'കോമാങ്ങ' കവർ, നന്ദനൻ മുള്ളമ്പത്ത്

മണേള്ള ചൊനേള്ള കോമാങ്ങ...

മുരിങ്ങോളി കുമാരേട്ടന്‍ പറഞ്ഞുവെച്ചതുപോലെ കോമാങ്ങയില്‍ നിറയെ ചിന്തകളാണ്. അതില്‍ ഒരു നാടിന്‍റെ പ്രാദേശിക ചരിത്രമെന്നപോലെ വായിക്കാവുന്ന വിവരങ്ങളും വിശാലമായി കിടക്കുന്ന ഭൂമികയുമുണ്ട്. കവിതകളില്‍ കാണുന്ന പൊതു സ്വഭാവം കഥ പറച്ചിലിന്‍റേതാണ്. കൃത്യമായ കഥാപാത്രങ്ങളും കഥാപരിസരവും മിക്കവാറും കവിതകളിലുണ്ട്. ഗ്രാമീണകഥകളെ അതിന്‍റെ തനിമയോടെ അവതരിപ്പിക്കുന്നതിനോടൊപ്പം കവിയുടെ ചിന്തയില്‍ അത് വികസിക്കുന്നു. നാട്ടില്‍തന്നെ വേരുറച്ച് നില്‍ക്കാനുള്ള കരുത്തില്‍ കവിയതിനെ നട്ടുവെക്കുന്നു.

കഥാപരിസരത്തെ കവി പലതരത്തില്‍ കൊണ്ടുവരുന്നുണ്ട്. കേട്ടതും കണ്ടതും അനുഭവിച്ചറിഞ്ഞതുമായി അവയെ വായിക്കാം. അവയെല്ലാം ഒരേ ഭാഷാ സാംസ്‌കാരിക പരിസരത്ത് ഒതുങ്ങി നില്‍ക്കുന്നു. കവിതയില്‍ കാണുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു ഭൂതകാല കഥാശ്ചാത്തലം ഉണ്ട്. അത് നേരിട്ട് പറയുന്നില്ലെങ്കിലും അതിലേക്ക് വായനക്കാരെ നയിക്കുന്ന തരത്തിലാണ് എഴുത്ത്. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായി കവിതകള്‍ക്ക് ബന്ധം തോന്നിയാല്‍ അത് യാഥാര്‍ത്ഥ്യം മാത്രമാണെന്ന് നിരന്തരം ഓര്‍മിപ്പിക്കുന്നു. ജനനം മുതല്‍ മരണം വരെയുള്ള ജീവിതകഥയെ ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കുന്നു. അതിനിടയില്‍ ചേര്‍ത്തുവായിക്കാനായി ഒരുപാട് വിടവുകള്‍ ബാക്കിയാക്കുന്നു.

ഭാഷയുടെ കാര്യത്തിലും കവിത നാടിനോട് കടപ്പെട്ടിരിക്കുന്നു. വാക്കുകളിലും പ്രയോഗങ്ങളിലും ഉള്ള വൈവിധ്യം ഇത്തരത്തില്‍ സ്വായത്തമാക്കിയവയാണ്. വളരെയധികം ഇടത്ത് കവി വാക്കുകളുടെ അര്‍ത്ഥം പങ്കുവെക്കേണ്ടിവരുന്നുണ്ട്. വിഷയവൈവിധ്യവും നാട്ടുഭാഷയുടെ ബലവുമാണ് അത് വ്യക്തമാക്കുന്നത്. മാനകഭാഷയില്‍ നിന്നകന്ന് നാട്ടുഭാഷയില്‍ കവിത വായിക്കുമ്പോള്‍ അത് നാടിനെ എത്ര ആഴത്തില്‍ ഓര്‍മപ്പെടുത്തുന്നു എന്നത് അനുഭവിച്ചറിയേണ്ടുന്ന ഒന്നാണ്.




നാട്ടുയാഥാര്‍ത്ഥ്യങ്ങള്‍, രഹസ്യങ്ങള്‍, പ്രണയങ്ങള്‍, ബന്ധങ്ങളുടെ ആഴവും പൊള്ളത്തരവും, നാട്ടില്‍ മാത്രം കാണുന്ന പ്രവൃത്തികള്‍, തമാശകള്‍, സരസമായ എന്നാല്‍ ആഴമുള്ള ചിന്തകള്‍, നിമിഷനേരത്തെ തോന്നലും അതിനകത്തെ യാഥാര്‍ത്ഥ്യവും എല്ലാം നിറഞ്ഞ നാടിന്‍റെ തുടിപ്പുകളെയാണ് നന്ദനൻ മുള്ളമ്പത്തിന്‍റെ കോമാങ്ങ അടയാളപ്പെടുത്തുന്നത്.

കഥാപാത്രങ്ങളുടെ പേരുകള്‍ക്കൊപ്പം തൊഴിലിനെ കൂടി ചേര്‍ക്കുന്ന- പണിക്കാരി ഉണിച്ചിര, പണിക്കാരന്‍ പൊക്കിണന്‍- വീട്ടുപേരു കൂടി ചേര്‍ക്കുന്ന- കല്ലുമ്മല്‍ മനോജന്‍, കുറൂള്ളി കണ്ണേട്ടന്‍, കുഞ്ഞിപ്പറമ്പത്ത് കണ്ണേട്ടന്‍, മുരിങ്ങോളി കുമാരേട്ടന്‍- നാട്ടുശീലങ്ങളെ വെളിപ്പെടുന്നുണ്ടിവിടെ.

