നൂറ്റാണ്ട് തികയുന്ന കേരളത്തി​ന്റെ നവോത്ഥാന കല

കേരളത്തി​ന്റെ നവോത്ഥാനത്തിൽ സുപ്രധാന പങ്കുവഹിച്ച കഥാപ്രസംഗത്തി​ന്റെ ചരിത്രവഴികൾ കണ്ടെത്തുകയാണ്​ ചരിത്രകാരനായ ലേഖകൻ. കഥാപ്രസംഗത്തി​ന്റെ ചരിത്രപരമായ പങ്ക്​ എന്താണ്​? എന്താണ്​ ഇൗ കലയുടെ ചരിത്രവർത്തമാനങ്ങൾ?‘‘അതാ അങ്ങോട്ട് നോക്കൂ... ആ വരുന്നതാണ് നമ്മുടെ കഥയിലെ നായിക...’’ മലയാളികളുടെ രാവുകളെ കഥകൾ പറഞ്ഞുണർത്തിയ കേരളത്തി​ന്റെ നവോത്ഥാന കലയായ കഥാപ്രസംഗത്തി​ന്റെ ആവിർഭാവത്തിന് 2024 മേയിൽ നൂറു വയസ്സ് തികയുന്നു.മലയാളികളുടെ ഇടയിലേക്ക് കഥാപ്രസംഗം എന്ന പുതിയ കലാരൂപത്തിന്റെ കടന്നുവരവ് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ വരുത്തിയ മാറ്റങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്താണ് കഥാപ്രസംഗം? കഥ...

കേരളത്തി​ന്റെ നവോത്ഥാനത്തിൽ സുപ്രധാന പങ്കുവഹിച്ച കഥാപ്രസംഗത്തി​ന്റെ ചരിത്രവഴികൾ കണ്ടെത്തുകയാണ്​ ചരിത്രകാരനായ ലേഖകൻ. കഥാപ്രസംഗത്തി​ന്റെ ചരിത്രപരമായ പങ്ക്​ എന്താണ്​? എന്താണ്​ ഇൗ കലയുടെ ചരിത്രവർത്തമാനങ്ങൾ?

‘‘അതാ അങ്ങോട്ട് നോക്കൂ... ആ വരുന്നതാണ് നമ്മുടെ കഥയിലെ നായിക...’’

മലയാളികളുടെ രാവുകളെ കഥകൾ പറഞ്ഞുണർത്തിയ കേരളത്തി​ന്റെ നവോത്ഥാന കലയായ കഥാപ്രസംഗത്തി​ന്റെ ആവിർഭാവത്തിന് 2024 മേയിൽ നൂറു വയസ്സ് തികയുന്നു.മലയാളികളുടെ ഇടയിലേക്ക് കഥാപ്രസംഗം എന്ന പുതിയ കലാരൂപത്തിന്റെ കടന്നുവരവ് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ വരുത്തിയ മാറ്റങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്താണ് കഥാപ്രസംഗം? കഥ വാചികമായി അവതരിപ്പിക്കുന്ന രീതി. ലളിതമായി പറഞ്ഞാൽ, വേദിയിൽ ഒരു കഥ പറഞ്ഞ് കാണികളെ രസിപ്പിക്കുന്ന കലാരൂപം. ‘‘കഥാപ്രസംഗം വചനത്തിന്റെ കലയാണെന്നും സംഗീത സാഹിത്യ അഭിനയങ്ങളുടെ സമുചിത സമ്മേളനംകൊണ്ട് ആസ്വാദ്യമായിത്തീരുന്ന ആഖ്യാനമാണെന്നും’’ വിദ്വാൻ കെ.കെ. വാധ്യാർ, ‘കഥാപ്രസംഗം എന്ത്, എന്തിന്, എങ്ങനെ?’ എന്ന ത​ന്റെ കൃതിയിൽ നിർവഹിച്ചിരിക്കുന്നു.

സാഹിത്യരൂപത്തിലുള്ള ആട്ടക്കഥകൾ അഭിനയിച്ചവതരിപ്പിക്കുന്നതാണ് ‘കഥകളി’യെങ്കിൽ, സാഹിത്യരൂപത്തിൽ തന്നെയുള്ള കഥകളും കവിതകളും വാചികമായി അവതരിപ്പിക്കുന്നതാണ് ‘കഥാപ്രസംഗം’. ചുരുക്കത്തിൽ, കഥാപ്രസംഗം എന്ന കലാരൂപത്തി​ന്റെ വാക്കർഥം തന്നെ ആ കലയെ വ്യക്തമാക്കുന്ന ഒന്നായിട്ട് മാറി. കഥകളിക്ക് വാചികാഭിനയം ആവശ്യമില്ലെങ്കിൽ, ഇവിടെ കാഥിക​ന്റെ വാഗ്മിത്വമാണ് കഥാപ്രസംഗത്തിന്റെ മർമം. മാത്രമല്ല, വാഗ്മിതക്ക് പുറമെ സാഹിത്യവും സംഗീതവും അഭിനയവും നർമവും ഒരുപോലെ കഥാപ്രസംഗത്തിൽ സമ്മേളിച്ചിരുന്നു. നവോത്ഥാന കലയായ കഥാപ്രസംഗത്തിന്റെ ധർമം രസിപ്പിക്കലും ഗ്രഹിപ്പിക്കലും എന്നാണ് വിദ്വാൻ കെ.കെ. വാധ്യാരുടെ അഭിപ്രായം. ഏതൊരു കലയുടെയും ധർമം രസിപ്പിക്കൽതന്നെയാണെങ്കിലും ആസ്വാദകർക്ക് വിജ്ഞാനം പ്രദാനംചെയ്യലും സാംസ്കാരികോദ്ബോധനം നൽകലും കഥാപ്രസംഗത്തിന്റെ ധർമമായി ഉയർത്തിക്കാട്ടാവുന്നതാണ്.

കഥാപ്രസംഗം എന്ന നവോത്ഥാന കല

നവോത്ഥാന കാലഘട്ടത്തിൽ ആശയപ്രചാരണത്തിനുള്ള ഒരു ഉപാധി എന്ന നിലയിൽ കടന്നുവന്ന കലാരൂപമായിരുന്നു കഥാപ്രസംഗം. കേരളത്തി​ന്റെ മാറിവന്ന പൊതുമണ്ഡല പരിസരത്തെ നിരന്തരം സംവാദാത്മകമാക്കി നിലനിർത്താൻ കഥാപ്രസംഗത്തിന് കഴിഞ്ഞു. തന്മൂലം കഥാപ്രസംഗം എന്ന കലാരൂപം കാലഘട്ടത്തി​ന്റെ ആവശ്യവും ജനകീയവുമായി മാറുകയുണ്ടായി. മാത്രമല്ല, നവോത്ഥാന കാലഘട്ടം ഉയർത്തിക്കൊണ്ടുവന്ന സംവാദങ്ങളെ സജീവമായി നിലനിർത്താനും വ്യാപിപ്പിക്കാനുമുള്ള ഒരിടമായി കഥാപ്രസംഗവേദി മാറി.

കഥാപ്രസംഗത്തിന്റെ ഉത്ഭവത്തിന് ശ്രീനാരായണ ഗുരുവി​ന്റെ ആശയപ്രചാരണങ്ങളുമായി ബന്ധം കൽപിക്കാൻ മിക്ക ചരിത്രകാരന്മാരും ശ്രമിക്കുന്നുണ്ട്. പൊതുവേ കഥാപ്രസംഗ കലയുടെ ഉപജ്ഞാതാവായി കരുതുന്ന സി.എ. സത്യദേവൻ ശ്രീനാരായണ ഗുരുവി​ന്റെ ആശ്രിതനും ഭക്തനുമായിരുന്നു. ചേർത്തലയിലെ ചെറുവാരണത്ത് ചെറുകണ്ണാട്ടുവീട്ടിൽ അയ്യപ്പൻ നീലകണ്ഠൻ എന്ന സത്യദേവൻ തിരുനെൽവേലിയിലും കുംഭകോണത്തും പോയി സംഗീതം പഠിച്ചു ഭാഗവതരായി മാറി. അദ്ദേഹം തമിഴ് പ്രദേശങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ഹരികഥ കാലക്ഷേപത്തിന്റെ വക്താവുകൂടിയായിരുന്നു.

ശ്രീനാരായണ ഗുരുവി​ന്റെ ശിഷ്യനായി തിരുവനന്തപുരത്തും വർക്കലയിലും കഴിയുന്ന വേളയിൽ ത​ന്റെ ഹരികഥാ കാലക്ഷേപം അനുസ്യൂതം തുടർന്നുവന്നു. പുരാണകഥകളെ അധികരിച്ച് സംസ്കൃത കീർത്തനങ്ങൾ ഉൾക്കൊള്ളിച്ച് ക്ഷേത്രങ്ങളിലും മറ്റും നടത്തിവന്നിരുന്ന ഹരികഥക്ക് വളരെയൊന്നും ജനകീയത കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരിക്കൽ തിരുവനന്തപുരം കോവളത്ത് വാഴമുട്ടം കുന്നുംപാറ ക്ഷേത്രത്തിൽ മാർക്കണ്ഡേയ ചരിതം അവതരിപ്പിക്കേണ്ടി വന്നപ്പോൾ അതിലെ സംസ്കൃത കാവ്യങ്ങൾ രചിക്കാൻ കുമാരനാശാനെയാണ് സമീപിച്ചത്. തുടർന്ന് ഹരികഥ കേൾക്കാൻ കുമാരനാശാനും അവിടെ സന്നിഹിതനായി.

