നരവംശ ശാസ്ത്രം അനുദിനം വികസിക്കുന്ന ശാസ്ത്ര ശാഖയാണ്. എന്നാൽ, കേരളത്തിൽ – മലയാളത്തിൽ അതിന്റെ പഠനശാഖയുടെ സ്വഭാവമെന്താണ്? 1947ൽ പുറത്തിറങ്ങിയ ‘മന്ത്രവാദവും മതവും’ പോലുള്ള പഠനത്തെ വിമർശന വിധേയമാക്കുകയാണ് ഡൽഹി സർവകലാശാലയിൽ ഗവേഷക വിദ്യാർഥികൂടിയായ ലേഖകൻ. സാംസ്കാരിക പഠനത്തിൽ പൊളിച്ചെഴുത്തുകൾ ആവശ്യമുണ്ടോ?
മലയാളത്തിലെ നരവംശശാസ്ത്രപരമായ ഇടപെടലുകളെ കുറിച്ച അന്വേഷണമാണ് ‘മന്ത്രവാദവും മതവും’ എന്ന പുസ്തകത്തിൽ എത്തിച്ചത്. സി.ആർ. കേരളവർമ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട വിക്രമനാണ് ഗ്രന്ഥകാരൻ. മലയാളത്തിലെ നരവംശ ശാസ്ത്ര പഠനങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും എ. അയ്യപ്പൻ, കേസരി ബാലകൃഷ്ണപിള്ള, പി.കെ.ബാലകൃഷ്ണൻ, കെ. പാനൂർ തുടങ്ങിയവരുടെയെല്ലാം ധിഷണയാൽ സമ്പന്നമാണ്. ‘ഭാരതപ്പഴമ’, ‘ചരിത്രത്തിന്റെ അടിവേരുകൾ’, ‘ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും’, ‘കേരളത്തിലെ അമേരിക്ക’, ‘കേരളത്തിലെ ആഫ്രിക്ക’പോലുള്ള പുസ്തകങ്ങൾ ഉദാഹരണങ്ങളാണ്. എന്നാൽ, ഇവയിൽനിന്നെല്ലാം ‘മന്ത്രവാദവും മതവും’ എന്ന പുസ്തകത്തെ വേറിട്ടുനിർത്തുന്ന ഘടകങ്ങൾ പലതാണ്. 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച്, സാമൂഹികപരമായ പരിണാമവാദം (social evolutionism) മുന്നോട്ടുവെച്ച ഇവലൂഷനിസ്റ്റുകളിൽ പ്രധാനിയായ ജെയിംസ് േഫ്രസറിന്റെ ‘The Golden Bough’ (1890) എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ മൂന്നും നാലും വാള്യങ്ങളെ ഉപജീവിച്ച് രചിച്ചതാണ് ‘മന്ത്രവാദവും മതവും’. ‘Golden Bough’വിനെ അവലംബിച്ച് ഇന്ത്യൻ ഭാഷകളിലിറങ്ങിയ ആദ്യ പുസ്തകം എന്ന സവിശേഷതയുമുണ്ട്. 1947ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ കേരള സാഹിത്യ അക്കാദമി 1996ൽ പുറത്തിറക്കിയ പതിപ്പാണ് ലേഖനത്തിന് ആധാരം.
അക്കാലത്ത് ലഭ്യമായിരുന്ന രേഖകളെ പരമാവധി ഉപയോഗപ്പെടുത്തി ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മനുഷ്യർക്കിടയിലെ മന്ത്രവാദപരവും മതപരവുമായ വിശ്വാസങ്ങളെയും ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളെയും വിശകലനം ചെയ്തുള്ള ശ്രമകരമായ ഒരു താരതമ്യ പഠനമാണ് ‘Golden Bough’. പത്തൊമ്പതാം നൂറ്റാണ്ടിൽ പടിഞ്ഞാറ് പ്രബലമായിരുന്ന കൊളോണിയൽ സഹജമായ ജിജ്ഞാസ പുസ്തകത്തിന്റെ അന്താരാഷ്ട്ര വിപണിയെ ഒട്ടൊന്നുമല്ല സ്വാധീനിച്ചത്. 1911ൽ ഇറങ്ങിയ ‘Golden Bough’യുടെ 12 വാള്യങ്ങളുള്ള മൂന്നാം പതിപ്പാണ് തന്റെ പുസ്തകത്തിനായി കേരളവർമ ആധാരമാക്കിയത്. മറ്റു നാടുകളിലെ മനുഷ്യരെ കുറിച്ചുള്ള വായിച്ചുമാത്രമുള്ള അറിവിന്റെ കൂടെ മുൻധാരണകളും ഒത്തുചേരുമ്പോൾ ഒരു പഠനത്തിന് സംഭവിക്കാവുന്ന എല്ലാ പ്രശ്നങ്ങളും ‘Golden Bough’വിൽ കാണാം. മൂലകൃതിയിലെ ചില ശ്രദ്ധേയമായ നിരീക്ഷണങ്ങളും വിവരങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു എന്നതിലുപരിയായി കേരളത്തിലെ (മന്ത്രവാദവും മതവും പുറത്തിറങ്ങുമ്പോൾ ഐക്യകേരളം പിറന്നിട്ടില്ലെങ്കിൽ കൂടിയും) വിവിധ ജനവിഭാഗങ്ങളുടെ സാംസ്കാരിക പരിസരങ്ങളെയും വാമൊഴികളെയും സാന്ദർഭികമായി തുന്നിച്ചേർത്ത് േഫ്രസറിന്റെ വാദമുഖങ്ങളെ കൂടുതൽ വിശ്വസനീയമായ തെളിവുകൾ നിരത്തി സാധൂകരിക്കാൻ ശ്രമിച്ചുവെന്നതാണ് കേരളവർമയുടെ പ്രതിഭ.
18ാം നൂറ്റാണ്ടോടെ തന്നെ യൂറോപ്പിൽ മനുഷ്യരാശിയുടെ സാർവത്രികമായ ചരിത്രത്തെ ജീവശാസ്ത്രത്തിലധിഷ്ഠിതമായി വിശദീകരിക്കാനുള്ള ശ്രമങ്ങൾ സ്വീകാര്യത നേടിക്കഴിഞ്ഞിരുന്നു. നവോത്ഥാന കാലഘട്ടവും തുടർന്നുണ്ടായ ഫ്രഞ്ച് വിപ്ലവവും മുറുകെപ്പിടിച്ച സാമൂഹിക പുരോഗതി, പരിസ്ഥിതിവാദം, പരിപൂർണതാവാദം (Perfectibility) മുതലായ പ്രമാണങ്ങൾതന്നെയാണ് ഇത്തരം ജീവശാസ്ത്ര മോഡലുകൾക്ക് ഉൾേപ്രരകങ്ങളായി പ്രവർത്തിച്ചത്. 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കൃത്യമായി പറഞ്ഞാൽ 1859ൽ ഡാർവിന്റെ ‘Origin of Species’ പുറത്തിറങ്ങിയതോടെ ശാസ്ത്രവാദം (Scientism) അതിന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചു. ഇക്കാലത്തുതന്നെയാണ് മനുഷ്യവർഗത്തിന്റെ സമ്പൂർണ ശാസ്ത്രമെന്ന് സ്വയം വിശേഷിപ്പിച്ച് നരവംശശാസ്ത്രം ഒരു അക്കാദമിക് പഠനമേഖലയായി വികസിക്കുന്നതും. ജീവശാസ്ത്രപരമായ പരിണാമംപോലെത്തന്നെ മനുഷ്യന്റെ സാമൂഹിക ജീവിതവും രേഖീയമായ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നുവെന്ന ഇവലൂഷനിസ്റ്റ് വാദമാണ് തുടക്കകാലത്തെ നരവംശശാസ്ത്ര വീക്ഷണത്തെ നിർണയിച്ചത്. ഈ ചിന്താപദ്ധതിയുടെ അടിസ്ഥാനമായി പ്രവർത്തിച്ച രണ്ട് അനുമാനങ്ങൾ പ്രധാനമാണ്. ആദ്യത്തേത് സാർവത്രികമായി മനുഷ്യവർഗത്തിന് മാനസികമായ ഐക്യമുണ്ടെന്ന (Psychic unity of mankind) സങ്കൽപനമാണ്. അഥവാ, ഏത് സംസ്കാരത്തിൽ ജനിച്ചാലും മനുഷ്യന്റെ ചിന്താലോകം ഒരേ രേഖയിൽ ഘട്ടം ഘട്ടമായി ചലിക്കുന്നു. രണ്ടാമതായി ഓരോ ഘട്ടങ്ങളിലൂടെയും കടന്നുേപാകുന്ന വ്യത്യസ്തങ്ങളായ സംസ്കാരങ്ങൾ തങ്ങൾ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാനായി സമാന്തരമായ പരിഹാരങ്ങൾ കണ്ടെത്തുന്നു എന്നതാണ് (Parallel invention). ഒരുപോലെ ചിന്തിക്കുന്നവർ എത്തിച്ചേരുന്ന പരിഹാരങ്ങൾ സമാനമായിരിക്കുമെന്ന് ചുരുക്കം. ഈ പറഞ്ഞ ഘട്ടങ്ങളുടെ തുടർച്ചയും മുഖ്യമാണ്. ഓരോ പുതിയ ഘട്ടവും പിന്നിട്ട ഘട്ടത്തെ അപേക്ഷിച്ച് സാമൂഹികമായ പുരോഗതി കൈവരിക്കുന്നുണ്ട്. ഇതിനർഥം സമൂഹം കൂടുതൽ സങ്കീർണമായി മാറിക്കൊണ്ടിരിക്കുന്നു എന്നു കൂടിയാണ്.
