പ്രവേശകംമഹാമേരുവാം പൊൻ മലതൻ ശിഖരത്തില –തെക്കുദിക്കിൻ കാവലാളായ് ഞാവൽ വൃക്ഷത്തിലധിവസിച്ചിടുന്നോരുനാൾ ഭൂമാതാവിൻ കദന കഥയിതു കേട്ടാർദ്രയാ – യതി ബലമാണ്ടൊരാ രാക്ഷസപ്പടതൻ നേർക്കു ക്രുദ്ധയായ് ജംബുനാമത്തെപ്പുണ്ട ചമ്പാതി വാണാൻ ബാലസൂര്യ പ്രഭതിരളും മേനിയും സമുല്ലസിത ജടയുമാണ്ടൊരാ ദേവി. ചെങ്കതിരോൻ തൻ കുലത്തിൽ ചോള കുലം വിളങ്ങിടുമാറു പിറന്ന കാന്തമനാമധാരിയാം രാജൻ മാരിക്കായർഥന ചെയ്തോരു നേരം ആദിതേയ ഗുരുവാമഗസ്​ത്യ മുനീന്ദ്രൻ കമണ്ഡലു കമിഴ്ത്തിയോരനന്തരം മഹിളാരത്നമാം കാവേരി പശ്ചിമ – ദേശത്തൂടൊഴുകിച്ചേർന്നിടുന്നൂ കാവിരിപ്പൂമ്പട്ടണത്തിലലകളുയർത്തിടും കടലതിൽ. തോഷമാർന്നവിടെ...

പ്രവേശകം


മഹാമേരുവാം പൊൻ മലതൻ ശിഖരത്തില –

തെക്കുദിക്കിൻ കാവലാളായ് ഞാവൽ

വൃക്ഷത്തിലധിവസിച്ചിടുന്നോരുനാൾ

ഭൂമാതാവിൻ കദന കഥയിതു കേട്ടാർദ്രയാ –

യതി ബലമാണ്ടൊരാ രാക്ഷസപ്പടതൻ നേർക്കു

ക്രുദ്ധയായ് ജംബുനാമത്തെപ്പുണ്ട ചമ്പാതി

വാണാൻ ബാലസൂര്യ പ്രഭതിരളും മേനിയും

സമുല്ലസിത ജടയുമാണ്ടൊരാ ദേവി.

ചെങ്കതിരോൻ തൻ കുലത്തിൽ

ചോള കുലം വിളങ്ങിടുമാറു പിറന്ന

കാന്തമനാമധാരിയാം രാജൻ

മാരിക്കായർഥന ചെയ്തോരു നേരം

ആദിതേയ ഗുരുവാമഗസ്​ത്യ മുനീന്ദ്രൻ

കമണ്ഡലു കമിഴ്ത്തിയോരനന്തരം

മഹിളാരത്നമാം കാവേരി പശ്ചിമ –

ദേശത്തൂടൊഴുകിച്ചേർന്നിടുന്നൂ

കാവിരിപ്പൂമ്പട്ടണത്തിലലകളുയർത്തിടും കടലതിൽ.