സത്യദേവ​ന്റെ ഹരികഥ അവതരണം മതിമറന്നാസ്വദിച്ച ആശാൻ എഴുതാനും വായിക്കാനും അറിയാത്ത സാധുജനങ്ങൾക്ക് വേണ്ടി മലയാള കഥാകാവ്യങ്ങളെ ഈ രീതിയിൽ അവതരിപ്പിച്ചു കൂടെയെന്ന ചോദ്യമുന്നയിച്ചു. കുമാരനാശാ​ന്റെ ഈ ആവശ്യം സത്യദേവനെ വല്ലാതെ പിടികൂടി. അത്തരത്തിൽ ഹരികഥാ രൂപത്തെ ജനകീയമാക്കുന്നതിനായി തന്റെ ഖണ്ഡകാവ്യങ്ങൾ ഉപയോഗിക്കാം എന്ന നിർദേശവും കുമാരനാശാനിൽനിന്ന് സത്യദേവന് ലഭിക്കുകയുണ്ടായി. പിന്നീടുള്ള കുറച്ചുകാലം ഒരു പുതു കലാരൂപത്തിന്റെ പിറവിക്കുള്ള തയാറെടുപ്പുകളായിരുന്നു അവിടെ നടന്നത്. അതിനായി നിരവധി ആളുകളുടെ സഹായ സഹകരണങ്ങൾ സത്യദേവന് ലഭിക്കുകയുണ്ടായി.

ആദ്യ കഥാപ്രസംഗമായ ‘ചണ്ഡാലഭിക്ഷുകി’യുടെ അവതരണത്തെ കുറിച്ച് സത്യദേവൻ എഴുതുന്നു: ‘‘കഥാപ്രസംഗം ചിട്ടപ്പെടുത്താൻ പത്തനംതിട്ട പത്യാരത്ത് മൈലയ്ക്കൽ വൈദ്യന്മാരുടെ വീട്ടിൽ തങ്ങി. ഒരുമാസംകൊണ്ട് കഥാപ്രസംഗത്തിന്റെ പ്ലാൻ രൂപവത്കരിച്ചു. വർക്കല എത്തി ശ്രീനാരായണഗുരുവിനെ നമസ്‌കരിച്ചു. ആഗ്രഹം പറഞ്ഞു. അനുഗ്രഹം തേടി. അത് ആശാന്റെ പ്രേരണയാണെന്നും ഉണർത്തിച്ചു.’’ ‘‘ഈ പ്രസ്ഥാനത്തിൽ ഇവൻ വളരെ ശോഭിക്കും. നീ ജനത്തെ കഠിനമായി ആക്ഷേപിക്കരുത്. ധർമവിരുദ്ധമായ രാജനീതിയെയും അനാചാരം പ്രവർത്തിക്കുന്ന പുരോഹിതരെയും സഭ്യമായ ഭാഷയിൽ അധിക്ഷേപിക്കാം...’’ ഗുരുദേവന്റെ ഉപദേശം മനസ്സിൽ സൂക്ഷിച്ച് മൂന്നു ദിവസം ശിവഗിരിയിൽ തങ്ങി.

 

പാട്ടുകൾ എഴുതാൻ എറണാകുളം മഹാരാജാസ് കോളജ് മലയാളം അധ്യാപകനായ പണ്ഡിറ്റ് കറുപ്പൻ മാസ്റ്ററെയും എറണാകുളം തച്ചക്കുടിയിൽ പൽപു ഡോക്ട‌റെയും കാണാനുള്ള ഉപദേശം കിട്ടി. പൽപു ഡോക്ടറെ കണ്ടു കാര്യം പറഞ്ഞപ്പോൾ കെട്ടിപ്പിടിച്ച് എല്ലാ സഹായവും വാഗ്ദാനംചെയ്തു. കറുപ്പൻ മാസ്റ്റ‌റെ അദ്ദേഹംതന്നെ വിളിച്ചുവരുത്തി. പാട്ടി​ന്റെ മട്ട് പറഞ്ഞുകൊടുത്താൽ എഴുതാമെന്ന് അദ്ദേഹവും ഏറ്റു. ഡോക്ടറുടെ ബംഗ്ലാവിൽതന്നെ താമസിച്ചു കഥാപ്രസംഗം പരിശീലിക്കാൻ തുടങ്ങിയപ്പോഴാണ് ഒരുദിവസം വടക്കൻ പറവൂരിലെ കേളപ്പനാശാനെന്ന പ്രമാണി അദ്ദേഹത്തെ കാണാനെത്തിയത്. അന്നു രാത്രി ഏഴുമണിക്ക് കഥാപ്രസംഗത്തിന്റെ പരിശീലന അവതരണം തുടങ്ങി. അതു കണ്ടു താൻ നടത്തുന്ന സ്‌കൂളിൽ ഈ കലയുടെ രംഗപ്രവേശം നടത്തണമെന്നു കേളപ്പനാശാൻ അന്നു രാത്രി തന്നെ ഡോക്ടറോട് അപേക്ഷിച്ചു.

ഞാനും സമ്മതിച്ചു. കറുപ്പൻ മാ‌സ്റ്റർ പുതിയ കലക്ക് ‘കഥാപ്രഭാഷണം’ എന്നാണു പേരിട്ടത്. തലശ്ശേരിക്കാരൻ സി.കെ. കുഞ്ഞിരാമനാണ് ‘കഥാപ്രസംഗം’ എന്നു നിർദേശിച്ചത്. ഞാനും അതിനെ പിന്തുണച്ചു. എല്ലാം ഏർപ്പാടാക്കി മൂന്നുദിവസം കഴിഞ്ഞ് കേളപ്പനാശാൻ വീണ്ടും വന്നു. ഞങ്ങളെല്ലാം അങ്ങോട്ടു പുറപ്പെട്ടു. പിറ്റേന്നു വൈകീട്ട് വേദിയിൽ ഒരുപാടു പേർ തടിച്ചുകൂടി. ഹാർമോണിയം മാത്രമായിരുന്നു സംഗീതസഹായം. പ്ലാറ്റ്ഫോമിൽ കസേരയിട്ടു കരപ്രമാണിയുടെ ഭാവത്തിൽ ഒരാൾ ഇരുന്നിരുന്നു. കഥാപ്രസംഗ അവതരണം മൂന്നു മണിക്കൂറിലധികം നീണ്ടു. പ്രമാണി എ​ന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഒരു കടലാസു കഷണം തിരുകി. തൊഴുതു തിരിച്ചുപോയി. മറ്റാരും പിരിഞ്ഞുപോയില്ല. കേളപ്പനാശാൻ താലത്തിൽ പൂമാലയും നാരങ്ങയുമായെത്തി.

പോക്കറ്റിൽ തിരുകിയ കടലാസ് കഷണം പുറത്തെടുത്ത് വിടർത്തി കാണിച്ചു –10 രൂപ നോട്ട്, ‘‘കൊച്ചു ഗോവിന്ദപ്പിള്ള ജീവിതത്തിൽ ആർക്കെങ്കിലും ഇങ്ങനെ സംഭാവന ചെയ്തതായി നിങ്ങൾക്ക് അറിയാമോ?’’ എന്നു ചോദിച്ചു. എന്നിട്ട് കഴുത്തിൽ മാലയണിയിച്ചു. ആ 10 രൂപ അടക്കം 45 രൂപ എ​ന്റെ കൈയിൽ ​െവച്ചുതന്നിട്ടു കേളപ്പനാശാൻ പറഞ്ഞു: ഈ പ്രസ്ഥാനംകൊണ്ടു ഭാവിയിൽ നിങ്ങൾക്കുണ്ടാവാൻ പോകുന്ന പ്രസിദ്ധിയും പ്രയോജനവും അത്ഭുതാവഹമായിരിക്കും.’’ (ജിജോ ജോൺ പുത്തേഴത്ത്, ‘കഥാപ്രസംഗത്തിന്റെ സത്യകഥ’, മലയാള മനോരമ 2024 മേയ് 5, ഞായർ)

1924 മേയ് (1099 മേടം-ഇടവം) മാസത്തിലൊരു ദിവസത്തിലാണ് ആദ്യ കഥാപ്രസംഗം അരങ്ങേറിയത്. അതിനുവേദിയൊരുക്കി കൊടുത്തത് കേളപ്പനാശാൻ (1869-1925) എന്ന വ്യക്തിയായിരുന്നു. നിർഭാഗ്യവശാൽ ആരാലും അറിയപ്പെടാതെ പോയ ജൈവ ബുദ്ധിജീവിയും സാമൂഹികപ്രവർത്തകനും സമുദായ പരിഷ്കർത്താവുമായിരുന്നു കേളപ്പനാശാൻ. കൊച്ചിയിൽ സഹോദരൻ അയ്യപ്പൻ നടത്തിയ പല നവോത്ഥാന പരിശ്രമങ്ങളുടെയും പിന്നിൽ സഹകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഉദാഹരണത്തിന്, ചെറായിയിൽ വെച്ച് നടത്തിയ പന്തിഭോജനത്തിലേക്ക് നിരവധി യുവാക്കളെ എത്തിച്ചുനൽകിയതും ‘സഹോദരൻ’ പത്രം ആരംഭിച്ചപ്പോൾ 300 രൂപ ധനസഹായമായി നൽകിയതും കേളപ്പനാശാ​ന്റെ പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണെന്ന് കാണാൻ സാധിക്കും.

