ഗൗളിശാസ്ത്രം

തെറ്റിന്റെ തൊണ്ടിമുതലുകൂടിയാണ് ഓര്‍മകള്‍. കട്ടിലില്‍ കിടക്കുന്ന അച്ഛന് കഫം കുറുകിയപ്പോള്‍ അച്ഛനുവേണ്ടിയൊന്ന് ചുമച്ചു തുപ്പാന്‍ മനോഹരന്‍ വല്ലാതെ ആഗ്രഹിച്ചു. കഫംപോലെ ഒരോര്‍മ അച്ഛന്റെ ഉള്ളില്‍ കുറുകുന്നത് അയാള്‍ക്ക് കേള്‍ക്കാനാകുന്നുണ്ടായിരുന്നു. അതൊന്ന് ചുമച്ചുതുപ്പാനാവാതെ അച്ഛന്‍ വല്ലാതെ വിഷമിക്കുന്നുണ്ടെന്നും അയാള്‍ക്കറിയാം. ഇത് അച്ഛന്റെ അവസാന നിമിഷങ്ങളാണെന്ന തിരിച്ചറിവിലേക്ക് അയാള്‍ എത്തിച്ചേര്‍ന്നു. ''ഒരിറ്റ് വെള്ളം...'' അച്ഛന്റെ വരണ്ട ചുണ്ടുകളില്‍ മരുഭൂമി കണ്ട് അയാള്‍ക്ക് പൊള്ളി. ഒട്ടകത്തിന്റെ കൂനുപോലെ ചുമരിലേക്ക് വളഞ്ഞ മനോഹരന്റെ നിഴലനങ്ങി. അച്ഛന്റെ...

തെറ്റിന്റെ തൊണ്ടിമുതലുകൂടിയാണ് ഓര്‍മകള്‍.

കട്ടിലില്‍ കിടക്കുന്ന അച്ഛന് കഫം കുറുകിയപ്പോള്‍ അച്ഛനുവേണ്ടിയൊന്ന് ചുമച്ചു തുപ്പാന്‍ മനോഹരന്‍ വല്ലാതെ ആഗ്രഹിച്ചു. കഫംപോലെ ഒരോര്‍മ അച്ഛന്റെ ഉള്ളില്‍ കുറുകുന്നത് അയാള്‍ക്ക് കേള്‍ക്കാനാകുന്നുണ്ടായിരുന്നു. അതൊന്ന് ചുമച്ചുതുപ്പാനാവാതെ അച്ഛന്‍ വല്ലാതെ വിഷമിക്കുന്നുണ്ടെന്നും അയാള്‍ക്കറിയാം. ഇത് അച്ഛന്റെ അവസാന നിമിഷങ്ങളാണെന്ന തിരിച്ചറിവിലേക്ക് അയാള്‍ എത്തിച്ചേര്‍ന്നു. ''ഒരിറ്റ് വെള്ളം...'' അച്ഛന്റെ വരണ്ട ചുണ്ടുകളില്‍ മരുഭൂമി കണ്ട് അയാള്‍ക്ക് പൊള്ളി. ഒട്ടകത്തിന്റെ കൂനുപോലെ ചുമരിലേക്ക് വളഞ്ഞ മനോഹരന്റെ നിഴലനങ്ങി. അച്ഛന്റെ തൊണ്ടക്കുഴിയിലെ ഞരക്കത്തോടൊപ്പം വീടിന്റെ ജനല്‍പാളി തനിയെ തുറന്നു. ശരീരത്തെ ചൂഴുന്ന മരണത്തണുപ്പ്. പറമ്പില്‍നിന്ന് ജാതിമരങ്ങള്‍ അവസാന കാഴ്ചക്കെന്നോണം അയാളെ എത്തിനോക്കി. ''വെള്ളം...വെള്ളം...'' ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ അച്ഛന്‍ മകന്റെ നിറഞ്ഞ കണ്ണിലേക്ക് യാചനയുടെ തൊട്ടിയെറിഞ്ഞു.

ഓരോ പാത്രത്തിലും ഒരു കടലിനെ പ്രതീക്ഷിച്ചുകൊണ്ട് അയാള്‍ നാലുപാടും തിരഞ്ഞ് പരാജിതനായി. കുറച്ചുമുന്‍പ് അച്ഛനൊപ്പം ബ്രാണ്ടിയില്‍ ഒഴിച്ചുതീര്‍ത്ത മിനറല്‍വാട്ടറിന്റെ കുപ്പി, കാറ്റടിച്ച് കട്ടിലിനു ചുറ്റും ശയനപ്രദക്ഷിണം നടത്തുന്നുണ്ട്. ആട്ടിന്‍തല വരട്ടിയ പാത്രത്തിലേക്ക് ലോകത്തെ ചുരുക്കിക്കൊണ്ട് വിശപ്പാറ്റുന്നുണ്ട് ഒരു പൂച്ച. ആട്ടിന്‍ചോര പുരണ്ട പത്രക്കീറ് ജനല്‍വഴി കയറിവന്ന കാറ്റിന്റെ കൈകൊരുത്ത് പാറുന്നു. തൂശനിലയില്‍ ബാക്കിയായ തര്‍പ്പണച്ചോറുപോലെ ഒരു പാത്രത്തില്‍ മൂന്നുനാലു വറ്റുകള്‍ ഉണങ്ങികിടക്കുന്നുണ്ട്.

അയാള്‍ നിസ്സഹായനായി അച്ഛന്റെ മുന്നില്‍ നിന്നു. ആദിപാപത്തിന്റെ ലവണരുചി നിറഞ്ഞ ഉമിനീര്‍ കുമിളകള്‍ പൊടിഞ്ഞു. ദൂരെ കാട്ടുവള്ളികളാല്‍ മൂടപ്പെട്ട കിണറിലേക്കുള്ള ദൂരംതന്നെയാണ് അച്ഛന് മരണത്തിലേക്കും എന്ന് ഉറപ്പായതുകൊണ്ട് അയാള്‍ കിണറ്റിലേക്കോടിയില്ല. അച്ഛന്റെ അണിവിരല്‍ ദിശകാട്ടിയിടത്ത് ഒരു മണ്‍കുടം തുറന്നിരിപ്പുണ്ട്. അയാള്‍ ഓടിച്ചെന്ന് അതിലേക്ക് എത്തിനോക്കി. മൂക്കുപൊത്തി നെറ്റി ചുളിച്ച് പെട്ടെന്ന് തലവലിച്ചു. അതിനുള്ളില്‍നിന്ന് വല്ലാത്തൊരു ദുര്‍ഗന്ധം അടിച്ചു കയറി. അറപ്പോടെ അയാള്‍ വീണ്ടും ആ കൂജയിലേക്ക് നോക്കി. ചീഞ്ഞളിഞ്ഞ ഒരു പല്ലി.

മരണവീടുകളില്‍ കണ്ണടയ്ക്കുകയും ചെവി പൊത്തുകയും ചെയ്യുന്ന മനോഹരന്റെ മുന്നില്‍ മരണത്തിന്റെ ഉന്മാദലഹരിയില്‍ മദോന്മത്തനായ അച്ഛന്‍ മരണത്തിലേക്ക് ഒരു പക്ഷിയെപ്പോലെ ചിറകുവിരിച്ചു തുടങ്ങുന്നത് കണ്ട് അയാള്‍ക്ക് നെഞ്ചിടിപ്പ് കൂടി. താന്‍ ഒരിക്കലും കാണരുതെന്ന് കരുതിയ ദൃശ്യങ്ങളിലൊന്ന് തന്റെ കണ്‍മുമ്പില്‍ കാത്തുകിടക്കുന്നു. അയാള്‍ വീണ്ടും കൂജയിലേക്ക് നോക്കി. ഒരോർമ അതില്‍ കലങ്ങിത്തെളിഞ്ഞു.

അബുദാബിയിലെ ഫ്ലാറ്റില്‍നിന്നും ജോലിക്ക് പോകാന്‍ ധൃതിപ്പെട്ട് ഇറങ്ങുന്നതിനിടയില്‍ നാലഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് മനോഹരന്റെ ശിരോമധ്യത്തില്‍ മറ്റൊരു പല്ലി വീണിരുന്നു. ആ പിടിവിടലില്‍ മനോഹരന്റെ കുടുംബത്തില്‍ മരണംവരെ സംഭവിച്ചേക്കാവുന്ന ഗൗളിശാസ്ത്രം ഉണ്ടെന്നറിയാതെ പല്ലി ഹാളിലെ മേശക്ക് പുറകില്‍ ഒളിച്ചുകൊണ്ട് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്ന ഭാവത്തില്‍ അയാളുടെ കണ്ണിലേക്കു നോക്കി. പല്ലി വീണതിലെ ദുഃസൂചനയില്‍ ഞെട്ടിയ മനോഹരന്റെ മനസ്സ് കുടുംബത്തില്‍ സ്വാഭാവികമായി മരിക്കാന്‍ ഇടയുള്ളവരുടെ മുഖങ്ങളെ ഒരു മൊബൈല്‍ സ്‌ക്രീനില്‍ എന്നപോലെ തെളിയിച്ചു. അട്ടപ്പാടിയിലെ കുടിയേറ്റ കര്‍ഷകനായ എഴുപത്തിയെട്ടുകാരനായ അച്ഛനായിരുന്നു വരിയിലെ ഒന്നാമന്‍. പിന്നെ അത് പുതിയ ഫോണുകളിലെ ട്രാന്‍സിഷനുകളെ കവച്ചുവെക്കുന്ന രീതിയില്‍ അമ്മയുടെ മുഖമായി മാറി. മൂന്നുവര്‍ഷം മുന്‍പ് മരിച്ചുപോയതാണെങ്കിലും ഇപ്പോഴും അമ്മയുടെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാർഥിക്കുന്ന അമളിയെപ്പറ്റി അയാള്‍ അപ്പോള്‍ ഓര്‍ത്തു.

എല്ലാ പ്രാർഥനകളും ദൈവത്തിങ്കല്‍ എത്തുന്നില്ലെന്നും പ്രാർഥനകള്‍ കുരുങ്ങിക്കിടക്കുന്നിടം അന്വേഷിച്ച് പോയാല്‍ ദൈവത്തിന്റെ ചുവപ്പുനാടയില്‍ കുടുങ്ങി കുമിഞ്ഞുകൂടിയ ദശകോടി പ്രാർഥനകളെ കാണാമെന്നും ഒരുപക്ഷേ ദൈവം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത് കഴിഞ്ഞ തലമുറയുടെ പ്രാർഥനകള്‍ ആയേക്കാമെന്നും അയാള്‍ക്ക് തോന്നി.