തോഷമാർന്നവിടെ പാർത്തിടും ചമ്പാപതി

അലകളിളകിയെത്തിടുമാ കാവേരിയെയാനയിച്ചും

സർവഹിതകാരിണിയാം വിണ്ണാറ്റിനെ

വരിക വരികയെന്നെതിരേറ്റീടിനാൻ

ജിതേന്ദ്രിയനിതഗസ്​ത്യമുനിയതു പാർത്തോതിനാൻ

നമസ്​കരിച്ചീടുക നീ തായയെയനവരതം

പൂജാർഹയീ താപസിയങ്ങയാൽ

കവി കുലമിതു കീർത്തനം ചെയ്തിടും

വൻ പുകഴാർന്നൊരീഭാരതഖണ്ഡത്തിൽ

നീതിമാനായിടുമൊരാ ചോഴരാജനുടെ

കൊടിയടയാളമായ് വിലസിടുമാ കാവേരി

ഗ്രഹപ്പിഴ കൊണ്ടമ്മാരിയെതിർ നിൽക്കിലു–

മേറെയായ് തണ്ണീർ പകർന്നമരുമാ തേൻ കനി

തമിഴ്പ്പാവയാം കാവേരി കൈകൂപ്പി

വിലസിടുമ്പോളാ തപസ്വി ചമ്പാപതി

തോഷാതിരേകാലുത്സീഗമേറ്റിയാൾ

സുരലോകങ്ങളാറിലും വാഴുമാ ദേവഗണത്തെയും

ബ്രഹ്മലോകം വാഴും ബ്രഹ്മഗണത്തെയും

ചെന്താമരയിലമർന്നൊരാ ബ്രഹ്മദേവൻ

സൃഷ്ടിയെ ചെയ്തിതെൻ നാമത്തെപ്പോക്കിയു –

മുചിതമായ് നിൻ നാമത്തെ ചേർത്തിടാം

വാഴ്ക നീ നഗരിയിലിരുപേർ വിളങ്ങുമീ

പെരും പുരാതന നഗരി തന്നിലായ്

ശത യാഗങ്ങൾ നടത്തിയോനാമാതിദേയാ–

ധിപനുള്ളോരുത്സവമതു പറയടിച്ചറിയിച്ചതും

തപസ്വിയാം മാധവി തന്നപവാദ ഹേതുവാ –

ലിടറും ഹൃദന്തത്തെപ്പൂണ്ടൊരാ ചിത്രാപതി

വസന്തമാല തന്നിലൂടറിയിച്ചിതു മാധവിയെയും

അഴകേറുമാ പൂവാടിയിൽ മണിമേഖല

പൂവിറുത്തിടാനായ് കടന്നതുമതു നേരം

കണ്ടിതുദയന കുമാരനെച്ചാരെയായ്

പിന്നെയാ പളുങ്കറ തന്നുള്ളിലും പൂകിനാൾ

ചഞ്ചലാത്മാവായിതവനവളെ

പളുങ്കറയ്ക്കുള്ളിലായ് പാർത്ത നേരം

കദനഭരത്താൽ ക്ഷണേന പോയിതു.

അതു പൊഴുതു പ്രത്യക്ഷമായൊരാ ദേവിയെ –

യാനയിച്ചീടിനാൻ മണിപല്ലവത്തിങ്കലായ് .

അവിടെയവളുണർത്തിയാ സുധാമതിയെ

തിങ്ങിപ്പൊങ്ങും രുജയാർന്നിരുന്നതും

കദനഭരിതയവളൊളി തിങ്ങിടും മണി പീഠിക –

യിൽ നിന്നറിഞ്ഞാൾ ചരിതമിതു പൂർവജം

അതുമാത്രയിലവൾ തന്നരികിലായ്

പ്രത്യക്ഷയായീടിനാൾ മണിമേഖലാ ദൈവതം

നേർന്നിതു മനഃശാന്തിയുമൊപ്പമായ് മ​േന്ത്രാപദേശവും

അമൃത സുരഭിയെന്നൊരക്ഷയ പാത്രവും

നൽകീടിനാള ദീപലതികയാശിസ്സൊപ്പമായ്

പാത്രമതു കൈക്കൊണ്ടവൾ തൻ തായമാരോ –

ടൊത്തു വണങ്ങിയറവണ വടികളെയു–

മതുപോത മലർവാട പൂണ്ടൊരാ പൂങ്കുഴലിയൊട –

റവണവടികൾ ചൊല്ലിനാൻ പുത്ര ചരിതവും.

ചിന്താ ദൈവതമാ പാത്രത്തെക്കൊടുത്തതും

ഭിക്ഷുണിയായവൾ ഭിക്ഷയ്ക്കായുഴന്നതും

മനസ്വിനിയാമാതിര പലർക്കായ്പ്പകുത്തതാം

ഭോജ്യത്തെയാ ഭിക്ഷാപാത്രത്തിൽ പകർന്നതും

കായ ചണ്ഡികതന്നഗ്നി ദാഹത്തെത്തീർത്ത –

ക്കോവിലിൽ പൂകിടുന്നേരമതറിഞ്ഞോരു –

ദയകുമാരൻ മലർമാല്യമണിഞ്ഞവൻ

കോവിലിൽ ചെന്നുചേർന്നതുമവൻ മുന്നിലായ്

കായ ചണ്ഡികാ രൂപത്തെ പൂണ്ടിട്ടാ

പോർ നിലം വെന്നോനാം രാജൻ തന്റെ

തടവറയെല്ലാമെ നീതിനികേതനമാക്കിയതും

കായ ചണ്ഡികയെന്നെണ്ണിയുദയകുമാരകൻ

ചാരത്തു ചെല്ലുമ്പോൾ ഗന്ധർവനും

വീര്യമിയന്നൊരു വാളാലെ വീഴ്ത്തിയ

ദുഃഖം പൊറാതങ്ങു കേണ നേരം

പോയൊരു ജന്മത്തെ കാന്തൻ വിയോഗത്തിൽ

സാന്ത്വനിച്ചീടുകയെന്നായ് ദേവീ.

