പിക്കാസോയുടെ ക്രൗര്യത്തെ അതിജീവിച്ച പെണ്മ - ഫ്രാങ്​സ്വ ജിലോയെ അനുസ്​മരിക്കുന്നു

പെൺമയുടെ അതിജീവനത്തെ വരയിലൂടെയും വാക്കിലൂടെയും സുവിദിതമായി വ്യാഖ്യാനിച്ച് ലിംഗ തന്മയെ പ്രകടമായി വിളംബരം ചെയ്ത ലോകപ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായിരുന്നു ഫ്രാങ്​സ്വ ജിലോ (Francoise Gilot). 2023 ജൂൺ 6ന് 101ാം വയസ്സിൽ അവർ ലോകത്തോട് വിടപറഞ്ഞു. 1921ൽ പാരിസിന്റെ പ്രാന്തപ്രദേശത്ത് ജനിച്ച ജിലോ ബാല്യത്തിൽതന്നെ ചിത്രകലയിൽ അതിയായ അഭിരുചി പ്രകടമാക്കിയിരുന്നു. ആർട്ട് ഹിസ്റ്ററി, സെറാമിക്സ്, വാട്ടർ കളർ പെയിന്റിങ് എന്നിവയിൽ അവളുടെ അമ്മയാണ് ആദ്യ അധ്യാപിക. ചിത്രകലാ പരിശീലനങ്ങൾക്കിടെ സോർബോണിലും പാരിസിലെ ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു. കേംബ്രിജ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം...

പെൺമയുടെ അതിജീവനത്തെ വരയിലൂടെയും വാക്കിലൂടെയും സുവിദിതമായി വ്യാഖ്യാനിച്ച് ലിംഗ തന്മയെ പ്രകടമായി വിളംബരം ചെയ്ത ലോകപ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായിരുന്നു ഫ്രാങ്​സ്വ ജിലോ (Francoise Gilot). 2023 ജൂൺ 6ന് 101ാം വയസ്സിൽ അവർ ലോകത്തോട് വിടപറഞ്ഞു.

1921ൽ പാരിസിന്റെ പ്രാന്തപ്രദേശത്ത് ജനിച്ച ജിലോ ബാല്യത്തിൽതന്നെ ചിത്രകലയിൽ അതിയായ അഭിരുചി പ്രകടമാക്കിയിരുന്നു. ആർട്ട് ഹിസ്റ്ററി, സെറാമിക്സ്, വാട്ടർ കളർ പെയിന്റിങ് എന്നിവയിൽ അവളുടെ അമ്മയാണ് ആദ്യ അധ്യാപിക. ചിത്രകലാ പരിശീലനങ്ങൾക്കിടെ സോർബോണിലും പാരിസിലെ ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു. കേംബ്രിജ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.

പിന്നീട് അവർ ഹംഗേറിയൻ-ഫ്രഞ്ച് ചിത്രകാരനായ എൻഡ്രെ റോസ്‌ഡയിൽനിന്ന് ചിത്രകലയിൽ കൂടുതൽ വിപുലമായ പരിശീലനം നേടി. സമ്പന്നനായ പിതാവിന്റെ താൽപര്യങ്ങളിൽനിന്നും ഏകാധിപത്യത്തിൽനിന്നും മോചനം നേടിയാണ് ഫ്രാങ്സ്വ തന്റെമാത്രം വരകളുടെ സുരക്ഷയിലേക്ക് ചേക്കേറിയത്.

1940 ജൂണിൽ പാരിസിലെ ജർമൻ അധിനിവേശം ആരംഭിച്ചു. ആർക്ക് ഡി ട്രയോംഫിൽ നടന്ന ജർമൻ വിരുദ്ധ പ്രതിഷേധ മാർച്ചിൽ ഫ്രാങ്സ്വ മറ്റ് വിദ്യാർഥികളോടൊപ്പം ചേർന്നു. ഫ്രഞ്ച്, ജർമൻ അധികാരികളുമായുള്ള ഏറ്റുമുട്ടലിൽ, അറസ്റ്റിലാവുകയും കുറച്ചുകാലം തടങ്കലിൽ ​െവക്കപ്പെടുകയും നിരീക്ഷണത്തിലാവുകയും ചെയ്തു.

