''നിെൻറ മുഖം കണ്ടാൽ നിെൻറ
ഉള്ളിലിരിപ്പ് എന്താണെന്ന് ആർക്കും
മനസ്സിലാവില്ല''
-ടെസ്സ, 22 എഫ്.കെ കോട്ടയം
നടന്മാർ താരങ്ങളാവുകയും താരങ്ങൾ സൂപ്പർതാരങ്ങളാവുകയും ചെയ്യുന്ന പ്രക്രിയയിൽ സാമ്പത്തിക^പ്രത്യയശാസ്ത്രബന്ധങ്ങൾ സങ്കീർണമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അഭിനയമികവിനോടൊപ്പം അണിയുന്ന വേഷങ്ങളുടെ പ്രത്യയശാസ്ത്രവിവക്ഷകളും അതിനനുഗുണമായ വിപണന തന്ത്രങ്ങളും മാധ്യമ പരിചരണവും ഗോസിപ്പുകളും ഫാൻസ് അസോസിയേഷനുകളും മറ്റും ഒരു സൂപ്പർതാരത്തിെൻറ സൃഷ്ടിക്ക് അനിവാര്യമാണ്. ആഖ്യാനത്തിന് പുറത്ത് ഇത്തരം ബലതന്ത്രങ്ങളിലൂടെ ഉൽപാദിപ്പിക്കപ്പെടുകയും പുനരുൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്ന താരബിംബത്തെ ആഖ്യാനത്തിനകത്ത് മാധ്യമസംബന്ധിയായ സകല സാധ്യതകളെയും പ്രയോജനപ്പെടുത്തി അവതരിപ്പിക്കുകയാണ് പതിവ്. ആഖ്യാനകേന്ദ്രത്തിലാണ് സൂപ്പർതാര വേഷങ്ങൾ പ്രതിഷ്ഠിക്കപ്പെടുന്നത്. ഇതരകഥാപാത്രങ്ങളെ തൃണവൽഗണിക്കുംവിധമാണ് അയാളണിയുന്ന വേഷങ്ങൾ തകർത്താടുന്നത്. ആൺകരുത്തിെൻറ വിനിമയം സാധ്യമാക്കുന്ന ക്ലോസ്അപ്പുകൾ, പഞ്ച്സംഭാഷണങ്ങൾ, ബി.ജി.എം ആക്ഷൻ രംഗങ്ങൾ എന്നിങ്ങനെ ആൺകോയ്മയുടെ അനുസ്യൂതമായ പ്രബലനമാണ് സൂപ്പർതാര വേഷങ്ങളിലൂടെ സാധ്യമാവുന്നത്. അതായത് ഒരു നടെൻറ അഭിനയമികവിനുമുകളിൽ സാമ്പത്തിക^പ്രത്യയശാസ്ത്ര താൽപര്യങ്ങൾ മാധ്യമസംബന്ധിയോ മാധ്യമബാഹ്യമോ ആയ മാർഗത്തിലൂടെ കെട്ടിപ്പൊക്കുന്ന ആഡംബരത്തിെൻറ ദുർമേദസ്സാണ് താരം എന്ന സങ്കൽപം. നടൻ എന്നത് ഒരു യാഥാർഥ്യമായിരിക്കുമ്പോൾ താരം ഒരു വ്യാജസൃഷ്ടിയാണ്. താരത്തിൽനിന്നും നടനെ വ്യവകലനം ചെയ്താൽ അവശേഷിക്കുക ഇത്തരം പൊള്ളയായ പൊടിപ്പും തൊങ്ങലും മാത്രമായിരിക്കും.
എന്നാൽ, താരനിർമിതിയെക്കുറിച്ചുള്ള സാംസ്കാരിക പാഠവ്യവഹാരങ്ങളെ പ്രശ്നവത്കരിക്കുന്നുണ്ട് ഫഹദ് ഫാസിലിെൻറ കഥാപാത്രങ്ങൾ. താരബാധ്യതയുടെ പളുങ്കുകൊട്ടാരത്തിൽനിന്നിറങ്ങി അഭിനയമികവിെൻറ ചടുലചലനങ്ങളോടെ േപ്രക്ഷകഹൃദയങ്ങളിലേക്ക് നേരിട്ടു നടന്നുകയറിയ അപൂർവം നടന്മാരിലൊരാളാണ് ഫഹദ്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിലൂടെയും താൻ താരമല്ല എന്ന് പ്രഖ്യാപിക്കുന്നുണ്ട് അയാൾ. ഏറെയൊന്നും പഞ്ച് ഡയലോഗുകൾ പറയാത്തവൻ, കൊടുക്കുന്നതിനെക്കാൾ അടി തിരിച്ചുവാങ്ങുന്നവൻ, ആൺ കരുത്തിെൻറ പ്രകടനപരതയിൽ അഭിരമിക്കാത്തവൻ, കാപട്യവും കാമനകളും കൈമുതലായുള്ളവൻ, കള്ളനും മനോരോഗിയും ചതിയനും കുഴലൂത്തുകാരനുമായി വേഷപ്പകർച്ചകൾ ആടിയിട്ടും താരമാവാതെ താരമായ ഏക നടൻ. സർവഗുണസമ്പന്നനായ നായക പൊതുബോധത്തെ ശിഥിലമാക്കുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം പൊതുവെ അവതരിപ്പിച്ചിട്ടുള്ളത്. കേന്ദ്ര/ അരിക് ദ്വന്ദ്വങ്ങളെ അലോസരപ്പെടുത്തുന്ന വേഷങ്ങളാണ് അവയിൽ പലതും. പലപ്പോഴും ബഹുതല ആഖ്യാനങ്ങളിൽ മറ്റു കഥാപാത്രങ്ങളോടൊപ്പം മാത്രം പ്രാധാന്യമേ അദ്ദേഹത്തിെൻറ കഥാപാത്രങ്ങൾക്കുമുള്ളൂ. എന്നിട്ടും പുതുതലമുറ നടന്മാരിൽ ഏറെ േപ്രക്ഷക സ്വീകാര്യത ലഭിക്കുന്ന നടനായി ഫഹദ് മാറിയിരിക്കുന്നു.
ഫഹദ് കഥാപാത്രങ്ങളെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുമ്പോൾ മൂന്നു സവിശേഷതകൾ അത്തരം കഥാപാത്രങ്ങളിൽ കണ്ടെത്താൻ കഴിയും. ഭോഗാതുരതയും ദമിതകാമനകളോടുള്ള ആസക്തിയുമാണ് ഒരു സവിശേഷത. ഭൗതികനേട്ടങ്ങൾക്കായി മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് ആസക്തിജീവിതം നയിക്കുമ്പോൾ ചില പ്രത്യേക വ്യക്തികളുടെയോ അനുഭവങ്ങളുടെയോ സ്വാധീനത്താൽ ആന്തരികമായ പരിവർത്തനത്തിന് വിധേയമാവുന്നുണ്ട് പല ഫഹദ് കഥാപാത്രങ്ങളും. സ്വന്തം സത്തയെ സത്യസന്ധമായി പ്രകടിപ്പിക്കാതെ വ്യക്തിത്വത്തിെൻറ ഒളിച്ചുകളി നടത്തുന്നു എന്നതാണ് ഫഹദ് കഥാപാത്രങ്ങളുടെ മൂന്നാമത്തെ സവിശേഷത. ഈ പറഞ്ഞ സവിശേഷതകൾ ഏറിയും കുറഞ്ഞും ഫഹദിെൻറ മിക്ക വേഷങ്ങളിലും ദൃശ്യമാകുന്നുണ്ട്.
* * * *
തൃഷ്ണയുടെയും കാമനകളുടെയും ദമിതലോകത്തിലൂടെയുള്ള ഭോഗാസക്തമായ സഞ്ചാരമാണ് ഫഹദ് കഥാപാത്രങ്ങളുടെ മുഖ്യസവിശേഷത. പൊതു സ്വീകാര്യമായ പെരുമാറ്റശീലങ്ങൾക്കകത്ത് ആർത്തിയുടെയും അഭിലാഷത്തിെൻറയും ഭോഗാതുരതയുടെയും ഒരു സമാന്തര ലോകത്തെ ഇത്തരം കഥാപാത്രങ്ങൾ ഒളിച്ചുകടത്തുന്നു. ധാർമിക സദാചാര മൂല്യങ്ങളെ നിർദയം അവഗണിച്ച് ഭൗതികാനന്ദത്തിലേക്കുള്ള കുറുക്കുവഴികളിലൂടെയാണ് ഇവരുടെ പ്രയാണം. കാപട്യമാണ് അവരുടെ മുഖമുദ്ര. കുടിലമോഹങ്ങളെ ഉള്ളിലൊളിപ്പിച്ച് കപടഭാവങ്ങളാൽ അതിജീവനം നടത്തുന്ന കഥാപാത്രങ്ങളാണ് ഫഹദിന് ഏറെ വഴങ്ങുക. അരുൺ (ഡയമണ്ട് നെക്ലെയ്സ്), സിറിൽ (22 എഫ്.കെ.), അർജുൻ (ചാപ്പാകുരിശ്), പ്രകാശൻ (ഞാൻ പ്രകാശൻ), സിബി (കാർബൺ) തുടങ്ങിയ കഥാപാത്രങ്ങൾ എത്ര ഭദ്രമായാണ് ഫഹദിൽ പ്രകാശിതമാവുന്നത്! വല്ലാത്തൊരു വഴുവഴുപ്പാണ് അത്തരം കഥാപാത്രങ്ങൾക്ക്. സംശയിക്കുന്നവരെപ്പോലും സംശയത്തിനടിസ്ഥാനമില്ല എന്നു തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന, പുറ'ത്തെന്തൊരു' കുലീനനെന്ന് അടുപ്പം തോന്നുമെങ്കിലും ഉള്ളു കാണുമ്പോൾ 'എന്തുനീച'നെന്നു ഞെട്ടിപ്പിക്കുന്ന ഇരട്ട വ്യക്തിത്വത്തിെൻറ ഉടൽരൂപങ്ങളാണ് ഇവർ.
