കൊടുങ്ങല്ലൂരിൽ 1922ൽ സ്ഥാപിക്കപ്പെട്ട മുസ്‌ലിം െഎക്യ സംഘത്തിന് നൂറു വയസ്സാകുന്നു. എന്തായിരുന്നു മുസ്‌ലിം സമുദായത്തിനും സമൂഹത്തിനും സംഘം നൽകിയ സംഭാവനകൾ? സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയപരവുമായി മുസ്‌ലിം സമുദായം നേടിയ കുതിപ്പിൽ 'െഎക്യ'ത്തിെൻറ പങ്ക് എന്താണ്? -വിശകലനം
കേരളത്തിലെ മുസ്‌ലിംകളുടെ ആധുനികീകരണത്തിെൻറ ഭാഗമായിരുന്നു അവരുടെ സംഘടനാവത്കരണവും. മലയാളി മുസ്‌ലിംകളെ സാമുദായികമായിത്തന്നെ സംഘടിപ്പിക്കണം എന്ന ചിന്ത ആദ്യം സജീവമാക്കിയത് വക്കം അബ്ദുൽ ഖാദർ മൗലവി തന്നെയാണ്. 1918ൽ തിരുവനന്തപുരം നിലക്കാമുക്കിൽ അദ്ദേഹം ആദ്യ മുസ്‌ലിം കൂട്ടായ്മ രൂപവത്കരിക്കുകയും ചെയ്തു. 'ഇസ്‌ലാം ധർമപരിപാലന സംഘം' എന്നായിരുന്നു അതിനു പേര്. തുടർന്ന് തനിക്ക് എത്തിപ്പെടാൻ കഴിയുന്ന കവലകളിലെല്ലാം മുസ്‌ലിം ചെറുപ്പക്കാരെ സംഘടിപ്പിച്ച് ചെറിയ ചെറിയ കൂട്ടായ്മകൾ അദ്ദേഹം രൂപവത്കരിച്ചു. 'കൊട്ടാരക്കര മനാസിറുൽ ഇസ്‌ലാം സംഘം', 'തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭ', 'ചിറയൻകീഴ് താലൂക്ക് മുസ്‌ലിം സമാജം', 'ജമാഅത്തെ ഇർഷാദ് ചിറയൻകീഴ്', 'പള്ളിപ്പുറം മുനവ്വിറുൽ ഇസ്‌ലാം സഭ', 'ഹദിയ്യുൽ ഇസ്‌ലാം സംഘം' തുടങ്ങി ഇടവ, പെരുമാതുറ, ചിലക്കൂർ, നാവായിക്കുളം, കൊട്ടാരക്കര, ആലങ്ങാട് തുടങ്ങിയ സ്ഥലത്തൊക്കെ ഇത്തരം മുസ്‌ലിം സംഘങ്ങളുണ്ടായി. ആ സംഘച്ചങ്ങലയാണ് 1921ൽ കൊടുങ്ങല്ലൂരിലെ മുസ്‌ലിം ഐക്യസംഘത്തിലേക്ക് എത്തുന്നത്. മുസ്‌ലിം ഐക്യസംഘമാണ് കേരളത്തിലെ ആദ്യ മുസ്‌ലിം പ്രാദേശിക കൂട്ടായ്മ എന്ന ധാരണകൾ അത്ര കൃത്യമല്ല എന്നർഥം. സ്‌കൂളുകളും ആധുനിക മദ്‌റസകളും വായനശാലകളും സ്ഥാപിക്കൽ, ലഘുലേഖയും പുസ്തകവും പ്രസിദ്ധീകരിക്കൽ, യോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കൽ എന്നിവയായിരുന്നു തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിൽ വക്കം മൗലവിയുടെയും ശിഷ്യഗണങ്ങളുടെയും നേതൃത്വത്തിലുണ്ടായ മുസ്‌ലിം സംഘങ്ങളുടെ പ്രധാന പ്രവർത്തന പരിപാടികൾ. കേരള മുസ്‌ലിം ഐക്യസംഘവും അങ്ങനെത്തന്നെയായിരുന്നു.
കൊടുങ്ങല്ലൂരിലെ മുസ്‌ലിം പ്രമാണിമാർക്കും തറവാട്ടുകാർക്കും ഇടയിലെ മൂപ്പിളമത്തർക്കങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി കൊടുങ്ങല്ലൂരിൽ രൂപവത്കരിക്കപ്പെട്ട 'നിഷ്പക്ഷസംഘം' എന്ന മുസ്‌ലിം കൂട്ടായ്മയാണ് 1922ൽ മുസ്‌ലിം ഐക്യസംഘമായി മാറിയത്. പതുക്കപ്പതുക്കെ, അന്നത്തെ കേരളമായ മൂന്ന് നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്ന മുസ്‌ലിം കൂട്ടായ്മയായി അത് വിപുലപ്പെട്ടുകൊണ്ടിരുന്നു. ഖിലാഫത്ത് സമരത്തിൽ പങ്കെടുത്തതിെൻറ പേരിൽ പൊലീസ് വിലക്കുണ്ടായിരുന്നതിനാൽ മലബാറിൽനിന്ന്, അയൽരാജ്യമായ കൊച്ചിയിലേക്ക് നാടുമാറിയ കെ.എം. മൗലവിയായിരുന്നു ഐക്യസംഘത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനി. ഏറനാട്ടിൽനിന്ന് ഓടിയെത്തിയപ്പോൾ കൊടുങ്ങല്ലൂരിലെ പ്രമാണിത്തറവാട്ടുകളിലാണ് അദ്ദേഹത്തിന് അഭയംകിട്ടിയത്.