സ്നേഹംകൊണ്ടും മരണംകൊണ്ടും കൂടെയുള്ളവരുടെ പെട്ടെന്നുള്ള വിടവാങ്ങലാണ് മനോഹരന് അതിജീവിക്കാന്‍ കഴിയില്ലെന്നുറപ്പുള്ള ഒരേ ഒരു കാര്യം. ഓരോ ദിവസവും അയാള്‍ പ്രിയപ്പെട്ടവരുടെ മരണം സ്വയം മനസ്സില്‍ കാണുകയും ആ മരണദൃശ്യങ്ങളും നിലവിളികളും ഓർമകളുമെല്ലാം സഹിക്കാന്‍ മനസ്സിനെ തയാറെടുപ്പിക്കുകയും ചെയ്യാറുണ്ട്. ഒരിക്കല്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ മറ്റൊരാളെ സ്‌നേഹിക്കുന്നൊരാള്‍ക്ക് ആ നഷ്ടമുണ്ടായാല്‍ ഇല്ലാതാവുന്നത് ആ ഭയം കൂടിയാണ്. അത് അയാളെ കുറച്ചൊന്നു ശാന്തമാക്കും, മറ്റൊരു ഭയം ഉടലെടുക്കുംവരെ. അതുകൊണ്ട് തന്നെ അയാള്‍ പുതിയ ബന്ധങ്ങള്‍ക്ക് തലെവച്ചുകൊടുക്കാറില്ല. മനോഹരനെ സംബന്ധിച്ച് മരണശേഷവും മറ്റൊരാളുടെ മനസ്സില്‍ തുടരാനുള്ള സമ്മതപത്രമാണ് ഓർമകള്‍. ജീവിച്ചിരിക്കുന്നതും മരിച്ചതുമായി തന്റെ ശ്വാസം കടംപറ്റുന്ന ഒരുപാടുപേരുണ്ട് മനോഹരന്റെ മനസ്സില്‍. പ്രിയപ്പെട്ട ഒരാളുമായുള്ള അവസാന കൂടിക്കാഴ്ച മരണം ആവരുതെന്ന് മനോഹരന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ മരണവീടുകളില്‍ ചെവി പൊത്തിയും കണ്ണുകള്‍ മുറുക്കിയടച്ചും പ്രതിരോധം തീര്‍ത്തു. പിന്നെപ്പിന്നെ അയാള്‍ ആരുടേയും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാത്ത തിരക്കുള്ളവനായി സ്വയം മാറി.

അമ്മയുടെ മരണം അറിയുന്നനേരത്ത് അബുദാബിയിലെ ഷവര്‍മക്കടയില്‍ ഇരുമ്പ് കമ്പിയില്‍ തിരിയുന്ന മാംസക്കൂമ്പാരത്തില്‍ ഒരു മഹത്തായ മാംസശിൽപം ചെത്തിപ്പരുവപ്പെടുന്നതും നോക്കിനില്‍ക്കുകയായിരുന്നു അയാള്‍. വിവരമറിഞ്ഞതും ആ തീച്ചൂളയില്‍ അയാളും വെന്തു. മാതൃത്വത്തെ മാനിച്ചുകൊണ്ടുതന്നെ അയാള്‍ ടിക്കറ്റ് കിട്ടിയില്ലെന്ന് കള്ളം പറഞ്ഞു. പക്ഷേ ആ മരണം അതിജീവിക്കാനുള്ള മനസ്സിന്റെ തയാറെടുപ്പുകള്‍ വെറുതെയായെന്ന് മാത്രമല്ല, ഓർമകളുടെ ഉറവ പൊട്ടിച്ചുകൊണ്ട് പണ്ടെന്നോ കുടിച്ച മുലപ്പാല്‍ തികട്ടിവരുകയും അയാള്‍ ഒരു കുഞ്ഞിനെപ്പോലെ കാറുകയും ചെയ്തു.


അമ്മയുടെ മരണത്തോടെ ഒറ്റയായ അച്ഛന്റെ കൂടെ ഒന്നോ രണ്ടോ ആഴ്ചകള്‍ മാത്രമാണ് മനോഹരന്‍ നിന്നിട്ടുള്ളത്. മറ്റൊരു മരണഭയംകൊണ്ടോ എന്തോ പെട്ടെന്നയാള്‍ കടലുകടന്നു. മരണനേരത്ത് അച്ഛനും തനിക്കും ഇടയില്‍ ഒരു കടല്‍ദൂരമുണ്ടാവണം എന്നയാള്‍ ആഗ്രഹിച്ചിരുന്നു. ആ ദിവസവും നാട്ടിലേക്കുള്ള വിമാനടിക്കറ്റ് കിട്ടില്ലെന്നും, അച്ഛന്റെ മരണാനന്തര ചടങ്ങില്‍ ഒരേയൊരു മകനായ തനിക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്നും മറ്റുള്ളവരെ പറഞ്ഞുബോധിപ്പിക്കാന്‍ അയാള്‍ കാലേക്കൂട്ടി തീരുമാനിച്ചിരുന്നു.

പക്ഷേ, കാലം ആ തീരുമാനം തിരുത്തുകയും, അവര്‍ക്കിടയിലെ കടല്‍ വറ്റിക്കുകയും ഒരിറ്റു വെള്ളത്തിനായി യാചിക്കുന്ന അച്ഛനെ ഒരു കൈദൂരത്തു കിടത്തുകയും ചെയ്തു. അയാള്‍ ഇല്ലാത്ത കടലിനായ് വീണ്ടും വീണ്ടും പാത്രങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു. അച്ഛന്റെ തൊണ്ടക്കുഴി വീണ്ടും ചലിച്ചു. ''വെള്ളം... വെള്ളം...'' അയാള്‍ ഗതികെട്ട് വീണ്ടുമാ കൂജയിലേക്ക് നോക്കി. പിന്നെ... നിന്നനില്‍പ്പില്‍ അയാളുടെ മനസ്സുറങ്ങിപ്പോകുകയും ആ നിദ്രയിലൊരു പെരുമഴ ഉണ്ടാവുകയും അടുത്തമാത്ര അയാളൊരു വേനലിലേക്ക് ഉണരുകയും ചെയ്തു.

കൂജയില്‍നിന്ന് ചീഞ്ഞളിഞ്ഞ ഗന്ധം മുറിയാകെ പടര്‍ന്നുതുടങ്ങി. അയാള്‍ മരണവീട്ടിലെന്നപോലെ ചെവിയും കണ്ണും അതിനൊപ്പം മൂക്കും പൊത്തിപ്പിടിച്ചു. പക്ഷേ അപ്പോഴേക്കും അയാളുടെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തുകൊണ്ട് അസ്വസ്ഥതയുടെ ഒറ്റക്കോശം മാത്രമുള്ള ഒരു വൈറസിനെപ്പോലെ ആ രഹസ്യം അച്ഛനില്‍നിന്നും അയാളിലേക്ക് പകര്‍ന്നിരുന്നു.

ഭൂമിയിലെ മുഴുവന്‍ ശ്വാസവും അച്ഛന് മതിയാവില്ലെന്ന് അയാള്‍ക്ക് തോന്നി. പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങള്‍, പറഞ്ഞു തീര്‍ക്കാത്ത പിണക്കങ്ങള്‍, തിരുത്താന്‍ പറ്റാത്ത ചില തെറ്റുകള്‍. അങ്ങനെയങ്ങനെ പിറവിയുടെ അവശേഷിപ്പുകള്‍ മുഴുവന്‍ ഒരു വാക്വം ക്ലീനര്‍ എന്നപോലെ അയാള്‍ വലിച്ചെടുക്കാന്‍ തുടങ്ങി. ആ ചുഴിയില്‍പെട്ട് അച്ഛനിലേക്ക് ചേരാതിരിക്കാന്‍ മനോഹരന്‍ അവിടെയുണ്ടായിരുന്ന മേശയില്‍ മുറുകെ പിടിച്ചു. ഉയരത്തില്‍നിന്നു പതിച്ച ഒരു പല്ലിയെപ്പോലെ.

രക്ഷപ്പെടാനായി പലതവണ വാല് മുറിക്കുന്ന പല്ലിയെപ്പോലെയാണ് മനുഷ്യരും. മറവികൊണ്ട് മുറിപ്പെടുത്തി ബന്ധങ്ങളെ അറുത്തു മാറ്റുന്ന വിരുതിന്റെ ഉടമകള്‍. ആ കൂജയിലെ ചീഞ്ഞ വെള്ളത്തെക്കാള്‍ ദുര്‍ഗന്ധം കുറച്ച് മുന്‍പ് അച്ഛന്‍ തന്നോട് പറഞ്ഞുകരഞ്ഞ സംഭവത്തിന് ഉണ്ട് എന്നയാള്‍ക്ക് ഉറപ്പായിരുന്നു. ആ രഹസ്യത്തിന്റെ കയ്പു കൊണ്ടാവണം മരണത്തിന്റെ കൈയില്‍നിന്ന് ഇരന്നു വാങ്ങിയ ശ്വാസത്താല്‍ ഏങ്ങിക്കരയുന്ന ആ വൃദ്ധനെ നോക്കി ''അച്ഛാ...'' എന്ന് വിളിക്കാനോങ്ങിയ മനോഹരന്‍ പിന്നെയത് വിഴുങ്ങിക്കളഞ്ഞത്.