ഉള്ളിലുള്ളത് ഇത്ര മാന്യമായെങ്ങനെ ഒളിപ്പിക്കാൻ കഴിയുന്നു ഇയാൾക്ക് എന്ന് അത്ഭുതപ്പെടുത്തുന്നുണ്ട് '22 എഫ്.കെ.'യിലെ സിറിൽ എന്ന കഥാപാത്രം. വ്യാജഭാവങ്ങളെ സ്ഥായീഭാവമായി പ്രദർശിപ്പിച്ച് കുടിലഭാവങ്ങളെ സംശയത്തിനിട നൽകാതെ മറച്ചു പിടിക്കാനുള്ള അനന്യമായ മെയ്വഴക്കമുണ്ട് അയാൾക്ക്. തരളവും നിഷ്കളങ്കവുമെന്ന് തോന്നിപ്പിക്കുന്ന പ്രണയഭാവത്താൽ കാമുകിയെ ചേർത്തുപിടിക്കുമ്പോഴും സ്വാർഥ നേട്ടങ്ങൾക്കായി അവളെ തെൻറ ബോസിന് കാഴ്ചവെക്കാനുള്ള പദ്ധതികൾ അയാൾ ആസൂത്രണം ചെയ്യുന്നു. 'വെർജിനല്ല' താനെന്ന് ഏറ്റവും സുതാര്യമായി തന്നോടടുക്കുന്ന ടെസ്സ(റീമ)യെ വിവാഹ വാഗ്ദാനം നൽകി തന്നോടൊപ്പം താമസിക്കാൻ അയാൾ ക്ഷണിക്കുന്നു. എന്നാൽ, തെൻറ ബോസായ ഹെഗ്ഡെക്ക് (പ്രതാപ് പോത്തൻ) അവളെ പ്രാപിക്കാനുള്ള വഴി ഒരുക്കുകയായിരുന്നു അതുവഴി സിറിൽ. ''കാൻ ഐ ഹാവ് സെക്സ് വിത് യു'' എന്ന മറയില്ലാത്ത ചോദ്യവുമായി റൂമിൽ ഒറ്റക്കായ ടെസ്സയെ ഹെഗ്ഡെ സമീപിക്കുന്നു. എതിർത്തു നിന്ന അവളെ അയാൾ ബലമായി പ്രാപിക്കുന്നു. വിവരമറിഞ്ഞ സിറിൽ അയാളെ കൊല്ലണമെന്ന് അട്ടഹസിക്കുന്നു. എന്നാൽ, തെൻറ മാറിൽ ആശ്വാസം കണ്ടെത്തുന്ന ടെസ്സയെ ഒരു കൈകൊണ്ടു തലോടുമ്പോൾതന്നെ ''ഷി ഈസ് ആൾ റൈറ്റ്'' എന്ന് മറുകൈകൊണ്ട് ഹെഗ്ഡെക്ക് സന്ദേശമയക്കുകയാണ് അയാൾ. തുടർന്ന് ഹെഗ്ഡെ അവളെ രണ്ടാം തവണയും ബലാത്സംഗം ചെയ്യുന്നു. ''ആദ്യേത്തത് എെൻറ കമിറ്റ്മെൻറായിരുന്നു, രണ്ടാമത്തേത് നിങ്ങളുടെ മാഡ്നസ്'' എന്ന് ഇതിനെ വിമർശിക്കുന്നുണ്ട് സിറിൽ. തനിക്കും ബോസിനും ഭീഷണിയാണ് ടെസ്സ എന്ന തിരിച്ചറിഞ്ഞപ്പോൾ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതിയാക്കി അവളെ ജയിലിലടക്കാനും അയാൾ മടിക്കുന്നില്ല.
വശ്യമായ പുഞ്ചിരിയും ആകർഷകമായ വാക്ചാതുരിയും പ്രണയാതുരമായ നോട്ടവുംകൊണ്ട് കാമുകിഹൃദയങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന മറ്റൊരു ഫഹദ് കഥാപാത്രമാണ് 'ഡയമണ്ട് നെക്ലെയ്സി'ലെ ഡോ. അരുൺ. ആനന്ദാസക്തിയും ആർഭാടവും ലൈംഗികാഭിനിവേശവും കെട്ടുപിണഞ്ഞുകിടക്കുന്ന നവയുവത്വത്തിെൻറ ജീവിതത്തെയാണ് അരുൺ പ്രതിനിധാനംചെയ്യുന്നത്. ദുബൈയിൽ ഓങ്കോളജിസ്റ്റായി ജോലി ചെയ്യുന്ന അരുൺ വരുമാനത്തിലധികം ചെലവാക്കുന്ന വ്യക്തിയാണ്. ധാർമികസദാചാര മൂല്യങ്ങൾക്ക് മുൻഗണന അശേഷമില്ലാത്ത ഭോഗജീവിതം നയിക്കുന്ന അയാളുടെ ദിനചര്യകൾപോലും നിശ്ചയിക്കപ്പെടുന്നത് പ്ലാസ്റ്റിക് മണിയിലൂടെയാണ്. വിപണിയുടെ മാദകാലിംഗനങ്ങൾക്ക് സ്വയം കീഴ്പ്പെടുന്ന പ്രകൃതമാണ് അയാളുടേത്. ചിത്രത്തിലെ ആരംഭത്തിലെ അവതരണ ഗാനം മനോഹരമായി അത് വിനിമയം ചെയ്യുന്നുണ്ട്. പ്രണയവും ലൈംഗികതയും മിന്നിമറയുന്ന വൈകാരികാവസ്ഥകളാണ് അയാൾക്ക്. ഒരു ബന്ധവും ഇതരബന്ധങ്ങൾക്ക് തടസ്സമാവുന്നില്ല. നഴ്സായി ജോലിക്കെത്തുന്ന ലക്ഷ്മി (ഗൗതമി നായർ)യോട് അയാളടുക്കുന്നു. എന്നാൽ, തെൻറ കടബാധ്യതയുടെ ഭാരം ലഘൂകരിക്കാൻ കലാമണ്ഡലം രാജശ്രീ (അനുശ്രീ) എന്ന പെൺകുട്ടിയെ അയാൾക്ക് വിവാഹംചെയ്യേണ്ടിവരുന്നു. അൽപം വൈകിയെങ്കിലും ലക്ഷ്മി ഈ വഞ്ചന തിരിച്ചറിയുന്നു. കാൻസർബാധിതയായ മായ (സംവൃത)യുമായി മറ്റൊരു ബന്ധത്തിലേർപ്പെടാൻ അയാൾ മടിക്കുന്നില്ല. ''ഭൂതകാലത്തെക്കുറിച്ച് ഖേദിക്കാനോ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാനോ ഞാനില്ല. വർത്തമാനകാലം മാത്രമാണെെൻറ യാഥാർഥ്യം'' എന്ന് സ്വന്തം ജീവിതദർശനം ഒരിക്കൽ അയാൾ തുറന്നു പ്രഖ്യാപിക്കുന്നുണ്ട്. ഉപഭോഗതൃഷ്ണയുടെ അനുഭൂതി ലോകത്ത് വശ്യസൗന്ദര്യത്തിെൻറ ഉൗർജ കണികകൾ പ്രസരിപ്പിച്ച്, പ്രതിബദ്ധതയില്ലാത്ത പ്രണയബന്ധങ്ങളാസ്വദിച്ച് വിഹരിക്കുകയാണയാൾ.
'ചാപ്പാകുരിശി'ലെ അർജുനും സമാന്തരമായി പ്രണയബന്ധങ്ങൾ ആഘോഷിക്കുന്ന ചെറുപ്പക്കാരനാണ്. നഗരത്തിലെ പണക്കാരിയായ ആനു (റോമ)വുമായുള്ള വിവാഹ നിശ്ചയം നടക്കുമ്പോൾതന്നെയാണ് അർജുൻ തെൻറ പേഴ്സനൽ സെക്രട്ടറിയായ സോണിയ (രമ്യ നമ്പീശൻ)യുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നത്. അങ്ങനെ ചെയ്യുന്നതിൽ പ്രത്യേകിച്ചൊരു കുറ്റബോധവും അയാളെ അലട്ടുന്നില്ല.
