‘ജനയുഗ’ത്തിലെ കാര്യങ്ങളെക്കുറിച്ച് ഗോപാലനൊന്നും തിരക്കാൻ പോയില്ല. അടുത്ത കുറച്ചു നാളുകൾക്കുള്ളിൽത്തന്നെ ‘സിനിരമ’യും ‘ബാലയുഗ’വും നോവൽപ്പതിപ്പുമൊക്കെ ഒന്നിനുപിറകെ ഒന്നായി നിന്നുപോയി. ഒരുകാലത്ത് വായനക്കാർ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തിലെ ഒന്നാംകിട പ്രസിദ്ധീകരണങ്ങളായി വളർന്ന കാമ്പിശ്ശേരിയുടെ ആ മാനസിക സന്താനങ്ങൾക്ക് സംഭവിച്ച ദുര്യോഗത്തിൽ ഗോപാലന് വല്ലാത്ത സങ്കടം തോന്നി -ആർട്ടിസ്റ്റ് ഗോപാലനെക്കുറിച്ച ജീവിതമെഴുത്തിന്റെ അവസാന അധ്യായമാണിത്.
കാമ്പിശ്ശേരി വിടപറഞ്ഞതിനുശേഷം ‘ജനയുഗ’ത്തിന്റെ പുതിയ ചീഫ് എഡിറ്ററായി ചുമതലയേറ്റത് എം.എൽ.എ സ്ഥാനമൊക്കെ ഒഴിഞ്ഞ് പത്രപ്രവർത്തനത്തിലേക്ക് സജീവമായി തിരിച്ചുവന്ന തെങ്ങമം ബാലകൃഷ്ണനാണ്. ഗോപാലൻ കൊല്ലത്ത് ചെല്ലുന്ന വാരാന്ത്യദിവസങ്ങളിൽ കാമ്പിശ്ശേരി ചെയ്യാറുണ്ടായിരുന്നതുപോലെ തെങ്ങമവും ഉച്ചക്ക് ഊണു കഴിക്കാൻ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പത്രേമാഫീസിലെ മറ്റ് സഹപ്രവർത്തകരും അതേ സൗഹൃദഭാവം തുടർന്നുപോന്നെങ്കിലും ഗോപാലന് ‘ജനയുഗ’ത്തിലേക്ക് പോകാൻ എന്തുകൊണ്ടോ പഴയ ഉത്സാഹം തോന്നിയില്ല.
അപ്പോഴേക്കും വാരികയുടെ മുഖചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽനിന്ന് നിറപ്പകിട്ടുള്ളതാക്കി കൂടുതൽ ആകർഷകമായ രീതിയിൽ പുറത്തിറക്കാൻ തുടങ്ങി. ‘സിനിരമ’യുടെ വലുപ്പം ടാബ്ലോയ്ഡിൽനിന്ന് ഡമ്മി 1/4 സൈസിലാക്കി ത്രിവർണ മുഖചിത്രത്തോടെ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചതും ഇക്കാലത്താണ്. വളർച്ച പക്ഷേ, വാരികയുടെയും ‘സിനിരമ’യുടെയും പ്രചാരത്തിൽ വലിയ ഇടിവ് സംഭവിക്കാൻ തുടങ്ങി. തന്റെ പ്രയത്നം ഉദ്ദേശിച്ച ഫലം കാണുന്നില്ലല്ലോ എന്നോർത്തപ്പോൾ ഗോപാലന് വല്ലാത്ത മടുപ്പ് തോന്നിത്തുടങ്ങി.
ഒരുദിവസം തെങ്ങമവുമായി ഒരു നിസ്സാര കാര്യത്തിന് ഇടഞ്ഞു. ‘ബാലയുഗ’ത്തിൽ കുട്ടികളുടെ കളികളെക്കുറിച്ചുള്ള ഒരു ലേഖനത്തിനുവേണ്ടി ഗോപാലൻ വരച്ചത് ഒരു നാടൻകളിയുടെ ചിത്രമാണ്. ക്രിക്കറ്റ് പോലെയുള്ള ഒരു കായിക വിനോദമായിരുന്നു വരക്കേണ്ടിയിരുന്നത് എന്ന് പറഞ്ഞുകൊണ്ട് തെങ്ങമം പൊട്ടിത്തെറിച്ചു.
‘‘സഖാവ് മാറ്റർ വായിച്ചു നോക്കിയിട്ട് പറയൂ’’എന്ന് ഗോപാലൻ പറഞ്ഞിട്ടും പത്രാധിപരുടെ ദേഷ്യമടങ്ങിയില്ല. ഗോപാലൻ പിന്നെ കൂടുതൽ സംസാരത്തിനൊന്നും നിന്നില്ല. സ്കൂട്ടറെടുത്ത് അപ്പോൾത്തന്നെ തിരുവനന്തപുരത്തേക്ക് പോന്നു. വീട്ടിൽ ചെന്നയുടനെ ആദ്യം ചെയ്തത് വരക്കാൻവേണ്ടി കൊണ്ടുവെച്ചിരുന്ന മാറ്റർ മുഴുവനും പൊതിഞ്ഞുകെട്ടി കൊല്ലത്ത് എത്തിക്കാൻ സി.പി.ഐ ഓഫിസിൽ കൊണ്ടുക്കൊടുക്കുക എന്നതായിരുന്നു. പിന്നീട് ഗോപാലൻ ‘ജനയുഗ’ത്തിലേക്ക് പോയില്ല. വരച്ചതുമില്ല. ‘ജനയുഗ’ത്തിൽനിന്ന് തെങ്ങമം ഉൾപ്പെടെ ആരും ഗോപാലനെ തിരികെ വിളിച്ചില്ല. ആ സംഭവത്തിനുശേഷം വേറെ പല കാര്യങ്ങളുമായും ബന്ധപ്പെട്ട് സി.പി.ഐ ഓഫിസിൽ പിന്നീടും ചെല്ലാറുണ്ടായിരുന്നെങ്കിലും പാർട്ടി നേതൃത്വത്തിൽപെട്ട ഒരാളുപോലും ‘ജനയുഗ’ത്തിലെന്താ സംഭവിച്ചതെന്ന് തിരക്കുകയോ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയോ ചെയ്തില്ല.
ആരെയും കൂസാത്ത, അങ്ങനെയെല്ലാവരോടുമൊന്നും വഴങ്ങാത്ത ഗോപാലന്റെ സ്വഭാവരീതി ഇഷ്ടപ്പെടാത്തതുകൊണ്ട് പത്രാധിപരുൾപ്പെടെയുള്ളവർ ചിലപ്പോൾ ഇങ്ങനെയൊരു വിട്ടുപോക്ക് ആഗ്രഹിച്ചിരുന്നിരിക്കാം. ഗോപാലനെ സംബന്ധിച്ചിടത്തോളം പത്രാധിപരുടെ അന്നത്തെ പെരുമാറ്റം ഒരു നിമിത്തം മാത്രമായിരുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട, സർഗപരമായ കഴിവുകളും അധ്വാനവുമൊക്കെ ഏറ്റവുമധികം ചെലവഴിച്ച, തന്റെ തന്നെ വളർച്ചയിൽ വലിയൊരു പങ്കുവഹിച്ച ഈ സ്ഥാപനം ഓരോ ദിവസവും പിറകോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോഴുണ്ടായ മാനസിക പ്രയാസമാണ് വാസ്തവത്തിൽ ഗോപാലനെ അപ്പോൾ അവിടെനിന്ന് പടിയിറങ്ങാൻ പ്രേരിപ്പിച്ചത്.
സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫിസിലെ വിജയൻ സാർ ഒരുദിവസം ഗോപാലനെ വിളിച്ച് അന്ന് വഴുതക്കാട് പണി പൂർത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്ന സുഗതൻ സ്മാരകത്തിന്റെ മുന്നിൽ വെക്കാനായി എന്തെങ്കിലും ചെയ്തുകൊടുക്കാനാവശ്യപ്പെട്ടു. ഗോപാലൻ വരച്ച ചുരുട്ടിയ മുഷ്ടികളൂടെ രൂപം ഇരുമ്പുകമ്പി വളച്ച് വെൽഡ് ചെയ്ത് സുഗതൻ സ്മാരകത്തിന്റെ മുന്നിലെ ഗ്രില്ലിൽ ഉറപ്പിച്ചു.
‘ജനയുഗ’ത്തിലെ കാര്യങ്ങളെക്കുറിച്ച് ഗോപാലനൊന്നും തിരക്കാൻ പോയില്ല. അടുത്ത കുറച്ചു നാളുകൾക്കുള്ളിൽത്തന്നെ ‘സിനിരമ’യും ‘ബാലയുഗ’വും നോവൽപ്പതിപ്പുമൊക്കെ ഒന്നിനുപിറകെ ഒന്നായി നിന്നുപോയി. ഒരുകാലത്ത് വായനക്കാർ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തിലെ ഒന്നാംകിട പ്രസിദ്ധീകരണങ്ങളായി വളർന്ന കാമ്പിശ്ശേരിയുടെ ആ മാനസിക സന്താനങ്ങൾക്ക് സംഭവിച്ച ദുര്യോഗത്തിൽ ഗോപാലന് വല്ലാത്ത സങ്കടം തോന്നി.
ഏതാനും വർഷങ്ങൾ കഴിഞ്ഞ് ഗോപാലന് വീണ്ടും ‘ജനയുഗ’വുമായി ബന്ധപ്പെടേണ്ടി വന്നു. തെങ്ങമം ബാലകൃഷ്ണൻ പാർട്ടി നിയോഗിച്ചതനുസരിച്ച് പി.എസ്.സി അംഗത്വമേറ്റെടുത്തുകൊണ്ട് പത്രാധിപസ്ഥാനമൊഴിഞ്ഞപ്പോൾ മലയാറ്റൂർ രാമകൃഷ്ണനാണ് വാരികയുടെ പത്രാധിപരായത്. ഗോപാലന്റെ ഇലസ്ട്രേഷനുകൾക്ക് ഒരു ത്രീ ഡൈമൻഷൻ ഇഫക്ട് ഉണ്ടെന്ന് പണ്ട് പ്രശംസിച്ച മലയാറ്റൂർ പത്രാധിപരായപ്പോൾ വരക്കാൻ ഗോപാലനെ വിളിച്ചില്ല. വളരെ പെട്ടെന്നുതന്നെ മലയാറ്റൂർ എഡിറ്റർ സ്ഥാനമൊഴിയുകയുംചെയ്തു. ‘ജനയുഗം’പ്രസിദ്ധീകരണങ്ങളുടെ മൊത്തം ചുമതല സി.പി.ഐ ഏൽപിച്ചിരുന്നത് ആന്റണി തോമസിനെയാണ്. വർഷങ്ങളായി തെരഞ്ഞെടുപ്പ് വേളകളിൽ പ്രചാരണത്തിന്റെ ഭാഗമായി പാർട്ടി ഇറക്കാറുള്ള പത്രങ്ങളും മറ്റും ആന്റണി തോമസുമായി ചേർന്ന് ഗോപാലനാണ് തയാറാക്കാറുണ്ടായിരുന്നത്. 1960കളിൽ അവരൊരുരുമിച്ച് ‘ജനയുഗ’ത്തിലുണ്ടായിരുന്നതാണല്ലോ.
1982-83 കാലത്ത് ഒരുദിവസം ആന്റണി തോമസ് ഗോപാലനെ സമീപിച്ചു. അന്ന് ‘ജനയുഗ’ത്തിൽ ഒരു തൊഴിലാളി സമരം നടക്കുകയാണ്. സമരംമൂലം ഓണം വിശേഷാൽപ്രതി മുടങ്ങുമെന്ന അവസ്ഥയാണ്. ധാരാളം പരസ്യങ്ങൾ കിട്ടിയിട്ടുണ്ട്. അതിൽനിന്നുള്ള പണം കിട്ടിയിട്ടുവേണം തൊഴിലാളികളുടെ വേതനപ്രശ്നമുൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കേണ്ടത്. ഓണപ്പതിപ്പ് പുറത്തിറക്കാൻ ഗോപാലൻ സഹായിച്ചേ പറ്റൂ.
ഗോപാലൻ സംഗതിയേറ്റു. ആന്റണി തോമസ് വീട്ടിൽക്കൊണ്ടേൽപിച്ച മാറ്ററിനുവേണ്ടി ചിത്രങ്ങളും തലക്കെട്ടുകളും തയാറാക്കി. അന്നേക്ക് നിലവിൽ വന്നുകഴിഞ്ഞിരുന്ന ഓഫ്സെറ്റ് പ്രിന്റിങ്ങിന്റെ രീതിയനുസരിച്ച് കമ്പോസ് ചെയ്ത മാറ്ററിന്റെ ആർട്ട് പൂൾ എടുത്ത് ഓരോ പേജായി ഒട്ടിച്ച് മൂന്നൂറോളം പേജുകളുള്ള വിശേഷാൽ പ്രതിക്ക് അവസാന രൂപം നൽകി. ശിവകാശിയിൽ ജെസീമ റോസ് എഫക്ട് എന്നൊരു പ്രസ് നടത്തിയിരുന്ന യേശുദാസനുമായി ഗോപാലൻ വളരെ അടുപ്പത്തിലായിരുന്നു.അവിടെ വിശേഷാൽ പ്രതി അച്ചടിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. ഓണത്തിന് തൊട്ടുമുമ്പുതന്നെ പതിവ് മുടക്കാതെ ‘ജനയുഗ’ത്തിന്റെ അക്കൊല്ലത്തെ ഓണം സ്പെഷൽ വിൽപനശാലകളിലെത്തി. സമരത്തിലേർപ്പെട്ടിരുന്നവർ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു ഇത്. തൊഴിലാളികൾക്കു വേതനവും ബോണസുമൊക്കെ കൊടുക്കാൻ പണം കണ്ടെത്താനായിട്ടാണല്ലോ താനിങ്ങനെ ചെയ്തതെന്നുള്ളതായിരുന്നു ഗോപാലന്റെ സമാധാനം. ‘ജനയുഗ’ത്തെ ഒരു പ്രതിസന്ധിഘട്ടത്തിൽ സഹായിക്കാൻ തന്നെക്കൊണ്ടാകുന്നത് ചെയ്തല്ലോ എന്ന ചാരിതാർഥ്യവും.
ആന്റണി തോമസിനു ശേഷം ചീഫ് എഡിറ്ററായി ചുമതലയേറ്റത്, പഴയ ‘ജനയുഗം’ നാളുകളിൽ ഗോപാലന്റെ ഉറ്റസുഹൃത്തായിത്തീർന്ന തോപ്പിൽ ഗോപാലകൃഷ്ണനാണ്. കാമ്പിശ്ശേരിയുടെ അന്തിമാഭിലാഷമനുസരിച്ച്, ആത്മസുഹൃത്തായ തോപ്പിൽ ഭാസിയുടെ അനന്തരവനായ ഗോപാലകൃഷ്ണനാണ് കാമ്പിശ്ശേരിയുടെ മകൾ ഉഷയെ വിവാഹം കഴിച്ചത്. അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ഗോപാലകൃഷ്ണൻ പാർട്ടിയുടെ നിർദേശപ്രകാരം ‘ജനയുഗം’ചീഫ് എഡിറ്റർ സ്ഥാനമേറ്റെടുത്തു. 1985ലൊരു ദിവസം തോപ്പിൽ ഗോപാലകൃഷ്ണൻ ഗോപാലനെ കാണാൻ വന്നു.
‘‘അളിയാ, നീ എന്നെയൊന്നു സഹായിച്ചേ തീരൂ. പണ്ടത്തെപ്പോലെ ഇലസ്ട്രേഷൻ നീയേറ്റെടുക്കണം.’’