ഫ്രാങ്​സ്വ ജിലോ പിക്കാസോക്കൊപ്പം (1951ലെ ചിത്രം)

പിന്നീട് വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുമായുള്ള പ്രണയജീവിതത്തോടെ ഫ്രാങ്സ്വയുടെ ചിത്രകലാ ജീവിതവും പൊതുജീവിതവും അവരുടെ അസ്തിത്വത്തിന്റെ സ്ഥലം മുഴുവൻ ​ൈകയടക്കുന്ന സ്വകാര്യാധികാരത്തിന്റെ ചതുരക്കളമായി മാറി. അവരുടെ ജീവിതത്തിൽ അസ്ഥിരമായ ഒരു അധ്യായം അവിടെ ആരംഭിച്ചു.

ഫ്രാങ്സ്വ ജിലോയുടെ അധ്യാപകനായ സർറിയലിസ്റ്റ് ചിത്രകാരൻ എൻഡ്രെ റോസ്ഡ ജൂതനായിരുന്നു. 1943, അധിനിവേശ ജർമനി വിദേശ ജൂതന്മാരെ വളയാൻ തുടങ്ങിയിരുന്ന കാലം, റോസ്ഡ ബുഡാപെസ്റ്റിന്റെ സുരക്ഷിതത്വത്തിലേക്ക് പുറപ്പെടുകയായിരുന്നു. ട്രെയിൻ സ്റ്റേഷനിൽനിന്ന് പുറത്തേക്ക് നീങ്ങുമ്പോൾ 21 വയസ്സുള്ള ഫ്രാങ്സ്വ ജിലോയുടെ ‘‘ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്’’ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് അദ്ദേഹം വിളിച്ചുപറഞ്ഞു: ‘‘വിഷമിക്കരുത്, നീ ഇനി പാബ്ലോ പിക്കാസോയെ കണ്ടുമുട്ടില്ലെന്ന് ആർക്ക് പറയാൻ കഴിയും?’’ ഫ്രാങ്സ്വ മരിക്കുന്നതുവരെ ആ വാക്കുകൾ പ്രവചനമായും ശാപമായും ഓർത്തുകാണണം.

റോസ്ഡ യാത്രയായി രണ്ടു മാസത്തിനുശേഷം പിക്കാസോയുടെ ലെഫ്റ്റ് ബാങ്ക് സ്റ്റുഡിയോക്ക് സമീപമുള്ള ഒരു ചെറിയ റസ്റ്റാറന്റായ ലെ കാറ്റലനിൽ വെച്ചാണ് ഫ്രാങ്സ്വ ആദ്യമായി പിക്കാസോയെ കണ്ടുമുട്ടുന്നത്. പിക്കാസോ അവരെ തന്റെ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുകയും തുടർന്നുള്ള സൗഹൃദം 22 വയസ്സുള്ള ഫ്രാങ്സ്വയും 62കാരനായ പിക്കാസോയും തമ്മിലുള്ള പ്രണയബന്ധത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.

എന്നാൽ, സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തിന് കേളികേട്ട, ലൈംഗികോന്മാദങ്ങളുടെ തടവറയിലായിരുന്ന പിക്കാസോയുമൊത്തുള്ള ഒരു ദശാബ്ദകാലത്തെ ഫ്രാങ്സ്വ ജിലോയുടെ ജീവിതം അതിദാരുണമായിരുന്നു. അവരുടെ സ്നേഹവും ബഹുമാനവും വിശ്വാസവും ആർജിക്കുന്നതിലുപരി അവരെ ബന്ധനസ്ഥയാക്കി ഭൗതികമായി മാത്രം സ്വന്തമാക്കുക എന്നതായിരുന്നു പിക്കാസോയുടെ പ്രണയസാഫല്യം. ഒരു സാമൂഹികജീവി എന്ന നിലയിലും ചിത്രകാരി എന്ന നിലയിലും സ്വയം ആവിഷ്കരിക്കാനും ലോകത്തെ ആവിഷ്കരിക്കാനുമുള്ള അർഹത ഫ്രാങ്സ്വക്കുണ്ടെന്ന് പിക്കാസോ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. കലാകാരികൾ എന്ന ധൈഷണിക സമുദായത്തിലെ അംഗമാകാൻ ഫ്രാങ്സ്വ യോഗ്യയല്ലെന്ന് ആണധികാരത്തിന്റെയും ധൈഷണികമായ താൻപോരിമയുടെയും വക്താവായ പിക്കാസോ കരുതിക്കാണണം.

ഫ്രാങ്സ്വ എപ്പോഴും സ്വകാര്യവും ഗാർഹികവുമായ ജീവിതപരിസരത്തിൽ തളച്ചിടപ്പെട്ടു. അതുകൊണ്ടുതന്നെ ലൈംഗികാവയവപ്രധാനമായ ഒരു അസ്തിത്വം മാത്രമാണ് പിക്കാസോ അവരിൽ കണ്ടിരുന്നത്.

പിക്കാസോയുടെ ഏകാധിപത്യം അവർ തന്റെ പിതാവിൽനിന്ന് അനുഭവിച്ചതിനേക്കാൾ ക്രൂരവും നിർദയവുമായിരുന്നു. പിക്കാസോയുടെ രണ്ടു മക്കൾക്ക് ജന്മം കൊടുത്തതിനുശേഷവും ഫ്രാങ്സ്വ വീണ്ടും ഗർഭിണിയാകണമെന്ന് പിക്കാസോ നിർബന്ധിച്ചെങ്കിലും അവർ ശക്തമായി എതിർത്തു. കുഞ്ഞുങ്ങൾ ഉണ്ടാവുക എന്നതിനപ്പുറം ഫ്രാങ്സ്വയുടെ ശരീരം ക്ഷീണിച്ചു കാണുക എന്നതായിരുന്നു വരകൾകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ആ കലാകാരന്റെ ലക്ഷ്യമെന്നും അവർ പിന്നീട് എഴുതി.

കുടുംബബന്ധത്തിന്റെ ആ സംക്ഷോഭത്തിനിടയിലാണ് പിക്കാസോ ഒരു ഗർഭിണിയുടെ ശിൽപം നിർമിക്കുന്നത്. ആ ശിൽപനിർമിതിയിൽ ഫ്രാങ്സ്വ വിയോജിപ്പ് രേഖപ്പെടുത്തിയതിൽ കോപാകുലനായ പിക്കാസോ അതിന്റെ കാലുകൾ അരിഞ്ഞുകളഞ്ഞു. ‘‘എന്റെ സ്വന്തം കാലിൽ നടക്കാൻ എനിക്ക് പ്രാപ്തിയുണ്ട്’’ എന്ന് പറഞ്ഞുകൊണ്ടാണ് പിക്കാസോയുടെ ആ ക്രൂരതയോട് അവർ പ്രതികരിച്ചത്. ഫ്രാങ്സ്വ അത് പിന്നീട് പ്രവർത്തിച്ച് കാണിച്ചു.

മോഡലുകളും ആരാധകരും ഉൾപ്പെടെ തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന സ്ത്രീകളെ ആഭാസകരമായ ലൈംഗിക റൊമാൻസിന്റെ ഇരകളാക്കാതെ വെറുതെ വിട്ട ചരിത്രം പിക്കാസോക്ക് ഇല്ലായിരുന്നു. ചിലർ ആത്മഹത്യവരെ ചെയ്തുവത്രേ. ഒരു ഘട്ടത്തിൽ ഫ്രാങ്സ്വ ജിലോ പിക്കാസോയെ വിശേഷിപ്പിച്ചത് ബ്ലൂ ബിയേഡ് (blue beard) എന്നാണ്. യൂറോപ്യൻ നാടോടി കഥകളിലെ, നിരവധി സ്ത്രീകളെ വിവാഹം കഴിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന വില്ലൻ കഥാപാത്രമാണ് ബ്ലൂ ബിയേഡ്. പിക്കാസോയുടെ ജീവിതത്തിലൂടെ കടന്നുവന്ന സ്ത്രീകളെക്കുറിച്ച് പഠിക്കുകയാണെങ്കിൽ ഈ വിശേഷണം പൂർണമായും തെറ്റായിരിക്കില്ല. ഫ്രാങ്സ്വയുടെ കവിൾത്തടത്തിൽ പിക്കാസോ സിഗരറ്റ് കൊണ്ട് കുത്തി പൊള്ളിച്ച അവസരംപോലുമുണ്ടായിട്ടുണ്ട്. പിന്നീട് അവർ അൽപാൽപമായി അടിമപ്പെടലിന്റെ പിക്കാസോ വർണങ്ങളെ അതിജീവിക്കാൻ തുടങ്ങി.സ്വയം കണ്ടെത്തിയ വഴികളിലൂടെ നടക്കാനും തീരുമാനിച്ചു.