സാധാരണക്കാർക്കുകൂടി സംസ്കൃതവും മറ്റും പഠിക്കുന്നതിന് സഹായകമാകുന്ന തരത്തിൽ അദ്ദേഹം ചേന്നമംഗലം വടക്കുംപുറത്ത് സ്ഥാപിച്ചതാണ് കഥാപ്രസംഗത്തിന്റെ ആദ്യ വേദിയായി മാറിയ വിദ്യാലയം (കടപ്പാട്: വടക്കിൻപുറം കേളപ്പനാശാൻ ചരിത്രപഠന കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണത്തിൽ ഡോ. അജയ് ശേഖർ നടത്തിയ പ്രസംഗത്തിൽനിന്നും, യൂട്യൂബ് വിഡിയോ). ഡോ. പൽപുവുമായുള്ള സൗഹൃദമാണ് സത്യദേവനിലേക്ക് എത്താൻ അദ്ദേഹത്തിന് സഹായകമായത്.

സത്യദേവ​ന്റെ പാത പിന്തുടർന്നവർ

സത്യദേവൻ തുടർന്ന് മലയാള കാവ്യങ്ങളെ ​െവച്ചുകൊണ്ട് കഥാപ്രസംഗവും സംസ്കൃതകാവ്യങ്ങളെ അധികരിച്ച് ഹരികഥയും നടത്തിവന്നു. പിൽക്കാലത്ത് പല കാഥികരെയും ഈ രംഗത്തേക്ക് എത്താൻ പ്രചോദനമായി മാറിയ ഒരു വ്യക്തികൂടിയായിരുന്നു അദ്ദേഹം. നാടി​ന്റെ വിവിധ ഭാഗങ്ങളിൽ നവോത്ഥാന കലയായ കഥാപ്രസംഗത്തിന് നിരവധി ആരാധകരെ സൃഷ്ടിച്ച സത്യദേവൻ ഒരു സന്യാസിയായി മാറി അവസാനകാലം വാരാണസിയിൽ ചെലവഴിച്ചതായി കാണാൻ കഴിയും. വടക്കിൻപുറം കേളപ്പനാശാൻ ചരിത്രപഠന കേന്ദ്രത്തി​ന്റെയും ഈഴവോദയ സഭക്കാരുടെയും അന്വേഷണത്തിന്റെ ഫലമായി അദ്ദേഹത്തി​ന്റെ അവസാന നാളിൽ വന്ന കത്തുകളിലെ വിലാസം അതിന് തെളിവായി ഉയർത്തിക്കാട്ടുന്നു.

മലയാളത്തിലെ ഈ ‘നൂതന വിപ്ലവ കലാരൂപം’ (കഥാപ്രസംഗത്തെ ഇങ്ങനെ വിശേഷിപ്പിച്ചത് തേവർത്തോട്ടം സുകുമാരനാണ്) ഏറ്റെടുത്തു വളർത്തിക്കൊണ്ടു വരുവാൻ നിരവധിപേർ സന്നദ്ധരായി. ആദ്യ കാഥികരിൽ പലരും ശ്രീനാരായണ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിച്ചവരായിരുന്നു. സ്വാമി ബ്രഹ്മവ്രതൻ, സ്വാമി ആര്യഭടൻ, ശേഖര വാധ്യാർ തുടങ്ങിയ പേരുകൾ എടുത്തുകാണിക്കാവുന്നതാണ്. 1940കളുടെ തുടക്കത്തോടെ കഥാപ്രസംഗത്തിന്റെ മേഖലയിലേക്ക് നിരവധി ആളുകൾ എത്തിത്തുടങ്ങി. നവോത്ഥാന ചിന്തയും സ്വാതന്ത്ര്യാഭിരുചിയും യൂറോപ്പിൽ വ്യാപകമായിക്കൊണ്ടിരുന്ന കമ്യൂണിസം-സോഷ്യലിസം ഉൾപ്പെടെയുള്ള പുത്തനാശയങ്ങളും പ്രചരിപ്പിക്കുന്നതിനായി പലരും തങ്ങളുടെ വേദികൾ പരുവപ്പെടുത്തിയെടുത്തു.

ഈ ഘട്ടത്തിൽ കൂടുതലായി തിളങ്ങിനിന്നത് വിദ്വാൻ കെ.കെ. വാധ്യാർ, എം.പി. മന്മഥൻ, വിദ്വാൻ പി.സി. എബ്രഹാം, കെ.ജി. കേശവപ്പണിക്കർ, ജോസഫ് കൈമാപറമ്പൻ എന്നിങ്ങനെയുള്ള കാഥികരായിരുന്നു. ജ്ഞാനികളും സാഹിത്യ തൽപരരും കലാവാസനയുള്ളവരും വാഗ്മികളും ഈ മേഖലയിലേക്ക് എത്തിയപ്പോൾ കഥാപ്രസംഗം ജനകീയമായി മാറി. പരന്ന വായനയും വിശകലനശേഷിയും കൈമുതലായുള്ള കാഥികർക്ക് ആശാൻ-ഉള്ളൂർ-വള്ളത്തോൾ കൃതികൾക്ക് പുറമെ ചങ്ങമ്പുഴയുടെയും വയലാറിന്റെയും കാവ്യങ്ങളെ അധികരിച്ചുകൊണ്ടും ഗ്രീക്-റോമൻ ഇതിഹാസങ്ങളും ക്രിസ്ത്യൻ-മുസ്‍ലിം പശ്ചാത്തലത്തിലുള്ള കഥകളുംകൊണ്ട് വേദികളെ സമ്പന്നമാക്കാൻ കഴിഞ്ഞു.

 

തികഞ്ഞ ഗാന്ധിയനും മദ്യവർജക-ഭൂദാന പ്രസ്ഥാനത്തി​ന്റെ വക്താവുമായ എം.പി. മന്മഥനാണ് (1914-1994) ഗാന്ധിയൻ ആശയങ്ങൾ കഥാപ്രസംഗ മേഖലയിലേക്ക് എത്തിച്ചത്. തന്റെ കോളേജ് പഠനകാലത്ത് സത്യദേവന്റെ കഥാപ്രസംഗം കേട്ട് താൽപര്യം തോന്നിയാണ് അദ്ദേഹത്തെ അനുകരിച്ചുകൊണ്ട് ഈ രംഗത്തേക്ക് കടന്നുവന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ചേർത്തലക്കാരൻ ജോസഫ് കൈമാപറമ്പൻ (1923-2003) തനിക്ക് ലഭിച്ച സർക്കാർ ഉദ്യോഗംപോലും ഉപേക്ഷിച്ചാണ് കഥാപ്രസംഗം കലയുമായി മുന്നോട്ടുപോയത്.

വള്ളത്തോളിന്റെ ‘മഗ്ദലനമറിയ’മാണ് അദ്ദേഹത്തി​ന്റെ കഥാപ്രസംഗത്തിൽ മികച്ചുനിൽക്കുന്നത്. പാണ്ഡിത്യംകൊണ്ടും പ്രഫഷനലിസംകൊണ്ടും കഥാപ്രസംഗ മേഖലയെ മാറ്റിയെടുത്തതിൽ പ്രമുഖനാണ് മയ്യനാട്ടുകാരൻ വിദ്വാൻ കെ.കെ. വാധ്യാർ. കുമാരനാശാ​ന്റെ പഞ്ചനായികമാരെ (നളിനി, ലീല, മാതംഗി -ചണ്ഡാലഭിക്ഷുകി, വാസവദത്ത -കരുണ, സാവിത്രി -ദുരവസ്ഥ) അവലംബമാക്കിയായിരുന്നു അദ്ദേഹത്തി​ന്റെ കഥാപ്രസംഗങ്ങൾ മിക്കതും. വടക്കൻ പാട്ടുകളിലെ കഥകളും ക്രിസ്തീയ-മുസ്‍ലിം പശ്ചാത്തലത്തിലുള്ള കഥകൾ (‘ഇസ്രയേലി​ന്റെ മകൾ’, ‘മഗ്ദലന മറിയം’, ‘പി. ഭാസ്കര​ന്റെ ആമിന’, വയലാറി​ന്റെ ‘ആയിഷ ഉമ്മാടെ പൊന്നുമോൾ’) ത​ന്റെ അവതരണത്തിനായി ഉൾച്ചേർത്തുകൊണ്ട് കൂടുതൽ ഇടങ്ങളിലേക്ക് കഥാപ്രസംഗവുമായി അദ്ദേഹം നടന്നുകയറി. 1950കളിൽ ഇവർക്ക് പുറമെ വളരെ തിരക്കുള്ള കാഥികരായിരുന്നു ജോർജ് പള്ളിപ്പറമ്പിൽ, ചേർത്തല ഭവാനി അമ്മ, ആർ.കെ കൊട്ടാരത്തിൽ, മാവേലിക്കര എസ്.എസ്. ഉണ്ണിത്താൻ, വാമനൻ മാസ്റ്റർ, കെ.കെ. തോമസ്, തുറവൂർ രാമചന്ദ്രൻ, ബേബി താമരശ്ശേരി, പെൺപാലക്കര വിശ്വംഭരൻ തുടങ്ങിയവർ.