നരവംശ ശാസ്ത്രത്തെ ഭൂതകാലത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്ന പാലമായി കണ്ട ക്ലാസിക്കൽ ഇവലൂഷനിസ്റ്റുകൾ മനുഷ്യരാശിയുടെ ഘട്ടം ഘട്ടമായുള്ള സാമൂഹിക പുരോഗതിയെ പഠിക്കാൻ പരിണാമ േശ്രണീ മാതൃകകൾ ഒരു രീതി ശാസ്ത്രമായി വികസിപ്പിച്ചു. ഇത്തരം മാതൃകകളെ കുടുംബം, കുടുംബബന്ധങ്ങൾ, വിവാഹം തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളുടെ (Cultural institutions) ആവിർഭാവം, ഘട്ടങ്ങളായുള്ള പുരോഗതി എന്നിവ പഠിക്കാനായി അവർ പ്രയോജനപ്പെടുത്തി. ഇ.ബി. ടൈലർ, എൽ.എച്ച്. മോർഗൻ, ജെയിംസ് േഫ്രസർ തുടങ്ങിയവരായിരുന്നു സാമൂഹിക പരിണാമവാദത്തിന്റെ മുഖ്യ പ്രയോക്താക്കൾ.
ബ്രിട്ടനിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ഇ.ബി. ടൈലർ ഔപചാരികമായ സർവകലാശാലാ പഠനം നേടിയിരുന്നില്ല. മെക്സികോയിലേക്കുള്ള യാത്രയിലാണ് ടൈലർ നരവംശ ശാസ്ത്രത്തോടുള്ള തന്റെ അഭിനിവേശം തിരിച്ചറിയുന്നത്. തുടർന്ന് 1871ൽ പുറത്തിറങ്ങിയ ‘Primitive Cultures’ എന്ന പുസ്തകത്തിലൂടെ അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ നേടി. ശാസ്ത്രീയമായ സാംസ്കാരിക പഠനത്തിന് നാന്ദികുറിച്ച ഈ പുസ്തകത്തിനെ സംസ്കാരം, മതംപോലുള്ള പല അടിസ്ഥാന ആശയങ്ങളുടെയും നിർവചനങ്ങൾക്കായി ഇന്നും നരവംശ ശാസ്ത്ര വിദ്യാർഥികൾ ആശ്രയിക്കുന്നു. സാമൂഹികമായ പ്രയോജനങ്ങൾ മുൻനിർത്തി യുക്തിസഹമായി ജീവിക്കാനുള്ള മനുഷ്യരുടെ മാനസികമായ ഐക്യത്തെയാണ് ടൈലർ തന്റെ പീനത്തിന്റെ കേന്ദ്രമാക്കിയത്. വ്യത്യസ്ത സംസ്കാരങ്ങളെ താരതമ്യപ്പെടുത്തിയുള്ള തന്റെ അന്വേഷണത്തിലൂടെ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലുള്ള ജനവിഭാഗങ്ങളെക്കുറിച്ച് ടൈലർ മനസ്സിലാക്കി. കൂടുതൽ പുരോഗതി നേടിയ പുതിയ ഘട്ടങ്ങളിലേക്ക് കടക്കുമ്പോഴും പല സംസ്കാരങ്ങളും പൂർവഘട്ടത്തിൽ തങ്ങളോടൊപ്പമുണ്ടായിരുന്ന പലതിനെയും കൂടെ കൂട്ടാറുണ്ടെന്ന് ടൈലർ കണ്ടെത്തി. ഇത്തരത്തിൽ മാറ്റത്തെ അതിജീവിച്ച വസ്തുക്കളെയും വിശ്വാസങ്ങളെയും അദ്ദേഹം ‘അതിജീവനങ്ങൾ’ (Survivals) എന്ന് വിളിച്ചു. സ്റ്റീൽപാത്രങ്ങളും ചില്ലുപാത്രങ്ങളും വന്നതിനുശേഷവും നമ്മുടെ അടുക്കളകളിൽ ഇന്നും കാണുന്ന മൺപാത്രങ്ങൾ ഇതിന് ഉദാഹരണമാണ്. ആത്മാവിലുള്ള വിശ്വാസമാണ് പിൽക്കാലത്ത് മതങ്ങളുടെ ആവിർഭാവത്തിന് കാരണമായതെന്നാണ് ടൈലറുടെ മതം. അനേക ദൈവങ്ങളിൽ വിശ്വസിച്ചിരുന്ന മതങ്ങൾ (Polytheism) പരിണമിച്ചാണ് പിൽക്കാലത്ത് ഒരു ദൈവത്തെ കേന്ദ്രമാക്കിയുള്ള മതങ്ങൾ (Monotheism) പിറവിയെടുത്തതെന്നും ടൈലർ വാദിച്ചു.
ഒരു അമേരിക്കൻ അഭിഭാഷകനായി തൊഴിൽജീവിതം ആരംഭിച്ച എൽ .എച്ച്. മോർഗന് ടൈലറെക്കാൾ പിൽക്കാലത്ത് തന്റെ പഠനവിഷയമായ ജനവിഭാഗങ്ങളെക്കുറിച്ച് നേരിട്ടുള്ള അറിവുണ്ടായിരുന്നു. വിദ്യാർഥിയായിരിക്കെ ഇറക്വോയ് (Iroquois) ഇന്ത്യൻസിന്റെ വിശ്വാസങ്ങളിലും ആചാരങ്ങളിലും തോന്നിയ താൽപര്യം പിന്നീട് അവരോട് അടുത്തിടപഴകാനും അഭിഭാഷകനായപ്പോൾ അവരുടെ ഭൂപ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കുവേണ്ടി വാദിക്കാനും അദ്ദേഹത്തെ േപ്രരിപ്പിച്ചു. ഇറക്വോയ് ഇന്ത്യക്കാരുടെ ഭരണക്രമത്തെയും കുടുംബഘടനയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പീനം 1877ൽ ‘Ancient Society’ എന്ന പേരിൽ പുറത്തിറങ്ങി. ടൈലറും മോർഗനും പൊതുവായി മനുഷ്യസമൂഹം പുരോഗതിയുടെ അടിസ്ഥാനത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയതായി വിശ്വസിച്ചിരുന്നു.