പ്രേതപ്പേടിയില്‍നിന്നും ടിപ്പറിനെ പേടിക്കുന്ന കാലത്തേക്കുള്ള നാടിന്‍റെ മാറ്റം 'പേടി' എന്ന കവിതയില്‍ വായിക്കാം. നാടിന്‍റെ പാരിസ്ഥിതിക ചിന്ത കൂടിയാണ് അത് പങ്കുവെക്കുന്നത്.

''പ്രേതങ്ങളില്ല

മകനിപ്പോള്‍ വരുമ്പോള്‍

അമ്മ പറയുന്നു

കുന്നുകള്‍

കാടുകള്‍

പാറക്കെട്ടുകള്‍

കൊണ്ടുപോകും

കാലന്‍ ടിപ്പറുകളെ

പേടിക്കണേ...''

കവിതയെ കവിയുന്ന കഥാപാത്രങ്ങളെയും പരിസരങ്ങളെയും കോമാങ്ങയില്‍ കവി ബാക്കി നിര്‍ത്തുന്നുണ്ട്. വാക്കുകള്‍ കൊണ്ടുള്ള നാടന്‍ കളികളെ ഓര്‍മപ്പെടുത്തുന്നവയാണ് ചില കവിതകള്‍.

ചക്ക നാടിന്‍റെ ഭക്ഷണസംസ്‌കാരവുമായും സാമ്പത്തികാവസ്ഥയുമായും എങ്ങനെ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുകാണാം 'അരിഞ്ഞിട്ട ചക്ക വെറുതെയാക്കരുത്' എന്ന കവിതയില്‍.

''ശശിലയുടെ അച്ഛന്‍ മരിച്ചപ്പോള്‍

ശശിലയുടെ പൊരയിലേക്ക്

വിവരം പറയുവാന്‍ പറഞ്ഞയച്ചത്

പവിത്രനെയായിരുന്നു

പവിത്രന്‍ ചെല്ലുമ്പോള്‍

ശശില കോലായിലിരുന്ന്

ചക്ക അരിഞ്ഞിടുകയായിരുന്നു.''

പുസ്തകം വായിക്കുന്ന, സ്വപ്നം കാണുന്ന, തലമുറകള്‍ കൈമാറുന്ന കഥകളുള്ള, സ്വഭാവ സവിശേഷതയുള്ള മനുഷ്യരുള്ള, കരുതലുള്ള നാടിനെയാണ് കോമാങ്ങയില്‍ കാണാനാവുക. കവി സ്വയമേവ കഥയുടെ ഭാഗമാവുകയും തന്‍റെ റോള്‍ നന്നായി പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുന്നു.

പണത്തിനും സാഹചര്യങ്ങള്‍ക്കുമുപരി മനുഷ്യര്‍ തമ്മില്‍ മറ്റെന്തൊക്കെയോ ബന്ധങ്ങളും വികാരങ്ങളും സാധ്യമാണെന്ന് പറഞ്ഞുവെക്കുകയാണ് 'വിനോദന്‍'. വിനോദന്‍ വിജയന്‍റെ അടുത്ത് വരുന്നതും വിജയന്‍റെ കാര്യങ്ങള്‍ ചോദിക്കുകയും തന്‍റെ കാര്യങ്ങള്‍ ഒക്കെ ചോദിക്കാതെതന്നെ പറയുകയും ചെയ്യുന്നതും അതുകൊണ്ടുതന്നെയാണ്.

''മൂന്നാമത്തെ ദിവസം

നേരം വൈകി

ഉറക്കം തെളിഞ്ഞ വിജയന്‍

കോലായിലേക്കിറങ്ങിയപ്പോള്‍

മിറ്റത്ത് വിനോദൻ വന്നുനില്‍ക്കുന്നു

രണ്ടായിരം

ഉറുപ്പികയുംകൊണ്ട്''



 

ഓര്‍മയില്‍ നിലനില്‍ക്കുന്ന ചരിത്ര സൂചകങ്ങളുടെ കൂട്ടിയെഴുത്താണ് 'മരിക്കാത്തവര്‍' എന്ന കവിത. അതിനെ നാടിന്‍റെ രാഷ്ട്ട്രീയ ബോധവുമായി വൈകാരികമായി ബന്ധിപ്പിച്ചിരിക്കുന്നു.

''ആദ്യത്തെ

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്

കൈപൊന്തിച്ച് വോട്ടുചെയ്തവരില്‍

കുറൂള്ളി കണ്ണേട്ടന്‍

ജീവിച്ചിരിപ്പുണ്ട്

പഴയ നാളുകള്‍

ഇന്നാലോചിക്കുമ്പോള്‍

കുറൂള്ളി കണ്ണേട്ടന്‍ പറയും

ആരും മരിച്ചിറ്റില്ല..''

അങ്ങനെ ഒരു നാട് ബാക്കിയാവാനായി കരുതിവെക്കുന്ന ഓര്‍മകളാണ് കോമാങ്ങയും. കാര്‍ഷിക-രാഷ്ട്രീയ- സാമ്പത്തിക-സാംസ്‌കാരിക പരിസരങ്ങളെ വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്ന കോമാങ്ങയുടെ ഏതറ്റവും നാടിന്‍റെ അതിര്‍വരമ്പുകള്‍ക്കുള്ളിലൊതുങ്ങുന്നു. അതുതന്നെയാണ് കോമാങ്ങയെ ഇത്രക്കും ചൊനയും മണവും ഉള്ളതാക്കി മാറ്റുന്നതും...


(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)

Tags:    
News Summary - book review komanga nandanan mullambath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT