മലയാറ്റൂർ വയലാർ നസീർ

സിനിമക്കുവേണ്ടി എഴുതാൻ ഒ.എൻ.വി. കുറുപ്പിനും മലയാറ്റൂർ രാമകൃഷ്ണനും സർക്കാർ അനുമതി നൽകിയത് ആയിടെയാണ്. ‘‘ഓഫീസ് ജോലിക്ക് ഒരു തടസ്സവും വരുത്താതെ ശ്രദ്ധിച്ചുകൊള്ളാം. സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കണം’’ എന്ന് അപേക്ഷിച്ച്​ ഗോപാലൻ എഴുതിക്കൊടുത്തു -ആർട്ടിസ്​റ്റ്​ ഗോപാല​ന്റെ ജീവിതകഥ തുടരുന്നു.അന്നൊരു ദിവസം സന്ധ്യകഴിഞ്ഞ നേരത്ത് ഗോപാലൻ പതിവുപോലെ പുളിമൂട്ടിലുള്ള പ്രി​ന്റേഴ്‌സ് ബ്ലോക്‌സിൽ, അതി​ന്റെ ഉടമസ്ഥനും അടുത്ത ചങ്ങാതിയുമായ മോഹ​ന്റെ മുറിയിൽ ചെന്നിരിക്കുകയായിരുന്നു. അപ്പോൾ അങ്ങോട്ടേക്ക് വെളുത്ത പാന്റ്സും ഷർട്ടും ധരിച്ച, തലയെടുപ്പുള്ള സുമുഖനായ ഒരാൾ കയറി വന്നു. മോഹൻ...

സിനിമക്കുവേണ്ടി എഴുതാൻ ഒ.എൻ.വി. കുറുപ്പിനും മലയാറ്റൂർ രാമകൃഷ്ണനും സർക്കാർ അനുമതി നൽകിയത് ആയിടെയാണ്. ‘‘ഓഫീസ് ജോലിക്ക് ഒരു തടസ്സവും വരുത്താതെ ശ്രദ്ധിച്ചുകൊള്ളാം. സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കണം’’ എന്ന് അപേക്ഷിച്ച്​ ഗോപാലൻ എഴുതിക്കൊടുത്തു -ആർട്ടിസ്​റ്റ്​ ഗോപാല​ന്റെ ജീവിതകഥ തുടരുന്നു.

അന്നൊരു ദിവസം സന്ധ്യകഴിഞ്ഞ നേരത്ത് ഗോപാലൻ പതിവുപോലെ പുളിമൂട്ടിലുള്ള പ്രി​ന്റേഴ്‌സ് ബ്ലോക്‌സിൽ, അതി​ന്റെ ഉടമസ്ഥനും അടുത്ത ചങ്ങാതിയുമായ മോഹ​ന്റെ മുറിയിൽ ചെന്നിരിക്കുകയായിരുന്നു. അപ്പോൾ അങ്ങോട്ടേക്ക് വെളുത്ത പാന്റ്സും ഷർട്ടും ധരിച്ച, തലയെടുപ്പുള്ള സുമുഖനായ ഒരാൾ കയറി വന്നു. മോഹൻ പെട്ടെന്ന് ബഹുമാനത്തോടെ ചാടിയെഴുന്നേറ്റ് ആളെ സ്വീകരിച്ചിരുത്തി. തൊട്ടുപിന്നാലെ ‘‘ഇതാണ് ഗോപാലൻ’’ എന്നു പരിചയപ്പെടുത്തുകയുംചെയ്തു. വന്നയാൾ പ്രത്യേകിച്ച് മുഖവുരയൊന്നും കൂടാതെ പറഞ്ഞു തുടങ്ങി:

‘‘മറ്റന്നാളാണ് ഫിലിം അവാർഡി​ന്റെ ഫങ്ഷൻ. അവാർഡ് കിട്ടിയവർക്ക് കൊടുക്കാനായി കേരള സർക്കാർ മുദ്രയൊക്കെ വെച്ച് ഗോപാലൻ ഒരു സർട്ടിഫിക്കറ്റ് തയാറാക്കണം. ഇപ്പോൾ സമയം എട്ടുമണിയായി. നാളെ രാവിലെ എട്ടുമണിക്ക് തന്നെ എനിക്കത് കിട്ടണം.’’

ഗോപാലന് ആ പറച്ചിലിൽ മുഴച്ചുനിന്ന ആജ്ഞയുടെ സ്വരവും പറഞ്ഞ രീതിയുമൊന്നും ഇഷ്ടമായില്ല. മാത്രമല്ല, അത്രത്തോളം പ്രധാനപ്പെട്ട ഒരു സർക്കാർ പരിപാടിയെ ഇങ്ങനെ ലാഘവത്തോടെ കൈകാര്യം ചെയ്തതാണ് തീരെ ദഹിക്കാതെ പോയത്. എടുത്തടിച്ചതുപോലെ മറുപടി പറഞ്ഞു: ‘‘എനിക്ക് പറ്റില്ല.’’

അത്രയും പറഞ്ഞിട്ട് കൂടുതൽ സംഭാഷണത്തിനൊന്നും ചെവികൊടുക്കാൻ നിൽക്കാതെ അപ്പോൾത്തന്നെ ഇറങ്ങിപ്പോകുകയുംചെയ്തു. കുറച്ചുനേരം പുറത്ത് എവിടെയൊക്കെയോ ചുറ്റിയടിച്ചശേഷം പ്രിന്റേഴ്‌സ് ബ്ലോക്സിലേക്ക് മടങ്ങിച്ചെന്നപ്പോൾ മോഹൻ ആകെ ചൂടായി നിൽക്കുന്നു:

‘‘നീയെന്തു പരിപാടിയാ കാണിച്ചത്? അതാരാണെന്ന് നിനക്കറിയാമോ? ഐ.എ.എസ് ഓഫിസറും വലിയ എഴുത്തുകാരനുമൊക്കെയായ മലയാറ്റൂർ രാമകൃഷ്ണനാണ്. നിന്നെക്കണ്ട് ഇക്കാര്യം പറയാൻവേണ്ടി മാത്രം ഇവിടെ വന്നതാണ്.’’