പ്രാകൃതം (Savagery), കാടത്തം (Barbarism), നാഗരികത (Civilization) എന്ന ക്രമത്തിലുള്ള വികാസപരിണാമം ഇവലൂഷനിസത്തിന്റെ നട്ടെല്ലായിരുന്നു.
മോർഗനെ സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യയും സമ്പദ്ഘടനയുമാണ് ഒരു സംസ്കാരത്തിന്റെ പുരോഗതിയെ നിർണയിച്ചത്. അമ്പും വില്ലും കൊണ്ട് വേട്ടയാടിയിരുന്നവർ പുരോഗതി നേടി ജീവികളെ ഇണക്കിവളർത്തുന്ന ഘട്ടത്തിലെത്തി. പിന്നീട് സാങ്കേതികമായി കൂടുതൽ സങ്കീർണമായ കൃഷിയെ കേന്ദ്രമാക്കിയുള്ള ജീവിതം നാഗരികതയിലേക്ക് വഴിതെളിച്ചു. ഇതിന് അനുബന്ധമായി കുടുംബം, വിവാഹം എന്നിവയുടെ അഞ്ച് ഘട്ടങ്ങളിലായുള്ള പരിണാമവും മോർഗൻ വിശദീകരിക്കുന്നുണ്ട്. മോർഗന്റെ വാദമുഖങ്ങൾ മാർക്സിനെയും ഏംഗൽസിനെയും ആകർഷിച്ചു. മാർക്സിന്റെ ‘പ്രാകൃത കമ്യൂണിസം’ എന്ന സങ്കൽപനത്തിലും ഏംഗൽസിന്റെ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം’ (1884) എന്ന പുസ്തകത്തിലും മോർഗന്റെ സ്വാധീനം പ്രത്യക്ഷമായിത്തന്നെ കാണാവുന്നതാണ്.
ഇനി നമുക്ക് േഫ്രസറിലേക്കു വരാം. 1854ൽ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോവിൽ ഒരു യാഥാസ്ഥിതിക കാൽവിനിസ്റ്റ് കുടുംബത്തിലാണ് സർ ജെയിംസ് േഫ്രസർ ജനിച്ചത്. ചെറുപ്പത്തിൽതന്നെ ഗ്രീക്, ലാറ്റിൻ ഭാഷകൾ പഠിച്ചു തുടങ്ങിയ േഫ്രസറിന് തത്ത്വചിന്തയിലും സാഹിത്യത്തിലും ഒരുപോലെ താൽപര്യമുണ്ടായിരുന്നു. ഡേവിഡ് ഹ്യൂമിന്റെ അനുഭവജ്ഞാനത്തിലൂന്നിയുള്ള തത്ത്വചിന്ത േഫ്രസറിനെ ആകർഷിച്ചു. സ്കോളർഷിപ്പ് നേടി കേംബ്രിജിലെ ട്രിനിറ്റി കോളജിൽ ചേർന്ന അദ്ദേഹം, തന്റെ തുടർന്നുള്ള ജീവിതകാലം മുഴുവൻ അധ്യാപനവും ഗവേഷണവുമായി കേംബ്രിജിൽതന്നെ ചെലവഴിച്ചു. കേംബ്രിജിൽ തത്ത്വചിന്താ വിദ്യാർഥി ആയിരിക്കുമ്പോഴാണ് േഫ്രസർ ടൈലറിന്റെ ‘Primitive culture’ വായിക്കാനിടയാവുന്നത്. നരവംശ ശാസ്ത്രത്തിലേക്കുള്ള േഫ്രസറിന്റെ കടന്നുവരവിനെ ആഴത്തിൽ സ്വാധീനിച്ചത് ഈ പുസ്തകമാണ്. ഇറ്റലിയിലെ ക്രിസ്ത്യൻപൂർവ കാലഘട്ടത്തിലെ സംസ്കാരത്തെ അടയാളപ്പെടുത്തുന്ന നെമി നഗരത്തിലേക്ക് പുരാവസ്തു ഗവേഷണാർഥം നടത്തിയ യാത്രയുടെ സമയത്ത് േഫ്രസറിന്റെ മനസ്സിൽ രൂപപ്പെട്ട പല നിരീക്ഷണങ്ങളെയും ടൈലറിന്റെ സിദ്ധാന്തങ്ങൾ ബലപ്പെടുത്തി. അങ്ങനെ 1890ൽ േഫ്രസറിന്റെ വിഖ്യാതമായ ‘Golden Bough’ രണ്ട് വാള്യങ്ങളിലായി പുറത്തിറങ്ങി. 1900ത്തിൽ ഇറങ്ങിയ രണ്ടാം പതിപ്പ് മൂന്ന് വാള്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്. ഒറ്റനോട്ടത്തിൽ പുരാതന ഇറ്റലിയിലെ പുരോഹിത രാജാക്കന്മാരെ അവരുടെ പിൻഗാമികൾ വധിക്കുന്ന അസാധാരണമായ ആചാരത്തിന്റെ ഉത്ഭവവും സാംസ്കാരികമായ വ്യാഖ്യാനവുമാണ് ‘Golden Bough’വിന്റെ പ്രമേയമെന്ന് തോന്നാം. എന്നാൽ, സൂക്ഷ്മമായ വായന പരസ്പരബന്ധിതമായ മിത്തുകളും ചരിത്രവും ഇടകലർന്നുള്ള മനുഷ്യന്റെ സങ്കീർണമായ സാമൂഹികക്രമത്തെ കുറിച്ചുള്ള ഉൾക്കാഴ്ചയാണ് സമ്മാനിക്കുന്നത്. മതങ്ങളുടെ പരിണാമചരിത്രത്തോട് സവിശേഷമായ താൽപര്യമുണ്ടായിരുന്ന േഫ്രസർ ക്രിസ്തുമതത്തിന്റെ അതിവിശിഷ്ടതയെ കുറിക്കുന്ന പല അവകാശവാദങ്ങളെയും കടന്നാക്രമിച്ചു. പിൽക്കാലത്ത് പാഗൻ എന്ന് മുദ്രകുത്തപ്പെട്ട പല ‘പ്രാകൃത’വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാന തത്ത്വങ്ങൾ സ്വീകരിച്ചുകൊണ്ടാണ് ക്രിസ്തുമതം നിലവിൽ വന്നതെന്ന് അദ്ദേഹം വാദിച്ചു. മതചിന്തയുടെ പരിണാമവുമായി ബന്ധപ്പെട്ട് ‘Golden Bough’വിൽ മൂന്ന് ഘട്ടങ്ങളെ കുറിച്ച് പറയുന്നുണ്ട്. പ്രകൃതി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് തടയിടാൻ പ്രകൃതിയെത്തന്നെ മെരുക്കിയെടുക്കേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ഈ മൂന്ന് ഘട്ടങ്ങളിലും മനുഷ്യന് നിർണായകമായത്. ഭക്ഷ്യക്ഷാമവും രോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും ആത്യന്തികമായി സൃഷ്ടിച്ച മരണഭയവും പ്രതിസന്ധികളും മറികടക്കാനായി ആദ്യകാല മനുഷ്യൻ മന്ത്രവാദം വികസിപ്പിച്ചു. േഫ്രസറിന്റെ പരിണാമ േശ്രണിയിലെ ആദ്യ ഘട്ടമായ മന്ത്രവാദത്തിലൂടെ മനുഷ്യൻ തന്റെ സ്വകാര്യ നേട്ടങ്ങൾക്കായി പ്രകൃതിയെ വളച്ചൊടിക്കാമെന്ന് (manipulate) മനസ്സിലാക്കി. എന്നാൽ, മന്ത്രവാദത്തിന്റെ രഹസ്യമറിയാവുന്നത് ചിലർക്ക് മാത്രമായിരുന്നു. സംഘത്തിന്റെ മൊത്തം ക്ഷേമത്തിനായി നിഗൂഢമായ കഴിവുകൾ പ്രയോജനപ്പെടുത്തിയ മന്ത്രവാദികൾ സവിശേഷ വ്യക്തിത്വങ്ങളായി. എന്നാൽ, ഏറെ കഴിയാതെ മന്ത്രവാദികളുടെ വ്യക്തിപ്രഭാവവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു. മനുഷ്യരല്ല, മറിച്ച് പ്രകൃതിയെ നിയന്ത്രിക്കുന്ന അമാനുഷിക ശക്തികളാണ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതെന്ന് അവർ കണ്ടെത്തി. ഈ ശക്തികളെ അവർ ദൈവങ്ങളെന്നു വിളിച്ചു. രണ്ടാം ഘട്ടമായ മതങ്ങളുടെ ചരിത്രം ഇവിടെ തുടങ്ങുന്നു.