ഐക്യസംഘത്തിെൻറ ഈ ഇടപെടൽ അനിവാര്യമാകുംവിധം അഴിഞ്ഞുലഞ്ഞതായിരുന്നു അന്നത്തെ കേരളത്തിലെ പൊതു മുസ്‌ലിം മതജീവിതം. അതിന് അതിശക്തമായ ഷോക്ക് ചികിത്സ നൽകാൻ ഐക്യസംഘത്തിനു കഴിഞ്ഞു എന്നത് പ്രസ്താവ്യംതന്നെയാണ്.
പ്രകടമായ ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്ന് മാറിനിന്ന് സമുദായത്തിെൻറ ഭൗതികമായ അതിജീവനമേഖലകളിൽ തെൻറ പ്രവർത്തനം കേന്ദ്രീകരിച്ച് കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും അദ്ദേഹം ചുവടുറപ്പിച്ചു. കോട്ടപ്പുറത്ത് സീതിമുഹമ്മദ് സാഹിബ്, മണപ്പാട്ട് പി. കുഞ്ഞിമുഹമ്മദ് സാഹിബ് എന്നിവരുടെ സംരക്ഷണത്തിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. പ്രദേശത്തെ പ്രമാണിമാർക്കിടയിലുണ്ടായിരുന്ന തർക്കങ്ങളൊക്കെയും പരിഹരിക്കപ്പെട്ടു എന്നും ഇല്ല എന്നും പറയപ്പെടുന്നുണ്ട്. ഏതായാലും, നിഷ്പക്ഷസംഘത്തിെൻറ മുൻനിരയിലുണ്ടായിരുന്ന ഈ സംഘംതന്നെയാണ് പിന്നീട് മുസ്‌ലിം ഐക്യസംഘത്തിെൻറയും മുഖ്യ സംയോജകരുമായിത്തീർന്നത്. ഖുർആനും സുന്നത്തും അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിച്ച്, സമുദായത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുടച്ചുനീക്കുക എന്നതായിരുന്നു ഐക്യസംഘത്തിെൻറ പ്രഖ്യാപിത ലക്ഷ്യം.ഓരോ നാട്ടിലെയും പ്രമാണികളായ തറവാട്ടുകാർ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ഐക്യസംഘം നേതൃത്വം നൽകി. മഹല്ല് സംവിധാനം, മതനേതൃത്വം എന്നിവയിൽ പുതിയ പരിഷ്‌കാരങ്ങൾ സംഘടന നിർദേശിച്ചു. ഏറിയാട്, ആലുവ, കോഴിക്കോട്, തലശ്ശേരി, കാസർകോട് എന്നിവിടങ്ങളിലൊക്കെ അതിെൻറ വാർഷികസമ്മേളനങ്ങൾ നടന്നിരുന്നു. അവിടങ്ങളിലൊക്കെ അതിന് വമ്പിച്ച പ്രചാരണം സിദ്ധിക്കുകയും ചെയ്തു. സ്വാഭാവികമായും സംഘത്തിെൻറ ആശയങ്ങൾ പാരമ്പര്യ മുസ്‌ലിം പണ്ഡിതനേതൃത്വത്തിനിടയിൽ ആശയക്കുഴപ്പങ്ങളും അലോസരങ്ങളും സൃഷ്ടിച്ചു. ഐക്യസംഘത്തിനെതിരെ ശക്തമായ പ്രചാരണങ്ങളും നടന്നു. ഐക്യസംഘത്തിെൻറ ഈ ഇടപെടൽ അനിവാര്യമാകുംവിധം അഴിഞ്ഞുലഞ്ഞതായിരുന്നു അന്നത്തെ കേരളത്തിലെ പൊതു മുസ്‌ലിം മതജീവിതം. അതിന് അതിശക്തമായ ഷോക്ക് ചികിത്സ നൽകാൻ ഐക്യസംഘത്തിനു കഴിഞ്ഞു എന്നത് പ്രസ്താവ്യംതന്നെയാണ്.
ഐക്യസംഘത്തിെൻറ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മുസ്‌ലിം ഐക്യം' എന്ന മാസികയിൽ ഇ.കെ. മൗലവി എഴുതിയ ഒരു ലേഖനത്തിൽ ''ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ പറഞ്ഞതുപോലെ'' എന്നെഴുതിയിരുന്നു. പൊന്നാനിയിലെ ശൈഖിെൻറ പള്ളിയിലെ ദർസ് വിദ്യാർഥികളൊന്നടങ്കം ഈ പരാമർശത്തിനെതിരെ രംഗത്തുവന്നു. ഇബ്‌നുതൈമിയ 'പിഴച്ചവനും പിഴപ്പിക്കുന്നവനു'മാണെന്ന് മുൻകാല പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അവർ ഐക്യസംഘത്തിനെതിരെ തിരിഞ്ഞു. കേരളത്തിൽ ഒരു ആഗോള ഇസ്‌ലാമിക പണ്ഡിതെൻറ അറിവിനെയും പദവിയെയും ഇത്രയും വ്യാപകമായ രീതിയിൽ ചോദ്യംചെയ്യുന്ന ആദ്യ വിവാദമായിരുന്നു അത്. 'മുസ്‌ലിം ഐക്യം' മാസിക ഏറെ താമസിയാതെ പ്രസാധനം നിർത്തി. എറണാകുളത്തുനിന്ന് പുറത്തിറങ്ങിയ 'ഐക്യം' വാരികയാണ് പിന്നീട് രണ്ടു വർഷം ഐക്യസംഘത്തിെൻറ പ്രധാന ജിഹ്വയായത്.