1970ലാണ് സംസ്ഥാന സർക്കാർ ആദ്യമായി ചലച്ചിത്രങ്ങൾക്ക് പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. അന്ന് വ്യവസായ വകുപ്പി​ന്റെ കീഴിലായിരുന്നു സിനിമാ അവാർഡ് പ്രഖ്യാപനവും വിതരണവുമൊക്കെ. ചലച്ചിത്രരംഗവുമായി അടുത്തബന്ധം പുലർത്തുന്ന എഴുത്തുകാരൻകൂടിയായതുകൊണ്ട് ആ മേഖലയെ സംബന്ധിച്ച കാര്യങ്ങളൊക്കെ മലയാറ്റൂരിനെയാണ് മുഖ്യമന്ത്രി അച്യുത മേനോനും വ്യവസായ മന്ത്രി എൻ.ഇ. ബാലറാമും ഏൽപിച്ചിരുന്നത്.

 

മോഹൻ പറഞ്ഞതു കേട്ടപ്പോൾ ഗോപാലനും ഒന്നു വല്ലാതെയായി. മലയാറ്റൂരി​ന്റെ എത്രയോ കഥകൾക്കുവേണ്ടി വരച്ചിട്ടുണ്ട്! മലയാറ്റൂർ ആലുവായിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസി​ന്റെ മേധാവിയായിരിക്കുന്ന അവസരത്തിൽ ഓണം വിശേഷാൽ പ്രതിക്ക് കഥ വാങ്ങിക്കാൻ ചെല്ലുന്ന വിതുര ബേബിയോട് പറയാറുള്ള കാര്യം ബേബി വന്നു പറഞ്ഞിട്ടുണ്ട്: ‘‘നിങ്ങളുടെ ആ ഗോപാലൻ വരക്കുമെന്ന ഒറ്റക്കാര്യംകൊണ്ടു തന്നെ ‘ജനയുഗ’ത്തിനുവേണ്ടി കഥയെഴുതാൻ ഒരു പ്രത്യേക എനർജിയാണ്.’’

മലയാറ്റൂർ വന്ന് ആവശ്യപ്പെട്ട കാര്യം ഗോപാലന് നിഷ്പ്രയാസം ചെയ്തുകൊടുക്കാവുന്ന ഒന്നായിരുന്നു. പക്ഷേ, ആ പറഞ്ഞതിലെ അധികാരഭാവം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഗോപാലൻ അങ്ങനെ പ്രതികരിച്ചത്. ങാ, പോട്ടെ. നടന്നത് നടന്നു. ആ പ്രാവശ്യം പ്രശസ്തിപത്രവും സർട്ടിഫിക്കറ്റുമൊക്കെ മറ്റാരോ ആണ് ചെയ്തുകൊടുത്തത്. ഗോപാലന് അതിൽ വലിയ നഷ്ടബോധമൊന്നും തോന്നിയില്ല. അടുത്ത വർഷത്തെ അവാർഡ് ദാനച്ചടങ്ങും സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചുതന്നെയാണ് നടന്നത്.

ഒരു ദിവസം രാവിലെ നോക്കുമ്പോഴുണ്ട്, പബ്ലിക് റിലേഷൻസ് വകുപ്പി​ന്റെ ഡയറക്ടറായ പുരുഷോത്തമൻ താമസസ്ഥലത്തേക്ക് കയറിവരുന്നു. കാര്യം പഴയതുതന്നെ. സർട്ടിഫിക്കറ്റിന് പുറമേ ഒരു ബ്രോഷറും കൂടി ഡിസൈൻ ചെയ്തുകൊടുക്കണം. ഇതൊക്കെ പറഞ്ഞുകഴിഞ്ഞ് പുരുഷോത്തമൻ ഒരുകാര്യം കൂടി അറിയിച്ചു. ഗോപാലനെക്കൊണ്ടുതന്നെ ഇതു ചെയ്യിപ്പിക്കണമെന്ന് തന്നെ പ്രത്യേകം പറഞ്ഞേൽപിച്ചത്, അന്ന് മറ്റേതോ വകുപ്പി​ന്റെ ചുമതലക്കാരനായ മലയാറ്റൂരാണ്. ഗോപാലൻ സന്തോഷത്തോടെ കാര്യമേറ്റു. കിട്ടിയ തീരെ ചുരുങ്ങിയ സമയംകൊണ്ട് ഭംഗിയായി ചെയ്തുകൊടുക്കുകയും ചെയ്തു.

ആ നാളുകളിൽ, 1971-72 കാലത്ത് മലയാറ്റൂർ എഴുതുന്ന ഒരു നോവലിനുവേണ്ടി ഗോപാലൻ വരക്കുന്നുണ്ടായിരുന്നു. ഒരു സിനിമാ സംവിധായക​ന്റെയും അയാൾ രംഗത്ത് കൊണ്ടുവരുന്ന നായികയുടെയും ജീവിതങ്ങൾ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തെ അണിയറക്കഥകൾ പ്രതിപാദിക്കുന്ന ‘അഭ്രം’ എന്ന നോവൽ കൊല്ലത്ത് നിന്നിറങ്ങുന്ന ‘മലയാളനാട്’ വാരികയിലാണ് വന്നുകൊണ്ടിരുന്നത്. വായനക്കാരെ ത്രസിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന മസാലക്കൂട്ടുകൾ ധാരാളമുണ്ടായിരുന്ന നോവലിനുവേണ്ടി ഗോപാലൻ വരച്ച ചിത്രങ്ങളിലും ‘സെക്സ് അപ്പീൽ’ അൽപം കൂടുതൽ ദൃശ്യമായിരുന്നു. ആയിടെ ഒരുദിവസം കാമ്പിശ്ശേരി ഗോപാലനോട് ഒരു കാര്യം പറഞ്ഞു: ‘‘എടോ മലയാറ്റൂര് പറയുന്നത് ഇയാളുടെ വരയ്ക്കേ ഒരു... ഒരു ത്രീ ഡൈമെൻഷൻ എഫക്റ്റ് ഉണ്ടെന്നാ. അതെന്താടോ അങ്ങനെ?’’ ഗോപാലൻ വെറുതെ ചിരിച്ചതേയുള്ളൂ.

