേക്ഷ്യത്തിലും എം.ടിയുടെ രചനകളെ സമീപിക്കാം.
ഭാഷയിൽ ഈ കഥാകാരൻ വരുത്തിയ വിപ്ലവവും പഠനവിഷയമാകേണ്ടതാണ്. സമകാലികരും തൊട്ടുമുമ്പത്തെ തലമുറയിലെ പ്രഗല്ഭരും ഒരു പുറമോ ചിലപ്പോൾ ഏതാനും പുറങ്ങളോകൊണ്ട് പ്രതിപാദിക്കുന്ന കാര്യം ഒരു വാക്യത്തിലോ കഥാപാത്രത്തിന്റെ മൂളലിലോ ഒതുക്കാനുള്ള എം.ടിയുടെ വൈഭവം പ്രസിദ്ധമാണ്. കവിതയോടടുത്തു നിൽക്കുന്ന കടഞ്ഞെടുത്ത ഭാഷയിലൂടെയും ഈ എഴുത്തുകാരനെ സമീപിക്കാനാവും. വള്ളുവനാടൻ ഭാഷയുടെ പശിമകൂടി ചേരുമ്പോൾ എം.ടിയുടെ ആഖ്യാനചാരുത മലയാള കഥാസാഹിത്യത്തെ ആരും തൊടാത്ത ഉത്തരത്തിലെത്തിച്ചു.
കാലം എന്ന നായകൻ
ഏതെല്ലാം വഴികളിലൂടെ എം.ടി സാഹിത്യത്തെ സമീപിച്ചാലും നായകസങ്കൽപത്തെ എങ്ങനെയെല്ലാം അപനിർമിതിക്കു വിധേയമാക്കിയാലും ആത്യന്തികമായി കാലമാണ് എം.ടി കഥകളിലെയും നോവലുകളിലെയും നിത്യനായകൻ. ആത്മാംശമുള്ള പ്രധാനപ്പെട്ടൊരു നോവലിന് ‘കാലം’ എന്ന ശീർഷകം നൽകിയത് യാദൃച്ഛികമല്ല. കഥകളിലും നോവലിലുമെല്ലാം മാറ്റങ്ങൾക്കു വിധേയരാവുന്നവരെയാണ് ഈ കഥാകാരൻ എപ്പോഴും ആലേഖനം ചെയ്യുന്നത്. ബാഹ്യപ്രതലത്തിൽ കഥയിലെ കാലദേശങ്ങൾക്കു വലിയ മാറ്റം ഉണ്ടാകുന്നില്ലെങ്കിലും, കഥയുടെ ക്രിയാംശം എവിടെയോ എപ്പോഴോ സംഭവിച്ച മാറ്റമാണ്. കഥാപാത്രത്തിന്റെ സ്വഭാവത്തിൽ, മൂല്യബോധത്തിൽ, നിലപാടുകളിൽ, പ്രവൃത്തികളിൽ, ആഗ്രഹങ്ങളിൽ, ഇഷ്ടങ്ങളിൽ, പ്രണയങ്ങളിൽ ഒക്കെ ബാഹ്യവും ആന്തരികവുമായ കാരണങ്ങൾകൊണ്ട് മാറ്റം സംഭവിക്കുന്നു. പലപ്പോഴും ആ മാറ്റങ്ങളുടെ സ്വാധീനത്താൽ കഥാപാത്രങ്ങൾ യാന്ത്രികരും നിസ്സഹായരുമാവുന്നു. ‘പള്ളിവാളും കാൽച്ചിലമ്പും’ (പിന്നീട് നിർമാല്യമെന്ന സിനിമയായ കഥ) എന്ന കഥയിൽ ബാഹ്യജീവിതത്തിലെ ഇല്ലായ്മകൊണ്ടു വെളിച്ചപ്പാടിന്റെ ഭാര്യക്ക് കൈക്കൊള്ളേണ്ടി വരുന്ന കടുത്ത