പിക്കാസോയെ അനുകരിക്കുന്നതിനു പകരം യുദ്ധാനന്തര സ്കൂൾ ഓഫ് പാരിസുമായി ബന്ധപ്പെട്ട വർണാഭമായ അമൂർത്ത ശൈലി സ്വീകരിച്ചുകൊണ്ട് അവർ പെയിന്റിങ്ങും തുടർന്നു. 1952 ഏപ്രിലിൽ പാരിസിൽ അവർക്ക് നല്ല സ്വീകാര്യതയുള്ള ഒരു പ്രദർശനം വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ, ഇതൊന്നും പാബ്ലോ അംഗീകരിച്ചിരുന്നില്ല.

ഒടുവിൽ, പത്തു വർഷത്തിനുശേഷം 1953 സെപ്റ്റംബറിൽ പ്രക്ഷുബ്ധമായ ആ പ്രണയജീവിതം അവസാനിപ്പിക്കാൻ ഫ്രാങ്സ്വ ജിലോ അന്തിമമായി തീരുമാനിച്ചു. കൊടിയ പീഡനങ്ങൾ സഹിക്കാനാവാതെ വിഖ്യാത കലാകാരന്റെ നിന്ദ്യമായ ജീവിതത്തിൽനിന്ന് പടിയിറങ്ങിയപ്പോൾ അദ്ദേഹം നിയമപരമായും അല്ലാതെയും നടത്തിയ എല്ലാ വേട്ടയാടലുകളെയും അവർ ധീരമായി അതിജീവിച്ചു. പിന്നീട് ഫ്രാങ്സ്വ തന്റെ ജീവിതം പുനർനിർമിക്കുകയായിരുന്നു. അവർ പെയിന്റിങ് തുടരുകയും സൃഷ്ടികൾ പ്രദർശിപ്പിക്കുകയും പുസ്തക രചനകളിൽ മുഴുകുകയും ചെയ്തു. അവരുടെ ചിത്രങ്ങൾ കേവലമായ സ്ത്രീ വാദത്തിന്റെ മാനിഫെസ്റ്റോ ആയിരുന്നില്ല. മറിച്ച് പുരുഷപ്രണയത്തിന്റെ കാൽപനിക അടിമത്തം വിമോചിത സ്ത്രീ സങ്കൽപങ്ങൾക്ക് എങ്ങനെ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന് വരച്ചുകാണിക്കുന്നതായിരുന്നു. ജീവിതത്തിന്റെ വിളുമ്പിൽ തങ്ങിനിൽക്കേണ്ടിവരുന്ന അവസ്ഥ ജീവിതം പുനർ നിർമിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് അനുചിതമായിരിക്കില്ല എന്നവർ തിരിച്ചറിഞ്ഞു. പിന്നിട്ട വഴികളിൽ പിക്കാസോ വാരിവിതറിയ തീക്കനലുകൾ നിറക്കൂട്ടുകൾകൊണ്ടാണ് അവർ അതിജീവിച്ചത്.

അപ്പോഴും വഴിമാറി നടന്ന അവരുടെ ചിത്രരചനാ ജീവിതത്തെ അപവാദങ്ങൾകൊണ്ടും മറ്റു ബാഹ്യസമ്മർദങ്ങൾകൊണ്ടും പിക്കാസോ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു. ചിത്രരചനയിലും എഴുത്തിലും മാറ്റത്തിന്റെ വഴികൾ കണ്ടെത്തി അതിൽ സ്വയം പ്രതിഷ്ഠിച്ചുകൊണ്ട് എല്ലാ സമ്മർദങ്ങളെയും അവർ മറികടന്നു.

പിക്കാസോയുടെ എല്ലാ എതിർപ്പുകളെയും ഭേദിച്ച്​ അവർ ചിത്രരചനയെ ഇച്ഛയുടെയും ബോധദീപ്തിയുടെയും ആവിഷ്കാരമാക്കി മാറ്റി സാമൂഹിക അംഗീകാരം നേടി. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, പാരിസിലെ സെന്റർ പോംപിഡോ എന്നിവയുൾപ്പെടെ ഒരു ഡസനിലധികം മ്യൂസിയങ്ങളിൽ അവർ തന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചുകൊണ്ടിരുന്നു.