1969ൽ കൊല്ലത്തുനിന്ന് കശുവണ്ടി വ്യവസായിയായ എസ്.കെ. നായർ ആരംഭിച്ച ‘മലയാള നാട്’ വാരികയുടെ ടൈറ്റിൽ ഡിസൈൻ ചെയ്തത് ഗോപാലനായിരുന്നു. എസ്.കെ. നായരുടെ നിർദേശമനുസരിച്ച് ഒരുദിവസം വി.ബി.സി. നായർ ഗോപാല​ന്റെ താമസസ്ഥലത്ത് വന്നു. ‘കുങ്കുമം’ വാരികപോലെ ഡമ്മി 1/8 സൈസിൽ ഇറക്കുന്ന വാരികക്ക് ആകർഷകമായ ഒരു ടൈറ്റിൽ വേണം. എസ്.കെ. നായരുടെ മനസ്സിലുള്ള ആശയവും പറഞ്ഞു. വാരികയുടെ പേര് കാണുമ്പോൾത്തന്നെ വായനക്കാരുടെ മനസ്സിൽ ഒരു കുളിർമ തോന്നണം. അക്ഷരങ്ങളുടെ മുകളിൽ മഞ്ഞിൻ കണികകൾ വീണുകിടക്കുന്നതുപോലെ തോന്നിക്കുന്ന ഒരു ടൈറ്റിലാണ് ഗോപാലൻ വരച്ചുകൊടുത്തത്. എസ്.കെ. നായർക്ക് ഇഷ്‌ടമാകുകയും ചെയ്തു. വി.ബി.സി. നായരുടെ കൈയിൽ കൊടുത്തയച്ച രണ്ട് കുപ്പി ബിയർ കൂടാതെ ആയിടെ ഇറങ്ങിയ പുത്തൻ നൂറുരൂപാ നോട്ടുകൾ മൂന്നെണ്ണമായിരുന്നു പ്രതിഫലം.

 

ആർട്ടിസ്റ്റ് ശങ്കരൻകുട്ടിയും സി.എൻ. കരുണാകരനുമൊക്കെയാണ് ആദ്യനാളുകളിൽ ‘മലയാളനാടി’ൽ വരച്ചത്. 1970ൽ ഇറങ്ങിയ ആദ്യ വിശേഷാൽ പ്രതിയിലെ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ദേവനും എ.എസും നമ്പൂതിരിയും ജയപാലപ്പണിക്കരുമൊക്കെ ഉണ്ടായിരുന്നു. ‘അഭ്രം’ പ്രസിദ്ധീകരിച്ചു തുടങ്ങുന്നതിന് തൊട്ടുമുമ്പ് എസ്.കെ. നായർ ഗോപാലനെ കൊല്ലത്തേക്ക് വിളിപ്പിച്ചു. നോവലിന് വരക്കണമെന്ന് പറയാനായിരുന്നു അത്. കാമ്പിശ്ശേരിയുടെ അനുമതിയോടെ ഗോപാലൻ വരയേറ്റെടുത്തപ്പോൾ എസ്.കെ. നായർ ആരോടോ പറഞ്ഞുവെന്ന് അറിഞ്ഞു, ‘‘അങ്ങനെ ഒടുക്കം മല മുഹമ്മദി​ന്റെയടുത്ത് വന്നു.’’

എസ്.കെ. നായരുടെ കൊല്ലത്തെ സ്റ്റാർ ഹോട്ടലായ നീലാ ഹോട്ടലിലിരുന്നാണ് വരച്ചത്. അവിടത്തെ റസ്റ്റാറന്റിൽനിന്നുതന്നെ തീനും കുടിയും. ഹോട്ടൽ ബിൽ തീർത്തുകഴിഞ്ഞപ്പോൾ പ്രതിഫലത്തിൽ കാര്യമായിട്ട് ഒന്നുമവശേഷിച്ചിരുന്നില്ല എന്നുമാത്രം.

അൽപനാളുകൾ കഴിഞ്ഞ് പ്രസിദ്ധീകരണമാരംഭിച്ച മറ്റൊരു വാരികയുടെ ടൈറ്റിലും വരക്കാൻ നിയുക്തനായത് ഗോപാലനാണ്. 1973ൽ വൈക്കം ചന്ദ്രശേഖരൻ നായർ ‘കുങ്കുമ’ത്തി​ന്റെ പത്രാധിപ സ്ഥാനമൊഴിഞ്ഞ് പുതിയൊരു പ്രസിദ്ധീകരണത്തി​ന്റെ പത്രാധിപസ്ഥാനമേറ്റെടുത്തു. സീഫുഡ് ചെറിയാൻ എന്നറിയപ്പെടുന്ന കൊച്ചിയിലെ വ്യവസായി സി. ചെറിയാൻ ആരംഭിച്ച സാംസ്കാരിക വാരികക്ക് ‘ചിത്രകാർത്തിക’ എന്നാണ് പേരിട്ടത്. വൈക്കത്തിനുവേണ്ടി വരച്ചുകൊടുക്കണമെന്ന് ഗോപാലനോട് പറഞ്ഞത് കാമ്പിശ്ശേരിയാണ്.

പണ്ടത്തെ വഴക്കി​ന്റെ കാലുഷ്യമെല്ലാം മറന്ന് ഗോപാലൻ സന്തോഷത്തോടെ തന്നെ അതു ചെയ്തുകൊടുത്തു. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപത്തുള്ള ഓഫിസിൽനിന്ന് ചിത്രകാർത്തികയുടെ ആസ്ഥാനം ഫോർട്ട് കൊച്ചിയിലേക്ക് മാറി കുറച്ചു നാളുകൾ കഴിഞ്ഞ് വൈക്കം വീണ്ടും ഗോപാലനുമായി ബന്ധപ്പെട്ടു. ഇത്തവണ ഒരു നോവലിനുവേണ്ടി വരക്കാനായിരുന്നു. ‘‘ചെയ്തുകൊടുത്തേക്കെടോ’’ എന്ന് പതിവുരീതിയിൽ കാമ്പിശ്ശേരിയും പറഞ്ഞു.

സാധാരണപോലെ ഒരു നോവൽ എന്നു വിചാരിച്ചാണ് തുടങ്ങിയതെങ്കിലും വരച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ സംഗതി വളർന്നങ്ങ് സെൻസേഷനലായി. വി.ടി. നന്ദകുമാർ എഴുതിയ ‘രണ്ടു പെൺകുട്ടികൾ’ എന്ന ആ നോവൽ ഗിരിജ, കോകില എന്നീ രണ്ടു കോളജ് കുമാരിമാരുടെ സ്വവർഗാനുരാഗം പ്രമേയമാക്കിക്കൊണ്ടുള്ളതായിരുന്നു. രൂപഭാവങ്ങൾകൊണ്ടും സ്വഭാവത്തി​ന്റെ സവിശേഷതകൾകൊണ്ടുമെല്ലാം തീർത്തും വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളെയും വായനക്കാരുടെ മനസ്സി​ന്റെ ഉള്ളിൽ കുടിയേറാൻ സഹായകമാകുന്ന തരത്തിൽ വളരെ സൂക്ഷ്മതയോടെയാണ് ഗോപാലൻ വരച്ചത്. ‘ചിത്രകാർത്തിക’യുടെ സർക്കുലേഷൻ ഉയർത്തുന്നതിൽ നന്ദകുമാറി​ന്റെ എഴുത്തിനെപ്പോലെ തന്നെ നിർണായക ഘടകമായിരുന്നു ഗോപാല​ന്റെ ചിത്രീകരണവും.

‘ജനയുഗ’ത്തിൽ അപ്പോഴേക്കും ഒരു തലമുറമാറ്റം സംഭവിച്ചു കഴിഞ്ഞിരുന്നു. പത്രാധിപ സമിതിയിലുണ്ടായിരുന്ന മുതിർന്ന പാർട്ടി നേതാക്കളെല്ലാം മറ്റു പാർട്ടി ചുമതലകളേറ്റെടുത്ത് ‘ജനയുഗം’ വിട്ടു. കാമ്പിശ്ശേരി മാനേജിങ് എഡിറ്ററും പാർട്ടിയുടെ സീനിയർ നേതാവ് സി. ഉണ്ണിരാജ മുഖ്യപത്രാധിപരുമായി. എസ്. ഗോപിനാഥൻ നായർ, സി.ആർ. രാമചന്ദ്രൻ, കടവിൽ ശശി, പി.കെ. ഉത്തമൻ, തങ്കമ്മ, എം.എഫ്. തോമസ്, വിജയരാഘവൻ, എം.പി. അച്യുതൻ, പി.എസ്. സുരേഷ് തുടങ്ങിയ കുറേ ചെറുപ്പക്കാർ ഡെസ്കിലേക്ക് വന്നു. വിതുര ബേബി വാരികയിലും ‘സിനിരമ’യിലും കാമ്പിശ്ശേരിയുടെ സഹായിയായി തുടർന്നു. എന്നാൽ​, വാരികയുടെ മുഖപേജിൽ രണ്ടു പേരുകൾ മാത്രമേ വെച്ചിരുന്നുള്ളൂ. പത്രാധിപർ: കാമ്പിശ്ശേരി കരുണാകരൻ, ഇലസ്‌ട്രേഷൻ: ആർട്ടിസ്റ്റ് ഗോപാലൻ.

‘ജനയുഗ’ത്തി​ന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ റോട്ടറിപ്രസി​ന്റെ ഉദ്ഘാടനം 1968ൽ നടന്നു. സതീശ​ന്റെ നേതൃത്വത്തിലുള്ള ഒരു ടീം ആണ് സോവിയറ്റ് യൂനിയനിൽനിന്ന് ആ പ്രസ് കൊല്ലത്തെത്തിച്ച് റഷ്യൻ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അതു സ്ഥാപിച്ചത്. ‘ജനയുഗം’ അങ്കണത്തിൽ വെച്ചുനടന്ന ആഘോഷങ്ങൾ പഴയ ‘ജനയുഗം’ പ്രവർത്തകരുടെയെല്ലാം ഒത്തുചേരലി​ന്റെ വേദിയായി.

1974ൽ നടന്ന ‘ജനയുഗ’ത്തി​ന്റെ രജതജൂബിലി ആഘോഷങ്ങൾക്കും കാമ്പിശ്ശേരിതന്നെയാണ് നേതൃത്വം നൽകിയത്. ഈ രണ്ട് ആഘോഷങ്ങൾക്കു പുറമെ 1971ൽ കൊച്ചിയിൽ വെച്ചു നടന്ന സി.പി.ഐയുടെ ഒമ്പതാം പാർട്ടി കോൺഗ്രസ്, 1975ൽ നടന്ന പാർട്ടിയുടെ അമ്പതാം ജന്മവാർഷികാഘോഷം, ആ വർഷംതന്നെ കൊണ്ടാടിയ കെ.പി.എ.സിയുടെ രജതജൂബിലി... ഈ അവസരങ്ങളിലൊക്കെ പുറത്തിറക്കിയ ‘ജനയുഗ’ത്തി​ന്റെ പ്രത്യേക പതിപ്പുകളും സുവനീറുകളുമെല്ലാംതന്നെ ഗോപാല​ന്റെ കരസ്പർശമേറ്റ ചരിത്രരേഖകളാണ്.

 

സർക്കാർ സർവിസിലിരുന്നുകൊണ്ട് ഇത്തരം ജോലികൾ ചെയ്യുന്നതിന് പരിമിതികളേറെയായിരുന്നു. രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ സ്വരച്ചേർച്ച തീരെയില്ലാതിരുന്ന സപ്തകക്ഷി മന്ത്രിസഭയുടെ നാളുകളിലാണ് ഗോപാലൻ ജോലിയിൽ ചേരുന്നത്. എങ്കിലും ആദ്യകാലങ്ങളിലൊന്നും ഗോപാല​ന്റെ കലാപരമായ പ്രവർത്തനങ്ങൾക്ക് ‘ജനയുഗ’ത്തി​ന്റെ രാഷ്ടീയ ശത്രുക്കൾപോലും തടസ്സം സൃഷ്ടിച്ചില്ല. ഓഫിസിലെ ജോലിക്ക് ഗോപാലൻ ഒരുതരത്തിലുള്ള മുടക്കവും വരുത്തിയിട്ടുമില്ല. എന്നാൽ 1973ലെ സർക്കാർ ജീവനക്കാരുടെ പണിമുടക്ക് കഴിഞ്ഞപ്പോഴേക്കും സ്ഥിതിയാകെ മാറി. ഗോപാലൻ എന്നിട്ടും ആരെയും കൂസാൻ പോയില്ല.

സിനിമക്കുവേണ്ടി എഴുതാൻ ഒ.എൻ.വി. കുറുപ്പിനും മലയാറ്റൂർ രാമകൃഷ്ണനും സർക്കാർ അനുമതി നൽകിയത് ആയിടെയാണ്. അന്ന് വ്യവസായ മന്ത്രി ടി.വി. തോമസി​ന്റെ പേഴ്സനൽ സ്റ്റാഫിലെ അംഗമായിരുന്ന നടൻ ആര്യാട് ഗോപാലകൃഷ്ണൻ വിളിച്ചുപറഞ്ഞത് അനുസരിച്ച്, ‘‘ഓഫീസ് ജോലിക്ക് ഒരു തടസ്സവും വരുത്താതെ ശ്രദ്ധിച്ചുകൊള്ളാം. സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കണം’’ എന്ന് അപേക്ഷിച്ച്​ ഗോപാലൻ എഴുതിക്കൊടുത്തു. പക്ഷേ, അനുമതി നൽകുന്നതിനെതിരെ സെക്ര​േട്ടറിയറ്റിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തടസ്സവാദങ്ങൾ ധാരാളമുണ്ടായി.

രാഷ്ട്രീയ ശത്രുത തന്നെയായിരുന്നു പ്രധാന കാരണം. പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരുദിവസം ഉച്ചക്ക് പി.കെ.വി പുറത്തേക്ക് പോകാനായി സെക്ര​േട്ടറിയറ്റി​ന്റെ ലിഫ്റ്റിൽനിന്നിറങ്ങിവരുമ്പോൾ ഗോപാലൻ അവിടെ കാണാനായി കാത്തുനിൽപുണ്ടായിരുന്നു. ഗോപാലനെ കണ്ടയുടനെ തോളത്തു പിടിച്ച് മുന്നോട്ടുനടന്നുകൊണ്ട് വിശേഷങ്ങൾ തിരക്കിയ പി.കെ.വിയോട് കാര്യം പറഞ്ഞു. അനുമതി നൽകിക്കൊണ്ടുള്ള ഓർഡറിൽ പിറ്റേന്നുതന്നെ മുഖ്യമന്ത്രി ഒപ്പുവെച്ചു. പി.കെ.വിയുടെ പ്രൈവറ്റ് സെക്രട്ടറി കുട്ടികൃഷ്ണൻ ഗോപാലനെ വിളിച്ച് വിവരമറിയിക്കുകയുംചെയ്തു.

പി.കെ.വി മാത്രമല്ല എം.എൻ, അച്യുതമേനോൻ, എസ്. കുമാരൻ, എൻ.ഇ. ബാലറാം തുടങ്ങിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓരോ കാലത്തെയും സെക്രട്ടറിമാരടക്കമുള്ള നേതാക്കളെല്ലാംതന്നെ ഗോപാല​ന്റെ വരയുടെ ശക്തിയും സൗന്ദര്യവും തിരിച്ചറിഞ്ഞ് സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിച്ചവരാണ്. കണിയാപുരം രാമചന്ദ്രൻ, തോപ്പിൽ ഗോപാലകൃഷ്ണൻ, പാർട്ടി ഓഫിസ് ലൈബ്രറിയുടെ ചുമതലക്കാരനായ സുരേന്ദ്രൻ, കെ.എസ്. ബാലൻ, കെ.പി.എ.സി. കുറുപ്പ് തുടങ്ങിയ സഖാക്കളെല്ലാവരും ചേർന്ന ഒരു ഉശിരൻ ടീമാണ് അന്ന് കെ.പി.എ.സി ഫിലിംസ് ഉൾ​െപ്പടെയുള്ള സി.പി.ഐയുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല വഹിച്ചിരുന്നത്. പരസ്യങ്ങൾ, നോട്ടീസ്, പോസ്റ്റർ, ബ്രോഷർ, ബാനർ തുടങ്ങിയവയെല്ലാം അണിയിച്ചൊരുക്കിക്കൊണ്ട് ഗോപാലനും ആ സൗഹൃദക്കൂട്ടായ്മയിലെ ഒരു പ്രധാന അംഗമായി.

