ചിത്രീകരണം: വിനീത്​.എസ്​.പിള്ള

'യാനോ നീയോ യാതി പരം'; മധുപാൽ എഴുതിയ കഥ വായിക്കാം

ഭാഷ പ്രാകൃതമാണ്. വാക്കുകൾക്ക് അതി​െൻറ അർഥം കണ്ടെത്തണമെങ്കിൽ ഒരുപാട് കാതം താണ്ടേണ്ടിവരും. പ്രാക്തനമായ കാലങ്ങളിൽ വാക്ക് മണ്ണിനടിയിൽ പുതഞ്ഞുകിടക്കുന്നതുപോലെ ഒരുവ​െൻറ തലച്ചോറിൽ വെന്ത് കിടക്കുകയാവും. പിന്നീട് അസഹനീയമായ ഒരു നിമിഷത്തിൽ ഒരു കാര്യത്തിനു മുറവിളി കൂട്ടേണ്ടിവരുമ്പോൾ അകനാവ് ചുരന്ന് തൊണ്ണമുട്ടി ആർത്ത് വിളിക്കും. അപ്പോൾ അതിനൊരർഥമുണ്ടാകും. ആ അർഥത്തിലൂടെയാണ് മനുഷ്യൻ വാക്ക് കണ്ടെത്തിയത്.

ചെറിയൊരു വഴിപോലും യാത്രയുടെ തുടക്കമാവും. ചാഞ്ഞുവീണ ഒരു മരക്കൊമ്പിന്മേൽ കയറിനിന്നാൽ ലോകം കാണാനാവും. അതി​െൻറ ഇല പറിച്ചെറിഞ്ഞാൽ അത് ആകാശസഞ്ചാരമാവും. ഞാൻ യാത്രയുടെ ഏത് വഴിയിലാണെന്ന് ഇപ്പോൾ എനിക്കറിയില്ല. എങ്കിലും കണ്ടതിൽ പാതി ഒരു കാഴ്ചയും കേട്ടതിൽ പാതി ഒരു വാക്കുമായി ഒരു വലിയ കഥ പറയാനാവും. ഓർമയിൽ തങ്ങിനിൽക്കുന്നതിന്​ ഒരുപാട് വലിയ മനസ്സുണ്ടാവണം. എന്തും ഉള്ളിലേക്ക് നിറക്കാനും അത് വിതറിവീശി കൊയ്തെടുക്കാനും വിശാലമായ ഒരു പാടമുണ്ടാവണം. അപ്പോൾ ഒരു വാക്ക് പോലും ഒരു കഥയാവും. കണ്ട കാലവും കേട്ട വാക്കുകളും ഇനിയുമെത്രയോ ആളുകളോട് പറയാനുള്ളത് എന്നാണ് ബൊമ്മനഹള്ളിയിലെ പാതിരി പറഞ്ഞത്. നീ എഴുത്, അത് മറ്റവ​െൻറ വാക്കാണ്. ഇത് കേട്ടിട്ടാണിത്രയും എഴുതുന്നത്.

വഴിയരികിൽ വരിവരിയായി കിടക്കുന്ന അനേകം കാറുകൾ. ഹോണ്ട, മാരുതി, ഹ്യുണ്ടായ്, ഫോർഡ്, പ്യൂഷെ തുടങ്ങി നാനാവിധ കാറുകൾക്കരികിലൂടെ പോകുമ്പോൾ ച​േന്ദ്രട്ടാ എന്നെ ​െകാണ്ടുപോകില്ലേ എന്ന്​​ ചോദിക്കുന്ന മാരുതി കാറുകളിലാണ് ഞാൻ ആ വാക്ക് കേട്ടത്. ഇനിയുള്ള കാലം ഏതുവഴിയിലാണ് ഞാൻ സഞ്ചരിക്കേണ്ടതെന്നും ആരാണെന്നെ മിണ്ടുവാനാക്കുന്നതെന്നും എനിക്കറിയില്ല. എങ്കിലും ആ വാക്ക് എ​െൻറ ചുറ്റിലുമായി ഇപ്പൊഴും ഉണ്ട്. എ​െൻറ കാതുകൾക്കരികിൽ ഒരു മൂളലായി.

സചിവോത്തമപുരം എന്ന ആ സ്​ഥലത്തിനു പേരു വീണത് ഏത് കാലത്താണെന്ന് അറിയില്ല. തീവണ്ടിപ്പാളങ്ങൾക്കായി ആ സ്​ഥലം സർക്കാർ ഏറ്റെടുത്തതാണെന്ന് മുമ്പ് പറഞ്ഞുകേട്ടിരുന്നു. ചുറ്റും പാടം. അതി​െൻറ അരിക് പറ്റി കടമ്പയാർ മഴക്കാലത്ത് ആർത്തലച്ചും വേനലിൽ ഏങ്ങിക്കരഞ്ഞുമൊഴുകുന്നു. പാതാറിൽനിന്നും കുന്നു കയറി കടമ്പയാറിലെ കടത്ത് കടന്ന് തിരുവമ്പാടിയിലേക്ക് ആൾക്കാർ പോയിരുന്നത് സർക്കാറി​െൻറ ഈ സ്​ഥലത്ത് കൂടെയായി. ആറിനപ്പുറം പതുക്കപ്പതുക്കെ നഗരമായി. നഗരം ഉണ്ടായിത്തുടങ്ങിയപ്പോൾ ഈ സ്​ഥലത്ത് നഗരം പണിയുന്നവർ വന്ന് താമസം തുടങ്ങിയിരുന്നു. ടാർപോളിൻ​െകാണ്ടും പ്ലാസ്​റ്റിക് ഷീറ്റുകൊണ്ടും തകരപ്പാട്ട കെട്ടിയും റീപ്പറടിച്ച് സാരിമറകെട്ടി വാതിലുണ്ടാക്കിയും വീടുകൾ എന്നു പറയാനാവാത്ത കിടപ്പിടങ്ങളുണ്ടായി. മഴയിൽനിന്നും വെയിലിൽനിന്നും കേറിക്കിടക്കാനായി ഒരു ചായ്പ്. നിലത്ത് വിരിച്ച പായിലിരുന്ന് വേവിച്ചത് കഴിച്ചും തളർന്നപ്പോൾ അതിൽതന്നെ കിടന്നും എല്ലിനിടയിൽ തരിപ്പ് കയറുന്ന നേരത്ത് കൂടെ കിടന്നവളുടെ കാലിന്നിടയിലേക്ക് ആഞ്ഞിറങ്ങിയതും അതേ നിലത്ത് തന്നെ ആയി. മേൽവിലാസങ്ങളില്ലാത്ത ജീവിതം. ഏതരുതാത്ത പ്രവൃത്തി ചെയ്താലും ഒളിച്ചിരിക്കാനോ അപ്രത്യക്ഷമാകാനോ ഉതകുന്ന നഗരത്തിനുള്ളിലെ പാതാളഗുഹ. അതിനുള്ളിൽ നുഴഞ്ഞുകയറിയാൽ തിരിച്ചിറങ്ങാനാവാത്ത ഭ്രാന്തൻ വഴികൾ. ആ വഴികൾക്കുള്ളിൽ ഞാനെ​െൻറ സഞ്ചാരം അനായായാസമാക്കുന്നു.