ആർട്ടിസ്റ്റ് ഗോപാലൻ വരച്ച സ്വന്തം ചിത്രം,ആർട്ടിസ്റ്റ് ഗോപാലൻ കയറിൽ ഒരുക്കിയ തെയ്യം
ഗോപാലകൃഷ്ണനോടുണ്ടായിരുന്ന ആത്മസൗഹൃദംകൊണ്ടും കാമ്പിശ്ശേരിയോടുള്ള കടപ്പാടുകൊണ്ടും ഗോപാലന് ആ ആവശ്യം നിഷേധിക്കാൻ കഴിഞ്ഞില്ല. അങ്ങനെ വീണ്ടും ഗോപാലൻ ‘ജനയുഗം’കാരനായി. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഗോപാലൻ ആ നിയോഗമേറ്റെടുത്തത്. തോപ്പിൽ ഗോപാലകൃഷ്ണനും പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായ എം.പി. അച്യുതനുംകൂടി ഗോപാലന്റെ വീട്ടിലെത്തി ‘ജനയുഗ’ത്തെക്കുറിച്ചുള്ള ചർച്ചകളിലേർപ്പെടുന്നത് പതിവായിരുന്നു. എങ്ങനെ പഴയ പ്രതാപം വീണ്ടെടുക്കാം എന്നതായിരുന്നു വിഷയം.വാരാന്ത്യങ്ങളിൽ ഗോപാലൻ കൊല്ലത്തേക്ക് പോകും.
ആര്യാട് ഗോപി, തിരുനല്ലൂർ കരുണാകരൻ, കണിയാപുരം രാമചന്ദ്രൻ എന്നിവർ ആ നാളുകളിൽ വാരികയുടെ പത്രാധിപ ചുമതലയിൽ മാറി മാറി വന്നു. ആകർഷകമായ പുതിയ പംക്തികൾ തുടങ്ങാനും പ്രശസ്തരും പുതിയവരുമായ എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരിക്കാനുമൊക്കെ മുൻകൈയെടുത്തുകൊണ്ട് വാരികയുടെ ജനപ്രീതി തിരികെ നേടാൻ അവരും നന്നായി പരിശ്രമിച്ചു.
പരമേശ്വരൻ പോറ്റി എന്നൊരു ചെറുപ്പക്കാരനാണ് മാറ്റർ കൊണ്ടുക്കൊടുക്കാനും കൂടെയിരുന്നു വരപ്പിക്കാനും മറ്റുമായി വേറെ നൂറുകൂട്ടം തിരക്കുകളിൽപ്പെട്ട് അലയുന്ന ഗോപാലന്റെ പിറകെ വിടാതെ കൂടിയിരുന്നത്. ആർ.എസ്.പിയുടെ നേതാവ് ചെങ്ങാരപ്പള്ളി ദാമോദരൻ പോറ്റിയുടെ മകനായ ആ യുവാവിന്റെ സ്ഥിരോത്സാഹവും സാഹിത്യ രാഷ്ട്രീയകാര്യങ്ങളിലുള്ള ആഴത്തിലുള്ള അറിവുമൊക്കെ ഗോപാലനെ ഒരുപാടാകർഷിച്ചു. അധികം വൈകാതെ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവ് ആയി ജോലി കിട്ടിയതിനെ തുടർന്ന് ‘ജനയുഗം’വിട്ട പോറ്റി, ചെറുപ്പം വിടുന്നതിന് മുമ്പുതന്നെ മഹാരോഗത്തിന് കീഴടങ്ങുകയായിരുന്നു.
1990കളായപ്പോഴേക്കും മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണരംഗത്ത് ഒട്ടേറെ സാരമായ മാറ്റങ്ങൾ സംഭവിച്ചിരുന്നു. പുതിയ പ്രസിദ്ധീകരണങ്ങൾ പലതും രംഗത്തെത്തി. അച്ചടിയുടെ രംഗവും ആകെ മാറി. പണാധിപത്യത്തിന് മേൽക്കോയ്മയുള്ള ആ മത്സരയോട്ടത്തിൽ ‘ജനയുഗ’ത്തിന് പിടിച്ചുനിൽക്കാനായില്ല. ‘ജനയുഗം’ മാത്രമല്ല ‘കുങ്കുമ’വും ‘മലയാളനാടു’മുൾപ്പെടെ വായനക്കാർ നെഞ്ചിലേറ്റിയ പഴയ പ്രസിദ്ധീകരണങ്ങൾ പലതും നാടുനീങ്ങി. പകരം പുതിയ ചില ആനുകാലികങ്ങൾ ആ സ്ഥാനമേറ്റെടുത്തു.1970കൾ തൊട്ട് രേഖാചിത്രരംഗത്തേക്ക് പുതിയ കലാകാരന്മാർ കടന്നുവന്നു. സാബു, ആർ.കെ.എന്ന രാധാകൃഷ്ണൻ, ദിവാകരൻ, മാധവൻ നായർ, ജെ.ആർ. പ്രസാദ്, മദനൻ തുടങ്ങിയവർ ഇക്കൂട്ടത്തിലെ പ്രമുഖരാണ്.
1990കളുടെ രണ്ടാം പകുതിയാകുമ്പോഴേക്കും ‘ജനയുഗം’ പത്രവും വാരികയും പ്രസിദ്ധീകരണം അവസാനിപ്പിച്ചു. ഒരു യുഗത്തിന്റെ അവസാനം കുറിക്കപ്പെടുകയായിരുന്നു അതോടെ. അപ്പോഴേക്കും ഗോപാലന് ഇലസ്ട്രേഷൻ രംഗത്തുള്ള താൽപര്യം ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞിരുന്നു. അത്തരമൊരു വിരക്തിയിലേക്ക് വഴിതെളിച്ചത് കയ്പുള്ള ചില അനുഭവങ്ങളാണ്.
ആർട്ടിസ്റ്റ് ഗോപാലൻ ഒരുക്കിയ േഫ്ലാട്ട്
ഗോപാലൻ തിരുവനന്തപുരത്തു താമസമാക്കിയ നാൾ തൊട്ട് അടുത്ത സ്നേഹിതനായിരുന്നു കവിയും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥനുമായ നിലമ്പേരൂർ മധുസൂദനൻ നായർ. കുറച്ചുനാൾ അവരൊരുമിച്ച് പ്രസ് റോഡിലെ വീട്ടിൽ താമസിച്ചിരുന്നു. ഒരുദിവസം നിലമ്പേരൂരും മറ്റൊരു സുഹൃത്തായ ഇ.എൻ. മുരളീധരൻ നായരുംകൂടി ഗോപാലനെ കാണാൻ വന്നു. പുതിയ എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരിച്ചുകൊണ്ട് ഒരു ഭാവുകത്വ സംക്രമണത്തിന് വഴിയൊരുക്കിയ ‘യുഗരശ്മി’ എന്ന പ്രസിദ്ധീകരണം 1970കളിൽ തിരുവനന്തപുരത്ത് നടത്തിയിരുന്ന ആളാണ് മുരളീധരൻ നായർ. സി.പി.എമ്മിന്റെ സജീവ പ്രവർത്തകനും.
ഇവർ രണ്ടുപേരും കൂടി കുട്ടികൾക്കുവേണ്ടി ഒരു മാസിക പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നു. ‘തത്തമ്മ’ എന്നാണ് പേരിട്ടിരിക്കുന്നത്. കളർ പ്രിന്റിങ്ങിനെ സംബന്ധിച്ച ഒരു മാസ്റ്റർ തന്നെയായ ഗോപാലൻകൂടി സഹകരിക്കണം. പടം വരച്ചു കൊടുക്കുന്ന കാര്യം അപ്പോൾതന്നെ ഗോപാലനേറ്റു. പ്രതിഫലമൊന്നും വേണ്ട. പക്ഷേ, ചങ്ങാതിമാർക്ക് അതുമാത്രം പോരായിരുന്നു. ഗോപാലനുംകൂടി മുതൽമുടക്കാൻ കൂടണം. അങ്ങനെ അവരാവശ്യപ്പെട്ട പണം മുടക്കിക്കൊണ്ട് ഗോപാലനും ഒരു പങ്കാളിയായി. കൂടാതെ, ബാങ്കിൽനിന്ന് ലോൺ എടുക്കാൻവേണ്ടി അഞ്ചു സെന്റ് ഭൂമിയുടെ ആധാരം സെക്യൂരിറ്റിയായി കൊടുക്കാനും തയാറായി.