പിക്കാസോയുടെ ക്യൂബിസത്തിൽ മൂർച്ചയുള്ള കോണുകൾ ഉപയോഗിക്കുന്നതിൽനിന്നും വ്യത്യസ്തമായി ഓർഗാനിക് രൂപങ്ങളോടുള്ള മുൻഗണനയാണ് ഫ്രാങ്സ്വ ചിത്രങ്ങളുടെ സവിശേഷത. ഊർജസ്വലമായ നിറങ്ങൾ, ബോൾഡ് ബ്രഷ് സ്ട്രോക്കുകൾ, ഊർജത്തിന്റെയും ചലനത്തിന്റെയും ബോധം എന്നിവ ഫ്രാങ്സ്വ ജിലോയുടെ കലാസൃഷ്ടികളുടെ പ്രത്യേകതകളാണ്. പ്രകൃതിദൃശ്യങ്ങൾ, നിശ്ചലജീവിതം, ഛായാചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. റിയലിസ്റ്റിക് പ്രാതിനിധ്യങ്ങൾ സൃഷ്ടിക്കുന്നതിന് പകരം അവർ വിഷയങ്ങളുടെ സത്തയും ആത്മാവും പകർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അപബോധകേന്ദ്രീകൃതമായ ഗഹന റിയലിസവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പ്രതിരോധത്തിന്റെ കലയെ ഫ്രാങ്സ്വ ജിലോ വികസിപ്പിച്ചത്.

ഫ്രാങ്​സ്വ ജിലോ

1940കളുടെ തുടക്കത്തിൽതന്നെ ഫ്രാങ്സ്വ പാരിസിൽ തന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ തുടങ്ങിയിരുന്നു. ക്യൂബിസവും അമൂർത്തീകരണ ഘടകങ്ങളും സംയോജിപ്പിച്ച അവരുടെ വ്യത്യസ്തമായ ശൈലിക്ക് വലിയ സ്വീകാര്യതയാണ് കലാസ്വാദകരിൽനിന്ന് ലഭിച്ചത്. അവരുടെ കലാപരമായ യാത്രയും എഴുത്തും പുരുഷമേധാവിത്വമുള്ള കലാലോകത്ത് ഒരു സ്ത്രീയെന്ന നിലയിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള പര്യവേക്ഷണമായിരുന്നു.

1964ൽ ലൈഫ് വിത്ത് പിക്കാസോ (Life with Picasso) എന്ന അവരുടെ പുസ്തകത്തിലൂടെയാണ് പിക്കാസോയുമായുള്ള പ്രക്ഷുബ്ധമായ ജീവിതത്തെക്കുറിച്ച് ലോകം കൂടുതൽ അറിയുന്നത്. ആ പുസ്തകം പ്രസിദ്ധീകരിക്കപ്പെടാതിരിക്കാൻ തുടക്കം മുതൽ പിക്കാസോ ശ്രമിച്ചു. എന്നാൽ, ആദ്യവർഷത്തിൽതന്നെ ഒരു ദശലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. ഇതിൽ പ്രകോപിതനായ പിക്കാസോ പ്രസിദ്ധീകരണം തടയാൻ വരെ ശ്രമിച്ചു. അതിൽ പരാജയപ്പെട്ടപ്പോൾ അയാൾ അവരുടെ കരിയർ തകർക്കാൻ സാധ്യമായതെല്ലാം ചെയ്തുതുടങ്ങി. ഫ്രാങ്സ്വ യുടെ ചിത്രങ്ങളുടെ പ്രദർശനം നടക്കുന്ന ഗാലറികളിൽ തന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ പിക്കാസോ വിസമ്മതിച്ചു.

ഫ്രാങ്സ്വ -പിക്കാസോ ബന്ധത്തിലുണ്ടായ രണ്ടു കുട്ടികളുമായുള്ള ബന്ധംവരെ അദ്ദേഹം വിച്ഛേദിച്ചു. തന്റെ പ്രായത്തിലുള്ള എല്ലാ പുരുഷന്മാരും യുദ്ധത്തിൽ ഏർപ്പെട്ടിരുന്നതിനാൽ മാത്രമാണ് താൻ പിക്കാസോയെപ്പോലെയുള്ള ഒരു മുതിർന്ന പുരുഷനിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് അവർ പറയുന്നുണ്ട്.