നാട്ടിലേക്ക് വരുന്നതിന് മൂർധാവിലേക്ക് വീണ പല്ലി വരാന്‍ പോകുന്ന മരണത്തിന്റെ ദുഃസൂചന കാട്ടിയപ്പോള്‍ത്തന്നെ മനോഹരന്‍ അച്ഛന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇപ്പോള്‍ ചത്തുമലച്ച് കൂജയില്‍ കിടക്കുന്ന പല്ലിയപ്പോള്‍ അട്ടപ്പാടി കൊറവന്‍പടിയിലെ വീട്ടില്‍ അക്കങ്ങള്‍ മാഞ്ഞുതുടങ്ങിയ ഫോണിന് മുകളില്‍ തനിക്ക് കിട്ടാറുള്ള പതിവുവറ്റിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

വൈബ്രേഷനില്‍ പല്ലിക്ക് ഉടലാസകലം തരിച്ചു. അതിന് ഭൂമികുലുങ്ങുംപോലെ തോന്നി. അത് ചുമരിലേക്ക് എടുത്തുചാടി. അപ്രതീക്ഷിതമായ യാന്ത്രിക കമ്പനത്തോട് സമരസപ്പെടാനാകാതെ തലചുറ്റി പല്ലി മൂടിതുറന്ന മണ്‍കൂജയിലേക്ക് വീണു. മനുഷ്യന്റെ ഉടലിനോട് സമാനമായ കൂജയിലെ വഴുക്കില്‍ പിടിവിട്ട് പല്ലി വെള്ളത്തിലേക്ക് താഴ്ന്നു. രക്ഷപ്പെടാന്‍ ഒരു ശ്രമംപോലും നടത്താതെ അത് ചെറുചുഴിയില്‍ സ്വയമാഴ്ന്നു. അങ്ങനെ അറിയാതെയാണെങ്കില്‍പോലും മനോഹരനാല്‍ അത് കൊല്ലപ്പെട്ടു. അച്ഛന്റെ പിഴയുടെ ഏകസാക്ഷിയാണ് ചത്തു കിടക്കുന്നതെന്നും അച്ഛന്റെയും അതിന്റെയും മരണത്തോടെ ഭൂമിയില്‍ ആ രഹസ്യഭാരം ഇനി താനാണ് ചുമക്കേണ്ടതെന്നും അയാള്‍ക്ക് അറിയാമായിരുന്നു.

പല്ലി കൂജയില്‍ വീണ ശേഷം അച്ഛന്റെ ഫോണ്‍ വൈബ്രേഷന്‍ പൂര്‍ത്തിയാക്കി ചലനമറ്റു. മറുവശത്ത് മനോഹരന്‍ ഫോണെടുത്തു മേശപ്പുറത്തുെവച്ച് വല്ലാത്തൊരു മിടിപ്പോടെ കസേരയിലിരുന്നു. തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്ത് കണ്ണുപൊത്തി. ''ഇതൊക്കെ നിങ്ങടെ തോന്നലാ. പിന്നൊരു സമാധാനത്തിന് വേണമെങ്കില്‍ നാട്ടിലേക്കൊന്നു പോയിവാ...'' മനോഹരന്റെ ഭാര്യയുടെ വാക്കുകള്‍ ശരിവെക്കുംപോലെ ഫ്രിഡ്ജിന് മുകളിലിരുന്ന മൊട്ടത്തലയന്‍ പാവ തലയാട്ടി. അല്‍പ്പം കഴിഞ്ഞ് എല്ലാ സന്ദേഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് മനോഹരന്റെ ഫോണ്‍ ബെല്ലടിച്ചു. അത് അച്ഛനായിരുന്നു.

മനോഹരന്‍ കോള്‍ എടുത്തതും പതിവില്ലാത്ത ഇടര്‍ച്ച... ''നിന്റെ തള്ളയുടെ ഗതി തന്നെയാകും എനിക്കും. അങ്ങോട്ട് കെട്ടിയെടുക്കുന്നേനു മുന്നേ ജീവനോടെ കാണണേല്‍ ഒന്നിങ്ങു വാ. ഇനി അതല്ല തെരക്കാണെങ്കില്‍ വേണ്ട.'' മകനോട് ഫോണില്‍ സംസാരിക്കുന്ന നേരമത്രയും അയാളാ പല്ലിയെ ചുമരില്‍ തിരയുകയായിരുന്നു. അതിനുള്ള വറ്റുകള്‍ പതിവുപോലെ അയാളുടെ കൈയിലുള്ള പാത്രത്തില്‍ ഉണ്ടായിരുന്നു.

''എനിക്കിനി അധികകാലം ഇല്ല. ചത്തുമലയ്ക്കും മുന്നേ നിന്നെ ഒന്ന് കാണണം.'' അച്ഛന്റെ ശബ്ദം മുറിഞ്ഞ സിഗ്നലുകളായി കടല്‍ കടന്ന് മനോഹരന്റ ചെവിക്കരികില്‍ എത്തി മനസ്സ് കുലുക്കി. ''എനിക്ക് ചിലതൊക്കെ പറയാനുണ്ട്.'' ഇടയ്ക്ക് നിര്‍ത്തി വൃദ്ധന്‍ വീണ്ടും തുടര്‍ന്നു. ''നിന്നോട് മാത്രമായി ചിലത്.'' പിന്നീട് പറഞ്ഞതൊന്നും വ്യക്തമായി മനോഹരന് കേള്‍ക്കാന്‍ കഴിയാതെ വരികയും തന്നോട് മാത്രമായി പറയാനുള്ള കാര്യത്തിന്റെ ചിന്തയില്‍ മനസ്സുടക്കുകയും ചെയ്തു. ആ സംസാരം അച്ഛന്റെ നീണ്ട ചുമയിലാണ് അവസാനിച്ചത്.

കുറച്ചു മുന്നേ തലയിലേക്ക് വീണ പല്ലി ചുമരില്‍നിന്നും മനോഹരനെ ഇടംകണ്ണിട്ടു നോക്കി. ആ നോട്ടത്തിന്റെ ദുരൂഹതയില്‍ ഒരു ഇടിമിന്നല്‍ ഉണ്ടായി. മരിക്കുന്നതിന് മുന്നേതന്നെ അച്ഛനെ കാണണം. ജീവനില്ലാത്ത അച്ഛന്റെ ശരീരം താന്‍ കാണുകയില്ലെന്ന് പണ്ടേതന്നെ ഉറപ്പിച്ചതാണല്ലോ. ആ തീരുമാനത്തിന്റെ വെളിച്ചം പിടിച്ച് മനോഹരന്‍ നാട്ടിലേക്ക് തിരിച്ചു.

അച്ഛന് വേണ്ടി എയര്‍പോര്‍ട്ടില്‍നിന്ന് വാങ്ങിയ വിദേശമദ്യം ബാഗില്‍ ഇരുന്ന് കുലുങ്ങുന്ന താളത്തിലായിരുന്നു കോയമ്പത്തൂരില്‍നിന്ന് പാലക്കാട്ടേക്കും അവിടെനിന്ന് അട്ടപ്പാടിയിലേക്കുമുള്ള മനോഹരന്റെ യാത്ര. ''വരുന്നവഴിക്ക് കോട്ടപ്പുറം ചന്തയില്‍നിന്നൊരു ആട്ടിന്‍തല വാങ്ങണം.'' അച്ഛന്‍ ചുമച്ചുപറഞ്ഞത് അയാളോര്‍ത്തു. എന്തായിരിക്കും അച്ഛന് തന്നോട് മാത്രമായി പറയാനുള്ള ആ കാര്യം? യാത്രയിലുടനീളം ആ ചിന്ത മനോഹരനെ ആകുലപ്പെടുത്തി.

ഇതേസമയം രണ്ടുദിവസമായി കാണാതായ ആ പല്ലിയെ തിരഞ്ഞു മടുത്ത വൃദ്ധന്‍ കട്ടിലില്‍ ഇരിക്കുകയും പിന്നെ അതിലേക്കുതന്നെ ചായുകയും ചെയ്തു. അയാള്‍ മലര്‍ന്നുകിടന്ന് ഓട്ടിന്‍പാളികളിലേക്ക് നോക്കി. ''എന്നാലും എവിടെ ആയിരിക്കും ഇപ്പോള്‍ അവന്‍?'' തൊട്ടടുത്ത് മണ്‍കൂജയില്‍ അത് ചത്തുമലച്ചതറിയാതെ അയാള്‍ തന്റെ കലങ്ങിയ കൃഷ്ണമണികളുടെ അവശത മറന്ന് ചിതല്‍വരമ്പുകള്‍ക്കും മാറാലകള്‍ക്കുമിടയിലൂടെ പല്ലിയെ തിരഞ്ഞു. കുറച്ചുകാലമായി ആ പല്ലി മാത്രമായിരുന്നു ആയാളുടെ കൂട്ട്. തന്റെ മഹാരഹസ്യത്തിന്റെ ഏകസാക്ഷി.

കോട്ടത്തറ ചന്തയുടെ ബഹളങ്ങളിലേക്കാണ് മനോഹരന്‍ ഇറങ്ങിച്ചെന്നത്. ഓർമകളൊഴിഞ്ഞ് വെറും ഉടല്‍ മാത്രമായി മാറിയ ഒരു പടുകിഴവനെപ്പോലെ അത് മനോഹരനെ നെറ്റിചുളിച്ചു നോക്കി. മനോഹരന്റെ തലയിലെ ഇടതൂര്‍ന്ന മുടികള്‍ പൊഴിഞ്ഞ് ഉച്ചിയില്‍ സ്‌കൂള്‍ഗ്രൗണ്ടിന്റെ വട്ടത്തില്‍ കഷണ്ടി കയറിയ സമയമേ എടുത്തുള്ളൂ ചന്തക്കും ഈ മാറ്റം വരാന്‍. പണ്ട് അച്ഛന്റെ കൂടെ റാഗിയും വിളകളും വില്‍ക്കാനായി ഈ ചന്തയില്‍ വന്ന കാലം മനോഹരന്റെ മനസ്സില്‍ കൊക്കയം ടാക്കീസിലെ സ്‌ക്രീനിലെന്നപോലെ കളി തുടങ്ങി. മൂവാറ്റുപുഴയിലെ തറവാട്ടില്‍നിന്ന് അനിയത്തിയും താനും അച്ഛനും അമ്മക്കുമൊപ്പം മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അട്ടപ്പാടിയിലേക്ക് ആദ്യമെത്തിയത് അയാളോര്‍ത്തു. അതിനുശേഷം ഒരുപാട് തവണ ഈ ചന്തയില്‍ വന്നിട്ടുണ്ട്. ഇതുപോലെ ഒരു ചന്ത ദിവസമായിരുന്നു അനിയത്തി മഞ്ഞപ്പിത്തം വന്ന് മരിച്ചതും.

പെട്ടെന്ന് മനോഹരന് എക്കിള്‍ വന്നു. എക്കിളിലെ കച്ചവടസാധ്യതയെ മുതലെടുത്തുകൊണ്ട് ഒരു കുപ്പിവെള്ളക്കച്ചവടക്കാരന്‍ മനോഹരനെ വര്‍ത്തമാനകാലത്തിലേക്ക് കൈകാട്ടി വിളിച്ചു. ചേട്ടാ വെള്ളം കുടി. വെറും ഇരുപത് രൂപ. മനോഹരന്‍ ഒരു കുപ്പി വെള്ളം വാങ്ങി രണ്ടു കവിള്‍ കുടിച്ചു.