പുളിമൂട്ടിൽനിന്ന് താഴേക്കിറങ്ങുന്ന അംബുജാവിലാസം റോഡിൽ വലിയ ഓഫിസ് കെട്ടിടമൊക്കെയായി ആരംഭിച്ച ‘തത്തമ്മ’യുടെ ചീഫ് എഡിറ്റർ നിലമ്പേരൂർ മധുസൂദനൻ നായരായിരുന്നു. വളരെ വേഗമാണ് ‘തത്തമ്മ’ കുട്ടികൾക്കിടയിൽ പ്രചാരം നേടിയത്. അന്ന് മുൻനിരയിൽനിന്നിരുന്ന ‘പൂമ്പാറ്റ’, ‘ബാലരമ’ എന്നിവയോടൊപ്പമെത്താൻ ചുരുങ്ങിയ സമയംകൊണ്ട് ‘തത്തമ്മ’ക്ക് കഴിഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ചില പ്രസിദ്ധീകരണങ്ങളിൽ വരുന്ന ചിത്രകഥകൾ പലതും മലയാളത്തിലാക്കി കൊടുക്കാനുള്ള അനുമതി മറ്റു ബാലമാസികകൾ നേടിയിരുന്നു. ‘തത്തമ്മ’യിലാകട്ടെ ഗോപാലന്റെ ചിത്രങ്ങളാണ് നിറഞ്ഞുനിന്നത്. ഗോപാലൻ പറഞ്ഞതനുസരിച്ച് മറ്റൊരു ആർട്ടിസ്റ്റിനെ കൂടി സഹായത്തിനായി എടുത്തിരുന്നു.
മാസത്തിലൊന്ന് വീതം ഇറങ്ങിയിരുന്ന ‘തത്തമ്മ’ക്ക് രണ്ടു വയസ്സ് തികയുന്ന നേരമായപ്പോഴേക്കും പങ്കാളികൾക്കിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തു. താൻ മാസികയിൽ തുടരുന്നതിൽ മറ്റു രണ്ടുപേർക്കും താൽപര്യമില്ല എന്ന് ഗോപാലന് തോന്നിത്തുടങ്ങി. മാസികയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള ഗോപാലന്റെ ചില അന്വേഷണങ്ങളും ചോദ്യങ്ങളും ചിലപ്പോൾ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതാകാം കാരണം. ഒട്ടും താമസിച്ചില്ല, ഗോപാലൻ സ്ഥാപനത്തിന്റെ പടിയിറങ്ങി. ഗോപാലൻ വിട്ടുപോയതിനു ശേഷം പിന്നെ രണ്ടു ലക്കങ്ങൾകൂടി മാത്രമേ ‘തത്തമ്മ’ പുറത്തിറങ്ങിയുള്ളൂ. ഒരു മികച്ച ആർട്ടിസ്റ്റ് ഇല്ലാതിരുന്നത് തന്നെയായിരുന്നു പ്രധാന കാരണം.
ടൂറിസം ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഗോപാലന്റെ ഫ്ലോട്ട്
മാനസികമായി തൊട്ടടുത്തുനിൽക്കുന്ന സുഹൃത്തുക്കളുമായി ചേർന്ന് ഇത്തരം സംരംഭങ്ങളിലേർപ്പെടാൻ തുനിയരുത് എന്നതാണ് ഗോപാലൻ ഇതിൽനിന്ന് പഠിച്ച പ്രധാന പാഠം. പ്രത്യേകിച്ച് പണം ഒരു പ്രധാന ഘടകമായ ബിസിനസ് സംബന്ധമായ കാര്യങ്ങൾ.
‘തത്തമ്മ’ തുടങ്ങുന്ന സമയംതന്നെ ഗോപാലൻ മറ്റൊരു രംഗത്തേക്ക് കാലെടുത്തുവെച്ചിരുന്നു.1982ൽ, അന്ന് വ്യവസായ വകുപ്പിൽ കയർ സംബന്ധമായ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ -അയൽപക്കക്കാരനും കൂടിയായ എം.പി. പിള്ളയാണ് പെട്ടെന്ന് ഒരുദിവസം കണ്ടപ്പോൾ കയർകൊണ്ട് കലാപരമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഗോപാലനോട് ചോദിക്കുന്നത്. കൊൽക്കത്തയിൽവെച്ചു നടക്കുന്ന ഒരു അഖിലേന്ത്യാ വ്യവസായിക പ്രദർശനത്തിൽ കേരളത്തിന്റെ സ്റ്റാളിൽ പ്രദർശിപ്പിക്കാൻവേണ്ടിയാണ്. കയർ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന കലാസൃഷ്ടിയെക്കുറിച്ച് അപ്പോൾ ഒരാശയവും മനസ്സിൽ തോന്നിയില്ല.
എങ്കിലും ചെയ്യാമെന്നേറ്റു. പണ്ട് ബാലൻ മാഷിന്റെ കൂടെ ഹൈദരാബാദിൽ ചന്ദ്രികാ സോപ്പിന്റെ പവിലിയൻ ഒരുക്കാൻ പോയതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒന്നു പരീക്ഷിച്ചുനോക്കാൻ തന്നെ തീരുമാനിച്ചു. ആദ്യം പ്ലൈവുഡുകൊണ്ട് കേരളീയ വാസ്തു സമ്പ്രദായത്തിലുള്ള ഒരു കെട്ടിടത്തിന്റെ മാതൃകയുണ്ടാക്കി. പൂമുഖവും വരാന്തയും ഓട് പാകിയതുപോലെ തോന്നിക്കുന്ന എടുപ്പും മോന്തായവുമൊക്കെയുള്ള പരമ്പരാഗത മലയാളി ഗൃഹം. എന്നിട്ട് കയർമാറ്റുകൊണ്ട് ആസകലം പൊതിഞ്ഞു. അന്നൊക്കെ ആണിയടിച്ചുറപ്പിച്ചു വെക്കുകയായിരുന്നു. പിൽക്കാലത്ത് കയർ മാറ്റ് ഇളകിപ്പോകാതെ നന്നായി ഒട്ടിച്ചുവെക്കാനുള്ള പശ ലഭ്യമായി തുടങ്ങിയതോടെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി.
കൊൽക്കത്തയിലെ പ്രദർശനം വലിയ വിജയമായിരുന്നു. സ്റ്റാൾ സന്ദർശിക്കാനെത്തിയ അന്നത്തെ വ്യവസായ മന്ത്രി ഇ. അഹമ്മദ് കയർഗൃഹം കണ്ടിട്ട് ആകെ അതിശയിച്ചു നിന്നുപോയി. തുടർന്നുള്ള വർഷങ്ങളിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലായി നടന്ന പല ദേശീയ അന്തർദേശീയ പ്രദർശനങ്ങളിലൂടെ ഗോപാലന്റെ കലാസൃഷ്ടികൾ കേരളത്തിന്റെ യശ്ശസ്സുയർത്തി. ഗോപാലൻ കയർകൊണ്ടൊരുക്കിയ മഹാത്മാ ഗാന്ധിയുടേതുൾപ്പെടെ വിശിഷ്ട വ്യക്തികളുടെ മുഖങ്ങളും തെയ്യത്തിന്റെയും കഥകളിയുടെയും മറ്റും രൂപങ്ങളും അണിനിരന്ന പാനലുകൾ വ്യാപകമായ പ്രശംസ നേടി.
കയറിന്റെ നൂലു കോർത്തുണ്ടാക്കിയ ജടയുള്ള സിംഹവും കടുവയുമൊക്കെ വലിയ ആകർഷണങ്ങളായി. തിരുവനന്തപുരത്തെ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തപ്പോൾ അവിടത്തെ ചുവരിലേക്ക് വേണ്ടി ഗോപാലൻ 30 അടി പൊക്കത്തിലും 22 അടി വീതിയിലും കയർകൊണ്ട് തയാറാക്കിയ കേരളീയ കലകളുടെ ചുവർചിത്രമായിരുന്നു മുഖ്യ ആകർഷണം. തൃശൂർ ഗസ്റ്റ് ഹൗസിലെ ആനകളുടെ എഴുന്നള്ളിപ്പ്, തിരുവനന്തപുരം കോബാങ്ക് ടവേഴ്സിലും പങ്കജ് ഹോട്ടലിലും വെച്ച ചുവർ ചിത്രങ്ങൾ... ഇവയൊക്കെ ഖ്യാതി നേടി.
വിനോദസഞ്ചാര വകുപ്പിനു വേണ്ടിയും ഗോപാലൻ ധാരാളം പ്രദർശനങ്ങളൊരുക്കിയിട്ടുണ്ട്. ഗോപാലൻ വരച്ച ഇലസ്ട്രേഷനുകളുടെയെല്ലാം ആരാധകനായ കെ.ജയകുമാർ, നളിനി നെറ്റോ, സാജൻ പീറ്റർ തുടങ്ങിയവരൊക്കെ ടൂറിസം വകുപ്പിന്റെ ഡയറക്ടർമാരായിരുന്നപ്പോൾ വിനോദസഞ്ചാര വാരാഘോഷത്തിലെ ഘോഷയാത്രക്കുവേണ്ടി ഫ്ലോട്ടും കേരളത്തിന് പുറത്തു നടക്കുന്ന പ്രദർശനങ്ങളിലെ സ്റ്റാളുമൊക്കെ സജ്ജമാക്കാൻ ഗോപാലനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
1995ൽ ജോലിയിൽനിന്ന് വിരമിക്കുന്ന ദിവസംപോലും ഗോപാലൻ ഡൽഹിയിൽ ഒരു പ്രദർശനമൊരുക്കുന്ന തിരക്കിലായിരുന്നു. പിന്നീട് രാഷ്ട്രീയ ഇടപെടലുകൾ പലതുമുണ്ടായി. ഗോപാലനെ മനഃപൂർവം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽനിന്നുണ്ടായി. അതുവരെയേറ്റെടുത്ത ജോലികളൊക്കെ തീർത്തുകൊടുത്തുവെന്ന് സ്വയം ബോധ്യപ്പെട്ട ഒരുദിവസം എല്ലാമവസാനിപ്പിച്ചു. ഇതിനുവേണ്ടി വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ വർക്ക് ഷോപ്പ് പൊളിച്ചുകളഞ്ഞു. പകരം അവിടെയൊരു പൂന്തോട്ടമുണ്ടാക്കി.
‘ജനയുഗ’ത്തിലെ വര നിർത്തിയതിനുശേഷം ഭാരിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ വാഗ്ദാനംചെയ്തുകൊണ്ട് പല മുൻനിര പ്രസിദ്ധീകരണങ്ങളിൽനിന്നും ക്ഷണം വന്നു. അതെല്ലാം പറ്റിക്കൊണ്ട് അവർ ആവശ്യപ്പെടുന്നതനുസരിച്ച് തന്റെ സമയം മുഴുവൻ ഉഴിഞ്ഞുവെക്കാൻ ഗോപാലനൊരുക്കമായിരുന്നില്ല. അതുകൊണ്ട് എല്ലാ ഓഫറുകളും കൈയോടെ നിരസിച്ചു.
എന്നാൽ, ആവശ്യപ്പെടുന്ന പ്രസിദ്ധീകരണക്കാർക്കു വേണ്ടി വല്ലപ്പോഴുമൊക്കെ വരച്ചുകൊടുക്കാൻ ഗോപാലൻ തയാറായിരുന്നു. അങ്ങനെയാണ്, ചില വർഷങ്ങളിൽ ‘മലയാള മനോരമ’യുടെയും ‘മംഗള’ത്തിന്റെയും ‘ദീപിക’യുടെയും ഓണം വിശേഷാൽ പ്രതികൾക്കുവേണ്ടി വരച്ചത്. അക്കൂട്ടത്തിൽ ‘മനോരമ’യുടെ ഒരു വർഷത്തെ വിശേഷാൽ പ്രതിക്കുവേണ്ടി വരക്കുക മാത്രമല്ല,പരസ്യങ്ങളുടേതുൾപ്പെടെയുള്ള എല്ലാ പേജുകളും പൂർണമായും തയാറാക്കി അച്ചടിക്കാൻ കൊടുക്കുക എന്ന വെല്ലുവിളിയാണ് ധൈര്യപൂർവം ഏറ്റെടുത്ത് ഭംഗിയായി നിർവഹിച്ചത്.
‘മനോരമ’ക്കുവേണ്ടി അന്ന് ഗോപാലനെ വന്നു കണ്ട മണർകാട് മാത്യു, പണ്ടൊരു ദിവസം കൊല്ലത്ത് പോയപ്പോൾ കടപ്പാക്കടയിൽ ചെന്ന് ‘ജനയുഗം’ ഓഫിസിന്റെ ഗേറ്റിന്റെ മുകളിലൂടെ എത്തിനോക്കിയതും അവിടെയൊരിടത്ത് എന്തോ ജോലിയിൽ തിരക്കിട്ട് മുഴുകിയിരിക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി ആരോ ‘‘ആ ഇരിക്കുന്നതാണ് ആർട്ടിസ്റ്റ് ഗോപാലൻ’’ എന്നു പറഞ്ഞുകൊടുത്തതുമൊക്കെ ഓർമിച്ചു പറഞ്ഞു.
പ്രശസ്ത സാഹിത്യകാരൻ ജി. വിവേകാനന്ദൻ പത്രാധിപരായി കുറച്ചു ലക്കങ്ങൾ മാത്രമിറങ്ങിയ ‘സിമി’ എന്നൊരു പ്രസിദ്ധീകരണത്തിനുവേണ്ടിയും ഇടക്കു വരച്ചുകൊടുത്തു. ‘ജനയുഗം’ നാളുകൾതൊട്ട് അടുത്തു പരിചയമുണ്ടായിരുന്ന വിവേകാനന്ദൻ സാർ പറഞ്ഞാൽ ‘വയ്യ’ എന്നു പറയാനുള്ള മടികൊണ്ടായിരുന്നു അത്.
ഗോപാലൻ ഒരു കുടുംബസ്ഥനായതിനുശേഷം പഴയ സുഹൃത്തുക്കളെ പലരെയും കാണുന്നത് വല്ലപ്പോഴുമായിരുന്നു. വഴുതക്കാട് ഭാഗത്തുകൂടി സ്കൂട്ടറിൽ പോകുമ്പോൾ ചിലപ്പോഴൊക്കെ വഴിയിൽ പത്മരാജനെ കണ്ടുമുട്ടാറുണ്ടായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം പത്മരാജൻ അന്നാളുകളിൽ താമസിച്ചിരുന്ന പൂജപ്പുരയിലെ വാടക വീട്ടിൽ പോയിട്ടുമുണ്ട്. അപ്പോഴേക്കും പത്മരാജൻ സാമാന്യം തിരക്കുള്ള തിരക്കഥാകൃത്ത് എന്നനിലയിൽ സിനിമാരംഗത്ത് കാലുറപ്പിച്ചു കഴിഞ്ഞിരുന്നു. ഒരു സിനിമ സംവിധാനംചെയ്യാനുള്ള ഒരുക്കങ്ങളിലുമാണ്. ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ പത്മരാജൻ ഗോപാലനോട് ഒരു കാര്യത്തിൽ അഭിപ്രായം ചോദിച്ചു. സംവിധായകൻ എന്ന നിലയിൽ എങ്ങനെയുള്ള പടങ്ങളാണ് താൻ ഏറ്റെടുക്കേണ്ടത്? അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും മുന്നിൽ നിന്നു നയിക്കുന്ന ആർട്ട് സിനിമ വേണോ അതോ താൻ അപ്പോൾ തിരക്കഥയെഴുതിക്കൊണ്ടിരുന്നതുപോലെയുള്ള വാണിജ്യമൂല്യത്തിന് മുൻതൂക്കം നൽകുന്ന പടങ്ങളായിരിക്കണോ എന്നതിലായിരുന്നു പത്മരാജന് കൺഫ്യൂഷൻ. പരമാവധി പ്രേക്ഷകരെ ഉന്നംവെച്ചുകൊണ്ട്, അതേസമയം കലാമൂല്യമൊട്ടും കൈവിടാതെയെടുക്കുന്ന തരം സിനിമയോടായിരുന്നു ഗോപാലന്റെ ചായ്വ്.