ദൈവങ്ങളെ പ്രീതിപ്പെടുത്തി തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്ത് ജീവിതം കൂടുതൽ ആയാസകരമാക്കാനായി മനുഷ്യൻ ഏർപ്പെടുത്തിയ വ്യവസ്ഥയെയാണ് േഫ്രസർ മതമെന്ന് വിവക്ഷിക്കുന്നത്. ഇതുകൊണ്ടാണ് ബലികൊടുക്കുന്ന സമ്പ്രദായത്തെ മതങ്ങളുടെ പ്രാഗ് രൂപമായി അദ്ദേഹം കാണുന്നത്. ബലി ഒരർഥത്തിൽ ദൈവത്തിനുള്ള കൈക്കൂലിയാണല്ലോ. പക്ഷേ, കാലം പിന്നിട്ടപ്പോൾ മതങ്ങളും മനുഷ്യനെ നിരാശപ്പെടുത്തി. പ്രാർഥനകൾ ആരും ചെവിക്കൊണ്ടില്ല, നൽകിയ ബലികൾക്ക് ഉദ്ദേശിച്ച ‘ഫലം’ കിട്ടാതായി. അതിജീവനം തന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് ബോധ്യപ്പെട്ട മനുഷ്യൻ യുക്തിചിന്തയിൽ അഭയം പ്രാപിച്ചു. പ്രതിസന്ധികളെ തരണംചെയ്യാൻ അവർ സാമാന്യബുദ്ധിയെ ആധാരമാക്കിയുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചു. അങ്ങനെ മനുഷ്യൻ ശാസ്ത്ര ചിന്തയുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വേരുകൾ മന്ത്രവാദത്തിലാണെന്ന വാദത്തിന് അന്താരാഷ്ട്രതലത്തിൽ അനുകൂലികളും വിമർശകരുമുണ്ടായി. എന്നാൽ, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വൈവിധ്യം നിറഞ്ഞ സംസ്കാരങ്ങളുടെ പൊതുഘടകങ്ങളെ വിദഗ്ധമായി കോർത്തിണക്കി തന്റെ പ്രധാന വാദമുഖത്തെ ബലപ്പെടുത്താൻ േഫ്രസർ കാണിച്ച മിടുക്കിനെ ലോകം അംഗീകരിച്ചു.
1913ൽ എറണാകുളത്തെ ഇടപ്പള്ളിയിലാണ് വിക്രമൻ എന്ന സി.ആർ. കേരളവർമ ജനിച്ചത്. തിരുവനന്തപുരം ആർട്സ് കോളജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ കേരളവർമ ചങ്ങനാശ്ശേരി എസ്.വി കോളജ്, മംഗളൂരുവിലെ സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ‘മന്ത്രവാദവും മതവും’ എന്ന പുസ്തകത്തിനു പുറമെ പതിനാറോളം പുസ്തകങ്ങൾ ഗ്രന്ഥകാരന്റേതായുണ്ട്.
‘Golden Bough’വിനെ ഹിമാലയത്തോട് ഉപമിച്ചുകൊണ്ട്, ആ ‘‘പർവതത്തിന്റെ സാനുക്കളിൽനിന്നും ചിലതെല്ലാം ശേഖരിച്ച് മലയാളത്തിന് പറ്റിയൊരു കൊച്ചു മോഡൽ നിർമിക്കുകയാണ് കേരളവർമ ചെയ്തത്’’ എന്ന് ‘മന്ത്രവാദവും മതവും’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ജി. ഭാർഗവപ്പിള്ള നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വന്നിട്ടില്ലാത്ത േഫ്രസറുടെ പുസ്തകത്തിൽ ഇവിടത്തെ പല ജനവിഭാഗങ്ങളെക്കുറിച്ചും അവരുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുമുള്ള അതിശയോക്തി കലർന്ന വിവരങ്ങൾ വേണ്ടുവോളം കാണാം. പല സംസ്കാരങ്ങളുടെയും മന്ത്രവാദ സമാനമായ ആചാരങ്ങളെ അത്ഭുതതവും അവജ്ഞയും നിറഞ്ഞ കണ്ണുകളിലൂടെയാണ് േഫ്രസർ അടക്കമുള്ള പാശ്ചാത്യർ നോക്കിക്കണ്ടത്. ഒരു മനുഷ്യസമൂഹം എന്നതിനെക്കാൾ മനുഷ്യരാശിയുടെ പരിണാമ ചരിത്രം പഠിക്കാൻ തങ്ങൾക്കായി കാലം അവശേഷിപ്പിച്ച ഫോസിലുകളുടെ ഒരു മ്യൂസിയമായാണ് ഇന്നാട്ടിലെ സംസ്കാരങ്ങളെ അവർ കണ്ടത്. േഫ്രസറുടെ പുസ്തകത്തിന്റെ ഈയൊരു ന്യൂനതതന്നെയാവാം ഒരുപക്ഷേ കൂടുതൽ വിശ്വസനീയമായ എത് നോഗ്രഫിക് ഉദാഹരണങ്ങൾ ഉൾപ്പെടുത്തി കേരളമടങ്ങുന്ന പ്രദേശത്തെ ഇവലൂഷനിസ്റ്റ് ഭൂപടത്തിൽ അടയാളപ്പെടുത്താൻ കേരളവർമയെ േപ്രരിപ്പിച്ചത്.
കൂടോത്രവും ഒടിയൻവേലയും പോലുള്ള ആഭിചാര കർമങ്ങൾ സുപരിചിതമായ മലയാളിക്ക് േഫ്രസറിനെ പരിചയപ്പെടുത്താനായി മന്ത്രവാദത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് കേരളവർമ തന്റെ ആദ്യ അധ്യായത്തിനായി തിരഞ്ഞെടുത്തത്. ‘സഹതാപ മന്ത്രവാദം’ (Sympathetic magic) എന്ന ഒന്നാം അധ്യായത്തിൽ സാംസ്കാരിക പരിണാമത്തിന്റെ മന്ത്രവാദത്തിന്റേതായ ഒന്നാം ഘട്ടത്തിന് അടിസ്ഥാനമായ രണ്ട് ചിന്താനിയമങ്ങൾ വിശദീകരിക്കുന്നുണ്ട്.
1. സദൃശ നിയമം (Law of similarity): ‘‘സദൃശങ്ങൾ സദൃശ്യങ്ങളെ ജനിപ്പിക്കുന്നു (Like produces like), അല്ലെങ്കിൽ കാര്യം കാരണത്തിന്റെ സാമ്യം വഹിക്കുന്നു.’’ (An effect resembles its cause)
2. സമ്പർക്ക നിയമം (Law of contact or contagion): ‘‘ഒരിക്കൽ തൊട്ടിരുന്നതോ അടുത്തിരുന്നതോ ആയ സാധനങ്ങൾ എത്രതന്നെ അകന്നാലും അന്യോന്യം ബന്ധപ്പെട്ടിരിക്കും. ഒന്നിനെ ബാധിക്കുന്നതെല്ലാം മറ്റതിനെയും ബാധിക്കും.’’
സഹതാപ മന്ത്രവാദത്തിന്റെ രണ്ട് ശാഖകളായ സദൃശനിയമവും സമ്പർക്ക നിയമവും അടിസ്ഥാനമാക്കിയുള്ള മന്ത്രവാദക്രിയകൾ ഒരേ സംസ്കാരത്തിൽതന്നെ ഇടകലർന്ന് കാണാവുന്നതാണ്. താനുദ്ദേശിക്കുന്ന ഏത് ഫലവും ആ ഫലത്തെ അനുകരിക്കുന്നതിലൂടെ സിദ്ധിക്കുമെന്ന് സദൃശനിയമത്തിൽനിന്നും മന്ത്രവാദി അനുമാനിക്കുന്നു. ഈ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ആഭിചാര കർമങ്ങൾ അനുകരണ മന്ത്രവാദമെന്നറിയപ്പെടുന്നു. അതേസമയം, ഏതെങ്കിലും ഒരാളുമായി സമ്പർക്കമുണ്ടായിരുന്ന ഒരു വസ്തുവിനെ ബാധിക്കുന്ന ഏത് പ്രവൃത്തിയും ആ വ്യക്തിയെയും ബാധിക്കുമെന്ന് സമ്പർക്ക നിയമത്തിൽനിന്നും മന്ത്രവാദി അനുമാനിക്കുന്നു. ഇതാണ് സമ്പർക്ക മന്ത്രവാദത്തിന്റെ അടിസ്ഥാനം. ഹോമിയോപ്പതിയുടെ ‘ഉഷ്ണം ഉഷ്ണേന ശമ്യതേ’ എന്ന ചികിത്സാ സിദ്ധാന്തം സദൃശനിയമത്തിന്റെ പ്രയോഗത്തെ മനസ്സിലാക്കാൻ സഹായിക്കും. ലോകത്തിന്റെ പല ദിക്കുകളിലും ശത്രുക്കളെ ഉപദ്രവിക്കാനോ നശിപ്പിക്കാനോ വേണ്ടി മന്ത്രവാദികൾ അനുകരണ മന്ത്രവാദം പ്രയോഗിക്കാറുണ്ട്. പുരാതന ഈജിപ്തിലും റോമിലും മന്ത്രവാദികൾ ശത്രുവിന്റെ രൂപമുണ്ടാക്കി അതിനെ ഹോമിക്കുകയോ എണ്ണയിൽ വറുക്കുകയോ ചെയ്തിരുന്നു. വിഗ്രഹം ദഹിക്കുന്നപോലെ ശത്രുവും നശിക്കുമെന്നവർ വിശ്വസിച്ചു. േഫ്രസറിന്റെ ഉദാഹരണങ്ങൾക്കു പുറമെ കേരളത്തിൽനിന്നുള്ള അനുകരണ മന്ത്രവാദത്തിന്റെ പരിധിയിൽ വരുന്ന കർമങ്ങൾ കേരളവർമ എടുത്തുപറയുന്നുണ്ട്. ശത്രുവിന്റെയോ ബാധയുടെയോ കോലം നിലത്തു വരച്ച് അതിനുമുകളിൽ കനലിടുക, ഓരോ മർമങ്ങളിലും നാരായം തറക്കുക, പാണന്മാരുടെ പാതാളഹോമം തുടങ്ങിയവ ഇതിൽ ചിലതാണ്. ആഭിചാര കർമത്തിനുവേണ്ടി മാത്രമല്ല അനുകരണ മന്ത്രവാദത്തിന്റെ യുക്തി പ്രയോഗിക്കുന്നതെന്ന് ഹോമിയോപ്പതിയുടെ ഉദാഹരണത്തിലൂടെ മനസ്സിലായല്ലോ. മഞ്ഞപ്പിത്തത്തിന്റെ നാടൻ ചികിത്സാരീതികളും ഈ നിയമത്തെ പിന്തുടരുന്നുണ്ട്. മഞ്ഞ പക്ഷികൾ, മഞ്ഞനിറത്തിലുള്ള വസ്തുക്കൾ എന്നിവയിലേക്ക് രോഗിയുടെ മഞ്ഞനിറം ഉഴിഞ്ഞയക്കാൻ മന്ത്രവാദികൾ ശ്രമിക്കുന്നു.
ഇനി സമ്പർക്ക മന്ത്രവാദത്തിന്റെ ഉദാഹരണങ്ങൾ നോക്കാം. ശരീരത്തിലെ ഏതെങ്കിലുമൊരു ഭാഗം വെച്ചുള്ള ശത്രുനിഗ്രഹം മന്ത്രവാദത്തിൽ സാധാരണമാണല്ലോ. ഇതുകൊണ്ടുതന്നെയാവാം മുറിച്ച മുടി, കൊഴിഞ്ഞ പല്ല് എന്നിവയുടെ നിർമാർജനത്തിൽ നമ്മുടെ പഴമക്കാർ അതി ശ്രദ്ധ പുലർത്തിയിരുന്നത്. കുട്ടികൾ പല്ല് പോയാൽ അത് ചാണകത്തിൽ പൊതിഞ്ഞ് പുരപ്പുറത്തെറിയുന്ന ശീലത്തിന് സമ്പർക്ക മന്ത്രവാദത്തിന്റേതായ മറ്റൊരു വശംകൂടിയുണ്ട്. എറിഞ്ഞ പല്ല് ഏത് ജന്തു തൊടുന്നുവോ ആ ജന്തുവിന്റെ പല്ല് കുട്ടിക്ക് ലഭിക്കും എന്ന വിശ്വാസമാണത്. ‘‘പലകപ്പല്ല് പോയി കീരിപ്പല്ലു വരട്ടെ’’ എന്ന പ്രാർഥനകൂടി ഓർക്കുമ്പോൾ ചിത്രം പൂർണമാവുന്നില്ലേ? ദുർമന്ത്രവാദത്തിനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ മിക്ക സംസ്കാരങ്ങളും പറിഞ്ഞ പല്ലിനെ അതിശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തിരുന്നത്. പറിഞ്ഞ പല്ലിൽ ജീവന്റെ അംശമുള്ളതുകൊണ്ട് അവയെ പ്രത്യേകം സൂക്ഷിക്കണമെന്നാണ് പല ആസ്ട്രേലിയൻ വർഗക്കാരുടെയും വിശ്വാസം.
കേവലം വ്യക്തിനിഷ്ഠമായുള്ള മന്ത്രവാദം സമൂഹത്തിന്റെ ഒന്നാകെയുള്ള ക്ഷേമം മുന്നിൽ കണ്ടുള്ള ഇടപെടലുകൾക്ക് വഴിമാറിയതോടെയാണ് മന്ത്രവാദിയുടെ ജനസമ്മതി വർധിക്കുന്നതെന്ന് പറഞ്ഞല്ലോ. ആവശ്യമുള്ളപ്പോൾ നാട്ടിൽ മഴ പെയ്യിച്ചും വേട്ടക്കാർക്ക് വേണ്ട ഇരകളെ ഉറപ്പുകൊടുത്തും മന്ത്രവാദി പതുക്കെ സമൂഹത്തിന്റെ കേന്ദ്രമായി. മാക്സ് വെബർ പറയുന്ന ‘കരിസ്മാറ്റിക് അതോറിറ്റി’കളിൽ ഒരുപക്ഷേ ആദ്യത്തേത്. ആദ്യത്തെ വൈദ്യനും ശാസ്ത്രജ്ഞനും പിന്നെ ഭരണാധികാരിയും മന്ത്രവാദിയായിരുന്നുവെന്ന് േഫ്രസർ വാദിക്കുന്നു. പിന്നീട് മന്ത്രവാദം ക്ഷയിച്ച് മതത്തിന്റെ ശക്തി വർധിച്ചപ്പോൾ രാജാവ് മന്ത്രവാദം ഉപേക്ഷിച്ച് പുരോഹിത സ്ഥാനം കൈയേറ്റതാവാമെന്നും അദ്ദേഹം അനുമാനിക്കുന്നു.
മന്ത്രവാദം, മതം, ശാസ്ത്രം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് രണ്ടാം അധ്യായത്തിൽ വിശദീകരിക്കുന്നത്. ‘Golden Bough’വിന്റെ ‘Magic and Religion’ എന്ന നാലാം അധ്യായത്തെ ആധാരമാക്കിയുള്ളതാണ് ഈ ഭാഗം. മന്ത്രവാദിയെ സംബന്ധിച്ച് മന്ത്രവാദത്തിന്റെ പ്രായോഗികവശം മാത്രമായിരുന്നു പ്രധാനം. ‘‘എന്തുകൊണ്ട്?’’ എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളായാണല്ലോ പിന്നീട് മതവും ശാസ്ത്രവും കടന്നുവരുന്നത്. മൂന്നിന്റെയും പിന്നിലെ യുക്തിയെക്കുറിച്ച് ചിന്തിച്ചാൽ മതത്തെക്കാൾ ശാസ്ത്രത്തോടാണ് മന്ത്രവാദത്തിന് കൂടുതൽ അടുപ്പമെന്ന് കാണാം. ഉദാഹരണത്തിന് ഭൗതിക ശാസ്ത്രത്തിലെന്നപോലെ മന്ത്രവാദത്തിലും കർമവും പ്രതികർമവും തുല്യ ബലമുള്ളതും വിരുദ്ധമായതുമാണ് (Every action has an equal and opposite reaction). മതവും മന്ത്രവാദവും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാണ്. ഇവിടെ, ‘‘പ്രകൃതിയെയും മനുഷ്യജീവിതത്തെയും നയിക്കുകയും ഭരിക്കുകയും ചെയ്യുന്നു എന്നു വിശ്വസിക്കപ്പെട്ടു വരുന്ന മനുഷ്യാതീതമായ ശക്തികളെ പ്രീതിപ്പെടുത്തുകയോ അനുകൂലമാക്കുകയോ ചെയ്യലാണ് മതം’’ (പേജ് 84). മന്ത്രവാദത്തിൽനിന്ന് മാറി മതത്തിന് പ്രായോഗികതലത്തിന് പുറമെ സിദ്ധാന്തപരമായ മറ്റൊരു വശംകൂടിയുണ്ട്. അഥവാ ദൈവങ്ങളിലുള്ള വിശ്വാസവും അവയെ പ്രീതിപ്പെടുത്താനുള്ള ചടങ്ങുകളും മതത്തിൽ സമന്വയിക്കുന്നു.
തുടർന്നുള്ള അധ്യായങ്ങളിൽ വൃക്ഷാരാധന, സ്ത്രീ-പുരുഷ ബന്ധവും സസ്യങ്ങളും, ആത്മാവ്, നിഷേധങ്ങൾ (Taboos) തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിക്കുമ്പോൾ േഫ്രസറുടെ തലക്കെട്ടുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ചിട്ടയായ ഒരു വിവർത്തനമല്ല കേരളവർമ നടത്തുന്നത്. വൃക്ഷാരാധനയെ കുറിച്ചുള്ള അധ്യായത്തിൽ ഇന്നാട്ടുകാർ പുരപ്പണിക്കുവേണ്ടി മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ പരാമർശിക്കുന്നുണ്ട്. മരം കയറുന്നതിനുമുമ്പ് മരത്തെ തൊട്ട് തലയിൽ വെക്കുന്നതും ഗൃഹപ്രവേശനത്തിനുമുമ്പ് ‘തച്ചോട’ നടത്തുന്നതും വൃക്ഷങ്ങളെ പാവനമായി കണ്ടിരുന്ന ഒരു ഭൂതകാലത്തെയാണ് ഓർമിപ്പിക്കുന്നത്. ആത്മാവിനെക്കുറിച്ചുള്ള ഭാഗത്ത് കോട്ടുവായിടുമ്പോൾ ഹിന്ദുക്കൾ കൈ ഞൊടിക്കുന്നത് ആത്മാവ് ഓടിപ്പോവാതിരിക്കാനാവും എന്ന് കേരളവർമ ഊഹിക്കുന്നുണ്ട്. മറ്റൊരിടത്ത്, അവശേഷിച്ച ആഹാരത്തിന്റെ മന്ത്രവാദ സാധ്യതകൾ ചർച്ചചെയ്യുമ്പോൾ ‘‘ഉരല് വിഴുങ്ങുമ്പോഴും വിരലുകൊണ്ട് മറക്കണ’’മെന്ന ചൊല്ല് ഉദ്ധരിച്ചിരിക്കുന്നത് കാണാം. തിരുവാതിര, ഭരണിയുമായി ബന്ധപ്പെട്ട ‘തൂക്കം’ തുടങ്ങിയ ഉത്സവങ്ങളുടെ ഉത്ഭവവുമായി ബന്ധപ്പെട്ട ചരിത്രവും സാംസ്കാരിക പരിസരവും പിൽക്കാലത്ത് വന്നുചേർന്ന മാറ്റങ്ങളും വിവരിച്ചശേഷം ‘‘പഴയ ആചാരങ്ങളെ നീതീകരിക്കാൻ പുതിയ കാരണങ്ങൾ കണ്ടുപിടിക്കാനുള്ള ഒരു നീണ്ട ശ്രമമാണ് മതചരിത്രം’’ (ജ. 119) എന്ന ശ്രദ്ധേയമായ നിരീക്ഷണവും മുന്നോട്ടുവെക്കുന്നുണ്ട്. ഇത്തരത്തിൽ േഫ്രസറുടെ എഴുത്തിൽ കേരളവർമ സാന്ദർഭികമായി നടത്തുന്ന ഇടപെടലുകളിൽ തെളിയുന്ന കേരളത്തിലെ വൈവിധ്യമാർന്ന സംസ്കാരങ്ങളെ കുറിച്ചുള്ള ഉൾക്കാഴ്ചകളാണ് പുസ്തകത്തെ ഇന്ന് കൂടുതൽ പ്രസക്തമാക്കുന്നത്.
‘Golden Bough’ (1890), ‘മന്ത്രവാദവും മതവും’ (1947) എന്നീ രണ്ട് പുസ്തകങ്ങൾക്കിടയിലുള്ള അമ്പതിലേറെ വർഷങ്ങൾ നരവംശ ശാസ്ത്ര ചരിത്രത്തെ സംബന്ധിച്ച് പ്രധാനമാണ്. ഇവലൂഷനിസം എന്ന ചിന്താപദ്ധതിയുടെ വംശീയവും അധിനിവേശപരവുമായ താൽപര്യങ്ങളെ തിരിച്ചറിഞ്ഞ നരവംശ ശാസ്ത്രത്തിനകത്തും പുറത്തുമുള്ളവർ ആ സിദ്ധാന്തത്തിന്റെ സാധുതയെ വേരോടെ പിഴുതെറിഞ്ഞു. ഡാർവിനിലൂടെ ശ്രദ്ധ നേടിയ ‘അർഹമായവരുടെ അതിജീവനം’ (Survival of the fittest) എന്ന സങ്കൽപനം ആദ്യം പ്രത്യക്ഷപ്പെട്ടത് ഹെർബർട്ട് സ്പെൻസറിന്റെ സാമൂഹിക പുരോഗതിയെ കുറിച്ചുള്ള പഠനത്തിലാണ്. ഇത്, വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള നിരന്തരമായ യുദ്ധങ്ങളും സംഘർഷങ്ങളും സമൂഹത്തിന്റെ പുരോഗതിക്ക് കാരണമാവുന്നു എന്ന മിഥ്യാധാരണക്ക് അടിസ്ഥാനമായി വർത്തിച്ചുവെന്ന് മാർവിൻ ഹാരിസ് (1968) നിരീക്ഷിക്കുന്നുണ്ട്. ഇതേ കാരണത്താൽ നരവംശശാസ്ത്രമെന്ന ജ്ഞാനശാഖതന്നെ കൊളോണിയലിസത്തിന്റെ സന്തതിയെന്ന് വിളിക്കപ്പെട്ടു. ഹെർബർട്ട് റിസ് ലെക്കു ശേഷം ഭരണനിർവഹണത്തിനായി ഇന്ത്യയിലെത്തിയ ബഹുഭൂരിപക്ഷം വരുന്ന സിവിൽ സർവന്റുകളും നരവംശ ശാസ്ത്ര പഠനം നേടിയവരായിരുന്നുവെന്ന വസ്തുത ഇവിടെ പരിഗണിക്കണം. വൈവിധ്യം നിറഞ്ഞ ഇന്ത്യയിലെ ജനവിഭാഗങ്ങളെ ഭരണപരമായി മെരുക്കിയെടുക്കാൻ ആ സംസ്കാരങ്ങളെ അടുത്തറിയേണ്ടതുണ്ടെന്ന തിരിച്ചറിവാണ് കൊളോണിയൽ ശക്തികളെ നരവംശ ശാസ്ത്ര സാധ്യതകൾ ഉപയോഗപ്പെടുത്താൻ േപ്രരിപ്പിച്ചത്. തങ്ങൾക്ക് വിചിത്രമായി തോന്നിയ പല സംസ്കാരങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും പാശ്ചാത്യ ആധുനികതയുടെ കണ്ണിലൂടെ വ്യാഖ്യാനിച്ച സിവിൽ സർവന്റുകൾ വംശവെറി നിറഞ്ഞ പീനങ്ങളും ഗവൺമെന്റ് റിപ്പോർട്ടുകളും യഥേഷ്ടം പടച്ചുവിട്ടു. ഇത്തരത്തിൽ മനുഷ്യർ തമ്മിലുള്ള ശാരീരികവും സാംസ്കാരികവുമായ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി അപരങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ് നരവംശ ശാസ്ത്രം വളർന്നത് (സുന്ദർ സറുകായ്, 1997).
രീതിശാസ്ത്രപരമായും ഇവലൂഷനിസം എറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. വായിച്ചതും കേട്ടതുമായ അറിവുകളുടെ അടിസ്ഥാനത്തിൽ സാംസ്കാരിക പ്രബന്ധം എഴുതിക്കൂട്ടിയ നരവംശ ശാസ്ത്രജ്ഞരെ (Armchair anthropologists) പിന്തള്ളിക്കൊണ്ട് 1920കളോടെ േബ്രാണിസ്ലോ മലിനോസ്കിയുടെയും മറ്റും നേതൃത്വത്തിൽ ഫങ്ഷനലിസ്റ്റ് ചിന്താധാര സജീവമായി. പഠനവിഷയമാക്കുന്ന സംസ്കാരങ്ങളെ കുറിച്ച് ആധികാരികമായ വിവരങ്ങൾ ശേഖരിക്കാനായി അവരോടൊത്ത് ഗണ്യമായ കാലം ജീവിക്കുകയും അവരുടെ ഭാഷ പഠിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഫങ്ഷനലിസ്റ്റുകൾ ഊന്നിപ്പറഞ്ഞു.
സിദ്ധാന്തപരമായി തള്ളപ്പെട്ടെങ്കിലും ഇവലൂഷനിസത്തിന്റെ കെട്ടിറങ്ങാൻ നരവംശ ശാസ്ത്രത്തിന് പിന്നെയും പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നു. പൊതുബോധത്തെ സംബന്ധിച്ച് ഇന്നും നരവംശ ശാസ്ത്ര വീക്ഷണം എന്നത് ഇവലൂഷനിസത്തിന്റെ പര്യായംപോലെയാണ്. നമ്മുടെ നാട്ടിലെ മ്യൂസിയങ്ങളിൽ ഇന്നും ഫോസിലുകളായി തുടരുന്ന ആദിവാസി വിഭാഗങ്ങൾതന്നെയാണ് ഇതിന് കൃത്യമായ ഉദാഹരണം. സംസ്കാര പഠനത്തെ കേന്ദ്രമാക്കിയാണ് വികസിച്ചതെങ്കിലും, എല്ലാ സംസ്കാരങ്ങളെയും നരവംശ ശാസ്ത്രം പഠനവിധേയമാക്കിയിരുന്നില്ല. രാജാവ് തന്റെ പിൻഗാമികളാൽ വധിക്കപ്പെടുന്ന നാട്ടുനടപ്പാണ് ആ സംസ്കാരത്തെ േഫ്രസറിന് വിചിത്രമാക്കുന്നത്. അഥവാ, ചിന്തയിലും ജീവിതരീതിയിലും പുലർത്തുന്ന ‘വൈചിത്യ്ര’മാണ് ഒരു സംസ്കാരത്തിന്റെ നരവംശ ശാസ്ത്ര സാധ്യതകളെ തീരുമാനിച്ചിരുന്നത്. സ്വാഭാവികമായ ചില സംസ്കാരങ്ങൾ നിലനിൽക്കുമ്പോൾ മാത്രമാണല്ലോ മറ്റു പലരും വിചിത്രരാവുന്നത്. ആദിവാസി ജനവിഭാഗങ്ങളെ മുഴുവൻ ‘പ്രാകൃതരും’ ‘കാടരു’മായി ചിത്രീകരിച്ചാണ് ഇവലൂഷനിസ്റ്റുകൾ സ്വന്തം സംസ്കാരങ്ങൾക്ക് സ്വാഭാവികത അവകാശപ്പെട്ടത്. ഈ പ്രയോഗങ്ങൾ കേരളവർമയുടെ പുസ്തകത്തിലും ആവർത്തിക്കുന്നത്, 1890ൽ നിന്ന് 1947ൽ എത്തുമ്പോഴും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ കുറിച്ചുള്ള മുഖ്യധാര സമൂഹത്തിന്റെ കാഴ്ചപ്പാടിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നുകൂടി തെളിയിക്കുന്നുണ്ട്.
അക്കാദമിക് ആയി നരവംശ ശാസ്ത്രപഠനം നേടിയിട്ടില്ല എന്ന പരിഗണന കേരളവർമക്ക് നൽകാമെങ്കിലും, കാലഹരണപ്പെട്ടൊരു ചിന്താപദ്ധതിയെ മുൻനിർത്തി സ്വന്തം ജനതയെക്കുറിച്ചൊരു സാംസ്കാരിക പഠനത്തിനു മുതിർന്നത് നിർദോഷവും നിഷ്കളങ്കവുമായ ഒരു തിരഞ്ഞെടുപ്പല്ല. മന്ത്രവാദികൾ ആയിരുന്നു ആദ്യ രാജാക്കന്മാർ എന്ന േഫ്രസറിന്റെ വാദത്തെ കേരളത്തിന്റെ ജാതി ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കുന്ന ഭാഗം പരിശോധിക്കാം.
‘‘മന്ത്രവാദിസ്ഥാനത്തിനു പുറമെ പുരോഹിതസ്ഥാനവും പണ്ഡിത സ്ഥാനവും കൂടി ഉണ്ടായിരുന്ന ഭൂദേവന്മാരായ ബ്രാഹ്മണർ രാജ്യഭാരം മറ്റുള്ളവരെ ഏൽപിച്ച് വെറും ഉപദേശകരായി ജീവിക്കാൻ സമ്മതിച്ചത് മഹാമനസ്കതയുടെയും ധർമനിഷ്ഠയുടെയും ഉദാഹരണമായിട്ടാണ്’’ (പേജ് 49) കേരളവർമ കണക്കാക്കുന്നത്. സമൂഹത്തിന്റെ ഭൂരിഭാഗം വരുന്ന ജനതയുടെ അധ്വാനത്തെ ചൂഷണംചെയ്ത് സുഖജീവിതം നയിച്ചിരുന്ന താനടങ്ങുന്ന നമ്പൂതിരി വിഭാഗത്തിന്റെ മനുഷ്യത്വരഹിതമായ ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമമാണ് ഗ്രന്ഥകാരൻ സ്വീകരിക്കുന്നത്. കൊളോണിയലിസത്തെ ന്യായീകരിക്കാനായി പടച്ച വാദങ്ങൾ ജാതീയതയുടെ കൊടിയ ക്രൂരതകളെ സാമൂഹിക പുരോഗതിയുടെ പേരു പറഞ്ഞ് സാധാരണീകരിക്കാനായി ഇറക്കുമതി ചെയ്യപ്പെടുകയാണിവിടെ. സാംസ്കാരികമായും സാമ്പത്തികമായും അധികാരം കൈയാളുന്ന വിഭാഗങ്ങൾക്ക് ഒരേ പ്രത്യയശാസ്ത്രം സ്വീകാര്യമാവുന്നതിൽ അത്ഭുതമില്ലല്ലോ.
* * *
നരവംശ ശാസ്ത്രത്തിന്റെ ചരിത്രം നിരന്തരമായ പൊളിച്ചെഴുത്തുകളുടേതുകൂടിയാണ്. ഒരേ സംസ്കാരത്തെക്കുറിച്ച് പല കാലങ്ങളിൽ എഴുതപ്പെട്ട പഠനങ്ങൾ നരവംശ ശാസ്ത്രത്തിന്റെ ‘നോട്ട’ത്തിന് കാലാന്തരത്തിൽ സംഭവിച്ച പരിണാമത്തെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. ആരംഭഘട്ടത്തിൽ ഒരു സംസ്കാരത്തെക്കുറിച്ച് വളരെ വസ്തുനിഷ്ഠമായ തീർപ്പുകൾ കൽപിക്കുന്നതിലാണ് ശ്രദ്ധിച്ചതെങ്കിലും, കൈകാര്യം ചെയ്യുന്ന വിവരങ്ങളുടെ ആത്മനിഷ്ഠാപരമായ സ്വഭാവം നരവംശ ശാസ്ത്രം പിന്നീട് തിരിച്ചറിയുന്നുണ്ട്. ഒരു സംസ്കാര പഠനത്തിലെ വിവരങ്ങൾ ആത്മനിഷ്ഠമാവുന്നത് ആ പഠനത്തിൽ ഇടപെടുന്ന വ്യക്തികളെക്കൊണ്ടു കൂടിയാണ്. നിരീക്ഷിക്കുന്നവരും നിരീക്ഷിക്കപ്പെടുന്നവരും ഒരുപോലെ പാഠത്തെ സ്വാധീനിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് ഇരുകൂട്ടരും തമ്മിലുള്ള പാരസ്പര്യമായി എത് നോഗ്രഫിയെ മനസ്സിലാക്കാൻ നരവംശ ശാസ്ത്രജ്ഞരെ േപ്രരിപ്പിച്ചത്.
മുമ്പ് കോളനികളായിരുന്ന രാജ്യങ്ങളിലെ സംസ്കാരങ്ങളെ കുറിച്ചുള്ള ഭരണപരവും സാമൂഹികപരവുമായ വീക്ഷണത്തെ ഇന്നും വംശീയത നിറഞ്ഞ കൊളോണിയൽ എത് നോഗ്രഫികൾ വലിയതോതിൽ സ്വാധീനിക്കുന്നുണ്ട്. സ്വന്തം സംസ്കാരത്തെ കുറിച്ചുള്ള വികലമായ കൊളോണിയൽ ഭാഷ്യത്തെ റദ്ദുചെയ്തു കൊണ്ടാണ് ‘ഓട്ടോ-എത് നോഗ്രഫികൾ’ രംഗത്തുവന്നത്. അങ്ങനെ മറ്റുള്ള സംസ്കാരങ്ങളെ പഠിക്കുന്ന പതിവ് രീതിവിട്ട് സ്വന്തം സംസ്കാരത്തെ പഠിക്കാൻ നരവംശ ശാസ്ത്രജ്ഞർ തയാറായി. ഇന്ന്, ഒരു സംസ്കാരത്തിന്റെ അകത്തും പുറത്തുമുള്ള നരവംശ ശാസ്ത്രജ്ഞരുടെ വ്യത്യസ്തമായ നിരീക്ഷണങ്ങൾ ഒരുമിച്ചു ചേരുമ്പോഴാണ് ആ സംസ്കാരത്തെ കുറിച്ചുള്ള നരവംശ ശാസ്ത്ര വീക്ഷണം പൂർണമാവുന്നത്.
കേരളത്തിലെ സർവകലാശാലകൾ എന്തുകൊണ്ട് നരവംശ ശാസ്ത്രത്തെ അവഗണിച്ചുവെന്നത് മറ്റൊരു ലേഖനത്തിനുള്ള സാധ്യതയാണ്. എന്നാൽ, ജി. ഭാർഗവൻ പിള്ള ആമുഖത്തിൽ ചൂണ്ടിക്കാട്ടിയപോലെ ‘‘നമ്മെപ്പറ്റി മോണിയർ വില്യംസ് എന്തു പറഞ്ഞു എന്ന് ആദ്യം നോക്കിയിട്ട് ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കുന്ന’’ പ്രവണത ഇന്നും ഇവിടെയുണ്ട്. ആദിവാസികളെക്കുറിച്ചും ദലിത് വിഭാഗങ്ങളെക്കുറിച്ചും മലയാളിസമൂഹം പുലർത്തുന്ന കാഴ്ചപ്പാടിനെ കൊളോണിയൽ സർവേകളും റിപ്പോർട്ടുകളുമാണ് ഇന്നും നിയന്ത്രിക്കുന്നത്. അതിനാലാണ് പരമ്പരാഗതമായ രീതിയിൽ വിവാഹം കഴിച്ചതിന് വയനാട്ടിലെ പണിയ യുവാക്കൾ പോക്സോ കേസിൽ ജയിലിൽ കിടന്നത് (See Sunil, Sanjuna & Nimal, 2019). വംശീയത നിറഞ്ഞ ഇത്തരം പൊതുബോധ നിർമിതികളെ പൊളിച്ചെഴുതാൻ പ്രാപ്തിയുള്ള ഓട്ടോ-എത് നോഗ്രഫികൾ ഇവിടെ സംഭവിക്കുന്ന കാലം ഒട്ടും വിദൂരമല്ല. ‘മന്ത്രവാദവും മതവും’പോലുള്ള പുസ്തകങ്ങളുടെ പുനർവായനകൾ സാംസ്കാരിക പഠനത്തിലെ ഇത്തരം പൊളിച്ചെഴുത്തുകൾക്കുള്ള കളമൊരുക്കം കൂടിയാണ്.
⚫
Harris, M. (2001). The rise of anthropological theory: A history of theories of culture. AltaMira Press.
Sarukkai, S. (1997). The 'Other' in anthropology and philosophy. Economic and Political Weekly, 1406-1409.
Sunil, B.C.T. Sanjuna, M. and Nimal, M.N. (2019). Criminalisation of Tribe in its New Avatar: Exploring the Case of Paniya Tribe. Kerala Sociologist, 47 (2): 101-109.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.