സമ്പത്തിനോടുള്ള ആർത്തി മിക്ക ഫഹദ് കഥാപാത്രങ്ങളുടെയും സവിശേഷതയാണ്. കുറുക്കുവഴികളിലൂടെ വലിയ പണമുണ്ടാക്കുകയാണ് അവരിൽ പലരുടെയും ജീവിത ദൗത്യം. 'കാർബണി'ലെ സിബിയും 'ഞാൻ പ്രകാശനി'ലെ പ്രകാശനും 'ഒരു ഇന്ത്യൻ പ്രണയകഥ'യിലെ അയ്മനം സിദ്ധാർഥനും ഈ ഗണത്തിൽ പെടുന്നവരാണ്. എളുപ്പവഴിയിലൂടെ കോടീശ്വരനാവാനുള്ള ശ്രമത്തിലാണ് 'കാർബണി'ലെ സിബി. ഔദ്യോഗികമോ അംഗീകൃതമോ ആയ വഴികൾ അയാൾക്ക് പഥ്യമല്ല. മറിച്ച് സമാന്തര സമ്പദ്വ്യവസ്ഥയുടെ ഇരുണ്ട ലോകത്തിലൂടെയാണ് അയാളുടെ യാത്ര. ''ഫാൻറസിയുണ്ടെങ്കിലേ ജീവിതത്തിലൊരു ലൈഫ് ഉള്ളൂ'' എന്നാണ് അയാളുടെ അഭിപ്രായം. മരതകക്കല്ലുകളും വെള്ളിമൂങ്ങയും മറ്റും പയറ്റിനോക്കിയെങ്കിലും ഒന്നിലും അയാൾ വിജയിക്കുന്നില്ല. ഒടുക്കം ഒരു വലിയ ബാധ്യതയിൽനിന്നും കരകയറാൻ എം.ഡി. (വിജയരാഘവൻ)യുടെ കൊടുംകാടിനു നടുവിലുള്ള ഒരു പൊളിഞ്ഞ െഗസ്റ്റ് ഹൗസിൽ മാനേജരായി അയാൾ ജോലി നോക്കുന്നു. അവിടെ െവച്ച് തലക്കാണി എന്ന ദുർഘടം പിടിച്ച വനപ്രദേശത്ത് വൻ നിധിശേഖരമുണ്ടെന്ന കഥ അയാൾ കേൾക്കുന്നു. എങ്ങനെയെങ്കിലും ആ നിധി കൈക്കലാക്കണമെന്ന തീവ്രാഭിലാഷം സിബിയിൽ അങ്കുരിക്കുന്നു. അവിടെെവച്ചു പരിചയപ്പെട്ട 'ജംഗ്ൾ ജങ്കി'യായ സമീറ (മംമ്ത മോഹൻദാസ്), സ്റ്റാലിൻ (മണികണ്ഠൻ), കണ്ണൻ (ജയലാൽ) എന്നിവരോടൊപ്പം അയാൾ നിധിവേട്ടക്കിറങ്ങുന്നു.
'കാർബണി'ലെ സിബിയുടെതന്നെ മറ്റൊരു പതിപ്പാണ് പ്രകാശനും. നഴ്സിങ് ഡിഗ്രി കൈമുതലായുണ്ടെങ്കിലും അധ്വാനിച്ച് പണമുണ്ടാക്കാൻ പ്രകാശനും താൽപര്യമില്ല. ഒറ്റയടിക്ക് വലിയ പണമുണ്ടാക്കുകയാണ് അയാളുടെ ലക്ഷ്യം. അങ്ങനെയിരിക്കെയാണ് പ്രകാശനെത്തേടി അവെൻറ പൂർവകാമുകി സലോമി (നിഖില വിമൽ) എത്തുന്നത്. ജർമനിയിലേക്ക് പോവാൻ തയാറായി നിൽക്കുന്ന സലോമിയിൽ തെൻറ വിദേശയാത്രയുടെ സാധ്യത കണ്ടെത്തുന്ന പ്രകാശൻ അവളെ പ്രണയിക്കുന്നതായി ഭാവിക്കുന്നു. സേലാമിയെ വിവാഹം കഴിച്ചാൽ പങ്കാളിവിസയിൽ തനിക്കും ജർമനിയിലെത്താമെന്ന് അയാളുടെ വക്രബുദ്ധി കണക്കുകൂട്ടുന്നു. (എന്നാൽ, അരക്കള്ളൻ മാത്രമായ പ്രകാശനെ മുക്കാൽ കള്ളിയായ സലോമി ചതിക്കുകയായിരുന്നു. ജർമനിയിലെത്തിയ സലോമി പ്രകാശനുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിക്കുകയും ഒരു ജർമൻകാരനെ വിവാഹം കഴിക്കുകയും ചെയ്യുന്നു.) തെൻറ സ്വാർഥ നേട്ടങ്ങൾക്കുവേണ്ടി നേരത്തേ ഉപേക്ഷിച്ച കാമുകിയോട് വീണ്ടും പ്രണയം നടിക്കുന്ന പ്രകാശൻ എവിടെയൊക്കെയോ സിറിലിനെയും ഡോ. അരുണിനെയും ഓർമപ്പെടുത്തുന്നുണ്ട്.
'ഒരു ഇന്ത്യൻ പ്രണയ കഥ'യിലെ അയ്മനം സിദ്ധാർഥനും പ്രണയിക്കുന്നത് ''ഞാനിത്തിരി പ്രാക്ടിക്ക''ലാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ്. ''ജീവിതം സെയ്ഫ് ആവാൻ ചില പുളിങ്കൊമ്പിലൊക്കെ പിടിക്കേണ്ടി വരും'' എന്നുള്ളതുകൊണ്ടാണ് അയാൾ നഗരത്തിലെ ഒരു പ്രമുഖ സ്വർണവ്യാപാരിയുടെ മകളെ പ്രണയിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനം ഒരു പൊതുജനസേവനം എന്നതിലപ്പുറം അധികാരക്കസേരയിലിരിക്കാനുള്ള മാർഗംകൂടിയാണ് അയാൾക്ക്. നിലവിലെ എം.എൽ.എയായ ഭാസ്കരൻ നായരുടെ മരണത്തിന് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് സ്ഥാനമോഹിയായ സിദ്ധാർഥൻ. ബസ് യാത്ര ചെയ്യാൻ വിമുഖത കാണിക്കുന്ന, പെേട്രാൾ പമ്പിൽ വാഗ്ദാനം ചെയ്യപ്പെട്ട തൊഴിൽ ചെയ്യാൻ മടിക്കുന്ന, വക്കീൽ പഠനം പാതിവഴിയിലുപേക്ഷിക്കുന്ന, അഭിനവ രാഷ്ട്രീയക്കാരെൻറ പ്രതിനിധിയാണ് സിദ്ധാർഥൻ. അധികാരത്തിെൻറ ആനന്ദത്തെയാണ് അയ്മനം സിദ്ധാർഥൻ ഉപാസിക്കുന്നത്. പൊതുജന സേവനം ഒരു മറമാത്രം.
ലൈംഗികത, അധികാരം, മൂലധനം എന്നിവയോടുള്ള അടങ്ങാത്ത അഭിലാഷങ്ങൾ ഗൂഢമായി കെട്ടുപിണഞ്ഞുകിടക്കുന്ന കഥാപാത്രങ്ങളാണ് ഫഹദിന് കൂടുതലിണങ്ങുക. വശ്യമായ സാന്നിധ്യത്തിനു മറവിൽ കുടിലതന്ത്രങ്ങൾ മെനയുന്ന സൂത്രശാലികളായാണ് ഇത്തരം കഥാപാത്രങ്ങൾ അവതരിക്കുന്നത്. എന്നാൽ, ആഖ്യാനത്തിെൻറ ഒരു സവിശേഷഘട്ടത്തിൽ ചില വ്യക്തികളുടെ സാമീപ്യംകൊണ്ടോ സ്വാധീനംകൊണ്ടോ ഈ കഥാപാത്രങ്ങൾക്ക് മാനസാന്തരം സംഭവിക്കുന്നുണ്ട്. ഇവർക്ക് ആന്തരികമായ ഒരു തിരിച്ചറിവോ പരിവർത്തനമോ സംഭവിക്കുന്നിടത്താണ് ആഖ്യാനം പര്യവസാനിക്കുന്നത്.