‘‘പപ്പൂ, നിനക്ക് തീർച്ചയായും അത്തരമൊരു സിനിമയെടുക്കാൻ പറ്റുമെടേ, ഒരു സംശയവും വേണ്ട.’’
ചങ്ങാതിമാരുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന രാധാലക്ഷ്മിയും ഗോപാലന്റെ അഭിപ്രായത്തോട് യോജിച്ചു.
1979ലെ ‘ജനയുഗം’ ഓണം വിശേഷാൽ പ്രതിയുടെ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. പത്മരാജന്റെ ഒരു കഥ കൂടിയേ തീരൂ എന്ന് സ്പെഷലിന്റെ ചുമതലയുള്ള പാറക്കോടൻ ഗോപിനാഥൻ നായർക്ക് ഭയങ്കര നിർബന്ധം. രണ്ടുപേരും കൂടി നേരെ പൂജപ്പുരയിലുള്ള ഞവരയ്ക്കൽ വീട്ടിലേക്ക് ചെന്നു. അപ്പോൾ അവിടെ ഭരതനും മറ്റു ചിലരുമായി ചേർന്ന് പത്മരാജൻ തിരക്കുപിടിച്ച സിനിമാ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഗോപാലനെ പെട്ടെന്ന് കണ്ടപ്പോൾ പത്മരാജൻ ഒന്നതിശയിച്ചു. ഗോപാലൻ സംഗതി പറഞ്ഞു.
‘‘ഇത്തവണ ഓണപ്പതിപ്പിന് നീ ഒരു കഥയെഴുതി തന്ന് സഹായിച്ചേ പറ്റൂ.’’
പത്മരാജൻ അവരെ വീടിന്റെ മുകളിലത്തെ നിലയിലുള്ള വിശാലമായ പോർട്ടിക്കോയിൽ കൊണ്ടിരുത്തിയിട്ട് ‘‘ഇപ്പോൾ വരാ’’മെന്നു പറഞ്ഞ് എങ്ങോട്ടേക്കോ അപ്രത്യക്ഷനായി. അവിടെ കൊണ്ടുവെച്ച ചായയും ബിസ്കറ്റുമൊക്കെ കഴിച്ച്, പുറത്തുനിന്ന് വീശിയെത്തുന്ന സുഖകരമായ കാറ്റുംകൊണ്ട് അരമണിക്കൂറോളം അങ്ങനെയിരുന്നപ്പോൾ, പണ്ട് കഥ പ്രസിദ്ധീകരിക്കുന്ന കാര്യമെന്തായിയെന്ന് തിരക്കാനായി പത്മരാജൻ അന്ന് ഹോട്ടലിൽ വന്ന രംഗം ഗോപാലന്റെ മനസ്സിലേക്ക് ഓടിയെത്തി. അപ്പോൾ പത്മരാജൻ കൈയിൽ കുറച്ചു കടലാസു ഷീറ്റുകളുമായി അങ്ങോട്ടേക്ക് വന്നു.
‘‘ഞാൻ നേരത്തെ കുറച്ചെഴുതി വെച്ചിരുന്ന ഒരു സാധനമാ. തൽക്കാലം നീ ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ്’’ എന്നുപറഞ്ഞുകൊണ്ട് നിറയെ വെട്ടും തിരുത്തലും വരുത്തിയ ആ ഷീറ്റുകൾ ഗോപാലനെയേൽപിച്ചു. ആ വർഷത്തെ ‘ജനയുഗം’ ഓണപ്പതിപ്പിന്റെ ഹൈലൈറ്റുകളിലൊന്ന് പത്മരാജന്റെ ആ കഥയായിരുന്നു.
വർഷങ്ങൾക്കു ശേഷം മുതുകുളത്തെ ഞവരയ്ക്കൽ തറവാടിന്റെ തളത്തിൽ പുതപ്പിച്ചു കിടത്തിയിരിക്കുന്ന പത്മരാജന്റെ ചേതനയറ്റ ശരീരത്തിന്റെ അടുത്തുനിൽക്കുമ്പോൾ ഗോപാലന്റെ മനസ്സിൽ ഒരിക്കൽക്കൂടി ആ ദൃശ്യം കടന്നുവന്നു. കൊച്ചെലിവാലൻ മീശ വെച്ച ഒരു ചെറുപ്പക്കാരൻ അടുത്തുവന്നിരുന്ന് തന്റെ പാത്രത്തിൽനിന്ന് സ്വാതന്ത്ര്യത്തോടെ ദോശ മുറിച്ചുതിന്നുന്ന ആ രംഗം.
ആർട്ടിസ്റ്റ് ഗോപാലന്റെ കാലിഗ്രഫി
ഗോപാലൻ വരച്ച ആയിരക്കണക്കിന് ചിത്രങ്ങളെക്കുറിച്ച് പറഞ്ഞുപോകുമ്പോഴും ഒരിക്കലും വിട്ടുപോകാൻ പാടില്ലാത്ത, മറന്നുകളഞ്ഞാൽ മാപ്പർഹിക്കാത്ത ഒരു കാര്യമുണ്ട്. ഗോപാലൻ ഒരുക്കിയ അക്ഷരങ്ങളുടെ വൈവിധ്യപൂർണമായ അതിശയ ലോകമാണത്. ഇന്ന് നമ്മൾ ഗൗരവപൂർവം ചർച്ചചെയ്യുന്ന കാലിഗ്രഫിയെ പുതിയ ആകാശങ്ങളിലേക്ക് ഉയർത്തിയ, ഒരു ഭാവുകത്വ പരിണാമത്തിനു വിധേയമാക്കിയ ആദ്യത്തെ കലാകാരൻ എന്ന നിലയിൽ ചരിത്രം ഗോപാലനെ വേണ്ടുംവിധം അംഗീകരിച്ചിട്ടില്ല എന്നതാണ് സത്യം. മലയാള അക്ഷരങ്ങൾക്ക് ഇത്രത്തോളം സൗന്ദര്യവും ഗാംഭീര്യവുമുണ്ടെന്ന്, വ്യത്യസ്തമായ രൂപഭാവങ്ങൾ ഇഷ്ടംപോലെ എടുത്തണിയാനുള്ള വഴക്കവും സാധ്യതകളുമുണ്ടെന്ന് മലയാളികൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത പ്രതിഭയാണ് ഗോപാലൻ.‘ജനയുഗ’ത്തിന്റെയും ‘കുങ്കുമ’ത്തിന്റെയും ‘കേരളശബ്ദ’ത്തിന്റെയുമൊക്കെ താളുകളിലൂടെ ഗോപാലൻ അക്ഷരങ്ങളെ നൃത്തം ചെയ്യിക്കുകയായിരുന്നു.
