‘‘The shoe that fits one person pinches another; there is no recipe for living that suits all cases.’’ -Carl Jung
മഹാത്മാ ഗാന്ധി സർവകലാശാലയുടെ ചരിത്ര സിലബസിൽ കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച ഒറ്റ പഠനംപോലുമില്ല എന്ന വിനിൽ പോളിന്റെ വസ്തുതാവിരുദ്ധ പ്രസ്താവനയോടുള്ള പ്രതികരണം (ലക്കം: 1380) എന്ന നിലക്കാണ് ‘വിമർശനങ്ങൾ വസ്തുതാപരം ആകണം’ എന്ന തലക്കെട്ടോടെ മാധ്യമത്തിൽ മറുപടി (ലക്കം: 1382) എഴുതിയത്. കേരള ചരിത്രം കൈകാര്യം ചെയ്യുന്ന കോഴ്സുകളിലും മറ്റ് കോഴ്സുകളിലുമായി രണ്ടായിരത്തിനുമേലെ വരുന്ന വായന നിർദേശങ്ങളിൽ 1100നു മേൽ ഈ കാലയളവിൽ പ്രസിദ്ധീകരിച്ചവയാണെന്നും വായന നിർദേശത്തിൽ ഉൾപ്പെടുത്താത്ത പണ്ഡിതർ എന്ന നിലക്ക് അദ്ദേഹം ഉദ്ധരിച്ചവരുടെ പഠനങ്ങൾ സിലബസിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കുകയായിരുന്നു മറുപടിയുടെ ഉദ്ദേശ്യം.
സിലബസിന് ഇണങ്ങുന്ന നിലക്ക് ഇനിയും വികസിപ്പിക്കാൻ ഓരോ അധ്യാപകർക്കും സാധ്യതയുള്ള പാഠ്യപദ്ധതിയാണ് സർവകലാശാലയുടേതെന്നും സൂചിപ്പിക്കുകയുണ്ടായി. എന്നാൽ, സിലബസ് ശിൽപശാലയിൽ പങ്കെടുത്ത സർവകലാശാലയിലെ അധ്യാപകരെ അതിനുള്ള യോഗ്യത ഇല്ലാത്തവരായി ആക്ഷേപിച്ചാണ് വിനിൽ പോൾ അതിനോട് പ്രതികരിച്ചത് (ലക്കം:1384).
മഹാത്മാ ഗാന്ധി സർവകലാശാലയുടെ ചരിത്ര സിലബസ് രൂപപ്പെടുത്തിയെടുത്തത്, വിനിൽ പോൾ പറയുന്നതുപോലെ ഒരു സംഘം അല്ലായെന്ന് ആദ്യംതന്നെ പ്രസ്താവിക്കുന്നത് ഉചിതമാണെന്ന് കരുതുന്നു.
സർവകലാശാലാ നിയമങ്ങളനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട പഠന ബോർഡും അവർ കണ്ടെത്തിയ വിഷയ വിദഗ്ധരും സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട കോളജുകളിൽനിന്നും സിലബസ് ശിൽപശാലയിൽ പങ്കെടുത്ത ചരിത്രാധ്യാപകരും തികച്ചും ജനാധിപത്യപരമായ രീതിയിൽ നടത്തിയ ചർച്ചകളിലൂടെയും സൂക്ഷ്മപരിശോധനയിലൂടെയുമാണ് ബി.എ ചരിത്ര സിലബസ് നിർമിക്കപ്പെട്ടിട്ടുള്ളത്. തികച്ചും നിയമപരവും ജനാധിപത്യപരവുമായി പൂർത്തീകരിച്ച പാഠ്യപദ്ധതി ഒരു സംഘബലത്തിന്റെ സൃഷ്ടി എന്നു വിശേഷിപ്പിക്കുന്നത്, അദ്ദേഹത്തിന്റെതന്നെ സംഘബലഭാവനയാണെന്നത് വ്യക്തമാണ്. ഒരു അക്കാദമിക കൂട്ടായ്മയെ ആ തരത്തിൽ അവഹേളിച്ചത് ഔചിത്യമില്ലായ്മ തന്നെയാണ്.