ഒരു ചിത്രകാരി എന്നനിലയിൽ തുല്യതയുടെ ഇടം (space of equality) സൃഷ്ടിക്കുകയും അതിൽ സധൈര്യം ജീവിക്കുകയും ചെയ്ത കലാകാരിയാണ് ഫ്രാങ്സ്വ ജിലോ. അതേസമയം, നിശിത റിയലിസത്തിന്റെ പരുക്കൻഭാഷയിൽ ആൺലൈംഗികതയുടെ അക്രമാനുഭവത്തെ വിവരിക്കാനും ഫ്രാങ്സ്വക്ക് കഴിഞ്ഞിട്ടുണ്ട്. സ്ത്രൈണത അവർക്ക് കഠിനമായ ജനിതക ഭാരമല്ല എന്നും അത് വേരൂന്നി കുതിക്കാൻ വെമ്പുന്ന ശക്തിയാണെന്നും പ്രഖ്യാപിക്കുന്ന ആവിഷ്കാരത്തിലൂടെ തന്റെതന്നെ ഭൂതകാലത്തിന് പുതിയ പാഠഭേദം നിർമിക്കുകയായിരുന്നു ഫ്രാങ്സ്വ. സ്ത്രീയെന്ന നിലയിലുള്ള തടസ്സങ്ങൾ രാഷ്ട്രീയബോധംകൊണ്ടാണ് അവർ അതിജീവിച്ചത്. കേവലമായി വരക്കാൻ അറിയൽ മാത്രമല്ല, ചിന്തയുടെ നിർമിതിയാണ് എല്ലാ കലാസൃഷ്ടികളും എന്ന് അവർ സർഗാത്മകതയിലൂടെ ജീവിതത്തിലുടനീളം തെളിയിച്ചുകൊണ്ടിരുന്നു. അവരുടെ ജീവിതം വ്യസനഭരിതമോ തളർന്നതോ ആയിരുന്നില്ല.

പിക്കാസോയുടെ പീഡനപർവങ്ങളിൽനിന്നുള്ള മോചനശേഷം 1955ൽ ബാല്യകാല സുഹൃത്തും ഫ്രഞ്ച് ചിത്രകാരനുമായ ലൂക്ക് സൈമണെ ഫ്രാങ്സ്വ വിവാഹം കഴിച്ചെങ്കിലും ഒരു കുഞ്ഞുണ്ടായ ശേഷം 1962ൽ ആ ബന്ധത്തിൽനിന്നും അവർക്ക് മോചനം നേടേണ്ടിവന്നു. പിന്നീട് 1969ൽ കാലിഫോർണിയയിൽ​െവച്ച് പരിചയപ്പെട്ട പോളിയോ വാക്‌സിൻ വികസിപ്പിച്ച അമേരിക്കൻ വൈറോളജിസ്റ്റ് ജോനാസ് സാൽക്കിന്റെ വിവാഹ അഭ്യർഥന ഒരു ഉപാധിയോടെയാണ് അവർ സ്വീകരിച്ചത്. തന്നെ വർഷത്തിൽ ആറുമാസം ഒറ്റക്ക് ജീവിക്കാൻ അനുവദിക്കണം എന്നായിരുന്നു ആ ഉപാധി. അത് അദ്ദേഹം സമ്മതിച്ചു. 1995ൽ സാൽക് മരിക്കുംവരെയും ആ ബന്ധം നിലനിന്നു.

1966ൽ പുറത്തിറങ്ങിയ ‘സർവൈവിങ് പിക്കാസോ’ (Surviving Picasso) എന്ന സിനിമ ഫ്രാങ്സ്വ ജിലോ പിക്കാസോയിൽനിന്ന് നേരിട്ട അതിദുഷ്ടമായ ജീവിതത്തെ ചിത്രീകരിക്കുന്നുണ്ട്. പകരംവെക്കാവുന്ന വസ്തുക്കൾപോലെ സ്ത്രീകളെ വിലമതിച്ചിട്ടില്ലാത്ത പിക്കാസോ ഒരുദിവസം രണ്ട് സ്ത്രീകളെയെങ്കിലും ലൈംഗികമായി ഉപയോഗിക്കുന്നത് ശീലമാക്കിയിരുന്നു എന്ന് സിനിമയിൽ പറയുന്നുണ്ട്. പിക്കാസോ: സ്രഷ്ടാവും സംഹാരകനും (Picasso, Creator and Destroyer) എന്ന അരിയാന സ്റ്റാസിനോപൗലോസ് (Arianna Stassinopoulos) എഴുതിയ പുസ്തകത്തെ ആധാരമാക്കി നിർമിച്ചതാണ് ഈ സിനിമ.