തീരുമാനമാണ് കഥയിലെ ദുരന്തബിന്ദു. പള്ളിവാളും കാൽച്ചിലമ്പും വിൽക്കാൻ തയാറാവുന്ന നിസ്സഹായ യുവത്വത്തിലും കാലം അതിന്റെ പൊള്ളുന്ന വിരൽപ്പാട് പതിച്ചിരിക്കുന്നു. വെളിച്ചപ്പാടിന്റെ ദയനീയാവസ്ഥക്കു കാരണവും സമൂഹത്തിൽ വന്ന മാറ്റങ്ങൾതന്നെ. കാലമാണ് ഇവിടെ നായകസ്ഥാനത്ത്. ‘കരിയിലകൾ മൂടിയ വഴിത്താരകളി’ലായാലും ‘സ്വർഗം തുറക്കുന്ന സമയ’ത്തിലായാലും ‘പെരുമഴയുടെ പിറ്റേന്ന്’ എന്ന കഥയിലായാലും ‘ശിലാലിഖിത’ത്തിലായാലും ‘വാനപ്രസ്ഥ’ത്തിലായാലും കാലം വരുത്തുന്ന അനിവാര്യമായ മാറ്റങ്ങൾക്കു വിധേയമാവുന്ന മനുഷ്യരാണ് എം.ടിയുടെ കഥാപാത്രങ്ങൾ.
കുടുംബത്തിലെയും ഗ്രാമത്തിലെയും ബന്ധുക്കളും പരിചയക്കാരുമാണ് എം.ടിയുടെ കഥ-നോവൽ ലോകത്തുള്ളതെന്നു ചില നിരൂപകരൊക്കെ പറയാറുണ്ട്. അവരൊക്കെയുണ്ട്. എന്നാൽ അവർ മാത്രമല്ല. അവരിലൂടെയും അവരുടെ ദുഃഖങ്ങളിലൂടെയും നാം പരിചയപ്പെടുന്ന മനുഷ്യസ്വഭാവത്തിന്റെ വൈചിത്ര്യങ്ങളിലാണ് എം.ടി സാഹിത്യം തഴക്കുന്നത്... എം.ടിയുടെ കൂടല്ലൂരിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ പലപ്പോഴായി വായനക്കാർ കേട്ടിട്ടുണ്ട്. പേക്ഷ എം.ടി ചിട്ടയായൊരു ആത്മകഥാരചനക്ക് മുതിർന്നിട്ടില്ല. എഴുതിയതൊക്കെ ചേർത്തുെവച്ചാൽ എം.ടിയുടെ ജീവിതകഥയായി എന്ന് വേണമെങ്കിൽ പറയാം. പക്ഷേ, അതൊരു ഭാഗിക പ്രസ്താവം മാത്രമായിരിക്കും. എം.ടിയുടെ ഛായ അപ്പുണ്ണിക്കും ഗോവിന്ദൻകുട്ടിക്കും സേതുവിനും മറ്റനേകം കഥാപാത്രങ്ങൾക്കുമുണ്ടായേക്കാം. അവരിലൂടെ തന്റെ ജീവിതം പറയാനല്ല; കാലം ആ കഥാപാത്രങ്ങളോട് എന്ത് ചെയ്തു എന്നന്വേഷിക്കാനാണ് അദ്ദേഹത്തിനിഷ്ടം. കാലം നാലുകെട്ടിനുണ്ടാക്കിയ മാറ്റം മാത്രമല്ല കാലത്തിന്റെ നാലുകെട്ടിനുണ്ടാകുന്ന മാറ്റവും കൂടിയാണ് എം.ടിയുടെ സർഗനേത്രങ്ങൾ അന്വേഷിക്കുന്നത്.
