സംഗീതപ്രേമികളുടെ പ്രിയ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം വിടപറഞ്ഞിട്ട് സെപ്റ്റംബർ 25ന് ഒരു വർഷം. എന്തുകൊണ്ടാണ് അദ്ദേഹത്തിെൻറ വേർപാട് വലിയ വേദനയായി നമ്മളെ നീറ്റുന്നത്? ആ പാട്ടുകൾ നമ്മളോട് എങ്ങനെയാണ് സംവദിച്ചത്?
മനഃപൂർവമായിട്ടുപോലും മറക്കാന്‍ കഴിയാത്ത ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. ഒരു പക്ഷേ, അദ്ദേഹത്തിലെ ഗായകനെയാണോ അതോ പച്ചയായ മനുഷ്യനെയാണോ ആദ്യം മറക്കേണ്ടത് എന്നത് മാത്രമാണ് ബാക്കിയാവുന്ന പ്രശ്നം. ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു, എസ്.പി.ബി എന്ന മൂന്നക്ഷരം സംഗീതലോകത്തുനിന്നും മാറിനിന്നിട്ട്. എസ്.പി.ബിയുടെ ശരാശരി നാൽപതിനായിരം ഗാനങ്ങള്‍ കണക്കിലെടുത്താല്‍ ഒരു വര്‍ഷമെന്ന മുന്നൂറ്റി അറുപത്തിയഞ്ച് ദിവസങ്ങള്‍ നൂറ്റിപത്ത് ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് നഷ്ടമാക്കി. ഒരുപക്ഷേ, മലയാളികള്‍ ഉള്‍പ്പെടുന്ന സംഗീതപ്രേമികള്‍ അദ്ദേഹത്തിെൻറ നാൽപതിനായിരത്തിലധികം ഗാനങ്ങളിലൂടെ ഒരു തവണയെങ്കിലും ലോകത്ത് ഒരു വര്‍ഷംകൊണ്ട് കടന്നുപോയിട്ടുണ്ടാവണം. തീര്‍ച്ച.
മലയാള സിനിമക്കു വേണ്ടി എസ്.പി. ബാലസുബ്രഹ്മണ്യം നൂറ്റി ഇരുപതിനടുത്ത് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും മലയാള ഭാഷയില്‍ പാടിയത് നൂറില്‍താഴെ മാത്രമാണ്. ബാക്കി പാടിയതെല്ലാം ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ്, തമിഴ് തുടങ്ങിയ ഭാഷകളില്‍ മലയാള സിനിമക്കു വേണ്ടി പാടിയിട്ടുണ്ട്.
എ.ആര്. റഹ്മാെൻറ പിതാവ് ആര്.കെ. ശേഖറിെൻറ പരിചയപ്പെടുത്തലിെൻറ ഭാഗമായാണ് ദേവരാജന്‍ മാസ്റ്റര്‍ക്ക് എസ്.പി. ബാലസുബ്രഹ്മണ്യം ആദ്യം പരിചയമാവുന്നത്. മലയാളത്തില്‍ എസ്.പി പാടുന്ന ആദ്യ ഗാനം 1969ല്‍ പുറത്തിറങ്ങിയ 'കടല്പാല'ത്തിലെ ''ഈ കടലും മറു കടലും ഭൂമിയും വാനവും കടന്ന്'' എന്നതാണ്.
മലയാളത്തിലെ എസ്.പി.ബിയുടെ ഹരിശ്രീ സമൃദ്ധമായതുമായിരുന്നു. അന്നത്തെ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ നസീറും സത്യനും നായകവേഷം കൈകാര്യം ചെയ്യുന്നു. നായികമാര്‍ താരറാണിമാരായ ജയഭാരതിയും ഷീലയും. സംവിധായകന് മലയാളത്തിന് ഹിറ്റുകള്‍ സമ്മാനിച്ച കെ.എസ്. സേതുമാധവന്. മലയാളത്തിലെ മികച്ച നാടകകൃത്തായ കെ.ടി. മുഹമ്മദിെൻറ തിരക്കഥാരചന. വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ട്. ഈ സിനിമയിലെ അഭിനയത്തിനാണ് സത്യന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. ഇതില്പരം ഒരു തുടക്കം ഒരു ഗായകന് ലഭിക്കാനില്ല.