‘ജനയുഗ’ത്തി​ന്റെയും കാമ്പിശ്ശേരിയുടെയും ഏറ്റവും അടുത്ത ബന്ധുവായിരുന്ന വയലാർ രാമവർമയുടെ വേർപാട് ഉണ്ടായത് ആ നാളുകളിലാണ്. പണ്ട് ചവറ ഹൈസ്കൂളിൽവെച്ച് ഗോപാലനെ സ്റ്റേജിൽ വിളിച്ച് സ്വന്തം പേന ഊരി പോക്കറ്റിലിട്ടു കൊടുത്ത വയലാറിനെ പിന്നീട് എത്രയോ തവണ ‘ജനയുഗ’ത്തിൽ വെച്ചുകണ്ടിട്ടുണ്ടെങ്കിലും അന്നത്തെ ആ സ്കൂൾ വിദ്യാർഥി താനാണെന്ന കാര്യം ഗോപാലൻ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. വയലാർ ‘ജനയുഗം’ വിശേഷാൽ പ്രതികളിൽ എഴുതിയ ‘എ​ന്റെ ദന്തഗോപുരത്തിലേക്കൊരു ക്ഷണക്കത്ത്’, ‘പൊയ്മുഖം’ തുടങ്ങിയ കവിതകൾക്കൊക്കെ വേണ്ടി ഗോപാലൻ വരച്ചത് പതിവ് ശൈലിയിൽനിന്നു വിട്ടുമാറി കുറച്ചൊരു അബ്‌സ്‌ട്രാക്ട് രീതിയിലാണ്.

1975ലെ ഓണം വിശേഷാൽ പ്രതിയിൽ എഴുതിയ ‘വൃക്ഷം’, കവിതയിലേക്കുള്ള വയലാറി​ന്റെ തിരിച്ചുവരവ് വിളംബരം ചെയ്യുന്ന ഒന്നായിരുന്നു. ‘വൃക്ഷ’ത്തിന് വേണ്ടി ഗോപാലൻ വരച്ചത് ആ കവിതയുടെ ആത്മാവ് ആഴത്തിൽ ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ഗംഭീരൻ ചിത്രമാണ്. വയലാറിന് അതൊരുപാട് ഇഷ്ടമായെന്ന് കാമ്പിശ്ശേരിയെ വിളിച്ച് പറയുകയുംചെയ്തു. അതുകഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് വയലാർ വിടപറയുന്നത്. ഗോപാലൻ വരച്ച വിപ്ലവ ഗായക​ന്റെ ജീവൻ തുടിക്കുന്ന ചിത്രം ഒന്നാംപുറത്ത് പ്രസിദ്ധീകരിച്ചുകൊണ്ടാണ് അടുത്ത ദിവസത്തെ ‘ജനയുഗം’ പത്രം പുറത്തിറങ്ങിയത്.

 

1969ൽ ​മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ലി​റ​ങ്ങിയ​പ്പോ​ൾ -‘ജ​ന​യു​ഗ​’ത്തി​ന്റെ ക​വ​ർ​ചി​ത്രം,ജ​ന​യു​ഗ​’ത്തി​ന്റെ വി​വി​ധ പ്ര​തി​ക​ൾക്കായി ആർട്ടിസ്റ്റ്​ ഗോപാലൻ വരച്ച ഇ​ല​സ്ട്രേ​ഷ​നു​ക​ൾ

പ്രമുഖ മലയാള വാരികകളൊക്കെ ഒന്നാം നിരക്കാരുടെ എഴുത്തുകൾക്ക് പ്രാമുഖ്യം നൽകിയപ്പോൾ ‘ജനയുഗം’ അവരെയെല്ലാം ഓണം വിശേഷാൽ പ്രതിയിലൊതുക്കുകയാണ് ചെയ്തിരുന്നത്. പ്രശസ്ത എഴുത്തുകാർ ആവശ്യപ്പെടുന്ന വലിയ പ്രതിഫലം നൽകാനുള്ള ബുദ്ധിമുട്ട് തന്നെയായിരുന്നു ഒരു പ്രധാന കാരണം. അതിനു പകരം സ്ത്രീകളുൾപ്പെടെ പുതുതായി എഴുതിത്തുടങ്ങുന്ന ധാരാളം ചെറുപ്പക്കാർക്ക് കാമ്പിശ്ശേരി അവസരം നൽകി. അവരുടെ കഥകൾക്ക് മാത്രമായി ചില ലക്കങ്ങൾ മാറ്റിവെച്ചു.

എം.എൻ. സത്യാർഥി, ശ്രീവരാഹം ബാലകൃഷ്ണൻ, കൃഷ്ണൻ കുട്ടി, സി.എ. ബാലൻ തുടങ്ങിയവർ വിവർത്തനം ചെയ്ത ബംഗാളി, ഹിന്ദി, തമിഴ് നോവലുകൾ തുടർച്ചയായി പ്രസിദ്ധീകരിച്ചു . ആത്മകഥകൾക്കും ജീവചരിത്രങ്ങൾക്കും നൽകിയ പ്രാധാന്യമാണ് മറ്റൊരു പ്രധാന കാര്യം. മധ്യ തിരുവിതാംകൂറിലെ അറിയപ്പെടുന്ന മോഷ്ടാവായിരുന്ന മൂസ, ബോംബെ നഗരത്തെ വിറപ്പിച്ച കൊലയാളി രാമൻ രാഘവൻ, വിവാദ മാധ്യമപ്രഭു ഹേവാർഡ് ഹ്യൂസ് തുടങ്ങിയ ചില പ്രത്യേകതരം മനുഷ്യരുടെ കഥകൾ അക്കൂട്ടത്തിൽ വേറിട്ടുനിന്നു.