യാത്ര എന്ന രൂപകത്തിന് എം.ടിയുടെ ആഖ്യാനകലയിൽ സവിശേഷമായ സ്ഥാനമാണുള്ളത്. യാത്ര മാറ്റങ്ങളുടെ സഹയാത്രികനോ സൂത്രധാരനോ ആണ്. നിശ്ചലതയുടെ മറുപക്ഷമാണ് യാത്ര. എം.ടി സാഹിത്യത്തിൽ നിശ്ചലതയില്ല. കാല മാറ്റങ്ങൾ അനിവാര്യമാകുന്നു. കാലത്തിനു മാറാതിരിക്കാൻ കഴിയില്ല. യാത്ര ആ അർഥത്തിൽ കാലത്തിന്റെ പ്രതിരൂപമാണ്. ‘നാലുകെട്ടി’ലെയും ‘കാല’ത്തിലെയും ‘വാരാണസി’യിലെയും നായകരൊക്കെ യാത്രയിലാണ്. കഥകളിലും യാത്രയുണ്ട്. ‘വാനപ്രസ്ഥ’വും ‘പെരുമഴയുടെ പിറ്റേന്നും’ ‘കൽപാന്ത’വും, ‘ഷെർലക്കും’ തുടങ്ങി അനേകം കഥകൾ യാത്രയാൽ നിയന്ത്രിതമാണ്. യാത്രയില്ലെങ്കിൽ പല കഥകളും ഇല്ലെന്നു പറയുമ്പോൾ കാലത്തിന്റെ അധൃഷ്യമായ കരസ്പർശമാണ് കഥകൾക്ക് ഉയിരേകുന്നത് എന്നുവേണം ഉറപ്പിക്കാൻ.
ഇല്ലായ്മയുടെ ബാല്യം, തകരുന്ന തറവാട്, അകലുന്ന ബന്ധങ്ങൾ, അരക്ഷിതത്വം, കാലം തളംകെട്ടിനിന്ന അവസ്ഥയിൽനിന്ന് കാലത്തിന്റെ ഒഴുക്കിലേക്ക് ഇറങ്ങിയ എം.ടി. വാസുദേവൻ നായർ എന്ന ചെറുപ്പക്കാരനെ വായനക്കാർക്കു പരിചയമുണ്ട്. ആ ചെറുപ്പക്കാരന് എഴുതണമായിരുന്നു, സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും. എഴുത്തിലൂടെ തന്റെ അസ്തിത്വം ആ ചെറുപ്പക്കാരന് അടയാളപ്പെടുത്തണമായിരുന്നു; ഗ്രാമത്തിലെ മനുഷ്യരുടെ കഥാപാത്രങ്ങൾക്കും. അവരുടെ ജീവിതത്തിനും ഒപ്പം തന്റെ ജീവിതത്തിനും വരുന്ന മാറ്റങ്ങൾ ആ യുവാവ് സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുന്നു. ആ നിരീക്ഷണവും അനുതാപവും കുറെ നല്ല കഥകൾക്ക് പിറവിയേകുന്നു. ആ കഥകളിലൂടെ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ മാറ്റങ്ങളുടെ ഒരേടിന് കഥാകൃത്തും കഥകളും സ്വയം അടയാളങ്ങളാകുന്നു. നഗരത്തിലേക്കുള്ള കുടിയേറ്റം, അലച്ചിൽ, അനിശ്ചിതത്വം, പുതിയ ബന്ധങ്ങൾ, ചില ബന്ധങ്ങളിലെ ഉലച്ചിൽ എന്നിങ്ങനെയുള്ള പുതിയ അനുഭവങ്ങളിലൂടെ ലോകം മാറുകയായിരുന്നു.