അഴിമതിയുടെയും അധാർമികതയുടെയും കറപുരണ്ട വ്യവസ്ഥക്കകത്ത് അവയെ ഉച്ചാടനം ചെയ്യാനുള്ള ബാധ്യത ഏറ്റെടുക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് സൂപ്പർതാരങ്ങൾ തങ്ങളുടെ താരപദവി ഉറപ്പിച്ചെടുക്കുന്നത്. നന്മ/തിന്മ ദ്വന്ദ്വങ്ങളായി ഇഴപിരിയുന്ന ആഖ്യാനത്തിൽ നായകൻ നന്മയുടെ പ്രതീകമായി പ്രത്യക്ഷപ്പെടുകയും വ്യവസ്ഥയെ ഗ്രസിച്ച തിന്മക്കെതിരെ പോരാടുകയും ചെയ്യുന്നതാണ് പതിവു രീതി. പൊതുവെ അലിഗോറിക്കൽ സമ്പ്രദായത്തിൽ സങ്കൽപിക്കപ്പെടുന്ന കഥാതന്തുവിൽ താരകഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെടുന്നത് അതിമാനുഷിക കഥാപാത്രങ്ങളായാണ്. തിന്മയുടെ കടിഞ്ഞാണില്ലാത്ത പടയോട്ടത്തെ ആഖ്യാനത്തിെൻറ ഒരു ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന നായകൻ വെല്ലുവിളിക്കുകയും അസാമാന്യമായ കരുത്തോ ബുദ്ധിശക്തിയോ യുക്തിയോ കൊണ്ട് നന്മയെ അവരോധിക്കുകയും ചെയ്യുന്നു. ഇവിടെ ആത്യന്തികമായി വ്യവസ്ഥയാണ് പരിവർത്തനത്തിന് വിധേയമാവുന്നത്. വ്യവസ്ഥക്ക് അതീതനായ നായകൻ ഒരു മാന്ത്രികസ്പർശത്താൽ വ്യവസ്ഥക്കകത്തെ തിന്മകളെ വേരോടെ പിഴുതെടുക്കുകയും ക്രമരാഹിത്യത്തിൽനിന്ന് ക്രമത്തെ അവരോധിക്കുകയും ചെയ്യുന്നു. ഇതിെൻറ നേർവിപരീത ദിശയിലാണ് പല ഫഹദ് കഥാപാത്രങ്ങളുടെയും പ്രയാണം. പുറത്തേക്കല്ല, അകത്തേക്കാണ് അവരുടെ സഞ്ചാരം. സൂപ്പർ കഥാപാത്രങ്ങളുടെ ധർമനിഷ്ഠയോ സദാചാര ക്ലിപ്തതയോ മെയ്ക്കരുത്തോ യുക്തിഭദ്രതയോ ഫഹദ് കഥാപാത്രങ്ങളുടെ അനിവാര്യ സവിശേഷതകളല്ല. അതുകൊണ്ടുതന്നെ വ്യവസ്ഥയെ മാറ്റിമറിക്കാനുള്ള ധാർമിക ബാധ്യതയിൽനിന്ന് സ്വതന്ത്രരാണവർ. പകരം സ്വയം പരിവർത്തനത്തിെൻറ പാതയിലൂടെ സഞ്ചരിക്കുകയും ആഖ്യാനത്തിെൻറ പരിസമാപ്തിയിലെത്തുമ്പോൾ ആത്്മബോധത്തിെൻറ പുതിയ ഘട്ടത്തിലേക്ക് ഉയരുകയും ചെയ്യുന്നു. സ്വാധീനിക്കുന്നതിനു പകരം സ്വാധീനക്കപ്പെടുകയും മാറ്റുന്നതിനു പകരം സ്വയം മാറുകയും അറിയുന്നതിനു പകരം തിരിച്ചറിയുകയും ചെയ്യുന്ന ഏറെ കഥാപാത്രങ്ങൾക്ക് ഫഹദ് വേഷം നൽകിയിട്ടുണ്ട്. മൂല്യസങ്കൽപങ്ങളും ധാർമിക ബോധവും കെട്ടഴിഞ്ഞ് കുഴഞ്ഞുമറിഞ്ഞ ലോകത്ത് ആനന്ദാനുഭൂതികളുടെ മായക്കാഴ്ചകൾ തേടിയലയുന്നതിനെക്കാൾ അഭികാമ്യം പരമമായ സ്നേഹവും പങ്കുവെക്കലുമൊെക്കയാണെന്ന് ഫഹദ് കഥാപാത്രങ്ങൾ വൈകാതെ തിരിച്ചറിയുന്നുണ്ട്. ഡോ. അരുണും അയ്മനം സിദ്ധാർഥനും അർജുനും പ്രകാശനും മാത്രമല്ല, ഒ.സി.പി.ഡി രോഗിയായ ഹരികൃഷ്ണനും (24 നോർത്ത് കാതം), ഗൗതമും (റോൾമോഡൽസ്) മറ്റും ഇങ്ങനെ ആന്തരികമായ പരിവർത്തനത്തിന് വിധേയമായ കഥാപാത്രങ്ങളാണ്.
'ഡയമണ്ട് നെക്ലെയ്സി'ൽ ലക്ഷ്മിയുടെ അചഞ്ചലമായ പ്രണയവും അനിതരസാധാരണമായ നിശ്ചയദാർഢ്യവും പെൺമനസ്സിനെക്കുറിച്ചുള്ള അരുണിെൻറ സങ്കൽപങ്ങളിൽ വിള്ളലുകൾ വീഴ്ത്തുന്നു. മായയോടൊത്തുള്ള സൗഹൃദനിമിഷങ്ങളും രാജശ്രീയെന്ന 'പൊട്ടിപ്പെണ്ണി'െൻറ നിസ്വാർഥമായ സ്നേഹവും അരുണിെൻറ പൊള്ളയായ അസ്തിത്വത്തെ പരിഷ്കരിക്കുന്നു. 70 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 'ഡയമണ്ട് നെക്ലെയ്സ്' സ്നേഹസമ്മാനമായി നൽകാൻ മാത്രം അമൂല്യമാണ് സൗഹൃദബന്ധമെന്ന് മായയിലൂടെ അമ്പരപ്പോടെ അയാൾ തിരിച്ചറിയുന്നു. ഭാര്യ–ഭർതൃ ബന്ധത്തിലെ പരസ്പര സ്നേഹത്തോളം വരില്ല അത്തരം ഭൗതിക വസ്തുക്കളുടെ മൂല്യമെന്ന് നെക്ലെയ്സ് (കൃത്രിമമെങ്കിലും) കടലിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് രാജശ്രീ അയാളെ ബോധ്യപ്പെടുത്തുന്നു. ഓങ്കോളജിസ്റ്റ് ആയതിനാൽ മാരകരോഗം ബാധിച്ച ഒരുപാടുപേരെ ചികിത്സിക്കുന്നുണ്ടെങ്കിലും സ്വന്തം കാഴ്ചപ്പാടുകളെ ഗ്രസിച്ച മാരകമായ അർബുദത്തെ അന്നേവരെ അയാൾ തിരിച്ചറിഞ്ഞിരുന്നില്ല. അവസാനത്തെ ഷോട്ടിൽ അതുവരെ പഠിക്കാത്ത മഹത്തായ ഒരു പാഠം പഠിച്ച വിദ്യാർഥിയുടെ കൗതുകത്തോടെ രാജശ്രീയെ ആലിംഗനം ചെയ്യുന്ന അരുൺ ഒരു പുതിയ വ്യക്തിയായി പരിവർത്തനം ചെയ്യപ്പെടുകയാണ്.
കേവല പ്രായോഗികവാദ രാഷ്ട്രീയത്തിൽ നിന്നും ധാർമിക രാഷ്ട്രീയ ബോധത്തിലേക്കുള്ള സിദ്ധാർഥെൻറ പരിവർത്തനമാണ് 'ഒരു ഇന്ത്യൻ പ്രണയ കഥ'യുടെ പ്രമേയം. അനാഥാലയങ്ങളെക്കുറിച്ച് ഡോക്യുമെൻററി ചെയ്യാൻ കാനഡയിൽനിന്ന് ഇന്ത്യയിലെത്തിയ ഐറിൻ (അമല പോൾ) എന്ന ഇന്ത്യൻ വേരുകളുള്ള പെൺകുട്ടിയുമായുള്ള ബന്ധമാണ് സിദ്ധാർഥനിൽ മാറ്റത്തിെൻറ വിത്തുകൾ പാകുന്നത്. ഐറിെൻറ നിഗൂഢഭൂതകാലത്തേക്ക് അവരൊന്നിച്ചു നടത്തുന്ന യാത്രയാണ് ഇതിനാധാരം. ഐറിനിലൂടെ ജീവിതത്തിെൻറ സൂക്ഷ്മസങ്കീർണതകൾ അയാൾ അടുത്തറിയുകയും അതുവഴി ജീവിതത്തെക്കുറിച്ച് ക്രിയാത്മകമായ ഒരു കാഴ്ചപ്പാടിലെത്താൻ അയാൾക്ക് സാധിക്കുകയും ചെയ്യുന്നു. ഭൗതികനേട്ടങ്ങൾക്കുവേണ്ടി കപടവേഷം കെട്ടുന്ന രാഷ്ട്രീയപ്രവർത്തനം വെടിഞ്ഞ് ഗാന്ധിജി വിഭാവനം ചെയ്ത ധാർമിക രാഷ്ട്രീയത്തെ ആയാൾ ആശ്ലേഷിക്കുന്നു.
'ഞാൻ പ്രകാശനി'ലും ടീന, ശ്രുതി എന്നീ പെൺകുട്ടികളുമായുള്ള സമ്പർക്കമാണ് ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള അവേബാധം പ്രകാശനിൽ ജനിപ്പിക്കുന്നത്. ജർമനിയിൽ ജീവിതസൗഭാഗ്യങ്ങൾ സ്വപ്നം കാണുന്ന പ്രകാശനെ ഏറ്റവും മനോഹരമായ നാട് കേരളമാണെന്ന് ടീന (ദേവിക സഞ്ജയ്) ബോധ്യപ്പെടുത്തുന്നു. അധ്വാനത്തിെൻറ അന്തസ്സും അതിജീവന സാധ്യതയും ശ്രുതി (അഞ്ജു കുര്യൻ)യിലൂടെ അയാൾ തിരിച്ചറിയുന്നു. അധ്വാനിക്കാതെ സമ്പത്ത് നേടാനുള്ള കുറുക്കുവഴികൾ ഉപേക്ഷിച്ച് നഴ്സിെൻറ മാന്യമായ ജോലിചെയ്ത് ഉപജീവനം നടത്താൻ ഒടുവിൽ പ്രകാശൻ തയാറാവുന്നു. അങ്ങനെ പ്രകാശൻ പി.ആർ. ആകാശ് ആവാനുള്ള ശ്രമം ഉപേക്ഷിച്ച് പ്രകാശൻതന്നെയായി സാഭിമാനം ജീവിക്കാൻ തുടങ്ങുന്നു.