'കടല്പാല'ത്തിന് ശേഷം പാടുന്നത് 1971ല്‍ ആര്.കെ. ശേഖര്‍ സംഗീതസംവിധാനം നിർവഹിച്ച 'യോഗമുള്ളവള്‍' എന്ന സിനിമക്ക് വേണ്ടിയാണ്. ശ്രീകുമാരന്‍ തമ്പിയുടെ വരികളില്‍ ''നീലസാഗര തീരം'' എന്ന ഗാനം എസ്. ജാനകിയോടൊപ്പമാണ് ആലപിക്കുന്നത്. എസ്.പി മലയാളത്തില്‍ ആര്.കെ. ശേഖറിെൻറ കീഴില്‍ വേറെ പാട്ടുകള്‍ പാടിയിട്ടില്ലെന്ന് വേണം കരുതാന്‍. ആര്.കെ. ശേഖറുമായിട്ടുള്ള ബന്ധം മകന് എ.ആര്. റഹ്മാനിലൂടെ എസ്.പി.ബി മരണംവരെയും തുടര്‍ന്നിരുന്നു. പിന്നീട് 1973ല്‍ പുറത്തിറങ്ങിയ 'കവിത' എന്ന സിനിമക്ക് വേണ്ടിയാണ് മലയാളത്തില്‍ പാടുന്നത്. ഈ സിനിമയും പ്രേത്യകതയുള്ളതായിരുന്നു. സിനിമയുടെ സംവിധായികയായ വിജയ നിർമല ഏറ്റവും അധികം സിനിമ സംവിധാനം ചെയ്ത വനിതയെന്ന നിലയില്‍ 2002ല്‍ ഗിന്നസ് ബുക്കില്‍ പേർ നേടിയവരാണ്. ഇവരുടെ സംവിധാന ജീവിതത്തില്‍ ആദ്യമായി ചെയ്ത ചലച്ചിത്രം മലയാള ഭാഷയിലെ 'കവിത'യായിരുന്നു. പി. ഭാസ്കരന് മാഷിെൻറ വരികളില്‍ രാഘവന് മാസ്റ്ററാണ് സംഗീതസംവിധാനം. സുശീലയോടൊപ്പം ''ആദാം എെൻറ അപ്പൂപ്പന്'' എന്ന ഗാനമാണ് എസ്.പി.ബി ആലപിച്ചത്.
ബാലസുബ്രഹ്മണ്യത്തിന് ആദ്യമായി ദേശീയ പുരസ്കാരം നേടിക്കൊടുത്ത തെലുങ്കു ചിത്രമായ 'ശങ്കരാഭരണ'ത്തിലെ ''ഓങ്കാര നാദനു'' എന്ന ഗാനത്തിന് ശേഷം തെൻറ അഹങ്കാരമില്ലാത്തതും കലര്‍പ്പില്ലാത്തതുമായ കർണാട്ടിക് സംഗീതജ്ഞാനം അറിയിച്ച് തന്നത് മലയാളത്തില്‍ 'രാഗം ആനന്ദഭൈരവി' എന്ന സിനിമയിലാണ്. മങ്കൊമ്പ് ഗോപാലകൃഷ്ണെൻറ വരികളില്‍ രമേഷ് നായിഡു സംഗീതസംവിധാനം ചെയ്ത ''ചൈത്ര കുസുമാഞ്ജലി'' എന്ന ഗാനം തന്നിലെ കര്‍ണാടക സംഗീതജ്ഞാനത്തെ വീണ്ടും ആസ്വാദകര്‍ക്ക് സമ്മാനിക്കുകയായിരുന്നു.
ശ്രീകുമാരന്‍ തമ്പി 1981ല്‍ സംവിധാനംചെയ്ത 'മുന്നേറ്റം' എന്ന ചിത്രത്തിലെ ശ്യാമിെൻറ സംഗീതസംവിധാനത്തില്‍ ''ചിരികൊണ്ട് പൊതിയും മൗനദുഃഖങ്ങള്‍'' എന്ന ഗാനം എസ്.പി.ബി മലയാളിയെല്ലന്ന് പറയില്ല. അത്രയും മനോഹരമായി പാടിവെച്ചിട്ടുണ്ട്. മണിരത്നത്തിെൻറ തെലുങ്കു ചിത്രമായ 'ഗീതാഞ്ജലി' മലയാളത്തിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍ അതിലെ ''കാവ്യങ്ങള്‍ പാടുമോ തെന്നലെ'' എന്ന ഗാനവും അത്രമേല്‍ ഭാവസാന്ദ്രമായി പാടി. ഹിന്ദിയിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ സൂരജ് ഭരതാജിയ സംവിധാനംചെയ്ത ''മെനേ പ്യാര് കിയ'' എന്ന ചിത്രത്തിെൻറ മലയാളം ഡബ്ബിങ്ങായ 'ഇണപ്രാവുകളി'ല്‍ എസ്.പി.ബി പാടിയ ''മാനസവർണം ചാര്‍ത്തുന്നു ദേവി'' എന്ന ഗാനം മികച്ചതാണ്. മൂന്ന് ചരണങ്ങളുള്ള ''മേരേ രംഗ് മേ'' എന്ന ഹിന്ദി ഗാനത്തിെൻറ മലയാളം എസ്.പി പാടുന്നത് മൊഴിമാറ്റിയതാണെന്ന് ഒരിക്കലും തോന്നില്ല.