പുതിയ അവസരങ്ങൾ പ്രലോഭിപ്പിച്ച പുരുഷന്മാരുടെ കഥകൾ എം.ടി പറഞ്ഞു. പണത്തോടൊപ്പം കൈപ്പിടിയിലൊതുങ്ങുന്ന നിഷിദ്ധവും വിഹിതവുമായ സുഖങ്ങൾ, വളരുന്ന സ്വാർഥം എന്നിങ്ങനെ ജീവിതം സങ്കീർണമാവുന്നതും നമുക്ക് കാണാം. ഇത് അമ്പതുകളിലും അറുപതുകളിലും യുവാക്കളായി ജീവിക്കേണ്ടിവന്നവരുടെ അനുഭവസാക്ഷ്യങ്ങളാണ്. എം.ടി കഥകൾ ഇന്നും വായിക്കപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം അവയിൽ പതിഞ്ഞുകിടക്കുന്ന ചരിത്രത്തിന്റെ കൈമുദ്രകളും, മനുഷ്യമനസ്സിന്റെ മുൻവിധികളില്ലാത്ത സത്യസന്ധമായ ആവിഷ്കാരവുംകൊണ്ടാണ്. അങ്ങനെയാണ് എം.ടി തലമുറകൾക്കു പ്രിയങ്കരനാകുന്നത്. അവർ അമൂർത്തമായി മാത്രം അറിഞ്ഞ ആകുലതകൾ ഈ കഥകൾ സമൂർത്തമാക്കുന്നു. കഥാപാത്രങ്ങളിൽ എം.ടി മാത്രമല്ല ആ കാലയളവിൽ ജീവിതം വെട്ടിപ്പിടിക്കാനിറങ്ങിയ അനേകം ചെറുപ്പക്കാരെ കണ്ടെത്താനാവും.
സുരക്ഷിതത്വവും അവസരങ്ങളും പണവും തേടി നഗരങ്ങളിലെത്തിയ ഒരു തലമുറയെക്കുറിച്ചു നമുക്കറിയാം. ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്കും, കേരളത്തിൽനിന്ന് മദ്രാസിലേക്കും ബോംബെയിലേക്കും ജോലി തേടിപ്പോയ ചെറുപ്പക്കാരുടെ ചരിത്രം നമുക്കന്യമല്ല. എന്നാൽ, ഓരോ പറിച്ചുനടലും കുറെ വേരുകൾ നഷ്ടമാക്കുകതന്നെ ചെയ്യും. നഗരം ഒരു ഗ്രാമീണനോട് എന്തുചെയ്യും എന്ന അന്വേഷണമായി എം.ടിയുടെ അനേകം കഥകളെ സമീപിക്കാം. നഗരം എം.ടി കഥകളിൽ മത്സരത്തിന്റെയും സ്വാർഥത്തിന്റെയും നെറികേടിന്റെയുമൊക്കെ മാലിന്യം നിറഞ്ഞ ഇടങ്ങളുമാണ്. എങ്കിലും, കഥാനായകർ ആ പ്രലോഭനങ്ങളിൽ വീഴുകതന്നെ ചെയ്യുന്നു. ‘ബന്ധനം’ എന്ന കഥയിലെ മാർഗരറ്റ് ഡിസൂസയുടെ വശ്യതയിൽനിന്നകന്നു മാറാൻ കഷ്ടപ്പെടുന്ന കഥാനായകന്റെ ഗതികേടിൽ ഈ മൂല്യസംഘർഷത്തിന്റെ തീക്ഷ്ണത വായിച്ചെടുക്കാം. ‘ബന്ധനം’ എന്ന വാക്കിൽതന്നെ കഥാനായകന്റെ സ്വാതന്ത്ര്യനഷ്ടം സൂചിതമായിരിക്കുന്നു. ആത്മനിന്ദ ഇത്തരം കഥാപാത്രങ്ങളുടെ വിധിയാണ്. അവർ ഒറ്റപ്പെടുകയും സ്വയം അപരിചിതരാവുകയും ചെയ്യുന്നു. ബന്ധങ്ങൾ അവർക്ക് ബന്ധനങ്ങളാകുന്നു. ഉപജീവനാർഥം നഗരങ്ങളിലേക്ക് കുടിയേറിയ ഒരു തലമുറ ഏറ്റക്കുറച്ചിലുകളോടെ അനുഭവിച്ച അപരത്വബോധവും നഷ്ടബോധവുമാണ് എം.ടിയുടെ കഥാപാത്രങ്ങൾ തീക്ഷ്ണമായി അനുഭവിക്കുന്നത്.
കാത്തിരിപ്പിന്റെ വിശിഷ്ട മാതൃകകളായ കഥകളും നോവലുകളും മലയാളത്തിന് നൽകിയ കഥാകാരനും എം.ടിതന്നെ. അധികം ദൈർഘ്യമില്ലാത്തതും എന്നാൽ, ഉൾക്കനത്തിലും ആഖ്യാനചാരുതയിലും മലയാള നോവൽ സാഹിത്യത്തിലെ നിത്യ വിസ്മയമായി നിലകൊള്ളുകയും ചെയ്യുന്ന ‘മഞ്ഞ്’ കാത്തിരിപ്പിന്റെ കഥയാണ്. നൈനിത്താളിലെ ഒരു ബോർഡിങ് സ്കൂൾ അധ്യാപികയായ വിമലയുടെ ഒറ്റപ്പെടലിന്റെയും നിഷ്ഫലമായ കാത്തിരിപ്പിന്റെയും കഥ പറയുന്ന ഈ നോവൽ അതിന്റെ ശിൽപസൗകുമാര്യംകൊണ്ട് ആരെയും ആഹ്ലാദിപ്പിക്കും. ഓരോ വാക്കും വാക്യവും, എഴുത്തുകാരൻ കാട്ടിത്തരുന്ന ഒാരോ ദൃശ്യവും അവയുടെ സവിശേഷതകളും, ഓരോ കഥാപാത്രവും അവരുടെ ജീവിതവും, എന്തിന് പശ്ചാത്തലമായ നൈനിത്താൾ പട്ടണവും, ടൂറിസ്റ്റുകളെ പ്രതീക്ഷിച്ചു കിടക്കുന്ന തടാകത്തിലെ ബോട്ടുകളുമെല്ലാം കാത്തിരിപ്പിന്റെ ഘനീഭൂതമായ രൂപകങ്ങളായി മാറുന്ന രചനയുടെ ഇന്ദ്രജാലമാണ് ‘മഞ്ഞ്’ എന്ന കൃതി അനുഭവവേദ്യമാക്കുന്നത്. വെള്ളാരംകണ്ണുകളുള്ള ബുദ്ദു എന്നെങ്കിലും വരുമെന്ന് അവൻ കരുതുന്ന പിതാവിനെ പ്രതീക്ഷിക്കുന്നു. മരണമെന്ന വിരുന്നുകാരനെ കാത്തിരുന്ന സർദാർജി ഒരു സായാഹ്നം കടംവെച്ച് യാത്രയാവുന്നു. പ്രതീക്ഷയെ ആവരണം ചെയ്യുന്ന നിഷ്ഫലതയുടെയും വിഷാദത്തിന്റെയും പരിവേഷമുണ്ട് ആ ജീവിതങ്ങൾക്കും പട്ടണത്തിനും. ശ്രുതി, താളം, ലയം എന്നിവയെല്ലാം ഇണങ്ങിയൊരു ഭാവഗീതമായി ‘മഞ്ഞ്’ മലയാള നോവൽ ചരിത്രത്തിൽ മുദ്രിതമായിരിക്കുന്നു.