(ഹപ്പള ചന്ദ്രു എന്ന കാർ മോഷ്​ടാവ് ത​െൻറ ആത്മകഥയായ സർവജ്ഞപീഠം എന്ന പുസ്​തകത്തിലെ ഒന്നാമത്തെ അധ്യായത്തിൽ എഴുതിയത്.)

പപ്പടം ചന്ദ്രൻ എന്നായിരുന്നു മഹസറിൽ പേര്. ഒമ്പത് വാഹനമോഷണം, രണ്ട് വീട് കയറിയിട്ട് മോഷണശ്രമത്തിനിടയിൽ വീട്ടുകാരെ അടിച്ചുപദ്രവിച്ചത്, ഒരു തവണ വഴിയരികിൽ ബസ്​ കാത്തുനിന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. സ്വാഭാവികമായി ഇതിനെല്ലാംകൂടി ഒന്നിച്ച് ശിക്ഷ വിധിച്ചാൽ ഒരു ജീവപര്യന്തം അല്ലെങ്കിൽ ഒരായുസ്സ് മതിയാവില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ ചന്ദ്രനെവിടെയുണ്ടാവും എന്നു കൃത്യമായി അറിയാം. ജയിലിലെ ഒരു നമ്പറായി മാറിയിട്ടുണ്ടെങ്കിൽ അവിടെ കാണും ഇല്ലെങ്കിൽ അവിടെനിന്നും ചാടിയാൽ സചിവോത്തമപുരത്തെ ആറിനുള്ളിൽ മുങ്ങിക്കിടക്കുകയാവും.

ചന്ദ്രൻ ജയിലിലുണ്ടെങ്കിൽ അവനെ പോയി കാണണമെന്ന് തീരുമാനിച്ചത് എ​െൻറ കാർ മോഷ്​ടിക്കപ്പെട്ടപ്പോഴാണ്. ഏതെങ്കിലും കേസിൽ അവനെ പൊലീസ്​ പൊക്കിയിട്ടുണ്ടെങ്കിൽ അത് അറിഞ്ഞേനെ. എന്നാൽ ചന്ദ്രനാണ് എ​െൻറ കാറു കടത്തിക്കൊണ്ട് പോയത് എന്നത് അറിയില്ല. പ്രാഥമിക തെളിവുകള്‍ ​െവച്ച് മാത്രം ഉറപ്പിക്കാനാവില്ല എന്നുമുണ്ട്. എന്നാല്‍ ഇപ്പോഴും തൊണ്ടിമുതൽ കിട്ടിയിട്ടില്ല എന്നാണ് കേസ്​ അന്വേഷിക്കുന്ന രാധാകൃഷ്ണൻ എസ്​.ഐ പറഞ്ഞത്. തൊണ്ടിമുതൽ കിട്ടിയാലേ പ്രതിയെ അറസ്​റ്റ്​ ചെയ്യുന്നതിനെളുപ്പമുണ്ടാകൂ. പിന്നെ കേസ്​ സുഗമമായ ഒരു വഴിയിലൂടെ പോകും. ചന്ദ്രനെ എവിടെയാവും കണ്ടെത്താനാവുക എന്ന് ഞാൻ എസ്.ഐയോട് തന്നെ ചോദിച്ചു. ആശിച്ച് കഷ്​ടപ്പെട്ട് വാങ്ങിയ ഒരു കാറായിരുന്നു.

പൊലീസുകാർക്ക് കള്ളന്മാരെ ഒരു പരിധി വരെ അറിയാം. മോഷണം നടന്ന സ്​ഥലത്ത് വന്ന് അവർ ൈക്രം വിസിറ്റ് നടത്തിയപ്പോൾ പറഞ്ഞു; ഇത് പപ്പടം ചന്ദ്ര​െൻറ പണിയാണല്ലോ... ഇത്തവണ അവൻ ഒറ്റക്കല്ല... അത് അവർക്ക് എങ്ങനെയാണ് അറിയാനാവുന്നതെന്ന് ഞാൻ പതുക്കെ ഒരു പൊലീസുകാരനോട് ചോദിച്ചു. പൊലീസുകാരൻ എന്നെ ഒന്നു രൂക്ഷമായി നോക്കി. ഞാൻ എന്തോ അരുതാത്തത് ചെയ്തതുപോലെയായിരുന്നു, ആ നോട്ടം, എന്നെനിക്ക് തോന്നി. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. നഷ്​ടം എ​െൻറയാണല്ലോ.

വീട്ടിൽ അന്നേരം അച്ഛനുണ്ടായിരുന്നു. ഞാൻ അന്ന്​ രാവിലെ ഒരു യാത്ര പദ്ധതിയിട്ടിരുന്നു. പോകാനായി വെളുപ്പിനെ എഴുന്നേറ്റതുമാണ്. അപ്പോഴാണൊരു പെരുമഴ പെയ്തത്. കാലം തെറ്റിയ നേരത്ത് എന്തൊരു മഴ എന്നാലോചിച്ചപ്പോൾ വീണ്ടും കിടന്നുറങ്ങി. അച്ഛനെഴുന്നേറ്റ് പേപ്പർ എടുത്ത് വന്നിട്ട് വിളിച്ചു ചോദിച്ചു: കുഞ്ഞുമോനെ നീ പോയോ... ആളില്ലെങ്കിൽ മറുപടി കിട്ടില്ല എന്നച്ഛനറിയാം അച്ഛ​െൻറ പതിവ് അങ്ങനെയാണ്. ആളില്ലെങ്കിലും ഉണ്ടായാലും അച്ഛൻ വിളിച്ച് ചോദിക്കും.

അച്ഛനെപ്പോഴും മറുപടി വേണം. ഇല്ലെങ്കിൽ വീണ്ടും ചോദിച്ചു​െകാണ്ടേയിരിക്കും. അതുകൊണ്ട് എടുത്ത വായിലെ ഞാൻ മറുപടിയിടും: ഞാൻ പോയില്ല അച്ഛാ, എണീറ്റപ്പോ പെരുത്ത മഴയായി.

അപ്പോ കാറാരാ കൊണ്ടോയത്... അച്ഛ​െൻറ ശബ്്ദം അൽപം പൊങ്ങി.

അടിവയറ്റിൽനിന്നൊരാന്തലായിരുന്നു. ചെന്നു നോക്കിയ​േപ്പാൾ ഗെയ്റ്റി​െൻറ പൂട്ട് പൊട്ടിച്ചു കിടക്കുന്നു. കണ്ടാൽ പൂട്ടിക്കിടക്കുകയാണെന്നുതന്നെ തോന്നും. ഗെയ്റ്റ് നേരേ ഷെഡിലേക്കാണ്. അവിടെനിന്നും പടികയറിവേണം വീട്ടിലേക്ക്. ഷെഡിൽ കാറില്ല. മുറ്റത്തൊക്കെ ഒരു ദുർഗന്ധം, പട്ടിയൊക്കെ കാഷ്ഠിച്ചു​െവച്ചതി​െൻറ മണം. അതിത്തിരി രൂക്ഷമാണെന്നറിഞ്ഞ് തിരഞ്ഞപ്പോൾ മനസ്സിലായി, മനുഷ്യ​െൻറ മലത്തി​െൻറ മണമാണെന്ന്. ഒരിടത്തല്ല, മുറ്റത്തി​െൻറ പലഭാഗത്തായി റോഡിലേക്ക് നോക്കിയിരുന്ന് സാധിച്ചതുപോലെ. ഇത്രയും പെരുത്ത മഴ പെയ്തിട്ടും മൂക്ക് കരിക്കുന്ന ആ മണം അവിടെയിപ്പോഴുമുണ്ട്​. ചിലയിടത്ത് നിന്നും ഒഴുക്ക് വെള്ളത്തിനൊപ്പം മലമൊഴുകി മതിലി​െൻറ അരികിൽ കെട്ടിക്കിടക്കുന്നുമുണ്ട്.

പൊലീസുകാരനോട് ഞാൻ ചോദിച്ചത് എസ്.ഐ രാധാകൃഷ്ണൻ കേട്ടിരുന്നു. അയാൾ എ​െൻറ അരികിലേക്ക് ചേർന്ന് നിന്നു പറഞ്ഞു. ചന്ദ്രൻ വന്നുകയറിയതി​െൻറ പല ലക്ഷണവും ഇവിടെ കാണാനുണ്ട്. ഓരോ കള്ളനും മോഷ്​ടിക്കുന്നതിനുമുന്നെ ചെയ്തിട്ടുപോകുന്ന ചില തെളിവുകൾ. അത് ആ കള്ള​െൻറ മാത്രം പ്രത്യേകതയാണ്. കാറു മോഷ്​ടിക്കുന്ന ചന്ദ്ര​െൻറ സ്​ഥിരം നമ്പറുകൾ, അതിവിടെയുണ്ട്. ഗെയ്റ്റ് പൂട്ടിയിട്ടതാണെന്ന് തോന്നിച്ച് പോയതുവരെ. സാധാരണ അവനൊറ്റക്കാ കൃത്യം ചെയ്യാറുള്ളത്. ഇവിടെ മലശോധന നടത്തിയതിനാൽ അവ​െൻറ കൂടെ വേറെ ആളുണ്ടായിരുന്നു. എന്നു​െവച്ചിട്ട്‌ പൂര്‍ണമായി ഉറപ്പിക്കാനാവില്ല. ആ ടൈപ് വേറെ ആരെങ്കിലും ഉണ്ടോന്ന്‍ നോക്കണം. സാറ് സ്​റ്റേഷനി​േലാട്ട് വരൂ.

കള്ളന്മാർ എവിടെയുണ്ടാവുമെന്ന് കൃത്യമായി അറിയുന്നവർ പൊലീസുകാരാണ് എന്നാണ് പൊതുവേ എല്ലാവരും കരുതിയിരിക്കുന്നത്. അവർ തമ്മിൽ അവിഹിതമായ ഒരു ഇഴയടുപ്പം ഉണ്ടെന്നും വിചാരിക്കാം. വിൽക്കുന്നതി​െൻറ ഒരു പങ്ക് അവർക്കൊക്കെ കിട്ടുമെന്നാണ് പൊതു ധാരണ. എന്നാൽ പൊലീസുകാരെക്കാൾ കൂടുതൽ കള്ള​െൻറ ജീവിതമറിയുന്നത് തൊണ്ടിമുതൽ വാങ്ങുന്നവരാണ്. മോഷ്​ടിക്കപ്പെട്ട വാഹനങ്ങൾ വിൽക്കു​േമ്പാൾ വലിയ വില കിട്ടുമെന്നാണ് പൊലീസുകാരും ആളുകളും കരുതുന്നത്. മോഷ്​ടാക്കൾക്ക് വളരെ വേഗം സമ്പന്നരാകാം എന്നും അവർ ചിന്തിക്കും. എന്നാൽ ഒരു വാഹനമോഷ്​ടാവി​െൻറ ജീവിതം എന്നും ദുരിതം നിറഞ്ഞതാണ്. പണം സമ്പാദിക്കുന്നതൊക്കെ ഇടനിലക്കാരായ മുതലാളിമാരാണ്. അവർ ഫൈനാൻസിയേഴ്​സ്​ എന്ന പേരിൽ അറിയപ്പെടുന്നു. വാഹനം മറിച്ചുകൊടുക്കാൻ ഒരു മോഷ്​ടാവിനെ സഹായിക്കുന്നതും ഇതുപോലെ ചില ഇടനിലക്കാരാണ്. ഒരു മാരുതി ഡിസൈർ അല്ലെങ്കിൽ ഒരു മാരുതി എർട്ടിഗയൊക്കെ മോഷ്​ടിച്ചു വിറ്റാൽ ഒരു മോഷ്​ടാവിനു കിട്ടുന്നത് എത്രയാണെന്ന് നിങ്ങൾക്കറിയുമോ? കാറി​െൻറ വില നോക്കി നിങ്ങൾ ലാഭം കാണരുതേ. കട്ടതല്ലേടാ, അതിനിതൊക്കെ മതി എന്നു പറഞ്ഞ് തൊണ്ടിമുതൽ വാങ്ങുന്നവൻ തരുന്നത് ഏറ്റവും കൂടിയ തുക ഇരുപത്തി അയ്യായിരമാകും. എന്നാലും കിട്ടുന്നതിനേക്കാൾ സംതൃപ്തി അത് കക്കുന്നതിലാണ്. മോഷ്​ടാക്കളൊക്കെ എത്ര പാവങ്ങളാണെന്ന് ആ വഴിയിലൂടെ സഞ്ചരിച്ചാൽ മാത്രമേ നിങ്ങൾക്കറിയൂ. കടത്തിക്കൊണ്ടുപോയാൽ, മോഷ്​ടിച്ചു കഴിഞ്ഞാൽ, എത്രയും പെട്ടെന്ന് അത് ഒഴിവാക്കുക എന്നു മാത്രമേ മോഷ്​ടാവ് ആഗ്രഹിക്കൂ. ഒരു മോഷണം കഴിഞ്ഞ് അതൊന്ന്​ ഏതെങ്കിലും നിലവറയിൽ പൂഴ്ത്തി, മറിച്ചെടുത്താൽ മാത്രമേ ഒരു മോഷ്​ടാവിന്​ സ്വസ്​ഥമായി ഒന്നുറങ്ങാൻ സാധിക്കൂ.

(ഹപ്പള ചന്ദ്ര​െൻറ പുസ്​തകം നാലാം അധ്യായത്തിലെ ചില വരികൾ.)

സ്​റ്റേഷനിൽ എത്തിയപ്പോൾ ആൾക്കൂട്ടമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ ചീത്തവിളികൾ നാലുപേരുടെ കഴുത്തറക്കാനും നെഞ്ചുപിളർക്കാനുമായതി​െൻറ അറസ്​റ്റും പാർട്ടിക്കാരുടെ കൂട്ടമായി പൊലീസ്​ സ്​റ്റേഷൻ പരിസരത്തെ സംഘർഷാവസ്​ഥയിലാക്കിയതിനുമിടയിലേക്കാണ് ഞാൻ ചെന്നത്. ആൾക്കൂട്ടത്തിന്​ ചോരയുടെ മണമായി.

ആളുകളെ വകഞ്ഞുമാറ്റി ഞാൻ അകത്തേക്ക് കയറി. മഴ പെയ്തുതീർന്ന നേരമായതുകൊണ്ട് അകം നിറയെ ഈർപ്പം, അതിനൊപ്പം പലതരത്തിലുള്ള അത്തറടിച്ചാലുണ്ടാവുന്നതുപോലെ മുഷ്ക് മണം. കൊലപാതകത്തി​െൻറ കണക്കും തെറിവിളിയുമൊക്കെയായി സ്​റ്റേഷനിലെ ആരും എന്നെ ശ്രദ്ധിച്ചതേയില്ല. ഒരു കാറു മോഷണത്തേക്കാൾ പൊലീസുകാർക്ക് താൽപര്യം കൊന്നതി​െൻറയും പെണ്ണുങ്ങളെ പെഴപ്പിച്ചതി​െൻറയും കഥകളാണെന്ന് കുറച്ചുനേരംകൊണ്ട് തന്നെ എനിക്ക് മനസ്സിലായി. കുറേ നേരം കാത്തുനിന്നതുകൊണ്ടാവണം ഒരു പൊലീസുകാരൻ ദയതോന്നി എന്നെ വിളിച്ചത്.

സാറേ, കാറുമോഷണത്തി​െൻറ കാര്യമല്ലേ...

ഞാനൊന്നു തലയാട്ടി.

സാറിരിക്ക്...

ഞാൻ കാറു വാങ്ങിയതുമുതൽ അത് കാണാതായതുവരെയുള്ള കഥ പറഞ്ഞു. ആ പൊലീസുകാരൻ അതൊക്കെ എഴുതിയെടുക്കുകയുംചെയ്തു. എനിക്ക് തീർത്തും അപരിചിതമായ ഒരു ഭാഷയായിരുന്നു അത്. പൊലീസുകാരെന്തിനാണ് ഇങ്ങനെ വളച്ചുകെട്ടി എഴുതുന്നതെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല. ഭാഷയും വാക്കും വേറെവേറെ ആയതുപോലെ. ഞാൻ അതെല്ലാം കേട്ട് അതൊക്കെ സത്യമാണെന്ന് ശരി​െവച്ച് ഒപ്പിട്ടു.

-ഇനി സാറു പൊയ്​ക്കൊ... ഞങ്ങളാ കാറു കണ്ടെത്തും.

കാറു വാങ്ങിയതി​െൻറ ലോണടക്കലായിരുന്നു പിന്നത്തെ കാലം. ബാങ്കും ഞാനും കുറെ കഥകൾ പറഞ്ഞു.

ലോണടയ്​ക്കാത്തതെന്താ സാറേ...

കാറു മോഷണംപോയത് ഞാൻ ബാങ്കിനെ ഇൻഫോം ചെയ്തിട്ടുണ്ടല്ലോ.

പൊലീസ്​ കേസായാലും ലോൺ റീപേ ചെയ്തില്ലെങ്കിൽ ഹെഡ്ഡാപ്പീസ്​ ചോദിക്കും സാറെ

അതിനല്ലേ ഇൻഷൂറൻസ്​...

അതെപ്പോ കിട്ടുമെന്ന് സാറിനറിയോ...

അത് പൊലീസുകാര്​ നോട്ടീസ്​ തരുമ്പോ

ആ നോട്ടീസെപ്പോ കിട്ടുമെന്നറിയോ സാറേ...

പൊലീസന്വേഷിക്കുവല്ലേ...

***

കേസിനെന്തെങ്കിലും തുമ്പുണ്ടായോ സാറേ...

ഞാൻ ചോദിക്കുന്നുണ്ട്...

ഹെഡ്ഡാപ്പീസ്​ ഇനിയത് ജപ്തിയാക്കും സാറേ...

കാറല്ലേ ജപ്തിമുതല്...

അല്ല സാറെ... ലോൺ തരുന്ന വസ്​തു കാണാതായാൽ, നഷ്​ടപ്പെട്ടാൽ അതിൽ അറ്റാച്ച്​മെൻറ് ഉണ്ടായിരുന്നു സാറേ...

അത് ഞാനറിഞ്ഞിരുന്നില്ലല്ലോ...

സാറല്ലെ എഗ്രിമെൻറ് വായിച്ച് ഒപ്പിട്ടത്...

എഗ്രിമെൻറ് കാറു വാങ്ങാനല്ലേ...

***

സാറേ ഒന്ന് വേഗം ശരിയാക്ക്... ഇല്ലെങ്കിൽ വീട്ടിലേക്ക് ആളുവരും... അവരെന്താ പറയാന്ന് അറിയില്ല സാറേ...

അവര് വരുമ്പോ ഞാന്‍ പറഞ്ഞോളാം...

അലമ്പാവുമ്പോ ദയവുചെയ്ത് ബാങ്കിനെ പറയരുത്...

അങ്ങനെ അലമ്പാക്കിയാല്‍ ഈ നാട്ടില് നെയമോല്ലേ...

നിയമം ബാങ്കി​​േൻറതാണ് സാര്‍...

ബാങ്കും ഞാനും കഥകളെഴുതി പോസ്​റ്റ്​ ചെയ്യുന്ന കാലത്താണ് എസ്.ഐ രാധാകൃഷ്ണൻ എന്നെ വിളിപ്പിച്ചത്.

ഹരീന്ദ്രൻ സാറേ, നമ്മളൊന്ന് പളുകല്ല് വരെ പോണം. അവടെ ചെല വണ്ടികള് പിടിച്ചിട്ട്ണ്ട്... ചെലപ്പോ സാറി​െൻറ വണ്ടി അവടെ കണ്ടാലോ...

ഞാൻ വരാം, എപ്പഴാന്ന് പറഞ്ഞാ മതി...

എസ്​.ഐ ഒന്ന് തലയാട്ടി. എനിക്കാകെ വല്ലാത്ത ഒരവസ്​ഥയായി. എടുത്തോണ്ട് പോയ ആ കാറിനി ഏത് പരുവത്തിലാവ്വോ കിട്ട്വാ എന്ന് ഞാൻ ഉള്ളിൽ തോന്നിയതൊന്നുറക്കെ പറഞ്ഞു. എസ്​.ഐ അത് കേൾക്കുകതന്നെ ചെയ്യട്ടെ എന്നായിരുന്നു അന്നേരം എനിക്ക് തോന്നിയത്. എസ്​.ഐ എന്നെ നോക്കി.

സാറിരിക്ക്...

ഞാൻ ഇരുന്നു.

സാറു പറഞ്ഞത് വച്ച് നോക്ക്യാ ശെരിയാ... ആ കാറിനി ഏത് കോലത്തിലാ കിട്ട്വാന്ന് ഒരു പിടീം ഇല്ലാ... വല്ല ഇല്ലീഗൽ ആക്റ്റിവിറ്റീസിനാ കാറു പിടിച്ചതെന്ന് വച്ചാ പിന്നെ അയ്​െൻറ കേസ്​...കോർട്ട്... അവര്​ നമ്പരൊക്കെ മാറ്റീട്ട്ണ്ടാവും... ഞാനൊരു കാര്യം പറയാം... അതിപ്പോ അവടെ കാണണത് സാറി​െൻറ കാറന്ന്യായാലും അല്ലാന്ന് പറഞ്ഞോളുണ്ടൂ...നമ്മക്ക് ഇൻഷൂറൻസ്​ വാങ്ങാം...