വശീകരണത്തിന്റെയും കലഹങ്ങളുടെയും സ്വാർഥതയുടെയും പീഡനങ്ങളുടെയും വക്താവായ അദ്ദേഹം 25 വർഷം വിശ്വസ്തസേവനംചെയ്ത ഡ്രൈവറെ ഒരു നിമിഷത്തെ അശ്രദ്ധയുടെ പേരിൽ പിരിച്ചുവിടുന്നതും സർവതും സഹിച്ച് ക്ഷമയോടെ നിന്ന അദ്ദേഹത്തിന്റെ പരിചാരകന്റെ പരാതിയും പരിദേവനങ്ങളും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. പിക്കാസോയുടെ മഹത്ത്വത്തിന്റെ ദശാബ്ദങ്ങളിൽ അയാൾ വിരിക്കുന്ന വലകളിൽ വീഴാൻ ഉത്സുകരായ സ്ത്രീകൾക്ക് കുറവുണ്ടായിരുന്നില്ലത്രേ.

പിക്കാസോയുടെ പ്രഥമഗണന അദ്ദേഹത്തിന്റെ കലയായിരുന്നു, രണ്ടാമത്തേത് ആത്മാനുരാഗവും. മൂന്നാമത്തെ ചിന്ത തനിക്ക് സ്ത്രീകളിൽനിന്നും എന്തൊക്കെ ചെയ്തു കിട്ടും എന്നതുമാണ്. ആൺ ലൈംഗികതയുടെ അപരാധങ്ങളെ ഉദാത്തീകരിക്കുന്ന പ്രതികരണമാണ് അദ്ദേഹത്തിൽനിന്നും എപ്പോഴും ഉണ്ടായത്. പിക്കാസോക്ക് തന്റെ ആരാധകരായ സ്ത്രീകളെ വശീകരിക്കുന്നത് ഹൃദ്യമായ ഒരു വ്യഭിചാരാനുഭവമായിരുന്നു.

1973ൽ വിർജീനിയ വൂൾഫ് ത്രൈമാസികയുടെ കലാസംവിധായികയായി ഫ്രാങ്സ്വ നിയമിതയായി. 1975ൽ ഒരു ചിത്രകാരി എന്ന നിലയിലുള്ള ജീവിതത്തിന്റെ മറ്റൊരു ഓർമക്കുറിപ്പ് ‘ഇന്റർഫേസ്; ദ പെയിന്റർ ആൻഡ് ദ മാസ്ക്’ (Interface; the Painter and The Mask) പ്രസിദ്ധീകരിച്ചു. 1976ൽ സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഫൈൻ ആർട്സ് വകുപ്പിൽ ചെയർമാനായി സേവനമനുഷ്ഠിച്ചു.

ഫ്രാങ്സ്വ 1990ൽ പ്രസിദ്ധീകരിച്ച ‘മാറ്റിസ് ആൻഡ് പിക്കാസോ: ഫ്രൻഡ്ഷിപ് ഇൻ ആർട്ട്’ (Matisse and Picasso: A Friendship in Art) എന്ന രചന രണ്ട് ചിത്രകലാ ജീനിയസുകളുടെ സൗഹൃദബന്ധത്തെക്കുറിച്ചുള്ള കഥ പറയുന്നു. സംയമനത്തിനും തീവ്രമായ സ്വകാര്യതക്കും പേരുകേട്ട മാറ്റിസും, തീവ്രമായ വൈകാരികതയുടെയും നാടകീയതയുടെയും പലപ്പോഴും അക്രമത്തിന്റെയും സ്ഫോടനാത്മകമായ ലൈംഗികതയുടെയും വക്താവായ പിക്കാസോയും തമ്മിലുള്ള സൗഹൃദത്തെയും സർഗാത്മകമായ മാത്സര്യത്തെയും ഫ്രാങ്സ്വ അതിൽ വിശദീകരിക്കുന്നുണ്ട്. മാറ്റിസിന്റെ ​ൈകയടക്കത്തിന്റെ വൈപുല്യവും ചിത്രസംയോജന (painterly juxtaposition) ത്തിലെ ഭാവുകത്വവും പിക്കാസോവിന്റേതിനേക്കാൾ വേറിട്ടതായിരുന്നുവെന്ന് ഫ്രാങ്സ്വ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ആദരസമന്വിതമായ ഒരത്ഭുതമായാണ് അവർ മാറ്റിസിനെ കണ്ടിരുന്നത്. അതേസമയം വസ്തുക്കളെ വിഘടിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനർയോജിപ്പിക്കുകയും ചെയ്യുന്ന പിക്കാസോവിന്റെ അപാരമായ രചനാശൈലിയെക്കുറിച്ച് എടുത്തുപറയാൻ ഫ്രാങ്സ്വ മറന്നിട്ടില്ല.