ചിലപ്പോൾ വളഞ്ഞും പുളഞ്ഞും തരംഗമാലകൾ പോലെ, മറ്റു ചിലപ്പോൾ നേർരേഖകളായി, ഇനി ചിലപ്പോൾ വൃത്താകൃതിയിൽ... ഇങ്ങനെ പല രൂപങ്ങളിലും ഭാവങ്ങളിലും ഗോപാലന്റെ അക്ഷരങ്ങൾ വായനക്കാരന്റെ മുന്നിലേക്കെത്തി. കഥക്കും കവിതക്കും ലേഖനത്തിനുംവേണ്ടി തലക്കെട്ട് തയാറാക്കുമ്പോൾ വെവ്വേറെ ശൈലികൾ കൈക്കൊണ്ടു. കഥയുടെയും കവിതയുടെയും ആത്മാവ് താനെഴുതുന്ന തലക്കെട്ടുകളിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിച്ചു. അന്നത്തെ പരിമിതമായ സാഹചര്യങ്ങളിൽ കൈയിൽ കിട്ടിയിരുന്ന ബ്രഷും ക്രോക്വിൽ നിബ്ബുമൊക്കെ ഉപയോഗിച്ച് ഗോപാലൻ സൃഷ്ടിച്ച വൈവിധ്യവും വൈചിത്ര്യവുമാർന്ന ടൈറ്റിലുകൾ, ആ ചിത്രങ്ങളോടൊപ്പംതന്നെ അതിശയം പകരുന്നു.
ജീവിതത്തിലെ ചെറിയ, വലിയ നേട്ടങ്ങൾക്കും വിജയങ്ങൾക്കുമെല്ലാം ഉത്തരവാദിയായ ഒരാൾ ആരെന്നുള്ള ചോദ്യത്തിനുത്തരമായി ഗോപാലൻ അണച്ചുപിടിക്കുന്നത് ജീവിതപങ്കാളിയായ ബീനയെയാണ്. ഇലസ്ട്രേഷൻ ചെയ്യാനായി വീട്ടിൽ കൊണ്ടുവരുന്ന കഥയും നോവലുമെല്ലാം ആദ്യം വായിക്കുന്നത് ബീനയായിരുന്നു. അതു മാത്രമല്ല വായിച്ച കാര്യങ്ങളിൽ വരസാധ്യതയുണ്ടെന്ന് തോന്നിച്ച സന്ദർഭങ്ങളെക്കുറിച്ച് ഗോപാലനോട് പറയുകയും ചെയ്യും. വരക്കുമ്പോഴും പേജുകളൊരുക്കുമ്പോഴും ഉറങ്ങാതെ കൂടെയിരുന്ന് ആർട്ട് പൂൾ മുറിച്ച് പശ തേച്ചുകൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിക്കുന്നതുമൊക്കെ ബീന സ്വമേധയാ ഏറ്റെടുത്ത ജോലികളായിരുന്നു. തന്റെ ഒരിക്കലും തിരക്കൊഴിയാത്ത, ഒരു ‘ചൊല്ലും വിളിയു’മില്ലാത്ത ജീവിതത്തിന് അടുക്കുംചിട്ടയുമുണ്ടായത് ബീനയുടെ വരവിനു ശേഷമാണെന്ന് ഗോപാലൻ പറയും.
മകൻ വേണുഗോപാലിന് ജന്മസിദ്ധമായി കിട്ടിയതാണ് വര. വേണു ചെറുപ്പം മുതൽക്കേ വരക്കുമെന്നറിയാമെങ്കിലും പ്രോത്സാഹിപ്പിക്കാനായി ഗോപാലൻ കാര്യമായൊന്നും ചെയ്തില്ല. പ്രീഡിഗ്രി ജയിച്ച് കഴിഞ്ഞ് ഇനിയെന്ത് എന്നാലോചിക്കുന്ന സമയത്ത് ജി. വിവേകാനന്ദനാണ് ഗോപാലനോട് പറയുന്നത്: ‘‘എടോ അവനെ ബറോഡയിൽ അയക്ക്. ശ്രീയും അവിടെയുണ്ടല്ലോ.’’ വിവേകാനന്ദന്റെ ഇളയമകൻ ശ്രീകുമാർ (ഇപ്പോൾ ബോംബെ ഐ.ഐ.ടിയിൽ ഇൻഡസ്ട്രിയൽ ഡിസൈൻ സെന്ററിലെ പ്രഫസർ) അന്ന് ബറോഡയിലെ എം.എസ് യൂനിവേഴ്സിറ്റിയിൽ അവസാന വർഷ ബി.എഫ്.എ വിദ്യാർഥിയാണ്.
വിവേകാനന്ദൻ സാറ് തന്നെ ശ്രീകുമാർ വഴി അപേക്ഷയൊക്കെ വരുത്തിക്കൊടുത്തു. ബാച്ലർ ഓഫ് ഫൈൻ ആർട്സിന്റെ പ്രവേശന പരീക്ഷയെഴുതിയ മലയാളികളിൽ വേണുഗോപാൽ മാത്രമേ അക്കൊല്ലം തിരഞ്ഞെടുക്കപ്പെട്ടുള്ളൂ.പഠിത്തം കഴിഞ്ഞ് വേണു നേരെ മുംബൈയിലേക്ക് പോയി ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ കാരിക്കേച്ചറിസ്റ്റ് ആൻഡ് ഡിസൈനർ എന്ന തസ്തികയിൽ കുറച്ചുനാൾ ജോലിചെയ്തു. ഇതിനിടയിൽ ഒരു വർഷം 1994ൽ ‘ജനയുഗം’ വിശേഷാൽ പ്രതിയുടെ ജോലികളിൽ അച്ഛനെ സഹായിച്ചു.
ഇടക്കു കുറച്ചുനാൾ ടൂൺസ് ആനിമേഷനിൽ ആനിമേറ്റർ ജോലി ചെയ്ത വേണു പിന്നീട് ബംഗളൂരുവിലേക്ക് പോയി കൂട്ടുകാരുമൊത്ത് ഫൈറ്റേഴ്സ് എന്നൊരു ആനിമേഷൻ ഫിലിം ചെയ്തു. അൽപം വൈകിയാണെങ്കിലും വേണുഗോപാലിന്റെ പ്രതിഭ ബോളിവുഡ് തിരിച്ചറിയാൻ നിമിത്തമായത് ആ ചിത്രമാണ്. 2024ലെ ഗംഭീര വിജയമായിത്തീർന്ന ‘കൽക്കി’എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സ്റ്റോറി ബോർഡ് തയാറാക്കിയത് വേണുഗോപാലാണ്. ചിത്രത്തിനുവേണ്ടി വേണുഗോപാൽ ഡിസൈൻ ചെയ്ത സവിശേഷമായ ബുജ്ജി എന്ന എ.ഐ കാർ കൽക്കി എന്ന പടത്തിനോടൊപ്പംതന്നെ സൂപ്പർഹിറ്റായി.
ഗോപാലന്റെ മകൾ ബി.എഡുകാരിയായ ഗോപിക അധ്യാപികയായി കുറച്ചുനാൾ ജോലിചെയ്തെങ്കിലും സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിച്ചുകൊണ്ട് പിന്നീട് ചുവടുമാറ്റംനടത്തി. തിരുവനന്തപുരത്തെ വൈ.എം.ആർ ജങ്ഷനിൽ മെയ്സീ (Maisie) എന്ന ഒരു ബൂട്ടീക് ഷോപ് നടത്തുകയാണ് ഗോപിക.
ഗോപികയെ വിവാഹംചെയ്ത അജിത്, ദക്ഷിണാഫ്രിക്കയിലുള്ള ഐവറികോസ്റ്റിൽ ഫ്ലോട്ടിങ് പ്രൊഡക്ഷൻ സ്റ്റോറേജ് ആൻഡ് ഓഫ് ലോഡിങ് (FPSO) ഷിപ്പിൽ ഉന്നത പദവി വഹിക്കുന്നു. ബംഗളൂരുവിൽ സി.എക്ക് പഠിക്കുന്ന ലാവണ്യയും സ്കൂൾ വിദ്യാർഥിയായ നിതിനുമാണ് അവരുടെ മക്കൾ.