ഗള്‍ഫിലെ കച്ചവടക്കാരന്‍ എന്ന അഹങ്കാരത്തെ അയാള്‍ വെറുമൊരു ഉപഭോക്താവിലേക്ക് ചുരുക്കി. കുപ്പിവെള്ളം ബാഗിലിട്ട് മനോഹരന്‍ നടന്നുപോകുമ്പോഴാണ് അറവുശാലയില്‍ ഒരാട് കരഞ്ഞത്. അച്ഛനുവേണ്ടി ആട്ടിന്‍തല വാങ്ങാനാണ് അവിടേക്ക് വന്നതെന്ന കാര്യം അപ്പോഴയാളോര്‍ത്തു.

കശാപ്പിനായി കെട്ടിയ പെണ്ണാടിനെ ഏന്തിവലിഞ്ഞു ഭോഗിക്കുന്ന മുട്ടനാട്. ബീജം അഗാധഗര്‍ഭത്തിലേക്ക് എത്തുന്ന നേരംവരെ കശാപ്പുകാരന്‍ കത്തി കടഞ്ഞുകൊണ്ടിരുന്നു. പിന്നെ പെണ്ണാടിനെ വലിച്ച് ഒരു മരക്കഷണത്തില്‍ കിടത്തി സഹായികള്‍ കാലും തലയും പിടിച്ചുകൊടുത്തു. സത്യത്തില്‍ തലക്കും ഉടലിനുമിടയില്‍ കയറുകൊണ്ട് അതിരു കെട്ടിയാണ് മനുഷ്യന്‍ ആടുമാടുകളെ പോറ്റുക. ഒടുവില്‍ കശാപ്പുകാരന്റെ വെട്ടില്‍ ഉടലും തലയും വേര്‍പെടുമ്പോള്‍ അനാഥമാവുന്ന ആ കയറിനെ പറ്റി മാത്രമാവും അവറ്റകളുടെ ചിന്ത. ബാക്കിയെല്ലാം മനുഷ്യന്‍ മസാല ചേര്‍ത്തിളക്കി ഉണ്ടാക്കുന്ന കഥകളാണെന്ന് അയാള്‍ക്ക് തോന്നി.

കശാപ്പുകാരന്റെ കത്തിയുടെ താളത്തില്‍ ചുമരില്‍ തെറിച്ച ചോരയില്‍ ഒരു ആട്ടിന്‍ കുട്ടി തുള്ളിക്കളിക്കുന്ന ചിത്രം തെളിഞ്ഞു. ചരമങ്ങള്‍ അച്ചടിച്ച പത്രക്കീറില്‍ പൊതിഞ്ഞാണ് കശാപ്പുകാരന്‍ ആട്ടിന്‍തല മനോഹരന്റെ കൈയില്‍ കൊടുത്തത്. മനുഷ്യരുടെ മരണവാര്‍ത്തകള്‍കൊണ്ട് മറച്ച മറ്റൊരു ജീവിയുടെ മരണത്തെ കണ്ണും ചെവിയും പൊത്താതെ കൈകളിലേക്ക് വാങ്ങിയനേരം പൊതിക്കുള്ളിലെ കൊമ്പുകൊണ്ട് പത്രം ചെറുതായൊന്നു കീറിയത് മനോഹരന്‍ ശ്രദ്ധിച്ചു. പുറത്തേക്കുതള്ളിയ കൊമ്പിനോട് ചേര്‍ന്നുനിന്ന വാര്‍ത്തയില്‍ അയാളുടെ കണ്ണ് തറച്ചു. ആദിവാസിബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അറുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. ആ വാര്‍ത്തയുടെ കൊളുത്തു വന്നുവീണത് അച്ഛന് തന്നോട് മാത്രമായി പറയാനുള്ള കാര്യമെന്താണെന്ന ചിന്തയിലേക്കാണ്. മനോഹരന്റെ മനസ്സുലഞ്ഞു. നമ്മളും ഈ ലോകവും വെറും ഊഹാപോഹങ്ങള്‍മാത്രമാണെന്നും നമ്മളീ കഷ്ടപ്പെടുന്നതും അധ്വാനിക്കുന്നതും സമ്പാദിക്കുന്നതും ചിരിക്കുന്നതും കരയുന്നതും സ്‌നേഹിക്കുന്നതുമെല്ലാം മറ്റാരുടെയോ വെറും ഊഹങ്ങള്‍ മാത്രമാണെന്ന് നമ്മളും വെറുതെയൊന്ന് ഊഹിച്ചാല്‍ എല്ലാ പ്രശ്നങ്ങളും തീരാവുന്നതേയുള്ളുവെന്നും അയാള്‍ക്ക് തോന്നി.

ഭവാനിപ്പുഴയും കടന്ന് മനോഹരന്‍ വടക്കോട്ട് നടന്നു. അയാള്‍ക്ക് വിശക്കുന്നുണ്ടായിരുന്നു. അട്ടപ്പാടിയിലെ കാട്ടുമണ്ണ് വിശക്കുന്നവരെ വരവേല്‍ക്കുന്നതാണെന്ന് അച്ഛന്‍ പണ്ട് പറഞ്ഞിരുന്നത് മനോഹരന്‍ ഓര്‍ത്തു. അധികം വൈകിക്കാതെ ഈ മണ്ണില്‍ അച്ഛനെപ്പോലെ നല്ലൊരു കര്‍ഷകനായി ജീവിച്ചു തുടങ്ങണം. വീട്ടിലേക്കുള്ള വഴികടക്കുമ്പോള്‍ ഒരു മരത്തില്‍ മരംകൊത്തി ആഞ്ഞുകൊത്തുന്നുണ്ടായിരുന്നു. ജാതിമരങ്ങളും ചെടികളും ചേര്‍ന്ന് മനോഹരനെ തണുപ്പിച്ചു.

വെളിച്ചം മറച്ചുകൊണ്ട് പടര്‍ന്നുപന്തലിച്ച കൈപ്പവള്ളിയുടെ തണലില്‍നിന്നും ദിശമാറി വെളിച്ചത്തിലേക്ക് സഞ്ചരിക്കുന്ന മുല്ലപ്പടര്‍പ്പ് കണ്ട മനോഹരന്‍ വിപരീത സഞ്ചാരിയെപ്പോലെ മൗനിയായി. ജനിച്ചുവീഴുന്ന ഓരോ മനുഷ്യനിലേക്കും പടര്‍ന്നുകയറുന്നുണ്ട് വള്ളിപ്പടര്‍പ്പുകള്‍. അതില്‍ കായ്കളും പൂക്കളും വിരിയും. കിളികള്‍ കൂടുകൂട്ടും. ഒടുവില്‍ മറ്റാര്‍ക്കും കാണാനാവാത്തവിധം അത് നമ്മെ മറയ്ക്കും. മരണത്തിന്റെ മുന്തിരിവള്ളികള്‍ ജീവനെ പുണരുന്നത് അങ്ങനെയാവുമെന്ന് മനോഹരന് തോന്നി.

ആട്ടിന്‍തലക്കു ചുറ്റും ഈച്ചകളുടെ നൃത്തം. യാചനയുടെ മ്യാവൂ പാടിയൊരു പൂച്ച ഒപ്പം കൂടി. പിന്നെയത് മനോഹരന്റെ കാലുകള്‍ക്കിടയിലൂടെ ശരീരവും വാലും ഉരച്ച് പരസ്പരപൂരകമായൊരു സ്‌നേഹബന്ധത്തിന് സന്നദ്ധത പ്രകടിപ്പിച്ചു. പൂച്ച ആട്ടിന്‍തലയിലേക്ക് നോക്കി വെള്ളമിറക്കി. അയാള്‍ പൂച്ചയുടെ സാമര്‍ഥ്യം മനസ്സിലാക്കി പൊതി ഉയര്‍ത്തിപ്പിടിച്ചു.

ആട്ടിന്‍തലയില്‍ മസാല പിടിക്കുന്ന മണം അടച്ചിട്ട വാതിലിനപ്പുറം പൂച്ചയെ അസ്വസ്ഥനാക്കി. അത് പലവുരു വാതിലിനു മാന്തി. പിന്നെയത് വാലിനു തീപിടിച്ച കണക്കേ ഉമ്മറത്ത് ഉലാത്താന്‍ തുടങ്ങി. അടുക്കളച്ചുമരിലെ പഴക്കമേറിയ കരിയടരുകളില്‍ ഒരു ബാലന്റെ രൂപം തനിക്ക് മാത്രമാണോ കാണാന്‍ കഴിയുന്നതെന്ന് ആലോചിച്ചുകൊണ്ട് മനോഹരന്‍ ആട്ടിന്‍തല വെന്തുതുടങ്ങിയ പാത്രത്തില്‍നിന്നും കുറച്ചെടുത്ത് കൈയിലൊഴിച്ച് രുചിച്ച് വീണ്ടും ചുമരിലേക്ക് നോക്കി. ഇത്തവണ ആ രൂപം അയാളുടെ കണ്ണുകള്‍ക്ക് പിടികൊടുക്കാതെ എവിടെയോ മറഞ്ഞു. അയാള്‍ തോളിലെ തോര്‍ത്തില്‍ കൈ തുടച്ച് ഒരു പൂച്ചയെപ്പോലെ തന്റെ ഉള്ളിലെ ജിജ്ഞാസയുടെ വാതിലും മാന്തിക്കൊണ്ട് അച്ഛനോട് ചോദിച്ചു. ''അച്ഛനെന്താ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞത്?''


ഇമവെട്ടാതെ അടുപ്പിലെ തീയിലേക്കുതന്നെ വൃദ്ധന്‍ കണ്ണുകളുറപ്പിച്ചു. ''നീ എത്ര ദിവസം കാണും ഇവിടെ?'' ''കഷ്ടിച്ച് ഒരാഴ്ച.''പാര്‍ക്കിന്‍സണ്‍സിന്റെ പ്രഹരമേറ്റ് പേശികളില്‍നിന്ന് വികാരങ്ങളൊഴിഞ്ഞ മുഖമായിരുന്നു ആ വൃദ്ധന്റേത്. അച്ഛന്റെ ഉള്ളിലിരിപ്പ് മുഖത്തുനിന്നും മായ്ച്ചുകളഞ്ഞ രോഗത്തോട് മനോഹരന് അരിശം തോന്നി. വികാരങ്ങള്‍ മറയ്ക്കുന്ന മാസ്‌ക്കണിഞ്ഞതുപോലെ അച്ഛന്‍.