ധ്വാനത്തെപ്പെയ്യുന്ന വീരക്കഴൽ ചേർന്നോരു

രാജനാ ധന്യയെ ബന്ധിച്ചതും

പരതന്ത്രയെപ്പിന്നെ മോചനം ചെയ്തതും

മലർമണം തൂകുന്ന ചികുരത്തെയാണ്ടൊരു

രാജ്ഞിക്കു ധർമത്തെയോതിയതും

തനയൻതൻ ദേശത്തെ പൂണ്ടവൾ പിന്നെയൊ

മണി പല്ലവത്തിങ്കലും ചെന്നുവല്ലോ.

താപസീ വേഷത്തെ പൂണ്ടൊരാ സാധ്വിയാ–

ളഴകോലും കൊടി ചേർന്ന വഞ്ചിപുരി –

യിലായ് ചേർന്നു പിന്നെ; ദേശികനിൽ നിന്നു –

തത്ത്വങ്ങളെല്ലാമേ സാരമായ് തന്നെയറിഞ്ഞുവല്ലോ.

കാഞ്ചിപുരം തന്നിൽ ചേർന്നോര സാധ്വിയാൾ

താപസീ വേഷമഴിച്ചു പിന്നെ

സ്വാമിയെത്തന്നെയും കുമ്പിട്ടു കൂപ്പിയും

യതിചര്യ പൂണ്ടു നൽ മുക്തിയെ കാംക്ഷിച്ചും

വാണൊരു ജന്മത്തെ വാഴ്ത്തിക്കൊണ്ടെ.

ഇളങ്കോവടികളും കേൾപ്പതിനായിട്ടു

കല്പനാ ചതുരമാം വാണിയാലെ

വിത്ത പ്രതാപിയാം ചാത്തനാർ തന്നെയീ

ഗാഥകൾ മുപ്പതു കോർത്തു കൊണ്ടേ

സൽകാവ്യ മതൊന്നിനെ തീർത്തുവല്ലോ.

● അടിക്കുറിപ്പ്

ചമ്പാപതി – കാവിരിപ്പൂമ്പട്ടിനത്തിെന്റ മറ്റൊരു പേര്; കാന്തമൻ – ഒരു രാജാവ്; പൂർവജം – പൂർവജന്മം, ധ്വാനം – ശബ്ദം; വീരക്കഴൽ – വീരോചിതമായ കഴൽ; സൽക്കാവ്യം – മണി മേഖലാ കാവ്യം. (മണി മേകലൈ തുറവു)