യേശുദാസിനോടൊപ്പം എസ്.പി മലയാളത്തിന് വേണ്ടി പാടിയത് നാല് ഗാനങ്ങളാണ്. അതിലൊന്ന് ഹിന്ദിയും മറ്റൊന്ന് തമിഴുമാണ്. 1981ല്‍ കശ്മീര്‍ പശ്ചാത്തലത്തില്‍ ഐ.വി. ശശി സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ 'തുഷാരം' എന്ന ചിത്രത്തിലെ ''മഞ്ഞേ വാ മധുവിധു വേള'' എന്ന ഗാനം. ഈ ഗാനത്തില്‍ എസ്.പി.ബി ഹിന്ദിയിലാണ് പാടുന്നത്. മറ്റൊന്ന് എം.എ. നിഷാദിെൻറ 'കിണര്‍' എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടുന്നത് തമിഴിലാണ്. മലയാളത്തില്‍ യേശുദാസിനും എസ്. ജാനകിക്കും വാണിജയറാമിനുമൊപ്പം പാടി സൂപ്പര്‍ ഹിറ്റായ ഗാനമാണ് 'സര്‍പ്പം' എന്ന സിനിമയിലെ ''സ്വർണ മീനിെൻറ ചേലൊത്ത കണ്ണാളേ'' എന്ന ഗാനം. ഈ ഗാനം ആ കാലഘട്ടത്തില്‍ ബാലസുബ്രഹ്മണ്യത്തിന് ഏറെ പ്രശംസ നേടിക്കൊടുക്കുകയുണ്ടായി. 1982ല്‍ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത 'എനിയ്ക്കും ഒരു ദിവസം' എന്ന ചിത്രത്തിലെ ''റൂഹിെൻറ കാര്യം'' എന്ന ഗാനവും മലയാളത്തില്‍ മനോഹരമാക്കിയിരുന്നു.
മലയാളി ഇന്നും മൂളി നടക്കുന്നു ഉത്സവനാളുകളില്‍ നിറഞ്ഞ് കേള്‍ക്കുന്ന ''മാട്ടുപൊങ്കല്‍ മാസം'' എന്ന ഗാനം. തമിഴ് സംഗീത സംവിധായകന് ദേവ മലയാളത്തിലെത്തി ഹിറ്റാക്കിയ 'ഫാൻറം' എന്ന സിനിമയിലെ എസ്.പി.ബി പാടിയ രണ്ട് ഗാനങ്ങളും ഹിറ്റാണ്. തമിഴും മലയാളവും കലര്‍ത്തിയാണ് ഈ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. എസ്.പി-ദേവ കൂട്ടുകെട്ടില്‍ നിരവധി തമിഴ് ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാണ്.
'രാജധാനി', 'ദ സിറ്റി', 'സൂത്രധാരന്‍', 'ഇന്ദ്രജാലം', 'സി.ഐ.ഡി മൂസ' തുടങ്ങിയ സിനിമകളില്‍ ഹിന്ദിയിലാണ് ഗാനങ്ങള്‍ പാടിയിട്ടുള്ളത്. 'ദ സിറ്റി' സിനിമയിലെ ഹിന്ദി ഗാനം ശബ്ദം മാറ്റി പാടിയ ഒന്നാണ്. അത്തരത്തില്‍ എസ്.പി.ബി ശബ്ദം കനപ്പിച്ച് പാടിയ മണിരത്നം സിനിമയാണ് 'അഞ്ജലി'. മണിരത്നത്തിെൻറ തന്നെ മറ്റൊരു ചിത്രമായ 'ഗീതാഞ്ജലി'യുടെ മലയാളം ഡബ്ബിങ്ങിലും ശബ്ദം കനപ്പിച്ച് ചിത്രയോടൊപ്പം പാടിയിട്ടുണ്ട്. അതിന് ശേഷം ബാലസുബ്രഹ്മണ്യത്തിന് തൊണ്ടയില്‍ വേദന ഉണ്ടാവുകയും പിന്നീട് സര്‍ജറി നടത്തുകയും ചെയ്തിരുന്നു.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'ഇന്ദ്രജാലം' എന്ന സിനിമയിലെ എസ്.പി.ബി പാടിയ ഹിന്ദി ഗാനത്തിന് ഒരു പ്രത്യേകതകൂടിയുണ്ട്. പി.ബി. ശ്രീനിവാസന് എന്ന പ്രശസ്തനായ ഗായകന് എഴുതിയതാണ് ഹിന്ദി വരികള്‍. എസ്.പി.ബിയുടെ മുന്‍ഗാമിയും തമിഴ് സിനിമാ ലോകത്തിലെ കര്‍ണാട്ടിക് സംഗീത കുലപതികളില്‍ ഒരാളുമായ പി.ബി. ശ്രീനിവാസന് ഹിന്ദി നന്നായി കൈകാര്യം ചെയ്യുകയും ഗസലുകള്‍ എഴുതുന്ന പതിവുള്ളതും ഇന്നും പലര്‍ക്കും അറിയാത്ത ഒന്നാണ്. പി.ബി. ശ്രീനിവാസന് തലയില്‍ തൊപ്പിവെച്ചായിരുന്നു സദസ്സുകളില്‍ വരാറുണ്ടായിരുന്നത്. അതിനും നിമിത്തമായത് എസ്.പി. ബാലസുബ്രഹ്മണ്യമായിരുന്നു. മൈസൂരുവിലെ ഒരു ചടങ്ങില്‍ പി.ബി. ശ്രീനിവാസന് സംഘാടകര്‍ ആദരിക്കലിെൻറ ഭാഗമായി തൊപ്പി സമ്മാനിക്കുന്നു. ചടങ്ങില്‍ ഒപ്പമുണ്ടായിരുന്ന എസ്.പി.ബി ശ്രീനിവാസനോട് താങ്കള്‍ക്കിത് നന്നായി ചേരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഞാനിത് ഇനി സ്ഥിരമായി തലയില്‍ വെക്കാം എന്ന് പറയുകയും ജീവിതാവസാനംവരെയും തൊപ്പി ധരിക്കുകയും ചെയ്തു.