ബഹുതല വ്യാഖ്യാന സാധ്യതകളുള്ള 'കാർബണി'െൻറ പര്യവസാനത്തിൽ സിബിയിലും കാണാം ഈ മാറ്റം. പ്രകൃതിയാണ് യഥാർഥ നിധിയെന്ന തിരിച്ചറിവിലേക്ക് സിബി എത്തിച്ചേരുന്നു എന്ന വ്യംഗ്യസൂചനകൾ 'കാർബണി'ൽ കണ്ടെത്താം. പ്രകൃതിയുടെ രൂപകമായി പ്രത്യക്ഷപ്പെടുന്ന സമീറ (മംമ്ത മോഹൻദാസ്)യാണ് സിബിയിൽ ചലനങ്ങളുണ്ടാക്കുന്നത്. 'നോർത്ത് 24 കാത'ത്തിലെ ഹരികൃഷ്ണൻ എന്ന ഫഹദ് കഥാപാത്രവും നാരായണി (സ്വാതി റെഡ്ഡി) എന്ന തേൻറടിയായ പെൺകുട്ടിയോടൊപ്പം ആകസ്മികമായി നടത്തിയ യാത്രയിലൂടെ പരിവർത്തനം വന്ന കഥാപാത്രമാണ് ഒ.സി.പി.ഡി. രോഗിയായ ഹരികൃഷ്ണൻ ആഹാരശീലങ്ങളിലും ആരോഗ്യപരിപാലനത്തിലും കിടപ്പിലും നടപ്പിലുമെല്ലാം സൂക്ഷ്മമായ കാർക്കശ്യം പുലർത്തിയിരുന്നു. സാമൂഹീകരണ പ്രക്രിയയിലൂടെ കടന്നുപോവാത്തതിനാൽ സാമൂഹികബന്ധങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തനായിരുന്നില്ല അയാൾ. മധ്യവയസ്കനും രോഗിയുമായ ഗോപാലനും (നെടുമുടി വേണു) നാരായണിയുമൊത്തുള്ള അയാളുടെ യാത്ര പൊരുത്തക്കേടുകൾ നിറഞ്ഞതായിരുന്നു. എന്നാൽ ഈ അനുഭവങ്ങൾ സഹകരണം, സഹായസന്നദ്ധത, സ്നേഹം, പ്രണയം തുടങ്ങിയ മാനവിക മൂല്യങ്ങളിലേക്ക് ഹരികൃഷ്ണനെ ജ്ഞാനസ്നാനം ചെയ്യുന്നു. വികാരവും വിചാരവും പ്രണയവും ആശകളുമുള്ള ഒരു സമൂഹമനുഷ്യനായി ഹരികൃഷ്ണൻ മാറുന്നിടത്താണ് ആഖ്യാനം പര്യവസാനിക്കുന്നത്. സമാനമായ പരിവർത്തനങ്ങൾ '22 എഫ്.കെ'യിലെ സിറിലിലും 'ചാപ്പാക്കുരിശി'ലെ അർജുനിലും സംഭവിക്കുന്നുണ്ട്.
സമൂഹത്തെ മാറ്റിമറിക്കാനുള്ള ആൺകരുത്തിെൻറ വർധിത പ്രകടനങ്ങളല്ല, മറിച്ച് സ്വയം മാറാനുള്ള സന്നദ്ധതയാണ് ഫഹദ് കഥാപാത്രങ്ങളുടെ സവിശേഷത. വിപണിമൂല്യങ്ങളോടുള്ള ആസക്തിമൂലം മാനവികമൂല്യങ്ങൾ അന്യമായ യുവാവിെൻറ പിൽക്കാലപരിവർത്തനമാണ് ഇത്തരം കഥാപാത്രങ്ങളിൽ തെളിയുന്നത്. നന്മയുടെ അപാരമായ പരിവർത്തന സാധ്യതകൾക്ക് വിഷയീഭവിക്കുന്ന കഥാപാത്രങ്ങളാണ് ഇവയിലേറെയും.
'അയാൾ ഞാനല്ല' എന്നത് ഫഹദ് ഫാസിൽ അഭിനയിക്കുന്ന ഒരു സിനിമയുടെ പേർ മാത്രമല്ല, അദ്ദേഹം മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന മിക്ക സിനിമകളിലെയും കഥാപാത്ര സൃഷ്ടിയുടെ രസതന്ത്രം കൂടിയാണ്. 'അയാൾ ഞാനല്ല' എന്ന ചിത്രത്തിൽ സിനിമാനടനായ ഫഹദ് ആയി ഫഹദ് എന്ന സിനിമാ നടൻ വേഷം പകർന്ന പ്രകാശൻ എന്ന കഥാപാത്രം ആൾമാറാട്ടം നടത്തുകയാണ്. സ്വന്തം വ്യക്തിത്വത്തിൽനിന്ന് അപരവ്യക്തിത്വത്തിലേക്കുള്ള ചേക്കേറൽ ഒരു പൊതു പാറ്റേൺ എന്ന രീതിയിൽ ഫഹദിെൻറ മിക്ക കഥാപാത്രങ്ങളിലും ആവർത്തിച്ചുവരുന്നതായി കാണാം. ഫഹദിെൻറ താരശരീരത്തിൽ ഭാവപ്പകർച്ചയുടെ ഇരട്ട രാസപ്രവർത്തനം നടക്കുന്നുണ്ട്. ഫഹദ് കഥാപാത്രമാവുകയും കഥാപാത്രം മറ്റൊരാളായി അഭിനയിക്കുകയും ചെയ്യുന്നു. താനെന്താണോ അതായല്ല പല ചിത്രങ്ങളിലും ആദ്യഘട്ടത്തിൽ അയാൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അവസാന ഘട്ടമാവുമ്പോഴേക്കും ഇതുവരെ നിങ്ങൾ കണ്ട അയാൾ ഞാനല്ല എന്ന മട്ടിൽ അടിമുടി മാറിയ പ്രകൃതത്തിലും പ്രതികരണത്തിലും മറ്റൊരാളായ കഥാപാത്രത്തെയാണ് നമ്മൾ കാണുക.
'വരത്തൻ' എന്ന സിനിമയിലെ എബി എന്ന കഥാപാത്രം ഇത്തരത്തിൽ സങ്കൽപിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു കൂറയെപ്പോലും കൊല്ലാൻ മടിക്കുന്ന മിതവാദിയായിട്ടാണ് അയാൾ ആഖ്യാനത്തിെൻറ അവസാനഘട്ടം വരെ തുടരുന്നത്. സുരക്ഷിതമായ ദുൈബ ജീവിതത്തിൽനിന്ന് അരക്ഷിതത്വത്തിെൻറ ഗൂഢാശങ്കകൾ മൂടിനിൽക്കുന്ന കേരളീയ മലയോരമേഖലയിലേക്ക് ഭാര്യ പ്രിയ (ഐശ്വര്യ ലക്ഷ്മി)യുമൊത്ത് താമസിക്കാനെത്തുകയണ് കാഴ്ചയിലും ശീലങ്ങളിലും സൗമ്യനായ എബി. സ്വന്തം നാട്ടിൽ പിതാവിെൻറ പഴയ വീട്ടിലാണ് താമസമെങ്കിലും സൗന്ദര്യംകൊണ്ടും വസ്ത്രധാരണരീതികൊണ്ടും പുരുഷനോട്ടങ്ങളുടെ ഉപഭോഗവസ്തുവാകുന്ന പ്രിയക്ക് അവിടെ ജീവിക്കുക പ്രയാസകരമാവുന്നു. ജോസി, ജോൺ, ജിതിൻ എന്നീ മൂവർസംഘം പ്രിയയെ വാക്കുകൊണ്ടും നോക്കുകൊണ്ടും പീഡിപ്പിക്കുന്നു. അവരെക്കുറിച്ചുള്ള പ്രിയയുടെ പരാതികളെ എബി ഗൗരവമായി കാണുന്നില്ല. അവർ പ്രിയയുടെ കുളിമുറിയിലേക്ക് ഒളിഞ്ഞുനോക്കിയിട്ടും അവളുടെ ഉണക്കാനിട്ട അടിവസ്ത്രങ്ങൾ മോഷ്ടിച്ചിട്ടും കുളിമുറിയിൽ മൊബൈൽ കാമറ ഒളിപ്പിച്ചിട്ടും കാര്യമായ പ്രതികരണങ്ങൾ എബിയിൽനിന്നുണ്ടാവുന്നില്ല. അവളെ വണ്ടി ഇടിച്ച് പരിക്കേൽപിച്ച് അബോധാവസ്ഥയിൽ പീഡിപ്പിച്ചിട്ടും താരകഥാപാത്രങ്ങളെപ്പോലെ അയാൾ പ്രതികാരദാഹി ആവുന്നില്ല. ''നിന്നെക്കൊണ്ട് ഒന്നിനും കഴിയില്ല'' എന്ന് പ്രിയ അയാളെ വിമർശിക്കുന്നുണ്ട്. എന്നാൽ, അവസാന സീക്വൻസിൽ പത്തോളം വരുന്ന പാപ്പാളികൾ എന്ന പ്രമാണി സംഘത്തെ അക്ഷോഭ്യനായി നേരിടുന്ന എബിയെയാണ് നമ്മൾ കാണുന്നത്. ഒരിക്കലും പുറത്തുവെളിപ്പെടുത്താത്ത ഒരു കരുത്ത് എബി ശാന്തമായി ഉള്ളിൽ സൂക്ഷിച്ചിരുന്നു. ഒരു ''പാവത്താ''നാണെന്ന് മറ്റുള്ളവർ വിലയിരുത്തുമ്പോഴും ''മാവോവാദിയോ, ടെററിസ്റ്റോ'' എന്ന് അവർതന്നെ പിന്നീട് ഭയപ്പെടാനുള്ള ആഘാതശേഷി അയാൾക്കുണ്ടായിരുന്നു.
