റിയാദ്: കാലികപ്രസക്തമായ കൃതികളെ അവതരിപ്പിച്ച് ചില്ല സർഗവേദി സെപ്റ്റംബർ മാസത്തെ വായന. ബത്ഹയിലെ ലുഹ ഹാളിൽ സംഘടിപ്പിച്ച ഓരോരുത്തരുടെ ഭാഷ, പരിചയം, സമീപനം, നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ വായനാനുഭവങ്ങൾ പങ്കുവെച്ചു. സുരേഷ് ബാബു പ്രഫ. വി. അരവിന്ദാക്ഷന്റെ ‘മാർക്സും മൂലധനവും’ എന്ന കൃതി അവതരിപ്പിച്ചു. പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരി ഹോളി ഗോൾഡ്ബർഗ് സ്ലോൻ എഴുതിയ ‘കൗണ്ടിങ് ബൈ സെവൻസ്’ എന്ന കൃതിയുടെ വായനാനുഭവം സ്നിഗ്ധ വിപിൻ പങ്കുവെച്ചു.
എം. സുകുമാരന്റെ ‘അഴിമുഖം’ എന്ന നോവൽ ജോഷി പെരിഞ്ഞനം അവതരിപ്പിച്ചു. ഇ. സന്തോഷ് കുമാറിന്റെ നാരകങ്ങളുടെ ഉപമ എന്ന കഥാസമാഹാരം വിപിൻ അവതരിപ്പിച്ചത് അതിലെ കഥകളോളം സുന്ദരമായി. നടുന്ന എല്ലാ മരങ്ങളും നമ്മുടെ ജീവിതകാലത്തുതന്നെ കായ്ക്കണമെന്ന വാശി പാടില്ല എന്ന് ഓർമപ്പെടുത്തുന്ന സന്തോഷ്കുമാറിന്റെ കഥകൾ ഭൂമിയിലെ ഒരു തരി മണ്ണിനുപോലും വേദനയുണ്ടാക്കാതെ അടര്‍ത്തി മാറ്റിമാറ്റി മണ്ണിന്റെ അഗാധതയില്‍ ഉറങ്ങിക്കിടക്കുന്ന സംസ്‌കൃതിയെ തൊട്ടുണർത്തുകയെന്ന ദൗത്യംകൂടി നിർവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡോ. പി.കെ. പോക്കറിന്റെ ‘സ്വത്വരാഷ്ട്രീയം’ സതീഷ് കുമാർ വളവിൽ അവതരിപ്പിച്ചു. ഒരു സ്വത്വമായി ഒരാളെ മുദ്രകുത്തുകയും അതിനെ മറ്റുള്ളവർക്കെതിരെ തിരിച്ചുവിടുന്ന ഏറ്റുമുട്ടലിന്റെ തലങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സ്വത്വരാഷ്ട്രീയം എതിർപ്പിന്റെയും പരസ്പര ഏറ്റുമുട്ടലിന്റെയും തലങ്ങൾ ജനങ്ങളിൽ സൃഷ്ടിച്ച് പൊതുവായ ഐക്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സതീഷ് കുമാർ വിവരിച്ചു. കാലം ആവശ്യപ്പെടുന്നതിനാലാകണം എല്ലാ മാസത്തെയും ചില്ല വായനയിൽ ഒരു ഫാഷിസ്റ്റ് വിരുദ്ധ പുസ്തകം ഉണ്ടാകുക പതിവാണെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
ജോമോൻ സ്റ്റീഫൻ അവതരിപ്പിച്ച ബോബി തോമസ് കൃതി ചില്ല ഉയർത്തുന്ന നിലപാടിലുള്ള ആവർത്തിച്ചുള്ള ഊന്നലായി. ഇന്ത്യൻ ദേശീയ പ്രസ്ഥാനവും മതതീവ്രവാദവും വിഭജനവുമെല്ലാം ചർച്ച ചെയ്തുകൊണ്ട് വിശദമായ ചർച്ചയായി അവതരണം മാറി. വായനക്കുശേഷം നടന്ന ചർച്ചയിൽ ഷിഹാബ് കുഞ്ചിസ്, ടി.ആർ. സുബ്രഹ്മണ്യൻ, മുനീർ, ബഷീർ കാഞ്ഞിരപ്പുഴ, വിനോദ് മലയിൽ തുടങ്ങിയവർ പങ്കെടുത്തു. സീബ കൂവോട് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.