അതിനു മോഷണംപോയ വണ്ടിക്ക് ഇൻഷൂറൻസ്​ കിട്ടുമോ...എന്തൊക്കെയോ ഇഷ്യൂസ്​ ഉണ്ട് എന്നാ പറഞ്ഞത്...

എന്നാ സാറു ഇവടെ കെടക്കണ വണ്ടി ഏതാ ഇഷ്​ടം ച്ചാ എടുത്തോണ്ട് പൊക്കോളൂ...

അത് രാധാകൃഷ്ണന്‍സാര്‍ പറഞ്ഞത് എന്നെ സമാധാനിപ്പിക്കാനാണ് എന്നെനിക്ക് മനസ്സിലായി. എന്നിട്ടും ഞാന്‍ പറഞ്ഞു:

സാറിനെ​െൻറ വേവലാതി മനസ്സിലാവില്ല... ആശിച്ച് വാങ്ങിയ കാറാ... ഒന്ന് മര്യാദക്ക്​ ഓടിച്ചിട്ട് കൂടിയില്ല...

സാറി​െൻറ റ്റെൻഷനെനിക്ക് മനസ്സിലാവും... നമ്മക്ക് നോക്കാംന്ന്... ആ പപ്പടം ചന്ദ്രനെ പൊക്ക്യാ ഒക്കെ കിട്ടും... ഞാൻ സാറിനെ വിളിക്കാം...

പപ്പടം ചന്ദ്രൻ എന്ന മഹാപ്രസ്​ഥാനത്തിലേക്ക് ഒന്ന്​ നുഴഞ്ഞുകയറാൻ എനിക്കൊരു കീ വേഡ് കിട്ടിയത് പഴയങ്ങാടി ചന്തയിലെ സ്​ക്രാപ്പെടുക്കുന്ന നീലകേശിയുടെ നാവിൽനിന്നായിരുന്നു. ഒരു ഞായറാഴ്​ച അച്ഛൻ കൂട്ടിയിട്ട പഴയ സാധനങ്ങൾ പെറുക്കിയെടുക്കാൻ വന്നപ്പോഴായിരുന്നു ഞാനയാളോട് സംസാരിച്ചത്.

കേശീ തന്നെ ഞാൻ കാണണംന്ന് വിചാരിച്ച് ഇരിക്കുവായിര്​ന്ന്​..

എന്നാ സാർ... ആപ്പീസിലു എതാവത് പൊരുളിരിക്കാസാർ...

അതല്ലെടോ എ​െൻറ കാറാരാണ്ട് കട്ടോണ്ട് പോയി...

അയ്യയ്യോ... എപ്പ സാർ...

രണ്ട് മാസായി... ടോ... ഈ മോഷണവാഹനം വാങ്ങിക്കണ ആൾക്കാരെ തനിക്ക് വല്ല പരിചയമുണ്ടൊ... ആ വഴിക്കൊന്ന് തെരക്കിയാൽ വല്ല വിവ​രോം കിട്ടുമോന്നറിയാനാ...

പഴയ സാധനങ്ങൾ ചാക്കിലേക്ക് വലിച്ചുപെറുക്കിയിടുന്ന നീലകേശി കുറേനേരം ഒന്നും മിണ്ടിയില്ല. ചാക്കി​െൻറ വായ തുന്നിക്കെട്ടി അവൻ എഴുന്നേറ്റു. ചുറ്റും ഒന്നു നോക്കിയിട്ട് പതുക്കെ എന്നോട് പറഞ്ഞു:

സാർ, മൈലാടീലെ ഒരണ്ണയിരുക്ക്... അവ തിരുട്ട്ജാമാനങ്കളെ വാങ്കുവാങ്കെ... അന്ത പപ്പടൊല്ലാം അങ്കെത്താ ഡീല്...

പപ്പടം..?

ആമാം സാർ... പപ്പടം ചന്ദ്രൻ...

മൈലാടീലെ അണ്ണ​െൻറ പേരെന്താ...

അവ്വാപ്പേരെനക്ക് തെരിയാത്... ആനാ തേങ്ങാപ്പാളയത്ത് കൊത്തുസാമീന്ന് കേട്ടാപ്പോതും... ഇതെ നാൻ സൊൽരതേണ്ണ് യാരുകിട്ടേം സൊല്ലാതെ... തെരിഞ്ചെന്നാ അവ്വാ കഴുത്തെ അറുത്തിടും...

മൈലാടിയിൽ കല്ലുകൾ കൊത്തി വിഗ്രഹങ്ങളുണ്ടാക്കുന്ന ആളുകളാണ് വഴിയോരത്ത് മുഴുവനും. ആരും ആരെയും ശ്രദ്ധിക്കാതെ കല്ലിലും ഉളിയിലും ചുറ്റികയിലും മാത്രം നോക്കിയിരിക്കുന്നു. നോക്കിയാൽ അതുതന്നെ മറ്റൊരു ശിൽപമാണെന്ന് തോന്നിയേക്കും. കരിങ്കൽപൊടിയും അതിനുമീതെ വീശിയടിക്കുന്ന ചെറുകാറ്റിനുള്ളിലൂടെ ഞാൻ ഒരാലക്കരികിൽ നിന്നു. കൊത്തുപണിക്കാരൻ എന്നെ അറിഞ്ഞതേയില്ല. വീശിയടിക്കുന്ന പൊടിക്കാറ്റിൽ അയാൾക്ക് ആ കല്ലിനു മീതെ കൊത്തുവാനാവുമോ എന്നെനിക്ക് തോന്നി. കാറ്റിനൊരു ശമനമുണ്ടാകാനെങ്കിലും കാത്തുനിൽക്കുന്ന ഒരു മാത്രയിൽ അയാളെന്നെ നോക്കുമെന്ന്​ ഞാൻ കരുതി. അയാൾക്ക് മുന്നിൽ ചെരിച്ചു​െവച്ച മെടഞ്ഞ ഓലമടലി​െൻറയിടയിലൂടെ വെയിൽ സുഷിരങ്ങൾ വീഴുന്നുണ്ടായിരുന്നു. ചുറ്റികകൊണ്ട് ഉളിയിൽ ചെത്തുമ്പോൾ മുട്ടുന്ന ശബ്്ദം കാറ്റിനകമ്പടിയായി. കൊത്തുകാരൻ എന്നെ നോക്കില്ല എന്നുറപ്പായപ്പോൾ ഞാൻ അയാളെ ശൂ ശൂ ​െവച്ച് വിളിച്ചു. കാറ്റിലും കൊത്തൊച്ചയിലും അത് തെളിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇത്തിരി ഉച്ചത്തിൽ ഹലോ എന്ന് പറഞ്ഞപ്പോൾ അയാൾ ഇതാര് ഇവിടെ വന്ന് ശല്യപ്പെടുത്താൻ എന്ന മട്ടിൽ എന്നെ നോക്കി.

കൊത്തുസാമീനെ പാക്കണം...

അത് യാര്..? അപ്പടീങ്കെ യാരുമെ ഇങ്കയില്ലെയ്...