പൊതുമാപ്പിള സമൂഹത്തിെൻറ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകളോട് ഐക്യസംഘം അരാഷ്ട്രീയമായാണ് പ്രതികരിച്ചത് എന്നത് വാസ്തവമാണ്. മാപ്പിള പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന കെ.എം. മൗലവിയുടെ നിലപാടുകൾ ഇതിൽ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുമുണ്ട്. അതോടൊപ്പം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിെൻറ മലബാർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ മാപ്പിളമാരുടെ ബ്രിട്ടീഷ് വിരുദ്ധതക്ക് മതദാർശനികതയുടെ പുതിയ ചില മാനങ്ങളും നൽകി. ഖിലാഫത്ത് സമരാനന്തര മലബാറിനെ സാമുദായികമായും മതപരമായും പുനഃസംഘടിപ്പിക്കുന്നതിലും തകർന്നുപോയ സമുദായത്തെ പലനിലക്കും നേരെ നിർത്തുന്നതിലും ഐക്യസംഘവും അതിെൻറ നേതാക്കളും വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നതും വിസ്മരിക്കാനാവുന്നതല്ല. മലപ്പുറത്തുനിന്ന് കൂട്ടംകൂട്ടമായി കൊടുങ്ങല്ലൂരിലേക്ക് അഭയാർഥികളായി മുസ്‌ലിംകൾ വന്നിരുന്നുവെന്നും അവരെ മുഴുവനും സ്വീകരിച്ച് അഭയം നൽകിയിരുന്നത് മണപ്പാട്ട് കുഞ്ഞുമുഹമ്മദ് സാഹിബ് അടക്കമുള്ള പ്രമാണികളായിരുന്നുവെന്നും കെ.എം. മൗലവിയുടെ ജീവചരിത്രക്കുറിപ്പിൽ ഇ.കെ. മൗലവി സൂചിപ്പിക്കുന്നുണ്ട്.
1923 -25 കാലത്ത് കുറ്റ്യാടി മഹല്ലിൽ ഖാദിയായി വന്ന എം. അലവിക്കുട്ടി മൗലവി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനും ഐക്യസംഘത്തിെൻറ ആശയങ്ങളോട് ആഭിമുഖ്യമുള്ള പണ്ഡിതനും ആയിരുന്നു. മദ്റസ വിദ്യാഭ്യാസത്തെ ചാലിലകത്തിെൻറ മാതൃകയിൽ കുറ്റ്യാടിയിലും അദ്ദേഹം പരിഷ്‌കരിച്ചു. ഈ പരിഷ്കാരങ്ങളും മലബാറിലാകെ പാരമ്പര്യ ഉസ്താദുമാർക്കിടയിൽ വലിയ കോലാഹലമുണ്ടാക്കി. ചേരാപുരത്ത് കുഞ്ഞിസീതിക്കോയ തങ്ങളുടെ നേതൃത്വത്തിൽ എം. അലവിക്കുട്ടി മൗലവിയോട് ഐക്യസംഘത്തിെൻറ നിലപാടുകളെ സംബന്ധിച്ച് ചിലർ തർക്കത്തിനെത്തി. ഐക്യസംഘത്തെ അനുകൂലിക്കുന്നവർ ചില ചോദ്യങ്ങൾ അന്നത്തെ പ്രമുഖ പണ്ഡിതരായിരുന്ന നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർ, ഖുതുബി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവരോടും ഉന്നയിച്ചു. ഈ സ്വകാര്യ വാദപ്രതിവാദങ്ങൾക്ക് മറുപടിയായി നോട്ടിസും മറുപടി നോട്ടിസും കവിതകളും പാട്ടുകളും ഉണ്ടായി. ''ബുക്കു വായിച്ചു പഠിച്ചവരും കിത്താബ് തിരിയാത്തവരുമായ പുത്തൻവാദികളായ വഹാബികളെ പരാജയപ്പെടുത്താൻ പാരമ്പര്യ ഉലമാക്കൾക്ക് ഒരു പ്രയാസവുമില്ല എന്ന് ഭൂരിപക്ഷംവരുന്ന പാരമ്പര്യാനുകൂല വിശ്വാസികളും ഉറപ്പിച്ചിരുന്നു'' (മൊയ്തു മൗലവി 1992, 64). പരസ്യമായ വാദപ്രതിവാദത്തിന് എം. അബ്ദുല്ലക്കുട്ടി മൗലവിയെ അവർ വെല്ലുവിളിച്ചു. അദ്ദേഹം അത് ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ നാദാപുരം പുളിക്കൽ വയലിൽ വെച്ച് കേരളത്തിലെ ആദ്യ ഇസ്‌ലാംമത പരസ്യസംവാദം നടന്നു. ഇരുപക്ഷത്തിനും സമ്മതനായ ഖുതുബി തന്നെയായിരുന്നു അധ്യക്ഷൻ. അന്നത്തെ മലബാർ ജില്ല പൊലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ് ആണ് സംവാദം നിയന്ത്രിച്ചത്. സംവാദം ഇരുകൂട്ടർക്കും കാര്യമായ ഒരു നേട്ടവും ഉണ്ടാക്കിയില്ല എന്നതാണ് വാസ്തവം. തർക്കങ്ങളൊക്കെയും തർക്കങ്ങളായിത്തന്നെ തുടർന്നു. എന്നാൽ ഒരു കാര്യം ഉറപ്പാണ്. കേരളത്തിലെ ഇസ്‌ലാമിക സമൂഹവും മുസ്‌ലിം പൊതുജനവും വ്യക്തവും പരസ്യവുമായി പാരമ്പര്യവാദികൾ, പുത്തൻവാദികൾ എന്നീ രണ്ടു ധ്രുവങ്ങളിലേക്ക് മാറിയത് ഈ നാദാപുരം സംവാദത്തോടുകൂടിയാണ്. അതിനു കാരണമായത് ഐക്യസംഘവുമാണ്.