മനസ്സില്‍ മായാതെ കിടക്കുന്ന കരടുകള്‍ അടിഞ്ഞുകൂടിയ ഭാരത്താലെന്നപോലെ വൃദ്ധന്‍ കൈകള്‍ രണ്ടും പുറകിലേക്കാക്കി ഓട്ടിന്‍പുറത്തേക്ക് നോക്കി. മനോഹരനും അച്ഛന്റെ നോട്ടത്തിനൊപ്പം പോയി. അയാള്‍ പല്ലിയെ തിരയുകയാണെന്ന് മനോഹരന് മനസ്സിലായില്ല.

ഒന്നും രണ്ടും മൂന്നും തവണ ഉരച്ചിട്ടും തന്നെ നോക്കി പല്ലിളിച്ചു കാണിക്കാത്ത കറ പിടിച്ചൊരു പാത്രത്തിലേക്ക് മനോഹരന്‍ ആട്ടിന്‍തലവരട്ടിയതൊഴിച്ചു. അതിന്റെ മണമേറ്റ് വിശപ്പ്മൂത്ത പൂച്ച പുലിയെപ്പോലെ വീടിന് ചുറ്റും പരക്കംപാഞ്ഞു. മനോഹരന്‍ തനിക്കും അച്ഛനും വേണ്ടി തലക്കറി രണ്ടു പാത്രങ്ങളിലായി വിളമ്പി. ബാഗില്‍നിന്ന് അയാള്‍ മിനറല്‍ വാട്ടറിന്റെ കുപ്പി എടുത്ത് മദ്യത്തില്‍ കലര്‍ത്തി. അച്ഛന്റെ ഉള്ളിലെ മഹാഭാരം ഇറക്കിവെക്കാന്‍ ഒരു ചുമടുതാങ്ങിയായിരുന്നു അയാള്‍ ഗ്ലാസിലേക്ക് പകര്‍ന്ന ആ ലഹരി.

മദ്യം ആ വൃദ്ധന്റെ തലയില്‍ കയറി ഓർമച്ചില്ലകളെ ഉലയ്ക്കാന്‍ തുടങ്ങി. പഴുത്തുപാകമായ രഹസ്യങ്ങള്‍ അയാളുടെ മകനുമുന്നില്‍ പൊഴിയാനാഞ്ഞു. ''നാലു മലകള്‍ക്കിടയിലെ അഞ്ചേക്കര്‍ കാട്ടുമണ്ണ്. മല്ലേശ്വര ക്ഷേത്രത്തിലെ ശിവരാത്രിയുത്സവത്തിന്റെ ആഘോഷങ്ങള്‍ക്കിടയിൽ ഇതിലും വീര്യം കൂടിയ നല്ല നാടന്‍ ചാരായവും പിന്നെ ഏക്കറിനു 100 രൂപാക്കണക്കും തീര്‍പ്പാക്കിക്കൊടുത്ത് മൂപ്പന്റെ കൈയില്‍നിന്ന് വാങ്ങിയതാണ്. അന്ന് നീയും നിന്റനിയത്തിയും കൊച്ചുങ്ങളാണ്. പിന്നെ ഇവിടെ ഈ വീട് പൊങ്ങി. കൃഷിയിറക്കി. എല്ലാത്തിനും സഹായത്തിന് ആ ഇരുളന്‍മാരുണ്ടായിരുന്നു. അവരുടെ കൈയില്‍നിന്ന് ചുളുവില്‍ വാങ്ങിയ മണ്ണില്‍ അവരെത്തന്നെ പണിക്കിറക്കി ഞാനവര്‍ക്ക് കൂലി കൊടുത്തു. അവരോടുള്ള കൂറ് മണ്ണ് വിളവായി എനിക്കു തന്നു. പിന്നൊരു മൂന്നുകൊല്ലം കഴിഞ്ഞ് ഒരു പുത്തന്‍ പണക്കാരെന്റ പത്രാസോടെ മൂവാറ്റുപുഴക്കൊന്നു പോയി. അന്ന് പുല്‍തൈലത്തിന് 400 രൂപ വിലയുള്ള കാലമാണ്. നാൽപത് ലിറ്റര്‍ തൈലവുമായി നാട്ടില്‍ ചെന്നു. എന്റെ സഞ്ചിയിലെ തൈലത്തിന്റെ ശക്തികൊണ്ടോ മറ്റോ നാട്ടിലെ കുറേ ചെറുപ്പക്കാര് പിന്നീടങ്ങോട്ട് നാടുവിട്ട് പോയിട്ടുണ്ട്. ഉറ്റവരുടെ ദാരിദ്ര്യത്തിലേക്കാണ് ഞാന്‍ ചൂണ്ടയെറിഞ്ഞത്. ഇരതടഞ്ഞ പ്രാപ്പിടിയന്റെ സന്തോഷംപോലെയൊന്ന്. സത്യത്തില്‍ അന്നൊക്കെ ഞാന്‍ സന്തോഷിച്ചിരുന്നത് ഒരു വരയ്ക്കപ്പുറം ഞാന്‍ നിര്‍ത്തിയിരുന്ന മനുഷ്യരുടെ വിഷമം കാണുമ്പോഴാണ്. മാങ്കനികള്‍ പോലെ ഓര്‍മകള്‍ അടര്‍ന്നു തുടങ്ങി. ''പരാജയത്തെ പിന്തുടര്‍ന്ന് ജയിച്ചവരുടെ എണ്ണത്തെക്കാള്‍ വിജയത്തെ പിന്തുടര്‍ന്ന് പരാജയപ്പെട്ടവരുടെ എണ്ണമല്ലേ ലോകത്ത് കൂടുതല്‍?'' മനോഹരന്‍ മനസ്സിലോര്‍ത്തു. അച്ഛനൊരിക്കലും തോറ്റ മനുഷ്യനല്ലെന്ന് മനോഹരനറിയാമായിരുന്നു. ''എന്നാലും ഈ അവസാനകാലത്ത് അച്ഛന്‍ ഒരു വണ്ടിനെപ്പോലെ മലര്‍ന്നുകിടന്ന് കൈകാലുകളിട്ടടിക്കുന്നത് എന്തിനാണ്?''

''സത്യത്തില്‍ ഈ മണ്ണ് നമ്മുടേതല്ലെന്നൊരു തോന്നലുണ്ട്...'' ചിറിയിലൂടെയൂറിയ ചാറ് തുടച്ച് വയസ്സന്‍ പറഞ്ഞു. ഏതോ അവയവം അറ്റുപോകുംപോലെ ഒരാന്തല്‍ മനോഹരന്റെ അടിവയറില്‍ ഉരുണ്ടുകൂടി. ''കഴിഞ്ഞത് മറന്ന് ഈ നിമിഷത്തില്‍ ജീവിക്കച്ഛാ.'' ഒരു കവിള്‍ ബ്രാന്‍ഡി ഒറ്റവലിക്ക് കുടിച്ചിറക്കി മനോഹരന്‍ മനസ്സിന്റെ സംഘര്‍ഷമൊഴിവാക്കാന്‍ ഒരു ശ്രമം നടത്തിനോക്കി. ''എല്ലാത്തിനും നമ്മുടെ കൈയില്‍ രേഖകളുണ്ട്. ആധാരമില്ലേ. കോടതിയില്ലേ. നിയമം ഇല്ലേ. പിന്നെന്തിനാണച്ഛാ ഈ സംശയമൊക്കെ?'' മനോഹരന്‍ ജനാലവഴി കയറിവന്ന ഒരു മരത്തിന്റെ നിഴലിലേക്ക് നോക്കി.

വൃദ്ധന്‍ ഒരിറക്ക് മദ്യം കുടിക്കുകയും ആട്ടിന്‍തല തൊട്ടുനക്കുകയും ചെയ്തു. ഇടയ്ക്കയാളുടെ ശ്വാസഗതിക്ക് വേഗമേറി. പൊറ്റപിടിച്ച മുടികളുള്ള തലയില്‍ കൈതടവി അയാള്‍ ഉച്ചത്തില്‍ കാര്‍ക്കിച്ചു. കട്ടിലിനടിയില്‍നിന്ന് മണ്ണ് നിറച്ചൊരു ചിരട്ട വലിച്ചെടുത്ത് അയാള്‍ കഫം തുപ്പി. നേര്‍ത്ത കിതപ്പോടെ വൃദ്ധന്‍ തുടര്‍ന്നു... ''നിനക്കറിയില്ലേ ആ മുരുകനെ?'' ''ഇന്നാള് ചത്ത ആ ചെറുക്കന്റെ തന്തയല്ലേ?'' അതെയെന്നു തലയാട്ടുന്നതിനിടെ വൃദ്ധന്‍ കുറച്ചുകൂടി ധൈര്യം കുടിച്ചു. അത് തൊണ്ടയില്‍നിന്ന് അയാള്‍ പ്രയാസപ്പെട്ട് ഇറക്കി. അപ്പോള്‍ പുറത്ത് ആടി ഉലഞ്ഞ ജാതിമരങ്ങള്‍ക്കിടയില്‍ നിന്ന് ഒരു പത്തു വയസ്സുകാരന്റെ ചൂളംവിളി കണക്കെ കാറ്റ് വീടിനകത്തേക്ക് കടന്നു. ആകാശം ഇരുണ്ട് മഴമുട്ടി നിന്നു.

ജനലഴികളിലൂടെ ഒരു സര്‍ക്കസുകാരന്റെ മെയ്‌വഴക്കത്തില്‍ പൂച്ച ഒരുചാട്ടം.

''ചത്തുപോയ ആ ചെറുക്കനെപ്പറ്റി എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.'' ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കിയതിനെല്ലാം പഴകുംതോറും വീര്യമേറുമെന്നും അത് വീര്‍പ്പുമുട്ടിക്കുമെന്നുമുള്ള തിരിച്ചറിവില്‍ വൃദ്ധന്‍ ഉഴറി. അരനൂറ്റാണ്ടുകാലത്തോളം കൈവശം െവച്ച മണ്ണ് തന്റേതല്ലെന്ന തോന്നലുണ്ടാകുന്ന നിമിഷങ്ങളില്‍ ആ വൃദ്ധന്‍ പെട്ടിതുറന്ന് അലാവുദ്ദീന്റെ മാന്ത്രിക പരവതാനിപോലെയുള്ള ആധാരം എടുത്തുനോക്കി ധൈര്യപ്പെടും. രാവിലെ ഉമിക്കരികൊണ്ട് പല്ലുതേച്ച് മുറ്റത്തെ തെങ്ങോലയില്‍നിന്ന് ഈര്‍ക്കില്‍ മുറിച്ചെടുത്ത് രണ്ടായി കീറുമ്പോള്‍ അയാള്‍ക്ക് സ്വര്‍ഗവും നരകവും ഓർമവരും. ഇടതു കൈയിലുള്ളത് നരകം, വലതിലുള്ളത് സ്വര്‍ഗം. അയാള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു. പിന്നെ ഇടതുകൈയിലെ നരകത്തെ വളച്ചെടുത്ത് നാക്ക് വടിക്കും. കാര്‍ക്കിച്ചു തുപ്പും. പൊതുചടങ്ങില്‍ കൃഷിഭവന്റെ മാതൃകാ കര്‍ഷകനുള്ള പൊന്നാട കിട്ടിയപ്പോഴും ചാനലിലും പത്രത്തിലും മുഖം വന്നപ്പോഴും ചിരിക്കാന്‍ കഴിയാഞ്ഞത് പേശികളുടെ പ്രശ്‌നംകൊണ്ടല്ലെന്ന തിരിച്ചറിവും അയാള്‍ക്കുണ്ടായിരുന്നു. പത്രത്തില്‍ അച്ചടിച്ചുവന്ന 'പ്രകൃതിയുടെ വിരുതറിയുന്ന കര്‍ഷകന്‍' എന്ന തലക്കെട്ട് നോട്ടപിശകുകൊണ്ടു മാത്രമല്ല ആവര്‍ത്തിച്ചുള്ള വായനയില്‍പോലും അയാള്‍ക്ക് തെറ്റിയത്. സ്വയം നിയന്ത്രിക്കാന്‍ ത്രാണിയില്ലാത്തൊരുത്തനെ സംബന്ധിച്ച് ഓർമകളെക്കാള്‍ മാരകമായ മറ്റൊന്നും ലോകത്തില്ല. ഓർമകളുടെ ഇരയായി മരിച്ചൊരാള്‍ക്ക് ഏഴു ജന്മമെന്ന മരണാനന്തര അവകാശത്തെ നിഷേധിക്കാനുള്ള ശരികളുണ്ടെന്ന ഓര്‍മയില്‍ വൃദ്ധന്‍ എണ്ണതെളിഞ്ഞ ചാറിലേക്ക് ചൂണ്ടുവിരലാഴ്ത്തി. ''ലോകത്ത് മനുഷ്യനെയല്ലാതെ മറ്റൊന്നിനെയും ഓർമകള്‍ വേട്ടയാടാറില്ല. പുനര്‍ജന്മം സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അല്ലെങ്കിലും, എനിക്ക് സത്യമല്ലാത്ത ഒന്ന് മറ്റൊരാള്‍ക്കെങ്ങനെ നുണയാവും. ഒരിക്കലെങ്കിലും സ്വയം വെറുക്കാത്ത മനുഷ്യനുണ്ടെങ്കില്‍ അയാള്‍ തീര്‍ച്ചയായും മരണത്തെ അതിജീവിക്കാന്‍ യോഗ്യതയുള്ളവനായിരിക്കും...'' അയാളുടെ ചിന്തകള്‍ ചിതറിത്തെറിക്കുന്ന കനികളായി.

ഒരിക്കല്‍ പറമ്പിലെ കശുമാവിന് മരുന്നടിക്കാന്‍ മുരുകന്‍ വന്നപ്പോള്‍ കൂടെ മകനുമുണ്ടായിരുന്നു. 'പൊന്നന്‍' എന്നായിരുന്നു അവന്റെ പേര്. പക്ഷേ ഞാന്‍ അവനെ അങ്ങനെ വിളിച്ചിട്ടില്ല. എടാ ഇരുളാ എന്നു വിളിക്കും. അവനൊരു സൂക്കേടുകാരനായിരുന്നു. ഊരിലെ പിള്ളേര്‍ക്കുള്ള അസുഖങ്ങളൊക്കെത്തന്നെ. എങ്കിലും മിടുക്കനായിരുന്നു. എനിക്കും മുമ്പേ അവനീ വീട് നില്‍ക്കുന്ന സ്ഥലം അറിയും എന്നവന്‍ പറയും. നമ്മുടെ ആഞ്ഞിലി മരത്തില്‍ നമുക്കും മുമ്പേ ഊഞ്ഞാല് കെട്ടിയിട്ടുണ്ടെന്ന് അവന്‍ പറയും. ഈ പറമ്പിലെ പൂമ്പാറ്റകളോടും കിളികളോടും എന്തിന് ആകാശത്ത് പറക്കുന്ന പക്ഷിയുടെ നിഴലിനോട് വരെ പലതവണ സംസാരിച്ചിട്ടുണ്ടെന്നൊക്കെ അവന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇതൊന്നും ഒട്ടും വിശ്വസിച്ചിരുന്നില്ല. പക്ഷേ അവന്‍ ഉറച്ചുതന്നെ പറയും. എന്നെക്കാളും ഒത്തിരി മുന്‍പേ അവന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നാണ് അതിനര്‍ഥം. അവന്‍ ഇവിടെ കൃഷി നടത്തിയിട്ടുണ്ടെന്നും മാറിവരുന്ന സര്‍ക്കാറുകളുടെ ഒരിക്കല്‍പോലും ലഭിക്കാത്ത ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ഒറ്റക്ക് സമരം നടത്തിയിട്ടുണ്ടെന്നും അത് നേടിയെടുത്തിട്ടുണ്ടെന്നുമൊക്കെ. സത്യം പറയാമല്ലോ ഇടയ്ക്കൊക്കെ എനിക്കത് സത്യമാണെന്ന് തോന്നിയിട്ടുണ്ട്. കാരണം ഈ വീട് നില്‍ക്കുന്നിടത്ത് ആനപോലൊരു പാറ ഉണ്ടായിരുന്നെന്നും രാത്രിയില്‍ മരപ്പട്ടികളോട് കുശലം പറഞ്ഞ് വാറ്റുചാരായം കുടിച്ച് ആ പാറയില്‍ കിടക്കുമ്പോള്‍ ആകാശത്ത് നൂറായിരം മിന്നാമിനുങ്ങുകള്‍ നിറയും എന്നും അവന്‍ പറഞ്ഞു. ശരിയാണ് ഇവിടെ അങ്ങനെ ഒരു പാറ ഉണ്ടായിരുന്നത് എനിക്ക് ഓർമയുണ്ട്. ആദ്യകാലത്ത് ഞാനിവിടെ അത്രയും മിന്നാമിനുങ്ങുകളെയും കണ്ടിട്ടുണ്ട്. എന്തായാലും ഞാനവനെ ഒരു ആനയെപ്പോലെ ഭയപ്പെട്ടു. പക്ഷേ അത് പുറത്തുകാണിക്കാതെ അവന്റെ മേല്‍ ഞാന്‍ കീഴ്‌പ്പെടുത്തലിന്റെ തോട്ടി ചാരി െവച്ചു. ''രണ്ടുകൊല്ലംമുമ്പ് എനിക്കൊരു പനിവന്നത് നിനക്കോര്‍മയില്ലേ?'' വൃദ്ധന്‍ മകനോട് ചോദിച്ചു.

മനോഹരന്‍ ഓര്‍മ ചികയുന്നതും കാത്തുനില്‍ക്കാതെ അയാള്‍ തുടര്‍ന്നു... ''ആ സമയത്ത് എനിക്കെന്തെങ്കിലും സഹായം ആവട്ടെ എന്നു കരുതി മുരുകന്‍ അവനെ ഇവിടെ വിട്ടു പോയി... പൊന്നന്‍ അവന്റെ മുത്തച്ഛന്റെ പുനര്‍ജന്മം ആണെന്നാണ് മുരുകന്‍ വിശ്വസിച്ചിരുന്നത്. ഈ പ്രദേശത്തെ കഥകളെല്ലാം അവനറിയാം. ചാപിള്ളകള്‍ക്കൊടുവില്‍ ഏറെ കൊതിച്ചുണ്ടായതാണവന്‍. തീപ്പിടിച്ചു പുകയുന്ന വിറകുകൊള്ളികണക്കെയായിരുന്നു എനിക്കന്ന് പനി. കനലില്‍ തിളപ്പിച്ച ചുക്കുകാപ്പി കുടിക്കാന്‍ മോഹം വന്നപ്പോള്‍ കട്ടിലില്‍ കിടന്ന് ഞാന്‍ മരിച്ചുപോയ നിന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി. മറവിയെ ഉറപ്പിക്കുന്നതുകൊണ്ടോ ഭയക്കുന്നതോ കൊണ്ടാവാം മനുഷ്യരിങ്ങനെ ചില നിമിഷങ്ങളെ മോഷ്ടിച്ചെടുത്ത് ചില്ലിട്ടു വെക്കുന്നത്. അവളുടെ ഫോട്ടോ പൊടിയും മാറാലയും പിടിച്ചിരിക്കുന്നത് അപ്പോഴാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. മറ്റൊരാളുടെ ഓർമക്കായി നമ്മളുണ്ടാക്കുന്ന ഓരോ സ്മാരകവും സത്യത്തില്‍ നമ്മളെ മറക്കാന്‍ ആണ് പഠിപ്പിക്കുന്നത്... ഓര്‍മകള്‍ക്ക് ഇമ്മാതിരി പ്രതിരൂപങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യരെന്നും മറ്റുള്ളവരിൽ വികാരമായി തുടര്‍ന്നേനെ. എനിക്കപ്പോള്‍ നിന്റെ അമ്മയുടെ ഓര്‍മയില്‍ മനംപിരട്ടി. ഈ സമയം ആ വാതിലിനപ്പുറം നിഴലോളം പോന്നൊരിരുട്ടില്‍ പേടിച്ചു പതുങ്ങി നില്‍ക്കുന്നുണ്ടായിരുന്നു അവന്‍. പക്ഷേ, അവന്റെ നിഴല്‍ പേടികൂടാതെയും അനുവാദം ചോദിക്കാതെയും വീട്ടിനുള്ളിലേക്ക് കടന്നു. പത്തുവയസ്സുകാരന്റെ പക്വതക്കപ്പുറം സദാ രോഗശയ്യയിലുള്ള ഭര്‍ത്താവിനെ വര്‍ഷങ്ങളോളം പരിചരിച്ച് കരളുറച്ച ഒരു ഭാര്യയേയും ഏതു രോഗവും തൊട്ടു ഭേദമാക്കുന്ന നനുത്ത കൈകളുള്ള ഡോക്ടറേയുംപോലെ അവന്‍. അവനെന്നെ പിടിച്ചെഴുന്നേല്‍പ്പിക്കും. പിന്നെ ചുമരിലെ ക്ലോക്കിലെ മണിയടിക്കൊപ്പം പുറത്തുചാടിയ മരപ്പക്ഷിയെ കണ്ട് ചിരിക്കും...'' വൃദ്ധനൊന്നു ചിരിച്ചു.

''കരവിട്ട് പുഴയോടൊപ്പം ഒളിച്ചോടി ഒടുവില്‍ കുന്നിൻചരുവില്‍ ഉപേക്ഷിക്കപ്പെട്ട വഴിപിഴച്ച വളമാണ് എക്കല്‍ മണ്ണ്. ഞാനും പെണ്ണുങ്ങള്‍ അടക്കമുള്ള നാലഞ്ചു പണിക്കാരും എക്കലെടുക്കാന്‍ കുന്നിറങ്ങും. പിന്നെപ്പിന്നെ ഞങ്ങള്‍ക്കൊപ്പം അവനും പോരും. നടന്നുനടന്ന്, കാല്കടയുമ്പോള്‍ ആ ഇരുളന്‍ എനിക്കിരിക്കാന്‍ വല്ല പാറയും ചൂണ്ടിക്കാണിച്ചുതരും. ചെറുപ്രായത്തില്‍ പലതവണ നാലഞ്ച് ചാക്കുവളം ഒറ്റക്ക് ചുമന്നതിന്റെ പെരുക്കം കാണിച്ചുകൊണ്ട് ഞാനവന്റെ ചെവിതിരിക്കും. ചാക്കില്‍ കെട്ടി അവനെ ദൂരെ കളയുമെന്നു പേടിപ്പിക്കും. അവന്‍ ഉച്ചത്തില്‍ കരയും. ഒരിക്കല്‍ അതുകേട്ട് സഹിക്കവയ്യാതെന്നോണം കുന്നിന്‍മുകളിൽവെച്ച് ഒരു കള്ളിമുള്‍ച്ചെടി എന്റെ മുണ്ട് പറിച്ചു. നൂല്‍ബന്ധമില്ലാതെ ആ വെയിലില്‍ ഞാന്‍ എന്റെ നരച്ച നാണത്തില്‍ ഒരു ഒട്ടകപ്പക്ഷിയെപ്പോലെ തല പൂഴ്ത്തി. മറച്ചുപിടിച്ച നഗ്നതയെ സൂര്യന്‍ ഒരു കുന്നോളം പോന്ന നിഴലാക്കി. അത് കണ്ട് മരങ്ങളും മലകളും അവനോടൊപ്പം ചിരിച്ചു. ഇരുളന്‍ ഓരോ മുള്ളില്‍നിന്നും സമര്‍ഥമായി മുണ്ടിനെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമ്പോഴും മറ്റു മുള്ളുകള്‍ വികൃതിപ്പിള്ളാരെപ്പോലെ അവസരം നോക്കി ചാടിപ്പിടിക്കും. മണ്ണുമായി പെണ്ണുങ്ങള്‍ തിരിച്ചുകയറുന്നതിനു മുന്‍പ് മുള്‍ച്ചെടിയില്‍നിന്ന് ഉടുതുണി തിരിച്ചുവാങ്ങാന്‍, കൈപ്പത്തികൊണ്ട് നാണം മറച്ച് ഞാന്‍ ഒരേസമയം അപേക്ഷിക്കുകയും ആജ്ഞാപിക്കുകയും ചെയ്തു. വളം പേറി, പണിക്കാര്‍ വരുന്നുണ്ടായിരുന്നു. ഇനിയും കാത്തുനിന്നാല്‍ ഉണ്ടാകുന്ന നാണക്കേടോര്‍ത്ത് ഞാന്‍ മണ്ണില്‍ കിടന്ന വളച്ചാക്കില്‍ കാലിടാനുള്ള വിടവുണ്ടാക്കി. ചാക്കുടുത്ത് നടത്തം തുടര്‍ന്നപ്പോള്‍ മുള്ള് പോലുള്ള വലിയ മലകളില്‍ കുരുങ്ങി അഴിഞ്ഞുവീണ വലിയൊരു ഉടുതുണിപോലെ ആകാശം ചുവന്നു. ആകാശത്തിനു മുകളിലായി എന്നെപ്പോലെ മറ്റൊരാള്‍ നാണം കൈകൊണ്ട് പൊത്തിപ്പിടിച്ചു നഗ്നനായി നില്‍ക്കുന്നുണ്ടാകുമെന്ന് തോന്നി. പിന്നീട് കുറച്ചു കാലം... കൃത്യമായി പറഞ്ഞാല്‍ മരിക്കുന്നതിന് നാല് ദിവസം മുന്‍പ് വരെ അവന്‍ എന്റെ കൂടെ ഇവിടെയുണ്ടായിരുന്നു.''

മനോഹരന്റെ നെഞ്ചിടിപ്പ് കൂടിത്തുടങ്ങി. ജനലിലൂടെ കാറ്റ് അകത്തേക്ക് വീശി. വാതിലിനരികില്‍ െവച്ച ഒഴിഞ്ഞതും പകുതി നിറഞ്ഞതുമായ മരുന്നുകുപ്പികളും കുഴമ്പ് പാത്രവും ആത്മഹത്യാ ശ്രമംപോലെ താഴേക്കു ചാടി. ആട്ടിന്‍ചോര പറ്റിയ പത്രക്കീറ് കാറ്റില്‍ ഉയര്‍ന്ന് വൃദ്ധന്റെ മുഖം മറച്ചു. അയാളുടെ കണ്ണുകള്‍ അതിലെ അക്ഷരങ്ങളെ നനച്ചു. വലിയ മരങ്ങളെ കടപുഴക്കിവരുന്ന മലവെള്ളപ്പാച്ചില്‍പോലെ അയാളുടെ നെഞ്ചിലെ രോമങ്ങള്‍ക്കിടയിലൂടെ വിയര്‍പ്പ് കുത്തിയൊഴുകി. അച്ഛന്റെ ഉള്ളിലുള്ളതെല്ലാം ആ മലവെള്ളപ്പാച്ചിലില്‍ ഓരോന്നായി ഒഴുകിവരുന്നത് മനോഹരന്‍ കണ്ടു. ആ കഥയുടെ തുടര്‍ച്ച കേള്‍വിയെക്കാള്‍ തീവ്രതയോടെ മനോഹരന്‍ അയാളുടെ കണ്ണുകളിലൂടെ കാണുകയായിരുന്നു.


രണ്ടു തലമുറയുടെ സ്വപ്നങ്ങള്‍ക്കിടയിലാണ് അത് സംഭവിച്ചത്. ആ സ്വപ്നങ്ങള്‍ക്കിടയില്‍ യാദൃച്ഛികതയുടെ ഒരു പാലമുണ്ടായിരുന്നു. മനോഹരന്റെ അച്ഛനെ സംബന്ധിച്ചിടത്തോളം കുഞ്ഞുന്നാളിലെ നടുക്കുന്നൊരോർമയുടെ വാര്‍ഷികവ്രണം മനസ്സില്‍ പഴുത്ത ദിവസമായിരുന്നു അന്ന്. അവസാനമായി ഇരുളന്‍ ചെക്കന്‍ അയാളോടൊപ്പം കഴിഞ്ഞ ദിവസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അതേ മുറിയുടെ മുഖച്ഛായയുള്ള മൂവാറ്റുപുഴയിലെ തറവാട്ടുവീട്ടില്‍ ശ്രീധരന്‍ കൊച്ചച്ചനൊപ്പം അന്നത്തെ പത്തു വയസ്സുകാരനായ അച്ഛന്‍ അവസാനമായി കിടന്ന ഒരു ദിവസത്തിന്റെ വാര്‍ഷികം... വൃദ്ധനിലൂടെ മനോഹരന്‍ ഓര്‍മകളുടെ പാലംകയറി.

ഇരയില്‍നിന്ന് പരിണമിച്ച് വേട്ടക്കാരനായി മാറിയ ഒരു മനുഷ്യനെ മനോഹരന്‍ അച്ഛനില്‍ കണ്ടു. ഇരുളന്‍ ചെക്കന്റെ അതേ പ്രായമായിരുന്നു അന്ന് അച്ഛന്. ആ രാത്രിയും പതിവുപോലെ ഭക്ഷണവും മരുന്നും കഴിച്ച് അച്ഛന്‍ കട്ടിലിലും ഇരുളന്‍ പായ വിരിച്ച് നിലത്തും കിടന്നു. ഇടരാത്രി എപ്പോഴോ ഉണര്‍ന്ന അച്ഛന്‍ കണ്ടത് ആധാരപ്പെട്ടി തുറക്കാന്‍ ശ്രമിക്കുന്ന ഇരുളനെയാണ്. അച്ഛനെ കണ്ടപ്പോഴും അവന്‍ പരിഭ്രമിച്ചില്ല. അച്ഛന്‍ അവനെ പിടിച്ചു മാറ്റിക്കൊണ്ട് കാര്യം തിരക്കി. അവനൊരു സ്വപ്നം കണ്ടത്രേ. ക്ലോക്കിലെ വാതില്‍തുറന്ന് മുറിയിലാകെ പറന്ന മരപ്പക്ഷി ആ പെട്ടിക്കുള്ളില്‍ ഉണ്ടെന്നാണ് അവന്‍ പറഞ്ഞത്. അതിനെ പിടിക്കാനായി തുറന്നതാണ്. അവനെ ഒരുപാട് ശകാരിച്ചശേഷം ആ പെട്ടിയെടുത്ത് അച്ഛന്‍ കട്ടിലിനടിയിലേക്ക് നീക്കി വെക്കുകയും അവനോട് കട്ടിലില്‍ ഒപ്പം കിടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍കാഴ്ചയില്‍ അച്ഛന്‍ ശ്രീധരന്‍ കൊച്ചച്ചനായും ഇരുളന്‍ അച്ഛനായും മാറുന്നതാണ് മനോഹരന്‍ കണ്ടത്. ഒരു പഴകിയ ഗ്രൂപ്പ് ഫോട്ടോയില്‍നിന്ന് മങ്ങിയ മുഖമായി കണ്ടൊരോർമ മാത്രമേ ഉള്ളൂ മനോഹരന് അച്ഛന്റെ ശ്രീധരന്‍ കൊച്ചച്ചനെ. കൊച്ചച്ചനോടുള്ള ഭയംകൊണ്ടോ സ്നേഹംകൊണ്ടോ നടുക്കം കൊണ്ടോ അന്നത്തെ പത്തുവയസ്സുകാരന് അന്ന് അനങ്ങാനോ ഒച്ചവെക്കാനോ കഴിഞ്ഞില്ല. മറ്റൊരുടല്‍ പുറന്തള്ളിയ കൊഴുത്ത സ്രവമെന്നപോലെ അച്ഛന്റെ ഓര്‍മകള്‍ മകനുമുന്നില്‍ വെളിപ്പെട്ടു.