കര്‍ണാട്ടിക് സംഗീതംപോലെതന്നെ ഹിന്ദുസ്ഥാനി തനിക്ക് വഴങ്ങുമെന്ന് ലോഹിതദാസിെൻറ ചിത്രമായ 'സൂത്രധാരനി'ലൂടെ അദ്ദേഹം തെളിയിച്ചു. ഹിന്ദുസ്ഥാനി രാഗമായ ബൃന്ദാഭനി സാരംഗില്‍ രവീന്ദ്രന് സംഗീതസംവിധാനം നിര്‍വഹിച്ച ഗായത്രിയോടൊപ്പം പാടിയ ''ദര്ശന് ആയേ'' എന്ന ഗാനം.
സിനിമയിലെത്തുന്നതിന് മുന്‍പ് എസ്.പി.ബി പഠനകാലത്തും ജോലി അന്വേഷണ കാലഘട്ടത്തിലും പങ്കെടുത്ത സംഗീത മത്സരങ്ങളിലെല്ലാം മുഹമ്മദ് റഫിയുടെയും സുശീലയുടെയും ഗാനങ്ങളാണ് അവതരിപ്പിക്കാറുള്ളത്. സുശീലയോടൊപ്പം മലയാളത്തില്‍ 'കവിത', 'സപ്തപദി' സിനിമകളില്‍ ചേര്‍ന്ന് പാടിയിട്ടുണ്ട്.
ഹിന്ദിയില്‍ മാത്രമല്ല ഇംഗ്ലീഷിലും മലയാള സിനിമക്ക് വേണ്ടി എസ്.പി. ബാലസുബ്രഹ്മണ്യം പാടിയിട്ടുണ്ട്. ഇംഗ്ലീഷില്‍ തെൻറ സഹോദരി എസ്.പി. ശൈലജയോടൊപ്പം 'ആക്രമണം' എന്ന സിനിമയില്‍ ''ലില്ലി മൈ ഡാര്‍ലിങ്'' എന്ന ഗാനം ആലപിച്ചിട്ടുണ്ട്. എം.എസ്. വിശ്വനാഥന് സംഗീതസംവിധാനം നിർവഹിച്ച 'തിരകള്‍ എഴുതിയ കവിത' എന്ന ചിത്രത്തിലും എല്‍.ആര്. ഈശ്വരിയോടൊപ്പം ഇംഗ്ലീഷിലാണ് പാടുന്നത്. തമിഴ് ഭാഷ കൈകാര്യം ചെയ്യുന്ന എല്‍.ആര്. ഈശ്വരി മലയാളത്തിലും എസ്.പി.ബി ഇംഗ്ലീഷിലും. വളരെ മനോഹരമായിട്ടാണ് എസ്.പി.ബി ഇംഗ്ലീഷ് സംസാരിക്കുന്നത്. പാടുമ്പോള്‍ അതിനെക്കാള്‍ സുന്ദരമാണ് ഇംഗ്ലീഷ് ഉച്ചാരണമെന്നത് ഇംഗ്ലീഷിലുള്ള ഗാനം കേള്‍ക്കുമ്പോള്‍ കേള്വിക്കാരന് അനുഭവിക്കാന്‍ കഴിയും.
സിനിമയിലെത്തുന്നതിന് മുന്‍പ് എസ്.പി.ബി പഠനകാലത്തും ജോലി അന്വേഷണ കാലഘട്ടത്തിലും പങ്കെടുത്ത സംഗീത മത്സരങ്ങളിലെല്ലാം മുഹമ്മദ് റഫിയുടെയും സുശീലയുടെയും ഗാനങ്ങളാണ് അവതരിപ്പിക്കാറുള്ളത്. സുശീലയോടൊപ്പം മലയാളത്തില്‍ 'കവിത', 'സപ്തപദി' സിനിമകളില്‍ ചേര്‍ന്ന് പാടിയിട്ടുണ്ട്.