വെളിപ്പെടുത്താത്ത സ്വത്വവുമായി ചിത്രത്തിലൂടനീളം പെരുമാറുകയും ഒടുവിൽ നാടകീയമായി യഥാർഥ സ്വത്വത്തെ വെളിപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു ഫഹദ് കഥാപാത്രമാണ് 'കുമ്പളങ്ങി നൈറ്റ്സി'ലെ ഷമ്മി. സ്നേഹസമ്പനായ ഭർത്താവായും കരുതലുള്ള ജ്യേഷ്ഠനായും ഉത്തരവാദിത്തബോധമുള്ള മരുമകനായും ഭാര്യവീട്ടിൽ താമസിക്കുന്ന ഷമ്മിയിൽ പ്രത്യക്ഷത്തിൽ അസാധാരണത്വമൊന്നുമില്ല. എങ്കിലും മറ്റുള്ളവർക്ക് ഉള്ളുതുറന്ന് അടുക്കാൻ മടിതോന്നുന്ന എന്തോ ഒന്ന് അയാളെ പൊതിഞ്ഞുനിൽക്കുന്നുണ്ട്. ഭാര്യാസഹോദരിയായ ബേബിമോൾക്ക് വേണ്ടി വിവാഹാലോചനയുമായി വന്ന സജി (സൗബിൻ), ബോബി (ഷൈൻ നിഗം) സഹോദരന്മാരെ ഇകഴ്ത്തി തന്ത്രപരമായി മടക്കി അയക്കാനുള്ള ബുദ്ധിസാമർഥ്യമയാൾക്കുണ്ട്. ബേബി മോളും ബോബിയുമായുള്ള ബന്ധത്തെ പദവി, പണം തുടങ്ങിയവയിലെ അസമത്വമുയർത്തിക്കാട്ടി തികഞ്ഞ നയതന്ത്ര ബുദ്ധിയോടെയാണ് അയാൾ നിരുത്സാഹപ്പെടുത്തുന്നത്. എന്നാൽ, ഉത്തരവാദിത്തബോധവും ബുദ്ധിശക്തിയും മെയ്ക്കരുത്തും ഒത്തിണങ്ങിയ വ്യക്തിത്വമെന്ന േപ്രക്ഷകധാരണകളെ തകിടംമറിച്ചുകൊണ്ട് അവസാനഘട്ടത്തിൽ അക്രമണോത്സുകനായ മനോരോഗിയായി ഷമ്മിയുടെ ഒളിച്ചുവെക്കപ്പെട്ട വ്യക്തിത്വം പുറത്തുവരുന്നു. ഭാര്യയെയും അനിയത്തിയെയും അമ്മയെയും പരിക്കേൽപിച്ച് ബന്ദികളാക്കി, അക്രമം തടയാനെത്തിയ മൂന്നു ചെറുപ്പക്കാരെ മാരകമായി പരിക്കേൽപിച്ച് ഉന്മാദമൂർച്ഛയിലെത്തിയ ഒരു സൈക്കോ കഥാപാത്രമായി ഷമ്മി തെൻറ സ്വത്വം വെളിവാക്കുമ്പോൾ വ്യക്തിത്വത്തിെൻറ ഒളിച്ചുകളിയിൽ തെൻറ മെയ്വഴക്കം ഒരിക്കൽകൂടി തെളിയിക്കുകയാണ് ഫഹദ്.
'ബാംഗ്ലൂർ ഡെയ്സിൽ' ദാസ് എന്ന ഫഹദ് കഥാപാത്രവും തെൻറ യഥാർഥ സ്വത്വത്തിനു മുകളിൽ അപര സ്വത്വത്തിെൻറ മൂടുപടം അണിഞ്ഞാണ് അവതരിക്കുന്നത്. ഫ്ലാറ്റിൽ അടഞ്ഞു കിടക്കുന്ന വാതിൽ തുറക്കുമ്പോൾ കുഞ്ചു (നസ്രിയ) കാണുന്നത് അതിനുള്ളിൽ അടച്ചുപൂട്ടിയ അവളുടെ ഭർത്താവ് ദാസിെൻറ ഭൂതകാലത്തെ തന്നെയാണ്. സദാ ജോലിയിൽ വ്യാപൃതനായ, കണിശക്കാരനായ കോർപറേറ്റ് എക്സിക്യൂട്ടിവ് ദാസ് ഒരു പ്രണയ ദുരന്തത്തിലെ നായകനാണെന്ന് കുഞ്ചു അപ്പോഴാണ് തിരിച്ചറിയുന്നത്. ബൈക്ക് റെയ്സിങ്ങും പ്രണയവുമായി ജീവിതമാഘോഷിച്ച തെൻറ ഭൂതകാലത്തെ ദാസ് അവളിൽനിന്ന് മറച്ച് പിടിക്കുകയായിരുന്നു. ഭാര്യക്കു മുന്നിലും കാമുകിമാർക്കു മുന്നിലും യഥാർഥ സ്വത്വത്തെ മറച്ചുപിടിക്കുന്ന ഡോ. അരുണും (ഡയമണ്ട് നെക്ലെയ്സ്), കൃത്രിമമായ മറ്റൊരു വ്യക്തിത്വത്തിലേക്ക് ചേക്കേറാൻ ശ്രമിക്കുന്ന പ്രകാശനും (ഞാൻ പ്രകാശൻ) ഗൂഢപദ്ധതികൾ ആവിഷ്കരിക്കുമ്പോഴും കാമുകിക്കു മുന്നിൽ ആർദ്രപ്രണയത്തിെൻറ ആൾരൂപമായി അവതരിക്കുന്ന സിറിലും (22 എഫ്.കെ), മോഷണത്തിെൻറ ദൃക്സാക്ഷികളായവർപോലും ''മോഷ്ടാവ് ഇയാളല്ലേ?'' എന്ന് സന്ദേഹിക്കുന്ന 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ കള്ളൻ കഥാപാത്രവും ദ്വന്ദ്വവ്യക്തിത്വത്തിെൻറ വേഷപ്പകർച്ചകളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഫഹദ് കഥാപാത്രങ്ങളാണ്.
* * * *
മലയാള ചലച്ചിത്രതാരങ്ങളുടെ ചരിത്രവഴികളിൽ മറ്റൊരു താരവും സഞ്ചരിക്കാത്ത സവിശേഷ മാർഗത്തിലൂടെയാണ് ഫഹദിെൻറ യാത്ര. മുൻകാല നായകവേഷങ്ങളെല്ലാം നിയതമായ കഥാപാത്ര രീതികളാണ് പ്രകടമാക്കിയിരുന്നത്. കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളും നിർവചിക്കപ്പെട്ട സഞ്ചാരപഥങ്ങളും പ്രവചന സാധ്യമായ പ്രതികരണ രീതികളും അവർക്കുണ്ടായിരുന്നു. അവരിൽ ഭൂരിപക്ഷം പേരും സർവഗുണ സമ്പന്നരും ധാർമിക സദാചാര നിഷ്ഠയുള്ളവരും കരുത്തരും സുകുമാരകലകളിൽ പ്രവീണ്യമുള്ളവരുമായിരുന്നു. എന്നാൽ, വിരുദ്ധഭാവങ്ങളുടെ അപ്രവചനീയതകൊണ്ട് ആശ്ചര്യപ്പെടുത്തുന്നുണ്ട് ഫഹദ് കഥാപാത്രങ്ങൾ. മറ്റു നടന്മാർ ആഖ്യാനത്തിലേക്ക് കഥാപാത്രമായി പ്രവേശിക്കുമ്പോൾ ഫഹദ് കഥാപാത്രങ്ങൾ ആഖ്യാനത്തിനകത്തുെവച്ച് ഒരാളിൽ തന്നെ വ്യത്യസ്ത കഥാപാത്രങ്ങളായി വിഭിന്നമാവുന്നുണ്ട്. നീചനും നായകനും തമ്മിൽ, കാമുകനും വഞ്ചകനും തമ്മിൽ ആഖ്യാനത്തിെൻറ ഏതു ഘട്ടത്തിൽ െവച്ചും പരസ്പരം വേഷങ്ങൾ കൈമാറാമെന്ന് അവർ നമ്മെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്.