അതേ നിമിഷത്തില്‍ ആ വൃദ്ധന്‍ കട്ടിലിലേക്ക് ചാഞ്ഞ് ഉറക്കെ കരഞ്ഞു. കൈകള്‍ തട്ടി എന്തിനെയോ എതിര്‍ക്കാന്‍ ശ്രമിച്ചു. കണ്ണുകള്‍ കൂട്ടിയടച്ച് മനോഹരനെ മറ്റു കാഴ്ചകള്‍ തുടര്‍ന്നുകാണാന്‍ അയാള്‍ അനുവദിച്ചില്ല. അയാള്‍ ഒന്ന് ഞരങ്ങി. നെഞ്ചത്ത് കൈ അമര്‍ത്തി അയാള്‍ വീണ്ടും കരഞ്ഞു. ''പേടിക്കണ്ട... ഇനി അച്ഛനൊന്നും പറയണ്ട... കിടന്നോളൂ.'' മനോഹരന്‍ ഫോണില്‍ ആരുടെയോ നമ്പര്‍ തിരഞ്ഞു. പിന്നെ നിരാശയോടെ രണ്ടുകൈയും തലയില്‍ താങ്ങി നിലത്തിരുന്നു. അയാള്‍ക്കുമുന്നിലെ കട്ടിലില്‍ അച്ഛന്‍ ഒരു പത്തുവയസ്സുകാരനെപ്പോലെ തേങ്ങിക്കരഞ്ഞു. ''ആ പാവം ചെറുക്കനെ ഞാന്‍...'' പെട്ടെന്ന് അയാള്‍ എന്തോ ഓർമ വന്നപോലെ കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു... വല്ലാതെ കിതച്ചുകൊണ്ടയാള്‍ ചുമരില്‍ തിരഞ്ഞു. ''എന്താ... എന്താ... നോക്കുന്നത്?'' മനോഹരന്‍ ചോദിച്ചു... ''അന്നത്തെ രാത്രി... ഒരു പല്ലി അതെല്ലാം കണ്ടിട്ടുണ്ട്. ഇരുളനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. അടുത്ത ദിവസങ്ങളിലൊന്നും അവന്‍ വന്നില്ല. അവനാ കാര്യം ആരോടെങ്കിലും പറഞ്ഞുകാണുമോ എന്ന് എനിക്ക് പേടിയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് അവന്റെ അച്ഛന്‍ ഓടിക്കിതച്ച് എന്റെ അടുത്ത് വന്നു. ചെറുക്കന് പനി കൂടുതലാണെന്നും വണ്ടി വിളിക്കാന്‍ കാശ് വേണമെന്നും പറഞ്ഞു. പിന്നെ അറിഞ്ഞു അവന്‍ മരിച്ചെന്ന്. വണ്ടി കിട്ടാതെ, നേരത്തിന് ആശുപത്രിയില്‍ എത്താതെ അവന്‍ മരിച്ചുപോയി. ഞാനവനെ പേടിപ്പിക്കാന്‍ പറയുന്നപോലെ അവന്റെ ചീഞ്ഞ ശരീരം ചാക്കില്‍ കെട്ടി തിരിച്ചു കൊണ്ടുവന്നു. ഒരുവിധത്തില്‍ അവന്റെ മരണത്തോടെ വലിയൊരു നാണക്കേടില്‍നിന്ന് ഞാന്‍ രക്ഷപ്പെട്ടു. പക്ഷേ ആ പല്ലി എല്ലാം കണ്ടിരുന്നു.''

ആ രാത്രിക്കുശേഷം കണ്ണടയ്ക്കുമ്പോഴൊക്കെയും അയാള്‍ തിമിരം പിടിക്കാത്ത തന്റെ ഉള്‍ക്കാഴ്ചയില്‍ ഇരുളന്‍ ചെക്കന്റെ മരിച്ചിരുണ്ട ശരീരം ഒരു ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടു. ആണായി മുളപൊട്ടിയ മനുഷ്യനെ തലകോതി പെണ്ണാക്കി മാറ്റിയ പ്രകൃതിവിരുദ്ധത അയാളെ ഉറക്കമില്ലാത്ത മനുഷ്യജീവിയാക്കി മാറ്റി. കണ്ണടച്ചാലും കാഴ്ച ഉള്ളതുകൊണ്ടാവണം അയാള്‍ ഇടക്ക് കണ്‍പോളകള്‍തൊട്ട് കണ്ണടച്ചിരിക്കുകയാണെന്ന് ഉറപ്പ് വരുത്താറുള്ളത്. ഓര്‍മകളിലേക്കുള്ള മടക്കത്തില്‍ അതേ രാത്രിയില്‍ മേല്‍ക്കൂരയില്‍ ഏക ദൃക്സാക്ഷിയായ പല്ലിയെ കണ്ട ഞെട്ടല്‍ അയാള്‍ വീണ്ടുമറിഞ്ഞു. വാലില്‍ ഓര്‍മകളുടെ ചെറുതിരകളുണ്ടാക്കി തന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്ന പല്ലി. അയാള്‍ക്ക് നെഞ്ചിടിച്ചു. വെളുത്ത രോമക്കാട്ടില്‍നിന്ന് വെടിയൊച്ച കേട്ട് പറക്കുന്ന പക്ഷിയെപ്പോലെ ഒരു ചെറിയ പാറ്റ അയാളുടെ നെഞ്ചില്‍നിന്ന് പറന്ന് ചുമരിലിരുന്നു. ഉടന്‍ തന്നെ ആ പല്ലി അതിനെ അകത്താക്കി നാവു നുണച്ചു. എന്നിട്ട് ഉള്ളിലിരിപ്പ് മനസ്സിലാക്കിയപോലെ കുറച്ചകന്നുനിന്നു. പിന്നെ അയാള്‍ക്ക് പിടിയും കാഴ്ചയും കൊടുക്കാതെ ഉത്തരത്തില്‍ എവിടെയോ അത് ഒളിവില്‍ പോയി. ഒളിവില്‍ വിശപ്പ് മൂത്ത ഒരു തണുത്ത ദിവസം, പല്ലിക്ക് മഴപ്പാറ്റകളുടെ കൊതിപ്പിക്കുന്ന മണമടിച്ചു. വിശപ്പിനെക്കാള്‍ വലുതായി ലോകത്ത് ഒന്നുമില്ലെന്ന് തലകുത്തിനിന്ന് തെളിയിച്ചുകൊണ്ട് അത് ചുമരിലേക്കിറങ്ങി വന്നു. നാലഞ്ച് ഇയ്യാമ്പാറ്റകള്‍ അവരുടെ ജീവിതലക്ഷ്യം മരണമാണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ആ പല്ലിക്ക് കീഴടങ്ങി. പുറത്തിറങ്ങിയ ദൃക്സാക്ഷിയെ ഊന്നുവടികൊണ്ട് അടിച്ചു വീഴ്ത്താന്‍ നോക്കിയെങ്കിലും അയാള്‍ അന്ന് പരാജയപ്പെട്ടു. പിന്നെപ്പിന്നെ പ്രതിയും സാക്ഷിയും തമ്മിലുള്ള ബന്ധം ദൃഢമായി. എല്ലാ ദിവസവും പല്ലിക്ക് അയാള്‍ വറ്റു കൊടുത്തു.


വൃദ്ധന്റെ മരണവെപ്രാളം കണ്ട് മനോഹരന്‍ വിറങ്ങലിച്ചു. ''ഒരിറ്റ് വെള്ളം...'' അയാളുടെ നാവുഴറി. വെള്ളം തിരഞ്ഞു മടുത്ത മനോഹരന് വൃദ്ധന്‍ മണ്‍കുടം ചൂണ്ടിക്കാണിച്ചു. മനോഹരന്‍ അതിലേക്ക് നോക്കി. ചത്തുമലച്ച പല്ലി. ഒടുവില്‍ അതില്‍നിന്ന് കുറച്ച് വെള്ളം അച്ഛന്റെ വായിലേക്കൊഴിച്ചു കൊടുത്തു. പല്ലിവീണു ചത്ത കുടിവെള്ളത്തിന്റെ ഒരു കവിള്‍ തന്നെ ധാരാളമായിരുന്നു അയാള്‍ക്ക് മൂത്രസഞ്ചി നിറയാന്‍. പരലോകത്തുനിന്നയാള്‍ നീട്ടിയൊഴിച്ചു. വീടും പുരയിടവും പെരുമഴയില്‍ വിറച്ചു. മഴ പ്രദേശത്തെ മുഴുവനായി കുളിരണിയിച്ചു. മനോഹരന്‍ ആ ക്ലോക്കിലേക്ക് നോട്ടമെറിഞ്ഞു. സമയമറിയിക്കാന്‍ പുറത്തിറങ്ങുന്ന പക്ഷിയെക്കാത്തിരുന്നു. പക്ഷേ, ആ മരപ്പക്ഷി പുറത്തുവന്നില്ല. ഗതികിട്ടാത്ത ആത്മാക്കളുടെ മരണാനന്തര ലഹരി കൊതിക്കാത്ത മനുഷ്യരില്ലെന്ന പൊരുളറിഞ്ഞ മനോഹരന്‍ അച്ഛന്റെ മരണം കണ്ട് ചെറുതായി ചിരിച്ചു.

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-26 01:15 GMT
access_time 2022-12-19 01:00 GMT
access_time 2022-12-12 02:45 GMT
access_time 2022-11-21 01:15 GMT
access_time 2022-11-07 02:00 GMT
access_time 2022-10-31 03:15 GMT
access_time 2022-10-24 03:45 GMT
access_time 2022-10-17 03:15 GMT
access_time 2022-10-10 03:45 GMT
access_time 2022-10-03 02:45 GMT
access_time 2022-09-26 03:00 GMT