എന്നും യുഗ്മഗാനങ്ങളില്‍ ഹിറ്റുകള്‍ സമ്മാനിക്കുന്ന ജാനകി- എസ്.പി.ബി കൂട്ടുകെട്ട് മലയാളത്തിലും ഉണ്ടായി. ജാനകിയോടൊപ്പം 'ഹിമം', 'സപ്തപദി', 'യോഗമുള്ളവള്‍', 'ശുദ്ധികലശം', 'ഗീതാഞ്ജലി', 'സര്‍പ്പം' എന്നീ സിനിമകള്‍ക്ക് വേണ്ടി ഒരുമിച്ചു. 'ഗീതാഞ്ജലി'യിലെ ''ഓംനമഃ'' എന്ന ഗാനത്തിെൻറ മാസ്മരികത ഇന്നും അനിര്‍വചനീയമാണ്. വാണിജയറാമിനൊപ്പം 'ശങ്കരാഭരണ'ത്തിന് ശേഷം 'നിഴല്‍യുദ്ധം', 'ഇഷ്ടപ്രാണേശ്വരി', 'സര്‍പ്പം', 'മലയമാരുത' തുടങ്ങിയ സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ഭാവഗായകന് ജയചന്ദ്രനൊപ്പം 1977ലെ 'പട്ടാളം ജാനകി'യിലെ ''മേലേ മാനത്തെ'' എന്ന ഗാനം പാടിയതിന് ശേഷമാണ് തമിഴില്‍ 1990ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റായ 'ഇണൈന്ത കൈകളില്‍' എസ്.പിയും ജയചന്ദ്രനും ചേര്‍ന്ന് പാടുന്നത്. മറ്റൊരു ചിത്രം ബിജു തിരുമല തിരക്കഥയും പാട്ടും എഴുതിയ ''ഇഷ്ടപ്രാണേശ്വരി''യാണ്. വാണിജയറാമും ഇവരോടൊപ്പം പാടുന്നുണ്ട്.
ചിത്രയോടൊപ്പം പാടിയ 'അനശ്വര'ത്തിലെ ''താരാപഥം ചേതോഹരം'' ഇന്നും ഹിറ്റാണ്. ബാലസുബ്രഹ്മണ്യത്തിെൻറ സുഹൃത്തും പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ഇളയരാജയുടെ സംഗീതം ഗാനത്തിന് കൂടുതല്‍ മിഴിവേകി. 'സുഖം സുഖകരം', 'സമര്‍പ്പണം', 'ഇണപ്രാവുകള്‍', 'മാന്യന്മാര്', 'ഗീതാഞ്ജലി', 'കിലുക്കം', ഫാൻറം', 'വാമനപുരം ബസ് റൂട്ട്' ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ ചിത്രയോെടാപ്പമാണ്.
മോഹന്‍ലാല്‍ അഭിനയിച്ച 'വാമനപുരം ബസ് റൂട്ടി'ല്‍ ചിത്രയും എസ്.പിയും ആലപിക്കുന്ന തമിഴ് ഗാനത്തിന് പ്രത്യേകതയേെറയാണ്. ഒരു കാലഘട്ടത്തിെൻറ ഓർമകള്‍ വീണ്ടും തിരികെ കൊണ്ടുവന്ന പ്രസിദ്ധമായ തമിഴ്ഗാനമായിരുന്നു. 1966ല്‍ തമിഴില്‍ പുറത്തിറങ്ങിയ 'അന്പേ വാ' എന്ന എം.ജി.ആര് അഭിനയിച്ച സിനിമയിലെ ഹിറ്റ് ഗാനമായ ''രാജാവിന് പാര്‍വൈ റാണിയിന്‍ പക്കം'' എന്ന ഗാനമാണത്. എം.എസ്. വിശ്വനാഥന് സംഗീതസംവിധാനം നിർവഹിച്ച് ടി.എം. സൗന്ദരരാജനും സുശീലയും ചേര്‍ന്ന് ആലപിച്ച ഗാനം. കവിയും എഴുത്തുകാരനുമായ വാലി എഴുതിയതാണ്. വീണ്ടും എസ്.പി.ബി ഈ ഗാനമാലപിക്കുമ്പോള്‍ ആ കാലഘട്ടത്തിനോട് പൂർണമായും നീതി പുലര്‍ത്തിയിരുന്നു.
സുജാതയോടൊപ്പം 'മോണിസ എന്‍ മോണോലിസ' എന്ന തമിഴ് ഗാനത്തിെൻറ മലയാളം ഡബ്ബിങ്ങില്‍ പാടുകയുണ്ടായി. 'ശോഭനം', 'ഡാര്‍ലിങ് ഡാര്‍ലിങ്' സിനിമകളില്‍ ഇരുവരുമാണ് യുഗ്മഗാനങ്ങളാലപിച്ചിരിക്കുന്നത്.