എറണാകുളത്ത് സംഘത്തിലെ ചിലർ ചേർന്ന് ഒരു 'മുസ്‌ലിം ബാങ്ക്' സ്ഥാപിച്ചു. കെ.എം. സീതി സാഹിബാണ് ഇതിന് ആശയപരമായ പിന്തുണ നൽകിയത്. ഇസ്‌ലാം കഠിനമായി നിരോധിച്ച വൻ പാപങ്ങളിലൊന്നായ 'രിബാ' (വട്ടിപ്പലിശ) എന്ന കാര്യത്തിൽ ബാങ്ക് പലിശ പെടില്ല എന്ന മതവ്യാഖ്യാനവും അതിന് നൽകപ്പെട്ടു. കെ.എം. മൗലവിയായിരുന്നു ആ മതവ്യാഖ്യാനത്തിന് നേതൃത്വംവഹിച്ചത്. ഹീലത്തുർരിബ എന്ന പേരിലാണ് ആ സിദ്ധാന്തം അറിയപ്പെട്ടത്. ഇത് മുഹമ്മദ് അബ്ദുറഹ്മാനെ സംഘവുമായി അകറ്റി. 'ഹീലത്തുർരിബാ' സിദ്ധാന്തത്തെയും മുസ്‌ലിം ബാങ്കിനെയും കഠിനമായി വിമർശിച്ചുകൊണ്ട് 'അൽഅമീൻ' നിരന്തരം ലേഖനങ്ങളും മുഖക്കുറിപ്പുകളും പ്രസിദ്ധീകരിച്ചു. എം.സി.സി. അബ്ദുറഹ്മാൻ മൗലവിയായിരുന്നു അബ്ദുറഹ്മാൻ സാഹിബിെൻറ കക്ഷിയിലുണ്ടായിരുന്ന മതപണ്ഡിതൻ. സ്വാഭാവികമായും പ്രമാണങ്ങളിലൂന്നിയ ആ പക്ഷത്തിനായിരുന്നു മുസ്‌ലിം സമുദായത്തിെൻറ പിന്തുണ. തുടർന്ന് 1934ൽ മുസ്‌ലിം ബാങ്ക് പൂട്ടി. മാത്രമല്ല, മുസ്‌ലിം ഐക്യസംഘവും ആ വിവാദത്തോടെ ചിതറിപ്പോയി. അതേ വർഷംതന്നെ കേരള മുസ്‌ലിം ഐക്യസംഘം പിരിച്ചുവിടുകയും കേരള ജംഇയ്യതുൽ ഉലമയുടെ നേതൃത്വത്തിൽ ഐക്യസംഘത്തിെൻറ ആശയങ്ങൾ മുന്നോട്ടുപോവുകയും ചെയ്തു.
കേരള മുസ്‌ലിം ഐക്യസംഘത്തിനു ബദലായാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമ സ്ഥാപിക്കപ്പെടുന്നത്. ജംഇയ്യത് സ്ഥാപിക്കപ്പെട്ടതിനു ശേഷമാകട്ടെ ഐക്യസംഘത്തിെൻറ പ്രധാന പ്രവർത്തനങ്ങളിലൊന്ന് പാരമ്പര്യ പണ്ഡിതരെ ഖണ്ഡിക്കുക എന്നതായി മാറി. അറബിമലയാളത്തിൽ കേരളമൊട്ടുക്കും ഒട്ടനവധി നോട്ടിസുകൾ അവർ പ്രഭാഷകരായ പാരമ്പര്യപണ്ഡിതരുടെ വാദമുഖങ്ങളെ ആധുനിക യുക്തികൾ വെച്ച് ചോദ്യംചെയ്തും ഹദീസും ഖുർആനും മുൻനിർത്തി ഖണ്ഡിച്ചും ജനങ്ങൾക്കിടയിൽ അവതരിപ്പിച്ചു. അതോടെ പാരമ്പര്യ സുന്നി പണ്ഡിതരുടെ പ്രധാന വിഷയം അതിനെ തിരിച്ച് പ്രതിരോധിക്കുക എന്നായിമാറി. ഈ ഖണ്ഡന-മണ്ഡന ചിന്തയുടെ പ്രതിഫലനം പിന്നീടങ്ങോട്ടുള്ള കേരളീയ മുസ്‌ലിം ചിന്തയെ മുഴുവൻ സ്വാധീനിച്ചിട്ടുണ്ട്. മറുപടി പറയുക എന്നതായിരുന്നു എക്കാലത്തെയും അവരുടെ ചിന്താമുന്നേറ്റങ്ങളുടെ ജനപ്രിയത. കേരള മുസ്‌ലിം ഐക്യസംഘത്തിൽനിന്ന് പ്രചോദനംനേടി പിന്നീട് മലയാളി മുസ്ലിംകളിലുണ്ടായ വഹാബി, സലഫി, മുജാഹിദ് സംഘടനകളൊക്കെയും ഈ വാദപ്രതിവാദ താൽപര്യത്തെയും കൂടെക്കൂട്ടി. പിന്നപ്പിന്നെ അതില്ലാതെ അവർക്ക് നിലനിൽക്കാനാവില്ലെന്നു വന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെ കേരള മുസ്‌ലിംകളുടെ ചിന്താശേഷിയെ മുഴുവൻ കാർന്നുതിന്നുന്ന തരത്തിൽ എൽ.സി.ഡി െപ്രാജക്ടറുകളുടെ സഹായത്തോടെ സകലമാന മുക്കുമൂലകളിലും അരങ്ങേറിയ വാദപ്രതിവാദ മത്സരങ്ങളിൽ സ്വയം അഭിരമിച്ച് സലഫി സംഘടനകൾ ചിതറിപ്പോകുന്നതിലേക്ക് ഈ സംവാദപ്രിയത അവരെ കൊണ്ടെത്തിച്ചു എന്നത് ആധുനിക കേരള മുസ്‌ലിം ചരിത്രത്തിലെ സങ്കീർണമായ അധ്യായമാണ്.