കൂടല്ലൂരിന്റെ കഥാകാരനെന്നും കുടുംബ-ഗ്രാമ പശ്ചാത്തലങ്ങളിലെ വ്യക്തികളെ കഥാപാത്രങ്ങളാക്കിയ എഴുത്തുകാരനെന്നുമുള്ള വിലയിരുത്തൽ എം.ടിക്ക് ഭാഗികമായേ ഇണങ്ങുകയുള്ളൂ. ‘ഡാർ-എസ്-സലാം’പോലെ ‘അക്കൽദാമ’പോലെ, ‘ഷെർലക്ക്’ പോലെ അനേകമനേകം കഥകൾ കൂടല്ലൂരിൽനിന്നും എത്രയോ അകലെയാണ് നടക്കുന്നത്. നോവലുകളിൽ ‘രണ്ടാമൂഴ’വും ‘വാരണാസി’യും അദ്ദേഹത്തിന്റെ പ്രമേയ സീമകളുടെ വിസ്തൃതിയെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രദേശമാണ് മനുഷ്യമനസ്സും അതിൽ മാറ്റങ്ങൾ ചമയ്ക്കുന്ന കാലവുമാണ് എം.ടിയുടെ യഥാർഥ പശ്ചാത്തലവും നായകനും.
ഏറെ പ്രകീർത്തിക്കപ്പെട്ട ‘രണ്ടാമൂഴ’ത്തിൽ ഭീമസേനന്റെ ജീവിതപ്രതിസന്ധികളെ സാധാരണ മനുഷ്യരുടെ കാഴ്ചപ്പാടിൽ അതി അമൃതമായി ആലേഖനം ചെയ്യുകയാണ്. ‘മഞ്ഞ്’ എന്ന കൃതിയിൽ ഏതുവിധം ഭാഷയും പ്രമേയവും ഭാവവും സംഗീതത്തിലെന്നപോലെ സമീകരിക്കപ്പെട്ടുവോ അതേവിധം ‘രണ്ടാമൂഴ’ത്തിന്റെ ശിൽപഘടനയിലും ആഖ്യാനത്തിലും സന്ദർഭനിർമിതിയിലും ഉൾക്കാഴ്ചകളിലും ആന്തരിക മുഴക്കങ്ങളിലുമെല്ലാം ഈ കൃതി എം.ടിയുടെ സാഹിത്യജീവിതത്തിലെ വേലിയേറ്റ രേഖയായി നിലകൊള്ളുന്നു. ദൈവമായാലും മനുഷ്യനായാലും, ക്ഷത്രിയനായാലും നിഷാദനായാലും വൈകാരിക ജീവിതത്തിന്റെ വൈകാരിക വ്യാകരണം ഒന്നുതന്നെയാണെന്നാണ് എം.ടി സ്ഥാപിക്കുന്നത്.
കെ. ജയകുമാർ എം.ടിക്കൊപ്പം
ചലച്ചിത്രമേഖലയിലെ എം.ടിയുടെ സ്വാധീനവും സംഭാവനയും സാഹിത്യത്തിലേതുപോലെ തന്നെ ഐതിഹാസികമാണ്. അറുപതോളം തിരക്കഥകളിലൂടെ മലയാള സിനിമയുടെ ഭാവുകത്വത്തിൽ വലിയ പരിണാമം വരുത്താൻ എം.ടിക്കായി. അവാർഡ് ചിത്രങ്ങൾ വേറെ, സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങൾ വേറെ എന്ന പരമ്പരാഗത സങ്കൽപത്തെ തിരുത്താൻ ആ തിരക്കഥകൾക്കായി. ‘മുറപ്പെണ്ണ്’ മുതൽ ആരംഭിക്കുന്ന ആ ജൈത്രയാത്ര സമ്മാനിച്ച മികച്ച ചിത്രങ്ങൾ നമ്മുടെ സിനിമാ ചരിത്രത്തെ തിരുത്തിയെഴുതി. പി. ഭാസ്കരൻ, വിൻസെന്റ്, പി.എൻ. മേനോൻ, ഹരിഹരൻ, ഭരതൻ, ഐ.