എം.ജി. ശ്രീകുമാറിനൊപ്പം പാടിയ 'കിലുക്ക'ത്തിലെ ഗാനം ''ഊട്ടിപട്ടണം'' പ്രസിദ്ധം. 'സ്വർണ്ണചാമരം', 'ചന്ദ്രനുദിക്കുന്ന ദിക്കില്‍', 'ഒരു യാത്രാമൊഴി' എന്നീ സിനിമകളില്‍ ഇരുവരും പാടുകയും ഗാനങ്ങളേറെയും പ്രസിദ്ധമാവുകയും ചെയ്തു.
എം.ജി. രാധാകൃഷ്ണെൻറ സംഗീതസംവിധാനത്തിലും ബാലസുബ്രഹ്മണ്യം പാടിയിട്ടുണ്ട്. സി.വി. രാമന്‍പിള്ളയുടെ 'മാർത്താണ്ഡവര്‍മ്മ' എന്ന നോവലിനെ ആസ്പദമാക്കി ലെനിന് രാജേന്ദ്രന് 1977ല്‍ സംവിധാനം ചെയ്ത 'കുലം' എന്ന ചിത്രത്തിലെ ''തിറന്ത് പാര്ത്തേന്'' എന്ന തമിഴ് ഗാനം. ഗാനരചന മലയാളത്തിെൻറ സ്വന്തം കവിയായ വി. മധുസൂദനന് നായരാണ്. മലയാള സാഹിത്യ ചരിത്രത്തിെൻറ ഒരു ഭാഗമായ നോവലിെൻറ ചലച്ചിത്രാഖ്യാനത്തിന് തെലുഗുദേശക്കാരനായ എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ ദ്രാവിഡ ഭാഷയിലുള്ള സ്വരചാര്ത്തായിരുന്നു ഗാനം.
കാവാലം നാരായണപണിക്കരുടെ വരികളില്‍ നടി ഉര്‍വശി നിർമിച്ച 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്' എന്ന സിനിമയില്‍ എസ്. ജാനകിയോടൊപ്പം ബാലസുബ്രഹ്മണ്യം പാടിയിട്ടുണ്ട്.
രവീന്ദ്രന് മാഷിെൻറ സംഗീതസംവിധാനത്തില്‍ പുറത്തിറങ്ങിയ 'ബട്ടർൈഫ്ലസി'ല്‍ ''പാല്‍നിലാവിലെ'' എന്ന ഗാനം അതിമനോഹരമായിട്ടാണ് ആലപിച്ചിരിക്കുന്നത്. തമിഴ് ഭാഷയുടെ ഒരു തരിപോലും കലര്‍പ്പില്ലാത്ത ഉച്ചാരണം. കൈതപ്രത്തിെൻറ സംഗീതസംവിധാനത്തില്‍ 'ഗാന്ധര്‍വ്വ'ത്തിലും 'ദി ന്യൂസി'ലും പാടിയിട്ടുണ്ട്.
തനിക്ക് കാഴ്ചശക്തി തിരികെ ലഭിച്ചാല്‍ ഗായകന് യേശുദാസിനെ കാണണമെന്ന് ആഗ്രഹിച്ച സംഗീതസംവിധായകന് രവീന്ദ്ര ജയ്െൻറ സംഗീതത്തിലും എസ്.പി.ബി പാടി. 'സുഖം സുഖകരം' എന്ന ചിത്രത്തില്‍ ചിത്രയോടൊപ്പം ''സുഖകരം ഇത് സുഖകരം'' എന്ന ഗാനം. എണ്‍പതുകള്‍ക്ക് ശേഷം മലയാള സിനിമയില്‍ പുതിയ രീതി അവതരിപ്പിച്ച് മലയാളിയെ ഇരുത്തി ചിരിപ്പിച്ച സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ 'റാംജി റാവു സ്പീക്കിങ്ങി'ലും ''കളിക്കളം ഇത് കളിക്കളം'' എന്ന ഗാനം പാടി തുടക്കക്കാര്‍ക്ക് അനുഗ്രഹം നൽകി.
ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍, ഷിബു ചക്രവര്‍ത്തി, കെ. ജയകുമാര്‍, എസ്. രമേശന് നായര്‍, ഗിരീഷ് പുത്തഞ്ചേരി ഉൾപ്പെടെയുള്ള മലയാളത്തിലെ നിരവധി മുന്‍നിര ഗാനരചയിതാക്കളുടെ വരികളില്‍ പാടി. വിദ്യാസാഗറിെൻറ സംഗീതസംവിധാനത്തിലും തമിഴിലെന്നപോലെ തന്നെ മലയാളത്തിലും പാടിയിട്ടുണ്ട്.