പിന്നെ അയാൾ ഒന്നും പറയാതെ അയാളുടെ പണിയിലേക്ക് മാറി. ഞാൻ എന്തെങ്കിലും ഇനി ചോദിച്ചാലും അതിനൊരു മറുപടി ഉണ്ടാവുമെന്ന് എനിക്ക് തോന്നിയില്ല. കാറ്റ് വലിയ ശബ്്ദത്തോടെ ആരുവായ്മൊഴി ചുരം കടന്നു.

ഇനിയൊരു വഴി ആരു കാണിച്ചുതരുമെന്നറിയാതെ ഞാന്‍ അവിടം ചുറ്റിലും നോക്കി. ആരെങ്കിലും ഞാന്‍ വന്നത് കാണുമെന്നും അവരെന്നോട് എന്താ ഇവിടെ എന്ന് ചോദിക്കുമെന്നും കരുതി. ഒന്നും ഉണ്ടായില്ല. ഞാന്‍ പതുക്കെ തിരിഞ്ഞ് പോകാന്‍ തുടങ്ങിയതും ആകാശത്തുനിന്നും അടര്‍ന്നു വീണ പോലെ കറുത്ത ഒരു മുണ്ടന്‍ എനിക്ക് മുന്നില്‍ പൊട്ടി വീണു. ഞാന്‍ ഞെട്ടി പിറകിലേക്ക് വീഴാനാഞ്ഞു.

എന്നാ സാര്‍... യാരെ പാക്കറുത്ക്കാകെ ഇങ്കെ വന്തോ... അവരെ പാക്കാമേ എപ്പടി പോവേം...

എന്താ പറഞ്ഞത്..? എനിക്ക് മനസ്സിലായില്ല... നിങ്ങള് തേങ്ങാപാളയത്തെ കൊത്ത്സാമീ...

അവാ നാ ല്ലേ... അവാളെ താന്‍ പാക്ക പോറോം... എന്ന വിഷയം...

അത് ഞാന്‍ അവരോട ചോദിച്ചാ പോരേ...

മുണ്ടന്‍ പൊട്ടിച്ചിരിച്ചു. ആ ശരീരത്തില്‍നിന്നും ഇത്രയും ഉച്ചത്തില്‍ ഒച്ചയുണ്ടാക്കാനാവുമെന്നു ആരും കരുതില്ല.

പിന്നെ അയാളെന്നെ വാ എന്ന് ​െവച്ച് വിളിച്ചു.


തൊണ്ടിമുതല്‍ മുഴുവനായും ഒരു ബാധ്യതയാണ്. അതിളക്കി പല പീസുകളാക്കി മാറ്റിയാല്‍ എളുപ്പത്തില്‍ വിൽക്കാനാവും. അതിനായി കുറെ നാള്‍ വേണം. അതിലും നല്ലത് ഏതെങ്കിലും പരിചിതരായ മെക്കാനിക്കിനെയോ വര്‍ക്ക് ഷാപ്പ് മേസ്ത്രിയെയോ കാണുക എന്നതാണ്. എന്നാല്‍ ആ ആളുകള്‍ നമ്മുടെ കൂടെ നില്‍ക്കുമെന്ന് നമുക്കുറപ്പുണ്ടാകണം. പൊലീസുകാരില്‍ ജഗജില്ലികളുണ്ട്; കള്ളന്മാരെപ്പോലെ. അവരെവിടെ വേണമെങ്കിലും നുഴഞ്ഞുകയറും. അപ്പോള്‍ പിടിച്ചുനില്‍ക്കാനാവുന്നവന് മാത്രമേ ശിക്ഷകളില്‍നിന്നും മുക്തനാകാനാവൂ. കാശു തന്ന് വാങ്ങുന്നവര്‍ വളരെ കുറവാണ്. ചില ഫിനാൻസിയേഴ്സ് ആയ കച്ചവടക്കാര്‍ മോഷണമുതല്‍ വാങ്ങി പുതിയ ആര്‍.സി ഉണ്ടാക്കി അതിനു ലോണ്‍ കൊടുത്ത് കച്ചവടമാക്കും. അങ്ങനെ കുറെ വണ്ടികള്‍ ഈ രാജ്യത്തിലെ നിരത്തുകളില്‍ ഓടുന്നുണ്ട്. ഭാഗ്യമുള്ളവര്‍ ആ കാറുകളില്‍ സഞ്ചരിക്കും. അല്ലാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിടിവീഴാം.

(ഹപ്പള ചന്ദ്രുവി​െൻറ പുസ്തകത്തിലെ ആറാം അധ്യായത്തിലെ ചില വാക്യങ്ങള്‍.)

ആക്രി കച്ചവടം നടക്കുന്ന ഒരു സ്ഥലമായിരുന്നു അത്. മുണ്ടന്‍, കാലുകളിലല്ല നടക്കുന്നത് എന്നെനിക്ക് തോന്നി. അട്ടിയിട്ട ചാക്കുകള്‍ക്ക് മീതെ കൈകുത്തി ഒരു തരം അക്രോബാറ്റിക്സ് പോലെ അവൻ ചാടിയും മറിഞ്ഞുംപോയി. ഇരുമ്പ് സാമാനങ്ങള്‍ അടുക്കി​െവച്ച ഒരു കടലിനുമീതെ ഒരു കുഞ്ഞുവള്ളത്തില്‍ നില്‍ക്കുന്നതുപോലെ ഞാന്‍ ആടിയുലഞ്ഞു. ഇരുമ്പി​െൻറ കുത്തുന്ന മണം എനിക്കസഹനീയമായി. ബ്രഹ്മാണ്ഡമായ ഒരു കെട്ടിടത്തില്‍ കെട്ടുകെട്ടായി വലിച്ചിട്ട ആക്രിസാമാനങ്ങള്‍ക്കിടയിലൂടെ കാറ്റ് ഇരുമ്പുപൊടി പറത്തി. അതെ​െൻറ കണ്ണില്‍ നിറഞ്ഞു. ഞാന്‍ കണ്ണു തിരുമ്മി. കണ്ണു തുറന്നതും മുന്നില്‍ ആജാനബാഹുവായ ആറടിയിലേറെ പൊക്കമുള്ള കറുത്ത ഒരു ഭൂതം. അയാളുടെ കണ്ണുകള്‍ തുറിച്ച് നിന്നു. തലയില്‍ ജടപോലെ മുടി. കൈയില്ലാത്ത ഒരു നീളന്‍ ബനിയൻ​േപാലെ ഒരു കുപ്പായം. അതാകെ കരിയും ഗ്രീസും കലര്‍ന്ന്‍ മുഷിഞ്ഞിരുന്നു. അയഞ്ഞ പാൻറിനുമീതെ ഒരു വലിയ ബെല്‍റ്റ്‌, അതില്‍ കൊളുത്തിയിട്ട ചില ടൂള്‍സ്.

യാര് നീങ്കെ... എന്ന വേണം...

തേങ്ങപാളയത്ത് കൊത്തുസാമീ...

എ​െൻറ ശബ്​ദം വളരെ നേര്‍ത്തതായിരുന്നു

അത് നാ ന്താ... സാറുക്ക് എന്ന വേണം...

ഒറ്റമൂച്ചില്‍ ഞാനെ​െൻറ കാറ് മോഷണം പോയ കഥ പറഞ്ഞു. ആ കാറ് എങ്ങാനും സാമി വാങ്ങിയിട്ടുണ്ടോ എന്നറിയാനാണ് വന്നത് എന്നും പറഞ്ഞു.