വി. ശശി തുടങ്ങിയ മുഖ്യധാരാ സംവിധായകർക്കുവേണ്ടി എഴുതിയ തിരക്കഥകൾ എക്കാലത്തെയും സമുന്നത ചിത്രങ്ങൾതന്നെ. കഥ തിരക്കഥയാകുമ്പോൾ സംഭവിക്കുന്ന രാസപ്രക്രിയയെക്കുറിച്ച് കൃത്യമായ ബോധ്യത്തോടെ രചിച്ച ഈ തിരക്കഥകൾ മലയാള സിനിമയുടെ ദൃശ്യസംസ്കാരത്തെ മാറ്റിമറിച്ചു. സൂക്ഷ്മതയെ ഈ തിരക്കഥകൾ ആഘോഷിച്ചു. സംഭാഷണത്തിലെ മിതത്വവും, മൗനങ്ങളുടെ ആഴവും മലയാള സിനിമക്ക് പരിചയപ്പെടുത്തിയതിൽ എം.ടി തിരക്കഥക്കുള്ള സ്ഥാനം നിസ്തുലമാണ്. ‘ഇരുട്ടിന്റെ ആത്മാവ്’, ‘അസുരവിത്ത്’, ‘കുട്ട്യേടത്തി’, ‘ഓളവും തീരവും’, ‘പഞ്ചാഗ്നി’, ‘നഖക്ഷതങ്ങൾ’, ‘ഒരു വടക്കൻ വീരഗാഥ’, ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘വൈശാലി’, ‘പരിണയം’, ‘അനുബന്ധം’, ‘താഴ്വാരം’, ‘സുകൃതം’, ‘പെരുന്തച്ചൻ’ എന്നിങ്ങനെയുള്ള ഓരോ തിരക്കഥയും തങ്ങളിൽ മത്സരിക്കുന്ന അനുഭവം മലയാള സിനിമയുടെ പുണ്യമാണ്. സ്വയം സംവിധാനം ചെയ്ത ‘നിർമ്മാല്യ’വും ‘ബന്ധന’വും, ‘കട’വുമെല്ലാം അത്രതന്നെ ചരിത്രം സൃഷ്ടിച്ചു. ‘നിർമ്മാല്യ’ത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ സമൂഹത്തെ ഇന്ന് ഗ്രസിച്ചിരിക്കുന്ന അസഹിഷ്ണുതയുടെ ആഴമെത്ര ഭീകരമാണെന്ന് അടയാളപ്പെടുത്താൻകൂടി ആ ചലച്ചിത്രത്തിന് ഇപ്പോൾ ചരിത്രനിയോഗം ലഭിച്ചിരിക്കുന്നു.
ഏതു സർഗാത്മക മേഖലയിലും തന്റെ സാന്നിധ്യംകൊണ്ട് ചരിത്രം രചിക്കാൻ ഒരു കലാകാരന് കഴിയുകയെന്നത് മലയാളത്തിന്റെ സൗഭാഗ്യമാണ്. എത്ര എത്ര വൈവിധ്യപൂർണമായ കഥാപാത്രങ്ങളെയാണ് കഥകളിലും നോവലുകളിലും ചലച്ചിത്രങ്ങളിലുമായി എം.ടി നമുക്ക് പരിചിതമാക്കിയത്! അദ്ദേഹത്തിന്റെ രചനകളില്ലാതിരുന്നെങ്കിൽ മലയാളവും മലയാളികളും ഇത്രമേൽ വൈകാരികസമ്പന്നത അറിയുമായിരുന്നില്ല. മനുഷ്യമനസ്സിന്റെയും സൂക്ഷ്മവികാരങ്ങളുടെയും പെരുന്തച്ചനായി പരിലസിക്കുകയാണ് ഈ മഹാ സാഹിത്യകാരൻ. വെറുതെയല്ല കൃതജ്ഞതാ ഭരിതമായ ഒരു ദേശം നവതി വർഷത്തിൽ ഈ മഹാപ്രതിഭയുടെ മുന്നിൽ കൂപ്പുകൈയുമായി നിൽക്കുന്നത്. എം.ടിയെപ്പോലെ എം.ടിയല്ലാതെ നമുക്ക് മറ്റൊരാളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.