കേരള മുസ്‌ലിം ഐക്യസംഘത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന വാർഷിക സമ്മേളനങ്ങളാണ് കേരളത്തിലെ ആദ്യ ഇസ്‌ലാമിക വൈജ്ഞാനിക സമ്മേളനങ്ങൾ. 1923ൽതന്നെ ഒന്നാം വാർഷിക സമ്മേളനം വക്കം അബ്ദുൽ ഖാദർ മൗലവിയുടെ അധ്യക്ഷതയിൽ കൊടുങ്ങല്ലൂർ എറിയാടുവെച്ച് നടന്നു. അടുത്ത സമ്മേളനത്തിൽ അതിഥിയായെത്തിയത് വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത് പ്രിൻസിപ്പൽ മൗലാനാ മൗലവി അബ്ദുൽ ജബ്ബാർ ഹസ്‌റത്ത് ആണ്. മൂന്നാം സമ്മേളനം 1925ൽ കോഴിക്കോട്ടായിരുന്നു. സമസ്തയുടെ ആഭിമുഖ്യത്തിൽ അത് നടക്കാതിരിക്കാനുള്ള വലിയ ചരടുവലികൾ നടന്നെങ്കിലും സമ്മേളനം ശാന്തമായി അവസാനിച്ചു. 1926ൽ തലശ്ശേരിയിൽ വെച്ചു നടന്ന നാലാം സമ്മേളനത്തിലാണ് മുഹമ്മദ് മർമഡ്യൂക് പിക്താൾ അധ്യക്ഷനായെത്തുന്നത്. പിക്താളിനെതിരെ വരെ സമസ്തയുടെ നേതൃത്വത്തിൽ പ്രചാരണം നടന്നു. ആ സമ്മേളനത്തോടെ വൈജ്ഞാനികമായ ഉന്മേഷങ്ങളും സമുദായത്തിൽ പുരോഗതിയും ഉണ്ടാക്കുക എന്നതിനപ്പുറം സമസ്തക്ക് മുന്നിൽ ശക്തിപ്രകടനം നടത്തുക എന്നതിലേക്ക് ഐക്യസംഘത്തിെൻറ സമ്മേളനങ്ങളുടെ ദിശ മാറി. അവതരിപ്പിക്കപ്പെടുന്ന പ്രഭാഷണങ്ങളും മുന്നോട്ടുവെക്കുന്ന വിഷയങ്ങളും അത്തരത്തിലുള്ളതായി. സ്വാഭാവികമായും അത് പിന്നീട് കേരളത്തിലുണ്ടായ മതവാദപ്രതിവാദവേദിയായി മാറി അവസാനിച്ചു. 1934ൽ പതിനൊന്നാം സമ്മേളനം കേരളത്തിലങ്ങോളം ചുറ്റിനടന്ന് ഏറെ എതിർപ്പുകൾ നേരിട്ട് ആതുരാവസ്ഥയിൽ എറിയാട് തിരിച്ചെത്തി. 1934ൽ കേരള മുസ്‌ലിം ഐക്യസംഘത്തിെൻറ പേരിലുള്ള പന്ത്രണ്ടാമത്തെ കണ്ണൂർ അറക്കൽ സമ്മേളനത്തിലൂടെ, ഒരു വ്യാഴവട്ടക്കാലം കേരളത്തിൽ പുത്തൻചിന്തയുടെ ദീപം കൊളുത്തിയ ഒരു സംഘടനക്കും അതിെൻറ സമ്മേളനങ്ങൾക്കും അന്ത്യംകുറിച്ചു.
കേരള മുസ്‌ലിം ഐക്യസംഘമടക്കമുള്ള പുതിയ ചിന്താധാരകളുടെ പിന്തുണയോടെയാണ് ആധുനിക ഇസ്‌ലാമിക ചിന്ത പലവുരു മലയാളത്തിലെത്തിയത്. ''സംഘത്തിെൻറ നാലാമത് സമ്മേളനം തലശ്ശേരിയിലായിരുന്നു നടന്നത്. മുഹമ്മദ് മർഡ്യൂക് പിക്താളായിരുന്നു അധ്യക്ഷൻ. ഖുർആൻ ഒന്നാമതായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് അദ്ദേഹമാണ്... അന്ന് വിദ്യാഭ്യാസപരമായും മറ്റും താരതമ്യേന ഉയർന്നവരെല്ലാം പ്രകാരാന്തരേണ കേരള മുസ്‌ലിം ഐക്യസംഘവുമായി ബന്ധപ്പെട്ടിരുന്നു'' എന്ന് കെ. മൊയ്തുമൗലവി അനുസ്മരിക്കുന്നുണ്ട് (1992 പേജ് 32). ഗാന്ധിയുടെ മകനായ ഹരിലാൽ ഗാന്ധി ഇസ്‌ലാം സ്വീകരിച്ച് അബ്ദുല്ല ആയപ്പോൾ കേരള മുസ്‌ലിം ഐക്യസംഘം അദ്ദേഹത്തിന് തലശ്ശേരിയിൽ സ്വീകരണം നൽകുകയും പണക്കിഴി സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും, ഹിന്ദുസമുദായ നേതാക്കൾക്കില്ലാത്ത ചില അധികചുമതലകൾ നവോത്ഥാനത്തെ പരിചരിക്കുന്ന കാര്യത്തിൽ മുസ്‌ലിം നായകർക്കുണ്ടായിരുന്നു. ഒരുവശത്ത് സമുദായത്തെ അപരിഷ്‌കൃതത്വത്തിൽനിന്നും അനാചാരങ്ങളിൽനിന്നും മോചിപ്പിക്കുകയും വേണം, അതേസമയത്ത് അത് പാശ്ചാത്യ സംസ്കാരത്തിെൻറ 'മതവിരുദ്ധ' മേഖലകളിലേക്ക് പ്രവേശിക്കാതെ തടയുകയും വേണം എന്ന ഇരട്ടയുദ്ധം അവർക്ക് നടത്തേണ്ടിവന്നു. കേരളത്തിലെ ഈഴവ/ തിയ്യ സമുദായപരിഷ്‌കരണ നായകന്മാരുടെ ശ്രമങ്ങളെ ഒരുദാഹരണത്തിനുവേണ്ടി ഇതിനോട് സമീകരിക്കാം. സഹോദരൻ അയ്യപ്പന് മതവിരുദ്ധ യുക്തിവാദിയായും നാരായണഗുരുവിന് വേദത്തെ പുനർവ്യാഖ്യാനിച്ചുകൊണ്ടും പൽപുവിന് പാശ്ചാത്യസംസ്‌കാരം നിർദേശിച്ചുകൊണ്ടും ഒരേസമയം ഈഴവസമുദായ പരിഷ്‌കാരം നടത്താമായിരുന്നു. ഹിന്ദുമതതത്ത്വങ്ങളെ ഒരർഥത്തിൽ നിഷേധിച്ചുകൊണ്ടുതന്നെയാണ് ഈ പരിഷ്‌കരണവാദങ്ങൾ പുലർന്നത്. ഹിന്ദുമതത്തിെൻറ പാരമ്പര്യങ്ങളും പ്രമാണങ്ങളും ബ്രാഹ്മണികമായ മൂല്യങ്ങളിൽ അടിയുറച്ചവയായതിനാൽ 'പൂർവപ്രമാണങ്ങളിലേക്ക് മടങ്ങുക' എന്ന ആശയമേ ഈഴവ പരിഷ്‌കാരത്തിന് ആവശ്യമില്ലായിരുന്നു. എന്നാൽ, തങ്ങളിപ്പോൾ അനുഭവിക്കുന്ന 'അപരിഷ്‌കൃത മത'ത്തെ 'പ്രമാണബദ്ധ'മായ ശുദ്ധീകരണപ്രക്രിയകളിലൂടെ 'ആധുനിക മത'മാക്കി പരിവർത്തിപ്പിക്കുക എന്ന കെണിഞ്ഞ പണിയായിരുന്നു കേരള മുസ്‌ലിം നവോത്ഥാന പ്രക്രിയ. ആ പാരമ്പര്യത്തിലേക്കുള്ള മടക്കത്തിന് അവർ സ്വീകരിച്ച മാർഗരേഖ പാശ്ചാത്യ നവോത്ഥാനത്തിെൻറ കല്ലച്ചിൽ മഷിപുരട്ടിയെടുത്തതും ആയിരുന്നു.
അതുകൊണ്ടുതന്നെ, അറബിമലയാളവും മലയാളലിപിയും ഒരേസമയം അവർക്ക് പയറ്റേണ്ടിവന്നു, അറബിയും മലയാളവും ഇംഗ്ലീഷും ഒരേസമയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടിവന്നു, പള്ളിക്കൂടത്തെയും ഓത്തുപള്ളിയെയും ഒരേസമയം വ്യവസ്ഥാപിതമാക്കേണ്ടിവന്നു. ഐക്യസംഘത്തിനു മുമ്പുതന്നെ, ക്രിസ്തുമത മിഷണറിമാരുടെ ഇസ്‌ലാമിനെപ്പറ്റിയുള്ള കുപ്രചാരണങ്ങൾക്ക് അക്കമിട്ട് മറുപടി പറയുന്നതിനോടൊപ്പംതന്നെ മലബാറിലെങ്ങും നടന്ന് ബ്രിട്ടീഷ് രാജിനെ പിന്തുണക്കണെമന്ന് മുസ്‌ലിം നേതാക്കളെയും മാപ്പിളമാരെയും ഉപദേശിക്കാൻ മക്തി തങ്ങളെ നിർബന്ധിതനാക്കിയതും ഈ പ്രതിസന്ധിതന്നെയാണ്. 