സദാനന്ദ-സാംബശിവ യുഗം

മലയാള സിനിമയിലെ സത്യൻ-നസീർ അല്ലെങ്കിൽ മമ്മൂട്ടി- മോഹൻലാൽ ദ്വന്ദ്വങ്ങളെ പോലെയായിരുന്നു കഥാപ്രസംഗകലയിൽ കെടാമംഗലം സദാനന്ദനും (1926-2008) വി. സാംബശിവനും (1929-1996). പൊതുവേ ഇവർ വേദികൾ കൈയടക്കിയിരുന്ന കാലഘട്ടമാണ് കഥാപ്രസംഗം കലയുടെ സുവർണ കാലഘട്ടമെന്ന് (1950-1990) കരുതാവുന്നത്. രണ്ടുപേരും ഏറക്കുറെ ഒരേ കാലഘട്ടത്തിലാണ് കഥാപ്രസംഗ മേഖലയിലേക്ക് എത്തിയത്. കുറച്ച് മുമ്പേ വന്നത് കെടാമംഗലം ആണെന്നു മാത്രം. വടക്കൻ പറവൂരിനടുത്തുള്ള കെടാമംഗലത്ത് ജനിച്ച സദാനന്ദൻ നാട്ടുകാരനായ പി.ആർ. ശാസ്ത്രികൾ നടത്തിവന്ന സംസ്കൃത പാഠശാലയിൽ ശാസ്ത്രി പഠനകാലത്താണ് കലാരംഗത്തേക്ക് ആകർഷിക്കപ്പെട്ടത്.

അതിനു സഹായിച്ചത് സ്കൂളിലെ സാഹിത്യസമാജവും. നിരവധി കലാകാരന്മാരെ ത​ന്റെ പാഠശാലയിലേക്ക് കൊണ്ടുവന്ന് വേണ്ടുന്ന പ്രോത്സാഹനം നൽകിയിരുന്ന പി.ആർ. ശാസ്ത്രിയാണ് സത്യദേവന് രണ്ടാമത്തെ വേദിയായി കഥാപ്രസംഗം അവതരിപ്പിക്കാൻ ത​ന്റെ പാഠശാല അനുവദിച്ച് നൽകിയത്. അദ്ദേഹത്തി​ന്റെ ശ്രമഫലമായി നിർധന വിദ്യാർഥികളെ സഹായിക്കുന്നതിനായി ഫണ്ട് പിരിക്കാൻ വടക്കൻ പറവൂരിലെ സെന്റ് അലോഷ്യസ് സ്കൂളിൽ ​െവച്ച് സത്യദേവൻ അവതരിപ്പിച്ച ‘മഗ്ദലന മറിയം’ എന്ന കഥാപ്രസംഗം കേൾക്കാനിടയായതാണ് ത​ന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് കെടാമംഗലം കുറിച്ചിട്ടുണ്ട്.

ചെറിയ രീതിയിൽ കഥകൾ പറഞ്ഞുതുടങ്ങിയ കെടാമംഗലത്തിന്റെ മാസ്റ്റർപീസ് ചങ്ങമ്പുഴയുടെ ‘രമണനാ’ണ്. 3500ൽപരം വേദികളിൽ ‘രമണൻ’ എന്ന കഥ അവതരിപ്പിച്ചു എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. ‘വാഴക്കുല’, ‘കർണൻ’, ‘അഗ്നിനക്ഷത്രം’, ‘അവൻ വീണ്ടും ജയിലിലേക്ക്’, ‘അഗ്നിപരീക്ഷ’, ‘പട്ടമഹിഷി’, ‘ചിരിക്കുന്ന മനുഷ്യൻ’, ‘വ്യാസന്റെ ചിരി’, ‘അഹല്യ’ തുടങ്ങി വടക്കൻ പാട്ടുകളും പുരാണ ഇതിഹാസ കഥകളും കഥാപ്രസംഗ ശിൽപമാക്കി മാറ്റുന്നതിൽ അദ്ദേഹം കഴിവ് തെളിയിച്ചു. ഒരിടവേളപോലും എടുക്കാതെ രണ്ടു മൂന്നു മണിക്കൂർ തുടർച്ചയായി കഥ പറഞ്ഞിരുന്ന ഒരു രീതി അദ്ദേഹം അവലംബിച്ചുവന്നിരുന്നു. ഇന്ത്യക്കകത്തും പുറത്തും പതിനായിരത്തിൽപരം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ച കാഥികനായി അദ്ദേഹം കളം നിറഞ്ഞിരുന്നു.

എന്നാൽ, കഥാപ്രസംഗമെന്ന് കേൾക്കുമ്പോൾ ഓരോ മലയാളിയുടെ മനസ്സിലേക്കും എത്തിയിരുന്ന രൂപവും പേരും വി. സാംബശിവന്റേതായിരുന്നു. കഥാപ്രസംഗ കലയിലെ കുലപതി ആരാണെന്ന ചോദ്യത്തിന് സാംബശിവൻ എന്ന പേരാണ് മലയാളികൾക്ക് ചേർത്തുവെക്കാൻ കഴിയുക. ത​ന്റെ കോളജ് വിദ്യാഭ്യാസ ആവശ്യത്തിനായി കഥപറഞ്ഞു തുടങ്ങിയ ചവറ തെക്കുംഭാഗം മേലൂട്ട് വീട്ടിൽ വേലായുധൻ സാംബശിവന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1949 സെപ്റ്റംബർ 17ന് ചവറ ഗുഹാനന്തപുരം ക്ഷേത്രാങ്കണത്തിൽനിന്ന് ആരംഭിച്ച കഥാപ്രസംഗ കലാസപര്യ 1996 ഏപ്രിൽ 23ന് തിരശ്ശീല വീണപ്പോൾ പതിനയ്യായിരത്തിൽപരം വേദികൾ പിന്നിട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളോട് കഥപറഞ്ഞ വ്യക്തിത്വം ഒരുപക്ഷേ സാംബശിവൻ തന്നെയാകാം.

ഈ കാലയളവിൽ 52 കഥകളാണ് അദ്ദേഹം തയാറാക്കി അവതരിപ്പിച്ചത്. ശ്രോതാക്കളുടെ താൽപര്യത്തിനനുസരിച്ച് അവർക്ക് മനസ്സിലാകുന്ന രീതിയിലുള്ള കഥ പറച്ചിലാണ് അവലംബിക്കേണ്ടത് എന്ന വിശ്വാസക്കാരനായിരുന്നു സാംബശിവൻ. കലാകാരന്മാർ ജനങ്ങളെ ഉണർത്തുകയും വിദ്യാഭ്യാസം ചെയ്യിക്കുകയും വളർത്തി കൊണ്ടുവരുകയും ചെയ്യുക എന്ന ദൗത്യം പാലിക്കേണ്ടവരാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ജീവിതം വരച്ചുകാട്ടുന്ന സമത്വചിന്തകൾ ഉൾകൊള്ളുന്ന കഥകളായിരുന്നു ആദ്യകാലങ്ങളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നത്.

പുരോഗമനപക്ഷത്ത് നിന്ന് കഥ പറഞ്ഞിരുന്നതിനാൽ അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്ന രാഷ്ട്രീയം ഇടതുപക്ഷത്തിന്റേതായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ കെ.പി.എ.സി നാടകസംഘം ഒരു പക്ഷത്തെയും സാംബശിവൻ മറുപക്ഷത്തെയും നയിച്ചു എന്നാണ് കെടാമംഗലം സദാനന്ദൻ അഭിപ്രായപ്പെടുന്നത് (കെ.ബി. വേണു, കഥാപ്രസംഗം കാലത്തി​ന്റെ കഥ പറയുമ്പോൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, വാല്യം 82, ലക്കം 52, ഫെബ്രുവരി 2005). സാംബശിവൻ കഥാപ്രസംഗത്തിനിടയിൽ രാഷ്ട്രീയം പറയുന്നത് പലർക്കും ഇഷ്ടമായിരുന്നുവെന്നും കെടാമംഗലം സൂചിപ്പിക്കുന്നുണ്ട്.

സാംബശിവൻ തങ്ങൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അതിനെ എതിർത്ത് കൂവാൻ വേണ്ടി സന്നാഹം കൂട്ടി വന്നവർപോലും അദ്ദേഹത്തി​ന്റെ വിമർശനം കേട്ട് അറിയാതെ ചിരിച്ച് കൈയടിക്കുമെന്നാണ് ആലങ്കോട് ലീലാകൃഷ്ണൻ പറയുന്നത്. സദസ്സി​ന്റെ പ്രതികരണങ്ങളെ മുഖവിലക്കെടുക്കാനും അത് സ്വീകരിച്ചുകൊണ്ട് അവതരണത്തെ തത്സമയം പുതുക്കിപ്പണിയാനും അദ്ദേഹം ശ്രമിച്ചിരുന്നു. തുടക്കക്കാലത്ത് ആധുനിക കവിത്രയങ്ങളുടെ ഖണ്ഡകാവ്യങ്ങളും ഇതിഹാസങ്ങളിൽനിന്നും പുരാണങ്ങളിൽനിന്നും കടംകൊണ്ട കഥകളും അദ്ദേഹം അവതരിപ്പിച്ചു.

എന്നാൽ, സാംബശിവന്റെ ഏറ്റവും വലിയ സംഭാവന ലോകസാഹിത്യത്തെ മലയാള കഥാപ്രസംഗ വേദിയിലേക്ക് എത്തിച്ചു എന്നതാണ്. 1960കൾ മുതൽ എഴുത്തും വായനയും വശമില്ലാത്ത മലയാളികൾക്ക് ലോക ക്ലാസിക്കുകളെ പരിചയപ്പെടുത്താൻ അദ്ദേഹം കാണിച്ച പരിശ്രമങ്ങൾ കേരളജനത ഏറ്റെടുത്തു ആവേശമാക്കി മാറ്റി. അങ്ങനെ വിശ്വസാഹിത്യത്തിലെ തലയെടുപ്പുള്ള കഥാപാത്രങ്ങളെ കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സാംബശിവൻ കൈപിടിച്ചു നടത്തിച്ചു. ദി പവർ ഓഫ് ഡാർക്നസ്/ അനീസ്യ, റിസറക്ഷൻ/ ഉയിർത്തെഴുന്നേൽപ്, സനാട്ട (ടോൾസ്റ്റോയി), ഒഥല്ലോ, റോമിയോ ആൻഡ് ജൂലിയറ്റ് (വില്യം ഷേക്സ്പിയർ), കുറ്റവും ശിക്ഷയും (ദസ്ത​േയവ്സ്കി), ഗോസ്റ്റ് (ഇബ്സൻ), ഗുഡ് എർത്ത്/ നല്ല ഭൂമി, പാട്രിയട്ട്/ ദേശസ്നേഹി (പേൾ എസ്. ബക്ക്), ക്ലിയോപാട്ര (റൈഡർ ഹെഗാൾഡ്), സിദ്ധാർഥ (ഹെർമൻ ഹെസ്സെ), ലേഡി ചാറ്റർലിയുടെ കാമുകൻ (ഡി.എച്ച്. ലോറൻസ്) എന്നിത്യാദി കൃതികളും സാഹിത്യകാരന്മാർ/കാരികളും അവർ സൃഷ്ടിച്ച കഥാപാത്രങ്ങളും അക്കാലത്തെ മലയാളികൾക്ക് ചിരപരിചിതരായി മാറി.

രസകരമായ ഒരു കാര്യം ഇബ്സൻ ഫൗണ്ടേഷൻ നടത്തിയ ഒരു അന്താരാഷ്ട്ര സർവേയിൽ അദ്ദേഹത്തി​ന്റെ ‘ഗോസ്റ്റ്’ എന്ന നാടകം ഏറ്റവും കൂടുതൽ വേദിയിലവതരിപ്പിക്കപ്പെട്ടത് കേരളത്തിലാണെന്ന് കണ്ടെത്തി. അത് നാടകരൂപത്തിലല്ലെന്നു മാത്രം. നാടകകൃത്തായ ഇബ്സന് സങ്കൽപിക്കാൻപോലും കഴിയാത്ത കഥാപ്രസംഗം എന്ന കലാരൂപത്തിൽ (ആലങ്കോട് ലീലാകൃഷ്ണൻ, കഥാപ്രസംഗത്തിന് ഇത്ര മധുരം വേണ്ട, മാതൃഭൂമി വാരാന്തപ്പതിപ്പ്, 2024 ജൂൺ 2). ലോക ക്ലാസിക്കുകൾക്ക് പുറമെ ഇന്ത്യൻ ഭാഷകളിൽനിന്നുള്ള വിശ്രുത കൃതികളും (ബിമൽ മിത്രയുടെ കടി ദിയേ കിൻലാം/വിലയ്ക്ക് വാങ്ങാം, പ്രതി, ലാഭം ലാഭം, ഇരുപതാം നൂറ്റാണ്ട്; സാബിത്രി റോയിയുടെ നെല്ലി​ന്റെ ഗീതം; ചാരു ചന്ദ്ര ചക്രബർത്തി എന്ന ജരാസന്ധ​ന്റെ താമസി / ഹേന) കഥാപ്രസംഗമാക്കുന്നതിൽ അദ്ദേഹം താൽപര്യം കാണിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ബംഗാളി നോവലായ ‘ഇരുപതാം നൂറ്റാണ്ട്’ അവതരിപ്പിച്ചതിന്റെ ഭാഗമായി ‘മിസ’ നിയമപ്രകാരം സാംബശിവന് ജയിൽവാസം അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. ‘അടിയന്തരാവസ്ഥ നാടി​ന്റെ നന്മക്ക്, നുണപ്രചാരണം നാടിനാപത്ത്’ എന്ന സർക്കാർ പ്രചാരണത്തെ ത​ന്റെ സ്വതഃസിദ്ധമായ ശൈലിയിൽ കഥാപ്രസംഗത്തിനിടയിൽ ‘അടിയന്തരാവസ്ഥ നാടി​ന്റെ നന്മക്ക് എന്ന നുണപ്രചാരണം നാടിനാപത്ത്’ എന്ന് മാറ്റി പറഞ്ഞപ്പോൾ അത് സർക്കാർ വിരുദ്ധമായി മാറി. സാംബശിവൻ പൂജപ്പുര സെൻട്രൽ ജയിലിലുമായി.

ചലച്ചിത്ര ഗാനശാഖയെ പോലെ കഥാപ്രസംഗ ഗാനത്തിന് മലയാളികൾക്കിടയിൽ ഒരു സ്ഥാനം നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തന്റെ ‘അനീസ്യ’ എന്ന കഥാപ്രസംഗത്തിലെ,

‘‘പുഷ്പിത ജീവിതവാടിയിലൊ/

രപ്സര സുന്ദരിയാണനീസ്യ/

ആരാധകരില്ലാത്തവനിതൻ/ ആരോമൽ നായികയാണനീസ്യ’’ എന്നു പാടാത്ത മലയാളികൾ ചുരുക്കമായിരുന്നു. കാഥികനെന്ന തിരക്കിനിടയിലും സിനിമയിലും നാടകത്തിലും ഡോക്യുമെന്ററിയിലും അഭിനയിക്കുകയും നോവലും കഥാപ്രസംഗ തിരക്കഥകളും (അമ്പത്തിയേഴ് അപ്രകാശിത കഥാപ്രസംഗ തിരക്കഥകൾ) , ‘വ്യാസനും മാർക്സും’ എന്ന കഥാപ്രസംഗ നോവൽ എഴുതുകയുംചെയ്ത വ്യക്തികൂടിയായിരുന്നു അദ്ദേഹം.

കഥാപ്രസംഗ കലാ നവീകരണം

കഥാപ്രസംഗത്തിന്റെ പരിണാമദിശയിൽ ഹരികഥാ കാലക്ഷേപത്തിന്റെ കുറ്റിച്ചുവട്ടിൽ കെട്ടിയിട്ടിരുന്ന കഥാപ്രസംഗത്തെ അവിടെനിന്നും അഴിച്ചുമാറ്റി പൊതുവിടങ്ങളിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ച് കേരളത്തി​ന്റെ തനത് കലാരൂപമാക്കി മാറ്റിയതിൽ നിരവധി കാഥികർക്ക് പങ്കുണ്ട്. ചാക്യാർകൂത്തിന്റെയും പാഠകത്തിന്‍റെയും പോലെ ഹരികഥയുടെയും വേഷവിധാനങ്ങൾ അനുഷ്ഠാനപരത നിറഞ്ഞതായിരുന്നു. ‘‘മുണ്ട് തറ്റുടുത്ത് മേൽമുണ്ട് ധരിച്ച് തലപ്പാവും രുദ്രാക്ഷമാലയും അണിഞ്ഞ് ഭസ്മ കുങ്കുമ രസലാളി തല ലാടനായി വന്നെത്തുന്ന’’ ഹരികഥാകാരനിൽനിന്നും സാധാരണക്കാരന്റെ വേഷത്തിൽ മുണ്ടും ഷർട്ടും/ ജുബ്ബയും ധരിച്ചു കഥപറയാൻ എത്തിയ കഥാപ്രസംഗകാരനെ/ കാഥികനെ സാധാരണ ജനങ്ങൾ ചേർത്തുപിടിച്ചു.

പുരാണങ്ങളിൽനിന്നുള്ള കഥകൾ അടർത്തിയെടുത്ത് സംസ്‌കൃത ഈരടികളും ചേർത്ത് അവതരിപ്പിച്ചു വന്നിരുന്ന ഹരികഥക്ക് പകരം സമകാലിക സാമൂഹിക ചുറ്റുപാടുകളെയും ജാതി ഉച്ചനീചത്വങ്ങളെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള സാഹിത്യകൃതികളിൽ ഊന്നിയുള്ള കഥാപ്രസംഗത്തെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. 1950കളിൽ ആരംഭിക്കുന്ന ‘സാംബശിവൻ തരംഗ’ത്തിലാണ് കാലാകാലങ്ങളായി കാഥികർ കൈയിൽ കരുതിയിരുന്ന ‘ചപ്ലാങ്കട്ട’ ഉപേക്ഷിക്കപ്പെട്ടത്. മറാത്തിയിലെ കഥാകദനിൽനിന്നും ഹരികഥയിലേക്ക് കടന്നുകൂടിയ ചപ്ലാങ്കട്ട (ചപ്ലാ എന്ന വാക്കിന് മറാത്തിയിൽ ‘ശബ്ദിക്കുന്നത്’ എന്നർഥം) സാംബശിവൻ പൂർണമായും ഉപേക്ഷിച്ചു.

അദ്ദേഹത്തി​ന്റെ അഭിപ്രായത്തിൽ, ചപ്ലാങ്കട്ട കൈവെടിഞ്ഞ കാഥികർ സ്വതന്ത്രനായി അഭിനയിച്ചു പാടുന്ന കവിതകളും പാട്ടുകളും നാടകീയ അഭിനയ ഭംഗികളോടെ ശ്രോതാവിന് ആസ്വാദ്യമായിത്തീർന്നു (വി. സാംബശിവൻ, കഥാപ്രസംഗ കലാവിദ്യ, പു. 38). പത്രപ്രവർത്തകനും എഴുത്തുകാരനുമായ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടത്: ‘‘കാഥികരുടെ കൈയാമമായിരുന്ന ചപ്ലാങ്കട്ട വലിച്ചെറിഞ്ഞ് അഭിനയപ്രാധാന്യമായ കലാശിൽപവുമായി സാംബശിവൻ വന്നില്ലായിരുന്നുവെങ്കിൽ കഥാപ്രസംഗം പണ്ടേ മരിച്ചുപോകില്ലായിരുന്നോ...’’ (കഥാക്കൂട്ട്, മലയാള മനോരമ ആഴ്ചപ്പതിപ്പ്, 2023 ഡിസംബർ 23, പു. 9).

മുമ്പ് സൂചിപ്പിച്ചപോലെ സിനിമ, നാടക ഗാനങ്ങൾക്കു തുല്യമായി കഥാപ്രസംഗ ഗാനങ്ങളും മാറുന്നതിന് മനഃപൂർവമായ ഇടപെടൽ നടത്തിയതിലും സാംബശിവന്റെ പങ്ക് വലുതാണ്. കാവ്യാത്മകവും താളാത്മകവും സാന്ദർഭികവുമായ ഗാനങ്ങളും കൊണ്ടുവന്നു. ഒപ്പം വെറും ഹാർമോണിയവും മൃദംഗവും ചപ്ലാങ്കട്ടയും മാത്രമായിരുന്ന പശ്ചാത്തല വാദ്യോപകരണങ്ങളുടെ കൂട്ടത്തിലേക്ക് തബലയും ഗിറ്റാറും ക്ലാരിനെറ്റും ഫ്ലൂട്ടും മറ്റും വന്നുചേർന്നു. ഗാനാലാപനത്തിൽ തങ്ങൾക്കുള്ള പരിമിതി മറച്ചുവെക്കാൻ ചില കാഥികർ പശ്ചാത്തല സംഗീതത്തിനായി ഗായകസംഘങ്ങളെ ഉൾപ്പെടുത്തിയിരുന്നു.

ഉദാഹരണത്തിന്, കെ.കെ. വാധ്യാർ തന്റെ കഥാപ്രസംഗം നോട്ടീസുകളെ ആകർഷകമാക്കുന്നതിനായി പശ്ചാത്തല സംഗീതം ‘ശ്രീമതി സൗദാമിനിയമ്മ ആൻഡ് പാർട്ടി’ എന്ന തലക്കെട്ടും ആ മഹതിയുടെ ചിത്രവും നൽകിവന്നിരുന്നതായും കാണാം. കാലാന്തരത്തിൽ കഥാരംഗങ്ങൾക്ക് അനുസൃതമായ ഇഫക്ടുകളും പശ്ചാത്തല സംഗീതത്തിൽ സ്ഥാനംപിടിച്ചു. കഥാപ്രസംഗം പരിഷ്കാരങ്ങളുടെ ഭാഗമായി നാടകീയ രംഗങ്ങൾ അവതരിപ്പിക്കുമ്പോൾ ഡിം ലൈറ്റും മറ്റും ഉപയോഗിച്ച് തുടങ്ങിയത് ആകർഷകമായിരുന്നു.

കെ.കെ. വാധ്യാരുടെ നേതൃത്വത്തിൽ ആദ്യകാലത്ത് കാഥികരുടെ കൂട്ടായ്മ രൂപവത്കരിച്ചിരുന്നുവെങ്കിലും അത്രകണ്ട് വിജയപ്രദമായിരുന്നില്ല. എന്നാൽ, 1980ൽ പുരോഗമന കഥാപ്രസംഗ കലാസംഘടന എന്ന പേരിൽ സാംബശിവന്റെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടനക്ക് ഈ രംഗത്ത് കൂടുതൽ സംഭാവന നൽകാൻ സാധിച്ചു. തങ്ങളുടെ കൂട്ടായ്മയുടെ വിജയത്തിനും കാഥികരുടെ പരസ്പരബന്ധം കൂട്ടിയുറപ്പിക്കുന്നതിനുമായി ‘കഥാപ്രസംഗൻ മാസിക’ എന്ന പേരിൽ ഒരു സംരംഭവും അവർ നടത്തിവന്നു. കേരള സംഗീത നാടക അക്കാദമിയിൽ കഥാപ്രസംഗകർക്ക് അർഹമായ അംഗീകാരം നേടിക്കൊടുക്കുന്നതിനും കഥാപ്രസംഗത്തിന്റെ വളർച്ചക്ക് ‘കഥാപ്രസംഗ അക്കാദമി’ സ്ഥാപിക്കുന്നതിനും കാഥികരുടെ കൂട്ടായ്മ വളരെയധികം പരിശ്രമിക്കുകയുണ്ടായി. അവരുടെ പരിശ്രമഫലമായി സർക്കാറിന്റെ അംഗീകാരത്തോടെ തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ വെച്ച് കഥാപ്രസംഗ കോഴ്സ് നടത്തുന്നതിനും അതിലൂടെ യുവ കാഥികരെ വളർത്തിയെടുക്കുന്നതിനും പരിശ്രമങ്ങൾ നടന്നുവന്നു.

 

സദാനന്ദ-സാംബശിവ യുഗത്തിൽ അവരോടൊപ്പം ചേർന്ന് നിന്നുകൊണ്ട് കഥാപ്രസംഗം വളർത്തിയെടുത്തപ്രമുഖരായിരുന്നു ഇരവിപുരം ഭാസി, പട്ടം സരസ്വതി അമ്മ, കൊല്ലം ബാബു, ഇരിങ്ങൽ നാരായണി, കടവൂർ ബാലൻ, ഹരിപ്പാട്ട് സരസ്വതി അമ്മാൾ, ഇടക്കൊച്ചി പ്രഭാകരൻ, കാപ്പിൽ നടരാജൻ, ചേർത്തല ബാലചന്ദ്രൻ, തൊടിയൂർ വാസന്തി, വയലാർ ബാബുരാജ്, ഓച്ചിറ രാമചന്ദ്രൻ, പരവൂർ തങ്കമണി, തേവർത്തോട്ടം സുകുമാരൻ, ആലപ്പുഴ ചന്ദ്രവല്ലി, കടക്കോട് വിശ്വംഭരൻ, വി. ഹർഷകുമാർ, തഴവ ജാനമ്മ, പറവൂർ സുകുമാരൻ, സീന പള്ളിക്കര, കൂർക്കഞ്ചേരി ചന്ദ്രഹാസൻ, റംല ആലപ്പുഴ, വടകര അശോകൻ, എസ്. അയിഷാ ബീഗം, പാച്ചല്ലൂർ രഘു, കുണ്ടറ സോമൻ, മാസ്റ്റർ തങ്കപ്പൻ, മാസ്റ്റർ ഗോപാലൻ, വലപ്പാട് ശ്രീധരൻ, ഇടക്കൊച്ചി സലിംകുമാർ, കലാക്ഷേത്രം ദിവാകരപ്പണിക്കർ, ഇ.വി. ശ്രീധരൻ, അയിലം ഉണ്ണികൃഷ്ണൻ, വസന്തകുമാർ സാംബശിവൻ തുടങ്ങിയവർ.