2018ൽ വെനീസ്, ഇന്ത്യ, സെനഗാൾ എന്നിവിടങ്ങളിൽ നടത്തിയ യാത്രകൾ രേഖപ്പെടുത്തുന്ന മൂന്ന് സ്കെച്ച് ബുക്കുകൾ ഫ്രാങ്സ്വ പുറത്തിറക്കി.

ഫ്രാങ്സ്വ ജിലോക്ക് അഞ്ച് വയസ്സ് മാത്രമുള്ളപ്പോൾ, മാതാപിതാക്കളോടൊപ്പം സ്വിസ് ആൽപ്‌സ് പർവതനിരകളിലേക്കുള്ള ഒരു യാത്രയിൽ, ഇളംപച്ച പുൽമേടുകളുടെയും കടും പച്ച കാടിന്റെയും മനോഹരമായ മിശ്രണം കണ്ട്, താൻ കാണുന്ന ആ വർണവിസ്മയം കാണാൻ കഴിയുന്നുണ്ടോ എന്ന് പിതാവിനോട് ചോദിച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കാഴ്ചപ്പാട് വസ്തുനിഷ്ഠമാണോ അതോ ആത്മനിഷ്ഠമാണോ എന്നാണ് ആ ചോദ്യത്തിന്റെ ഉള്ളടക്കം.

‘‘റെറ്റിന എല്ലാവർക്കും ഒരുപോലെയാണ്’’ എന്നു പറഞ്ഞാണ് പിതാവ് അത്തരമൊരു ചോദ്യത്തെ ‘‘വിഡ്ഢിത്തം’’ എന്ന് വിശേഷിപ്പിച്ചത്. അതിന് അദ്ദേഹത്തിന്റെ മകൾ ഇങ്ങനെ മറുപടി പറഞ്ഞു: ‘‘അതെ പിതാവേ, റെറ്റിന എല്ലാവർക്കും ഒരുപോലെയാണ്, പക്ഷേ ഭാവന അങ്ങനെയല്ല.’’

മറ്റൊരിക്കൽ, ഫ്രാങ്സ്വയുടെ ചിത്രരചനയിൽ പത്തുവർഷത്തെ പാബ്ലോ പിക്കാസോ സ്വാധീനമുണ്ടോ എന്ന ഒരു അഭിമുഖത്തിലെ ചോദ്യത്തിന് ‘‘ചിത്രരചന പകർച്ചവ്യാധി അല്ല’’ എന്നാണ് അവർ പറഞ്ഞ മറുപടി. 1978ല്‍ ഫ്രഞ്ച് സാംസ്കാരിക വകുപ്പിന്റെ Officer of the order of arts and letters, 2009ൽ ഫ്രഞ്ച് പ്രസിഡന്റിന്റെ Officer of the Legion of Honor എന്ന ഫ്രാൻസിലെ ഏറ്റവും ഉന്നത ബഹുമതി തുടങ്ങി നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾക്ക് ഫ്രാങ്സ്വ ജിലോ അർഹയായിട്ടുണ്ട്.

അങ്ങനെ പീഡനങ്ങളെയും സംഘർഷങ്ങളെയും തിക്താനുഭവങ്ങളെയും വ്യഥകളെയും അതിജീവിച്ച് കലയായും കാലമായും മാറിയ ഫ്രാങ്സ്വ ജിലോയെ ലോകം എന്തുകൊണ്ടാണ് ഒറ്റപ്പെട്ട പ്രതിഭാസമായി കാണുന്നത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. എന്തുകൊണ്ട് ഫ്രാങ്സ്വ ജിലോ എന്ന ചിത്രകാരിയെ കുറിച്ചുള്ള വിശദാംശങ്ങൾ ഒരു മോണോഗ്രാഫ് അല്ലെങ്കിൽ ജീവിതകഥ എന്ന രൂപത്തിൽമാത്രം നിലനിൽക്കുന്നു?

Tags:    
News Summary - Françoise Gilot, artist whose career transcended her relationship with Picasso

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.