പാഠ്യപദ്ധതിയിലുള്ള കോഴ്സുകൾ അതിൽത്തന്നെ അവസാനവാക്കല്ല. ഒരു കോഴ്സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ അനുസരിച്ചാണ് അതിൽ വിദ്യാർഥികൾ വായിക്കേണ്ട റഫറൻസ് ഗ്രന്ഥങ്ങൾ കൊടുക്കുന്നത്. ഇതിൽ കൊടുത്തിരിക്കുന്ന ഗ്രന്ഥങ്ങൾക്കപ്പുറത്ത് പോകേണ്ടത് കോഴ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നിപുണതയിലൂടെയും വിദ്യാർഥികളുടെ തുടർ അന്വേഷണത്തിലൂടെയുമാണ്. അതു തന്നെയാണ് ഉന്നതവിദ്യാഭ്യാസത്തിൽ സംഭവിക്കേണ്ടതും.
അതുപോലെ ഒരു കോഴ്സിനെ പരിശോധിക്കേണ്ടത് എങ്ങനെയാണ്? അതിന്റെ ഉള്ളടക്കമാണ് പ്രധാനമായും പരിശോധനക്ക് വിധേയമാക്കേണ്ടതെന്ന് ഉറച്ചുകരുതുന്നു. ആ കോഴ്സ് അവതരിപ്പിക്കുന്ന മേഖലയെപ്പറ്റി വിദ്യാർഥിക്ക് ധാരണ നൽകുന്നതായിരിക്കണം പ്രസ്തുത കോഴ്സിന്റെ ഉള്ളടക്കം. അതിന് സഹായിക്കുന്നതായിരിക്കണം വായന നിർദേശങ്ങൾ. ചുരുക്കത്തിൽ ഒരു കോഴ്സോ റഫറൻസ് ഗ്രന്ഥങ്ങളോ ഒരു അന്തിമ വിധി പ്രസ്താവമല്ലെന്നു പറയട്ടെ. സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രന്ഥങ്ങൾ അതതു മോഡ്യൂളുകൾക്ക് കൃത്യമായ ദിശാബോധം നൽകുന്ന തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥങ്ങൾ മാത്രമാണ്.
അത് ഒരു ബിബ്ലിയോഗ്രഫിയല്ലെന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. അനാൽ ചരിത്രത്തെ പരിചയപ്പെടുത്തുന്ന ഭാഗത്ത്, എല്ലാ പ്രമുഖ അനാൽ ചരിത്രകാരന്മാരുടെ കൃതികളും വരുത്താൻ ശമിച്ചിട്ടുണ്ട്. എന്നാൽ, അനാൽ ജേണലിലെ ഏതെങ്കിലുമൊരു ലേഖനം ഇതിൽ വരണമെന്ന് ശഠിക്കുന്നത് വ്യക്തിപരമായ താൽപര്യം മാത്രമാണ്. അത്തരത്തിലുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ സംരക്ഷിക്കുന്നതിനുള്ളതല്ല ഒരു സർവകലാശാലയുടെ പാഠ്യപദ്ധതി. തനിക്കു വേണമെന്ന് തോന്നിയ ഒരു പഠനം ഉൾപ്പെട്ടിട്ടില്ലെങ്കിൽ ആ സിലബസേ മോശമെന്നുള്ള വിധിതീർപ്പും അക്കാദമികമല്ല.
കേരളത്തിൽനിന്നുള്ള ചരിത്ര ഗവേഷകരെ പരിചയപ്പെടുത്തുക എന്നതല്ല ഈ സിലബസിന്റെ പ്രാഥമിക ധർമം. അത്തരത്തിലുള്ളൊരു ഉദ്ദേശ്യം സിലബസ് നിർമാണ ശിൽപശാലക്ക് ഉണ്ടായിരുന്നെങ്കിൽ മറ്റുള്ള പല പ്രസിദ്ധീകരണങ്ങളോടൊപ്പം കമ്മിറ്റിയിലെതന്നെ പല അംഗങ്ങളുടെയും റിസർച് ജേണൽ പ്രസിദ്ധീകരണങ്ങൾ സിലബസിൽ ഉൾപ്പെടുത്തുമായിരുന്നു. വായന നിർദേശത്തിൽ ഉണ്ടാവേണ്ടത് എന്ന നിലക്ക് ചില അക്കാദമിക-ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ പേര് വിനിൽ പോൾ സൂചിപ്പിക്കുന്നുണ്ട്.
ഈ സിലബസിനെ ഒറ്റനോട്ടത്തിൽ ഓടിച്ചുനോക്കുന്ന സാമാന്യ ഗ്രാഹ്യമുള്ള ആർക്കും കണ്ടെത്താവുന്നതാണ് വിനിൽ പോൾ പറഞ്ഞതും അതിലുമേറെ പ്രശസ്തമായ പ്രസിദ്ധീകരണങ്ങളിലും വന്ന പഠനങ്ങൾ ഉൾപ്പെട്ടിരിക്കുന്ന സിലബസിലെ വായന നിർദേശങ്ങൾ. ഒരുപക്ഷേ, പോപുലർ ചരിത്രരചനയുടെ ഭാഗമാണെന്ന് വിനിൽ പോൾതന്നെ അഭിപ്രായപ്പെട്ട അക്കാദമിക നിലവാരം കുറഞ്ഞ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ആയിരിക്കും ഇതിനൊരു അപവാദം.
സനൽ മോഹന്റെ ഗംഭീരമായ അക്കാദമിക ഭാഷയെ ലളിതമായി മനസ്സിലാക്കാനുള്ള ആമുഖമായി ഉപയോഗിക്കാൻ ഈ പുസ്തകങ്ങൾ സഹായകരമാണെന്ന് കണ്ടതുകൊണ്ട് മാത്രമാണ് അവ സിലബസിൽ ഉൾപ്പെടുത്തിയത്. തന്റെതന്നെ റിസർച് ജേണൽ പ്രസിദ്ധീകരണങ്ങൾ സിലബസിൽ ഇല്ല എന്ന വിനിലിന്റെ ആക്ഷേപത്തിനുള്ള മറുപടിയും ലളിതമാണ്. സനൽ മോഹൻ മുന്നോട്ടുവെച്ചിട്ടുള്ള ആശയങ്ങളെ മറികടന്നുകൊണ്ടുള്ള പുതുമയോ ഉൾക്കാഴ്ചയോ ബി.എ സിലബസിൽ ഉൾപ്പെടുത്താൻ മാത്രം ഈ പ്രസിദ്ധീകരണങ്ങൾ നൽകുന്നില്ല എന്നതാണ് ലളിതമായ ആ മറുപടി.
ഒരു സിലബസിന്റെ സാങ്കേതികതകളെക്കുറിച്ച് പരിമിതമായ അറിവുമാത്രമാണ് ലേഖകനുള്ളത് എന്നാണ് അദ്ദേഹത്തിന്റെ മറുപടിയിൽനിന്ന് മനസ്സിലാകുന്നത്. സിലബസിൽ 100 മുതൽ 400 വരെ ലെവലിലുള്ള കോഴ്സുകളുണ്ട്. സ്ലോ ലേണേഴ്സ് മുതൽ അഡ്വാൻസ്ഡ് ലേണേഴ്സ് വരെയുള്ള പല തട്ടുകളിലുള്ള വിദ്യാർഥികളെ ഉദ്ദേശിച്ചുള്ളതാണ് ഒരു സിലബസ്.
എല്ലാ വിഭാഗങ്ങളിലുമുള്ള വിദ്യാർഥികളെയും ഉൾക്കൊള്ളുന്നതിനുവേണ്ടിയാണ് മലയാളത്തിൽ ഉള്ളടക്കമുള്ള ലളിതമായ വായന നിർദേശങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികളിൽ ചരിത്രത്തെക്കുറിച്ചുള്ള ജിജ്ഞാസ വർധിപ്പിക്കാനും അക്കാദമിക ഗ്രന്ഥങ്ങൾ വായിക്കാൻ അവരെ പ്രേരിപ്പിക്കാനും ഈ ലളിത പ്രസിദ്ധീകരണങ്ങൾക്ക് സാധിച്ചേക്കും എന്ന ചിന്തകൂടി അവയെ സിലബസിന്റെ ഭാഗമാക്കിയതിന്റെ പിന്നിലുണ്ട്.