ഡബ്ബിങ് സിനിമകളിലെ ഗാനങ്ങള്‍ സ്വീകരിച്ചപോലെ തന്നെ ആല്‍ബം ഗാനവും സ്വീകരിച്ചു മലയാളികള്‍. മന്‍സൂര്‍ അഹമ്മദിെൻറ വരികളില്‍ തേജ് മെര്വിെൻറ സംഗീതത്തില്‍ 2004ല്‍ പുറത്തിറങ്ങിയ 'പ്രണയത്തിന് ഓര്മക്കായ്' എന്ന ആല്‍ബത്തിലെ ''ഞാനെെൻറ ഹൃദയം'' എന്ന ഗാനവും റഫീക്ക് അഹമ്മദിെൻറ ''ഒരു കുറി ഇനിയും നാം'' എന്ന ഗാനവും പ്രണയഗാനങ്ങളുടെ ശേഖരത്തിലേക്ക് ജനം സ്വീകരിച്ചതാണ്. ബാലസുബ്രഹ്മണ്യം അവസാനമായി മലയാളത്തിന് വേണ്ടി പാടിയത് റഫീക്ക് അഹമ്മദിെൻറ രചനതന്നെയായിരുന്നു. കൊറോണ കാലത്തെ ഭീതികള്‍ക്കിടയില്‍ ഒരു ഗായകെൻറ ഇടപെടലായിരുന്നു ഗാനം. തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലും അദ്ദേഹം കൊറോണകാലത്തെ കരുതലിന് വേണ്ടി പാടിയിരുന്നു. ''ഒരുമിച്ച് നിൽക്കേണ്ട സമയം ഇത് പൊരുതലിെൻറ, കരുതലിെൻറ സമയം'' എന്ന വരികള്‍ ആസുരമായ കാലത്തിെൻറ ആശങ്ക മുഴുവനും പങ്കുവെക്കുന്നതായിരുന്നു. ആശങ്ക ഈ വര്‍ത്തമാനകാലത്തിലും ബാക്കിയാവുന്നു. ഭീതിയിലാഴ്ത്തിയ രോഗത്തെ ചെറുക്കാന്‍ ഒരുമിക്കാനും കരുതാനും വേണ്ടി തുയിലുണര്‍ത്തിയ ഗായകനെ കൊറോണയെന്ന മഹാമാരി തന്നെ സംഗീതാസ്വാദകരില്നിന്നും അപഹരിച്ചത് ഒരു കറുത്ത ഹാസ്യമായി നമ്മുടെ മുന്നില്‍ അവശേഷിക്കുന്നു.
ഹരികഥാകാലക്ഷേപം നടത്തി ജീവിതം നയിച്ചിരുന്ന നെല്ലൂരിലെ സാംബമൂര്‍ത്തിയുടെ മകന് എസ്.പി. ബാലസുബ്രഹ്മണ്യം തെൻറ അഞ്ചാം വയസ്സില്‍തന്നെ വേദിയില്‍ പാടാനും അഭിനയിക്കാനും ആരംഭിച്ചിരുന്നു. നാട്ടിലെ വേദിയില്‍ ഭക്തരാമദാസ് നാടകം നടക്കുകയാണ്. അച്ഛന് പ്രധാന കഥാപാത്രവും മകന് നാടകത്തില്‍ രഘുരാമന് എന്ന മകെൻറ കഥാപാത്രവുമായി നാടകം ആരംഭിച്ചു. രാത്രി പത്തിന് ആരംഭിക്കുന്ന നാടകം തീരുമ്പോള്‍ രാവേെറയാവും. ആദ്യരംഗത്ത് പാടി അഭിനയിച്ച് കഴിഞ്ഞ് എസ്.പി. ബാലസുബ്രഹ്മണ്യം എന്ന കൊച്ചുപയ്യന് വേദിയുടെ മൂലയില്‍ ഉറക്കമാരംഭിച്ചു. വീണ്ടും രണ്ട് രംഗങ്ങളില്‍ കൂടി അഭിനയിക്കേണ്ടതുണ്ട്. രാത്രി ഒരു മണിയാകാറായപ്പോള്‍ എസ്.പി.ബിയുടെ അഭിനയരംഗമെത്തി. നാടകത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്ന ബാലസുബ്രഹ്മണ്യത്തിെൻറ പിതാവ് സാംബമൂര്ത്തിയെ പൊലീസ് അറസ്റ്റ്ചെയ്തു കൊണ്ടുപോവുന്നതാണ് രംഗം. ഉറക്കച്ചടവില്‍നിന്നും ഉണര്‍ന്ന് വീണ്ടും വേദിയിലെത്തിയ കൊച്ചുകുട്ടി പൊലീസ് രംഗം ശരിക്കും നടക്കുന്നതാണെന്നും തെൻറ അച്ഛനെ അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയാണെന്നും ധരിച്ച് കരയാന്‍ തുടങ്ങി. അച്ഛനെ കൊണ്ടുപോകരുതെന്നും വിടൂ എന്നും കരഞ്ഞ് പറയുന്നു. സദസ്സിലുള്ളവരെല്ലാം ഈ കൊച്ചുപയ്യെൻറ അഭിനയം നന്നായി എന്ന് പറഞ്ഞു കൈയടിക്കാന്‍ ആരംഭിച്ചു. ബാലസുബ്രഹ്മണ്യത്തിെൻറ കരച്ചില് ഒറിജിനല്‍ ആണെന്ന് ആരും തിരിച്ചറിഞ്ഞില്ല. അന്ന് മുതല്‍ക്ക് മരണംവരെയും എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ ജീവിതത്തില്‍ അദ്ദേഹം ചുവട് പതിപ്പിച്ച മേഖലകളിലെല്ലാം കൈയടികളും അഭിനന്ദനങ്ങളും മാത്രമെ ഉണ്ടായിട്ടുള്ളൂ.