'രാജഭക്തിയും ദേശാഭിമാനവും' (1903) എന്ന ലേഖനം മക്തിതങ്ങൾ എഴുതിയത് ബ്രിട്ടീഷ് ഭരണകൂടത്തെ അനുസരിക്കുകയെന്നത് ഇസ്‌ലാമിക വിശ്വാസത്തിെൻറ ഭാഗമാണെന്നും ആധുനികവിദ്യാഭ്യാസവും സർക്കാർ ജോലിയും സ്വീകരിക്കൽ മുസ്ലിമിെൻറ മതപരമായ ബാധ്യതയാണെന്നും സ്ഥാപിക്കാനാണ്. ഇന്ത്യൻ ദേശീയതലത്തിൽ സയ്യിദ് അഹമ്മദ് ഖാനെപ്പോലുള്ളവരും മുസ്‌ലിം പരിഷ്‌കരണ പ്രക്രിയയിൽ ഇതേ പ്രതിസന്ധി നേരിടുന്നതു കാണാം. ഇന്ത്യൻ മുസ്‌ലിംകളുടെ നവോത്ഥാനത്തിനായി അഞ്ചിന പരിപാടികളാണ് സയ്യിദ് അഹമ്മദ് ഖാൻ നിർദേശിച്ചിരുന്നത്. ''ബ്രിട്ടീഷുകാരും മുസ്‌ലിംകളും തമ്മിലുള്ള ശത്രുതാമനോഭാവം അവസാനിപ്പിക്കുക, ഇസ്‌ലാമിനെ ക്രിസ്ത്യൻ പാതിരിമാരിൽനിന്നു രക്ഷിക്കുക, ഇസ്‌ലാമിനെ പുതിയ ശാസ്ത്രീയ വീക്ഷണങ്ങളോടു സമരസപ്പെടുത്തിക്കൊണ്ടു വ്യാഖ്യാനിച്ച് നവീനജീവിതവും കാലഘട്ടവുമായി പൊരുത്തപ്പെടുത്തുക, ഇംഗ്ലീഷ് ഭാഷാവിദ്യാഭ്യാസം മുഖേന ഭരണത്തിൽ പങ്കാളിയാവുക, ഉർദു ഭാഷയെ ഇംഗ്ലീഷിനോടൊപ്പം ഔദ്യോഗികഭാഷയാക്കാനുള്ള വിപുലപരിപാടികൾ സ്വീകരിക്കുക'' (മുഹമ്മദ് അബ്ദുറഹ്മാൻ, പേജ് 8). ഈ പറഞ്ഞവയിൽ അഞ്ചാമത്തേത് 'മലയാളഭാഷയെ മുസ്‌ലിംകൾക്കിടയിൽ വ്യാപകമാക്കുക' എന്നാക്കി പരിഷ്‌കരിച്ചാൽ ഈ അഞ്ചിന പരിപാടികൾ ആധുനിക കേരള മുസ്‌ലിം നവോത്ഥാന നേതാക്കളുടേതുകൂടി ആയി.
വക്കം മൗലവിയുടെ മുസ്‌ലിം മാസികയിലെ ഓരോ ലക്കത്തിലും കേരളത്തിലെ വിവിധ മുസ്‌ലിം പ്രദേശങ്ങളിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ, സാംസ്‌കാരിക, ഭാഷാബോധത്തിെൻറ കണക്കെടുപ്പും വിശകലനവുമായിരുന്നു പ്രധാന വിഭവം. മുസ്‌ലിം മാസികയുടെ ലക്കം ഒന്നിൽതന്നെ തിരുവിതാംകൂറിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ, ഭാഷാജ്ഞാന കണക്കുകൾ വിശദാംശങ്ങളോടെ 'തിരുവിതാംകൂർ മുസൽമാൻമാർ' എന്ന തലക്കെട്ടിലുള്ള, കെ. രാമകൃഷ്ണപ്പിള്ളയുടെ ലേഖനമായി കൊടുത്തിരിക്കുന്നു. 'കേരളസഞ്ചാരി' എന്ന തൂലികാനാമത്തിൽ എഴുതിയ 'പൊന്നാനി മുഹമ്മദീയരും ഇംഗ്ലീഷ് വിദ്യാഭ്യാസവും', എം.എം. മുഹമ്മദ് യൂസുഫ് എഴുതിയ 'ഇടവായിലെ മുഹമ്മദീയരും മുസ്‌ലിംകളും' തുടങ്ങിയ ലേഖനങ്ങളും മുസ്‌ലിം മാസികയുടെ മറ്റു പേജുകളിൽ കാണാം (ജമാൽ മുഹമ്മദ് 2013: 103). ഇതിെൻറ തന്നെ തുടർച്ചയായാണ് ഖിലാഫത്താനന്തര മലബാറിൽ ഐക്യസംഘവും സമുദായ നവീകരണത്തിെൻറ ആഹ്വാനങ്ങളുമായി മുന്നോട്ടുപോയതെന്ന് കാണാനാവും. സമുദായത്തിലെ അനാചാരങ്ങളെ അടിമുടി എതിർക്കുന്നതോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിലേക്ക് നിരന്തരം മുസ്‌ലിം സമൂഹത്തെ ആഹ്വാനം ചെയ്യുകയാണ് ഏതാണ്ടെല്ലാ വ്യവഹാരങ്ങളിലും ഐക്യസംഘം നേതാക്കൾ ചെയ്തത്.
ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും, ഹിന്ദുസമുദായ നേതാക്കൾക്കില്ലാത്ത ചില അധികചുമതലകൾ നവോത്ഥാനത്തെ പരിചരിക്കുന്ന കാര്യത്തിൽ മുസ്‌ലിം നായകർക്കുണ്ടായിരുന്നു.