പല പ്രസിദ്ധീകരണങ്ങളും റീഡിങ് ലിസ്റ്റിൽ ചേർക്കാതെ ‘‘സിലബസിലേക്ക് അതത് കോളജുകൾ ആവശ്യാനുസരണം ലേഖനങ്ങൾ ചേർത്തുകൊള്ളാനാണ് സിലബസ് നിർമാതാക്കളുടെ കൽപന’’ എന്ന തരത്തിലുള്ള ലേഖകന്റെ ആക്ഷേപത്തിൽനിന്നുതന്നെ സിലബസ് സാങ്കേതികതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിമിതമായ അറിവ് വ്യക്തമാണ്. പുതിയ നാലു വർഷ ബിരുദ കരിക്കുലം അനുസരിച്ച് ഓരോ കോഴ്സിലും ടീച്ചേഴ്സ് സ്പെസിഫിക് മൊഡ്യൂളുകൾ വേണം എന്നുണ്ട്. സിലബസ് ചട്ടക്കൂട് എന്ന വെള്ളംകേറാക്കള്ളിയിൽ ഒതുങ്ങിനിൽക്കാതെ അധ്യാപകർക്ക് തങ്ങളുടെ അക്കാദമിക നൈപുണ്യം ക്ലാസുകളിൽ പ്രയോഗിക്കാൻ സാധിക്കുംവിധം സിലബസിനെ വഴക്കമുള്ളതാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.
മഹാത്മാ ഗാന്ധി സർവകലാശാലയുടെ ചരിത്ര സിലബസ് പൂർണതയുള്ളതാണെന്നോ വിമർശനങ്ങൾക്ക് അതീതമാണെന്നോ അഭിപ്രായമില്ല. ജൈവികമായ വിമർശനങ്ങളെ ഉൾക്കൊള്ളുകയുംചെയ്യുന്നു. ഈ സിലബസിന്റെ പരിപ്രേക്ഷ്യവും അക്കാദമിക നിലപാടുതറയും അടക്കമുള്ള കാര്യങ്ങൾ കഴിഞ്ഞ തവണ പറഞ്ഞിരുന്നതിനാൽ വീണ്ടും ആവർത്തിക്കുന്നില്ല. അക്കാദമിക താൽപര്യമുള്ളവർക്ക് ഒക്കെയും പങ്കെടുക്കാൻ തക്ക തുറവി ഉള്ളതായിരുന്നു ഇത്തവണത്തെ സിലബസ് ശിൽപശാല. തന്റേതായ സംഭാവനയോ വിമർശനമോ സിലബസ് നിർമാണത്തിന്റെയോ പരിശോധനയുടെയോ ഒരു ഘട്ടത്തിലും നൽകാൻ തയാറാകാത്ത വ്യക്തി ഈ സമയത്ത് ആക്ഷേപങ്ങളുമായി വരുന്നത് അക്കാദമിക ഉത്തരവാദിത്തമില്ലായ്മതന്നെയാണ്. അക്കാദമികമായി സൃഷ്ടിപരമല്ലാത്തതും എന്തെങ്കിലും ഗുണപരത പ്രതീക്ഷിക്കുന്നില്ലാത്തതുകൊണ്ടും ഇവിടംകൊണ്ട് ഈ വിഷയത്തിലുള്ള പ്രതികരണം അവസാനിപ്പിക്കുകയാണ്.
ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന ‘ഓർമയിലെ ഋതുഭേദങ്ങൾ’എന്ന അഡ്വ. കാളീശ്വരം രാജിന്റെ ആത്മകഥയിൽ സംവരണവും സാമൂഹികനീതിയും സംബന്ധിക്കുന്ന കേസുകളെ പ്രതിപാദിക്കുന്ന കേസുകളെ സൂചിപ്പിക്കുന്ന ഭാഗത്തിന് ‘വേറെയും ചില തൊഴിൽ അനുഭവങ്ങൾ’ എന്ന തലക്കെട്ടാണുള്ളത് (ലക്കം: 1384). ഉത്തരവുകൾ നിലനിന്നിട്ടും ഗവൺമെന്റുകൾ നടപ്പാക്കാൻ വിസമ്മതിക്കുന്ന കേസുകളെയും അതിന്റെ ബലാബലങ്ങളെയും ഈ ഭാഗത്ത് പ്രതിപാദിക്കുന്നു.