‘സിനിരമ’യിൽ റിലീസിന് തയാറെടുക്കുന്ന സിനിമകളുടെ തിരക്കഥകൾ പ്രസിദ്ധീകരിച്ചുകൊണ്ട് പുതിയൊരു പ്രവണതക്ക് തുടക്കംകുറിച്ചു. തോപ്പിൽ ഭാസിയും എസ്.എൽ. പുരം സദാനന്ദനുമൊക്കെ എഴുതിയ പ്രമുഖ ചിത്രങ്ങളുടെ തിരക്കഥകൾക്കുവേണ്ടി വായനക്കാർ താൽപര്യത്തോടെ കാത്തിരുന്നു. ഹോളിവുഡിലെ മാദകനായികയായിരുന്ന ഹെഡി ലാമർ, രാജ് കപൂർ, ലതാ മങ്കേഷ്കർ, യേശുദാസ് തുടങ്ങിയവരുടെ സചിത്ര ജീവിതാഖ്യാനങ്ങൾക്ക് ‘സിനിരമ’ ഇടംനൽകി. വായനക്കാരെ കാന്തശക്തിയോടെ വലിച്ചടുപ്പിക്കാൻ പോന്ന രീതിയിൽ ഈ രണ്ട് വാരികകളും മനോഹരമായി അണിയിച്ചൊരുക്കുന്ന ശ്രമകരമായ ജോലി ഗോപാലൻ ഒത്തിരി ആസ്വദിച്ചാണ് ചെയ്തുകൊണ്ടിരുന്നത്.

നാടകലോകത്തെ വിവാദപുരുഷനായ എൻ.എൻ. പിള്ള അതിനാടകീയത നിറഞ്ഞുനിൽക്കുന്ന ത​ന്റെ ജീവിതകഥ ‘ജനയുഗ’ത്തിനുവേണ്ടി എഴുതിത്തുടങ്ങിയത് ഉറ്റസുഹൃത്തായ കാമ്പിശ്ശേരിയുടെ കടുത്ത നിർബന്ധത്തെ തുടർന്നാണ്. നാടകത്തിലേത് പോലെതന്നെ ഒന്നും ഒളിച്ചുവെക്കാതെയുള്ള ആ വെട്ടിത്തുറന്നുപറച്ചിലിനോട് വായനക്കാർ ആവേശത്തോടെ പ്രതികരിച്ചു. രണ്ടാം ലോകയുദ്ധത്തിൽ പേൾ ഹാർബർ കത്തിയെരിയുന്നതി​ന്റെ സ്തോഭജനകമായ ദൃശ്യം ഒരു ഫോട്ടോയിൽ കാണുന്നതുപോലെ അതിസൂക്ഷ്മമായി പകർത്തിവെച്ച ഗോപാല​ന്റെ ഇലസ്‌ട്രേഷനുമായാണ് മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥകളിലൊന്നായ ‘ഞാൻ’ ജനയുഗത്തിൽ ആരംഭിച്ചത്. അതുപോലെ തന്നെ കോട്ടയം പുഷ്പനാഥി​ന്റെയും മറ്റും കുറ്റാന്വേഷണ കഥകൾക്ക് ഗോപാലൻ വരച്ച, സിനിമയിൽ കാണുന്നതുപോലെയുള്ള ‘ആക്ഷൻ ചിത്ര’ങ്ങളും, മലയാറ്റൂർ പറഞ്ഞതുമാതിരി ത്രിമാന സ്വഭാവമുള്ളവയായിരുന്നു.

ബിമൽ മിത്രയുടെ നോവൽ ത്രയത്തിലെ ആദ്യ രണ്ടുപുസ്തകങ്ങളായ ‘വിലയ്ക്കു വാങ്ങാം’ (ഒന്നും രണ്ടും ഭാഗങ്ങൾ), ‘പ്രഭുക്കളും ഭൃത്യരും’ എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞ് ഒരു ചെറിയ ഇടവേളക്കു ശേഷമാണ് ‘ഏകക് ദശക് ശതക്’ എന്ന നോവൽ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന പേരിൽ ‘ജനയുഗം’ വായനക്കാരുടെ മുമ്പാകെ എത്തുന്നത്. ‘വിലയ്ക്കു വാങ്ങാം’ അവസാനിക്കുന്ന 1947 ആഗസ്റ്റ് 15ന് തുടങ്ങി ചൈനീസ് ആക്രമണം നടന്ന 1962 ഒക്ടോബർ 20ന് അവസാനിക്കുന്ന നോവലിൽ സ്വതന്ത്ര ഇന്ത്യയിലെ അഴിമതിയും മൂല്യച്യുതിയുമാണ് പ്രതിപാദിക്കുന്നത്. സദാവ്രതൻ, മനില, കുന്തി തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ രേഖാചിത്രങ്ങളിലൂടെ വരച്ചുകാട്ടുമ്പോഴേക്കും ഗോപാലൻ പുതിയൊരു ശൈലി സ്വീകരിച്ചിരുന്നു.

അപ്പോഴേക്കും പല ബംഗാളി കഥാപാത്രങ്ങളെയും കൈകാര്യംചെയ്ത് തഴക്കവും പഴക്കവും സിദ്ധിച്ചതുകൊണ്ട് വളരെ അനായാസമായിത്തന്നെ ഇരുപതാം നൂറ്റാണ്ടിനു വേണ്ടി വരച്ചു. അതിനുശേഷം സത്യാർഥി അവതരിപ്പിച്ച ബിമൽ മിത്രയുടെ കൃതി, നോവൽ ത്രയത്തി​ന്റെ prequel ആയ, നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ബംഗാളി​ന്റെ ചരിത്രമാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയും മിർജാഫറും തമ്മിൽ ഉടമ്പടി ഉണ്ടാക്കിയ കാലത്തെ, ക്ലൈവ് സായ്പിന്റെയും കാന്ത​ന്റെയും നാനി ബീഗത്തി​ന്റെയും മറിയം ബീഗത്തി​ന്റെയും കാലത്തെ കൽക്കത്തയുടെ ചരിത്രം.

ബീഗം മേരി ബിശ്വാസ് എന്ന ആ ബൃഹദ് നോവലിനുവേണ്ടി വരക്കുന്നത് ഒരു വെല്ലുവിളിയായിത്തന്നെ ഗോപാലൻ ഏറ്റെടുത്തു. ഇരുപതാം നൂറ്റാണ്ടിൽ കഥാപാത്രങ്ങളുടെ രൂപങ്ങൾക്കും വൈകാരിക ഭാവങ്ങൾക്കുമാണ് ഊന്നൽ നൽകിയതെങ്കിൽ, ബീഗം മേരി ബിശ്വാസിൽ നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന വേഷഭൂഷാദികൾക്കും പശ്ചാത്തല ഭൂമികക്കുമൊക്കെ തുല്യ പ്രാധാന്യം നൽകി. ‘ജനയുഗ’ത്തി​ന്റെ വായനക്കാർ രണ്ടു നോവലുകളെയും ആ രചനകൾക്ക് വലിയൊരു മാനം പകർന്നു നൽകിയ ആ രേഖാചിത്രങ്ങളെയും രണ്ട് കൈകളും നീട്ടി സ്വീകരിച്ചു.

ഉള്ളടക്കത്തി​ന്റെ കനംകൊണ്ടും കെട്ടിലും മട്ടിലുമുള്ള ആകർഷണീയതകൊണ്ടും 1960കളിലും 70കളിലും വായനക്കാർക്കിടയിൽ ഏറ്റവും ഡിമാൻഡുള്ള ഓണം വിശേഷാൽ പ്രതിയായിരുന്നു ‘ജനയുഗ’ത്തിന്റേത്. വാരികയിൽ സാധാരണ പ്രത്യക്ഷപ്പെടാത്ത ഒന്നാംനിരക്കാരായ എഴുത്തുകാരെല്ലാം ‘ജനയുഗം’ വായനക്കാരുടെ മുമ്പാകെ എത്താറുണ്ടായിരുന്നത് ഓണപ്പതിപ്പുകളിലൂടെയാണ്. ഗോപാലനെ സംബന്ധിച്ചിടത്തോളം ബഷീറും തകഴിയും ജിയും വൈലോപ്പിള്ളിയും മുതൽ അത്യന്താധുനിക തലമുറയിൽപ്പെട്ടവർ വരെയുള്ള എഴുത്തുകാരുടെ സൃഷ്ടികൾക്കുവേണ്ടി വരക്കാൻ കിട്ടുന്ന അപൂർവാവസരമായിരുന്നു അത്. പിൽക്കാലത്ത് മലയാള സാഹിത്യത്തിലെ നാഴികക്കല്ലുകൾ എന്നു വിശേഷിപ്പിക്കപ്പെട്ട എത്രയോ സൃഷ്ടികൾക്ക് ആ വിശേഷാൽപ്രതികളിൽ വരച്ച ചിത്രങ്ങളിലൂടെ ഗോപാലൻ ദൃശ്യ ചാരുതയും അർഥഗാംഭീര്യവും പകർന്നു.

 

‘ജ​ന​യു​ഗ​’ത്തി​ന്റെ വി​വി​ധ പ്ര​തി​ക​ൾക്കായി ആർട്ടിസ്റ്റ്​ ഗോപാലൻ വരച്ച ഇ​ല​സ്ട്രേ​ഷ​നു​ക​ൾ

അഭിനയജീവിതത്തി​ന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന പ്രേംനസീറിന് ആദരവ് അർപ്പിച്ച് 1976ൽ ‘സിനിരമ’ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കാൻ തീരുമാനിച്ചു. അതി​ന്റെ മാറ്റർ ശേഖരിക്കാനും പ്രേംനസീറി​ന്റെ ഒരു ഫോട്ടോ ഫീച്ചർ തയാറാക്കാനുമായി ഗോപാലനെയും കടവിൽ ശശിയെയുമാണ് കാമ്പിശ്ശേരി അയച്ചത്. രണ്ടാഴ്ചക്കാലത്തോളം മദ്രാസിൽത്തന്നെ താമസിച്ച് നസീറി​ന്റെ വീട്ടിലും ലൊക്കേഷനുകളിലും സ്റ്റുഡിയോകളിലുമൊക്കെയായി നിത്യഹരിത നായകനൊപ്പം ധാരാളം സമയം ചെലവിടാനും സ്നേഹസൗമനസ്യങ്ങൾ ഏറ്റുവാങ്ങാനും ഗോപാലന് അവസരം കിട്ടി.

പണ്ട് സെൻട്രൽ തിയറ്ററിൽ വെച്ച് നസീർ സാർ ഗോപാലനെ നേരിട്ടൊന്നു കാണാനാഗ്രഹം പ്രകടിപ്പിച്ചപ്പോൾ ചെല്ലാതെ മുങ്ങിക്കളഞ്ഞ കാര്യം കുറ്റബോധത്തോടെ അപ്പോൾ ഓർമിച്ചു. അപൂർവ ചിത്രങ്ങളും കളർ പ്ലേറ്റുകളും പ്രമുഖരെഴുതിയ കുറിപ്പുകളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഗോപാലൻ അത്യാകർഷകമായ രീതിയിൽ അണിയിച്ചൊരുക്കിയ ‘സിനിരമ’യുടെ നസീർ സ്പെഷൽ ആരാധകരുടെ ആവശ്യപ്രകാരം വീണ്ടും അച്ചടിക്കേണ്ടിവന്നു.

(തുടരും)

Tags:    
News Summary - weekly culture biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.