താരനിർമിതിയെക്കുറിച്ചുള്ള 'സ്റ്റാർസ്' എന്ന തെൻറ വിഖ്യാത ഗ്രന്ഥത്തിൽ താരബിംബം എന്നത് സാംസ്കാരിക നിർമിതിയാണെന്നും താരങ്ങൾ പ്രതിനിധാനംചെയ്യുന്ന ചിഹ്നങ്ങളും ഉൽപാദിപ്പിക്കുന്ന അർഥങ്ങളും അവർ സർക്കുലേറ്റ് ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന സാംസ്കാരിക സന്ദർഭങ്ങളുടെ ഉൽപന്നങ്ങളാണെന്നും റിച്ചാർഡ് ഡയർ നിരീക്ഷിക്കുന്നു. സാമൂഹികവും സാംസ്കാരികവുമായി പൊതുവെ പങ്കുവെക്കപ്പെടുന്ന പൗരുഷഗുണങ്ങളെക്കുറിച്ചുള്ള അർഥങ്ങൾ പ്രതിനിധാനംചെയ്യുന്നതിലൂടെയാണ് ആൺതാരങ്ങൾ വിപണിവിഭവങ്ങളാവുന്നത് എന്നാണ് ഡയറിെൻറ നിഗമനം. സമൂഹത്തിൽ അധീശത്വം നിലനിർത്തുന്ന പുരുഷ/സവർണ മൂല്യങ്ങൾ ഒളിച്ചുകടത്തപ്പെടുന്ന പ്രതലങ്ങളാണ് താരശരീരങ്ങൾ എന്നാണ് താരപരിവേഷത്തെക്കുറിച്ച് ഡയറിനെ പിന്തുടർന്ന് രൂപപ്പെട്ട പൊതു സാംസ്കാരികപാഠം. എന്നാൽ, ഫഹദ് കഥാപാത്രങ്ങൾ ഇത്തരം മുൻവിധികളെ പലപ്പോഴും പ്രശ്നവത്കരിക്കുന്നതായി കാണാം. സവർണ മേൽക്കോയ്മ പുനുരുൽപാദിപ്പിക്കുന്ന കഥാപാത്രമായി അദ്ദേഹം ഏറെയൊന്നും വേഷപ്പകർച്ച നടത്തിയിട്ടില്ല. ഉപരിവർഗ ക്രിസ്ത്യൻ കുടുംബ പശ്ചാത്തലം ചില കഥാപാത്രങ്ങൾക്കുണ്ടെങ്കിലും ആഖ്യാനത്തിെൻറ ഉൗന്നൽ ഒരിക്കലും അതിലേക്കല്ല.
ആൺകോയ്മയുടെ പ്രകടനപരത ഫഹദ് കഥാപാത്രങ്ങളുടെ മുൻഗണനയാവുന്നുമില്ല. മാത്രമല്ല, ആണധികാരത്തിെൻറ പ്രകടനപ്രരൂപമായി ചിഹ്നവത്കരിക്കപ്പെടുന്ന ലിംഗത്തെ മുറിച്ചെടുക്കാൻ അനുവദിച്ച് സ്വയം ഷണ്ഡീകരിക്കപ്പെടാൻ തയാറായ പുരുഷതാരങ്ങൾ അപൂർവമായിരിക്കും. ഏകശിലാത്്മകമായ ആഖ്യാനത്തിൽ ഏകപക്ഷീയമായ അധീശത്വം നിലനിർത്തുന്ന കഥാപാത്രങ്ങളായിട്ടല്ല, ബഹുതലത്തിൽ വിപര്യയം സംഭവിക്കുന്ന ആഖ്യാനങ്ങളിലൊന്നിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായാണ് (ടെയ്ക് ഓഫ്, കുമ്പളങ്ങി നൈറ്റ്സ്, ൈഫ്രഡേ) ഫഹദ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. താരസൃഷ്ടിയുടെ അനിവാര്യ ഘടകങ്ങളായി കരുതപ്പെടുന്ന ഫാൻസ് അസോസിയേഷൻ, ഗോസിപ്പ് കോളങ്ങളിലെ പൊങ്ങച്ച ചർച്ചകൾ, വ്യക്തിജീവിതത്തെക്കുറിച്ചുള്ള മാധ്യമ വ്യവഹാരങ്ങൾ തുടങ്ങി ചലച്ചിത്രബാഹ്യമായ യാതൊന്നിലും പൊതുവെ ഫഹദ് തൽപരനല്ല (''ജനങ്ങൾ എെൻറ സിനിമ കണ്ടാൽ മതി, എന്നെ കുറിച്ച് അവരൊന്നും അറിയേണ്ടതില്ല'' എന്ന് മഴവിൽ മനോരമയിലെ അഭിമുഖത്തിൽ). പ്രത്യയശാസ്ത്രം, ചരക്കുവത്കരണം, ചിഹ്നവത്കരണം തുടങ്ങിയ സാംസ്കാരിക പാഠസംജ്ഞകൾകൊണ്ട് അത്ര എളുപ്പത്തിൽ നിർധാരണം ചെയ്യാൻ സാധിക്കാത്ത സങ്കീർണതകൾ ഫഹദ് കഥാപാത്രങ്ങളിൽ സമ്മേളിക്കുന്നുണ്ട്.
ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകയും സാംസ്കാരിക വിമർശകയുമായ ജാക്കി സ്റ്റേസിയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. കാലികമായ സവിശേഷതകളും സ്ഥലപരമായ പ്രത്യേകതകളും പ്രതിനിധാന പ്രക്രിയയിൽ ഏറെ പ്രധാനമാണെന്ന് അവർ വാദിക്കുന്നു. താരനിർമിതിയുടെ രസതന്ത്രം അതിെൻറ സൂക്ഷ്മതയിൽ തിരിച്ചറിയണമെങ്കിൽ കാലികമായ സവിശേഷമുഹൂർത്തത്തിൽ പ്രസ്തുത പ്രക്രിയയെ സന്ദർഭവത്കരിക്കുകയും സവിശേഷമായ ഉൽപാദന/ ഉപഭോഗ രീതികളിൽ അതിനെ വിശകലനം ചെയ്യുകയും വേണമെന്ന് അവർ പറയുന്നു. ഫഹദ് കഥാപാത്രങ്ങളെ അങ്ങനെ വിലയിരുത്തുമ്പോൾ ദ്രുതഗതിയിലുള്ള വിപണിവത്കരണത്തിന് നിർജീവമായി കീഴ്പ്പെടുന്ന ഒരു സമൂഹത്തിെൻറ സവിശേഷ സന്ദർഭത്തെയാണ് അത്തരം കഥാപാത്രങ്ങൾ പ്രതിനിധാനംചെയ്യുന്നത് എന്ന് മനസ്സിലാക്കാം. ഉൽപാദനത്തിനോട് താൽപര്യമില്ലാതെ ഉപഭോഗത്തിനോടും മൂലധനത്തിനോടും ആസക്തിപ്പെടുന്ന ആഗോളീകരണാനന്തര പൊതുബോധത്തിൽനിന്നാണ് ഫഹദിെൻറ കഥാപാത്രങ്ങൾ പലതും പിറവിയെടുക്കുന്നത്. ജന്മി^കുടിയാൻ ഭൂബന്ധങ്ങൾ നിലനിന്നിരുന്ന അറുപതുകൾവരെയും േശഷം രൂപപ്പെട്ട വെൽെഫയർ ജനാധിപത്യ സാമൂഹിക ഘടനയിലും സങ്കീർണതകളേതുമില്ലാത്ത നായക കഥാപാത്രങ്ങൾ ചലച്ചിത്രാഖ്യാനങ്ങളുടെ കേന്ദ്രങ്ങളിൽ സ്ഥാനപ്പെടുത്തപ്പെട്ടിരുന്നു. അവരിൽ പലരും ആദർശ സമൂഹത്തിെൻറ സൃഷ്ടിക്കായി ആേക്രാശിക്കുന്നവരും ആയുധമെടുത്തവരുമായിരുന്നു. നവോത്ഥാന മൂല്യങ്ങളുടെ പ്രചാരകരായും പിൽക്കാലത്ത് ഇടതുപക്ഷ മതേതര പൊതുബോധത്തിെൻറ ദൃശ്യപ്രതിനിധാനങ്ങളായും അതതുകാലങ്ങളിലെ നായകന്മാർ വെള്ളിത്തിരയിൽ നിറഞ്ഞാടി. എൺപതുകൾക്കു ശേഷം കേരളത്തിലെക്കൊഴുകിയ ഗൾഫ് പണം നമ്മുടെ സാമ്പത്തികരംഗത്തെ പുനഃസംഘാടനത്തിന് വിധേയമാക്കുകയും സാമൂഹികതലത്തിൽ ആദർശസമൂഹത്തെക്കുറിച്ചുള്ള സാമ്പ്രദായിക സങ്കൽപങ്ങൾക്ക് വിള്ളലുകൾ വീഴ്ത്തുകയും ചെയ്തു. സാമൂഹികവ്യവഹാരങ്ങളിൽ പണം ഒരു അനിഷേധ്യ ശക്തിയായി വളരുകയും സാമ്പ്രദായിക സാമൂഹിക േശ്രണികൾ തകർന്ന് മൂലധനത്തിെൻറ അടിസ്ഥാനത്തിലുള്ള േശ്രണികൾ രൂപപ്പെടുകയും ചെയ്തു. സാമൂഹികമാറ്റങ്ങൾക്ക് ഉൾേപ്രരകമായി വർത്തിച്ച രാഷ്ട്രീയ–സാമൂഹിക–സാമുദായിക സംഘടനകൾക്ക് ധാർമികമായ അധഃപതനം സംഭവിച്ച ഈ കാലഘട്ടത്തിലാണ് ക്രമരാഹിത്യത്തിൽനിന്നും ക്രമത്തെ പുനഃസ്ഥാപിക്കുന്ന ബ്യൂറോക്രാറ്റ് നായകന്മാർ രംഗപ്രവേശനം ചെയ്യുന്നത്. അരാഷ്ട്രീയവത്കരിക്കപ്പെട്ട പ്രബല മധ്യവർഗത്തിെൻറ ഭാവുകത്വ സൃഷ്ടിയായിരുന്നു സർവശക്തരായ അതീത നായകന്മാർ.