കാറോടെ ഫോട്ടോ ഇരുക്കാ...

ഞാന്‍ എ​െൻറ ഫോണ്‍ പരതി. ഗാലറിയില്‍നിന്നും എ​െൻറ കാറി​െൻറ ഫോട്ടോ കാണിച്ചു. അയാള്‍ ഫോണ്‍ വാങ്ങി കാര്‍ സൂം ചെയ്ത് നോക്കി. അയാളുടെ കണ്ണുകള്‍ വല്ലാതെ ഉരുണ്ടുകളിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഫോണ്‍ എ​െൻറ കൈയിലേക്ക് നീട്ടിതന്നപ്പോഴും അയാള്‍ ഒന്നും മിണ്ടിയില്ല. പതുക്കെ തിരിഞ്ഞ് അയാള്‍ പൊളിച്ച കാറുകള്‍ കൂട്ടിയിട്ട ഭാഗത്തേക്ക് നടന്നു. മുണ്ടന്‍ എ​െൻറ നേരെ കൈ കാണിച്ച് ഒപ്പം കൂട്ടി.

സാര്‍... കാറോടെ റാപ്പര്‍കൂടി മാറ്റലെയാ...

ഞാന്‍ ഇല്ലെന്നു തലയാട്ടി.

ഇത് മലയാളീയോടെ സൊഭാവമാക്കും... വാങ്ങി പത്തുവര്‍ഷമാനാലും റാപ്പര്‍ അഴിച്ചു മാറ്റില്ല...

പുതിയ കാറുകള്‍ ആണ് മോഷ്​ടിക്കുന്നതിന് ഉത്തമം. എന്തെങ്കിലും രീതിയില്‍ വല്ലതും കിട്ടണമെങ്കിലും പുതിയ വണ്ടികളിലാണ് പ്രതീക്ഷ. നഗരത്തില്‍ തിരക്കേറിയ പാര്‍ക്കിങ്​ സ്ഥലത്ത് മോഷ്​ടാക്കള്‍ക്ക് ഇന്നത്തെകാലത്ത് യാതൊരു സാധ്യതയുമില്ല. നാലുമൂലകളിലും തരംകിട്ടിയാല്‍ നെഞ്ചത്തും ക്യാമറ വെക്കുന്ന ഏര്‍പ്പാടാണ്. പാവപ്പെട്ട മോഷ്​ടാക്കളുടെ കാര്യം ആരും ഇപ്പോള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ദൈവമേ എന്ന് വിളിച്ച് ഇറങ്ങുമ്പോള്‍ കാണുന്ന എതിര്‍പ്പിലാണ് പലപ്പോഴും വിശ്വാസം. ചത്ത ശവമാണ് എങ്കില്‍ ദൈവം തുണച്ചു. അത് ഭാഗ്യംപോലിരിക്കും. എന്നാല്‍ എന്നും വൌസുണ്ടാവില്ല. പണ്ടൊക്കെ ഒത്തിരി കഷ്​ടപ്പെട്ടിട്ടാണ് ഒരു കാറ് തുറക്കുന്നത് തന്നെ. പിന്നെപ്പിന്നെ കാറെന്നെ കണ്ടാല്‍ വിളിക്കുന്ന പരുവത്തിലായി. ചന്ദ്രേട്ട​െൻറ കൈ തൊട്ടാല്‍ എനിക്ക് ഇരുനൂറ്റിപ്പത്തിലോടുന്ന സ്പീഡ് ആണെന്ന് കാറെന്നോട് പറഞ്ഞിട്ടുണ്ട്. ഡ്രൈവിങ്​ സീറ്റിലിരുന്നു വളയം പിടിക്കുമ്പോള്‍ കാറ് പറയും: ചന്ദ്രേട്ടാ ഈ ദിവസത്തിനായിരുന്നു ഞാന്‍ കൊതിച്ചത്. എന്നെ ഓടിക്കുന്നവന്‍ ഒരു സ്വാതന്ത്ര്യവും തരാതെ, ഒരുമാതിരി എഴച്ച് എഴച്ച് കൊണ്ടുപോകും. എ​െൻറ സ്പീഡോമീറ്ററില്‍ എന്തിനാണ് ഇരുനൂറ്റി നാൽപത് വരെ എന്നയാള്‍ നോക്കുകപോലുമില്ല. നാൽപതിനുമീതെ ഒന്നോടാന്‍ ഞാന്‍ കൊതിക്കുന്നുണ്ട് ചന്ദ്രേട്ടാ... സ്​റ്റാര്‍ട്ടായി കിട്ടിയാല്‍ പിന്നെ ഒരു നോട്ടവുമില്ല. അതിലെ പെ​േട്രാള്‍ മഞ്ഞലൈറ്റ് കത്തുന്നതുവരെ ഒരറ്റം പിടിക്കും. എത്രയും പെട്ടെന്ന് മൈനര്‍ഷാപ്പിലെത്തുക എന്നത് മാത്രമാവും ചിന്ത. മൈനര്‍ഷാപ്പ് ആദ്യപടിയാണ്. അവിടെയാണ് കാറി​െൻറ ഭാവി തീരുമാനിക്കുന്നത്. കൊത്തുസാമിയെപ്പോലുള്ളവരുടെ ഷാപ്പിലെത്തിയാല്‍ ജീവിതം പിന്നെ ജിംഗലാല. ഒന്നും അറിയണ്ട. സാമിതന്നെ എല്ലാ വഴികളും കാണും, അടയ്​ക്കേണ്ടത് അടക്കും, തുറക്കേണ്ടത് തുറക്കും. പുതിയ കാറുകളാണ് കാണുന്നതെങ്കില്‍ ആദ്യമൊരു ചിരിയുണ്ട്. അത് ഭൂലോകം വിറപ്പിക്കുന്ന ചിരിയാണ്. തിരുവിതാംകൂറിലെ രാജാക്കന്മാര്‍പോലും ഇതുപോലെ ചിരിച്ചിട്ടുണ്ടാവില്ല എന്ന് സാമിതന്നെ പറയും. അപ്പോഴൊരു പിടിത്തമുണ്ട് കഴുത്തിനു പിന്നിലൂടെ കൈയിട്ടു ഒരൊറ്റ പിടിത്തം. ആ പിടിത്തത്തില്‍ കണ്ണു തള്ളിപ്പോവും. എന്നാലും അതിലൊരു സ്നേഹമുണ്ട്. ഡാ കഴ്വേരീടെ മോനെ... ആണീകീണിവരേയ്ക്കും പകുക്കലാമേ... റാപ്പര്‍ പൊളിക്കാത്ത കാറുകളെ ഒരു കൊച്ച്കുഞ്ഞിനെ തൊടുന്നതുപോലെയാണ് സാമി തൊടുന്നത്. കൈ ​െവക്കുമ്പോള്‍ അതിനു വേദനിക്കുമോ എന്നുപോലും തോന്നും. ഓരോ ആണിയും വളരെ സാവധാനം അഴിച്ചെടുത്ത് ഒരു കുഞ്ഞുപോറല്‍പോലും ഏല്‍ക്കാതെ സാമി പുതിയ കാറിനെ സ്പെയര്‍ പാർട്​സ്​​ ആക്കിമാറ്റുന്നത് കാണാന്‍ തന്നെ രസമാണ്. പുതിയ ഒരു കാര്‍ അതായി വില്‍ക്കുന്നതിലും നല്ലത് സ്പെയര്‍പാർട്​സ്​ ആക്കുന്നതാണെന്ന് പറഞ്ഞത് കൊത്തുസാമിയാണ്. ആ വിലയ്ക്ക് പുതിയ ഒരു കാര്‍ തന്നെ വാങ്ങാം. എൻജിന്‍ അഴിച്ചുമാറ്റുമ്പോള്‍ മാത്രം സാമി ഒന്ന് കരയും. ആ കരച്ചിലും ആർത്തലച്ചുകൊണ്ടാണ്. ഡേയ്... സത്തുപോനാടെ... ഇതോടെ ഉയിരെടുക്കറത് പാവം താനേ... എൻജി​െൻറ ചേസിസ് നമ്പര്‍ ലെഡ് ഉപയോഗിച്ച് മാറ്റുന്നതുവരെ ആ കരച്ചില്‍ തുടരും. സാമിക്ക് സാമിയുടേതായ ഒരു സമയമാണത്. എൻജിന്‍ നമ്പര്‍ മാറിയാല്‍ സാമിയൊരു നിലവിളിയുണ്ട്. ഡേയ്... പെഴച്ചിട്ടാനേ... കൊത്തുസാമിയെ കണ്ടതാണ് ഞാന്‍ ജീവിക്കാന്‍ കാരണമായത്. ഇല്ലെങ്കില്‍ ഏതെങ്കിലും പാതാളക്കുഴിയില്‍ ഞാന്‍ ഇല്ലാതാവുമായിരുന്നു.