ഒറ്റയായ കാഥികരുടെ സപര്യക്ക് ഒപ്പം ഇരട്ടകളും സഹോദരിമാരും ഈ രംഗത്ത് മികവ് തെളിയിച്ചിരുന്നു. വൈക്കത്തെ തോട്ടകം സിസ്റ്റേഴ്സ്, മാവേലിക്കരയിലെ കരിപ്പുഴ സിസ്റ്റേഴ്സ്, അന്ധരായ മഞ്ചേരി ബ്ലെന്റ് ബ്രദേഴ്സ് എന്നിവർ ഉദാഹരണം. സമുദായത്തിലെ യാഥാസ്ഥിതികരുടെ വെല്ലുവിളികളെ സധൈര്യം നേരിട്ടുകൊണ്ട് കഥാപ്രസംഗ രംഗത്ത് നിറഞ്ഞുനിന്ന മുസ്‍ലിം വനിതകളായ ആലപ്പുഴ റംലാ ബീഗത്തിന്റെയും എസ്. അയിഷാ ബീഗത്തി​ന്റെയും സംഭാവനകളെ വിസ്മരിക്കാൻ സാധിക്കില്ല. ‘മാപ്പിള കഥാപ്രസംഗം’ എന്നൊരു ഉപവിഭാഗം കൂടി അവർ കലാരംഗത്ത് സംഭാവനചെയ്തു. പ്രശസ്തരും അപ്രശസ്തരുമായ നൂറുകണക്കിന് കാഥികരുടെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും ഫലമായിരുന്നു കഥാപ്രസംഗം എന്ന കലാശിൽപം പിന്നിട്ട നൂറു വർഷങ്ങൾ.

സാഹിത്യഭംഗി മുറ്റിനിന്ന കവിതകൾക്ക് പകരം വിവിധതരം പാട്ടുകളും അശ്ലീലം കലർന്ന തമാശകളും മുഖം നോക്കാതെയുള്ള വിമർശനങ്ങൾക്ക് പകരമായി പക്ഷംചേർന്നുള്ള കുറ്റാരോപണങ്ങൾ കടന്നുകൂടിയതും നിരവധിയായ പുതിയ കലാരൂപങ്ങൾ കടന്നുവന്നതും ആധുനികരീതിയിലുള്ള വിനോദ ഉപകരണങ്ങൾക്ക് പ്രചാരം ലഭിച്ചതും കഥാപ്രസംഗത്തിന്റെ ജനപ്രീതി നഷ്ടപ്പെടുത്തി എന്നാണ് പണ്ഡിതമതം.എന്നിരുന്നാലും കേരള സംഗീത നാടക അക്കാദമിയും കഥാപ്രസംഗ അക്കാദമിയും മറ്റും നടത്തിവരുന്ന ശിൽപശാലകളിലൂടെയും കൈരളി ചാനൽ പോലെയുള്ള പുരോഗമനാശയങ്ങൾ പങ്കുവെക്കുന്ന ചാനലുകൾ വഴിയും മറ്റും കഥാപ്രസംഗത്തിന്റെ ഭാവി ഇരുളടയാതെ നിലനിർത്തിവരുന്നുണ്ട്.

കഥാപ്രസംഗം ജയിലിൽ

കഥാപ്രസംഗ കലയുടെ ആദ്യകാല വേദികൾ ആരാധനാലയങ്ങൾ മാത്രമായിരുന്നില്ല. ജാത്യാചാരങ്ങളും ഉച്ചനീചത്വങ്ങളും നിലനിൽക്കുന്നതിനാൽ അത്തരം കേന്ദ്രങ്ങളിൽനിന്നും തെല്ലകലം പാലിക്കാൻ പലരും നിർബന്ധിതരായിരുന്നു. പൊതു ഇടങ്ങൾ വ്യാപകമായതോടെ കഥാപ്രസംഗത്തിന് കൂടുതൽ സ്വീകാര്യത കിട്ടുകയും ഒപ്പം വിവിധയിടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കാഥികർക്ക് സാധിച്ചു. തന്മൂലം ആദ്യകാല വേദികൾ എല്ലാ വിഭാഗം ആളുകൾക്കും ഒത്തുചേരാൻ പറ്റുന്ന പള്ളിക്കൂടങ്ങളോ വിവാഹവേദികളോ ആയിരുന്നു. ആദ്യ കഥാപ്രസംഗം വേദിതന്നെ ചേന്നമംഗലത്തെ വടക്കുംപുറം ഗ്രാമത്തിൽ കേളപ്പനാശാൻ എന്ന വ്യക്തി നടത്തിവന്നിരുന്ന സ്കൂൾ ആയിരുന്നുവെങ്കിൽ രണ്ടാമത്തേത് വടക്കൻ പറവൂരിൽതന്നെയുള്ള പി.ആർ. ശാസ്ത്രികളുടെ സംസ്കൃത പാഠശാലയായിരുന്നു.

തിരുവനന്തപുരത്ത് ആദ്യമായി കഥാപ്രസംഗം അവതരിപ്പിക്കപ്പെട്ടത് ഡോക്ടർ പൽപുവിന്റെ സഹോദരൻ മാധവൻ വൈദ്യരുടെ മകളുടെ വിവാഹത്തോട് അനുബന്ധിച്ചായിരുന്നുവെന്നും കാണാം. ഇങ്ങനെ അവതരിപ്പിച്ചു തുടങ്ങിയ കഥാപ്രസംഗ കലാസപര്യ കടന്നുചെല്ലാത്ത ഇടങ്ങൾ ചുരുക്കമാണ്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, പെരുന്നാളുകൾ, ചന്ദനക്കുട നേർച്ചകൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ, ബഹുജന സംഘടനകളുടെ സമ്മേളനങ്ങൾ, നാട്ടിലെ ക്ലബുകളുടെയും മറ്റ് അസോസിയേഷനുകളുടെയും വാർഷികങ്ങൾ, പ്രവാസി സംഘടനാ പരിപാടികൾ, ഓണം, ക്രിസ്മസ്, റമദാൻ തുടങ്ങിയ ആഘോഷ ദിനങ്ങളോടനുബന്ധിച്ചുള്ള മലയാളികളുടെ ഒത്തുചേരൽ എന്നിവിടങ്ങളിൽ എല്ലാംതന്നെ പുതിയ കഥകളുമായി കാഥികർ എത്തിച്ചേർന്നിരുന്നു. അവർക്കായി കാത്തുനിൽക്കാനും സഹൃദയരുണ്ടായി. അത്തരത്തിൽ കലാകാരന്മാർ വളരെയധികം കടന്നുചെല്ലാൻ കഴിയാതിരുന്ന വിയ്യൂർ സെൻട്രൽ ജയിലിലും കഥപറയാൻ അവസരം ലഭിച്ചതിന്റെ മുന്നൊരുക്കത്തെയാണ് ചുവടെ കുറിക്കുന്നത്.

 

1959 ഏപ്രിലിൽ ഈസ്റ്റർ, ചെറിയ പെരുന്നാൾ എന്നിവ പ്രമാണിച്ച് വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്കായി ഒരു കഥാപ്രസംഗ പരിപാടി നടത്താൻ അധികാരികൾ തീരുമാനിച്ചു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ജയിൽ പരിഷ്കരണങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്തരം പരിപാടികളുടെ തുടക്കം. അതിനായി തടവുപുള്ളികളിൽനിന്ന് അഭിപ്രായം സ്വരൂപിച്ച് അഞ്ച് കാഥികരെ നിർദേശിക്കാൻ ആവശ്യപ്പെട്ടു. അവർ എഴുതി നൽകിയ അപേക്ഷ ഇത്തരത്തിൽ ആയിരുന്നു: ‘‘ഞങ്ങളുടെ മാനസിക സംസ്കാരത്തെ വർധിപ്പിച്ച് ആത്മബോധം ഉളവാക്കുന്നതിന് യോജ്യമായ വിധത്തിൽ ആരെയെങ്കിലും വരുത്തി ഒരു കഥാപ്രസംഗം നടത്തിപ്പിച്ച് തരണം.’’ കാഥികന്മാരുടെ ഒരു ലിസ്റ്റ് തയാറാക്കി നൽകാനും അവർ തയാറായി.

അവർ നൽകിയ ആറു പേരുടെ പട്ടികയിലെ ആദ്യ പേരുകാരൻ വി. സാംബശിവൻ ആയിരുന്നു. തുടർന്ന് കെടാമംഗലം സദാനന്ദൻ, കെ.ജി. കേശവ പണിക്കർ, ഇരവിപുരം ഭാസി, ജോസഫ് കൈമാപറമ്പൻ, കെ.കെ. വാധ്യാർ എന്നിങ്ങനെയായിരുന്നു. ഇതോടൊപ്പം ഏപ്രിൽ 17 റമദാൻ നോമ്പ് തീർന്നു പെരുന്നാൾ ദിവസം വരുന്നതിനാൽ മുസ്‍ലിം തടവുകാരുടെ മാനസിക പരിവർത്തനത്തിനുവേണ്ടി ഒരു കഥാപ്രസംഗത്തിന് അവരുടെ ഭാഗത്തുനിന്നും അപേക്ഷ വന്നു. അതിനായി ഓച്ചിറ രാമചന്ദ്രൻ, കാപ്പിൽ നടരാജൻ എന്നിവരിൽ ആരുടെയെങ്കിലും ഒരു കഥാപ്രസംഗം നടത്തിത്തരണം എന്നാണ് അവർ ആവശ്യപ്പെട്ടത്. മുമ്പ് പറഞ്ഞ പേരുകൾ ആവർത്തിച്ചു വരാത്തതിനാൽ ജയിൽ അധികാരികൾ മുന്നോട്ടുവെച്ച നിർദേശംതന്നെയാണ് ഇതെന്ന് കരുതാവുന്നതാണ്. തുടർന്ന് ഔദ്യോഗികമായി സൂപ്രണ്ട് ജയിൽപുള്ളികൾ നിർദേശിച്ച ഓരോ കാഥികനും കത്തയച്ചു (C 374/59 Dated 19/03/1959).