● വിശദീകരണം

മുപ്പതു ഖണ്ഡങ്ങൾ അഥവാ കാതൈ(ഗാഥ/കഥ)കളായി വിഭജിക്കപ്പെട്ട മഹാകാവ്യത്തിന്റെ കഥാസംഗ്രഹമാണ് ആമുഖത്തിൽ പറയുന്നത്. കാവിരിപ്പും പട്ടിനമെന്ന നഗരത്തെ പ്രകീർത്തിച്ചുകൊണ്ടാണ് ആരംഭം. മഹാകാവ്യത്തിന്റെ ലക്ഷണമൊപ്പിച്ചുള്ള രചനയാണ് മണിമേഖലയെന്ന് ഈ ആരംഭം വ്യക്തമാക്കുന്നുണ്ട്. കാവേരി നദിയുടെ ഉൽപത്തി, തപസ്വിനിയായ ചമ്പാപതിയുടെ മാഹാത്മ്യം, കാവിരിപ്പും പട്ടിനമെന്ന് നഗരത്തിന് പേരു വരാനുണ്ടായ കാരണം, ഇന്ദ്രോത്സവ പ്രഖ്യാപനം, മണിമേഖലയുടെ അച്ഛനായ കോവലൻ പാണ്ഡ്യരാജ്യത്തുവെച്ച് കൊലചെയ്യപ്പെട്ടതറിഞ്ഞതു മുതൽ മാധവി സന്യാസം സ്വീകരിച്ചതിനാൽ അപവാദം ഭയന്ന ചിത്രാവതി വസന്തമാലയിലൂടെ മാധവിയെ കാര്യം അറിയിച്ചതും ഉപവനത്തിൽ പ്രവേശിച്ച മണിമേഖല ഉദയകുമാരനെ കണ്ട് പളുങ്കറ പൂകിയതും മണിമേഖലാ ദൈവം പ്രത്യക്ഷമായി അവളെ മണിപല്ലവ ദ്വീപിൽ കൊണ്ടുപോയതും സുധാമതിയുടെ ഉറക്കമുണർത്തിയതും, ഉറക്കമുണർന്ന മണിമേഖല ദുഃഖിച്ചതും മണി പഠികയിൽനിന്ന് പൂർവജന്മ കഥയറിഞ്ഞതും ദ്വീപതിലക പ്രത്യക്ഷപ്പെട്ട് അമൃത സുരഭിയെന്ന അക്ഷയപാത്രം നൽകിയതും മണിമേഖല തന്റെ അമ്മമാരായ മാധവി, സുധാമതി എന്നിവരൊത്ത് മഹാ തപസ്വിയായ അറവണവടികളെ വണങ്ങി ഉദയകുമാരനെക്കുറിച്ചറിഞ്ഞതും മണിമേഖല ഭിക്ഷയാചിക്കുന്നതും കായ ചണ്ഡികയെന്ന ഗന്ധർവസ്ത്രീയുടെ അത്യഗ്നി രോഗം തീർക്കുന്നതും ഉലകവറവിയെന്ന കോവിലിൽ വെച്ച് കായയണ്ഡികാ രൂപം ധരിച്ച മണിമേഖല കാരാഗൃഹത്തെപ്പോലും ധർമശാലയാക്കി മാറ്റിയതും അവളെ സമീപിച്ച ഉദയകുമാരനെ കാഞ്ചനൻ വധിച്ചതും മുജ്ജന്മത്തിലെ തന്റെ ഭർത്താവിന്റെ വിയോഗത്തിൽ വിലപിച്ച മണിമേഖലയെ ദേവറാണി സമാശ്വസിപ്പിച്ചതും രാജാവ് മണിമേഖലയെ ബന്ധനസ്ഥനാക്കി പിന്നീട് വിമോചിപ്പിക്കുന്നതും രാജപത്നിക്ക് ധർമോപദേശം നൽകി മണിമേഖല ഉദയകുമാരന്റെ നാട്ടിലെത്തുന്നതുംഅവനൊത്ത് മണിപല്ലവ ദ്വീപിലും തുടർന്ന് തപസ്വിനി വേഷത്തിൽ വഞ്ചി നഗരത്തിലുമെത്തുന്നതും അവിടെനിന്ന്‌ വിശുദ്ധമായ മതസാരങ്ങൾ ഗ്രഹിച്ച് അമ്മമാരെയും അറവണ വടികളെയും തേടി കാഞ്ചി മഹാനഗരത്തിലെത്തി വേഷം മാറി അറവണവടികളെ വണങ്ങി ഭവസാഗരം കടക്കാനായി തപസ്സു ചെയ്യുന്നതുമായ കഥ സംക്ഷേപിച്ചു പറയുന്ന കാവ്യഭാഗമാണിത്. ഇള​ങ്കോവടികൾ കേൾക്കത്തക്ക വിധം വ്യാപാരിയായ ചാത്തനാരാണ് സാഹിത്യഭംഗി തികഞ്ഞ മണിമേഖലൈ തുറവു എന്ന കാവ്യം മുപ്പതു ഗാഥകളായി പാടിയതെന്നും ഈ ഭാഗം വ്യക്തമാക്കുന്നുണ്ട്.


പ്രണയം, ഭക്തി, സാഹസികത, മത പ്രചാരണം തുടങ്ങിയവ പ്രമേയമാക്കി രചിക്കപ്പെട്ട കൃതിയാണ് മണിമേഖലയെന്ന് തീർത്തു പറയാം. മഹാകാവ്യത്തെക്കുറി ച്ച് നിലവിലുള്ള സങ്കൽപങ്ങളെ ഗ്രന്ഥകാരൻ അന്യത്ര പിന്തുടരുന്നതായും കാണാം. പ്രകൃതി വർണന, ദേവഗന്ധർവാപ്സരസ്സുകളുടെ സാന്നിധ്യം, ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ, പ്രണയം, പ്രണയകലഹം, പെൺമനസ്സിന്റെ അവ്യാഖേയത വേഷപ്രച്ഛന്നത, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഐക്യം തുടങ്ങി മഹാകാവ്യങ്ങളുടെ പൊതുരീതി മണിമേഖലയും പിന്തുടരുന്നുണ്ട്.

(മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ ലക്കം 1282ൽ തുടരും)


പരിഭാഷക​ന്റെ കുറിപ്പ്​


ഡോ. എ.എം. ശ്രീധരൻ

തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണ് 'മണിമേഖല'. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിന്റെ തുടർച്ചയാണ് കൂല വാണികൻ ചാത്തനാരുടെ മണിമേഖല. എന്നാൽ, 'ചിലപ്പതികാര'ത്തിൽനിന്ന് വ്യത്യസ്​തമായി ബൗദ്ധമതത്തെ വാഴ്ത്തുന്ന കൃതിയാണിത്. ചിലപ്പതികാരത്തിന്റെ കർത്താവായ ഇളങ്കോവടികളും മണിമേഖലയുടെ കർത്താവായ ചാത്തനാരും സമകാലികരാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അത് ഏതാണ്ട് ക്രി.പി. രണ്ടാം നൂറ്റാണ്ടാണെന്ന അഭിപ്രായവും പ്രബലമാണ്. മണിമേകലൈത്തുറവു എന്നും മണിമേഖല അറിയപ്പെട്ടിരുന്നു.

ആശിരിയപ്പാ വൃത്തത്തിൽ രചിച്ച മുപ്പത് കാതൈകളാണ് മണിമേഖലയിലുള്ളത്. ബൗദ്ധമതവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് കൃതി നിബന്ധിച്ചിട്ടുള്ളത്. ഇതിൽ ഒടുവിലത്തെ മൂന്ന് കാതൈകളും മതപരമായ കാര്യങ്ങൾ മാത്രം വിവരിക്കുന്നവയാണ്. ബുദ്ധമത സിദ്ധാന്തങ്ങൾ സാധാരണക്കാർക്കുകൂടി ഉൾക്കൊള്ളാൻ പാകത്തിലാണ് വിവരണം. ബുദ്ധമതത്തെ ഉയർത്തിക്കാട്ടുന്ന സന്ദർഭങ്ങൾ മറ്റു മതങ്ങളുടെ ഇകഴ്ത്തലിനും കാരണമാകുന്നുണ്ട്. മതപ്രബോധനം ലക്ഷ്യമാക്കുന്നതിനാൽ ധാരാളം ഉപകഥകളും ഈ മഹാകാവ്യത്തിൽ ഇടം പിടിക്കുന്നുണ്ട്. ഗഗന സഞ്ചാരം, മായാരൂപം ധരിക്കൽ, ഉപവാസം, അമൃത സുരഭിയെന്ന അക്ഷയപാത്രത്തിന്റെ വിസ്​മയകരമായ സാന്നിധ്യം, ദേവന്മാരും മനുഷ്യരും തമ്മിലുള്ള സംവാദം തുടങ്ങി പലതും ഈ ഗണത്തിൽപെടുന്നവയാണ്.