കമ്പോളത്തിെൻറ യുക്തിക്കനുസരിച്ച് ഒരു ജനതയുടെ താൽപര്യങ്ങളും അഭിലാഷങ്ങളും തൃഷ്ണകളും പ്രകൃതവും രൂപപ്പെട്ടുവരുകയും ഫ്യൂഡൽ, ബൂർഷ്വാ കാലഘട്ടങ്ങളിൽ പരിരക്ഷിക്കപ്പെട്ടുപോന്നിട്ടുള്ള മൂല്യസങ്കൽപങ്ങൾ ശിഥിലമാവുകയും ചെയ്യുന്ന ഒരു ചരിത്രസന്ദർഭത്തിലാണ് ഫഹദിെൻറ താരോദയം. ലാഭേച്ഛ, വിപണിസാധ്യത, കെട്ടുകാഴ്ച, പുറംമോടി തുടങ്ങിയ ഉൽപന്ന വിപണിയുടെ തന്ത്രരീതികളിലേക്ക് വ്യക്തിസത്ത തർജമ ചെയ്യപ്പെടുന്ന സന്ദർഭംകൂടിയാണിത്. പരസ്യങ്ങൾ, പ്രമോ വിഡിയോകൾ, ഡിസൈനിങ്, മാനേജീരിയൽ പെരുമാറ്റ രീതികൾ എന്നിവയുടെ കാര്യക്ഷമമായ നിർവഹണത്തിലൂടെ പൊതുജനസ്വീകാര്യത നേടിയെടുക്കാമെന്ന നവീന ദർശനമാണ് ഫഹദ് കഥാപാത്രങ്ങളിൽ പ്രവർത്തനക്ഷമമാവുന്നത്. ധാർമികത, സദാചാരം, സ്നേഹം തുടങ്ങിയ മൂല്യങ്ങളിൽ വലിയ രീതിയിലുള്ള പുനഃസംഘാടനം ഫഹദ് കഥാപാത്രങ്ങളിൽ ദൃശ്യമാണ്. വ്യക്തികേന്ദ്രീകൃതവും ഉപഭോഗകേന്ദ്രീകൃതവുമായ മൂല്യവ്യവസ്ഥയിൽനിന്നുകൊണ്ട് ആസക്തി ജീവിതത്തിെൻറ വർത്തമാനകാലം ആസ്വദിക്കുന്ന (''ഞാൻ ഭൂതകാലത്തെ ഓർത്ത് ഖേദിക്കാറില്ല, ഭാവിയെക്കുറിച്ചോർത്ത് ആശങ്കപ്പെടാറില്ല, വർത്തമാനകാലമാണ് എെൻറ യാഥാർഥ്യം'' – ഡോ. അരുൺ) കഥാപാത്രങ്ങൾ അങ്ങനെയാണ് രൂപപ്പെടുന്നത്. പ്രകടിത ഭാവങ്ങൾക്കുള്ളിൽ യഥാർഥ സ്വത്വത്തെ മെയ്വഴക്കത്തോടെ മറച്ചുപിടിക്കുന്ന, സങ്കീർണ മാനസിക ഘടനയുള്ള, മനോരോഗികളായ, ചോരനും ഹൃദയചോരനുമായ കഥാപാത്രങ്ങൾ പൂർണമായും വിപണിവത്കരിക്കപ്പെട്ട, വ്യക്തിസത്തയും വിപണി മൂല്യങ്ങളും സങ്കീർണമായി കെട്ടുപിണഞ്ഞുകിടക്കുന്ന അടിയന്തര വർത്തമാനത്തിെൻറ സൃഷ്ടികളാണ് അവർ. കുടില തൃഷ്ണകളുടെ ഇരുണ്ട മാളങ്ങളിൽനിന്ന് അപൂർവമായി മാത്രം സ്വന്തം സ്വത്വത്തിെൻറ തല പുറത്തേക്കിടുന്ന സർപ്പചലനങ്ങളിലൂടെയാണ് ഫഹദ് ഒരു താരമായി അടയാളപ്പെടുത്തുന്നത്.
സമൂഹം എന്ന ആശയംപോലും പ്രശ്നവത്കരിക്കപ്പെട്ട ഒരുകാലത്ത് സാമൂഹികമാറ്റം ഒരു അസാധ്യതയായി ഫഹദ് കഥാപാത്രങ്ങൾ തിരിച്ചറിയുന്നുണ്ട്. സാമൂഹികപ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിൽ ബൃഹദാഖ്യാനങ്ങൾക്ക് സംഭവിച്ച പരാജയവും അതീത വ്യക്തിത്വങ്ങളിൽ ജനതക്കുണ്ടായ വിശ്വാസനഷ്ടവും വ്യക്തികളെ സ്വയം പരിവർത്തനത്തിെൻറ പാതയിലേക്ക് തിരിയാൻ േപ്രരിപ്പിച്ച ഒരു ചരിത്രഘട്ടത്തെക്കൂടി ഫഹദ് കഥാപാത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നുണ്ട്. കേന്ദ്രീകൃതമായ ഉൽപാദന സമ്പ്രദായമില്ലാത്ത വിപണിയും കേന്ദ്രീകൃതമായ ഉറവിട സംവിധാനമില്ലാത്ത സോഷ്യൽ മീഡിയയും സങ്കീർണമായ രീതിയിൽ ശ്ലഥമാക്കിയ സമൂഹമെന്ന വഴുവഴുപ്പുള്ള പ്രതലത്തിൽ സ്വയം സ്ഥാനപ്പെടുത്താൻ സാമൂഹിക പരിഷ്കരണമല്ല സ്വയം പരിവർത്തനമാണ് അഭികാമ്യം എന്ന് അവർ മനസ്സിലാക്കുന്നു. ദമിതകാമനയുടെ ഭൂഗർഭ അറകളിലൂടെ വ്യക്തിത്വത്തിെൻറ ഒളിച്ചുകളി നടത്തുമ്പോഴും സ്വയം പരിവർത്തനത്തിെൻറ കാൽപനിക സാധ്യതകൾ അവർ നെഞ്ചിലേറ്റുന്നു. ആണധികാരത്തിെൻറ പ്രത്യയശാസ്ത്ര വിവക്ഷകൾ നിരന്തരം ചോദ്യംചെയ്യപ്പെടലിന് വിധേയമാവുന്ന പ്രത്യയശാസ്ത്രാനന്തര കാലത്തെക്കൂടി ഫഹദ് തെൻറ താരശരീരത്തിൽ അടയാളപ്പെടുത്തുന്നു. (മിക്ക ഫഹദ് വേഷങ്ങളും സ്ത്രീകളാൽ സ്വാധീനിക്കപ്പെടുന്നത് ആകസ്മികമല്ല) അതുകൊണ്ട് തന്നെ ഉറഞ്ഞുകൂടിയ സർവാധികാരരൂപത്തെയല്ല ശിഥിലമായി ഒഴുകിനടക്കുന്ന വിനീത ഭാവത്തെയാണ് ഫഹദിെൻറ പുരുഷ കഥാപാത്രങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഏത് രൂപത്തിലേക്കും ഭാവത്തിലേക്കും തർജമചെയ്യാൻ കഴിയുന്ന അപകടകരമായ വഴക്കം ആ വിനയത്തിനുണ്ട്.ഫഹദ് വേഷം പകർന്ന മുഴുവൻ കഥാപാത്രങ്ങളും മേൽ സൂചിപ്പിച്ച സവിശേഷതകൾ പ്രകടമാക്കുന്നു എന്നല്ല ഈ ലേഖനത്തിൽ വാദിക്കുന്നത്. 'ടെയ്ക് ഓഫ്', 'അന്നയും റസൂലും', 'ആമേൻ', 'ഇയ്യോബിെൻറ പുസ്തകം' , തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവിടെ ഉന്നയിച്ച വാദങ്ങളെ അപ്രസക്തമാക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അപ്പോഴും താരസൃഷ്ടിയുടെ സാമ്പ്രദായിക ചേരുവകളെയും സൈദ്ധാന്തിക വ്യവഹാരങ്ങളെയും നിർദയം അവഗണിച്ചുകൊണ്ടാണ് ഫഹദിെൻറ ചലച്ചിത്ര സഞ്ചാരം. ദ്രുതപേശീചലനങ്ങൾകൊണ്ട് ഭാവസങ്കീർണതയുടെ സൂക്ഷ്മതലങ്ങളെ അനായാസം പ്രകാശിപ്പിക്കാൻ കഴിയുന്ന അസാധ്യമായ കഴിവ് ഫഹദിനുണ്ട്. വർത്തമാനകാലത്തെ സൂക്ഷ്മമായി തെൻറ ഉടലിലേക്ക് സന്നിവേശിപ്പിച്ച ഈ അതുല്യനടന്ന് അഭ്രപാളികളിൽ അത്ഭുതം തീർക്കുക എന്നത് ഒരു അസാധ്യതയേ അല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.