എസ്.പി.ബിയുടെ ഗാനങ്ങളോട് ഇത്രയും ഇഷ്ടം തോന്നാൻ കേള്വിക്കാരന് ഒരുപിടി കാരണങ്ങള്‍ പറയാനുണ്ടാവും. ഏത് ഭാഷയിലും അതേ വികാരം ഉൾക്കൊണ്ട് പാടുക എന്ന ഗായക ധർമം. അതിനോടൊപ്പം അദ്ദേഹം സ്വാതന്ത്ര്യം എടുത്ത് ഗാനങ്ങളില്‍ കാണിച്ച മനോധർമം. ഉന്നതങ്ങളില്‍ വിരാജിക്കുമ്പോഴും മനുഷ്യസ്നേഹിയായ, പച്ചയായ മനുഷ്യനായി തന്നെ നിലകൊള്ളുക. അങ്ങനെ നീണ്ടുപോകുന്നു ഇഷ്ടങ്ങള്‍.
കര്‍ണാട്ടിക് സംഗീതംപോലെതന്നെ ഹിന്ദുസ്ഥാനി തനിക്ക് വഴങ്ങുമെന്ന് ലോഹിതദാസിെൻറ ചിത്രമായ 'സൂത്രധാരനി'ലൂടെ അദ്ദേഹം തെളിയിച്ചു. ഹിന്ദുസ്ഥാനി രാഗമായ ബൃന്ദാഭനിസാരംഗില് ഗായത്രിയോടൊപ്പം പാടിയ ''ദര്ശന് ആയേ'' എന്ന ഗാനം.
അതുകൊണ്ടാണ് തമിഴ് കവിയും, കഥാകൃത്തും ഗാനരചയിതാവുമായ വൈരമുത്തു തമിഴ് സിനിമ ലോകത്തെ എണ്‍പത് വര്‍ഷത്തെ കണക്കുകള്‍ നിരത്തി എസ്.പി. ബാലസുബ്രഹ്മണ്യത്തെ പ്രകീര്‍ത്തിച്ചത്. സമ്പ്രദായ സംഗീതത്തിെൻറ തായ്വഴിയില് അദ്ദേഹം പാരമ്പര്യവും ഗായകര്‍ അവരുടെ ശബ്ദംകൊണ്ട് തമിഴ് സിനിമാലോകം വാണ വര്‍ഷങ്ങളും പറയുന്നുണ്ട്.
ത്യാഗരാജ ഭാഗവതര്‍, പി.യു. ചിന്നപ്പ, എം.എം. മാരിയപ്പ, തിരുച്ചി ലോഹനാഥന്‍, സി.എസ്. ജയരാമന്, ടി.എം. സൗന്ദരരാജന്, പി.ബി. ശ്രീനിവാസ്, എസ്.സി. കൃഷ്ണന്, ചിദംബരം ജയരാമന്, ഘണ്ഠശാല, ചന്ദ്രബാബു തുടങ്ങിയ ഗായകര്‍ എല്ലാം ഇരുപത്തിയഞ്ച് വര്‍ഷം മുതല്‍ മുപ്പത്തിയഞ്ച് വര്‍ഷം വരെ മാത്രമാണ് സിനിമാലോകത്ത് പാടിയത്. എസ്.പി. ബാലസുബ്രഹ്മണ്യം മാത്രമാണ് അമ്പത്തിരണ്ട് വര്‍ഷങ്ങൾക്കപ്പുറം യാത്ര ചെയ്യുന്നത്. ഇനിയും ഏറെ ദൂരം എസ്.പി. ബാലസുബ്രഹ്മണ്യം അദ്ദേഹത്തിെൻറ ശബ്ദമാധുര്യംകൊണ്ടും സഹജീവി ബഹുമാനങ്ങളോടെയും നമ്മളോടൊപ്പം സഞ്ചരിക്കുമെന്ന് കരുതിയവര്‍ക്ക് മുന്നില്‍ അദ്ദേഹം പാട്ട് നിര്‍ത്തി പോയി. മലയാളി സൗകര്യപൂർവം ഏത് ഗായകനെ മറന്നാലും എസ്.പി.ബി എന്ന ഗായകനെ അതിനെക്കാള്‍ ഉപരി പച്ചയായ ഈ സാധുമനുഷ്യനെ മറക്കില്ല.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.