(ഹപ്പള ചന്ദ്രുവി​െൻറ പുസ്തകത്തിലെ ഒമ്പതാം അധ്യായം മൂന്നാമത്തെ പാരഗ്രാഫ്.)

രാധാകൃഷ്ണന്‍ സാര്‍ ട്രാന്‍സ്ഫര്‍ ആയി. പോകുന്നതിനു മുന്നെ എന്നെ വിളിച്ചു: ഹരീന്ദ്രന്‍ സാറേ... വാഹനമോഷണം ഒരു പ്രഹേളികയാണ്. ആഴമറിയാത്ത ഒരു കടലുപോലെ അതങ്ങനെ പാതാളം വരെ പോകും. മുങ്ങാംകുഴിയിട്ടു മുങ്ങിയാല്‍ എന്താവും അവസ്ഥ എന്ന് ആര്‍ക്കും പറയാനാവില്ല. ചിലപ്പോള്‍ മുത്തുകിട്ടും, അല്ലെങ്കില്‍ ഏതെങ്കിലും തിമിംഗലത്തി​െൻറ വായില്‍പെടും. മുങ്ങണമെങ്കില്‍ മുങ്ങാം. അല്ലെങ്കില്‍ പതുക്കെ ഇതൊക്കെ എന്ത് എന്നമട്ടില്‍ തുഴഞ്ഞുപോകാം. കാലം മായ്ക്കാത്ത മുറിവുകളുണ്ടോ...

എനിക്കൊന്നും പിടികിട്ടിയില്ല. പൊലീസ് സ്​റ്റേഷനില്‍നിന്നും കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന നോട്ടീസ് കിട്ടിയാല്‍ മാത്രമേ ഇൻഷൂറന്‍സ് കമ്പനിയിലേക്ക് കയറാന്‍ പറ്റൂ. പൊലീസുകാര്‍ വരികയും പോവുകയും ചെയ്യും. അവരെപ്പോഴാവും ആ നോട്ടീസ് തരുന്നതെന്ന്‍ മാത്രം അറിയില്ല. അത് കിട്ടിയാലേ ബാങ്കുകാര്‍ക്ക് സമാധാനമാവൂ. എ​െൻറയരികിലൂടെ രാധാകൃഷ്ണന്‍ സാറിന് പകരം വന്ന എസ്​.ഐ നടന്നു. അയാളെന്നെ നോക്കി ചിരിച്ചുകൊണ്ട്‌ നടന്നുപോയി.

സാര്‍ എ​െൻറ കാര്‍... ഞാന്‍ വിളിച്ചു ചോദിച്ചു.

അന്വേഷിക്കുന്നുണ്ട് ഹരീന്ദ്രന്‍ സാറേ... അയാള്‍ നടക്കുന്നതിനിടയില്‍ തിരിഞ്ഞുനോക്കി പറഞ്ഞു.

സ്​റ്റേഷനില്‍നിന്നും ഇറങ്ങുമ്പോള്‍ ഒരു പിന്‍വിളി കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കി. അയാളെന്നോട് നന്നായി ചിരിച്ചു. എ​െൻറയടുത്ത് വന്ന്‍ കൈ തന്നു. ഞാനാ അപരിചിതനെ ഒന്നുഴിഞ്ഞു, എനിക്ക് മനസ്സിലാവാത്തപോലെ. കറുത്ത് കരിമുട്ടിപോലെ ദേഹം. ആ നിറത്തിന് ഒട്ടും ചേരാത്ത നിറത്തിലുള്ള ഷര്‍ട്ടും പാൻറും. എന്നാല്‍ അത് വളരെ വൃത്തിയുള്ളതും മാന്യവുമായിരുന്നു. അയാളുടെ കണ്ണുകളില്‍ ഒന്ന്‍ പകുതി അടഞ്ഞതായിരുന്നു. അതിനുമീതെ വെട്ടുകൊണ്ട് മുറിഞ്ഞ ഒരു പാടില്​ പൊറ്റകെട്ടിയിരുന്നു.

സാറ് വന്ത് സാമിയെപ്പാത്ത ആള് താനേ...

ഏത് സാമി...

തേങ്ങാപ്പാളയത്ത് കൊത്തുസാമീ...

നിങ്ങളാരാ...

സാര്‍... നീ അങ്കെ പോനതും കാറ്​ തേടുന്നതും കേള്‍വിപ്പെട്ടെ...സാര്‍ അന്ത കാര്‍ അങ്കേയില്ലേയ്... അതിന്നൊരു ആര്‍സിയിലെ ഓടുത്... പുതുകാറ്​ താനേ...

നിങ്ങളാരാ... എ​െൻറ കാറെവിടെയാ...

നാന്‍ യാരുമല്ലേയ്... ആനാ നീങ്ക അന്ത കാറേ തേടാതെ...

നിങ്ങള് പപ്പടം ചന്ദ്രനാണോ... എനിക്ക് അയാളെ കാണാന്‍ പറ്റുമോ...

പപ്പടം ചന്ദ്രനോ... അത് യാര് സാര്‍...

Tags:    
News Summary - madhupal story-madhyamam weekly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-26 01:15 GMT
access_time 2022-12-19 01:00 GMT
access_time 2022-12-12 02:45 GMT
access_time 2022-11-21 01:15 GMT
access_time 2022-11-07 02:00 GMT
access_time 2022-10-31 03:15 GMT
access_time 2022-10-24 03:45 GMT
access_time 2022-10-17 03:15 GMT
access_time 2022-10-10 03:45 GMT
access_time 2022-10-03 02:45 GMT
access_time 2022-09-26 03:00 GMT