സാമ്പത്തികമായി വളരെ പരിമിത അവസ്ഥയായതിനാൽ കുറഞ്ഞ നിരക്കിൽ വേണം പ്രതിഫലം ആവശ്യപ്പെടാൻ എന്ന് ജയിൽ സൂപ്രണ്ട് കത്തിൽ പ്രത്യേകം ഓർമപ്പെടുത്തുന്നുണ്ട്. ജോസഫ് കൈമാപറമ്പൻ (ആനിവില്ല, പൂജപ്പുര, തിരുവനന്തപുരം), കെ.ജി. കേശവ പണിക്കർ (തിരുമൂലപുരം, തിരുവല്ല), വിദ്വാൻ കെ.കെ. വാധ്യാർ (മയ്യനാട്, കൊല്ലം), ഇരവിപുരം ഭാസി (കലാകേരളം, ഇരവിപുരം, കൊല്ലം) എന്നിവരാണ് മറുപടി നൽകിയത്. അവരെ കൂടാതെ കാഥികൻ വെൺപാലക്കര വിശ്വംഭരനും (മയ്യനാട്) അതിൽ ഉൾപ്പെട്ടിരുന്നു. ജോസഫ് കൈമാപറമ്പൻ ആലുവയിൽനിന്നും തിരുവനന്തപുരത്തേക്ക് താമസമാക്കിയ വേളയിലായിരുന്നതിനാൽ കത്ത് കിട്ടാൻ വൈകി എന്ന ക്ഷമാപണത്തോടെ അയച്ച മറുപടിയിൽ തന്റെ കഥാപ്രസംഗം പരിപാടിക്ക് 250 രൂപയെ കൂടാതെ യാത്രച്ചെലവ് വാങ്ങാറുണ്ട് എന്നറിയിച്ചു.

എന്നാൽ, ജയിലിലെ തടവുകാർക്കുവേണ്ടി ആയതിനാൽ തന്റെ പാർട്ടിയുടെ പ്രതിഫലത്തുക 150 രൂപയും യാത്രാ ചെലവ് 25 രൂപയും ചേർത്ത് ആകെ 175 രൂപക്ക് പരിപാടി നടത്തിക്കൊള്ളാമെന്നും അറിയിച്ചു. അതോടൊപ്പം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തന്റെ കഥാപ്രസംഗം വരുന്ന മാർച്ച് 29ന് നടത്തുന്ന വിവരവും അദ്ദേഹം കത്തിൽ പങ്കുവെക്കുന്നുണ്ട്. കെ.ജി. കേശവപ്പണിക്കർ വളരെ വിശദമായിത്തന്നെ മറുപടി നൽകി. തന്റെ പുതിയ കഥ ബുദ്ധ ഭഗവാനുമായി ബന്ധപ്പെട്ട സംഭവങ്ങളെ കോർത്തുകൊണ്ടുള്ള ‘സ്നേഹഗായകൻ’ അവതരിപ്പിക്കാമെന്നും രാഷ്ട്രീയ കാര്യങ്ങൾ ഉൾപ്പെടുന്ന കഥകൾ അവതരിപ്പിക്കാൻ പറ്റിയ ഇടമല്ലല്ലോ എന്നും ആശങ്ക പങ്കുവെക്കുന്നുണ്ട്.

 

പുരാണകഥയായ ‘ഋഷ്യശൃംഗൻ’, സ്നാപകയോഹന്നാന്റെ ജീവിതം പറയുന്ന ‘രക്തസാക്ഷി’ എന്നീ കഥകളിൽ ഏതെങ്കിലും വേണമെങ്കിൽ അവതരിപ്പിക്കാനും തയാറാണെന്നും അദ്ദേഹം അറിയിച്ചു. ജോസഫ് കൈമാപറമ്പൻ മുന്നോട്ടു​െവച്ച പ്രതിഫല തുക തന്നെയാണ് അദ്ദേഹവും ആവശ്യപ്പെട്ടത്. മാത്രമല്ല, ഭിന്നശേഷിക്കാരനായ തനിക്ക് തന്റെ വൈകല്യം ​െവച്ചുകൊണ്ട് യാത്ര ബുദ്ധിമുട്ടാണെങ്കിലും ട്രാൻസ്പോർട്ട് ബസിൽ കയറി തൃശൂർ എത്തി അവിടെനിന്നും വാഹനം പിടിച്ച് എത്തിച്ചേരാമെന്നും അറിയിച്ചു.

കെ.കെ. വാധ്യാർക്കുവേണ്ടി മാനേജർ ജനാർദന ഭാഗവതരാണ് മറുപടി നൽകിയത്. കത്തിൽ ‘‘പ്രസ്തുത ദിവസം ഒഴിവില്ലാത്തതിനാൽ ഏപ്രിൽ മാസം ആറാം തീയതി തയാറാണെങ്കിൽ കഥ അവതരിപ്പിക്കാം’’ എന്ന് അറിയിക്കുന്നു. (1) അതിന് കാരണം മലമ്പുഴ ഹേമാംബിക ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ അഞ്ചിന് മലബാറിൽ പരിപാടി ഉള്ളതിനാൽ മടങ്ങി വരും വഴി വിയ്യൂർ ജയിലിൽ വന്ന് കഥാപ്രസംഗം നടത്താമെന്നാണ് അറിയിച്ചത്.

ഒപ്പം താൻ പുതിയതായി പ്രൗഢകാവ്യങ്ങളെ അധികരിച്ചും ലളിതകാവ്യങ്ങളെ അധികരിച്ചും പുരാണകഥകളെയും ലഘു കഥകളെയും മുൻനിർത്തിയും നടത്തിവരുന്ന കഥാപ്രസംഗങ്ങളുടെ ഒരു ചാർട്ടും അതോടൊപ്പം അയച്ചുകൊടുത്തു. ഇരവിപുരം ഭാസിയും 175 രൂപക്ക് തന്നെ കഥാപ്രസംഗം അവതരിപ്പിക്കാനുള്ള താൽപര്യം അറിയിച്ചു. വെൺപാലവട്ടം വിശ്വംഭരൻ തനിക്ക് വളരെ താമസിച്ചാണ് കത്ത് ലഭിച്ചത് എന്നതിനാൽ പരിപാടി നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ അടുത്തവർഷം തന്നെ ഓർക്കുകയും പരിഗണിക്കുകയും വേണമെന്ന അപേക്ഷയോടുകൂടിയാണ് കത്ത് അയച്ചിരിക്കുന്നത്.

അക്കാലത്തെ കാഥികരുടെ തിരക്കിനെയും തുച്ഛമായ പ്രതിഫലത്തെയും സേവന തൽപരതയെയും കുറിച്ച് വെളിച്ചം വീശുന്നതാണ് അവരുടെ കത്തുകൾ. സർക്കാർ നിശ്ചയിച്ച പരിപാടി എന്ന നിലയിൽ തങ്ങളുടെ കലാവൈഭവം ജയിലറയിൽ കഴിയുന്നവരുടെ ഇടയിൽ വരെ എത്തണമെന്ന താൽപര്യം കാഥികർക്ക് ഉണ്ടായിരുന്നു. അവസാനം തിരുവനന്തപുരം സെൻട്രൽ ജയിലിലെ പോലെ ഇവിടെയും കഥാപ്രസംഗം അവതരിപ്പിക്കാൻ അവസരം ജോസഫ് കൈമാപറമ്പനായിരുന്നു ലഭിച്ചത്. അതിനായി 50 രൂപ അഡ്വാൻസ് അദ്ദേഹത്തിന് അയച്ചു നൽകി. തുടർന്ന്, 1959 മാർച്ച് മാസം 28ാം തീയതി നാലുമണിയോടുകൂടി എത്തിച്ചേരാമെന്ന് ഉറപ്പുനൽകി അദ്ദേഹം മറുപടി അയച്ചിരിക്കുന്നു. തദവസരത്തിൽ കാഥികന്റെ മൂശയിൽ വിരിഞ്ഞ കഥകളും ഉപകഥകളുമായി ജയിലഴികൾക്കുള്ളിലെ മനുഷ്യർക്ക് ആത്മബോധം നൽകുന്ന തരത്തിൽ ഇടപെടൽ ഉണ്ടായി എന്നുവേണം കരുതാൻ.

======

സൂചിക: 1. ഹുസൂർ സെക്ര​േട്ടറിയറ്റ് ഫയൽ, ബണ്ടിൽ നം. 1-35,

വാല്യം - I, റീജനൽ ആർക്കൈവ്സ് എറണാകുളം

========

(എറണാകുളം മഹാരാജാസ് കോളജിലെ ചരിത്രവിഭാഗം മേധാവിയാണ്​ ലേഖകൻ)

Tags:    
News Summary - weekly culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 05:00 GMT
access_time 2024-09-30 04:45 GMT