രാജ്യം, രാജാവ്, പൗരന്മാർ, ഭരണ സംവിധാനം, രാഷട്ര നീതി, സാമൂഹികമായ ജീവിതം തുടങ്ങിയ കാര്യങ്ങൾ പല സന്ദർഭങ്ങളിലായി വിശദമായിത്തന്നെ ഈ കൃതി ചർച്ചചെയ്യന്നുണ്ട്. മണിമേഖലയുടെ സമകാലികമായ പ്രസക്തിയും അതുതന്നെയാണ്. രാജാവ് ധർമിഷ്ഠനായിരിക്കണമെന്നും അന്നവും പാർപ്പിടവുമൊരുക്കി പൗരന്മാർക്ക് ക്ഷേമപൂർണമായ ജീവിതം നൽകുന്നതിലാണ് ധർമം കുടികൊള്ളുന്നതതെന്നും ഈ കൃതി വ്യക്തമാക്കുന്നുണ്ട്.ഇഹലോകജീവിത ബന്ധ മുക്തിയല്ല മറിച്ച് ജനതയുടെ വിലാപത്തിന് അറുതിവരുത്തുകയാണ് ഭരണാധികാരി തന്റെ ജീവിതംകൊണ്ട് ലക്ഷ്യമാക്കേണ്ടതെന്ന സന്ദേശം സാർവകാലികവും സാർവലൗകികവുമായ പ്രസക്​തിയുള്ളതാണ്. ഒരർഥത്തിൽ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയാണ് മണിമേഖല സങ്കീർത്തനം ചെയ്യുന്നത്. മണ്ണിൽനിന്നും മനുഷ്യനിൽനിന്നും അകലുന്ന ഭരണ സംവിധാനങ്ങളെല്ലാം നിഷ്പ്രഭമാണെന്നും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്​പര്യമാണ് ജീവിതത്തിന്റെ ജൈവിക പരിസരത്തെ ഹൃദ്യമാക്കുന്നതെന്നും വിസ്​തരിക്കുന്ന ഈ കൃതിക്ക് കാലികമായ വലിയ പ്രസക്തിയാണുള്ളത്. ഭാരതത്തിന്റെ സാംസ്​കാരിമായ ഈടുവെപ്പുകളെല്ലാം വികലമായ വായനക്ക് വിധേയമാക്കപ്പെടുന്ന, പ്രകൃതി മനുഷ്യജീവിതത്തിൽനിന്ന് അന്യമാകുന്ന, ജനങ്ങൾ ജനാധിപത്യത്തിൽ അപ്രസക്തരാകുന്ന വർത്തമാനകാല സാഹചര്യത്തിൽ രണ്ട് സഹസ്രാബ്ദങ്ങൾക്കുമുമ്പ് എഴുതപ്പെട്ടതെന്നു കരുതുന്ന മണിമേഖലക്ക് ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.


മണിമേഖലക്ക് മലയാളത്തിൽ പദ്യ വിവർത്തനം ഉണ്ടായിട്ടുള്ളതായി അറിവില്ല. സംഗ്രഹിതരൂപം ഉണ്ടായിട്ടുണ്ട്. 1971ൽ കേരള സാഹിത്യ അക്കാദമിക്കു വേണ്ടി വിദ്വാൻ പി. ജനാർദനൻ പിള്ള തയാറാക്കിയ ലിപ്യന്തരണവും വ്യാഖ്യാനവുമാണ് നമുക്ക് അവലംബമായിട്ടുള്ളത്. പൂർത്തീകരിക്കപ്പെടാത്ത ചില പരിശ്രമങ്ങളും ഉണ്ടായിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പദ്യരൂപത്തിലുള്ള ഈ വിവർത്തനം ഇക്കാരണങ്ങളാൽ ആദ്യത്തേതെന്ന് വേണം കരുതാൻ.

കഥാംശം ചോരാതെ വിവർത്തനം ചെയ്യാനാണ് ഏറിയകൂറും ശ്രമിച്ചിട്ടുള്ളത്. നൂറ്റാണ്ടുകൾക്കു മുമ്പുള്ള കൃതിക്കിണങ്ങിയ; കഥാസന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കുമിണങ്ങിയ ആഖ്യാനവും ഭാഷയും വിവർത്തനത്തിൽ വലിയബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. പുതിയ കാലത്തെ ഭാഷയിലാണ് വിവർത്തനം സാധ്യമാകേണ്ടതെന്ന അഭിപ്രായം സുഹൃത്തുക്കൾ പറഞ്ഞിരുന്നുവെങ്കിലും എന്നാൽ അസാധ്യമായിരുന്നു. മറിച്ച് വിവർത്തനത്തിൽ അനുവർത്തിച്ചിട്ടുള്ള ഭാഷ രീതി നന്നെ ഇണങ്ങുന്നുണ്ടെന്നും അങ്ങനെ തന്നെ തുടരൂ എന്ന് നിർദേശിച്ച പുതിയ കാലത്തിന്റെ എഴുത്തുകാരും എനിക്ക് ഊർജം നൽകിയിട്ടുണ്ട്.

മൂലപാഠത്തിനു പുറമെ ജനാർദനൻ പിള്ളയുടെ വ്യാഖ്യാനവും ഡോ. േപ്രമ നന്ദകുമാറിന്റെ ഇംഗ്ലീഷ് വിവർത്തനവുമാണ് വിവർത്തനത്തിൽ ഞാൻ മുഖ്യമായി ആശ്രയിച്ചത്.

(മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ ലക്കം 1282ൽ തുടരും)

Tags:    
News Summary - Manimekhala: Malayalam madhyamam annual 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 05:00 GMT