നവോത്ഥാന ആധുനികതയും പാരമ്പര്യ മതപ്രമാണങ്ങളും തമ്മിൽ ചേർത്തുകെട്ടിക്കൊണ്ടുള്ള ഈ ഞാണിന്മേൽക്കളി ഇസ്‌ലാമിക പ്രമാണങ്ങളുടെയും പാരമ്പര്യത്തിെൻറയും ഭാഗമായിത്തന്നെയുള്ള പലതിനെയും നിഷേധിക്കേണ്ട ഘട്ടത്തിലേക്കാണ് ചില നവോത്ഥാന നായകരെ എത്തിച്ചത്. വക്കം മൗലവിയുടെ പ്രസാധന സംരംഭങ്ങളുടെ അര നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ഇസ്‌ലാമികമായ വസ്ത്രധാരണം, ബഹുഭാര്യത്വം, ജിഹാദ് (സായുധപ്രതിരോധം), പ്രവാചകവചനങ്ങളുടെ പ്രമാണം, പലിശരഹിത സാമ്പത്തികവ്യവസ്ഥ, തഖ്‌ലീദ് (ഏകാനുഷ്ഠാന പാരമ്പര്യം) തുടങ്ങിയവയെ തീർത്തും നിഷേധിക്കുന്ന പ്രവണതകളായി മതനവോത്ഥാന പ്രക്രിയകൾ വഴുതിമാറിയത് അങ്ങനെയാണ്. കെ.എം. മൗലവിയുടെ 'ഹീലത്തുർരിബാ' പോലുള്ള രചനകൾ ഉണ്ടായതും സീതിസാഹിബ് അടക്കമുള്ള സാമുദായിക നേതാക്കൾ അതിനെ അനുകൂലിച്ചതും ഓർക്കുക. മതപരിഷ്കരണത്തിെൻറ കീഴ്ക്കാംതൂക്കായ ഈ വളർച്ച പാരമ്പര്യപക്ഷത്തു നിൽക്കുന്ന പണ്ഡിതരെ നവോത്ഥാനത്തിെൻറ ശത്രുപക്ഷത്തു നിർത്തി എന്ന ഫലമാണ് അതുകൊണ്ട് ഉണ്ടായത്. മലയാളത്തിനു വിരുദ്ധമാണ് അറബിമലയാളം, എഴുത്തിന് വിരുദ്ധമാണ് ഉറുദി/വഅദ് (മതപ്രഭാഷണം), മുസ്‌ലിം സ്ത്രീക്ക് വിരുദ്ധമാണ് ആധുനികവിദ്യാഭ്യാസം തുടങ്ങിയ നിഷ്ഫലമായ ദ്വന്ദ്വകൽപനകൾ അത് മതസംവാദ മേഖലയിലുണ്ടാക്കി. മലയാളലിപിയിലുള്ള ഇസ്‌ലാമിക എഴുത്ത് കേരള മുസ്‌ലിംകൾ ശീലിക്കുന്നതിനു മുമ്പേ മഖ്ദൂമുമാർ, മമ്പുറം തങ്ങന്മാർ, ഉമർഖാദി തുടങ്ങിയവർ ആവിഷ്‌കരിച്ച, നികുതിനിഷേധത്തിലും വൈദേശികപ്രതിരോധത്തിലും ബ്രാഹ്മണ്യനിഷേധത്തിലും ഊന്നിയ പ്രതിരോധാത്മക മതചിന്തകളിൽനിന്ന്, പലിശയധിഷ്ഠിത പരിഷ്‌കാരങ്ങൾവരെ നിർദേശിക്കുന്ന ആധുനിക ചിന്തകളിലേക്കാണ് ഐക്യസംഘം ആവിഷ്കരിച്ച മുസ്‌ലിം നവോത്ഥാനത്തിെൻറ ഒരുവശം എത്തിച്ചേർന്നത്.
അങ്ങനെ, വക്കം മൗലവിയുടെ ആശയങ്ങളോടെ മലയാള മുസ്‌ലിം ചിന്തയിൽ രൂപപ്പെട്ട പുത്തൻവാദികൾ/പാരമ്പര്യവാദികൾ എന്നീ രണ്ടു ആശയവിഭാഗക്കാർ ഐക്യസംഘത്തിെൻറ വരവോടെ ശക്തമാവുകയും ആ രണ്ടു ധാരകളിലും പെട്ട സാമുദായിക ചിന്ത വികാസം പ്രാപിക്കയും ചെയ്തു. അതോടെ, ഇരുപതാം നൂറ്റാണ്ടിെൻറ അവസാനമായപ്പോഴേക്കും കേരള മുസ്‌ലിംകൾ അറിവുൽപാദനത്തിെൻറ രീതിശാസ്ത്രത്തിൽ (മെത്തഡോളജി) വിവിധ ധ്രുവങ്ങളിലേക്ക് ചിതറിപ്പോയി. ഈ വിഭജനത്തിന് പ്രധാന നിമിത്തമായത് നവോത്ഥാന ആധുനികതയും അതിെൻറ ഉപോൽപന്നമായ മലയാള അച്ചടിയും ആയിരുന്നു എന്ന ചരിത്രസാധ്യതയും നിഷേധിക്കാനാവില്ല. അതുപക്ഷേ, ഒരിക്കലും ഒഴിവാക്കാനാവുമായിരുന്നില്ല എങ്കിലും.
റഫറൻസ്:
⊿ജമാൽ മുഹമ്മദ് ടി ഡോ. സ്വദേശാഭിമാനി വക്കം മൗലവി. ഐ.പി.എച്ച് കോഴിക്കോട്. 2013
⊿മക്തി തങ്ങൾ, സമ്പൂർണ കൃതികൾ, വചനം ബുക്സ് കോഴിക്കോട് 2006
⊿മുഹമ്മദ് അബ്ദുൽ കരീം. കെ.എം. മൗലവി ജീവചരിത്രം. യുവത ബുക്സ് കോഴിക്കോട്. 2005
⊿മൊയ്തു മൗലവി, ഓർമക്കുറിപ്പുകൾ, ഐ.പി.എച്ച്. 1992
⊿മുഹമ്മദ് അബ്ദുറഹ്മാൻ ജീവചരിത്രം. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ കമ്മിറ്റി. 1978
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.