1996ൽ ഭിന്നശേഷിക്കാർക്ക് സംവരണം അനുശാസിക്കുന്ന കേന്ദ്രനിയമം വന്നെങ്കിലും 2016ൽ പുതിയ നിയമം വന്നപ്പോൾ ആദ്യത്തേത് പ്രതിസ്ഥാപനപ്പെട്ടു. പിന്നീട് ഭിന്നശേഷിക്കാരുടെ സംവരണം നടപ്പാക്കാൻ ഹൈകോടതിയിൽ ഇടപെട്ട് അദ്ദേഹം കേസ് വിജയിപ്പിച്ച കാര്യം എഴുതുന്നുണ്ട്. സംഘടിത സമുദായങ്ങളുടെ എയ്ഡഡ് വിദ്യാലയങ്ങൾക്കു നേരെ വിവിധ സർക്കാറുകൾ സാമൂഹിക നീതി നടപ്പാക്കാതെ ഉത്തരവുകൾ മരവിപ്പിച്ചു നിർത്തുകയാണ് ചെയ്തുപോരുന്നത്.
സർക്കാറുകൾ അനങ്ങാപ്പാറനയം സ്വീകരിച്ചപ്പോൾ ഒരു അഭിഭാഷകൻ എന്നനിലയിൽ ഹൈകോടതിയിൽ ഇടപെട്ട് ഭിന്നശേഷിക്കാർക്കുള്ള സംവരണം നടത്തിച്ചെടുക്കാൻ കഴിഞ്ഞതിൽ അദ്ദേഹത്തിനുള്ള ചാരിതാർഥ്യവും എഴുത്തിലുണ്ട്. ജ. ഷെഫീക്കിന്റെ ബെഞ്ചിൽ അദ്ദേഹം അവതരിപ്പിച്ച എയ്ഡഡ് മേഖലാ സംവരണം സംബന്ധിക്കുന്ന കേസിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു: ‘‘സാമുദായിക സംവരണത്തിന്റെ കാര്യം പറയുമ്പോൾ എയ്ഡഡ് കോളജുകളിലെ സംവരണമില്ലായ്മയുടെ കാര്യം പറയാതെ പോകാനാവില്ല. എല്ലാവർക്കും അറിയാവുന്നതുപോലെ, എയ്ഡഡ് കോളജുകൾ സ്വകാര്യസ്ഥാപനങ്ങൾ ആണെങ്കിലും ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സർക്കാറാണ്.
പൊതു ഖജനാവിൽനിന്നും വേതനം നൽകുന്ന ഈ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകളിൽ എസ്.സി/എസ്.ടിക്കാരുടെ പങ്കാളിത്തം തികച്ചും നാമമാത്രമാണ്. ഏതാണ്ട് ശൂന്യതയോട് അടുത്തുനിൽക്കുന്ന പ്രാതിനിധ്യം, ഇക്കാര്യം സർക്കാറിനെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. സംവരണ ക്രമം എയ്ഡഡ് കോളജുകളിൽ ബാധകമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കേസിൽ കേരള ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് അനുകൂലമായി വിധി കൽപിച്ചു എങ്കിലും ഡിവിഷൻ ബെഞ്ച് ആ വിധി റദ്ദാക്കി ഇപ്പോൾ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.’’ അദ്ദേഹം സിംഗിൾ ബെഞ്ചിന് മുന്നിൽ വിജയിക്കുകയും ഡിവിഷൻ ബെഞ്ചിന് മുന്നിൽ തോൽക്കുകയുംചെയ്ത ആ സംവരണക്കേസ് ആത്മകഥയിൽ അവതരിപ്പിക്കുമ്പോൾ, ഈ കേസ് കൊടുക്കുന്നതിനുവേണ്ടി അദ്ദേഹത്തെ സമീപിച്ച ആളുകളെ സൂചിപ്പിക്കുന്നില്ല. ഏതായാലും ഒരു ജുഡീഷ്യറി ആക്ടിവിസം എന്ന നിലയിൽ അദ്ദേഹം സ്വയം നടത്തിയ കേസല്ല അത്.
ദലിത് സ്റ്റുഡൻസ് മൂവ്മെന്റിന്റെ (DSM) മുൻകൈയിൽ രൂപവത്കരിച്ച, എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതിയാണ് ആ കേസു നടത്താൻ അദ്ദേഹത്തെ സമീപിച്ചത്. മുത്തങ്ങ സമരത്തിന്റെ കേസുകളുമായി എം. ഗീതാനന്ദനൊപ്പം പോയിരുന്ന ഘട്ടത്തിലാണ് അഡ്വ. കാളീശ്വരം രാജിനെ പരിചയപ്പെടുന്നത്. ഗീതാനന്ദനോട് വലിയ അടുപ്പം അദ്ദേഹം സൂക്ഷിക്കുന്ന കാര്യം നേരിട്ട് അറിയാം.
ഗീതാനന്ദന്റെ നിർദേശപ്രകാരമാണ് എയ്ഡഡ് മേഖല റിസർവേഷൻ കേസ് ഞങ്ങൾ അഡ്വ. കാളീശ്വരം രാജിനെ ഏൽപിക്കുന്നത്. എം.ബി. മനോജ്, അനിൽ അമര, സുനിതാ തോപ്പിൽ, ജയസൂര്യൻ, രേഖ രാജ്, ഒ.കെ. സന്തോഷ് തുടങ്ങിയ നിരവധി പേരടങ്ങുന്ന ഞങ്ങൾ കാലത്ത് എയ്ഡഡ് കോളജുകളിൽ ഇന്റർവ്യൂകളിൽ പങ്കെടുത്തിരുന്നു. അത്തരം ഇന്റർവ്യൂകൾ ജോലി തന്നില്ല എന്ന് മാത്രമല്ല, പച്ചയായ ജാത്യാവഹേളനങ്ങളാണ് നേരിട്ടത്. ഞങ്ങളുടെ സർട്ടിഫിക്കറ്റുകൾ നോക്കിയിട്ട് അതിനിവിടെ സംവരണം ഇല്ലല്ലോ എന്നുപോലും പറഞ്ഞ ഇന്റർവ്യൂകൾ ഓർക്കുന്നു. ഈ അനുഭവമാണ് കേസ് കൊടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്.
കേസിനായി ആദ്യഘട്ടം കാളീശ്വരം രാജിനെ സമീപിച്ചപ്പോൾ ഈ കേസിന് ‘മെറിറ്റില്ല’ എന്നുപറഞ്ഞ് അദ്ദേഹം ഞങ്ങളെ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ, കാലങ്ങളായി കേരളത്തിലെ കൊളീജിയറ്റ് എജുക്കേഷൻ പൂഴ്ത്തിവെച്ചിരുന്ന 2005ലെ യു.ജി.സി ഉത്തരവ് കൊണ്ടുചെന്നപ്പോൾ അദ്ദേഹം ഉത്സാഹത്തോടെ സത്യവാങ്മൂലം തയാറാക്കിയ രംഗം ഓർക്കുന്നു.
ന്യൂനപക്ഷങ്ങളുടേതല്ലാത്ത എയ്ഡഡ് സ്ഥാപനങ്ങൾ അധ്യാപക, അനധ്യാപക നിയമനങ്ങൾ നടത്തുമ്പോൾ 15 ശതമാനം എസ്.സി സംവരണവും 8.5 ശതമാനം എസ്.ടി സംവരണവും അനുശാസിക്കുന്നതാണ് 2005ലെ യു.ജി.സി ഉത്തരവ്. കേസിന്റെ നടത്തിപ്പിനായി, വിവിധ സർവകലാശാലകളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ദലിത് ഉദ്യോഗസ്ഥരെ സമീപിച്ചാണ് കേസ് നടത്തിപ്പിനുള്ള പണം ഞങ്ങൾ കണ്ടെത്തിയത്. അനിൽ അമര, എം.ബി. മനോജ്, ഒ.പി. രവീന്ദ്രൻ, അഡ്വ. കെ.കെ. പ്രീത, ഡോ. ഡി. രാജീവ്, അക്വിലീസ് തുടങ്ങിയ നിരവധി പേരുടെ ശ്രമങ്ങൾ ഈ കേസിന്റെ ചരിത്രത്തിൽ പ്രധാനമാണ്.
ഒ.പി. രവീന്ദ്രന്റെ ‘എയ്ഡഡ് മേഖലയിലെ സ്വകാര്യ കോളനികൾ’ എന്ന പുസ്തകവും ഈ കേസിന്റെ ചരിത്രമാണ്. എയ്ഡഡ് കോളജുകളിൽ സംവരണം നടപ്പാക്കണം എന്ന ജ. ഷെഫീക്കിന്റെ സിംഗിൾബെഞ്ച് വിധി വന്നത് പിറ്റേ ദിവസത്തെ പത്രങ്ങളിലെല്ലാം മുൻപേജിലെ പ്രധാന വാർത്തയായിരുന്നു. ആ ഘട്ടത്തിൽ ആ വിധി സമ്പാദിച്ചതിന് സ്വന്തം പേര് ചേർത്ത് നിരവധി ‘എട്ടുകാലി മമ്മൂഞ്ഞുമാർ’ നിരത്തിലിറങ്ങിയിരുന്നു. ഞങ്ങളെപ്പോലുള്ളവർ അവിടെയും തമസ്കരിക്കപ്പെട്ടിരുന്നു. ആ കേസ് ഡിവിഷൻ ബെഞ്ചിൽ പരാജയപ്പെട്ടപ്പോൾ അത്തരം എട്ടുകാലി മമ്മൂഞ്ഞുമാരെ കാണാതായി. ഇപ്പോൾ ആ കേസ് സുപ്രീംകോടതിയിൽ നടക്കുന്നു. അതിൽ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് സുനിത കുമാരി ടി.കെയാണ്.
ആ കേസിന്റെ വിധി അനുകൂലമായാലും പ്രതികൂലമായാലും അന്ന് നീതിക്കുവേണ്ടി കേസു കൊടുത്തവർ എല്ലാവരും ജോലിയിൽ കയറേണ്ട പ്രായപരിധി കഴിഞ്ഞിട്ട് ഇപ്പോൾ എത്രയോ കാലങ്ങളായിരുന്നു. സർക്കാർ സർവിസിൽ കയറിയ ചിലരെങ്കിലും റിട്ടയർമെന്റിനോട് അടുക്കുന്നു. മഴക്കാലത്തെ തണുപ്പിന് ആവശ്യപ്പെട്ട പുതപ്പ് വൈകിച്ച് പൊരിവേനലിൽ കിട്ടിയിട്ടെന്ത് കാര്യം? വൈകിയെത്തുന്ന നീതിപോലും അനീതി തന്നെയാണ്.
എയ്ഡഡ് മേഖലയിൽ അഡ്വ. കാളീശ്വരം രാജ് നടത്തിയ ഭിന്നശേഷി സംവരണ പോരാട്ടം വിജയിക്കുകയും ദലിതരുടെ സംവരണം പരാജയപ്പെടുകയുംചെയ്തു. ഭിന്നശേഷി സംവരണം നടപ്പാക്കാൻ കേരളത്തിലെ മാനേജ്മെന്റുകൾ സമ്മതിച്ചത്, സ്വജാതിയിൽനിന്ന് ഭിന്നശേഷിക്കാരെ കണ്ടെത്താൻ കഴിയുമെന്നതുകൊണ്ട്. ജാതിക്കോളനി സ്റ്റാഫ്റൂം എന്ന അവരുടെ ‘എയ്ഡഡ് ജാതി ബ്രാൻഡ്’ നിലനിർത്തുന്നതിൽ ഭിന്നശേഷി സംവരണം പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.
കേസിനെ കുറിച്ച് കുറെക്കൂടി അഡ്വ. കാളീശ്വരം രാജ് എഴുതണമെന്ന് അഭ്യർഥിക്കുന്നു. ആദ്യഘട്ടം വിജയിച്ച സാമൂഹിക നീതി രണ്ടാംഘട്ടത്തിൽ അട്ടിമറിക്കപ്പെട്ടതിനെകുറിച്ച് കൂടി സമൂഹം അറിയേണ്ടതുണ്ട്. ഞങ്ങളുടെയെല്ലാം രാഷ്ട്രീയജീവിതത്തിൽ സുപ്രധാനമായ എയ്ഡഡ് മേഖല റിസർവേഷൻ കേസ് ‘ആത്മകഥ’യിൽ പരാമർശിച്ചതിന് അദ്ദേഹത്തോട് കടപ്പാട് സൂചിപ്പിക്കുകയുംചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.