വേണുഗോപാലിന്റെ ജീവിതപങ്കാളിയായ ഗീതാ ലക്ഷ്മിയാണ് ഗോപാലന്റെ കുടുംബത്തിലെ ചാലകശക്തി. കലാസപര്യയുടെ നല്ലൊരു ആസ്വാദക കൂടിയാണ് ഗീത. എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് കോഴ്സ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച ഗൗരിയും ഫാഷൻ ഡിസൈനർ ആകാൻ തയാറെടുക്കുന്ന ശിവയുമാണ് മക്കൾ. കൊച്ചുമക്കൾ എല്ലാവരും കലാാസനയുള്ളവരാണ്. കൂട്ടത്തിൽ വരയുടെ വഴിയിൽ പ്രതിഭ തെളിയിച്ചത് ശിവയാണ്.
ഗോപാലൻ കൊച്ചുകുട്ടിയായിരുന്നപ്പോൾ മധ്യ തിരുവിതാംകൂർ ഭാഗത്തെ സംഗീത നാടകസമിതികൾക്ക് വേണ്ടി പിൻകർട്ടനുകളിൽ തികഞ്ഞ യാഥാർഥ്യ പ്രതീതിയോടെ കാടും മലയും പൂങ്കാവനവും വെള്ളച്ചാട്ടവുമൊക്കെ വരച്ച് പേരെടുത്ത രണ്ടുപേർ ഉണ്ടായിരുന്നു. എം.ഐ. ഗോപാൽ, എം.ഐ. വേലു. ഗോപാലന്റെ അമ്മയുടെ അമ്മാവന്മാരായിരുന്നു അവർ. അമ്മ വഴിയിലുള്ള കലയുടെ പാരമ്പര്യം ഇന്നു തുടർന്നുകൊണ്ടുപോകുന്നത് ഗോപാലന്റെ സഹോദരിയുടെ മകനായ ഷാനവാസാണ്. തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈൻ ആർട്സിൽനിന്ന് അധ്യാപകനായി വിരമിച്ച ഷാനവാസ് ചവറ അമ്മാവനെപ്പോലെ രേഖാചിത്രകലയിലാണ് പ്രാവീണ്യം പ്രകടിപ്പിക്കുന്നത്.
ഗോപാലൻ ബാൾപെൻകൊണ്ട് വരച്ച കാമ്പിശ്ശേരിയുടെ ചിത്രം. ഇതാണ് ഗോപാലൻ ഏറ്റവും ഒടുവിൽ വരച്ചത്,ആർട്ടിസ്റ്റ് ഗോപാലനൊപ്പം ബൈജു ചന്ദ്രൻ ഫോട്ടോ: പി.ബി. ബിജു
1990കളുടെ അവസാനമായപ്പോഴേക്കും ഇലസ്ട്രേഷൻ പൂർണമായി അവസാനിപ്പിച്ച ഗോപാലൻ പിന്നീട് ഒരു ചിത്രം വരക്കുന്നത് ഒരുപാട് വർഷങ്ങൾക്കു ശേഷമാണ്. കെ. ബാലകൃഷ്ണന്റെ അനന്തരവനായ ഹാഷിം രാജൻ പ്രസിദ്ധീകരിക്കുന്ന കൗമുദിയുടെ കാമ്പിശ്ശേരിയെക്കുറിച്ചുള്ള പതിപ്പിന്റെ മുഖചിത്രമായി ഒരു സ്കെച്ച് ചെയ്തുകൊടുക്കണമെന്ന് അഭ്യർഥിച്ചു. പറ്റില്ലെന്ന് ഗോപാലൻ അപ്പോൾതന്നെ പറഞ്ഞൊഴിഞ്ഞു. പക്ഷേ, അപേക്ഷയും നിർബന്ധവുമായി ഹാഷിം നിരന്തരം ‘ശല്യപ്പെടുത്തി’യപ്പോൾ ഗോപാലൻ ഒരിക്കൽകൂടി വരക്കാൻ തയാറായി. ഇന്ത്യൻ ഇങ്കും നിബ്ബും ഒന്നുമുണ്ടായിരുന്നില്ല. കൈയിൽ കിട്ടിയ ഒരു ബാൾപെൻകൊണ്ടാണ് ആ പടം വരച്ചുതീർത്തത്. അങ്ങനെ ഗോപാലൻ ഏറ്റവും ഒടുവിൽ വരച്ച ചിത്രം ജീവിതത്തിൽ മറ്റാരേക്കാളും താൻ വിലമതിക്കുന്ന ആ വലിയ മനുഷ്യന്റേതായി...
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഗോപാലൻ ജീവിതത്തിന്റെ തിരക്കുകളിൽനിന്നെല്ലാം ഉൾവലിഞ്ഞ് വീടിന്റെ സ്വച്ഛതയും സ്വസ്ഥതയും ആവോളം ആസ്വദിച്ച് ഒതുങ്ങിക്കഴിയുകയാണ്. ആ വരയെ ആരാധിച്ചിരുന്ന ചിലരൊക്കെ തിരുവനന്തപുരത്ത് പേരൂർക്കടയിലുള്ള ‘പ്രശാന്തി’ എന്ന വീട് തേടിപ്പിടിച്ചു ചെല്ലുന്നതൊഴിച്ചാൽ ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുള്ള കാര്യം ഓർമയുള്ളവർ ചുരുക്കം.
അർഹരായവർക്ക് മാത്രമല്ല ഒരു യോഗ്യതയുമില്ലാത്ത എത്രയോ പേർക്കുപോലും വാരിക്കോരി പുരസ്കാരങ്ങൾ സമ്മാനിക്കുന്ന സർക്കാറും അക്കാദമിയും മറ്റു കലാ സംഘടനകളുമൊക്കെ അങ്ങനെ സ്മൃതിനാശം സംഭവിച്ചവരുടെ കൂട്ടത്തിലുണ്ട്. ഏതെങ്കിലും അവാർഡോ അംഗീകാരമോ ഗോപാലൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നത് മറ്റൊരു കാര്യം. ആരോടും ഒരു പരാതിയുമില്ല.പരിഭവവുമില്ല അക്കാര്യത്തിൽ. പൊതുവേദിയിൽ കൊണ്ടുചെന്നിരുത്തി ആദരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു ചെല്ലുന്നവരോട് വിനീതമായും ചിലപ്പോൾ പരുഷമായും പറഞ്ഞൊഴിയുന്നതിന് ഇതെഴുതുന്നയാൾതന്നെ എത്രയോ തവണ സാക്ഷിയായിരിക്കുന്നു! പക്ഷേ, ഗോപാലന്റെ ഈ വിമുഖതയും നിസ്സംഗതയും താൽപര്യമില്ലായ്മയുമൊന്നും മറ്റുള്ളവരുടെ അക്ഷന്തവ്യമായ മറവിക്കുള്ള ന്യായീകരണമാകുന്നില്ലല്ലോ.
2024 മാർച്ചിൽ 84 വയസ്സു പൂർത്തിയായ ആർട്ടിസ്റ്റ് ഗോപാലനെ സംബന്ധിച്ചിടത്തോളം പണ്ടു താൻ വരച്ച ചിത്രങ്ങളും ഒരിക്കലും തിരിച്ചുവരാത്ത അന്നത്തെ ആ നിറപ്പകിട്ടാർന്ന നാളുകളെക്കുറിച്ചുള്ള ഓർമകളുമാണ് സർവസ്വവും. ആ ഓർമകളുടെ ഘോഷയാത്രയിൽ ലയിച്ച്, അവ പകരുന്ന ധന്യതയേറ്റുവാങ്ങി പ്രശാന്തിയുടെ മുറ്റത്ത് ഗോപാലൻ ഉലാത്തുന്നു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.